Tuesday, 21 June 2011

പണം ഇരട്ടിപ്പിക്കാന്‍ എളുപ്പ വഴി തേടുന്ന മലയാളി


multi-level-marketing-scam-epathram
പ്രബുദ്ധരായ മലയാളികളെയാണ് പറ്റിക്കുവാന്‍ ഏറ്റവും എളുപ്പമെന്നു മനസിലാക്കിയ തട്ടിപ്പുകാര്‍ കേരളത്തിലെ പണം യഥേഷ്ടം കടത്തി കൊണ്ടു പോകുന്നു. ഏകദേശം ആയിരം കോടി രൂപ മണി ചെയിന്‍ തട്ടിപ്പിലൂടെ തട്ടിയെടുത്തു എന്നാണു ഡി. ജി. പി. ജേക്കബ്‌ പുന്നൂസ്‌ വ്യക്തമാക്കിയത്‌. ആട്, തേക്ക്, മാഞ്ചിയം, ഫ്ലാറ്റ് തുടങ്ങി ഇതിനകം നിരവധി തട്ടിപ്പുകള്‍ പുറത്തായിട്ടും വീണ്ടും വീണ്ടും പുതിയ തട്ടിപ്പുകളില്‍ ചെന്ന് ചാടുന്ന മലയാളി എത്ര കണ്ടാലും കൊണ്ടാലും അനുഭവിച്ചാലും മനസിലാക്കുന്നവരെല്ലെന്നു ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു. നാണക്കേട് ഓര്‍ത്ത്‌ പലരും ഇക്കാര്യം പുറത്ത് പറയാതെ യിരിക്കുകയാണ്.
എന്നാല്‍ ഇതിന്റെ മറ്റൊരു വശം ഭീകരമാണ്. എങ്ങിനെയെങ്കിലും പണമുണ്ടാക്കുക എന്ന ആര്‍ത്തി മലയാളിയെ അടക്കി വാഴുകയാണോ? അദ്ധ്വാനിച്ച് പണമുണ്ടാക്കുക എന്ന ധാര്‍മ്മിക  കാഴ്ചപ്പാട് നമ്മളില്‍ നിന്നും ചോര്‍ന്നു പോകുകയാണോ? ഈയിടെ പുറത്ത് വന്ന ചില വാര്‍ത്തകള്‍ അത്ര ഗുണകരമല്ല. സാമ്പത്തിക അച്ചടക്കം പാലിക്കാതെ ആഡംബര ജീവിതത്തെ തലയിലേറ്റി എല്ലാം ഇല്ലാതാക്കുന്ന ചിലര്‍, ആഡംബര ഭ്രമത്തില്‍ കടം കുന്നു കയറുമ്പോള്‍ തന്റെ കുഞ്ഞുങ്ങളെ ഒരു ദാക്ഷിണ്യവും ഇല്ലാതെ കൊന്നു കൊണ്ട് ആത്മഹത്യ ചെയ്യുന്നവര്‍, എങ്ങിനെയെങ്കിലും പണമുണ്ടാക്കാന്‍ കൂടപ്പിറപ്പിനെ പോലും വിറ്റു വില പേശുന്നവര്‍, പണമിരട്ടിപ്പിക്കാന്‍ പുതിയ തന്ത്രങ്ങളുമായി എത്തുന്ന മണി ചെയിന്‍ പോലുള്ള തട്ടിപ്പുകള്‍, ഫ്ലാറ്റ് തട്ടിപ്പ്‌ ഇങ്ങനെ നീളുന്നു വിവിധ തട്ടിപ്പുകളും മലയാളിയുടെ ജീവിതവും.
മണി ചെയ്യിന്‍ രീതിയിലുള്ള തട്ടിപ്പ് സംസ്ഥാനത്തിന്റെ വടക്കന്‍ ജില്ലകളില്‍ വ്യാപകമായിട്ടുള്ളതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഇതു സംബന്ധിച്ച് നിരവധി പരാതികള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്. വയനാട്, കോഴിക്കോട് മലപ്പുറം ജില്ലകളിലാണ് ഇത്തരം തട്ടിപ്പുകള്‍ ഏറെയും. ടൈക്കൂണ്‍, ബിസേര്‍ തുടങ്ങിയ കമ്പനികള്‍ നടത്തിയ തട്ടിപ്പ് പുറത്തു വന്നതോടെയാണ് ഇത്തരം സംഘങ്ങളെ കുറിച്ചുള്ള പരാതികള്‍ പലതും പുറത്തു വന്നതും പോലീസ് അന്വേഷണം തുടങ്ങിയതും. പി. സി. എല്‍., ആര്‍. എം. പി. തുടങ്ങിയ കമ്പനികളില്‍ പോലീസ് പരിശോധന നടത്തി രേഖകള്‍ പിടിച്ചെടുത്തതായി അറിയുന്നു.
1978-ല്‍ കൊണ്ടു വന്ന പ്രൈസ് ചിറ്റ്സ് ആന്റ് മണി സര്‍ക്കുലേഷന്‍ ബാനിങ്ങ് ആക്ടില്‍ ഇത്തരം പ്രവര്‍ത്തനങ്ങളെ കുറിച്ച് കൃത്യമായി പ്രതിപാതിക്കുന്നുണ്ട്. ഈ ആക്ടിന്റെ ലംഘനമായി വരുന്ന കാര്യങ്ങള്‍ ചെയ്യുന്നത് കുറ്റകരവുമാണ്. എന്നാല്‍ നേരിട്ടു തന്നെ നിയമ ലംഘനം നടത്തിയും അല്ലെങ്കില്‍ മറ്റേതെങ്കിലും ഉല്‍പ്പന്നങ്ങളുടെ മറ പിടിച്ചുമാണ് വിവിധ കമ്പനികള്‍ യഥേഷ്ടം തട്ടിപ്പു നടത്തുന്നത്. ഉല്‍പ്പന്നങ്ങള്‍ നേരിട്ടു മാര്‍ക്കറ്റില്‍ വില്‍ക്കാമെന്നിരിക്കെ അത് മള്‍ട്ടി ലെവല്‍ ബിസിനസ്സാക്കി മാറ്റി അതിന്റെ മറവില്‍ തട്ടിപ്പു നടത്തുന്ന രീതിയാണ് വ്യാപകമായുള്ളത്.
വീട്ടമ്മാരും ചെറുപ്പക്കാരും നിശ്ചിത വരുമാനം ലഭിക്കുന്നവരുമാണ് ഇത്തരം തട്ടിപ്പുകളില്‍ അധികവും കുടുങ്ങുന്നത്. ഒഴിവു സമയങ്ങളില്‍ അധിക വരുമാനം കണ്ടെത്തുവാനുള്ള എളുപ്പ വഴിയെന്ന രീതിയിലായിരിക്കും കമ്പനിയുടെ പ്രതിനിധികള്‍ ഇവരെ സമീപിക്കുക. വശ്യമായ രീതിയില്‍ സംസാരിക്കുന്ന ഏജന്റുമാര്‍ പ്രാഥമികമായ ‘ബോധവല്‍ക്കരണത്തിനു’ ശേഷം ഇവരെ കമ്പനിയുടെ മീറ്റിങ്ങില്‍ പങ്കെടുക്കുവാന്‍ ക്ഷണിക്കും. ആഡംഭര പൂര്‍ണ്ണമായ രീതിയില്‍ വലിയ ഹോട്ടലുകളിലും മറ്റും ആയിരിക്കും ഇത്തരം മീറ്റിങ്ങുകള്‍ സംഘടിപ്പിക്കുക. അതിഥികളായി സിനിമാ താരങ്ങളേയും മറ്റും പങ്കെടുപ്പിച്ചെന്നുമിരിക്കും. കൂടാതെ സമൂഹത്തില്‍ അറിയപ്പെടുന്നവരെ പ്രചാരകരാക്കിയും ഇത്തരം യോഗങ്ങളില്‍ പങ്കെടുപ്പിച്ചും പൊതു ജനങ്ങളില്‍ വിശ്വാസ്യത വരുത്തുന്നു.
മണി ചെയിന്‍ സ്വഭാവത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ നടത്തുന്ന തട്ടിപ്പിന് കൂട്ടു നില്‍ക്കുന്നവര്‍ സ്വയം വഞ്ചിക്കുക മാത്രമല്ല അടുത്ത സുഹൃത്തുക്കളേയും ബന്ധുക്കളേയും കൂടെ ചതിവില്‍ പെടുത്തുകയുമാണ് ചെയ്യുന്നത്. അറിയാതെ തന്നെ ഇവര്‍ക്ക്‌ സമൂഹത്തില്‍ ഒരു തട്ടിപ്പുകാരന്റെ ഇമേജ് വന്നു ചേരുകയും ചെയ്യുന്നു.
അറിവും അനുഭവവും എത്ര മാത്രം ഉണ്ടായാലും മനുഷ്യന് ധനത്തോടുള്ള ആര്‍ത്തിയെ അതിജീവിക്കുവാന്‍ കഴിയില്ലെന്ന ഉത്തമ വിശ്വാസമാണ് മള്‍ട്ടി ലെവല്‍ തട്ടിപ്പു സംരംഭങ്ങള്‍ക്ക് പ്രചോദനമാകുന്നത്. ഒന്നര വര്‍ഷം മുമ്പ് ടോട്ടല്‍ ഫോര്‍ ‌യു തട്ടിപ്പിന്റെ കഥകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു. അതില്‍ പെട്ട് ഉള്ള സമ്പാദ്യം മുഴുവന്‍ നഷ്ടപ്പെട്ടവരുടെ വിലാപങ്ങള്‍ മലയാളിയുടെ മനസ്സില്‍ നിന്നും ഇനിയും മാഞ്ഞിട്ടില്ല. ഇതിനു മുമ്പും ശേഷവും തട്ടിപ്പുകള്‍ കേരളത്തില്‍ അരങ്ങേറിയിട്ടുണ്ട്. അതില്‍ പലതും പൊതു സമൂഹത്തിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. എന്നിട്ടും ഫ്ലാറ്റ് തട്ടിപ്പും, ബിസയര്‍, ടൈക്കൂണ്‍ തുടങ്ങിയ മള്‍ട്ടി ലെവല്‍ തട്ടിപ്പും നടത്തി മലയാളിയുടെ കോടിക്കണക്കിനു രൂപ ചിലര്‍ തട്ടിയെടുത്തിരിക്കുന്നു.
അമേരിക്കന്‍ ഉല്പന്നങ്ങള്‍ ഗുണ നിലവാരം ഉള്ളവയാണെന്നും കമ്പനി അത്തരം ഉല്പന്നങ്ങളാണ് ഇടത്തട്ടുകാരെയും പരസ്യക്കാരെയും ഒഴിവാക്കി ഡയറക്ട് മാര്‍ക്കറ്റിങ്ങിലൂടെ നിങ്ങളില്‍ എത്തിക്കുന്നതെന്നും പലരും അവകാശപ്പെടാറുണ്ട്. എന്നാല്‍ ഡയറക്ട് മാര്‍ക്കറ്റിങ്ങിന്റെ പേരില്‍ മണി ചെയിന്‍ / പിരമിഡ് സ്കീമിന്റെ ആവശ്യം എന്തിനാണെന്ന് പലരും ചോദിക്കാന്‍ വിട്ടു പോകുന്നു. ഉപഭോക്താവ് ഒരു ഉല്പന്നം വാങ്ങുന്നതിനോടൊപ്പം അവരുടെ ചങ്ങലയിലേക്ക് ആളുകളെ ചേര്‍ക്കുകയും വേണം എന്നതിന് എന്തു ന്യായം? കൌതുക കരമായ ഒരു കാര്യം അമേരിക്കയില്‍ ഇത്തരം മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ്ങ് കമ്പനികള്‍ പലതും കോടതി കയറി കൊണ്ടിരിക്കുകയാണ് എന്നതാണ്.
ചതിയുടെ കണ്ണികള്‍ ഒന്നൊന്നായി സമൂഹത്തില്‍ പടര്‍ത്തുന്നതില്‍ പിരമിഡ് സിസ്റ്റത്തില്‍ അംഗത്വം സ്വീകരിക്കുന്ന ഓരോരുത്തരും സ്വയം പങ്കാളികളാകുകയാണ് ചെയ്യുന്നത്. ഒരു സാമൂഹിക വിപത്തിനെ ചെറുക്കുക എന്നത് ഏതോരു പൌരനും സമൂഹത്തോടുള്ള ഉത്തരവാദിത്വവുമാണ്.
പ്രബുദ്ധതയുടെ പേരില്‍ നാം മറ്റുള്ളവരുടെ മുന്നില്‍ തലയുയര്‍ത്തി നില്‍ക്കുന്നവരാണ്. എന്നാല്‍ മലയാളി കൂടുതല്‍ കൂടുതല്‍ താഴ്ചയിലേക്ക് വീണു കൊണ്ടിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യം ഇനിയെങ്കിലും തിരിച്ചറിഞ്ഞില്ലെങ്കില്‍ നാം നമ്മുടെയെന്നു അവകാശപ്പെട്ടിരുന്ന പല ഗുണങ്ങളും ഇല്ലാതാകും എന്ന സത്യം ഇതിനോട് ചേര്‍ത്ത്‌ വായിക്കണം. ‘വെയ് രാജ വെയ് ‘ എന്ന വാചക കസര്‍ത്തില്‍ എത്ര പെട്ടെന്നാണ് നാം വീണ്‌ പോകുന്നത്?

Thursday, 9 June 2011

പി. കെ. നാണുവിന്റെ കഥകളിലൂടെ

ലേഖനം
എഴുപതുകളില്‍ രാഷ്ട്രീയ പ്രസക്തിയുള്ള കഥകളെഴുതി യു. പി ജയരാജിനും എം. സുകുമാരനുമൊപ്പം തന്റെ സാന്നിദ്ധ്യമറിയിച്ച കഥാകൃത്താണ് പി. കെ. നാണു. ഇദ്ദേഹത്തിന്റെ കഥകളുടെ പ്രത്യേകത വളരെ ലളിതമായി കഥ പറയുകയും, എന്നാല്‍ ഒരോ കഥയും അതാത് തലത്തിലൂടെ സഞ്ചരിക്കുമ്പോഴും സമകാലികപ്രസക്തി ഒട്ടും ചോര്‍ന്നുപോകാതെ തന്റെ രാഷ്ട്രീയം പറയുന്നു എന്നതാണ്. ഒ. ഹെന്‍റിയുടെ കഥാന്ത്യങ്ങളില്‍ ചെറിയൊരു ട്വിസ്റ്റിലൂടെ അമ്പരപ്പിക്കുന്നത് പോലെ നാണുവിന്റെ ചില കഥകള്‍ അമ്പരപ്പിക്കും വിധം തിരിച്ചുവിടുന്നുണ്ട്. വാണിജ്യവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സാംസ്കാരികമൂല്യങ്ങളെ പിടയുന്ന മനസ്സോടെ കഥാകൃത്ത് നോക്കികാണുന്നു. ഇതിനിടയിലെ ആശങ്കകളും വീണ്ടുവിചാരങ്ങളും ആത്മപരിഹാസം കലര്‍ന്ന ആക്ഷേപഹാസ്യവും നിറഞ്ഞതാണ് പി.കെ നാണുവിന്റെ കഥകള്‍. നാണുവിന്റെ ലോകവീക്ഷണം കീഴാളന്റെ അദ്ധ്വാനവും കിതപ്പും ഭാവനയും നിറഞ്ഞ അതിശങ്ങളിലൂടെ വ്യാപിക്കുന്നവയാണ്. പ്രത്യയശാസ്ത്രപരമായ പരാജയത്തെ, അതിന്റെ നോവിനെ ധര്‍മ്മസങ്കടത്തോടെയാണ് കഥാകൃത്ത്‌ നേരിടുന്നത്. സഖാവ് കുഞ്ഞിരാമേട്ടന് പാര്‍ട്ടിയെ ധിക്കരിക്കേണ്ടിവരുന്നത് സങ്കടത്തോടെയാണെങ്കിലും 'നൂറ് പൂക്കള്‍ വിരിയട്ടെ' എന്ന കഥയില്‍ ധീരമായ തീരുമാനമെടുക്കുന്ന സഖാവിനെയാണ് വരച്ചുകാട്ടുന്നത്. തെരഞ്ഞെടുപ്പില്‍ പങ്കെടുത്ത് പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും അതിലൂടെ ഒരു ബദല്‍ശക്തിയുണ്ടാകണമെന്നും പറയുന്ന സത്യനാഥനോട് സഖാവ് കുഞ്ഞിരാമേട്ടന്‍ തന്റെ തെരഞ്ഞെടുപ്പ്‌ ബഹിഷ്കരണതീരുമാനം തുറന്നു പറയുന്നുണ്ട്. “സഖാവ് കുഞ്ഞിരാമനൊരു കളിപ്പാവയാണെന്നാണോ ധരിച്ചുവച്ചിരിക്കുന്നത്. അല്ലെങ്കില്‍ നാളെ ഇവര്‍ക്ക്‌ പുസ്തകമെഴുതാനായി പരീക്ഷിക്കപ്പടേണ്ട ഗിനിപ്പന്നിയോ?” സഖാവ് കുഞ്ഞിരാമേട്ടന്റെ ഈ ചോദ്യം ഒരു വിമര്‍ശനശരമായി വര്‍ത്തമാനകാല യാഥാര്‍ത്ഥ്യത്തിലേക്ക്‌ പാഞ്ഞുവരികയാണ്.
ആധുനികതാവാദികളുടെ കേവലസൗന്ദര്യവാദത്തെ പാടെ നിരാകരിക്കുകയും ഇവരിലൂടെ പിറക്കുന്ന അരാഷ്ട്രീയമായ രാഷ്ട്രീയത്തെ നാണു കഥകളിലൂടെ ശക്തമായി എതിര്‍ക്കുന്നുണ്ട്. ഭാഷ സാധാരാണക്കാരോട് സംവദിക്കാന്‍ പാകത്തിലായിരിക്കണം എന്ന ബോധം തന്നിലുള്ളതിനാണ് നിലം തൊടാതെയുള്ള ആഖ്യാനത്തേയും അത്തരത്തിലുള്ള ഭാഷയും പാടെ നിരാകരിച്ച് ലളിതമായ ഭാഷയില്‍ കഥപറഞ്ഞ് വായനക്കാരെ അമ്പരപ്പിക്കുന്നത്. തന്റെ കഥകളെ പറ്റി മിണ്ടാതിരിക്കുന്നതാണ് ഉത്തമമെന്നും കഥകള്‍ മാത്രമെഴുതിയാല്‍ മതി എന്നും അതിനെ പറ്റി പറയേണ്ടത്‌ ആവശ്യമില്ലാത്ത കാര്യമാണെന്നും അദ്ദേഹം തുറന്നു പറയുന്നുണ്ട്. പ്രശസ്ത നിരൂപകന്‍ ഇ. പി. രാജഗോപലന്‍ നാണുവിന്‍റെ കഥകളെപ്പറ്റി ഇങ്ങനെ പറയുന്നു. “നാണു കേരളത്തിന്റെ പൊതുമനസ്സിലൂടെ ഇടറികൊണ്ടാണെങ്കിലും നില്ക്കാതൊഴുകുന്ന ഒരാഖ്യാനസമ്പ്രദായത്തിന്റെയും അതിന്റെ രാഷ്ട്രീയത്തിന്റെയും കോലക്കാരനാണ്”
കമ്പോള ശക്തികളുടെ സ്വാധീനത്തില്‍ വഴുതിവീണു കൊണ്ടിരിക്കുന്ന/കഴിഞ്ഞ ഒരു സമൂഹത്തിന്റെ ആകുലതകള്‍ പേറിയാണ് പല കഥകളും സഞ്ചരിക്കുന്നത്. വിപ്ലവപ്രസ്ഥാനങ്ങളുടെ വര്‍ത്തമാനകാലസഞ്ചാരത്തെയും ആഗോളവല്‍ക്കരണത്തെയും സ്വാഗതമോതി ദാര്‍ശനികാടിത്തറ നല്കുന്ന ബുദ്ധിജീവികളെയും രാഷ്ട്രീയക്കാരെയും കറുത്ത ചിരിയോടെ നാണു തന്റെ കഥകളില്‍ വരച്ചുകാട്ടുന്നു.
'സാധനം' എന്ന കഥയില്‍ അണുകുടുംബം എന്ന സങ്കല്പം അനാഥമാക്കിയ വാര്‍ദ്ധക്യത്തെയാണ് വരച്ചുക്കാട്ടുന്നത്. തിരക്കേറിയ ഉദ്യാഗസ്ഥരും ബിസിനസ്സുകാരുമായ മക്കളുടെ ഇടയില്‍ വാര്‍ദ്ധക്യം നല്കിയ ഭാരം പേറി മാധവന്‍ മാഷ്‌ സ്വയം പായയില്‍ ചുരുട്ടിക്കെട്ടുന്നത് യാഥാര്‍ത്ഥ്യത്തെയും ചേര്‍ത്തുവെച്ചുകൊണ്ടാണ്.
'ബുച്ചയ്യ നൃത്തം ചെയ്യുന്നു' എന്ന കഥയിലെ ബുച്ചയ്യ നല്ല സ്വപ്നങ്ങള്‍ കാണുന്ന ദരിദ്രപ്രതിനിധിയാണ്. മുതലാളിത്തം എന്ന ഹിംസയെ അയാള്‍ ചങ്കൂറ്റത്തോടെ നേരിടുന്നുണ്ട്. ജീവിതത്തിനുമീതെ നിരന്തരം തടസ്സങ്ങളും ദുരന്തങ്ങളും സൃഷ്ടിക്കുന്ന ഭൂപതി റെഡ്ഢിയെന്ന മുതലാളിയുടെ മുന്നില്‍ അയാള്‍ക്കുണ്ടാവുന്ന അസാധാരണമായ കരുത്ത്‌ ചങ്കൂറ്റം കൊണ്ട് ഹിംസയെയും വിപത്തുകളെയും നേരിടാനാവുമെന്ന് ചൂണ്ടികാട്ടുന്നു. ദാരിദ്ര്യവും വരള്‍ച്ചയും പേറി നാടുവിടേണ്ടി വരുന്ന ബുച്ചയ്യ നേരിടുന്നതെല്ലാം മുതലാളിത്തം വരുത്തിവെച്ച യാഥാര്‍ത്ഥ്യങ്ങളാണ്. “എന്തു പണി കിട്ടാനാ നിനക്കിവിടെ, നിന്റെ കയ്യില്‍ എന്തുണ്ട് വില്ക്കാന്‍. നടുവൊടിഞ്ഞ അദ്ധ്വാനശേഷിയോ? വരണ്ടു വിണ്ടുകീറിയ ഹൃദയമോ? അതൊന്നും ആര്‍ക്കും വേണ്ടാതായിരിക്കുന്നു." ബുച്ചയ്യ നേരിടുന്ന ഈ ചോദ്യം നാം ഓരോരുത്തരും നിരന്തരം നേരിട്ടുകൊണ്ടിരിക്കുകയാണ്.
'ഒരു കുറ്റാന്വേഷണ കഥയി'ല്‍ നാഗേന്ദ്രഡു അമ്പരക്കുന്നത് പോലെ തന്നെയാണ് വായനക്കാരും അമ്പരക്കുന്നത്. അതുവരെ പറഞ്ഞുവെച്ചതില്‍നിന്നും ഞൊടിയിടയിലാണ് കഥാന്ത്യത്തിലെ വ്യതിചലനം. ഇത്തരം ട്വിസ്റ്റുകള്‍ നാണുവിന്റെ പല കഥകളിലും കാണാം. വിശക്കുന്നവന്റെ വേദാന്തം, കൈകള്‍ക്കുള്ളിലെ ലോകം, ഇലപൊഴിയും കാടുകളില്‍, എന്നിങ്ങനെ വായനക്കാരന്റെ ഹൃദയഭിത്തികളില്‍ ചെന്നടിക്കുന്ന നിരവധി മികച്ചകഥകള്‍ പി. കെ. നാണു മലയാളത്തിനു സമ്മാനിച്ചിട്ടുണ്ട്. അത്യാലങ്കാരികതയുടെ ചുവടുകളില്ലാതെ അതിലളിതമായി കഥ പറയുമ്പോഴും ഓരോ കഥയും വേറിട്ടുനില്ക്കുന്നു. എന്നാല്‍ മലയാളം എത്രകണ്ട് നാണുവിന്റെ കഥകള്‍ ചര്‍ച്ചക്കെടുത്തു എന്ന കാര്യം നാം പുന:പരിശോധന നടത്തേണ്ടതുണ്ട്. പി. കെ നാണു എന്ന കഥാകൃത്ത്‌ മുഖ്യധാരയില്‍ നിന്നും എത്രയോ അകലെയാണ്. കഥയ്ക്കപ്പുറത്ത് അദ്ദേഹം നിശബ്ദനായതാകാം ഇതിനു കാരണം. ലോകം ശബ്ദിക്കുന്നവരെ മാത്രം ശ്രദ്ധിക്കുന്ന കാലമാണല്ലോ! “കഥയെഴുത്തില്‍ വേറിട്ടൊരു വഴിപിടിച്ച് നടന്നവനാണ് യു. പി. ജയരാജ്‌. വേറിട്ട്‌ നടന്നവരെ തള്ളികളയുകയോ, നിസ്സാരമാക്കുകയോ ചെയ്യുന്നതാണല്ലോ നമ്മുടെയൊക്കെ ശീലം.” ഇത് തന്റെ സമകാലിനകഥാകൃത്തായ യു. പി. ജയരാജിനെപറ്റി പി. കെ. നാണുതന്നെ പറഞ്ഞ വാക്കുകളാണ്. ഇത് ഇദ്ദേഹത്തെയും ബാധിക്കുകയാണോ?
പി. കെ നാണുവിന്റെ കഥകളെപ്പറ്റി ഇനിയും നല്ല പഠനങ്ങള്‍ ഉണ്ടായിട്ടില്ല എന്നത് ഈ ആകുലതയെ സാധൂകരിക്കുന്നു.

(തര്ജനിയില്‍ വന്നതാണ് ഈ ലേഖനം) 
http://chintha.com/node/107301

Monday, 6 June 2011

ആപത്തിനെ മാടി വിളിക്കുന്നവര്‍

ജൂണ്‍ 5, ലോക പരിസ്ഥിതി ദിനം, ജീവന്റെ നിലനില്‍പ്പ്‌ തന്നെ ഭീഷണി നേരിട്ട് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മാത്രമാണ് നാം പരിസ്ഥിതിയെ പറ്റി ചിന്തിക്കാന്‍ തന്നെ തുടങ്ങിയത്. നമ്മുടെ വിദ്യാഭ്യാസ കാലം തൊട്ടേ പരിസ്ഥിതിയെ പറ്റി ഒരവബോധം  ഉണ്ടാക്കാന്‍ ശ്രമിച്ചിരുന്നു എങ്കില്‍ കുറച്ചെങ്കിലും മാറ്റം വരുത്താന്‍ നമുക്കാവുമായിരുന്നു. 
“ലോകത്തിലെ ഓരോ കുട്ടിയും ബോധന പ്രക്രിയയിലൂടെ മലിനീകരണമെന്ന മഹാവിപത്തിനെപ്പറ്റി ബോധാവാനാകണം. പ്രകൃതിയുമായുള്ള മനുഷ്യന്റെ സമന്വയം ബോധനത്തിന്റെ ചെറിയ ചെറിയ കാല്‍വെയ്പ്പുകളിലൂടെയേ പൂര്ത്തിയാക്കാനാകൂ. മനുഷ്യന്റെ ഭാവി, ബോധന പ്രക്രിയയുടെ ഒരു പ്രധാന കണ്ണിയാകണം” (സരളാ ബഹന്‍:- Revive our Dying Planet)
പരിസ്ഥിതിക അവബോധം നമുക്കിടയില്‍ നിന്നും എങ്ങിനെയോ ചോര്‍ന്നു പോയി കൊണ്ടിരി ക്കുകയാണ്.    ജെയ്താപൂരില്‍ ആണവ നിലയം സ്ഥാപിച്ചേ അടങ്ങൂ എന്ന വാശിയിലാണ് നമ്മുടെ ഭരണകൂടം, ചെര്‍ണോബിലും, ത്രീമെന്‍ ഐലന്റും നാം എന്നേ മറന്നുപോയി എന്നതില്‍ അത്ഭുതമില്ല. എന്നാല്‍ ഫുക്കുഷിമ എത്ര പെട്ടെന്നാണ് നാം മറന്നത്. നമ്മളെക്കാള്‍ സാങ്കേതിക മികവുള്ള ജപ്പാന് പോലും നിയന്ത്രിക്കാനാവാത്ത ഒരു ഊര്‍ജ്ജത്തെ നമുക്ക്‌ പിടിച്ചു കേട്ടാനാവുമെന്ന ചിന്ത അപകടം തന്നെ. അമേരിക്കയോടും ഫ്രാന്‍സിനോടുമുള്ള വിധേയത്വവും, കച്ചവട ഇടപാടും നൂറു കോടി ജനതയുടെ ഭാവിവേ ഇരുട്ടിലാക്കി തന്നെ വേണമെന്നാണോ? ഫ്രഞ്ച് കമ്പനിയായ അരേവക്ക് 1650 മെഗാ വാട്ട് ശേഷിയുള്ള 6 ആണവ നിലയങ്ങള്‍ പണിയാന്‍ കരാറിലൊപ്പിട്ടുകഴിഞ്ഞു.
ഭൂമിയെ പരമാവധി നാം കാര്‍ന്നു  തിന്നു കഴിഞ്ഞു. അവശേഷിക്കുന്നവ കാര്‍ന്നു  തിന്നാന്‍ ആക്കം കൂട്ടുന്നു. ഓരോ പരിസ്ഥിതി ദിനം കടന്നു പോകുമ്പോളും ആകുലതകള്‍ വര്‍ദ്ധിക്കുന്ന തരത്തിലുള്ള വാര്‍ത്തകള്‍ നാം കേട്ട് കൊണ്ടിരിക്കുന്നു. വലിയ ദുരന്തം തന്നെയാണ് ഫുക്കുഷിമയില്‍ സംഭവിച്ചത്. കാലങ്ങളോളം ആണവ വികിരണം ആ മണ്ണിലും, വായുവിലും, ജലത്തിലും അടിഞ്ഞു കിടന്ന് വരും തലമുറയെ കാര്‍ന്നു തിന്നും. ഇക്കാര്യങ്ങളൊന്നും അറിയാത്തവരല്ല നമ്മെ ഭരിക്കുന്നത് എന്നിട്ടും ജേയ്താപൂരിലെ ആണവ നിലയം വേണമെന്ന് തന്നെ വാശിപിടിക്കുന്നു. ആണവ ആപത്തിനെ മാടി വിളിക്കുന്ന നാം കറുത്ത നാളെയെയിലേക്കാണ് നയിക്കപ്പെടുക.
പലപ്പോഴും പരിസ്ഥിതി ദിനങ്ങള്‍ പോലുള്ള ദിവസങ്ങളെ നാം ആഘോഷമാക്കി മാറ്റാനാണ് ശ്രമിക്കാറ്. എന്നാല്‍ ഈ ദിനത്തെ ഒരു ബോധവല്‍ക്കരണ ദിനമായി ഏറ്റെടുത്ത്‌ പ്രകൃതിയെ മനസ്സിലാക്കാന്‍ ഒരു ശ്രമമാണ് ഉണ്ടാകേണ്ടത്. ഈ പരിസ്ഥിതി ദിനം കാടിനെ സംരക്ഷിക്കന്‍ ആഹ്വാനം ചെയ്യുന്നു, കാട് എന്ന ശ്വാസകോശത്തെ കാത്തുസൂക്ഷിക്കുന്നത്തിന്റെ പ്രാധാന്യം നാം മറന്ന് കഴിഞ്ഞു. അന്തരീക്ഷത്തില്‍ വര്‍ദ്ധിച്ചു വരുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് വന്‍ അപകടത്തെയാണ് വിളിച്ചു വരുത്തുക, അന്തരീക്ഷത്തില്‍ നിന്ന് മണിക്കൂറില്‍ രണ്ടു കിലോഗ്രാം  കാര്‍ബണ്‍ ഡൈ ഓക്സൈഡിനെ വലിച്ചെടുക്കാനെ ഒരു മരത്തിനു കഴിയൂ, വന നശീകരണം മൂലം അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് ക്രമാതീതമായി വര്‍ദ്ധിച്ചു കൊണ്ടിരി ക്കുകയാണ്, ഇത് നിലവിലെ സന്തുലിതാവസ്ഥയെ തകര്‍ക്കുകയും ജീവന്റെ നാശത്തിലേക്ക് വഴിവെക്കുകയും ചെയ്യും. കടുത്ത ചൂടിനെ കാത്തിരിക്കുന്ന നമുക്ക്‌ ഇനി മരങ്ങള്‍ ആവശ്യമില്ലാതായിരിക്കുന്നു. മരങ്ങള്‍ ചെയ്യുന്ന ധര്‍മ്മം നാം മറന്നിരിക്കുന്നു. ലോകത്തെ പ്രധാന പെട്ട മഴക്കാടുകള്‍ എല്ലാം തന്നെ ഭീഷണിയിലാണ്. ബ്രസീലിലെ ആമസോണ്‍ മേഖലയില്‍ കാട്ടുതീയും മറ്റു അധിനിവേശങ്ങളും മൂലം കടുത്ത പ്രതിസന്ധിയിലാണ്, ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ കിളിമന്ചാരോ മേഖലയും ഇതേ പ്രതിസന്ധി തന്നെയാണ് നേരിടുന്നത്, സൈബീരിയന്‍ മേഖലകളും, ഏഷ്യന്‍ മേഖലയിലെ വനമേഖലയും കടുത്ത കയ്യേറ്റ ഭീഷണി നേരിടുന്നു.
നമ്മുടെ സൈലന്റ്‌വാലി വികസനത്തിന്റെ വിളി കാത്ത്‌ കിടക്കുന്നു ബയോവാ വാലി പോലുള്ള പാദ്ധതികള്‍ക്കായി ചിലര്‍ കാത്തു കിടക്കുന്നു. പച്ചപ്പ് എന്നും പൊള്ളാവുന്ന അവസ്ഥയിലാണ്. ഭൂമി നശിക്കാന്‍ അധികം കാലം വേണ്ട എന്ന പ്രവചനങ്ങള്‍ ശരിവെക്കുന്ന തരത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. മഴക്കാടുകള്‍ വെട്ടി മരം നടുന്ന നമ്മുടെ വനവല്‍ക്കരണ പദ്ധതികള്‍ വരുത്തി വെച്ച നാശത്തിന്റെ ആഴം തിരിച്ചറിയണമെങ്കില്‍ അട്ടപ്പാടി മേഖല സന്ദര്‍ശിച്ചാല്‍ മതിയാകും. സാമൂഹ്യ വനവല്‍ക്കരണം പോലുള്ള ചതികളെയാണ് നാം വികസനം എന്ന പേരില്‍ ഏറ്റെടുത്തത്, ഹരിത വിപ്ലവം ഉണ്ടാക്കിയ നാശം എത്രയോ വലുതായിരുന്നു എന്ന് മനസ്സിലാക്കാന്‍ നമ്മുടെ വിദഗ്ധര്‍ക്ക് ഇരുപത് വര്‍ഷം കാത്തിരിക്കേണ്ടി വന്നു. 44 നദികളുള്ള കേരളത്തില്‍ മഴക്കാലത്തും ശുദ്ധജലക്ഷാമം, കാലം തെറ്റി വരുന്ന മഴ, ചുട്ടുപൊള്ളുന്ന പകലുകള്‍, മാലിന്യങ്ങള്‍ നിറഞ്ഞ നഗരങ്ങള്‍, വിഷമഴ പെയ്ത തോട്ടങ്ങള്‍, പാടത്തും പറമ്പിലും വാരി ക്കോരിയോഴിക്കുന്ന കീട നാശിനികള്‍, എങ്ങും വിഷം മുക്കിയ പച്ചക്കറികള്‍, പഴങ്ങള്‍, നാടും കാടും വെട്ടി ഉണ്ടാക്കുന്ന എക്സ്പ്രസ് ഹൈവേ, റിയല്‍എസ്റ്റേറ്റ്‌ ലോബി കയ്യേറുന്ന വനം, മലിനമാക്കപ്പെട്ട നദികള്‍, കാസര്‍കോഡ്‌ ഒരു കൊത് പറന്നാല്‍ തിരുവനന്തപുരം വരെ നീളുന്ന വിവിധ തരം രോഗങ്ങള്‍,         ഇങ്ങനെ നീളുന്നു പ്രബുദ്ധ കേരളത്തിന്റെ വികസന വിശേഷങ്ങള്‍. എന്നാല്‍ ഇതൊന്നും ചര്‍ച്ച ചെയ്യാന്‍ നമുക്ക്‌ നേരമില്ല, ഫേസ്ബുക്കിലും, ട്വിറ്ററിലും, ബ്ലോഗുകളിലും വിലസുന്ന മലയാളിക്ക് ഇതൊന്നും അത്ര വലിയ വിഷയമല്ല. ജെയ്താപൂരില്‍ ആണവ നിലയം വരുന്നതോ, ഫുക്കുഷിമയില്‍ ആണവ നിലയം തകര്‍ന്നതോ, കാര്‍ഷിക മേഖലയില്‍ ബഹുരാഷ്ട്രകുത്തകകളുടെ വരവിനെയോ, ജനിതക വിത്ത്‌ ഉണ്ടാകാവുന്ന ഭയപ്പെടേണ്ട അവസ്ഥയെയോ, നാം വേണ്ട വിധത്തില്‍ ചര്‍ച്ചചെയ്തോ? ഇക്കാര്യങ്ങളെ പറ്റി നാം ബോധാവാന്മാരാണോ? ഇത് നാം ഓരോരുത്തരും സ്വയം ചോദിക്കേണ്ട ചോദ്യമാണ്.
നാം നേടി എന്നവകാശപ്പെടുന്ന പുരോഗതി ശൂന്യമായ ഭാവിയെയാണ് മാടി വിളിക്കുക എന്ന് ബ്രിട്ടീഷ്‌ ദാര്‍ശകനികനായ ആല്‍ഫ്രെഡ് നോര്‍ത്ത്‌  നോര്‍ത്ത്‌ ‌ വൈറ്റ്‌ ഹൈഡ്‌ വളരെ മുന്‍പ്‌  തന്നെ പറഞ്ഞു: “ഇന്നത്തെ അമൂര്‍ത്തതകളെ മറികടന്നു മുന്നോട്ടു ചിന്തിക്കാന്‍ കഴിയാത്ത ഒരു സംസ്കാരം, പുരോഗതിയുടെ ഒരു ഇടവേളയ്ക്കു ശേഷം വന്ധ്യതയില്‍ കലാശിക്കുവാന്‍ ശപിക്കപ്പെട്ടിരിക്കുന്നു.” ശാസ്ത്രം പ്രകൃതിയിലെ അദൃശ്യമായ പ്രക്രിയകളെ അറിയാതെ  അമൂമായര്‍ത്തതിനെ സത്യമായി ഉദ്ഘോഷിക്കുന്നു. നാം നേടിയെടുത്ത പുരോഗതി തന്നെയാണ് ഇന്ന് വന്‍ പ്രത്യാഘാതങ്ങള്‍ക്ക്  വഴിവെക്കുന്ന തരത്തില്‍ തിരിച്ചടിച്ചു കൊണ്ടിരിക്കുന്നത്. എന്നിട്ടും ഭൂമിയുടെ നാശത്തിലേക്ക് നയിക്കുന്ന പ്രവര്‍ത്തനം  നാം തുടരുന്നു   കൊണ്ടിരിക്കുന്നു തന്മൂലം കൂടുതല്‍ ഇരുണ്ട ദിനങ്ങളെ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. വിനാശകരമായ നാളെകങ്ങളെ പറ്റി ആകുലത പേറാത്ത ഒരു കൂട്ടം ഇതിനെ തൃണവല്ക്കരിച്ച് തങ്ങളുടെ താല്പര്യത്തിനനുസരിച്ച് പ്രവത്തികള്‍ തുടരുന്നു, ഇവര്‍ തന്നെയാണ് ലോകത്തെ നയിക്കുന്നതെന്ന് അഹങ്കരിച്ചു കൊണ്ട് ലോകത്ത് എവിടെയും കടന്നാക്രമണം നടത്തി കൊണ്ടിരിക്കുന്നത്. കാലാവസ്ഥ വ്യതിയാനങ്ങള്‍ വരുത്തിവെക്കുന്ന വിനാശകരമായ നാളെയെ പറ്റി നാം ഇനിയെങ്കിലും ചിന്തിച്ചില്ല എങ്കില്‍ വരും നാളുകള്‍ കറുത്തതായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. കാലാവസ്ഥ വ്യതിയാനഫലമായി ചുഴലിക്കാറ്റ്‌, കൊടുങ്കാറ്റ്, സുനാമി എന്നീ ദുരന്തങ്ങള്‍ ഇപ്പോഴും ഉണ്ടാവാം എന്ന അവസ്ഥയാണുള്ളത്, അന്തരീക്ഷവും കരയും കടലും ക്രമാതീതമായി മലിനീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്നു ഈ തോത് തുടര്‍ന്നാല്‍  ഭൂമിയിലെ മാലിന്യങ്ങള്‍ തള്ളാനായി മാത്രം ഭൂമിയേക്കാള്‍ വലിയ മറ്റൊരു ഗ്രഹത്തെ അന്വേഷിക്കേണ്ടി വരും, കടല്‍ മലിനീകരിക്ക പ്പെടുന്നതിലൂടെ കടലിലെ ജീവന്റെ സാന്നിധ്യത്തിനു ഭീഷണിയാവുന്നു. കടലിലെ ജീവന്റെ സാന്നിധ്യം കുറയുന്നതോടെ മനുഷ്യന്‍ ആശ്രയിച്ചു കൊണ്ടിരിക്കുന്ന വലിയ ഭക്ഷ്യ ശേഖരമാണ് ഇല്ലാതാവുക, നിലവില്‍ തന്നെ ഭക്ഷ്യ ക്ഷാമം അനുഭവിച്ചു കൊണ്ടിരിക്കുമ്പോള്‍ മത്സ്യസമ്പത്ത് കുറഞ്ഞാല്‍ ഉണ്ടാകുന്ന പ്രത്യാഘാതം എത്ര വലുതായിരിക്കും, “മനുഷ്യന്‍ പ്രകൃതിയുടെ പ്രക്രിയകളില്‍ ഇടപെടാന്‍ തുടങ്ങുന്നതോടെ യാണ് ഈ സംഹാരാത്മക സംസ്കാരത്തിന്റെ വികാസം ആരംഭിക്കുന്നത് ” പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനായ സുന്ദര്‍ ലാല്‍ ബഹുഗുണയുടെ വാക്കുകള്‍ എത്ര ശരിയാണ് !
ഭൂമിയില്‍ കുന്നുകൂടി കൊണ്ടിരിക്കുന്ന മാലിന്യങ്ങള്‍ മൂലമുണ്ടാകുന്ന രോഗങ്ങളും മറ്റു പാരിസ്ഥിതിക പ്രശ്നങ്ങളും അനുഭവിക്കേണ്ടി വരുന്നതും ഈ മനുഷ്യന്‍ തന്നെയാണ്. രാസ-ആണവ അവശിഷ്ടങ്ങള്‍, പ്ലാസ്റ്റിക് അവശിഷ്ടങ്ങള്‍, കമ്പ്യൂട്ടര്‍ അവശിഷ്ടങ്ങള്‍, വാഹനാവശിഷ്ടങ്ങള്‍, കോണ്ക്രീറ്റ് അവശിഷ്ടങ്ങള്‍ തുടങ്ങിയവയും, ഫോസില്‍ ഇന്ധനങ്ങളുടെ അമിതോപയോഗം എന്നിവ മൂലം ഭൂമി ദിനംപ്രതി നശിച്ചു കൊണ്ടിരിക്കുകയാണ്. .
കാലാവസ്ഥ വ്യതിയാനത്തിന്റെ ദുരന്ത ഫലങ്ങള്‍ നമ്മുടെ നാട്ടിലും കണ്ടു തുടങ്ങിയിരിക്കുന്നു. കടുത്ത ചൂട്‌ നമ്മുടെ ഹരിത വലയത്തെ ഇല്ലാതാക്കുമോ എന്ന വ്യാകുലത നമുക്കിടയിലേക്ക് ഇനിയും കാര്യമായി കടന്നു വന്നിട്ടില്ല നാമിന്നും വികസന മെന്ന ഭ്രാന്തമായ ഒരു വലയത്തിനുള്ളിലാണ്, വന്‍ കെട്ടിടങ്ങള്‍ വന്‍ ഫാക്ടറികള്‍ അണക്കെട്ടുകള്‍ മഹാനഗരങ്ങള്‍ ഇതെല്ലാമാണ് നമ്മുടെ വികസന സ്വപ്നങ്ങള്‍, പാരിസ്ഥിതികമായ കാഴ്ച്പ്പാട് വികസന നയരൂപീകരണത്തില്‍ എവിടെയും കാണുന്നില്ല, അതിനു തെളിവാണ്‌ കേരളത്തില്‍ അങ്ങോളം കാണുന്ന പ്രതിരോധ സമരങ്ങളും പ്രധിഷേധങ്ങളും. പാത്രക്കടവ്, അതിരപ്പിള്ളി, പ്ലാച്ചിമട, ഏലൂര്‍, കരിമുകള്‍, കാസര്‍ക്കോട്ടെ എന്‍ഡോസള്‍ഫാന്‍  സമരം, ചക്കംകണ്ടം സമരംഎന്നിങ്ങനെ വലുതും ചെറുതുമായ സമരങ്ങളുടെ കാരണം നമ്മുടെ വികസന ഭ്രാന്തിന്റെ ഫലമായി ഉണ്ടായതാണ്, എക്സ്പ്രസ് ഹൈവേ,  കിനാലൂരില്‍ സംഭവിച്ചത്‌, കണ്ടല്ക്കാ ടുകള്‍ വെട്ടി നിരത്തി  അമ്യൂസ്മെന്റ് പാര്‍ക്കുകള്‍ നിര്‍മ്മിക്കല്‍ എന്നിങ്ങനെ തുടരുന്നു നമ്മുടെ അബദ്ധങ്ങള്‍ നിറഞ്ഞ വികസനം. ഏതോ ഉട്ടോപ്യന്‍ സ്വപ്നം കണ്ടുകൊണ്ടാണ് പുരോഗമന പ്രസ്ഥാനങ്ങള്‍ വരെ തങ്ങളുടെ നയങ്ങള്‍ രൂപീകരിക്കുന്നത്. ഈ അധപതനം കേരളത്തെ ഇല്ലാതാക്കും. ഭൂമി അതിന്റെ ഏറ്റവും ദുരിത പൂര്‍ണവമായ കാലത്തെയാണ് അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നത്. ഇതേ നിലയില്‍ തുടര്‍ന്നാല്‍  ലോകാവസാനത്തിലേക്ക് അധികം ദൂരമില്ലെന്ന സത്യം നാം ഓര്‍ക്കുന്നത് നന്നായിരിക്കും. ഇനിയെങ്കിലും നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് ‌ പരിസ്ഥിതിയെ കുറിച്ചും പ്രകൃതിയെക്കുറിച്ചും പഠിപ്പിക്കുവാന്‍ നാം തയ്യാറാവണം.ഇത്തരം ചിന്തകളെ ഓര്‍മ്മപ്പെടുത്തുന്നതാകട്ടെ ഈ പരിസ്ഥിതി ദിനവും.

ഹൃദയത്തില്‍ പച്ചപ്പ്‌ സൂക്ഷിച്ചവരുടെ ഓര്‍മ്മക്ക് ഈ പരിസ്ഥിതി ദിനം

world-environment-day-2011-epathram
ജൂണ്‍ 5 ലോക പരിസ്ഥിതി ദിനം. പരിസ്ഥിതി പ്രവര്‍ത്തനത്തിനായി ജീവിതം നീക്കി വെയ്ക്കുകയും ഇന്ന് നമ്മോടൊപ്പം ഇല്ലാത്തവരുമായ കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തകരുടെ ഓര്‍മ്മക്ക് മുമ്പില്‍ പച്ച ഈ പരിസ്ഥിതി ദിനം സമര്‍പ്പിക്കുന്നു.
ജീവന്റെ നിലനില്പിന് പ്രകൃതി സംരക്ഷണം അനിവാര്യമാണെന്ന തിരിച്ചറിവിലേക്ക് മലയാള മനസുകളെ ആദ്യം അടുപ്പിച്ച പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ക്ക് തുടക്കമിട്ട കേരളത്തിലെ ആദ്യത്തെ Ecoclub തുടങ്ങിയ  മഹാന്‍, പരിസ്ഥിതി പ്രവര്‍ത്തനം ജീവിതം തന്നെയാണെന്ന  മാതൃക നമുക്ക് ജീവിച്ചു കാണിച്ചു തന്ന  പ്രൊഫ. ജോണ്‍ സി. ജേക്കബ്‌ എന്ന പച്ച മനുഷ്യന്‍, ‘കേരളത്തിലെ പക്ഷികള്‍’ എന്ന മഹത്തായ ഗ്രന്ഥം മലയാളത്തിനായി സമ്മാനിച്ച, കേരളത്തില്‍ ഒട്ടനവധി യുവാക്കളെ  പരിസ്ഥിതി പ്രസ്ഥാനങ്ങളിലേക്ക് നയിച്ച, നിരവധി ശിഷ്യന്‍മാര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഉള്ള പ്രശസ്ത പക്ഷി നിരീക്ഷകനായിരുന്ന  ഇന്ദുചൂഡന്‍ മാഷ്‌, തന്റെ കാമറയുമായി ഇന്ത്യയിലാകമാനം ഓടി നടന്ന് എവിടെയെല്ലാം പ്രകൃതിയെ നശിപ്പിക്കാന്‍ ഒരുങ്ങുന്നുവോ അവിടെയെല്ലാം ചെന്ന്  അക്കാര്യങ്ങള്‍ ലോകത്തിനു തുറന്നു കാണിച്ച, എത്ര വലിയ കുത്തക കമ്പനിയായാലും പ്രകൃതിയെ ചൂഷണം ചെയ്യുന്നത് തടയാന്‍ ചങ്കൂറ്റം കാണിച്ച, കേരളത്തിലെ പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ക്ക് ശക്തി പകര്‍ന്ന, അകാലത്തില്‍ പൊലിഞ്ഞ ശരത് ചന്ദ്രന്‍, കൊക്കകോളയുടെ ജലചൂഷണത്തിനെതിരെ  പ്ലാച്ചിമട സമര മുഖത്ത്‌ നിറഞ്ഞു നിന്ന, “ഞങ്ങളുടെ വെള്ളമെടുത്ത് വില്‍ക്കാന്‍ നിങ്ങള്‍ക്കാര് അധികാരം തന്നു, ഇവിടെ നിന്നും ഇറങ്ങി പോകൂ” എന്ന് കൊക്കകോള എന്ന ആഗോള കുത്തക കമ്പനിയോട് ധൈര്യത്തോടെ ചോദിക്കുകയും മരണം വരെ ജല ചൂഷണത്തിനെതിരെ പോരാടുകയും ചെയ്ത മയിലമ്മ, കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ തളിക്കെതിരെ പൊരുതി ഇരയായി  ജീവിതം തന്നെ നല്‍കേണ്ടി വന്നവര്‍, ചാലിയാര്‍ മലിനീകരണ ത്തിനെതിരെ പൊരുതി മരിച്ച റഹ്മാന്‍ക്ക, പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ക്ക് മാതൃകയായിരുന്ന ശര്‍മ്മാജി, സൈലന്റ് വാലി സമര മുഖത്ത്‌ മുന്‍നിരയിലുണ്ടായിരുന്ന കെ. വി. സുരേന്ദ്രനാഥ്, ഒരു കാലത്ത്‌ പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന നിറ സാന്നിദ്ധ്യങ്ങളായിരുന്ന അകാലത്തില്‍ പൊലിഞ്ഞ    സ്വാമിനാഥന്‍ ആള്‍ട്ടര്‍ മീഡിയ തൃശ്ശൂര്‍, ഹരിഭാസ്കാരന്‍ കൂറ്റനാട് ‍, മൂണ്‍സ് ചന്ദ്രന്‍ നിലമ്പൂര്‍, ഡോ. സന്തോഷ്‌ കേക തൃശ്ശൂര്‍, സുരേഷ് തൃശ്ശൂര്‍, കേരളം മുഴുവന്‍ കവിത ചൊല്ലി നടന്ന്  പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് ഊര്‍ജ്ജം പകര്‍ന്നിരുന്ന, വനം കൊള്ളയ്ക്കെതിരെ ഒറ്റയാള്‍ സമരം നയിച്ച മഞ്ചേരി വനം സംരക്ഷണ സേനയുടെ എസ്. പ്രഭാകരന്‍ നായര്‍‍, അയല്‍ക്കൂട്ടങ്ങള്‍ സംഘടിപ്പിച്ച് പ്രാദേശിക കൂട്ടായ്മകള്‍ക്ക് സജീവ നേതൃത്വം നല്‍കിയ പങ്കജാക്ഷ കുറുപ്പ്‌, ജലതരംഗം മാസികയിലൂടെ ജല സംരക്ഷണത്തിന്റെ പ്രസക്തി മലയാളക്കരയില്‍ പ്രചരിപ്പിച്ച പി. എസ്. ഗോപിനാഥന്‍ നായര്‍, കൂടാതെ കാസര്‍ക്കോട്ട് എന്‍ഡോസള്‍ഫാന്‍ വിഷ മഴയില്‍ ഇരകളായി ഇല്ലാതായ കുമാരന്‍ മാഷടക്കം നിരവധി പേര്‍, ഞങ്ങളുടെ അശ്രദ്ധ കൊണ്ട് മാത്രം വിട്ടു പോയ മറ്റുള്ളവര്‍, പ്രാദേശികമായി ചെറുത്തു നില്‍പ്പുകള്‍ നടത്തി മണ്മറഞ്ഞ  അതാത് മേഖലകളിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍, പരിസ്ഥിതി ദുരന്തങ്ങളില്‍ ഇരയായവര്‍ക്കും   എല്ലാവരുടെയും പാവന സ്മരണക്ക് മുമ്പില്‍ ഈ ലോക പരിസ്ഥിതി ദിനത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.