Friday 3 May 2013

ജീവിതാസക്തിയുടെ വര്‍ണ്ണങ്ങള്‍

സിനിമ
ര്‍ണ്ണങ്ങള്‍ കൊണ്ട് അത്ഭുതം സൃഷ്ടിക്കുകയും ജീവിതം തന്നെ വിസ്മയകരമാക്കുകയും ചെയ്ത അപൂര്‍വ്വം പേരെ ലോകത്തുണ്ടായിട്ടുള്ളൂ. അത്തരത്തില്‍ വിന്‍സന്റ് വാന്‍ഗോഗ് എന്ന ഡച്ച് ചിത്രകാരന്റെ വരയും ജീവിതവും ഒരു അത്ഭുതമായിരുന്നു. ആരാലും തിരിച്ചറിയപ്പെടാതെ പോയ അദ്ദേഹം പില്‍കാലത്ത് ലോകത്ത് തന്നെ ഏറ്റവും പ്രഗത്ഭനായ ചിത്രകാരനായി മാറുകയായിരുന്നു.

വാന്‍ഗോഗ് ചിത്രങ്ങളുടെ വൈകാരികതയും വര്‍ണ വൈവിദ്ധ്യവും ഇരുപതാം നൂറ്റാണ്ടിലെ പാശ്ചാത്യ കലയില്‍ നിര്‍ണായക സ്വാധീനം ചെലുത്തി. തന്റെ ജീവിത കാലത്ത് കഠിനമായ ഉത്കണ്ഠയും മാനസിക അസ്വാസ്ഥ്യങ്ങളും വാന്‍ഗോഗിനെ വേട്ടയാടി. വിഖ്യാത ചിത്രകാരന്‍ വിന്‍സന്റ് വാന്‍ഗോഗിന്റെ ജീവിതത്തെ ആസ്പദമാക്കി ഇര്‍വിങ് സ്റ്റോണ്‍ എഴുതിയ പ്രശസ്ത നോവലാണ് ലസ്റ്റ് ഫോര്‍ ലൈഫ് (ജീവിതാസക്തി) ഇതിനെ ഇതെ രൂപത്തില്‍ ഇതേ പേരില്‍ വിന്‍സെന്റ് മിന്നെല്ലി അഭ്രപാളിയിലേക്ക് പകര്‍ത്തിയപ്പോള്‍ വിന്‍സന്റ് വാന്‍ഗോഗിന്റെ കലാജീവിതം എന്തെന്നു മനസിലാകാന്‍ കഴിയും വിധം ഒരു സിനിമ പിറക്കുകയായിരുന്നു.

ചിത്ര രചനയ്ക്കായ് തന്റെ ഈസലും തോളിലേറ്റി ഖനികളിലും ഗോതമ്പു വയലുകളിലും അലഞ്ഞു നടന്ന അദ്ദേഹത്തെ ഒരു ഭ്രാന്തനായായാണ് സിനിമയിലൂടെ ആദ്യഘട്ടത്തില്‍ നമുക്ക് തോന്നുക. തന്റെ ചെവിയുടെ ഒരു ഭാഗം മുറിച്ച് ഒരു വേശ്യക്ക് അയച്ചു കൊടുത്തു. അതോടെ മാനസിക രോഗങ്ങള്‍ കൂടിയ വാന്‍ഗോഗിനെ ഒരു ഭ്രാന്താലയത്തില്‍ പ്രവേശിപ്പിക്കേണ്ടി വന്നതു കൂടി കാണുമ്പോള്‍ സിനിമയാണോ അതോ ജീവിതമാണോ ഇതെന്ന് തോന്നിപോകും. ക്രിസ്റിനയായി വേഷമിട്ട പമേല ബ്രൌെണ്‍ തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാ പാത്രങ്ങളില്‍ ഒന്നാണിതെന്ന് പറഞ്ഞിട്ടുണ്ട്. വാന്‍ഗോഗ് ചിത്രങ്ങള്‍ പോലെ തന്നെയാണ് മിന്നെല്ലി ഫ്രെയിമുകളും തീര്‍ത്തിരിക്കുന്നത്. റസ്സല്‍ ഹേലന്റെ കാമറ ഈ ദൃശ്യങ്ങളെ (ഞൌലൈഹ ഒമൃഹമി) ജീവിതത്തോട് അടുപ്പിക്കുന്നു. ശരീരമാസകലം കരിപുരണ്ട വാന്‍ഗോഗ് ഖനിയില്‍ നിന്നും തിരിച്ചു വരുമ്പോള്‍ പശ്ചാത്തലത്തില്‍ ഖനിതൊഴിലാളികള്‍ വാന്‍ഗോഗിനെ നോക്കുന്ന സീനുണ്ട്. ഇരുണ്ട നിറങ്ങളാല്‍ വെളിച്ചം കുറഞ്ഞ സന്ദര്‍ഭം നമ്മെ ഒരു ഖനിയിലേക്ക് നയിക്കുന്നു. അത്രയും ഭംഗിയായാണ് റസ്സല്‍ ഈ സീന്‍ പകര്‍ത്തിയിരിക്കുന്നത്. ഓരോ സീനും ഓരോ പെയിന്റിംഗായി പ്രേക്ഷകനില്‍ മായാതെ കിടക്കും.
തന്റെ അനുജന്‍ തിയോവുമായുള്ള ബന്ധത്തിന്റെ തീവ്രത സീനുകളിലൂടെ നമുക്ക് വ്യക്തമാവും. തിയോ ആയി അഭിനയിച്ച ജെയിംസ് ഡോനാല്‍ഡ് അവിസ്മരണീയമായ പ്രകടത്തിലൂടെ കഥാപാത്രത്തെ പ്രോജ്ജ്വലമാക്കുന്നു. വാന്‍ഗോഗിന്റെ ചിത്രങ്ങള്‍ വാങ്ങി അത് മുഴുവന്‍ വിറ്റു പോയെന്നു കള്ളം പറയുമ്പോള്‍ തിയോയുടെ ചുണ്ടുകള വിറക്കുന്നുണ്ടായിരുന്നു.

വര്‍ണങ്ങള്‍ കൊണ്ട് അത്ഭുതം സൃഷ്ടിക്കുകയും ജീവിതം തന്നെ വിസ്മയകരമാക്കുകയും ചെയ്ത അപൂര്‍വ്വം പേരെ ലോകത്തുണ്ടായിട്ടുള്ളൂ. അത്തരത്തില്‍ വിന്‍സന്റ് വാന്‍ഗോഗ് എന്ന ഡച്ച് ചിത്രകാരന്റെ വരയും ജീവിതവും അതേ പടി പകര്‍ത്താന്‍ വാന്‍ഗോഗായി അഭിനയിച്ച കിര്‍ക്ക് ഡഗ്ളസിനായി. അദ്ദേഹത്തിന്റെ രൂപവും ഭാവവും വാന്‍ഗോഗ് എന്ന കഥാപാത്രത്തിനു യോജിച്ചതായിരുന്നു. ഇതേ ചിത്രത്തില്‍ പോള്‍ ഗോഗിന്റെ വേഷം ചെയ്ത ആന്റണി ക്വീന്‍ ഓസ്കാര്‍ പുരസ്കാരം നേടിയിരുന്നു. ആത്മക്ഷോഭത്തിന്റെ നിറങ്ങള്‍ ചാലിച്ച വാന്‍ഗോഗ് ചിത്രങ്ങളുടെ വിസ്മയം ലസ്റ്റ് ഫോര്‍ ലൈഫ് (ജീവിതാസക്തി) എന്ന ഈ സിനിമയിലും പ്രകടമാണ്. സാങ്കേതിക മേന്മ അത്രയൊന്നും അവകാശപ്പെടാനില്ലാതെ 1956 ലാണ് ഈ ചിത്രം റിലീസ് ആയത്. എങ്കിലും കാലത്തെ അതിജീവിക്കുന്ന തരത്തിലുള്ള ചിത്രീകരണ വൈഭവം ഈ സിനിമയില്‍ കാണാനാവും. വാന്‍ഗോഗിന്റെ അത്ഭുതകരമായ ജീവിതത്തെ പകര്‍ത്തുന്നതില്‍ മിന്നെല്ലി വിജയിച്ചിരിക്കുന്നു. വാന്‍ഗോഗിനെ അടുത്തറിയാന്‍ പ്രേക്ഷകനും സാധിക്കുന്നു.
-------------------------------------------------------------------------------------------------
 
(നെല്ല് ഓണ്‍ലൈൻ മാഗസിനിൽ വന്ന കാഴ്ച എന്ന കോളം)
 
http://www.nellu.net/component/content/article/677.html