പ്രബുദ്ധരായ മലയാളികളെയാണ് പറ്റിക്കുവാന്‍ ഏറ്റവും എളുപ്പമെന്നു മനസിലാക്കിയ തട്ടിപ്പുകാര്‍ കേരളത്തിലെ പണം യഥേഷ്ടം കടത്തി കൊണ്ടു പോകുന്നു. ഏകദേശം ആയിരം കോടി രൂപ മണി ചെയിന്‍ തട്ടിപ്പിലൂടെ തട്ടിയെടുത്തു എന്നാണു ഡി. ജി. പി. ജേക്കബ് പുന്നൂസ് വ്യക്തമാക്കിയത്. ആട്, തേക്ക്, മാഞ്ചിയം, ഫ്ലാറ്റ് തുടങ്ങി ഇതിനകം നിരവധി തട്ടിപ്പുകള്‍ പുറത്തായിട്ടും വീണ്ടും വീണ്ടും പുതിയ തട്ടിപ്പുകളില്‍ ചെന്ന് ചാടുന്ന മലയാളി എത്ര കണ്ടാലും കൊണ്ടാലും അനുഭവിച്ചാലും മനസിലാക്കുന്നവരെല്ലെന്നു ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു. നാണക്കേട് ഓര്‍ത്ത് പലരും ഇക്കാര്യം പുറത്ത് പറയാതെ യിരിക്കുകയാണ്.
എന്നാല്‍ ഇതിന്റെ മറ്റൊരു വശം ഭീകരമാണ്. എങ്ങിനെയെങ്കിലും പണമുണ്ടാക്കുക എന്ന ആര്‍ത്തി മലയാളിയെ അടക്കി വാഴുകയാണോ? അദ്ധ്വാനിച്ച് പണമുണ്ടാക്കുക എന്ന ധാര്‍മ്മിക കാഴ്ചപ്പാട് നമ്മളില്‍ നിന്നും ചോര്‍ന്നു പോകുകയാണോ? ഈയിടെ പുറത്ത് വന്ന ചില വാര്‍ത്തകള്‍ അത്ര ഗുണകരമല്ല. സാമ്പത്തിക അച്ചടക്കം പാലിക്കാതെ ആഡംബര ജീവിതത്തെ തലയിലേറ്റി എല്ലാം ഇല്ലാതാക്കുന്ന ചിലര്‍, ആഡംബര ഭ്രമത്തില്‍ കടം കുന്നു കയറുമ്പോള്‍ തന്റെ കുഞ്ഞുങ്ങളെ ഒരു ദാക്ഷിണ്യവും ഇല്ലാതെ കൊന്നു കൊണ്ട് ആത്മഹത്യ ചെയ്യുന്നവര്‍, എങ്ങിനെയെങ്കിലും പണമുണ്ടാക്കാന്‍ കൂടപ്പിറപ്പിനെ പോലും വിറ്റു വില പേശുന്നവര്‍, പണമിരട്ടിപ്പിക്കാന്‍ പുതിയ തന്ത്രങ്ങളുമായി എത്തുന്ന മണി ചെയിന്‍ പോലുള്ള തട്ടിപ്പുകള്‍, ഫ്ലാറ്റ് തട്ടിപ്പ് ഇങ്ങനെ നീളുന്നു വിവിധ തട്ടിപ്പുകളും മലയാളിയുടെ ജീവിതവും.
മണി ചെയ്യിന്‍ രീതിയിലുള്ള തട്ടിപ്പ് സംസ്ഥാനത്തിന്റെ വടക്കന്‍ ജില്ലകളില്‍ വ്യാപകമായിട്ടുള്ളതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഇതു സംബന്ധിച്ച് നിരവധി പരാതികള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്. വയനാട്, കോഴിക്കോട് മലപ്പുറം ജില്ലകളിലാണ് ഇത്തരം തട്ടിപ്പുകള്‍ ഏറെയും. ടൈക്കൂണ്‍, ബിസേര്‍ തുടങ്ങിയ കമ്പനികള്‍ നടത്തിയ തട്ടിപ്പ് പുറത്തു വന്നതോടെയാണ് ഇത്തരം സംഘങ്ങളെ കുറിച്ചുള്ള പരാതികള്‍ പലതും പുറത്തു വന്നതും പോലീസ് അന്വേഷണം തുടങ്ങിയതും. പി. സി. എല്‍., ആര്‍. എം. പി. തുടങ്ങിയ കമ്പനികളില്‍ പോലീസ് പരിശോധന നടത്തി രേഖകള്‍ പിടിച്ചെടുത്തതായി അറിയുന്നു.
1978-ല്‍ കൊണ്ടു വന്ന പ്രൈസ് ചിറ്റ്സ് ആന്റ് മണി സര്‍ക്കുലേഷന്‍ ബാനിങ്ങ് ആക്ടില്‍ ഇത്തരം പ്രവര്‍ത്തനങ്ങളെ കുറിച്ച് കൃത്യമായി പ്രതിപാതിക്കുന്നുണ്ട്. ഈ ആക്ടിന്റെ ലംഘനമായി വരുന്ന കാര്യങ്ങള്‍ ചെയ്യുന്നത് കുറ്റകരവുമാണ്. എന്നാല്‍ നേരിട്ടു തന്നെ നിയമ ലംഘനം നടത്തിയും അല്ലെങ്കില്‍ മറ്റേതെങ്കിലും ഉല്‍പ്പന്നങ്ങളുടെ മറ പിടിച്ചുമാണ് വിവിധ കമ്പനികള്‍ യഥേഷ്ടം തട്ടിപ്പു നടത്തുന്നത്. ഉല്‍പ്പന്നങ്ങള്‍ നേരിട്ടു മാര്‍ക്കറ്റില്‍ വില്‍ക്കാമെന്നിരിക്കെ അത് മള്‍ട്ടി ലെവല്‍ ബിസിനസ്സാക്കി മാറ്റി അതിന്റെ മറവില്‍ തട്ടിപ്പു നടത്തുന്ന രീതിയാണ് വ്യാപകമായുള്ളത്.
വീട്ടമ്മാരും ചെറുപ്പക്കാരും നിശ്ചിത വരുമാനം ലഭിക്കുന്നവരുമാണ് ഇത്തരം തട്ടിപ്പുകളില്‍ അധികവും കുടുങ്ങുന്നത്. ഒഴിവു സമയങ്ങളില്‍ അധിക വരുമാനം കണ്ടെത്തുവാനുള്ള എളുപ്പ വഴിയെന്ന രീതിയിലായിരിക്കും കമ്പനിയുടെ പ്രതിനിധികള്‍ ഇവരെ സമീപിക്കുക. വശ്യമായ രീതിയില്‍ സംസാരിക്കുന്ന ഏജന്റുമാര്‍ പ്രാഥമികമായ ‘ബോധവല്‍ക്കരണത്തിനു’ ശേഷം ഇവരെ കമ്പനിയുടെ മീറ്റിങ്ങില്‍ പങ്കെടുക്കുവാന്‍ ക്ഷണിക്കും. ആഡംഭര പൂര്‍ണ്ണമായ രീതിയില്‍ വലിയ ഹോട്ടലുകളിലും മറ്റും ആയിരിക്കും ഇത്തരം മീറ്റിങ്ങുകള്‍ സംഘടിപ്പിക്കുക. അതിഥികളായി സിനിമാ താരങ്ങളേയും മറ്റും പങ്കെടുപ്പിച്ചെന്നുമിരിക്കും. കൂടാതെ സമൂഹത്തില്‍ അറിയപ്പെടുന്നവരെ പ്രചാരകരാക്കിയും ഇത്തരം യോഗങ്ങളില്‍ പങ്കെടുപ്പിച്ചും പൊതു ജനങ്ങളില്‍ വിശ്വാസ്യത വരുത്തുന്നു.
മണി ചെയിന്‍ സ്വഭാവത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ നടത്തുന്ന തട്ടിപ്പിന് കൂട്ടു നില്‍ക്കുന്നവര്‍ സ്വയം വഞ്ചിക്കുക മാത്രമല്ല അടുത്ത സുഹൃത്തുക്കളേയും ബന്ധുക്കളേയും കൂടെ ചതിവില്‍ പെടുത്തുകയുമാണ് ചെയ്യുന്നത്. അറിയാതെ തന്നെ ഇവര്‍ക്ക് സമൂഹത്തില്‍ ഒരു തട്ടിപ്പുകാരന്റെ ഇമേജ് വന്നു ചേരുകയും ചെയ്യുന്നു.
അറിവും അനുഭവവും എത്ര മാത്രം ഉണ്ടായാലും മനുഷ്യന് ധനത്തോടുള്ള ആര്‍ത്തിയെ അതിജീവിക്കുവാന്‍ കഴിയില്ലെന്ന ഉത്തമ വിശ്വാസമാണ് മള്‍ട്ടി ലെവല്‍ തട്ടിപ്പു സംരംഭങ്ങള്‍ക്ക് പ്രചോദനമാകുന്നത്. ഒന്നര വര്‍ഷം മുമ്പ് ടോട്ടല്‍ ഫോര്‍ യു തട്ടിപ്പിന്റെ കഥകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു. അതില്‍ പെട്ട് ഉള്ള സമ്പാദ്യം മുഴുവന്‍ നഷ്ടപ്പെട്ടവരുടെ വിലാപങ്ങള്‍ മലയാളിയുടെ മനസ്സില്‍ നിന്നും ഇനിയും മാഞ്ഞിട്ടില്ല. ഇതിനു മുമ്പും ശേഷവും തട്ടിപ്പുകള്‍ കേരളത്തില്‍ അരങ്ങേറിയിട്ടുണ്ട്. അതില്‍ പലതും പൊതു സമൂഹത്തിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. എന്നിട്ടും ഫ്ലാറ്റ് തട്ടിപ്പും, ബിസയര്‍, ടൈക്കൂണ്‍ തുടങ്ങിയ മള്‍ട്ടി ലെവല്‍ തട്ടിപ്പും നടത്തി മലയാളിയുടെ കോടിക്കണക്കിനു രൂപ ചിലര്‍ തട്ടിയെടുത്തിരിക്കുന്നു.
അമേരിക്കന്‍ ഉല്പന്നങ്ങള്‍ ഗുണ നിലവാരം ഉള്ളവയാണെന്നും കമ്പനി അത്തരം ഉല്പന്നങ്ങളാണ് ഇടത്തട്ടുകാരെയും പരസ്യക്കാരെയും ഒഴിവാക്കി ഡയറക്ട് മാര്‍ക്കറ്റിങ്ങിലൂടെ നിങ്ങളില്‍ എത്തിക്കുന്നതെന്നും പലരും അവകാശപ്പെടാറുണ്ട്. എന്നാല്‍ ഡയറക്ട് മാര്‍ക്കറ്റിങ്ങിന്റെ പേരില്‍ മണി ചെയിന്‍ / പിരമിഡ് സ്കീമിന്റെ ആവശ്യം എന്തിനാണെന്ന് പലരും ചോദിക്കാന്‍ വിട്ടു പോകുന്നു. ഉപഭോക്താവ് ഒരു ഉല്പന്നം വാങ്ങുന്നതിനോടൊപ്പം അവരുടെ ചങ്ങലയിലേക്ക് ആളുകളെ ചേര്‍ക്കുകയും വേണം എന്നതിന് എന്തു ന്യായം? കൌതുക കരമായ ഒരു കാര്യം അമേരിക്കയില്‍ ഇത്തരം മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ്ങ് കമ്പനികള്‍ പലതും കോടതി കയറി കൊണ്ടിരിക്കുകയാണ് എന്നതാണ്.
ചതിയുടെ കണ്ണികള്‍ ഒന്നൊന്നായി സമൂഹത്തില്‍ പടര്‍ത്തുന്നതില്‍ പിരമിഡ് സിസ്റ്റത്തില്‍ അംഗത്വം സ്വീകരിക്കുന്ന ഓരോരുത്തരും സ്വയം പങ്കാളികളാകുകയാണ് ചെയ്യുന്നത്. ഒരു സാമൂഹിക വിപത്തിനെ ചെറുക്കുക എന്നത് ഏതോരു പൌരനും സമൂഹത്തോടുള്ള ഉത്തരവാദിത്വവുമാണ്.
പ്രബുദ്ധതയുടെ പേരില്‍ നാം മറ്റുള്ളവരുടെ മുന്നില്‍ തലയുയര്‍ത്തി നില്‍ക്കുന്നവരാണ്. എന്നാല്‍ മലയാളി കൂടുതല്‍ കൂടുതല്‍ താഴ്ചയിലേക്ക് വീണു കൊണ്ടിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യം ഇനിയെങ്കിലും തിരിച്ചറിഞ്ഞില്ലെങ്കില്‍ നാം നമ്മുടെയെന്നു അവകാശപ്പെട്ടിരുന്ന പല ഗുണങ്ങളും ഇല്ലാതാകും എന്ന സത്യം ഇതിനോട് ചേര്‍ത്ത് വായിക്കണം. ‘വെയ് രാജ വെയ് ‘ എന്ന വാചക കസര്‍ത്തില്‍ എത്ര പെട്ടെന്നാണ് നാം വീണ് പോകുന്നത്?
No comments:
Post a Comment