Wednesday 14 October 2015

സാംസ്കാരിക നായകരുടെ മനുഷ്യപക്ഷവും, ഫാസിസ്റ്റ് പക്ഷവും.

രാഷ്ട്രീയ ലേഖനം
തൂലിക പടവാളാക്കുക എന്നത് കാവ്യഭംഗി നിറഞ്ഞ ഒരു വാക്ക് മാത്രമല്ല, അനീതിയുടെ തേരോട്ടം നടക്കുമ്പോള്‍ അതിനെതിരെ വാളിനേക്കാള്‍ മൂര്‍ച്ചയോടെ അക്ഷരങ്ങള്‍കൊണ്ട് പടവെട്ടാന്‍ ആകുമെന്ന് ലോകം തെളിയിച്ചതാണ്. ഫാസിസ്റ്റ് കൂട്ടങ്ങള്‍ക്ക് എന്നും തൂലികയും കലയും ഭയപ്പാടുകള്‍ ഉണ്ടാക്കുന്നവയാണ്, അതുകൊണ്ടാന്നല്ലോ സാംസ്കാരിക ഇടങ്ങള്‍ തകര്‍ക്കുകയോ തങ്ങളുടെ ചേരിയെ കുത്തി നിറക്കുകയോ ചെയ്യുന്നത്. മനുഷ്യര്‍ക്കൊപ്പം നില്‍ക്കുക എന്ന അവകാശം എഴുത്തുകാരില്‍ ഉരുക്കി ചേര്‍ത്ത ഒന്നാണെന്ന് ചരിത്രം തെളിയിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഇത്തരത്തില്‍ ഒരു മാറ്റം ഉണ്ടാകേണ്ട സമയം വന്നിരിക്കുന്നു. ഫാസിസ്റ്റുകള്‍ അവരുടെ അജണ്ടകള്‍ ഓരോന്നായി പുറത്തെടുത്ത് കൊണ്ടിരിക്കുകയാണ്. മനുഷ്യരെ വിവിധ ചേരികളാക്കി തമ്മില്‍ വൈര്യം നിറച്ചു പോരടിപ്പിക്കുമ്പോള്‍, അതില്‍ നിന്നും കിട്ടുന്ന നിര്‍വൃതിയില്‍ അധികാരം ഉറപ്പിക്കുമ്പോള്‍ എങ്ങനെ മനുഷ്യപക്ഷത് നില്‍ക്കുന്ന എഴുത്തുകാര്‍ക്ക് നിശബ്ദരാകാന്‍ കഴിയും?

ഇതിനോട് ബന്ധപെട്ട ഒരു സര്‍ക്കാര്‍ അല്ല നല്‍കിയത് എങ്കിലും അതിന്റെ തുടര്‍ച്ച എന്ന നിലയില്‍ പുരസ്കാരങ്ങള്‍ തിരിച്ചു കൊടുക്കുന്നത് നിലവിലെ ഭരണ കൂടത്തിനോടുള്ള പ്രതിഷേധമാണ് സ്ഥാനമാനങ്ങള്‍ വലിച്ചെറിഞ്ഞു മനുഷ്യപക്ഷത്ത് നില്‍ക്കുന്നത് ഒരു രാഷ്ട്രീയമാണ്. ആ രാഷ്ട്രീയ ബോധമാണ് ഉണ്ടാവേണ്ടതും വളര്‍ത്തേണ്ടതും  അതിലാണ് പ്രതീക്ഷ. കര്‍ണാടകയിലും മറ്റു സംസ്ഥാനങ്ങളിലും നിരവധി എഴുത്തുകാര്‍ പുരസ്കാരം തിരിച്ചു നല്‍കുന്നു, സ്ഥാനമാനങ്ങള്‍ രാജിവെക്കുന്നു, മനുഷ്യര്‍ക്കൊപ്പം ചേരാന്‍ ആളുകള്‍ ഉണ്ട് എന്നതിന് വേറെ എന്ത് തെളിവ് വേണം. എന്നാല്‍ ഏറെ പ്രബുദ്ധരെന്നു പറയുന്ന കേരളത്തിലാണ് ഏറ്റവും സാവധാനത്തില്‍ പ്രതികരണം ഉണ്ടാവുന്നത് എന്നതില്‍ ഭയപ്പാട് വര്‍ദ്ധിക്കുന്നു. ഈ മണ്ണിനെ ച്ചുടുകലമാക്കി അധികാരസ്ഥിരതക്ക് ശ്രമിക്കുന്ന ഫാസിസ്റ്റ് ശക്തികളുടെ കുഴലൂത്തിനായ് ചാലിക്കേണ്ടതല്ല തൂലിക എന്ന് ചങ്കൂറ്റത്തോടെ പറയാന്‍ എന്തിനാണ് മടിക്കുന്നത്? 

 വത്സല എന്ന എഴുത്തുകാരിയുടെ അസൂയ നമുക്ക് ഊഹിക്കാം, കുറച്ചു മുമ്പ് അവര്‍ നടത്തിയ പ്രസ്താവനകള്‍ ഇതിനോട് ചേര്‍ത്തു വെച്ച് വായിച്ചാല്‍ എന്തിനാണ് അവര്‍ സാറ ടീച്ചര്‍ക്കെതിരെ വാളെടെക്കുന്നതെന്നും അതാര്‍ക്ക് വേണ്ടിയാണ് എന്നും വ്യക്തം, ഇന്നലെ വരെ നടമാടിയ ഫാസിസ്റ്റ് താണ്ഡവം കണ്ടില്ലെന്നു നടിച്ച ഇവര്‍ സാറ ടീച്ചര്‍ പുരസ്‌കാരം തിരിച്ചു എല്‍പ്പിക്കുന്നത് കൃത്യമായി കാണുന്നു എന്നത് പുതിയ തരം തിമിരമാണ്. ഈ തിമിരം നമ്മുടെ സാംസ്കാരിക രംഗത്തെ പലര്‍ക്കും ബാധിച്ചിട്ടുണ്ട്. പല മാധ്യമങ്ങള്‍ക്കും ബാധിച്ചിട്ടുമുണ്ട്, ഇന്ത്യയിലെ മൂന്നു പ്രമുഖരേ ഫാസിസ്റ്റ് തീവ്രവാദികളെ കൊന്നപ്പോഴും, പോത്തിറച്ചി കഴിച്ചെന്ന പേരില്‍ ഒരു പാവം മനുഷ്യനെ തല്ലികൊന്നപ്പോഴും, ദളിതരായി പോയി എന്ന കാരണത്താല്‍ അമ്പലത്തില്‍ കയറിയതിനു ചുട്ടുകൊന്നപ്പോളും, ദളിതരുടെ തുണി ഉരിച്ച് പൊതുജന മദ്ധ്യത്തില്‍ നിര്‍ത്തിയപ്പോഴും വത്സല ടീച്ചര്‍ മൗന വ്രതത്തില്‍ ആയിരുന്നു. ഫാസിസ്റ്റ് ചട്ടുകം പേനയാക്കാന്‍ ഒരുങ്ങുമ്പോള്‍ മുമ്പ് ആദിവാസികളെ കുറിച്ചെഴുതിയതൊക്കെ വെറും കാപട്യം മാത്രമായിരുന്നു എന്ന് വേണം മനസിലാക്കുവാന്‍, മനുഷ്യന് വേണ്ടി ശബ്ദിക്കുന്നവര്‍ അക്കാദമി സ്ഥാനങ്ങളില്‍ നിന്നും സാംസ്കാരിക സ്ഥാനങ്ങളില്‍ നിന്നും അവരുടെ സ്ഥാനം വലിച്ചെറിഞ്ഞ് മനുഷ്യപക്ഷത്ത് ചേരുമ്പോള്‍ അവിടം വെറുതെ കിടക്കുന്ന ഇടം സ്വപ്നം കണ്ടു നടക്കുന്ന എഴുത്ത് മേലാളന്മാരും, സാംസ്കാരിക മേലാളന്മാരും ധാരാളം ഉണ്ട്. മലയാളത്തില്‍ ധാരാളം എഴുതുകയും മലയാള മനസ്സില്‍ ഇടം നേടുകയും ചെയ്ത വത്സല എന്ന എഴുത്തുകാരിയെ ഈക്കൂട്ടത്തില്‍ പെടുത്താമോ എന്ന് സംശയിച്ചു പോയാല്‍ അവരെ കുറ്റം പറയാനും പറ്റില്ല. സാറ ജോസഫ് എന്ന എഴുത്തുകാരിക്കെതിരെ പറഞ്ഞു എന്ന് മാത്രമല്ല ഈ എതിര്‍പ്പിലൂടെ മനസിലാകേണ്ടത്, ഈ നെറികേടുകള്‍ കണ്ടിട്ടു മിണ്ടാതിരിക്കുകയും പെട്ടെന്ന്‍ ഒരു ബോധോദയം ഉണ്ടാവുകയും ചെയ്യുന്നത് പ്രത്യേക തരം  തിമിരം തന്നെയാണ്. കണ്ണില്‍ പടരുന്ന ഈ നിറംമാറ്റം സാംസ്കാരിക കേരളത്തിന്‌ അപമാനം തന്നെ എന്ന് പറയേണ്ടി വരും, സച്ചിദാനന്ദന്‍ സാറാ ജോസഫും പി.പാറക്കടവ് എന്നീ എഴുത്തുകാര്‍ കാണിച്ച ധീരതയിലാണ് മലയാളത്തിന്റെ പ്രതീക്ഷ. എം.ടിയും എന്‍.എസ് മാധവനും അടക്കം നിരവധി എഴുത്തുക്കാര്‍ ഇതിനെതിരെ പ്രതിഷേധിച്ചു തുടങ്ങി എന്നത് പ്രതീക്ഷ തരുന്നു.  മനുഷ്യപക്ഷത്ത് നില്‍ക്കാന്‍ ആളുകള്‍ കുറയുന്ന കാലത്ത്, വത്സല ടീച്ചറെ പോലുള്ളവര്‍ പോലും മൌനം കൊണ്ടും, മറ്റു രീതിയിലും ഫാസിസ്റ്റ് ചുവയില്‍ സംസാരിക്കുന്ന കാലത്ത് ഇവര്‍ കാണിച്ചത് ധീരത തന്നെ. ധീരതയുള്ളവരെ കാണുമ്പോള്‍ ഭീരുക്കള്‍ക്ക് അസൂയ ഉണ്ടാകുന്നത് സ്വാഭാവികം ആണല്ലോ. തമ്മില്‍ പോരടിക്കുന്ന ഒരു ജനതയെ സംഭാവന നല്‍ക്കാന്‍ എളുപ്പമാണ് അതിനു കുറച്ചു വക്ര ബുദ്ധിയും മനുഷ്യത്വമില്ലായ്മയും, ക്രൂരമായ ഒരു വര്‍ഗീയ മനസും ഉണ്ടായാല്‍ മതി. തച്ചു തകര്‍ക്കാനല്ലല്ലോ കേട്ടിപടുക്കാനല്ലേ ബുദ്ധിമുട്ട്. എന്നാല്‍ ഈ വര്‍ഗ്ഗീയ കൊമാരങ്ങള്‍ക്ക് ചൂട്ടുപിടിച്ചു പേന ഉന്തിയവരെ നാളെ ചരിത്രം കറുത്ത മഷിയില്‍ ചതിയന്മാരുടെ പട്ടികയില്‍ രേഖപ്പെടുത്തും എന്നുറപ്പ്. നിലവില്‍ രണ്ടു പക്ഷം ഉണ്ട്,  ഒന്ന് മനുഷ്യ പക്ഷവും മറ്റേത് ഫാസിസ്റ്റ് പക്ഷവും. ആരൊക്കെ ഏതു പക്ഷത്ത് ചേരും എന്നും ആരെയൊക്കെ തിരിച്ചറിയാനാകും എന്നും ചരിത്രം രേഖപ്പെടുത്തും അതെല്ലാവരും ഓര്‍ക്കുന്നത് നന്ന്. 
                            **********************************മലയാള മാധ്യമത്തില്‍ വന്നത്
http://www.malayalamadhyamam.com/site/newsDetail/FEATURES/2110/0