Monday, 22 July 2019

വായനാനുഭവം: ജീവിതത്തിന്റെ അപരമുഖങ്ങൾ




 (എസ്.എം ഫാറൂഖിന്റെ അപരൻ ഒരു കോമാളിയാകുന്നു എന്ന കഥാ സമാഹാരത്തിലൂടെ...)

അനുഭവിച്ചു തീർത്ത അസ്വസ്ഥതയുടെയും ക്ഷമകേടിന്റെയും തീവ്രത നിറച്ച കഥകളാണ് എസ്.എം ഫാറൂഖിന്റെ
അപരൻ ഒരു കോമാളിയാകുന്നു എന്ന സമാഹാരത്തിലുള്ളത്. ചടുലമായ ആഖ്യാനം കൊണ്ട് ജീവിതത്തിന്റെ അപരമുഖങ്ങൾ വെളിവാക്കുന്ന 13 കഥകൾ. വ്യഥകളും മുറിവുകളും ഉള്ളിൽ പേറുന്ന സർഗാത്മകമായ ഒരലച്ചിൽ, എത്ര എഴുതിയാലും തീരാത്ത ഒരു കൊതി നമുക്കതിൽ വായിച്ചെടുക്കാം. തന്റെ ഓരോ കഥയും ചിന്തയുടെ അദ്ധ്വാനം തന്നെയാണ്.
*സമയരഥങ്ങളിൽ ഞങ്ങൾ* എന്ന കഥ ഒരാശുപത്രി പശ്ചാത്തലത്തിലാണ് പറയുന്നത്.
സമയം എത്രപെട്ടെന്നു മാറി മറിയും, ജീവിതവും. ഒരു നിമിഷം മതി മറിമാറിയാൻ. നിറയെ അപകടങ്ങൾ പറ്റിയ പെഷ്യൻറ്മാരാൽ എപ്പോഴും തിരക്കു പിടിച്ച ആശുപത്രിയിലെ ജീവനക്കാരായ ചിലരുടെ സമയ വിചാരങ്ങൾ ആണ് ഈ കഥ.
"മരണം, വിവാഹം ഇവരണ്ടും മനുഷ്യരെ മാറ്റിമറിക്കും" എന്നു കഥയിൽ തന്നെ പറയുന്നുണ്ട്.

*അപരൻ ഒരു കോമാളിയാകുന്നു* എന്ന കഥ തുടങ്ങുന്നത് തന്നെ മറഞ്ഞിരുന്നു നോക്കുമ്പോൾ അപരൻ ഒരു കോമാളിയാണെന്ന് പറഞ്ഞുകൊണ്ടാണ്. വിനയൻ തന്റെ അമ്മയെ നഗരത്തിൽ തിരയുകയാണ്, അമ്മയുടെ അപരരൂപങ്ങൾ അയാൾ കാണുന്നുണ്ട്, ഓഫീസിൽ നിന്നും നോക്കുമ്പോൾ അമ്മയതാ നഗരത്തിലൂടെ നടന്നു പോകുന്നു എന്നയാൾ കാണുന്നു ഉദാ സ്വന്തം വണ്ടിപോയെടുത്താൽ സമയം പോകും എന്നും അപ്പോൾ 'അമ്മ കണ്ണിൽ നിന്നും മായുമെന്നും കരുതി കണ്ട  ടാക്സിയിൽ കയറി തെരുവിലൂടെ അമ്മയെ പരാതി പോകുകയാണ്, ടാക്സി ഡ്രൈവറുടെ സംഭാഷണം സാമൂഹികാവസ്ഥയുടെ നേർചിത്രം കാണിക്കുന്നു.
"സാറേ ആ ബസ്റ്റാന്റിൽ നില്കുന്നത് അമ്മയാണോ?"
"അമ്മയല്ല.. അമ്മയെപ്പോലെ മറ്റാരോ" വിനയന്റെ  വാക്കുകൾ ഡ്രൈവർക്ക് ഫലിതമായി"
വിനയന്റെ നഷ്‌ടമായ അമ്മയെ തേടിയുള്ള യാത്ര ഭാര്യ ശാലിനിയെ പോലും അത്ഭുതപ്പെടുത്തുന്നു ചുമരിൽ തൂക്കിയ അമ്മയുടെ ചിത്രം നോക്കി ശാലിനി അമ്മയെ തിരയുന്ന വിനയനെ വിളിച്ചുകൊണ്ടിരിക്കുന്നത് കഥയുടെ ഏറ്റവും വൈകാരികമായ ഭാഗമാണ് അപരൻ ഒരു കോമാളിയാണ് എന്നത് നമുക്ക് പറയാതെ പറഞ്ഞു തരുന്നു.

 നിർത്താത്ത ടെലഫോൺ ശബ്ദം അസഹ്യമായപ്പോൾ ടെലഫോണിന്റെ ബന്ധം വിച്ഛേദിച്ച  അന്നാണ് അയാളുടെ അമ്മ മരിക്കുന്നത് ആർക്കും ബന്ധപ്പെടാൻ ആകാതെ അമ്മയുടെ വേർപാട് യഥാ സമയം അറിയാതെ പോകുന്ന അവസ്ഥയിലൂടെ യാണ്  *ഗ്രഹാംബെൽ ശാന്തനായി ഉറങ്ങുന്നു* എന്ന കഥ. ഗ്രഹാം ബെൽ കണ്ടുപിടിച്ച വിസ്മയം ആയിരുന്നു ടെലഫോൺ. ഈ മഹത്തായ കണ്ടുപിടുത്തത്തെ പറ്റി അന്ന് ഒരു മഹാൻ പറഞ്ഞത് ദൂരെ ഇരുന്ന് ഇതിനുമാത്രം നമുക്കെന്ത് സംസാരിക്കാനുണ്ട് എന്നാണ്. ടെലഫോൺ കിട്ടിയതോടെ സുഹൃത്തുക്കൾ വരാതായി എന്ന് കഥാകൃത്ത് പരിതപിക്കുന്നുണ്ട്. മൊബൈൽ ഫോണിന്റെ സാധ്യത അത്രമാത്രം വ്യാപകമാകാത്ത കാലത്ത് സ്മാർട്ട് ഫോൺ ഇല്ലാത്ത കാലത്തെ ആകുലതകൾ അന്ന് ഈ കഥയിൽ. പക്ഷെ ബന്ധങ്ങളുടെ ആഴത്തെ തൊടുന്ന ബന്ധങ്ങളുടെ വിള്ളൽ ഉണ്ടാക്കുന്ന വേദനകൾ ഉൾച്ചേർത്ത് എഴുതിയ മികച്ച കഥയാണ് ഇത്.

സമയബോധത്തിന്റെ നാഡിമിടിപ്പാണ് *ഘടികാരം* എന്ന കഥ, മരുഭൂ ജീവിതത്തിലെ വിവിധ അവസ്ഥയിലൂടെ കടന്നു പോകുന്ന *മണലാരണ്യം,  കച്ചവടക്കാരൻ കടത്തെ പറ്റി ചിന്തിക്കരുത്*, തുടങ്ങി പതിമൂന്നു കഥകളുടെ സമാഹാരമാണ് എസ്.എം ഫാറൂഖിന്റെ അപരൻ ഒരു കോമാളിയാകുന്നു. തൻ ജീവിച്ചു തീർത്ത പരിസരത്തെ ആളുകളെയാണ് കഥാകൃത്ത് കഥയിലേക്ക് കൊണ്ടുവരുന്നത്. മണലാരണ്യത്തിലെ വ്യത്യസ്തമായ ജീവിത സാഹചര്യങ്ങളെ വിവിധ കഥാപാത്രങ്ങളിലൂടെ വായിച്ചെടുക്കാം



http://kannadimagazine.com/index.php?article=955#

No comments:

Post a Comment