Sunday 20 August 2017

കളിത്തോഴനായിരുന്ന ഞൊടിഞെട്ട

പരിസ്ഥിതി

ഓരോ നാട്ടിലും ഓരോ പേരുകള്‍ ചിലപ്പോള്‍ ഏറ്റവും അധികം വ്യത്യസ്ത പ്രാദേശിക പേരുകളില്‍ അറിയപ്പെടുന്ന ചെടിയായിരിക്കും  ഞൊടിഞെട്ട,(ഇംഗ്ലീഷിൽ : Cape Gooseberry  , Little Gooseberry എന്നൊക്കെ  പറയും  ശാസ്ത്രീയനാമം: Physalis minima) 

ഓരോരോ ഇടങ്ങളിൽ ഇതിനു ഓരോരോ  അറിയപ്പെടുക  ഞൊട്ടങ്ങ, മുട്ടാംബ്ലിങ്ങ,മുട്ടാമ്പുളി, ഞെട്ടാമണി, ഞെട്ടാഞൊടി ഇതൊക്കെ ഇതിന്റെ പേരുകളാണ് എന്റെ നാട്ടില്‍ ഞൊട്ടങ്ങ പറയും കുട്ടിക്കാലത്ത് ഇത് തേടി പറമ്പുകളില്‍ നടന്നവർക്ക് ഇന്നത് ഗൃഹാതുരത്വം ഓർമയാണ് . കായ് നെറ്റിയിൽ ശക്തിയായ് ഇടിച്ച് ശബ്ദം കേൾപ്പിച്ച് കളിച്ചവർ ഉണ്ടായിരിക്കും അതിനാലാണ് ഇതിന് ഞൊടിഞെട്ട എന്ന പേര് വന്നിട്ടുണ്ടാവുക . ബാല്യകാല സ്മരണകളില്‍ ഇത് നിറഞ്ഞു നില്‍ക്കുന്നു നിങ്ങള്‍ക്കും ഇത്തരം ബാല്യകാല ഓര്‍മകളില്‍ ഈ കുഞ്ഞു ചെടിയും കടന്നുവരും. നാട്ടിൻപുറങ്ങളിൽ കാണപ്പെടുന്ന ഒരു ചെറു സസ്യമാണ് ഞൊടിഞെട്ട ഹവായിൽ നിന്നാണ് ഇത് വന്നതെങ്കിലും നാടൻ ചെട്ടിയായാണ് നമ്മൾ ഇതിനെ കരുതിപ്പോരുന്നത്. അല്പം പുളിപ്പോടു കൂടിയ ഇതിന്റെ പഴുത്ത കായകൾ കുട്ടികൾ പൊട്ടിച്ചു കഴിക്കാറുണ്ട് ഇപ്പോൾ സൂപ്പർ മാർക്കറ്റുകളിൽ പ്രത്യേകം തയ്യാറാക്കിയ കൂടുകളിൽ ഒരത്ഭുത പഴം പോലെ കൂടിയ വിലക്ക് വിൽക്കുന്നുമുണ്ട്.

 നമ്മുടെ പറമ്പുകളിൽ നിന്നും അപ്രത്യക്ഷമായി കൊണ്ടിരിക്കുമ്പോൾ തന്നെ ഇത്തരം വിപണന സാദ്ധ്യതകൾ തിരിച്ചറിയുന്നവർ അവസരം മുതലാക്കുന്നു എന്ന് മാത്രം. നാട്ടിൻ പുറങ്ങളിൽ നിന്നും അപ്രത്യക്ഷമാകുന്നത് വർണ്ണ കടലാസ്സിൽ പൊതിഞ്ഞു നമുക്ക് തന്നെ തിരിച്ചു തരുന്ന വിപണന തന്ത്രം നാം തിരിച്ചറിയാതെ പോകുന്നുവോ?  കായ പച്ചയായിരിക്കുന്ന സമയത്ത് കൈപ്പ് രസമാണ്. പഴുത്ത് കഴിയുമ്പോൾ അല്പം പുളിപ്പോടുകൂടിയുള്ള മധുരമാണ്. അഞ്ചു മി.മീ വ്യാസമുള്ള പൂക്കൾക്ക് വെളുത്ത നിറമാണ്. വേനലാവുന്നതോടെ കായ്കൾ പാകമാവുകയും ചെടി പൂർണ്ണമായും നശിച്ചു പോകുകയും ചെയ്യുന്നു. അടുത്ത മഴ തുടങ്ങുന്നതോടെ വിത്തുകളിൽ നിന്നും പുതിയ ചെടികൾ മുളയ്ക്കുന്നു. ജൂലൈ മുതൽ ഒക്ടോബർ വരെയാണ് പ്രധാന പൂക്കാലം. 

നാട്ടിൻ പുറങ്ങളിൽ നിന്നും കിട്ടാക്കനിയാകുമ്പോൾ അത് തന്നെ വിപണിയിലെ മൂല്യം കൂടിയ വസ്തുവായി പരിണമിക്കുന്ന അവസ്ഥയിൽ ഞൊടിഞൊട്ടയുടെ കൃഷിയും വിപണിസാധ്യത ഇല്ലാതില്ല. ഗൃഹാതുരത്വം എന്നും നല്ല മാർക്കറ്റുള്ള വിപണി വാക്യവുമാണല്ലോ ഓർമ്മകൾ നമ്മെ മടി വിളിക്കുമ്പോൾ ഇടക്കൊക്കെ നമ്മളിൽ നിന്നും ഇതൊക്കെ ഇല്ലാതാവാനുള്ള കാരണത്തിലേക്കും ഓർമ്മകളെ ഇറക്കി വിടുന്നത്  നല്ലതാണ്. ഈ കുഞ്ഞു പഴവും അതിന്റെ പുളിപ്പോടെ ഈ ഓർമകളെ നൽകുന്നു. വിപണിയുടെ സാധ്യതയും. 

---------------------------------------------------------------------
20/08/2017 നു സിറാജ് ഞായറാഴ്ചയിലെ വീക്ഷണം എന്ന പംക്തിയിൽ പ്രസിദ്ധീകരിച്ചത്   
Sunday 6 August 2017

യാത്ര

കവിത
 
 
 
 
 
 
 
 
 
 
 
 
 
 
 
 
  
 
(Wolvevile Painting by Caarlo Salomoni)
 
പേമാരിയിൽ 
ഒലിച്ചുപോകുമെന്നെ 
ഒരിടത്തും 
തിരയേണ്ടതില്ല.
പാറക്കെട്ടുകളിൽ 
അലതല്ലിയിളകി 
അലിഞ്ഞില്ലാതായേക്കാം . 

കൊടുങ്കാറ്റിൽ 
ആടിയുലഞ്ഞു 
പാറിപോയേക്കാം. 

അക്ഷരങ്ങൾക്കിടയിൽ 
തൂങ്ങികിടന്നേക്കാം. 
 
ചന്ദ്രനെ പ്രണയിച്ചു 
പറന്നുയരും 
ചകോരത്തിൻ 
പ്രണയന്വേഷണമല്ലെൻ 
യാത്ര. 

വേടന്റെ 
അമ്പേറ്റ 
കിളിയുടെ 
വേദനയാണ്.

വരാനിരിക്കുന്ന 
പ്രഭാതം 
എനിക്ക് കാണേണ്ട, 

കൂരിരുട്ടിൽ 
ഞാനെന്നെ 
യാത്രയാക്കാൻ 
തപസ്സിലാണ് 
------------
ഞായറാഴ്ച, സിറാജ് ആഗസ്റ്റ്‌ 2017

Wednesday 2 August 2017

കുരുതി

കവിത


The Sacrifice Painting by Ethan Harrisപെണ്ണേ, 
നിന്നെ 
ഞങ്ങള്‍ 
കുരിശില്‍ തറക്കുന്നു. 

അസഹ്യമായ 
വേദന തോന്നുമ്പോള്‍ 
കരയരുത്. 

അക്ഷരങ്ങളും 
കാമറകളും 
നിന്റെ 
ജീവിതത്തെ 
ചുറ്റി വരിയുമ്പോള്‍ 
നീ പിടയരുത്. 

എത്ര 
നീതി നിഷേധം 
കണ്ടാലും 
മിണ്ടരുത്. 

യൂദാസുമാരെ 
ചൂണ്ടിക്കാണിക്കരുത്. 
ഗീബല്സ്മാരെ 
ചൂണ്ടി പ്രതികരിക്കരുത്. 

നീതിയും, 
അനീതിയും, 
ഏതെന്നു 
നിന്റെ 
മേല്‍വിലാസത്തില്‍ 
ഞങ്ങള്‍ 
എഴുതി പിടിപ്പിക്കും. 

മേല്‍വിലാസത്തില്‍ 
ജാതിയും, 
മതവും, 
നിര്‍ബന്ധം. 

നീ കുരിശില്‍ 
കിടന്നു 
പിടയുന്നത് ''
നല്ല 
കാഴ്ചയാണ് 

ഭൂതകാലം 
നിന്നെ 
ചോദ്യം ചെയ്യും. 

വര്‍ത്തമാനം 
നിന്നെ 
ശിക്ഷിക്കും. 

ഭാവി 
നിനക്കൊരു 
ചോദ്യചിഹ്നമാകും

ആക്രോങ്ങള്‍ക്കിടയില്‍ 
നിന്റെ വിലാപങ്ങള്‍. 
കെട്ടടങ്ങും. 
കാരണം 
നീ വെറും പെണ്ണാണ്. 

നീ വീരപുത്രിയാകണം 
എങ്കില്‍ 
പിടഞ്ഞു തന്നെ 
മരിക്കണം.

ഞങ്ങളുടെ 
അഭിമാനം,
വികാരം, 
ആദര്‍ശം, 
എല്ലാം ഉടന്‍ ഉണരും 

ഉറവയായ് 
ഉണ്ടായത് 
കടലായ് 
അലയടിക്കും. 
_______________________________________________________________

ദേശാഭിമാനി വാരിക. 30 ജൂലായ് 2017