Saturday 27 July 2019

മിനിക്കഥ- നഗ്നൻ

മിനിക്കഥ


യുദ്ധ വിജയാനന്തരം രാജാവും മന്ത്രിയും ആഹ്ലാദത്തോടെ നെഞ്ചുവിരിച്ച് പൂക്കൾ വിരിച്ച രാജവീഥിയിലൂടെ കൈകൾ വീശി നടന്നു. 
ആൾക്കൂട്ടത്തിനിടയിൽ നിന്നും ഒരു കൊച്ചു കുട്ടി
"അയ്യേ രാജാവ് നഗ്‌നനാണേ.... രാജാവ് നഗ്നനാണേ..."
എന്നു വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. 

രാജാവിന്റെ കണ്ണുകൾ ചുവന്നു. 
"അവനെ തൂക്കിയെടുക്കൂ" രാജാവ് അലറി, പടയാളികൾ അങ്ങോട്ട് കുതിച്ചു. മന്ത്രി രാജാവിന്റെ ചെവിയിൽ മന്ത്രിച്ചു
"രാജാ... അവൻ വളർന്ന മണ്ണ് ഇനിയും കുറച്ചുകൂടി  ഈ മഹാരാജ്യത്ത് ബാക്കിയുണ്ട്, അതുകൂടി തന്ത്രപൂർവ്വം ഇല്ലാതാക്കണം" 
രാജാവ് എഴുനേറ്റു "ആരവിടെ".. 

രാജാവ് എഴുനേറ്റപ്പോൾ മന്ത്രി ആ സിംഹാസനത്തിലേക്ക് നോക്കി ചിരിച്ചു...

പ്രജകൾ വിജയാരവം മുഴക്കി


(Bad Rich Man by Autogiro Illustration)


19/07/ 2019 ൽ തത്സമയം വെള്ളിയാഴ്ചയിൽ പ്രസിദ്ധീകരിച്ചു

Friday 26 July 2019

വിപി.ശിവകുമാർ: മലയാളത്തെ അതിശയിപ്പിച്ച കഥാകാരൻ

വിപി ശിവകുമാർ എന്ന മലയാളത്തെ അതിശയിപ്പിച്ച എഴുത്തുകാരന്റെ കഥകൾ മലയാളത്തിൽ വ്യത്യസ്തമായി അന്നും ഇന്നും നിലനിൽക്കുന്നു. ദേശത്തിന്‍റെയും കാലത്തിന്‍റെയും പുരാവൃത്തങ്ങലിലൂടെ കറുത്ത ഹാസ്യത്തിൽ കുറുക്കി മലയാളിയുടെ ഭാവനയുടെ ലോകത്തേക്ക് വിതറി വളരേ പെട്ടന്നു തന്നെ അരങ്ങൊഴിഞ്ഞ  പ്രതിഭയായിരുന്നു വിപി ശിവകുമാർ.
 "നമുക്കറിയാവുന്ന യാഥാര്‍ത്ഥ്യങ്ങളെ ഭാവനയാക്കി മാറ്റുകയും അതിലെല്ലാം വക്രിച്ച ചിരി ചേര്‍ക്കുകയും ആധുനികതയുടെ ഗൃഹാതുരവായനയെ ഹാസ്യപ്രധാനമായ കണ്ടുപിടുത്തങ്ങളിലൂടെ ധിക്കരിക്കുകയും ചെയ്ത കഥാകൃത്ത്' എന്നാണ് വിപി ശിവകുമാറിനെ കെപി അപ്പന്‍ വിശേഷിപ്പിച്ചത്.

അമ്മ വന്നു എന്ന കഥ മാത്രം എടുത്താൽ മതി പ്രതിഭയുടെ ആഴം തിരിച്ചറിയാൻ. സ്‌ക്ലീറോഡെർമ എന്ന അപൂർവ രോഗം ബാധിച്ച കുട്ടിയുടെയും അമ്മയുടെയും അവസ്ഥകളെ ആഴത്തിൽ   സ്പർശിക്കാൻ കഥയ്ക്ക് ആകുന്നു. 

ഗാന്ധർവ്വം എന്ന കഥ തുടങ്ങുന്നത് തന്നെ ഇങ്ങനെയാണ്  
"അയലത്തെ അശോകമിത്രൻ അവന്റെ ക്ലാസ്സിൽ പഠിക്കുന്ന അംബുജത്തെ ബലാൽസംഗം ചെയ്‌തെന്നു കേട്ട് അടുത്ത വീട്ടിലെ പത്തമ്പതു കൊച്ചുമക്കളുള്ള ഒരമ്മൂമ്മയ്ക്ക് തന്നെയും ആരെങ്കിലും ബലാൽസംഗം ചെയ്തിരുന്നെങ്കിൽ എന്ന് ഒരാഗ്രഹം തോന്നി. ആഗ്രഹ സാധ്യത്തിനായി അവർ ഒരു മന്ത്രവാദിയെ സമീപിച്ചു"
പ്രായം തെറ്റിയുള്ള ഇതുപോലെ ആഗ്രഹം മനസിൽ സൂക്ഷിക്കുന്ന ഒരമ്മൂമ്മയെ ഇതിനു മുമ്പോ ശേഷമോ മലയാള കഥ കണ്ടിട്ടില്ല. ശിവകുമാർ തന്റെ കഥകളെ കുറിച്ചു പറഞ്ഞിട്ടുള്ളത് കയ്പൻ കഥകൾ എന്നാണ്. എന്നാൽ വായനാന്തരം മധുരിക്കും എന്ന് ഈ കഥ വായിച്ചാൽ മനസിലാകും. 

പാര എന്ന കഥയും കറുത്ത ഹാസ്യത്തിന്റെ   ഉയർന്ന തലമാണ്. മരിച്ചു കഴിഞ്ഞാൽ തന്റെ മൂലത്തിലൂടെ ഒരു നീളമുള്ള പാര കയറ്റി അതിനു മുകളിൽ വേണം വെളുത്ത തുണിയിടണമെന്ന മക്കളോട് ഒസ്യത്ത് പറയുന്ന ഒരച്ഛനെ വിപി ശിവാക്യമാറിന്റെ കഥയിൽ അല്ലാതെ വേറെ എവിടെയും കണ്ടെത്താൻ ആകില്ല.
ജീവിച്ച കാലമത്രയും എഴുത്തിലൂടെ അതിശയിപ്പിച്ച ആ കഥാകൃത്തിന്റെ ഓരോ കഥകളിലേക്കും ഇറങ്ങിച്ചെന്ന് പരിശോധിക്കുമ്പോൾ ഒന്ന് മറ്റൊന്നിൽ നിന്നും തെന്നിമാറി പോകുന്ന വ്യത്യസ്തമായ പ്രമേയങ്ങളാണ് കാണാൻ കഴിയുക. 
മൂന്നു കുരങ്ങൻമാർ എന്ന കഥ നോക്കുക. "ബോധോദയം ലഭിക്കാനുള്ള പഴയ നടപടിക്രമം ഇതാണ്: പത്മാസനത്തിൽ തപസ്സിരിക്കുക. ഒരു മരച്ചുവട്ടിലായാൽ ഏറെ നന്ന്. അനേകനാൾ കഴിഞ്ഞാൽ കുണ്ഡലിനി ഉണരും. തലയ്ക്കുള്ളിൽ നാദബ്രഹ്മം കുഴലൂതും. വല്ലാത്ത പണച്ചെലവും സമയ നഷ്ടവും ഉണ്ടാക്കും എന്നതിനാൽ ഈ മാർഗ്ഗം ബുദ്ധിമുട്ടാണ്.
ഇത് മത്സരത്തിന്റെ കാലമാണല്ലോ"
ജീവിതത്തെ മുഴുവൻ ന്യായീകരിച്ചു കൊണ്ടിരിക്കുന്നവരോട് നിങ്ങൾ കണ്ട യാഥാർത്ഥ്യം ഏതെന്ന് ചോദിക്കുന്ന വിമർശനാത്മകമായ കഥ. മൂന്നു കുരങ്ങന്മാർ നമ്മുടെ ജീവിതത്തെ നോക്കി വിമർശിക്കുന്നു. അവർ കണ്ണും കാതും ചെവിയും പൊത്തിയിട്ടില്ല, മതങ്ങളെയും വ്യവസ്ഥിതികളെയും തുറന്നു കാട്ടുന്നത്. കഥ അവസാനിക്കുമ്പോൾ ഒരു പ്രസ്താവന പോലെ കഥാകൃത്ത് ഇങ്ങനെ പറയുന്നു. "മതങ്ങൾ എപ്പോഴും വാസ്തവത്തെ വളച്ചൊടിക്കുന്നു. ഡ്രോയിങ്റൂമുകളിൽ വയ്ക്കാറുള്ള മൂന്നു കുരങ്ങന്മാരെത്തന്നെ തിന്മക്കെതിരായ വക്കീലന്മാരായാണ് നാമറിയുന്നത്. ബോധോദയം അവിടെ തലയ്ക്കു പിന്നിൽ ആർക്കും തൂക്കിയിടാവുന്ന ആറിഞ്ചു വ്യാസമുള്ള സ്വർണ്ണനിറം മാത്രം" കഥ തീരുമ്പോൾ മൂന്ന് കുരങ്ങന്മാർ ജീവിതത്തിന് മുന്നിൽ കാത്തിരിക്കുന്നു.

'കുളി' എന്ന കഥ ആറ്റുവക്കത്തെ ഭാരതിയുടെ ജീവിതത്തിലൂടെ പറയുന്ന  ക്രൂരമായ പരിഹാസമാണ്,   'കാന്താരി' എന്ന കഥയിലെ ഗൗരി ശാപവലയത്തിൽ പെട്ടവളാണ്. 'മന്ത്', 'കുടുംബപുരണങ്ങൾ', 'മരിച്ചവരുടെ ലോകത്ത് മിച്ചമെന്ത്', 'യക്ഷി', 'സ്മാരകക്കല്ലുകൾ'. 'പന്ത്രണ്ടാം മണിക്കൂർ'. 'പ്രതിഷ്ഠ'.. ഇങ്ങനെ എത്ര കഥകൾ. കഥാ പ്രപഞ്ചത്തെ അതിശയിപ്പിച്ച ഈ എഴുത്തുകാരൻ നാല്പത്തിയാറാം വയസ്സിൽ ഒരു ജൂലൈ 27ന് പെട്ടെന്നു യാത്ര പറഞ്ഞു പോയി. വിപി ശിവകുമാറിന്റെ കഥകളുടെ ലോകം വിശാലമാണ് ഗബ്രിയേൽ ഗാർസ്യ മാര്കേസിനെയും ബോർഹസിനെയും മലയാളത്തിനായി വിശദമായി പരിചയപ്പെടുത്തി. നല്ല വിവർത്തനങ്ങൾ, തന്ന ഇടനെഞ്ചിൽ നീറ്റലുണ്ടാക്കിപ്പോയ കഥകളുടെ ആ കഥാകാരൻ വിട പറഞ്ഞിട്ട് 24 വർഷങ്ങൾ. ഓർമ്മകളുടെ നീറ്റലിനെ കറുത്ത ചിരിയുടെ സാമൂഹിക യാഥാർഥ്യങ്ങളെ സൂക്ഷ്മതലത്തിൽ നിർവചിച്ച വിപി ശിവകുമാറിന്റെ കഥകൾ മലയാളത്തെ അന്നും ഇന്നും അതിശയിപ്പിക്കുന്നു.
--------------------------------------------------------------
തത്സമയം വെള്ളിയാഴ്ചയിൽ 26/07-2019
*ടിആർ - പ്രതിഭയുടെ വിശ്വരൂപം

*ജൂലായ് 26. ടിആർ ഓർമ്മ ദിനം*


നാം നാളെയുടെ നാണക്കേട് എന്ന് പ്രവചന സ്വരത്തിൽ മലയാളികളുടെ മുഖത്തു നോക്കി പറഞ്ഞ ടി ആർ നമ്മോട് വിടപറഞ്ഞിട്ട് 19 വര്ഷങ്ങൾ.  കഥയിലും ജീവിതത്തിലും വ്യത്യസ്തനായി അവസാനം മരണത്തിലും വ്യത്യസ്തനായി തന്നെ കടന്നുപോയ ടിആർ എന്ന രണ്ടക്ഷരത്തിൽ മലയാള സാഹിത്യത്തിൽ ഒരിക്കലും മായാത്ത അടയാളം. 2000 ജൂലൈ 26ന് ഒരു എറണാംകുളം പകലിൽ കടത്തിണ്ണയിൽ
അനാഥ മൃതദേഹമായി ടിആർ എന്ന ടി രാമചന്ദ്രൻ യാത്രയാകുമ്പോൾ നമ്മുടെ രാഷ്ട്രീയ സാംസ്‌കാരികതയുടെ മേലെ  ടിആർ തൂക്കിയിട്ട ഡെമോ‌ക്ലീസിന്റെ വാള് അന്നും  ഇന്നും തൂങ്ങികിടക്കുന്നു. മലയാളി
ടിആറിനെ ഒരോർമ്മയിൽ ചുരുക്കേണ്ട വ്യക്തിത്വമല്ല.
മലയാള ഭാവന വൈയക്തികതയില്‍ ചുറ്റിത്തിരിയുമ്പോഴായിരുന്നു മാതൃഭൂമി ആഴ്ചപ്പതിപ്പിൽ അരപ്പേജില്‍ ഒതുങ്ങുന്ന മൃഗം എന്ന ഒരു കൊച്ചുകഥ വരുന്നത്. വിശാലമായ ഒരു കാൻവാസിൽ തീർത്ത ഒരു ചിത്രം പോലെ തൻറെ സാമൂഹിക നിരീക്ഷണം, ചാട്ടവാറിന്റെ പിടച്ചലിലേക്ക്
അവൾ, വിൽപന, ലാഭം എന്നീ ചേരുവകളിലൂടെ  സമർഥമായി കൂട്ടികെട്ടിയ വില്പനച്ചരക്കായ ഒരു സ്ത്രീയുടെ കഥയായിരുന്നു മൃഗം.

 മലയാളത്തിലെ എക്കാലത്തെയും മികച്ച ശില്പഭദ്രതയുള്ള കഥകളിൽ ഒന്നാണ് കാലബിന്ദു. ഏകാകിയുടെ വ്യസനങ്ങളും വ്യഥകളും വിഷയീഭവിച്ച കഥ   'നീ ദൂരകാലങ്ങളുടെ കുരിശില്‍ കിടക്കുകയാണ്...' ഇങ്ങനെയാണ് തുടങ്ങുന്നത്. ഒരേകാകിയുടെ അലച്ചിലാണ് ഈ കഥ. നാം നാളെയുടെ നാണക്കേട് എന്ന് പ്രവചിക്കാൻ ടിആറിനെ ആകൂ. രാഷ്ട്രീയ സാംസ്കാരിക വിമർശനത്തിന്റെ തലത്തിൽ നിന്നുകൊണ്ടു നിരന്തരം നടത്തിവന്ന ഓർപ്പെടുത്തലും ഒരു സാമൂഹിക ജീവി എന്ന നിലയിൽ എഴുത്തുകാരൻ നൽകിയ മുന്നറിയിപ്പും ആയിരുന്നു ടിആർ കഥകൾ. നാം എത്ര ജാഗ്രതയോടെയിരിക്കണം അന്നും ഇന്നും എന്ന ഓർമ്മപ്പെടുത്തലിന്റെ പ്രവചനസ്വരം നമുക്കതിൽ വായിച്ചെടുക്കാം. ആ പശ്ചാത്തലത്തിൽ നിന്നുകൊണ്ട് സമകാലികതയോട് കൂട്ടികെട്ടാവുന്ന കഥകളാണ് നാം നാളെയുടെ നാണക്കേട്, കോനാരി, ജാസ്സക്കിനെ കൊല്ലരുത്, എന്നിവയും
കൊരുന്ന്യേടത്ത് കോമുട്ടി എന്ന നീണ്ടകഥയും.  എഴുത്തിലൂടെ ചരിത്രത്തെ സംഹരിച്ചു മുന്നോട്ടു പോകുന്നു, രാഷ്ട്രീയ ബോധത്തിന്റെ സാമൂഹിക യാഥാർഥ്യത്തിന്റെയും ഗൗരവപൂര്ണമായ നേർനടത്തമാണ് ടിആർ കഥകളിലൂടെ ചെയ്തത്. പരമ്പരാഗത വഴികളെ വകഞ്ഞുമാറ്റി ആത്മരതിയിൽ അകപ്പെടാതെ എഴുതികൊണ്ടിരുന്നു.  ഏറ്റവും സങ്കീർണ്ണമായ  രൂപശില്പത്തിന്റെ ഉടമയായിരുന്നു ടിആർ.
'ജാസ്സക്കിനെ കൊല്ലരുത്' അന്നത്തെ വർത്തമാനകാലത്തെ ഇന്ത്യൻ സമൂഹത്തിനു നേരെ തൊടുത്ത് വിട്ട കറുത്ത ഹസ്യത്തിൽ  പൊതിഞ്ഞ ക്രൂര വിമർശനം ആയിരുന്നു.
"സമുദ്രം പിളർന്നു, മലനിര കടപുഴങ്ങി മറിഞ്ഞു, ഭൂകമ്പം കൊട്ടാരത്തെ അടിച്ചു വീഴ്ത്തി, നടുവൊടിഞ്ഞ പാലങ്ങൾ, വേരറ്റു നിലം പതിച്ച മാമരങ്ങൾ, കൊട്ടാരം, തടവറ, ഭ്രാന്താലയം, ആസ്പത്രി, ബാങ്ക്, ശ്മശാനം... ഭയങ്കര ശബ്ദമായിരുന്നത്രെ... എങ്കിലും രാജാവിന് ഒരു പോറൽ പോലുമേറ്റില്ല. അദ്ദേഹത്തിന്റെ പരിവാരവും പരിരക്ഷിക്കപ്പെട്ടു" ജാസ്സക്കിനെ കൊല്ലരുത് എന്ന കഥ വർത്തമാന കാലത്തെ രാഷ്ട്രീയത്തോട് കൂട്ടിക്കെട്ടി വായിക്കാൻ കഴിയുന്ന വിമർശനത്തിന്റെ കൂരമ്പുകൾ നിറഞ്ഞ കഥയാണ്.

കാലഗണനകൾ ലംഘിക്കുന്ന രാജ്യാതിർത്തികളോ ഇതിഹാസ പുരാണങ്ങളോ എല്ലാം ഒന്നായി വായിക്കാവുന്ന മറ്റൊരു കഥയാണ് 'ഉണർന്നവരും ഉറങ്ങുന്നവരും. "ഓരോ വാക്കിൽനിന്നും ആശയത്തിൽ നിന്നും പ്രതീകത്തിൽ നിന്നും ജ്വരം സംക്രമിക്കുന്നു; അപസ്മാരബാധയിൽ രാജ്യാതിർത്തികൾ സംസ്കാരങ്ങൾ, ഭൂതഭാവികൾ, മനുഷ്യനെ വേർതിരിക്കുന്ന എല്ലാ മതിലുകളും ഇടിഞ്ഞു പൊളിഞ്ഞു മനുഷ്യൻ ഒന്നാകുന്നു. മലയാള കഥയിൽ ആധുനികതയുടെ ആദ്യ ജ്വലനങ്ങൾ പടർന്ന ഒരു കാലഘട്ടത്തിന്റെയും ആ  വിഭക്തയുവത്വത്തിന്റെയും ഏറ്റവും ശക്തമായ ആവിഷ്ക്കരണമണീ കഥ" എന്ന് കെ.വിനോദ് ചന്ദ്രൻ വിലയിരുത്തുന്നു. ടിആർ മലയാള കഥയിൽ എഴുതിച്ചേർത്ത 'പുതിയ ക്രമം' എന്ന കഥ കോരിയെറിയുന്ന ബിംബങ്ങളാൽ സമ്പന്നം. സ്ഥലകാലങ്ങളുടെ കുരിശിൽ സ്വയം തറയ്ക്കുകയും ആ വേദന നമ്മെ അനുഭവിപ്പിക്കുയും ചെയ്യുന്ന പലപ്പോഴും രൂക്ഷമായി പ്രതികരിക്കുന്ന കഥകൾ ആണ് ടിആർ എന്ന എഴുത്തുകാരന്റെ സംഭാവന. സംവര്‍ത്തനന്‍, എ. ലൂക്കിന്റെ പാത, തുകല്‍വ്യാപാരി യുവാക്കളുടെ വിപ്ലവ കൗണ്സിൽ, പഴയ വിപ്ലവം പുതിയ സന്യാസം ഇങ്ങനെ  കറുത്ത ഹസ്യത്തിൽ കൂസലില്ലാതെ പ്രതികരിക്കുന്ന കഥകളാണ് ഓരോന്നും. ഡെമോ‌ക്ലീസിന്റെ വാള് പോലെ നമ്മുടെ തലക്ക് മീതെ തൂക്കിയിട്ട നാം നാളെയുടെ നാണക്കേട് എക്കാലത്തെയും വിമർശനാത്മകമായ നോട്ടമാണ്.
ആദ്യ കഥയായ മൃഗം മുതൽ ഗൗരവമാർന്ന ടി ആർ  കഥകൾ മാതൃഭൂമിയിൽ വരുമ്പോൾ പുതിയ ഭാവുകത്വം രൂപപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു.  പ്രതിഭയുടെ വിശ്വരൂപമായ ടിആർ മലയാളമുള്ള കാലത്തോളം നിലനിൽക്കും.

Monday 22 July 2019

വായനാനുഭവം: ജീവിതത്തിന്റെ അപരമുഖങ്ങൾ
 (എസ്.എം ഫാറൂഖിന്റെ അപരൻ ഒരു കോമാളിയാകുന്നു എന്ന കഥാ സമാഹാരത്തിലൂടെ...)

അനുഭവിച്ചു തീർത്ത അസ്വസ്ഥതയുടെയും ക്ഷമകേടിന്റെയും തീവ്രത നിറച്ച കഥകളാണ് എസ്.എം ഫാറൂഖിന്റെ
അപരൻ ഒരു കോമാളിയാകുന്നു എന്ന സമാഹാരത്തിലുള്ളത്. ചടുലമായ ആഖ്യാനം കൊണ്ട് ജീവിതത്തിന്റെ അപരമുഖങ്ങൾ വെളിവാക്കുന്ന 13 കഥകൾ. വ്യഥകളും മുറിവുകളും ഉള്ളിൽ പേറുന്ന സർഗാത്മകമായ ഒരലച്ചിൽ, എത്ര എഴുതിയാലും തീരാത്ത ഒരു കൊതി നമുക്കതിൽ വായിച്ചെടുക്കാം. തന്റെ ഓരോ കഥയും ചിന്തയുടെ അദ്ധ്വാനം തന്നെയാണ്.
*സമയരഥങ്ങളിൽ ഞങ്ങൾ* എന്ന കഥ ഒരാശുപത്രി പശ്ചാത്തലത്തിലാണ് പറയുന്നത്.
സമയം എത്രപെട്ടെന്നു മാറി മറിയും, ജീവിതവും. ഒരു നിമിഷം മതി മറിമാറിയാൻ. നിറയെ അപകടങ്ങൾ പറ്റിയ പെഷ്യൻറ്മാരാൽ എപ്പോഴും തിരക്കു പിടിച്ച ആശുപത്രിയിലെ ജീവനക്കാരായ ചിലരുടെ സമയ വിചാരങ്ങൾ ആണ് ഈ കഥ.
"മരണം, വിവാഹം ഇവരണ്ടും മനുഷ്യരെ മാറ്റിമറിക്കും" എന്നു കഥയിൽ തന്നെ പറയുന്നുണ്ട്.

*അപരൻ ഒരു കോമാളിയാകുന്നു* എന്ന കഥ തുടങ്ങുന്നത് തന്നെ മറഞ്ഞിരുന്നു നോക്കുമ്പോൾ അപരൻ ഒരു കോമാളിയാണെന്ന് പറഞ്ഞുകൊണ്ടാണ്. വിനയൻ തന്റെ അമ്മയെ നഗരത്തിൽ തിരയുകയാണ്, അമ്മയുടെ അപരരൂപങ്ങൾ അയാൾ കാണുന്നുണ്ട്, ഓഫീസിൽ നിന്നും നോക്കുമ്പോൾ അമ്മയതാ നഗരത്തിലൂടെ നടന്നു പോകുന്നു എന്നയാൾ കാണുന്നു ഉദാ സ്വന്തം വണ്ടിപോയെടുത്താൽ സമയം പോകും എന്നും അപ്പോൾ 'അമ്മ കണ്ണിൽ നിന്നും മായുമെന്നും കരുതി കണ്ട  ടാക്സിയിൽ കയറി തെരുവിലൂടെ അമ്മയെ പരാതി പോകുകയാണ്, ടാക്സി ഡ്രൈവറുടെ സംഭാഷണം സാമൂഹികാവസ്ഥയുടെ നേർചിത്രം കാണിക്കുന്നു.
"സാറേ ആ ബസ്റ്റാന്റിൽ നില്കുന്നത് അമ്മയാണോ?"
"അമ്മയല്ല.. അമ്മയെപ്പോലെ മറ്റാരോ" വിനയന്റെ  വാക്കുകൾ ഡ്രൈവർക്ക് ഫലിതമായി"
വിനയന്റെ നഷ്‌ടമായ അമ്മയെ തേടിയുള്ള യാത്ര ഭാര്യ ശാലിനിയെ പോലും അത്ഭുതപ്പെടുത്തുന്നു ചുമരിൽ തൂക്കിയ അമ്മയുടെ ചിത്രം നോക്കി ശാലിനി അമ്മയെ തിരയുന്ന വിനയനെ വിളിച്ചുകൊണ്ടിരിക്കുന്നത് കഥയുടെ ഏറ്റവും വൈകാരികമായ ഭാഗമാണ് അപരൻ ഒരു കോമാളിയാണ് എന്നത് നമുക്ക് പറയാതെ പറഞ്ഞു തരുന്നു.

 നിർത്താത്ത ടെലഫോൺ ശബ്ദം അസഹ്യമായപ്പോൾ ടെലഫോണിന്റെ ബന്ധം വിച്ഛേദിച്ച  അന്നാണ് അയാളുടെ അമ്മ മരിക്കുന്നത് ആർക്കും ബന്ധപ്പെടാൻ ആകാതെ അമ്മയുടെ വേർപാട് യഥാ സമയം അറിയാതെ പോകുന്ന അവസ്ഥയിലൂടെ യാണ്  *ഗ്രഹാംബെൽ ശാന്തനായി ഉറങ്ങുന്നു* എന്ന കഥ. ഗ്രഹാം ബെൽ കണ്ടുപിടിച്ച വിസ്മയം ആയിരുന്നു ടെലഫോൺ. ഈ മഹത്തായ കണ്ടുപിടുത്തത്തെ പറ്റി അന്ന് ഒരു മഹാൻ പറഞ്ഞത് ദൂരെ ഇരുന്ന് ഇതിനുമാത്രം നമുക്കെന്ത് സംസാരിക്കാനുണ്ട് എന്നാണ്. ടെലഫോൺ കിട്ടിയതോടെ സുഹൃത്തുക്കൾ വരാതായി എന്ന് കഥാകൃത്ത് പരിതപിക്കുന്നുണ്ട്. മൊബൈൽ ഫോണിന്റെ സാധ്യത അത്രമാത്രം വ്യാപകമാകാത്ത കാലത്ത് സ്മാർട്ട് ഫോൺ ഇല്ലാത്ത കാലത്തെ ആകുലതകൾ അന്ന് ഈ കഥയിൽ. പക്ഷെ ബന്ധങ്ങളുടെ ആഴത്തെ തൊടുന്ന ബന്ധങ്ങളുടെ വിള്ളൽ ഉണ്ടാക്കുന്ന വേദനകൾ ഉൾച്ചേർത്ത് എഴുതിയ മികച്ച കഥയാണ് ഇത്.

സമയബോധത്തിന്റെ നാഡിമിടിപ്പാണ് *ഘടികാരം* എന്ന കഥ, മരുഭൂ ജീവിതത്തിലെ വിവിധ അവസ്ഥയിലൂടെ കടന്നു പോകുന്ന *മണലാരണ്യം,  കച്ചവടക്കാരൻ കടത്തെ പറ്റി ചിന്തിക്കരുത്*, തുടങ്ങി പതിമൂന്നു കഥകളുടെ സമാഹാരമാണ് എസ്.എം ഫാറൂഖിന്റെ അപരൻ ഒരു കോമാളിയാകുന്നു. തൻ ജീവിച്ചു തീർത്ത പരിസരത്തെ ആളുകളെയാണ് കഥാകൃത്ത് കഥയിലേക്ക് കൊണ്ടുവരുന്നത്. മണലാരണ്യത്തിലെ വ്യത്യസ്തമായ ജീവിത സാഹചര്യങ്ങളെ വിവിധ കഥാപാത്രങ്ങളിലൂടെ വായിച്ചെടുക്കാംhttp://kannadimagazine.com/index.php?article=955#

Friday 5 July 2019

വായനാനുഭവം - കുന്തിരിക്കത്തിന്റെ മണം പരത്തുന്ന കഥകൾ

(ബാബു കുഴിമറ്റത്തിന്റെ കുന്തിരിക്കത്തിക്കന്റെ മണമുള്ള ദിവസം എന്ന കഥാ സമാഹാരത്തിലൂടെ...)

ബാബു കുഴിമറ്റത്തിന്റെ കഥകൾക്ക് Think Global, Act Rural* എന്ന ആശയത്തോട് കൂടിയുള്ളതാണ് എന്ന് പറയാം. ഗ്രാമീണതയുടെ തുടിപ്പോടെ ലോകവീക്ഷണത്തിൽ ചിന്തിപ്പിക്കുന്ന കഥകൾ. നാടിൻറെ ഉൾത്തുടിപ്പുകൾ കഥകളിൽ വായിക്കാം. അജയകുമാർ ജ്യോതിഷ്കുമാറിന്റെ പഠനത്തിൽ കുഴിമറ്റം കഥകളെ കൃത്യമായി നിരീക്ഷിച്ചിട്ടുണ്ട് *"കുഴിമറ്റത്തിന്റെ കഥാശരീരത്തിന് നിയതമായൊരു രൂപസംവിധാനമില്ല. അലക്കിത്തേച്ച ഭാഷയുടെ ഒരുക്കവും ഒതുക്കവും ഇല്ല. അപ്രതീക്ഷിതമായ പരിണാമങ്ങളിലേക്ക് നീളുന്ന അനുഭവങ്ങളാണ് കഥകളിലേറെയും പങ്കുവെക്കുന്നത്. ഭാവാത്മകതയുടെ ഉൾക്കരുത്ത് നിറയ്ക്കാനുള്ള പുറന്തോടുമാത്രമാണ് കുഴിമാറ്റത്തിന് കഥയുടെ ശരീരം"* 

കുഴിമറ്റം കഥകളുടെ ആഴങ്ങളിൽ പലതും ഒളിപ്പിച്ചു വെച്ചിരിക്കും. പ്രഥമ ദൃഷ്ടിയിൽ പതിയാതെ അകക്കണ്ണിലൂടെ കാണുന്ന ചിലത്. യൂഹാനോൻ ളൂവീസിന്റെ പ്രാവുകൾ അത്തരത്തിൽ നമ്മേ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോകുന്നു. കോടതിയിൽ വാദത്തിനിടെ അഡ്വക്കറ്റ് ജോണ് ഫെര്ണാന്റോയുടെ അപ്രതീക്ഷിതമായ ഇറങ്ങിയോട്ടം നമ്മെ അത്ഭുതപ്പെടുത്തും. യൂഹാനോൻ ളൂവീസിന്റെ പ്രാവുകളുടെ അവശിഷ്ടങ്ങൾ സമൂഹത്തിന്റെ അവസ്‌തയുടെ സൂചകങ്ങളാണ്.
"മുകളിൽ മച്ചിൻപുറത്തെ ഇരുട്ടിൽ പൊടിപടലങ്ങളിലും ചിലന്തിവലകളിലും മൂടി ഉപയോഗശൂന്യമായ ഫര്ണീച്ചറുകൾക്കും പഴയ കേസുകെട്ടുകൾക്കുമിടയിൽ ചിതറിപ്പോകുന്ന വെളുത്ത തൂവലുകളിലേക്കും കോട്ടിൻ തുണ്ടുകളിലേക്കും ജോണ് ഫെര്ണാന്റോ തളർന്നുവീണ്പോയി. അവിടെയാകെ യൂഹാനോൻ ളൂവീസിന്റെ പ്രാവുകളുടെ അവശിഷ്ടങ്ങൾ ചിതറിക്കിടക്കുന്നു" 
നിയമവും നീതിയും, നീതി നിഷേധവും, ജീവിതവും യാഥാർഥ്യങ്ങളും കൂടികലർന്ന സവിശേഷമായ കഥാന്ത്യം. 
ഒരു നിഷേധിയുടെ വേഷപകർച്ചയോടെയാണ് കുഴിമറ്റം കഥകൾ പറയുന്നത്. പൊരുത്തിന്റെയല്ല പൊരുത്തക്കേടിന്റെ സൗന്ദര്യമാണ് എഴുത്തിൽ നിറഞ്ഞു നിൽക്കുന്നത്. ജീവിതം വിട്ടൊരു കളിയിലേക്കില്ലാത്ത തരത്തിൽ ആഖ്യാനത്തിന്റെ ശക്തി കഥകളിൽ നിറയ്ക്കുന്നു. നിയമവ്യവസ്ഥിതിയെയും ബ്യുറോക്രാറ്റിന്റെയും കുടുസ്സായ മനസുകളെ കലാപരമായി വിമർശിക്കുന്ന മികച്ച കഥകളിൽ ഒന്നാണ് ഇത്.
അവൾ മഹിതയാം ബാബിലോണ് രണ്ടു ദേശ ചരിത്രങ്ങളിലൂടെ സഞ്ചരിച്ചു വർത്തമാന കാല യാഥാർഥ്യങ്ങളെ കൂട്ടിക്കെട്ടുന്നു. വിശ്വാസത്തിന്റെ വഴിയിലെ പൊരുത്തക്കേടുകൾക്ക് കാരണമാകുന്ന പുതിയകാലത്തിന്റെ സംഭവങ്ങളെ തുറന്നുകാട്ടുന്നു. സുവിശേഷങ്ങളല്ല വിശ്വാസത്തിന്റെ ആണിക്കല്ലെന്നും, ദൈവത്തിന്റെ വഴികൾ അടക്കാനുള്ള വഴികളല്ല തുറക്കേണ്ടത് പകരം ദൈവം സ്നേഹംതന്നെയാണ് എന്നുറപ്പിക്കാനുള്ള ആത്മാർത്ഥ ക്ഷണം കാണാം. നിലവിലെ മതപ്രഭാഷണ സുവിശേഷ യോഗങ്ങളുടെ പൊള്ളത്തരം തുറന്നുകാണിക്കാനുള്ള ശ്രമമാണ് കഥ.
ഒരു ശൈത്യകാല വിചാരണ എന്ന കഥ തുടങ്ങുന്നത് "അന്യന്റെ പുതപ്പ് കണ്ടു ഭ്രമിക്കരുത്" എന്നുപറഞ്ഞുകൊണ്ടാണ് ഈ കഥയും നീതിയെ കുറിച്ചുള്ള ചോദ്യങ്ങൾ ഉന്നയിക്കുന്ന കഥയാണ്. ആത്യന്തികമായി ഭംഗിയുള്ള പുതപ്പ് കണ്ട് ആകൃഷ്ടനായി നടത്തുന്ന പുതപ്പ് മോഷണവുമായി ബന്ധപ്പെട്ട കഥയാണ്. "സ്വന്തമായി ഒരു പുതപ്പുണ്ടായിരുന്നിട്ടും നീ അന്യന്റെ പുതപ്പ് കണ്ടു ഭ്രമിക്കുകയും തരപ്പെട്ടപ്പോഴൊക്കെ കവർന്നെടുക്കുകയും ചെയ്തു." നിയമത്തെ ചോദ്യം ചെയ്യുന്ന എന്നാൽ നീതി വേണമെന്ന് വാശിപ്പിടിക്കുന്ന ഒരാളെ നമുക്കിവിടെ കാണാം. എനിക്ക് നിയമമല്ല നീതിയാണ് വേണ്ടതെന്ന് അയാൾ വാദിക്കുന്നു.
ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ കഥയാണ്‌ അമ്മാളുവമ്മയുടെ ഭർത്താവ് ഒരു സ്ത്രീ ഒറ്റക്കാവുമ്പോൾ നീളുന്ന കണ്ണുകൾ എവിടെയും കാണാം, അവളെന്തിന് ഒറ്റക്കിങ്ങനെ ജീവിക്കുത്? സഞ്ചരിക്കുന്നത്? അവളെങ്ങോട്ടാണ് പോകുന്നത്? ഇങ്ങനെ നേടന്നുകൊണ്ടിരിക്കുന്ന ചോദ്യങ്ങളുടെ കണ്ണുകൾക്ക് മറുപടി അമ്മാളുവമ്മയുടെ ഈ വാക്കുകൾ മതി " അമ്മാളുവമ്മയുടെ പലർക്കും അങ്ങനെ പലതും ചോദിക്കുവാനുണ്ട്. എന്നാൽ അതിനൊക്കെ അമ്മാളുവമ്മക്ക് മറുപടിയുമുണ്ട്: ചോദിക്കാട്ടുന്നവർക്കൊക്കെ ചോദിച്ചാൽ മതിയല്ലോ. ചോദ്യങ്ങൾ ചോദിക്കാൻ അത്രവല്യ ബുദ്ധിമുട്ടുകളൊന്നുമില്ല. ഉത്തരം കണ്ടെത്താനാണ് പ്രയാസം. പട്ടണത്തിൽ ജീവിക്കുവാനുള്ള വരുമാനമാർഗ്ഗങ്ങളൊന്നും തങ്ങൾക്കില്ല. ആകെയുള്ളത് ഭർത്താവിന്റെ ശമ്പളം മാത്രമാണ്. അതുകൊണ്ടുവേണം കുട്ടികളുടെ പഠനച്ചെലവും മറ്റു വീട്ടു ചെലവിളവുകളുമൊക്കെ നടത്തേണ്ടത്" അമ്മാളുവമ്മയുടെ ഒറ്റക്കുള്ള ജീവിതത്തെ കുറുക്കൻ കണ്ണോടെ നോക്കിയ നാരായണപിള്ളമാർക്ക് നമുക്ക് ചുറ്റും ധാരാളം ഉണ്ടെന്നും അമ്മാളുവമ്മമാരെ അവർ നിരന്തരം ഇങ്ങനെ നോക്കികൊണ്ടിരിക്കുന്നു അന്നും ഇന്നും. എന്നാൽ അപ്രതീക്ഷിതമായ കഥാന്ത്യം കണ്ണുനനയിക്കും.

കുഴിമറ്റം കഥകളിൽ ആത്മപരിഹാസവും ആക്ഷേപഹാസ്യവും ഒപ്പം ജീവിതത്തിന്റെ ആഴത്തിലുള്ള സ്പർശവും കാണാം, സുവിശേഷങ്ങളോ കുമ്പസാരങ്ങളോ അല്ല ജീവിതം തന്നെയാണ് ഓരോ കഥയും. ച്ഛീ എന്ന ശബ്ദം, കുമാർ ഗന്ധർവ് പാടിക്കൊണ്ടിരിക്കുന്നു, കുന്തിരിക്കത്തിന്റെ മണമുള്ള ദിവസം, ആവർത്തണച്ചുവയുള്ള ഒരു ചരിത്ര സംഭവം കൂടി, ചത്തവന്റെ സുവിശേഷം...തുടങ്ങി കുറെ നല്ല കഥകളുടെ സമാഹാരമാണ് കുന്തിരിക്കത്തിന്റെ മണമുള്ള ദിവസം. 

________________________________________________________________
Think Global, Act Rural* എന്നപേരിൽ Coline Serreau സംവിധാനം ചെയ്ത ഒരു ഡോക്യുമെന്ററിയുണ്ട്

കണ്ണാടി മാഗസിനിൽ 05-07-2019 ൽ വന്നു 
http://kannadimagazine.com/index.php?article=932