സിയാദ് ജര്മനിയിൽ നിന്നും വാട്‌സ് ആപ്പിലൂടെ അയച്ചുതന്ന ന്യൂസ് ക്ലിപ്പ് ഹാരിസ് വീണ്ടും വീണ്ടും കണ്ടു,
ഫ്രാങ്ക് ഫർട്ട് വിമാനത്താവളത്തിൽ ഷാരൂഖ് ഖാനെ പോലെ ക്ളീൻഷേവ് ചെയ്തു സുന്ദരനായ യൊക്കിം ലോ* പത്രക്കാർക്ക് മുന്നിൽ വിളറി വെളുത്തു നിൽക്കുന്നത് കണ്ടപ്പോൾ ഹാരിസിന്റെ ഉള്ളൊന്നു ആനന്ദിച്ചു. എന്നിട്ട് അപ്പോൾ തന്നെ ആ വീഡിയോ ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്തു. സീക്കോ സെവൻസ് മമ്മാടൂർ 7.1ന് ബോവർ സെവൻസ് കൂളിക്കടവിനെ തോല്പിച്ചപ്പോൾ ഉണ്ടായ ഒരാനന്ദനം. 2014ന് ശേഷം മനസിലൊതുക്കിയ സങ്കടങ്ങളാണ് അന്ന് പള്ളിമുക്ക്ഗ്രൗണ്ടിൽ സീക്കോക്ക് വേണ്ടി മുത്തുവിന്റെ ഗോളിലൂടെ കിട്ടിയത്. അത് സന്തോഷത്തിന്റെ അലകൾ തീർത്തു. മധുരമായ ഒരു പ്രതികാരത്തിന്റെയും. സീക്കോ സെവൻസ് മമ്മാടൂരിന്റെ നെയ്മറാണ് മുത്തു എന്ന് ഓരോ ഗോൾ വീഴുമ്പോളും ഗ്രൗണ്ടിന്റെ ഇടത്തെ മൂലയിൽ നിന്നും കുട്ടികൾ വിളിച്ചു പറഞ്ഞു. ഇപ്പുറത്ത് റസാഖ് കൈകൾ ചുരുട്ടി സ്വന്തം തുടയിൽ ഇടിച്ചു. നാലാം ഗോളും വീണതോടെ അതും മുത്തുവിന് ഹാട്രിക്ക് എന്ന് അനൗണ്സ്മെന്റ് ഡസ്കിൽ നിന്നും ആവേശത്തിൽ വിളിച്ചു പറഞ്ഞപ്പോൾ പള്ളിമുക്ക് മുഴുവൻ കുലുങ്ങുന്ന പോലെ ആർപുവിളി ഉയർന്നു. റസാക്ക് ആൾക്കൂട്ടത്തിൽ നിന്നും മെല്ലെ ഊരി പോകുന്നത് കളിക്കിടയിലും റഫീഖ് കണ്ടത് ഗോളടിച്ചപ്പോൾ ഗ്രൗണ്ടിൽ അനുകരിച്ചു കാണിച്ചു.
ഒരു കടവിനക്കരെയിക്കരെയുള്ള കൂളിക്കടവും മമ്മാടൂരും ഈ നാടുണ്ടായ അന്നേ ബദ്ധ വൈരികളാണെന്നാണ് കുഞ്ഞാപ്പുക്കയുടെ അഭിപ്രായം. പഴങ്കഥകൾ നിരത്തി കുഞ്ഞാപ്പുക്ക വിവരണത്തിനിടയിൽ ചില ചോദ്യങ്ങളും ഉയർത്തും,
"ഇത്രേം കാലായി എന്തോണ്ടാ കൂളിക്കടവീന്ന് ഞമ്മളുമായി ഒര് കെട്ട്ബന്ധം* പോലും ഇണ്ടാവാഞ്ഞേ?"
കുഞ്ഞാപ്പുക്കാടെ ചോദ്യത്തിന് മുന്നിൽ എല്ലാവരും പര്സപരം മുഖത്തോട് മുഖം നോക്കി നിന്നു.
"ഉണ്ടാവൂല... അത് ഇങ്ങക്ക് പറഞ്ഞാ മൻസലാവൂല... അത് ഓന് അറിയ ആ ചരിത്രം,... ഹാരിസിന് "
ചായക്കടയിലെ എല്ലാ കണ്ണുകളും ഹാരിസിലേക്ക് തിരിഞ്ഞു. കുഞ്ഞാപ്പുക്ക കിങ് ബീഡി വലിച്ചുള്ള ആ ഇരുത്തം കണ്ടപ്പഴേ തനിക്കിട്ട് പണി തരുമെന്ന് ഹാരിസിന് തോന്നി. .
"മമ്മാടൂറിന്റെ ചരിത്രം അനക്ക് അറിയണത് ഇയ്യ് പറ ഹാരിസേ... " ബഷീറത് പറയുമ്പോൾ ചായ കുടിക്കുന്നതിനിടയിൽ കുഞ്ഞാപ്പുക്ക ഹാരിസിനെ നോക്കി കണ്ണിറുക്കി.
"ബഷീറെ... അത് കുഞ്ഞാപ്പുക്കാ തന്നെ പറേണം അതാ അതിനെയൊരു രസം, അത് വിട്, ഇങ്ങള് യൊക്കിം ലോയുടെ ഈ നിപ്പ് കണ്ടാ കുഞ്ഞാപ്പുക്കാ"
വീഡിയോ കണ്ടു കുഞ്ഞാപ്പുക്ക കുറച്ചു നേരം മിണ്ടാതെ നിന്നു
"അവറ്റകൾടെ വംശീയത ഇനീം തീർന്നില്ല അതാ"
എന്നും പറഞ്ഞു കുഞ്ഞാപ്പുക്ക ഇറങ്ങി
"അതേ ഈ ചിരിക്കേ 'ഷ്കാൻഡെൻഫ്യൂഡ്'* എന്ന് പറയും" കുഞ്ഞാപ്പുക്ക ആ പറഞ്ഞത് ആർക്കും ഒട്ടും മനസിലായില്ല.
ഇഷ്ട ടീം ആദ്യ റൗണ്ടിൽ പോയ ദേഷ്യം ആ ഇറങ്ങി നടത്തത്തിൽ ഉണ്ടായിരുന്നു. ട്രാൻസ്‌ഫോർമർ കഴിഞ്ഞു കുഞ്ഞാപ്പുക്ക തിരിഞ്ഞു നിന്ന് വീണ്ടും പറഞ്ഞു.
"ബഷീറേ അപരന്റെ സങ്കടത്തിൽ നിന്നുള്ള ആ ആനന്ദം അത്ര നല്ലതല്ല"
കുഞ്ഞാപ്പുക്ക നടന്നകന്നു. ഏതുകാര്യത്തിലും ഒരന്വേഷണ ബുദ്ധി, അതിനെ കുറിച്ചുള്ള അറിവ് തേടൽ അതാണ് അയാളിൽ ഉള്ള പ്രത്യേകത. മൂന്നാം ക്‌ളാസിൽ പഠിത്തം അവസാനിപ്പിച്ച് നാടുവിട്ട് ഏറെ കാലം കഴിഞ്ഞെത്തി പിന്നെ പല കച്ചവടങ്ങൾ, പെട്ടിക്കട, ചേർത്ത് അങ്ങനെ ഒരാളിൽ നിന്നും ഇതുവരെ കേൾക്കാത്ത വിവിധ അറിവുകൾ കേൾക്കാൻ രസമാണ്, അതൊക്കെ തമാശയിലൂടെ അവതരിപ്പിച്ചു ഫലിപ്പിക്കാനും അറിയാം. എന്നാലും എന്തുകൊണ്ടാകാം കുഞ്ഞാപ്പുക്ക അങ്ങനെ പറഞ്ഞത്, സദാ മുഖത്ത് വരാറുള്ള ആ ചിരിയും മാഞ്ഞിരുന്നു ഹാരിസ് ഏറെ നേരം അക്കാര്യം ഓർത്തുകൊണ്ട് കടവത്ത് തന്നെ നിന്നു.
ചായപ്പീടിക വീണ്ടും തർക്കത്തിലേക്ക് വീണു.
"ഈ ലോകകപ്പിൽ ഇത്തവണ പതിനഞ്ചടി ഉയരമുള്ള മെസ്സിയുടെ കട്ടൗട്ടർ വെച്ചത് ഞങ്ങളാ "
"അതിപ്പോ ഏതോ കോഴിക്കൂടിന്റെ മോളിലാ" ആരോ കളിയാക്കി പറഞ്ഞു ,
ഏറ്റവും വലിയ കട്ടൗട്ടർ വെച്ചതോടെ ലോകകപ്പിന്റെ ആരവം റഷ്യയിൽ നിന്നും ഗ്രാമ വീഥികളിൽ നിറഞ്ഞിരുന്നു. മാർകിസ്റ്റു പാർട്ടിയുടെയും കോണ്ഗ്രസ്സിന്റെയും കൊടിയേക്കാൾ അധികം അർജന്റീനയുടെയും ബ്രസീലിന്റെയും കൊടികളും തോരണങ്ങളായി മാറി. ചെറുപാർട്ടികൾ പോലെ ജർമനി, പോർച്ചുഗൽ, സ്‌പെയിൻ. ഫ്രാൻസ്... ഒറ്റ എംഎൽ എ പാർട്ടിപോലെ സെനഗൽ ഇങ്ങനെ കൊടിതോരണങ്ങൾ നിറഞ്ഞ തുരുത്ത് ആയി മാറിയത് എത്ര പെട്ടെന്നാണ് എല്ലാം പോയത്.
കവലയിൽ അബ്ദുക്ക പഴയകാല കളിയെപ്പറ്റി വാചാലനായി
'' യോഹാൻ ക്രൈഫ്* പോലെ ഒരു കളിക്കാരൻ ലോകത്തുണ്ടാട്ടില്ല ഈ ചാടണോർക്കൊന്നും ആ പേരെന്നെ അറീല"
ഉച്ചത്തിൽ സംസാരിക്കുന്ന അബ്ദുക്ക അർമാനുക്കയുടെ ചായപ്പീടികയിലെ നിത്യ സന്ദർശകനാണ്. അബ്ദുക്ക എത്തിയാൽ ലോകകപ്പ് ചർച്ചകൾ ചരിത്രത്തിലേക്ക് പോകും അതുവരെ നെയ്മർ, മെസ്സി എന്ന് തർക്കിച്ചവർ മെല്ലെ ഇറങ്ങിപോകും. ബ്രസീൽ പക്ഷത്തു റഫീക്കും അർജന്റീനൻ പക്ഷത്തു ജാഫറും പാലത്തിൽ ഇരുന്ന് പിന്നേം ഏറെ നേരം തർക്കത്തിൽ മുഴുകും
''86നു അന്ന് കയ്യോണ്ട് ഗോളടിച്ചു കിട്ടിയ കപ്പല്ലേ''
''എന്നാലും ഏഴെണ്ണം വാങ്ങി തോറ്റതില്ല" ജാഫർ തിരിച്ചടിച്ചു. ലോകകപ്പ് തീരും വരെ ഈ തർക്കത്തിൽ മുഴുകി മമ്മാടൂർ.
പുൽത്തകിടിൽ പന്തുകൊണ്ട് കവിത രചിക്കാൻ ലോകത്തിന്റെ നാനാ ഭാഗത്ത് നിന്നും എത്തിയവരുടെ കൂട്ടം സ്റ്റേഡിയം എന്ന ഒരുമാസം മാത്രമുള്ള ലോകത്ത്നിന്നും പിരിഞ്ഞപ്പോൾ പലരിലും സങ്കടം തങ്ങി നിന്നു എന്നിട്ടും അതു സമ്മതിക്കാത്തവർ മറ്റുള്ളവരുടെ തോൽവിയിൽ ആശ്വാസം കണ്ടു. കളിയോർമ്മകൾ സ്റ്റേഡിയത്തിലെ ആരവം കുറയുമ്പോലെ മെല്ലെ മെല്ലെ ഇല്ലാതായി. ഫ്ളക്സുകളൊക്കെ കോഴിക്കൂടുകൾക്കു മുകളിൽ കിടന്നു വെയിൽ കാഞ്ഞു.
കുഞ്ഞാപ്പുക്ക ബഷീറിനോടാണ് അന്നത് പറഞ്ഞതെങ്കിലും ആ കണ്ണുകൾ ഹാരിസിന്റെ മുഖത്താണ് തട്ടി നിന്നത്. അവന് എത്ര ആലോചിച്ചിട്ടും ഒരെത്തും പിടിയും കിട്ടിയില്ല.
കുഞ്ഞാപ്പുക്ക അന്ന് രാത്രി തന്നെ വണ്ടൽപേട്ട് പോയതിനാൽ കാര്യം ചോദിക്കാനും പറ്റിയില്ല. ഇനി കാണുമ്പോൾ ചോദിക്കണം എന്ന് കരുതി ഹാരിസ് നടന്നു.
വെട്ടേറ്റു കൊല്ലപ്പെട്ട ബാബുവിന്റെ ഓർമ്മദിനപ്പരിപാടിയുടെ അനൗണ്സ്മെന്റ് ചോര ചീന്തിയ ആ രാത്രിയോർമ്മിപ്പിച്ചുകൊണ്ട് കടന്നു പോയി.
* * * * *
"ഹാരിസേ.... അന്നെ തെരക്കി കുഞ്ഞാപ്പുക്ക നടന്നേർന്നല്ലോ, അന്റെ കുടീലും പോയി ചോയ്ച്ചിരുന്നു"
"എന്നിട്ട് മൂപ്പരെവടെ"
"പാലത്തിമ്മേൽ ഇരിക്കേണ്ട്"
പലപ്പോഴുമിങ്ങനെയാണ് നാം, അന്വേഷിക്കുന്നതെന്തോ അത് നമ്മെയും അന്വേഷിക്കുന്നുണ്ടാകും എന്നത് ഒരു യൂണിവേഴ്‌സൽ ട്രൂത്താണ് എന്ന് ഇംഗ്ലീഷ് ക്ലാസിൽ സുരേന്ദ്രൻ സാർ പറയുമ്പോൾ എന്റെയും ജൂലിയുടെയും മുഖത്തേക്ക് മാറിമാറി നോക്കി ചുണ്ടിൽ നിന്നും പുറത്തു വിടാതെ സൂക്ഷിച്ച പുഞ്ചിരിയുണ്ടായിരുന്നു. മൂന്നുപേർക്കല്ലാതെ മറ്റാർക്കും മനസിലാകാതെ പിടിക്കപ്പെട്ട ആ പ്രണയ രഹസ്യം അതങ്ങനെ കിടന്നു, ആ വാക്കുകൾ ഇന്നോർക്കുമ്പോൾ ഒരിക്കലും നശിക്കാത്തത് വാക്ക് മാത്രമാണല്ലോ. ഓർമകളിൽ തട്ടിത്തടഞ്ഞു പാലത്തിൽ എത്തിയത് അറിഞ്ഞില്ല. കുഞ്ഞാപ്പുക്ക ദൂരത്തേക്ക് നോക്കിയിരിക്കുകയാണ്. ഹാരിസിന്റെ കണ്ടതും ആംഗ്യത്തിൽ വാ എന്ന് വിളിച്ചു പാടവരമ്പത്തേക്ക് ഇറങ്ങി.
വെളിച്ചം മാഞ്ഞുതുടങ്ങിയ ആകാശത്ത് ദൂരെ നിന്നും ഇരുട്ട് പറന്നു വന്നുകൊണ്ടിരുന്നു. പാടത്ത് നിന്നും ചിവീടുകളെ കരച്ചിൽ ക്രമമില്ലാതെ ചെവിയിലേക്ക് തുളച്ചു കയറി. ഏറെ നേരം രണ്ടുപേരുംവരമ്പിലൂടെ നടന്നിട്ടും കുഞ്ഞാപ്പുക്ക കിംഗ് ബീഡി വലിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല.
"കുഞ്ഞാപ്പുക്കാ എന്താ കാണണംന്ന് പറഞ്ഞത്"
"ആ" ഒരു ഞെട്ടൽ പോലെയാണ് കുഞ്ഞാപ്പുക്ക തിരിഞ്ഞു നോക്കിയത്.
"ഞാനും ഇങ്ങളെ കാണാൻ ഇരിക്കേര് ന്ന്"
"അതെന്തിനായിരുന്നു" എന്തോ ചോദിക്കണമല്ലോ എന്ന ഭാവം മുഖത്തുനിറഞ്ഞു
"അന്ന് ഇങ്ങള് പറഞ്ഞത് ഒരു പിടീം കിട്ടീല.. 'ഷ്കാൻഡെൻഫ്യൂഡ്' പലേടത്തും തപ്പിനോക്കി കിട്ടീല"
"അതോ, കളിയല്ലേ, മറ്റുള്ളവർ തോറ്റത് ഇഷ്ടപ്പെടുന്നവരാ നമ്മൾ, അതെന്തായാലും നല്ല ശീലമല്ല" അതു പറയുമ്പോൾ മുഖഭാവം മാറുന്നത് ഹാരിസ് ശ്രദ്ധിച്ചു. എന്തു പറയുമ്പോളും അതിലൊരു തമാശ ഒളിപ്പിക്കുന്ന രീതിയിൽ പറയാറുള്ള ആളാ ഇതെന്തുപറ്റി.
"അത് പോട്ടെ ഇങ്ങളെന്തിനാ ഇന്നെ കാണണംന്ന് പറഞ്ഞത്"
ഹാരിസിന് കാര്യം എന്താണെന്ന് അറിയാനുള്ള തിടുക്കം കൂടി. തോട്ടിൽ നിന്നും മീനുകളുടെ ശബ്ദം, വലിയ മീനുകൾ ചെറു മീനുകളെ വെട്ടി പിടിക്കുകയാണ്
"ഇയ്യാ ഒച്ച കേട്ടാ..ആഫിക്കൻ മൊയ്യും കട്ടളയും, രോഹുവും* പെടക്ക്ണതാ, കായല് മുഴുവൻ വരത്തൻ മീനേള് നെറഞ്ഞ്, ഇമ്മടെ പൂട്ടേം കോലാനും പരലും* ഓക്കേ ഈ പണ്ടാറങ്ങള് തിന്ന് തീർക്കും" കുഞ്ഞാപ്പുക്ക വലിച്ചു കഴിഞ്ഞ ബീഡി തോട്ടിലേക്കെറിഞ്ഞു. അതും ഏതോ വലിയ മീൻ വന്നു വിഴുങ്ങുന്ന ശബ്ദം കേട്ടു.
"നമുക്കീ ഇഞ്ചൻ തറയിൽ ഇരിക്കാം" കുഞ്ഞാപ്പുക്ക ഇരുന്ന് അടുത്ത കിംഗ് ബീഡി കത്തിച്ചു. പാടശേഖരമാകെ ഇരുട്ട് പുതച്ചു കിടന്നു. ബീഡി പുകയുമ്പോൾ ആ വെളിച്ചത്തിൽ കണ്ണിൽ നിന്നും ഇറ്റി വീഴുന്ന കണ്ണീർ ഹാരിസ് കണ്ടു.
"കുഞ്ഞാപ്പുക്കാ" ഹാരിസ് പുറത്തു തൊട്ടപ്പോൾ ബീഡി തോട്ടിലേക്കെറിഞ്ഞു
"ആ"
എന്തും തമാശ കലർത്തി പറയുന്ന ചുണ്ടുകൾ വിതുമ്പുന്ന പോലെ തോന്നി.
"ഇങ്ങള് എന്ത് വെഷമമാണെങ്കിലും കാര്യം പറയ്, പരിഹരിക്കാൻ പറ്റാത്ത കാര്യങ്ങള്ണ്ടാ ദുനിയാവില്"
"അന്നോടല്ലാതെ വേറെ ആരോടും പറയാൻ പറ്റൂല"
"എന്താ കാര്യം ഇങ്ങ പറ"
"ഇന്റെ ഹംസടെ കാര്യം ഓർക്കുമ്പോൾ പേടിയാവണ്... ബാബുന്റെ ഓർമ്മദിനംന്നൊക്കെ പറഞ്ഞവര് നടക്കണത്....."
ഞെട്ടലോടെ ഉള്ളിലേക്ക് ഒരു വാൾ തലപ്പിന്റെ തിളക്കം ചിന്നി വന്നു. ചന്ദ്രനപ്പോൾ ചുവന്നുപ്രകാശിക്കുന്നതായി തോന്നി. ദൂരെനിന്നും അലർച്ചകളും നിലവിളിയും കാതിലേക്ക് തുളച്ചുകേറി.
"ഇക്കറിയാം, ഓന് അമ്മാതിരി സെറ്റിലാണ് ചെന്നു പെട്ടത്, ആര് പറഞ്ഞാലും തലേ കേറാത്ത കൂട്ടങ്ങൾ, അവരെന്തൊ മല മറിക്കുംന്നൊക്കെ, റൂഹ്* ഇട്ത്തിട്ട്ള്ള കളിയേ.. ഓറ്റിങ്ങള് ഇനി വെറ്തെ ഇരിക്കോ"
"ഞാനെന്ത് ചെയ്യാനാ?, പിന്നെ ഓന് ചെയ്തതും?"
"അതിക്കറിയാ ഹാരിസേ.. അവരതിന് പകരം ചോയ്ക്കാണ്ടിരിക്കോ.?"
പിന്നെയെന്ത് പറയണം എന്നറിയാതെ ഹാരിസ് ഇരുട്ടിലേക്ക് നോക്കിയിരുന്നു
"സീക്കോ സെവൻസ് മമ്മാടൂരും ബോവർ സെവൻസ് കൂളിക്കടവും മറ്റന്നാൽ ഫൈനലല്ലേ, ഇയ്യ് ഇപ്രാവശ്യം കളിക്കാൻ ഇറങ്ങണം, ഹംസയെ കളിപ്പിക്കരുത്"
"അതൊന്നും നടക്കൂല ഇക്കാ, ഒന്നാമത് എനിക്ക് പഴയപോലെ കളിക്കാൻ പറ്റുന്നില്ല, പിന്നെ ക്ലബ്ബിലൊക്കെ പുത്യേ പിള്ളേരല്ലെ, മുത്തു ഗൾഫിൽ പോയെ പിന്നെ ഹംസയെ ആണ് അവർക്ക് അവർക്ക് പ്രതീക്ഷ, സെമിയിൽ ഹംസയുടെ ആ ഹെഡർ ഗോളായില്ല എങ്കിൽ ഈ ഫൈനലേ പോയേനെ"
"എന്തോ എനിക്ക് ഒരു പേടി.. അന്നവൻ വരരുത്.. അത്രേ ഇക്കുള്ളൂ" എന്നും പറഞ്ഞു കുഞ്ഞാപ്പുക്ക നടന്ന് ഇരുട്ടിൽ ലയിച്ചു. ഹാരിസ് ഇരുട്ടിൽ നോക്കി നിന്ന്. ചോര ചീന്തിയ ആ രാത്രിയുടെ ഓർമ്മകൾ ഹാരിസിനെ അസ്വസ്ഥനാക്കി,
* * * * *
ഗ്രൗണ്ടിൽ ജനങ്ങൾ നിറഞ്ഞു, ഫൈനലിന്റെ ആവേശം മുഴക്കി അനൗൺസ്‌മെന്റിന്റെ ശബ്ദം നിറഞ്ഞു. കളിക്കാരോട് ലൈനപ്പ് നിൽക്കാൻ ആവശ്യപ്പെട്ട് കമ്മറ്റിക്കാർ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. മമ്മാടൂറിന്റെ കളിക്കാർ ഗ്രൗണ്ടിൽ ഇറങ്ങിയപ്പോൾ ഒരു മൂലയിൽ നിന്നും ചെണ്ടമേളം ഉയർന്നു. പത്താം നമ്പർ ജഴ്‌സിയുമായി വന്നു ബഷീർ വന്നു പറഞ്ഞു "ഹാരിസ്ക്കാ ഇതിട്ട് ഇങ്ങള് എറങ്ങണം, ഹംസ ഇതുവരെ എത്തിയിട്ടില്ല"
കൂളിക്കടവിന്റെ കളിക്കാർ ആ കൂട്ടത്തിലേക്ക് നോക്കി "ഹാവൂ ഹംസ എത്തീട്ടില്ല" അവരിൽ ആശ്വാസത്തിന്റെ തിരി കത്തി
ഇടവഴിയിലൂടെ പൊടി പാറിച്ചുകൊണ്ട് ആർ.എക്സ് 100 യമഹ ചീറിവന്നു. മമ്മാടൂരിന്റെ കുട്ടികൾ ആവേശത്തിൽ തുള്ളിച്ചാടി ഹാരിസ് പത്താം നമ്പർ ജഴ്‌സി അഴിക്കാൻ നോക്കിയപ്പോൾ ഹംസ സമ്മതിച്ചില്ല. "വേണ്ട ഹരിസ്ക്ക ഞാൻ പതിമൂന്നാം നമ്പർ ഇട്ടോളാം"
എല്ലാവരും ലൈനപ്പായി നിന്നു, ഒരു മൂലയിൽ നിന്നും അതാ കുഞ്ഞാപ്പുക്ക ഭീതിനിറഞ്ഞ ആ കണ്ണുകൾ.
കളി ആരംഭിച്ചു പന്ത്രണ്ടാമനായി പത്താം നമ്പർ ജഴ്‌സി അണിഞ്ഞു ഹാരിസ് ബഞ്ചിൽ ഇരുന്നു. കുഞ്ഞാപ്പുക്ക വന്നു ഹാരിസിന്റെ തോളിൽ കൈവെച്ചു.
"ഹാരിസേ എനിക്ക് പേടിയാവ്ണെടാ, നീ അവനെ നോക്കണേ"
"ഒന്നും സംഭവിക്കില്ല കുഞ്ഞാപ്പുക്ക, നമ്മളൊക്കെ ഇവിടെ ഇല്ലേ" ഹാരിസ് ചുറ്റും നോക്കി പരിചയമില്ലാത്ത ഒട്ടേറെ കണ്ണുകൾ തുറിച്ചു നോക്കുന്നതായി തോന്നി "ഇവരിലാരെങ്കിലും ?"
ഒന്നാം പകുതി ഗോൾരഹിത സമനിലയിൽ പിരിഞ്ഞു, സ്വർണ നിറത്തിൽ കപ്പ് തിളങ്ങി, സൂര്യൻ ചാഞ്ഞു തുടങ്ങി കളിയുടെ രണ്ടാം പകുതി ആവേശത്തിൽ തന്നെ തുടങ്ങി ഇടക്ക് ഫൗളും തർക്കവും മൂത്തു.
കളി തീരാൻ രണ്ടു മിനിട്ടു മാത്രം. കളി പെനാൽറ്റിയിലേക്കെന്ന് പലരും പറഞ്ഞു. ഹംസ ഒരു സുവർണാവസരം പാഴാക്കി, സെന്ററിൽ നിന്നും റൈറ്റ് കോർണറിൽ പാസ് കിട്ടുമ്പോൾ ഹംസ ഒറ്റക്ക് ബോള് ഒന്ന് കട്ട് ചെയ്തു ഗോൾകീപ്പർ കബളിപ്പിക്കാൻ നടത്തിയ ശ്രമം പാളി. ബോൾ ഗോൾ കീപ്പർ കൈകളിൽ ഒതുക്കി, ഒരുമിനുട്ട് ബാക്കിയുള്ളപ്പോൾ ബോവറിന്റെ താരം പന്തുമായി കുതിച്ചു, ഹംസ പാഞ്ഞു. പെനാൽറ്റി ബോക്സിന്റെ ഇടത്തെ മൂലയിൽ നിന്നും തൊടുത്തുവിട്ട ഷൂട്ട് ഉയർന്നു വന്നു, ഹംസ ഒരു പോരാളിയെ പോലെ പറന്നു, ഉയരുന്നു വരുന്ന പന്ത് ഒഴിവാക്കാനായി ഹംസ തലകൊണ്ട് പന്തിൽ ആഞ്ഞുകുത്തി, പന്ത് പൊന്തി, വലത്തോട്ട് തിരിയേണ്ട പന്ത് അതാ തിരിഞ്ഞു ഗോളിയെയും മറികടന്ന് മമ്മാടൂരിന്റെ ഗോൾ പോസ്റ്റിലേക്ക്. ഹാരിസിന്റെ നെഞ്ചു പിടച്ചു
"ചതിച്ചല്ലോ"
മമ്മാടൂരിന്റെ ഭാഗത്ത് നിന്നും ഞെട്ടലോടെ പലരും ആർത്തു, ചിലർ തെറി വിളിച്ചു. കളി തീരാൻ ഒരു നിമിഷം ഉള്ളപ്പോൾ ഹംസയുടെ സെല്ഫ് ഗോളിൽ ഒന്നേ പൂജ്യത്തിന് ബോവർ കൂളിക്കടവ് വിജയിച്ചു.
ഹംസ ഗ്രൗണ്ടിൽ കമഴ്ന്നു കിടന്നു ബോവർ കൂളിക്കടവിന്റെ അനുകൂലികൾ ആരവം മുഴക്കി ഗ്രൗണ്ടിൽ ആനന്ദ നൃത്തമാടി. സൂര്യൻ ചാഞ്ഞു തുടങ്ങി. ഇരുട്ടിന്റെ പുതപ്പ് ദൂരെ മരച്ചില്ലകൾക്കിടയിൽ നിന്നും പാടത്തേക്ക് നീണ്ടുവന്നു
എല്ലാവരും ഒറ്റക്കും കൂട്ടമായും മടങ്ങി. ഹംസയെ വിളിച്ചു ഹാരിസ് ബഷീറിന്റെ കൂടെ പറഞ്ഞയച്ചു. ആരും ഒന്നും പരസ്പരം സംസാരിച്ചില്ല. പത്താം നമ്പർ ജഴ്‌സിയണിഞ്ഞു തന്നെ തല കുനിച്ചു ഹാരിസ് ഇടവഴിയിലേക്ക് നടന്നു, ഹാരിസിന് പിന്നാലെ കറുത്ത് തടിച്ച രണ്ടുപേരും നടന്നു.
ഇരുട്ട് കട്ടകുത്തി നിന്നു, ഇരുട്ടിൽ തെന്നിവന്ന വെളിച്ചത്തിന്റെ ചീളിൽ വാളുകൾ മിന്നുന്നത് ഹാരിസ് കണ്ടു. ഹാരിസ് ശബ്ദം കേട്ട് ഒന്ന് തിരിഞ്ഞു ഞെട്ടലോടെ ഓടി, ചങ്കിൽ നിന്നും ഉയർന്ന ശബ്ദം പാതിയിൽ മുറിഞ്ഞു.
___________________________
ഷ്കാൻഡെൻഫ്യൂഡ്* = അപരന്റെ സങ്കടത്തിൽ നിന്നുള്ള ആനന്ദം
യൊക്കിം ലോ*. ഈ കഴിഞ്ഞ ലോകകപ്പ് കാലത്ത് ജർമ്മൻ ഫുട്‌ബോൾ ടീമിന്റെ കോച്ച്.
കെട്ട്ബന്ധം*. വൈവാഹിക ബന്ധം
റൂഹ്*. = ജീവൻ
ആഫിക്കൻ മൊയ്യ്, കട്ടള, രോഹു*. വളർത്തു മത്സ്യങ്ങൾ
പൂട്ട, കോലാൻ, പരൽ*. കായലുകളിൽ കണ്ടുവരുന്ന ചെറു മത്സ്യങ്ങൾ.