Tuesday 3 August 2021

ഗോത്രഭാഷയെ അടയാളപ്പെടുത്തുന്ന കഥകൾ

 

മനോജ് വെങ്ങോലയുടെ 'പൊറള്' 'പറയപ്പതി' എന്നീ കഥകളിലൂടെ
 
ഫൈസൽ ബാവ
 
 '#കഥായുവത്വം യുവത്വം 110 ഗോത്ര ത്ര ാഷയെ അടയാളം പടുത്തുന്ന കഥ കൾ ഫൈസൽബാവ മനോജ് വങ്ങോലയുടെ 'പൊറള് പറയപ്പതി' എന്നീ കഥകളിലൂടെ' എന്ന് കാണിക്കുന്ന ടെക്‌സ്‌റ്റ് എന്നതിന്റെ ഒരു ചിത്രമായിരിക്കാം
-------------------------
പുതിയ കാല കഥകളിലെ പ്രതീക്ഷയാണ് മനോജ് വെങ്ങോല. സമകാലിക സമൂഹികാവസ്ഥയുടെ നേർചിത്രങ്ങൾ കഥയിലൂടെ അവതരിപ്പിക്കുമ്പോൾ കീഴാളന്റെ ഭാഷയും ജീവിതവും പുതിയൊരാഖ്യാനത്തിലൂടെ എഴുതിവെയ്ക്കുന്നു. മനോജ് വെങ്ങോലയുടെ 'പൊറള്' 'പറയപ്പതി' എന്നീ കഥകളിലൂടെയാണ് 110മത്തെ ലക്കം കഥായുവത്വം കടന്നുപോകുന്നത്
മനോജിന്റെ ഏറ്റവും പുതിയ കഥയാണ് പൊറള്. ഈയിടെ മാധ്യമം ആഴ്ചപ്പതിപ്പിൽ വന്ന കഥ. അന്യം നിന്നു പോയേക്കാവുന്ന കീഴാള ഭാഷയിലൂടെ ജന്മികുടിയാൻ ബന്ധത്തെയും, തെറിയിലൂടെ ആ ജീവിതം നേരിട്ടിരുന്ന അവസ്‌ഥകളേയും തിരിച്ചറിയാം. ഇവിടെ തെറി മുന്നോട്ട് വെക്കുന്നത് ആ സാമൂഹിക ഘടനയുടെ രാഷ്ട്രീയമാണ്. അതിലൂടെ പ്രതിരോധത്തിന്റെയും പ്രതികാരത്തിന്റെയും നിറങ്ങൾ കാണാം. കഥകളിൽ എന്നും കീഴാളരായി ജീവിതം ഒടുങ്ങിപോകുന്ന കുറെ മനുഷ്യരേയും ഇല്ലാതായിക്കൊണ്ടിരിക്കുന്ന അവരുടെ ഭാഷയെയും കാണാം.
"എറിഞ്ഞും കൊല്ലാം
പറഞ്ഞും കൊല്ലാം.
എറിഞ്ഞു കൊന്നാൽ ചാവും
പറഞ്ഞു കൊന്നാൽ പിടഞ്ഞേ ചാവൂ.'"
മനോജ് വെങ്ങോലയുടെ പൊറള് എന്ന കഥയുടെ തുടക്കത്തിൽ തന്നെ കൊടുത്തിട്ടുള്ള ചൊല്ല് കഥയെ സംബന്ധിച്ചു വളരെ പ്രസക്തമാണ്. അടിച്ചമർത്തപ്പെട്ടവന്റെ ആധിയും വ്യഥയും ദൈന്യവുമൊക്കെ ഗോത്രഭാഷയെ അടയാളപ്പെടുത്തികൊണ്ട് എഴുതുമ്പോൾ കഥാകൃത്ത് കൃത്യമായി സാമൂഹ്യ യാഥാർഥ്യങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ കഥയെ ഉപയോഗിക്കുന്നു. പ്രതികാരത്തിന്റെ മറ്റൊരു മുഖം പരിചയപ്പെടാം. മണ്ണിനെയും മനുഷ്യനെയും മണ്ണിൽകുഴഞ്ഞ ജീവിതങ്ങളെയും അതിലൂടെ കീഴാളരാക്കപ്പെട്ടവരെയും പരിചയപ്പെടാം. അടിമ ജീവിതത്തിന്റെ ആഴങ്ങളിലെ ആരും കാണാതെ മൂടപെട്ടതിനെ മണ്ണിൽ നിന്നും കുഴിച്ചെടുത്ത് കഥയിൽ കൊണ്ടുവരാനുള്ള അസാമാന്യ ധൈര്യം കാണാം.
തമ്പിചേട്ടൻ പേര് പറഞ്ഞു:
"ചോതി"
എന്റെ പേരിന്റെ നടുനിവർത്തി സായ്പ്പ് ഉച്ചരിച്ചു
"ജ്യോതി"
അതുകേട്ട് തമ്പിച്ചേട്ടൻ ചിരിച്ചു. "ഓ... ഞങ്ങൾക്കങ്ങനെ ഫാഷനൊന്നും ഇല്ല... ഇവൻ ചോതി. ഇവന്റപ്പൻ നീലൻകുഞ്ഞ്. അപ്പന്റപ്പൻ കോന്നൻ. ഇവരൊക്കെ കാലങ്ങളായി ഇവിടുത്തെ പണിക്കാരാ. അവര് നട്ടുണ്ടാക്കിയതാ ഈ പറമ്പും പാടോം"
ഈ പറച്ചിലിലൂടെ തന്നെ കാലങ്ങളായി അടിയാളരായി ജീവിച്ച കുറെ മനുഷ്യരുടെ ജീവിതത്തെ തൊട്ടുപോകുന്നു കഥ.
കീഴാളന്റെ ഭാഷയിൽ ഇഴുകിച്ചേർന്ന് കിടക്കുന്ന പലവാക്കുകളേയും ആഢ്യഭാഷാ മേൽക്കോയ്മ കീഴാളന്റെ ഭാഷയെ തെറികളാക്കിമാറ്റി. ഭാഷാ നിർമിതിയിൽ തന്നെയുണ്ടാക്കിയ ആ ആധിപത്യം ഇന്നും തുടരുന്നു. നമ്മുടെ തെറികളുടെ ആന്തരികാർത്ഥം പലതും കീഴാളജീവിതത്തേയും ജാതീയതയേയും, സാമൂഹിക സാമ്പത്തിക അസമത്വത്തേയും സൂചിപ്പിക്കുന്നതാണ്.
സായിപ്പിന്റെ താൽപര്യവും ആ തെറികളുടെ ആഴങ്ങൾ അറിയൽ തന്നെയാണ്.
"ജ്യോതി, പറയൂ. നിനക്ക് എത്രയെണ്ണം അറിയാം.
ഞാനൊന്നു മടിച്ചു.
"കുറെയുണ്ട്. എന്തിനാണീ ചീത്തവാക്കുകൾ. നല്ല വാക്കുകൾ ധാരാളം ഉണ്ടല്ലോ..."
അയാളപ്പോൾ അടുത്ത് വന്ന എന്റെ ചുമലിലൂടെ കൈയിട്ടു.
"ഒരു ഭാഷയിൽ ജീവിക്കുന്നവർക്ക് അവരുടെ രോഷവും സങ്കടവും നിസ്സഹായതയും പ്രകടിപ്പിക്കാൻ വേറെന്ത് വഴി. മലയാളത്തിലെ ചിലത് നീയെനിക്ക് പറഞ്ഞു തരണം"
സായിപ്പ് കണ്ടെത്താൻ ശ്രമിക്കുന്ന ചരിത്രം ആ കാലത്തിന്റെ ഇരുണ്ട ദിനങ്ങൾ കൂടിയാണ്. പുതിയ കാലത്തിന്റെ ഏടുകളിലേക് വിവർത്തനം ചെയ്യാൻ പാകത്തിലുള്ളതാണ്.
"പോളതാഴത്ത് മാതുപൈലി എഴുതുമലേക്കുരിശുപള്ളി കായ്ക്കാരെ ബോധിക്കക്കൊണ്ടും തൻഅവസ്ഥ എന്നാൽ, എന്റെ ഒഴുത്തിൽ ഉള്ള വെള്ള എന്ന പറയനെ പണയം തന്നു മേടിച്ചു നെല്ലു ഒൻപത് പറക്ക് ഒൻപതിന് മൂന്ന് പലിശയും കൂടി തന്നു ശീട്ടു മേടിച്ചു കൊൾകയും ഈ അവധിക്ക് തന്നില്ലെങ്കിൽ പണയം എഴുതിയ ആളെ ഒഴാത്തിൽ എറക്കി തന്നിരിയ്ക്ക കൊണ്ടു കൂട്ടിച്ചുകൊണ്ടുപോന്ന ചെയ്യിയ്തണ്ടെന്നതിതന്ന ശോദ്യവുമില്ല"
മരണാസന്നനായ ഒരാളോട് ഏറ്റവും മോശപ്പെട്ട വാക്കുകൾകൊണ്ട് മരണത്തിലേക്ക് യാത്രയാക്കുന്ന
തലമുറകൾക്ക് മുമ്പ് ഉണ്ടായിരുന്ന ആചാരം ഇന്നും മധ്യകേരളത്തിൽ ഉണ്ടെന്ന കണ്ടെത്തൽ കഥയിലൂടെ രസകരമായവതരിപ്പിക്കുന്നു.
ഈയിടെ വന്ന മികച്ച കഥകളിൽ ഒന്നാണ് പൊറള്.
മനോജിന്റെ കഥാ സമാഹാരത്തിന്റെ ശീർഷകം 'പറയപ്പതി' എന്നാണ്. അതിലെ
പറയപ്പതി എന്ന കഥ തുടങ്ങുന്നത് തന്നെ സമകാലികമായ ഒരു രാഷ്ട്രീയ മുഖത്തെ തുറന്നുവെച്ചുകൊണ്ടാണ്.
"മോദി സര്ക്കാര് അധികാരത്തില്വന്ന അന്നാണ് കുഞ്ഞാളി എന്നെ കാണാന് വന്നത്. ഓഫീസിലാകട്ടെ ആ സമയത്ത് വലിയ തിരക്കായിരുന്നു. ചാനലില്, ഞങ്ങളുടെ ന്യൂസ് ഡസ്കിന് മുകളിലും കോര്പ്പറേറ്റ് മൂലധനം, കലാപം, ഗുജറാത്ത്‌, മതേതരത്വം, ന്യൂനപക്ഷപ്രീണനം തുടങ്ങിയ വാക്കുകള് കരയില് പിടിച്ചിട്ട മീനുകള് പോലെ പിടച്ചുകൊണ്ടിരുന്നു."
ശക്തമായ രാഷ്ട്രീയം പറയുന്ന കഥയാണ് പറയപ്പതി. കുഞ്ഞോളി ഒട്ടനവധി പേരുടെ പ്രതിനിധിയാണ്, വീടും സ്ഥലവും വികസനത്തിന്റെ അടിയിൽ പെട്ട് എങ്ങുമെത്താതെ തീരുന്ന അനേകായിരം ദരിദ്രരുടെ പ്രതിനിധി. താഴ്ന്ന ജാതിക്കാരാകുന്നതോട് കൂടി ഇതൊക്കെ അനുഭവിക്കാൻ അവർ ബാധ്യസ്ഥരാണ് എന്ന സ്ഥായിയായ കാര്യങ്ങൾ കൃത്യമായി ചേർത്തുവെച്ച പൊളിറ്റിക്കൽ കഥ.
പുതിയ കാലത്ത് വാർത്താ ചാനലുകളും സോഷ്യൽ മീഡിയകളും ഏറ്റെടുക്കുന്നതോട് കൂടി ഇതുവരെ ഹരജിയുമായി കയറിയിറങ്ങി മടുത്ത കുഞ്ഞോളിമാർക്ക് ചില പ്രതീക്ഷകൾ ഉണ്ടെന്ന തോന്നലാണ് ന്യൂസ് ഹവർ അവതരിപ്പിക്കുന്നയാളിൽ എത്തപ്പെടാൻ കാരണം.
"പതിനേഴു കൊല്ലായിട്ട് ഞങ്ങളൊരു ത്രിശങ്കുവിലാ ജീവിക്കണത് സാറേ. വീടിന്റെ ഭിത്തിയേല് റെയിവേക്കാര് വന്ന് ചാപ്പ കുത്തിയ മുതല് സ്ഥലം വില്ക്കാന് പറ്റണില്ല. ഒരു ലോണ് എടുക്കാന് പറ്റണില്ല. അന്ന് വേറെ സ്ഥലം തരാന്ന് പറഞ്ഞാരുന്നു വന്ന സാറന്മാര്. അതും ഇല്ല. മക്കള് കുഞ്ഞായിരുന്നപ്പോ അളന്നു പോയതാണ്. ഇപ്പഴവര് കെട്ടിയ്ക്കാന് പ്രായായി. എന്നിട്ടും ഒരു തീരുമാനോല്ല..." എന്തും കാലത്തെ ദീർഘിപ്പിച്ചു മനുഷ്യരെ മുൾമുനയിൽ നിർത്തുക എന്നത് ഇന്ത്യൻ രീതിയാണല്ലോ. സങ്കടങ്ങൾ കാലത്തോടൊപ്പം വലുതായികൊണ്ടിരിക്കും.
പൂർവ്വികരെ അടക്കിയ മണ്ണാണ് പറയപ്പതി. തീവണ്ടിപ്പാത വരുന്നതോടെ മണ്മറഞ്ഞവരുടെ തലക്ക് മുകളിലൂടെ ഇരുമ്പു ചക്രമുരുളും അതവരുടെ വിശ്വാസത്തെ കീറിമുറിക്കും എന്നാൽ ശബരിമല റെയിൽവേ വികസനമെന്നത് അതിനെല്ലാം മറികടക്കുന്ന വിശ്വാസത്തിന്റെ ഭാഗമാണല്ലോ. 'ചെറിയ മീനുകളെ വലിയ മീനുകൾ തിന്നുന്നു' എന്ന പ്രയോഗം ആഗോളവൽക്കരണ വിമർശനങ്ങളിൽ മാത്രം ഒതുങ്ങിയാൽ പോര എന്നർത്ഥം.
"ഞങ്ങടെ പതിയാണ്. പറയപ്പതി."
അയാള് തന്റെ കുലം വെളിപ്പെടുത്തുകയായിരുന്നു.
"പതി എന്ന് പറഞ്ഞാല് അപ്പനപ്പൂപ്പന്മാര് കുടിയിരിക്കണ ഇടം."
ഒന്ന് നിര്ത്തി കുഞ്ഞാളി കൂട്ടിചേര്ത്തു.
"ഈ പതിയും അളന്നുപോയിട്ടുണ്ട്. മരിച്ചു തലയ്ക്കു മുകളില് നില്ക്കണ എന്റെ കാരണവന്മാര് ഇനി എങ്ങോട്ട് പോകും..?"
താനും ഒരു പറയനാണ് എന്ന അവതാരകന്റെ രഹസ്യം വെളിപ്പെടുത്തൽ കേട്ടപ്പോൾ അത്ഭുതപ്പെടുത്തിയ കുഞ്ഞോളിയുടെ മറുപടിയാണ് നാം ഇപ്പഴും നേരിടുന്ന ജാതീയതയുടെ നേർചിത്രം.
"ഒരു രഹസ്യം പോലെ ഞാന് കുഞ്ഞാളിയോട് പറഞ്ഞു: '’ ഞാനും ഒരു പറയനാണ്." കുഞ്ഞാളി പൊട്ടിച്ചിരിച്ചു: "ആരോടും പറയണ്ട...ഓഫീസിലൊക്കെ അറിഞ്ഞാ രഹസ്യമായൊരു തീണ്ടല്വരും. സ്വന്തം കുലം പറയാന് ജോലീം പത്രാസുമുള്ള ചില പറയര് മടിയ്ക്കുന്നതും അതുകൊണ്ടാ.."
കുഞ്ഞാളി നിസാരനല്ലെന്ന് പെട്ടെന്ന് എനിയ്ക്ക് മനസിലായി. അയാള് ഉപയോഗിച്ച വാക്കുകള് എന്നെ ഭയപ്പെടുത്തി.
അയാള് തുടര്ന്നു: "ശ്രീമൂലം സഭയില് അംഗമായിരുന്ന കാവാരിക്കുളം കണ്ടന്കുമാരനെ ആരറിയും. പറയനായിരുന്നു. ചരിത്രം സൗകര്യപൂര്വ്വം അദ്ദേഹത്തെ മറന്നു കളഞ്ഞില്ലേ... അയ്യങ്കാളിയെ മറക്കാതിരുന്നതിന് കാലത്തെ നമിയ്ക്കാം"
കുഞ്ഞോളിയുടെ രാഷ്ട്രീയ ബോധ്യം ജീവിതത്തിന്റെ തഴമ്പിച്ച അനുഭവത്തിൽ നിന്നും കിട്ടിയതാണ്. കീഴാളന്റെ ഭാഷ പറയൽ മാത്രമല്ല മനോജ് കഥകളിലൂടെ ചെയ്യുന്നത്. ആ ജീവിത യാഥാർഥ്യങ്ങളെ അതോടൊപ്പം ഉരുക്കിയൊഴിക്കുകയാണ്. പലതും തച്ചുടക്കുന്ന തുറന്നു പറച്ചിൽ പോലെ ഓരോ കഥയും കല്ലിൽ കൊത്തിയ ശാസനയായി എന്നും മായാതെ കിടക്കും. ഈ കഥകൾ ഒരു മുന്നറിയിപ്പാണ് അന്യം നിന്നുപോയ ഗോത്രഭാഷയിലൂടെ ചരിത്രം മറച്ചുവെക്കാൻ ശ്രമിക്കുന്നത് തുറന്നുവിടുന്ന കഥയുടെ രസവിദ്യ.
 
ഒരു വ്യക്തി, താടി, 'മനോജ് വെങ്ങോല #കഥായുവത്വം 110' എന്ന് കാണിക്കുന്ന ടെക്‌സ്‌റ്റ് എന്നിവ എന്നതിന്റെ ഒരു ചിത്രമായിരിക്കാം
 
 
 

No comments:

Post a Comment