Monday 9 September 2019

അസ്വസ്ഥകളുടെ കൊത്തിവെക്കൽ

ശില്പ പരിചയം

സിറിയൻ ആർട്ടിസ്റ്റ് ഖാലിദ് ദവ്വയുടെ ഒരു ശിൽപങ്ങൾ നമ്മെ അസ്വസ്ഥമാക്കും. ജീവിതത്തിന്റെ ജീർണ്ണിച്ച അവസ്ഥ മാത്രമല്ല ശാരീരികവും മാനസികവുമായ കം‌പ്രഷൻ അവസ്ഥയിലുള്ള ആളുകളിലൂടെ മതിപ്പുകളും വികാരങ്ങളും ശില്പത്തിൽ കൊണ്ടുവരാൻ ശ്രമിക്കുന്നു. തന്റെ രാഷ്ട്രീയ ജീവിതവും ഒളിവിൽ കഴിഞ്ഞ കാലവും അധികാരത്തിന്റെ അധിനിവേശ മുഖവും നമുക്ക് ശില്പങ്ങളിൽ വായിച്ചെടുക്കാം. അസ്വസ്ഥപ്പെടുത്തുന്ന രൂപഘടനയും ഭീതിപ്പെടുത്തുന്ന ശില്പ പ്രതലവും, Nicholas Cort ന്റെ കൊഴുപ്പു ഭൂതം എന്ന ശില്പങ്ങൾ പോലുള്ള അവസ്ഥയും അധികാരത്തിന്റെ ജീർണ്ണിച്ച അവസ്ഥയെ കാണിക്കുന്നു.
 


കലയിലൂടെ സ്വീകരിച്ച രാഷ്ട്രീയ പ്രതികരണങ്ങൾ ഭരണകൂടങ്ങളെ പൊള്ളിച്ചു. 2013ന്റെ മധ്യത്തിൽ, അദ്ദേഹത്തിന്റെ സ്റ്റുഡിയോ സ്ഥിതിചെയ്യുന്ന സ്ഥലത്ത് ബോംബെറിഞ്ഞു, ഖാലിദിന് പരിക്കേറ്റു. പിന്നീട് അറസ്റ്റിലാവുന്നു. ജയിലിലടയ്ക്കപ്പെടുന്നു. നിബന്ധിത സൈനിക സേവനത്തിനായി അയക്കുകയും ചെയ്യുന്നു. ഒരു സൈനിക പ്രവർത്തനത്തിലും ഏർപ്പെടാൻ വിസമ്മതിച്ച അദ്ദേഹം ഒളിച്ചോടുകയും സിറിയയിൽ നിന്ന് പലായനം ചെയ്യുകയും ചെയ്യുന്നു. 2014 ഒക്ടോബറിൽ അദ്ദേഹം ഫ്രാൻസിലേക്ക് പോകുന്നതിനുമുമ്പ് ഒരു വർഷം ഒളിവിൽ താമസിക്കുന്ന ലെബനനിലേക്ക് പോകുന്നു. ഈ സംഭവങ്ങൾ അദ്ദേഹത്തെ ആഴത്തിൽ സ്വാധീനിക്കുകയും കലയിലേക്ക് അതിനെ കൊണ്ടുവരികയും ചെയ്തു. ഈ രാഷ്ട്രീയ സാഹചര്യത്തിൽ മനുഷ്യനെ ഒരു ഫ്രയിൻറെ ഉള്ളിലേക്ക് കംപ്രസ് ചെയ്യുന്ന രീതിയിൽ ഉള്ള ശില്പങ്ങളും ഒരു രീതിയായിരുന്നു. പാലായനത്തിന്റെ തീവ്രത ശില്പങ്ങളിലും അദ്ദേഹത്തിന്റെ വരകളിലും കാണാം. ഗ്രിൽ ചെയ്ത കളിമണ്ണും, കൂടാതെ മഷി-ഓൺ-പേപ്പർ എല്ലാം തന്റെ സൃഷ്ടിയെ രൂപപ്പെടുത്താനുള്ള മാധ്യമങ്ങളാണ്. അസ്വസ്ഥതയുടെ കൊത്തി വെക്കലുകലാണ് ഖാലിദ്‌ ദവ്വയുടെ രണ്ടു രീതിയിലും ഉള്ള ശില്പങ്ങൾ.
 
 
 
 
 
 
 


 



ജീവിതത്തിന്റെ പുതിയ തുറകൾ

(എ. എം മുഹമ്മദിന്റെ *രാമനലിയാർ* എന്ന കഥാസമാഹാരത്തിലൂടെ)

എ എം മുഹമ്മദിന്റെ *രാമനലിയാർ* എന്ന സമാഹാരത്തിലെ ഓരോ കഥയും ജീവിതത്തിന്റെ പുതിയ തുറയെ എഴുതിവെയ്ക്കുന്നു. പുസ്തകത്തിന്റെ ശീർഷകം തന്നെയാണ് ആദ്യ കഥ. *ക്യാമറക്കണ്ണ്, ശ്രീനഗർ മുസാഫറാബാദ് ബസ്സ്, പഴങ്കഥയിലെ മണ്ണ്, പരേതാത്മക്കളുടെ കസേര, വാണീവിലാസം, കൃസ്തുദാസന്റെ കാർട്ടൂണുകൾ, ബലിപ്പെരുന്നാൾ, വിളക്കുകൊളുത്താതെ ഇരുട്ടിനെ പഴിച്ച്, ആഢംബരക്കാറ്, കുഞ്ഞൂട്ടൻ* അത്ര വലുതല്ലാത്ത 11 കഥകൾ അടങ്ങിയ ചെറിയൊരു പുസ്തകം ആണ് രാമനലിയാർ. *നാമെന്തിനാണ് കഥകൾ വായിക്കുന്നത്. ജീവിക്കുന്ന ജീവിതത്തെ പറ്റി കൂടുതലറിയാൻ എന്ന ഉത്തരം അത്ര പ്രസിദ്ധമല്ലെങ്കിലും നന്നേ പ്രസക്തമാണ്. എ.എം. മുദാമ്മദിന്റെ കഥകളും ഉത്തരവാദിത്വത്തോടെ ജീവിതത്തിന്റെ പുതിയ തുറകൾ എഴുതിവെയ്ക്കുന്നു-ഇവകൂടിയടങ്ങുന്നതാണ് നമ്മുടെ കാലത്തെ വാഴ്‌വ്‌ എന്ന് നാം പെട്ടെന്നറിയുന്നു.*  കഥ ജീവിതം തുറക്കുമ്പോൾ എന്ന തലക്കെട്ടിൽ ഇ.പി. രാജഗോപാൽ എഴുതിയ അവതാരികയിൽ പറയുന്നത് ഈ കഥകൾ വായിച്ചു തീരുമ്പോൾ നമുക്ക് ബോധ്യപ്പെടും. അരങ്ങിൽ ശ്രീരാമനായി വേഷം കെട്ടി ജീവിച്ച അലിയാരുടെ കഥയാണ് രാമനലിയാർ. ഏകാന്തതയുടെ നീർച്ചുഴികളിൽ പെട്ട അലിയാരിലെ വാർദ്ധക്യ കാല സങ്കടങ്ങളിൽ നിന്നും കഴിഞ്ഞു പോയ മതസൗഹാർദ്ദപരമായ ഒരന്തരീക്ഷത്തെ ഓർക്കുമ്പോൾ പുതിയ കാലത്തിന്റെ സാമൂഹികാന്തരീക്ഷത്തെ ചേർത്തു വായിക്കുമ്പോൾ ആണ് പ്രസക്തിയേറുന്നത്. ശ്രീരാമവേഷം ഹരിഹരന് കൈമാറുന്ന ഭാഗമാണ് കഥയിലെ ഏറ്റവും പ്രസക്തവും ഭംഗിയുള്ളതും. *"മറ്റു നടന്മാർ ചേർന്ന് ഹരിഹരനെ സ്റ്റേജിലേക്കാനായിച്ചു. സദസ്സിനു മുന്നിലെത്തിയതും അയാൾ അലിയാരുടെ പാദംതൊട്ടു ശിരസ്സിൽ വച്ചു. ആടയാഭരണങ്ങളിൽ ശ്രീരാമനായി തിളങ്ങുന്ന തന്റെ പിൻഗാമിയെ അലിയാർ മാറോടു ചേർത്തു. തന്റെ ശിരസ്സിന്റെ ചൂരും ചൂടുമേറ്റ കിരീടം അയാൾ ഹരിഹരന്റെ ശിരസ്സിലണിയിച്ചു"* നഷ്ട ഓർമകളുടെ ഊടുവഴിയിലൂടെ കഥ സഞ്ചരിക്കുന്നത്. ഇക്കാലത്ത് അവിശ്വസനീയ ബന്ധങ്ങളുടെ തായ് വഴിയിലൂടെ അലിയാരും ജാനകിയും ഒരു നടന്റെ വാർദ്ധക്യ കാലവും ജാതിയും മതവും ഒക്കെ ചേർത്തു വെച്ചു വായിക്കുമ്പോൾ ആണ് രാമനലിയാർ എന്ന കഥ ഇന്നും പ്രസക്തമാകുന്നത്.

സമാഹാരത്തിലെ മറ്റൊരു പ്രധാന കഥയാണ് ശ്രീനഗർ മുസാഫറാബാദ്  ബസ്സ്. മതവൈര്യം മുറുകുന്ന കാലത്ത് ഈ കഥക്ക് ഏറെ പ്രസക്തിയുണ്ട്. മതമേതായാലും മാനവികതയിൽ മുൻനിർത്തിയുള്ള ആശയങ്ങൾക്കെ സ്ഥാനമുള്ളൂ എന്നും പ്രാർത്ഥന ഓരോരുത്തരുടെയും ഏറ്റവും സ്വാകാര്യമായ ഒന്നായി മാറുകയും ഹിംസായാകാതെ നോക്കുകയും ചെയ്യുന്നിടത്തെ അതിന്റെ ഗുണകരായ വശം ഉണ്ടാകൂ അല്ലെങ്കിൽ വിലാപം ആയിരിക്കും ഫലം എന്ന വിലാപത്തിലൂണിയുള്ള കഥയാണ് ഇത്. ഇമ്തിയാസ് സുൽത്താന അസ്‌കർ എന്നിവരുടെ ജീവിതവും പരമപ്രധാനമായ ഒരു ബസ്സ് യാത്രയുമാണ് കഥയുടെ പശ്ചാത്തലം. 
ഹിംസാത്മകമായ കനൽ  ബസ്സിൽ എരിയുന്നതായി വായനക്കാരന് തോന്നാം. ആ തോന്നലുകൾക്ക് വായനയുടെ വഴിയിൽ നിന്നും ചിന്തിക്കാൻ കഥയെ വെറുതെ വിടുന്നു.    ഒരു കലാകാരന്റെ അസ്വസ്ഥയും വേദനയും ക്യാമറയിലൂടെ പതിപ്പിക്കുന്ന ക്യാമറക്കണ്ണ്, നമ്മളിൽ നിന്നൊക്കെ അകന്നുകൊണ്ടിരിക്കുന്ന ഗ്രാമീണ പച്ചപ്പിന്റെ മങ്ങുന്ന കാഴ്ചയെ  ഓർമ്മിപ്പിക്കുന്ന പഴങ്കഥയിലെ മണ്ണ് തുടങ്ങി രാമനലിയാർ നൽകുന്ന വായനയുടെ ലോകം വൈവിധ്യം നിറഞ്ഞതാണ്. ഏറെ കാലത്തെ പ്രവാസ ജീവിതത്തിന്റെ അകകണ്ണിൽ കണ്ട നാടിന്റെ കാഴ്ചയാണ് ഈ കഥകളെന്നു പറയാം.


എ.എം. മുഹമ്മദ് 

വെള്ളപ്പൊക്കത്തിലെ മനുഷ്യനേക്കാള്‍ മനുഷ്യത്വമുള്ള പട്ടി

വായനാനുഭവം 

(തകഴിയുടെ *വെള്ളപൊക്കത്തിൽ* എന്ന കഥയിലൂടെ) 

എഴുതിയ കാലഘട്ടത്തെയും പിന്നീട് അതാത് സമകാലിക അവസ്ഥയോടും ചേർത്ത് വായിക്കാനാവുക എന്നത് നല്ല കഥകളുടെ ലക്ഷണമാണ്. ഭാവാവിഷ്കാരം കൊണ്ടും , ശില്‍പഘടനകൊണ്ടും  തകഴിയുടെ വെള്ളപ്പൊക്കത്തിൽ എന്ന കഥയും എക്കാലത്തെയും മികച്ച കഥകളിൽ  ഒന്നാണ്, അരനൂറ്റാണ്ട് മുമ്പ് എഴുതപെട്ട ഈ കഥ  ഇന്നും നമുക്ക് എടുത്തുവായിക്കുമ്പോളും അങ്ങനെ തോന്നും. എക്കാലത്തെയും വരച്ചുകാട്ടാൻ ഈ കഥക്ക് ആകുന്നു. കുട്ടനാടൻ ജീവിതത്തിൽ നിന്നും പറിച്ചെടുത്ത കഥകളെ സൃഷ്ടിച്ച തകഴിയുടെ ഈ കഥയിൽ  എഴുത്തുകാരന്റെ  ദലിത് വീക്ഷണവും നമുക്ക് വായിച്ചെടുക്കാം. രണ്ടു പ്രളയങ്ങൾ അടുത്തടുത്ത് അനുഭവിച്ച നമുക്കിന്ന് ഈ കഥയിലൂടെ കടന്നു പോകുമ്പോൾ അതിനോട് കൂടുതൽ ചേർന്നുനിൽക്കാൻ ആകുന്നു. *"നാട്ടിലെ പൊക്കംകൂടിയ സ്ഥലം ക്ഷേത്രമാണ്. അവിടെ, ദേവന്‍ കഴുത്തറ്റം വെള്ളത്തില്‍ നില്ക്കുന്നു. വെള്ളം! സര്‍വ്വത്ര ജലം! നാട്ടുകാരെല്ലാം കര തേടിപ്പോയി. വീട്ടുകാവലിന് ഒരാള്‍, വീട്ടില്‍ വള്ളമുണ്ടെങ്കില്‍ ഉണ്ട്. ക്ഷേത്രത്തിലെ മൂന്നു മുറിയുള്ള മാളികപ്പുറത്ത് 67 കുട്ടികളുണ്ട്. 356 ആളുകള്‍ , പട്ടി, പൂച്ച ആട്, കോഴി മുതലായ വളര്‍ത്തു മൃഗങ്ങളും എല്ലാം ഐകമത്യമായി കഴിയുന്നു. ഒരു ശണ്ഠയുമില്ല"* ഇങ്ങനെയാണ് കഥ ആരംഭിക്കുന്നത് ആദ്യ പാരഗ്രാഫിൽ നിന്നുതന്നെ  നമുക്ക് ആ ഗ്രാമത്തിന്റെ ചിത്രം നമുക്ക് കിട്ടുന്നു. വെള്ളം  കയറി വരുംതോറും ചേന്നപ്പറയന്റെ കുടിലും മുങ്ങിയപ്പോൾ പോകാദി തരമില്ല എന്നായി അകലെ കണ്ട വള്ളത്തെ  വിളിച്ചു കൂവി അതിലേക്ക് കിട്ടിയതൊക്കെ വലിച്ചുവരിയിട്ടു രക്ഷ തേടി പോകുമ്പോൾ തൻ്റെ എല്ലാമായ കൂട്ട് വളർത്തുനായ മാത്രം അവിടെ ഒറ്റപ്പെടുന്നു.

 വെള്ളപ്പൊക്കത്തിൽ എന്ന കഥ ഈ പട്ടിയിലൂടെയാണ് പറയുന്നത്. *"ഭയങ്കരമായ മഴ തോര്‍ന്നിട്ടു മൂന്നു ദിവസമായി കൂരയുടെ ഓല പൊളിച്ചു ചേന്നന്‍ ഒരു കണക്കില്‍ പുറത്തിറങ്ങി നാലുചുറ്റിനും നോക്കി. വടക്ക് ഒരു കെട്ടുവള്ളം പോകുന്നു. അത്യുച്ചത്തില്‍ ചേന്നപ്പറയന്‍ വള്ളക്കാരെ കൂകിവിളിച്ചു. വള്ളക്കാര്‍ക്ക്, ഭാഗ്യംകൊണ്ടു കാര്യം മനസ്സിലായി. അവര്‍ വള്ളം കൊട്ടിലിനുനേര്‍ക്കു തിരിച്ചു. കിടാങ്ങളെയും, പെണ്ണാളിനെയും, പട്ടിയെയും, പൂച്ചയെയും പുരയുടെ വാരിക്കിടയില്‍ക്കൂടി ഓരോന്നായി ചേന്നന്‍ വലിച്ചു വെളിയിലിട്ടു. അപ്പോഴേക്കു വള്ളവും വന്നടുത്തു."* ചേന്നൻ വള്ളത്തിൽ കയറി പോയതോടെ രക്ഷതേടാൻ കരയില്ലാതെ അറ്റമില്ലാത്ത വെള്ളത്തെ നോക്കി നിൽക്കുന്ന പട്ടിയെ നമുക്ക് സങ്കടത്തോടെയല്ലാതെ കാണാൻ സാധിക്കില്ല.

 *"പട്ടി മുകളെടുപ്പില്‍ തിരിച്ചുവന്നു. ചേന്നന്റെ വള്ളം അങ്ങകലെയായിക്കഴിഞ്ഞു; അതു പറന്നുപോകുന്നു. മരണവേദനയോടെ ആ ജന്തു മോങ്ങിത്തുടങ്ങി. നിസ്സഹായനായ ഒരു മനുഷ്യന്റെ ശബ്ദത്തോടു സാദൃശ്യമുള്ള ശബ്ദപരമ്പരകള്‍ പുറപ്പെടുവിച്ചു. ആരുണ്ടതു കേള്‍ക്കാന്‍! പുരയുടെ നാലു ചരുവുകളിലും അത് ഓടിനടന്നു; ചിലടമെല്ലാം മണപ്പിച്ചു; മോങ്ങി."* 
ഈ ജീവനു വേണ്ടിയുള്ള മോങ്ങൽ ഇന്നും നമ്മെ ചുറ്റിപിടിക്കുന്നു. രണ്ടു വെള്ളപ്പൊക്കങ്ങളിലും മനുഷ്യരെ പോലെ ഒന്നും ചെയ്യാനാവാതെ പിടയുന്ന ഒട്ടനവധി മിണ്ടാപ്രാണികളെ കണ്ടു ശീലിച്ച നമ്മളിൽ മനുഷ്യ വേദനയോളം സ്പർശിക്കാതെ പോകുന്നു എങ്കിലും തകഴി കതപറയുന്നത്  ഒരു മൃഗമായ പട്ടിയിലൂടെയാണ്. ഒരു ഗ്രാമത്തിന്റെ ജാതി വ്യവസ്ഥിതിയും, വിശപ്പും ജീവിതവും അതിലുപരി മനുഷ്യരല്ലാത്ത ഒരു ജീവിയുടെ തീവ്രമായ ജീവിതാനുഭവത്തെ വരച്ചുവെക്കുന്നു
*"മുകളെടുപ്പില്‍ കുത്തിയിരുന്ന് ആ ക്ഷുല്‍പീഡിതനായ മൃഗം, കാര്‍മേഘാവൃതമായ, അന്ധകാരഭീകരമായ, അന്തരീക്ഷത്തില്‍ നോക്കി മോങ്ങി. ആ നായയുടെ ദീനരോദനം അതിദൂരപ്രദേശങ്ങളിലെത്തി. അനുകമ്പാതുരനായ വായുഭഗവാന്‍ അതിനേയും വഹിച്ചുകൊണ്ടു പാഞ്ഞു. വീടുകാവലേറ്റിട്ടുള്ള ചില ഹൃദയാലുക്കള്‍, അയ്യോ, പുരപുറത്തിരുന്നു പട്ടി മോങ്ങുന്നു എന്നു പറഞ്ഞു കാണും. കടല്‍പ്പുറത്ത് അതിന്റെ യജമാനന്‍ ഇപ്പോള്‍ അത്താഴം ഉണ്ണുകയായിരിക്കും. പതിവനുസരിച്ച് ഊണുകഴിയുമ്പോള്‍ ഇന്നും ഒരുരുളച്ചോറ് അവന്‍ അതിന് ഉരുട്ടുമായിരിക്കും"* തൻ്റെ യജമാനൻ ഇനി തിരിച്ചുവരുമോ തന്നെ രക്ഷിക്കുമോ എന്ന ശബ്ദം ശക്തിയില്ലാത്ത മോങ്ങലായി അന്തരീക്ഷത്തിൽ പരന്നു.  കഥ നമ്മെ വല്ലാതെ നോവിച്ചുകൊണ്ടാണ് നമ്മെ കൊണ്ടുപോകുക. പട്ടി അതിനകം നേരിട്ടുകൊണ്ടിരിക്കുന്ന അവസ്ഥകൾ അവതരിപ്പിക്കാൻ തകഴി ഭാഷയിൽ കാണിച്ചിട്ടുള്ള വിരുത് നമ്മെ അത്ഭുതപ്പെടുത്തും

 *"അല്പസമയം കഴിഞ്ഞപ്പോള്‍ ആ കുടില്‍ നിലത്തുവീണു; വെള്ളത്തിലാണ്ടു. അനന്തമായ ആ ജലപ്പരപ്പില്‍ ഒന്നും ഉയര്‍ന്നുകാണ്മാനില്ല. യജമാനന്റെ ഗൃഹത്തെ മരണംവരെ ആ സ്വാമിഭക്തിയുള്ള മൃഗം കാത്തു. അവന്‍ പോയി. അവനുവേണ്ടിയെന്നോണം ആ കുടില്‍ അവനെ മുതല പിടിക്കുന്നതുവരെ ജലത്തിനുമീതെ ഉയര്‍ന്നുനിന്നു. അതു താണു, പൂര്‍ണ്ണമായി ജലത്തില്‍ താണു."* വെള്ളപ്പൊക്കത്തിൽ എന്ന കഥ വായിച്ചു തീരുമ്പോൾ ഉള്ളിൽ എന്നും മോങ്ങി മോങ്ങി ആ പട്ടി നമ്മെ പിന്തുടരും.

 'സമുദായവും  വർഗ്ഗവും വെള്ളപ്പൊക്കത്തിൽ എന്ന കഥയിലെ മൃഗവൽക്കരണം' എന്ന കെ.കെകൊച്ചിന്റെ പഠനം കഥയിലെ ജാതിവ്യവസ്ഥയെ കൃത്യമായി ചൂണ്ടികാണിക്കുന്നു. ‘മനുഷ്യനേക്കാള്‍ മനുഷ്യത്വം’  എന്നാണ് കഥയിലെ   പട്ടിയെ പറ്റി ഡോ. അയ്യപ്പപ്പണിക്കര്‍ പറഞ്ഞത്, “സമൂഹത്തിലെ ഭ്രഷ്ടരായവരുടെ പ്രതീകമാണ് വെള്ളപ്പൊക്കത്തിലെ പട്ടി” എന്ന് ഡോ. സുകുമാര്‍ അഴീക്കോടും പറയുന്നു.  മുങ്ങിക്കൊണ്ടിരുക്കുന്ന ഒരു നാടിൻറെ വേദന പേറുന്ന തകഴിയുടെ ഈ കഥ എന്നും മാഞ്ഞു പോകാതെ  മലയാളത്തിൽ നിറഞ്ഞു നിൽക്കും.

കവിത: മണ്ണും വീടും


രു വീടുണ്ടാക്കാൻ ആഗ്രഹിച്ചു.
മക്കളൊക്കെ കൊതി പറഞ്ഞപ്പോൾ, 
ഭാര്യ പരിതപിച്ചപ്പോൾ, 
നാട്ടുകാർ കുറ്റം പറഞ്ഞപ്പോൾ,
വീടുകൾ കാണുമ്പോൾ 
ആഗ്രഹിച്ചു പോയതാണ്, 

മലയിലേക്ക് കയറി നോക്കി 
വിങ്ങിവീർത്ത മുഖങ്ങൾ 
കണ്ടു, 
ആഴമുള്ള കിണറുകളെ പോലെ- 
ഓരോ കണ്ണുകളും, 
വാക്കുകൾ വറ്റിയ നാക്കുകൾ. 
മണ്ണും ആകാശവും അവർക്കിന്നില്ല. 

താഴെയിറങ്ങിയപ്പോൾ 
പേമാരിയിൽ കുതിർന്ന, 
മണ്ണിൽ കുഴഞ്ഞു പോയ ദേഹങ്ങൾ, 
കഴുകിക്കഴുകി നിറയെ 
ചളിയായ വീടുകൾ, 

മഴയും മലയും  വിളിക്കാതെ വന്ന 
അതിഥിയായപ്പോൾ 
പോയതത്രയും.   
ആഗ്രഹിച്ചു വെച്ച വീടുകൾ.

മകളുടെ, 
ഭാര്യയുടെ, 
നാട്ടുകാരുടെ 
പരാതികൾ തീർക്കാൻ 
വീട് വെച്ചേ തീരൂ...

കാറ്റും മഴയും മലയും 
ഇങ്ങനെ കോപിച്ചു തുടങ്ങിയാൽ 
ഞാനെങ്ങനെ വീട് വെക്കും 

എനിക്കിപ്പഴും എൻ്റെ കാര്യമേയുള്ളൂ, 
നിന്നെക്കുറിച്ച് ഒരിക്കൽ പോലും 
ചിന്തിച്ചില്ലല്ലോ?

Published Gulf  Siraj Daily 08-sep-2019 Sunday Supliment