Monday 12 August 2013

മുല്ലപ്പൂ കരിഞ്ഞ്, വസന്തം വിരിയാതെ?

ലേഖനം


റെ വാഴ്ത്തപ്പെട്ട മുല്ലപ്പൂവിപ്ലവം ഒട്ടും സുഗന്ധം പരത്താതെ വാടി ഉണങ്ങി, ഇപ്പോള്‍ കരിഞ്ഞിരിക്കുന്നു. ടുണീഷ്യയിലെ ഒരു തെരുവുകച്ചവടക്കാരന്‍ കാണിച്ച ധീരമായ ചെറുത്തുനില്പ്, പ്രതിഷേധം, അയാളുടെ ജീവന്‍ നല്കികൊണ്ടായിരുന്നു അതിന്റെ തുടക്കം. അറബ് മണ്ണില്‍ പുതുചരിത്രമെഴുതുന്നതായിരുന്നു ഈ ആത്മഹത്യ. പതിറ്റാണ്ടുകളായി ഏകാധിപത്യത്തിന്റെ തടവില്‍ കഴിഞ്ഞിരുന്ന ആഫ്രിക്കന്‍ അറബ് രാജ്യങ്ങളിലെ ഭരണകൂടങ്ങളുടെ ആണികല്ലിലിളക്കാന്‍ ഈ ആത്മഹത്യ ഒരു കാരണമായി. പല ഭരണകര്‍ത്താക്കളുടെയും പതിറ്റാണ്ടുകളായുള്ള അധികാരം തെറിപ്പിച്ച് കാലങ്ങളായി ഒരു വന്യമൃഗത്തിന്റെ ആമാശയത്തിനുള്ളിലെന്നപോലെ കഴിഞ്ഞ ഒരു ജനതയെ തുറസ്സായ ഒരു സ്ഥലത്തേക്ക് തുറന്നുവിടാന്‍ സഹായിച്ചു. പക്ഷെ ആ തുറന്നുവിടലിന് എത്രകണ്ടു ഫലപ്രാപ്തികിട്ടി എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.
ഏറെ പ്രതീക്ഷയോടെ കണ്ട മുല്ലപ്പൂവിപ്ലവം എത്ര പെട്ടെന്നാണ് വഴിമാറി നടന്നത്. ഈ വിപ്ലവം എത്രമാത്രം മുന്നോട്ട് കൊണ്ടുപോകാന്‍കഴിഞ്ഞു എന്ന് പരിശോധിച്ചാല്‍ കൃത്യമായ ഒരു ആശയത്തിന്റെ പിന്‍ബലമില്ലായ്മ കാണാന്‍ കഴിയും. അസംതൃപ്തരായ ജനപഥം അവരുടെ വൈകാരികതലത്തില്‍ ഉണ്ടായ പ്രതിഷേധം എന്നതിലുപരി മുന്നോട്ട് പോയോ എന്ന് സംശയമാണ്. മാത്രമല്ല ഈ മുല്ലപ്പൂവിപ്ലവം കഴിഞ്ഞ പലയിടത്തും അധികാരം ലഭിച്ചവര്‍ ഇനി ജനാധിപത്യം നിലനിര്‍ത്താന്‍ പാകത്തില്‍ ഉള്ളവരാകുമോ? ഇക്കാര്യത്തില്‍ നിലനിന്നിരുന്ന സംശയം ശരിവെക്കുന്ന തരത്തിലാണ് പിന്നീട് കാര്യങ്ങള്‍ നീങ്ങിയത്. അതിനു ഈജിപ്തിലെ മാത്രം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. തഹ്രീര്‍ ചത്വരത്തില്‍ എത്തുമ്പോള്‍ ആ വിപ്ലവത്തിന് പുതിയ മാനം വന്നു. സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘം മാസങ്ങള്‍ തഹ്രീര്‍ ചത്വരത്തില്‍ താമസിച്ച് നടത്തിയ സമരം ഹുസ്നി മുബാറക്‌ എന്ന ഏകാധിപതിയെ അധികാരക്കസേരയില്‍നിന്നും പുറത്താക്കുംവരെ എത്തി. പിന്നീട് അവിടെ സംഭവിച്ചത് ജനാധിപത്യമാര്‍ഗ്ഗത്തിലൂടെ ആണെങ്കിലും കൂടുതല്‍ മതാധിഷ്ടിതമായ കക്ഷി ഭരണത്തില്‍ മേല്‍ക്കൈ നേടുന്നു. എന്നാല്‍ അതോടെയും ജനങ്ങള്‍ തൃപ്തരാകുന്നില്ല അതുകൊണ്ട് തന്നെ ബ്രദര്‍ഹുഡിന്റെ രാഷ്ട്രീയപ്രസ്ഥാനമായ ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടിയുടെ നേതാവായ മുഹമ്മദ്‌ മുര്‍സിക്ക് പ്രസിഡണ്ട്‌ സ്ഥാനം ഏറെക്കാലം നിലനിര്‍ത്താന്‍ ആയില്ല. ഇപ്പോള്‍ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട് തടങ്കലില്‍ കഴിയുന്ന ഈജിപ്ഷ്യന്‍ പ്രസിഡണ്ട് മുഹമ്മദ് മുര്‍സിക്കെതിരെ ക്രിമിനല്‍ അന്വേഷണം നടത്തുമെന്ന് പ്രോസിക്യൂട്ടര്‍ അറിയിച്ചിരിക്കുകയാണ്. ചാരപ്രവര്‍ത്തനം, അക്രമത്തിന് പ്രേരിപ്പിക്കല്‍, രാജ്യത്തിന്റെ സാമ്പത്തികത്തകര്‍ച്ച തുടങ്ങിയ പരാതികളിലാണ് അന്വേഷണം നടക്കുന്നത്. ഹുസ്നി മുബാറക്കിനുവന്ന അതേ അവസ്ഥ ഇന്ന് മുഹമ്മദ് മുര്‍സിക്കും സംഭവിച്ചിരിക്കുന്നു. എന്നാല്‍ മുര്‍സിഅനുകൂലികള്‍ വെറുതെ ഇരിക്കുന്നില്ല. ഈ പട്ടാളഅട്ടിമാറിക്കെതിരെ അവരും പ്രക്ഷോഭം ആരംഭിച്ചിരിക്കുന്നു.
ചുരുക്കിപ്പറഞ്ഞാല്‍ ഒരു ഏകാധിപതിയുടെ തകര്‍ച്ച കൊണ്ടൊന്നും ഈജിപ്തില്‍ ജനാധിപത്യം തിരിച്ചെത്തിയില്ല. ഒപ്പം സമാധാനവും. എന്തുകൊണ്ടാണ് ഈജിപ്തില്‍ മുല്ലപ്പൂവിപ്ലവം സുഗന്ധം പരത്താതെ പോയത്? തികച്ചും ഒരു ആശയത്തിന്റെ പിന്തുണ ഇല്ലായ്മ ഈജിപ്തിനെ പിടിച്ചുലക്കുന്നുണ്ട്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പലയിടത്തും ഈ പ്രശ്നം നേരിടുന്നു. ഒരു ഭരണകൂടത്തെ കടപുഴക്കിക്കളഞ്ഞുവെങ്കിലും കേവലം കുറെ ജനങ്ങള്‍ ഒത്തുകൂടിയാല്‍ മാത്രം അതിനെ വിജയകരമായ ഒരു നീക്കം എന്ന് പറയാന്‍ കഴിയില്ല.
സോഷ്യല്‍ നെറ്റ് വര്‍ക്കിലൂടെ പ്രചരിപ്പിക്കപ്പെട്ട ആശയങ്ങളാണ് ഇവരുടെ പിന്തുണയും ശക്തിയും. എന്നാല്‍ ഇതേ സോഷ്യല്‍ നെറ്റ് വര്‍ക്കിനെത്തന്നെ നിയന്ത്രിക്കുന്നത് സാമ്രാജ്യത്വരാജ്യങ്ങളാണ് എന്ന സത്യം മറച്ചു വെക്കുന്നില്ല. (ഈ വല പലപ്പോഴും അവരുടെ കയ്യില്‍ നിന്നും പൊട്ടിപ്പോയിട്ടുമുണ്ട്.) പക്ഷെ ഇത് മാത്രം ഒരു ആശയരൂപീകരണത്തിനു തക്ക കാരണമല്ല. അവിടെ വ്യക്തമായ രാഷ്ട്രീയം ഉരുത്തിരിയണം. ജനാധിപത്യം ഉണ്ടാകണം. നിലവില്‍ മുല്ലപ്പൂവിപ്ലവം അരങ്ങേറിയ ഒരിടത്തും അതുണ്ടായില്ല എന്നതാണ് സത്യം. അതുകൊണ്ടാണ് വലിയ വസന്തം വിരിച്ച്‌ ഉണ്ടായ മുല്ലപ്പൂ വളരെ പെട്ടന്ന് വാടിക്കരിഞ്ഞത്.
ലിബിയയില്‍ ഇപ്പോഴും മുറിവുണങ്ങിയിട്ടില്ല, യമനിലും ടുണീഷ്യയിലും സമാന സ്ഥിതിയില്‍ കാര്യമായ പുരോഗതി കൈവരിച്ചിട്ടില്ല. എന്നിവിടങ്ങളിലെല്ലാം ഈ അലയൊലി കൃത്യമായ മാറ്റങ്ങള്‍ക്കു വഴിവെച്ചു. അതില്‍ ലിബിയയില്‍ ഉണ്ടായത്‌ ഒരു അധിനിവേശം തന്നെയായിരുന്നു. അതിനായി ആ രാജ്യത്തെ അസംതൃപ്തരായ ജനതയെ അമേരിക്ക വളരെ കൃത്യമായി ഉപയോഗിക്കുകയായിരുന്നു. അവരെക്കൊണ്ടുതന്നെ ഭരണാധികാരിയെ കൊല്ലിച്ചു. സിറിയയില്‍ ഇപ്പോഴും ചോരപ്പുഴ ഒഴുകിക്കൊണ്ടിരിക്കുന്നു. ബഷറുല്‍ അസദ് എന്ന ഏകാധിപതിയെ തളയ്ക്കാന്‍ വിമതര്ക്കും കഴിഞ്ഞിട്ടില്ല. കത്തുന്ന സിറിയയില്‍ സമാധാനത്തിന്റെ ഒരു തിരിയും ഇതുവരെ തെളിഞ്ഞിട്ടില്ല. മൂന്നുവര്‍ഷമായിഒരു രാജ്യം ആഭ്യന്തരയുദ്ധത്തില്‍ വീര്‍പ്പുമുട്ടുന്നു. ദിനംപ്രതി നൂറുകണക്കിന് പേര്‍ തോക്കിനിരയാകുന്നു. കടുത്ത സാമ്പത്തികമാന്ദ്യം ഉണ്ടായ ഈ സമയത്ത്‌ ലോകത്താകമാനം പുതിയ വിപ്ലവചിന്തകള്‍ ഉണ്ടാകുന്നു എന്നത് ആശാവഹമാണ്. വാള്‍ സ്ട്രീറ്റില്‍ നടന്ന സമരമുറ ആ അര്‍ത്ഥത്തില്‍ പുതുപ്രതീക്ഷകള്‍ തന്നുവെങ്കിലും മുതലാളിത്തകവാടത്തിനെ തച്ചുതകര്‍ക്കാന്‍ പാകത്തില്‍ ആ വിപ്ലവവും വളര്ന്നില്ല. മുതലാളിത്തത്തിന്റെ വികലമായ നയങ്ങള്‍ ജനങ്ങള്‍ക്ക്‌ പൊറുതിമുട്ടുന്ന തരത്തില്‍ ആയപ്പോഴാണ് ജനങ്ങള്‍ തന്നെ തെരുവില്‍ ഇറങ്ങാന്‍ തയ്യാറായത്‌. ഇതിന്റെയെല്ലാം പ്രചോദനം അറബുദേശങ്ങളില്‍ ഉരിത്തിരിഞ്ഞു വന്ന മുല്ലപ്പൂവിപ്ലവത്തില്‍ നിന്നാണ് എന്ന കാര്യത്തില്‍ സംശയം ഇല്ല.
എന്നാല്‍ എവിടെയും കൃത്യമായ ലക്ഷ്യപ്രാപ്തിയില്‍ ഏത്താതെയാണ് ഈ വസന്തം പെട്ടെന്ന് ഇല്ലാതായത്. ഈ വിപ്ലവത്തിന്റെ പ്രധാനഗുണം ഏകാധിപതികളുടെ കാലം കഴിഞ്ഞെന്നും തെളിയിക്കപ്പെട്ടിരിക്കുന്നു എന്നതായിരുന്നു എങ്കിലും. കൃത്യമായ ഒരു ആശയരൂപീകരണത്തിലൂടെ മാത്രമേ ലോകം മുന്നോട്ട് നയിക്കപ്പെടാന്‍ സാധിക്കൂ. അതില്‍ ഭൂമിയുടെ രാഷ്ട്രീയം കൃത്യമായി ഉള്‍പ്പെടുകയും വേണം. ഈ വാടിയ മുല്ലപ്പൂ വീണ്ടും വസന്തം വിരിക്കാന്‍ ഉതകുന്ന തരത്തില്‍ ഒരു ജനാധിപത്യചിന്ത വളരാന്‍ കഴിയണം. അതുണ്ടായില്ല എന്ന് മാത്രമല്ല മിക്കയിടത്തും അരക്ഷിതാവസ്ഥ നിലനിര്‍ത്തി. എന്നും സമധാനം പിറക്കാതെ ഇറാഖും എന്നും ചോരക്കഥകള്‍ പറയുന്ന പലസ്തീനും ഈ ചുറ്റുവട്ടത്ത് ഉണ്ട്. മനുഷ്യന്റെ വിലയറിയുന്ന ഭരണാധികാരികള്‍ ഇങ്ങനെ പല രാജ്യങ്ങളിലും ഇല്ലാത്തതിനാല്‍ അടിച്ചമര്‍ത്തലുകള്‍ അധിനിവേശങ്ങള്‍ തുടര്‍ക്കഥയാകുന്നു. ഇടയ്ക്ക് ഇതുപോലെ പാതി വിരിഞ്ഞു കരിഞ്ഞു വീഴുന്ന വിപ്ലവങ്ങള്‍ മാത്രം. ലോകത്തെ ചോരക്കളമാക്കുന്നതില്‍ നിന്നും പിന്തിരിയാതെ ചിലര്‍ ലോകത്തിന്റെ ചക്രം തിരിക്കുന്നു. അതിനിടയില്‍ ഏറെ വാഴ്ത്തപെട്ട മുല്ലപ്പൂവിപ്ലവം ഒട്ടും സുഗന്ധം പരത്താതെ വാടി ഉണങ്ങി ഇപ്പോഴിതാ കരിഞ്ഞിരിക്കുന്നു.
===============================================

ചിന്ത ഡോട്ട് കോമിലെ തര്ജ്ജനി വെബ് മാഗസിനിൽ വന്ന ലേഖനം

Saturday 10 August 2013

"വിങ്ങലോടെ, തിരിച്ച്, ഒറ്റയ്ക്ക്"

 സിനിമ

 
ഹജ്ജ് കഴിഞ്ഞ് ഓരോരുത്തരായി തിരിച്ചു വരുന്നതും നോക്കി റിഡ കാത്തിരിക്കുകയാണ്. അവിടെ നിന്നും പരിച്ചയപെട്ടവരും കൂടെ പോയവരും എല്ലാവരും തിരുവന്നിട്ടും പിതാവ് മാത്രം തിരിച്ചു വരുന്നില്ല. അവന്‍ കാത്തിരുപ്പ് അവസാനിപ്പിച്ചു മക്കയിലേക്ക് തിരിക്കുന്നു. തിരക്കുകള്‍ക്കിടയില്‍ അവന്‍ പിതാവിനെ തിരക്കുയാണ്. തിരക്കിന്‍ അവന്‍ അസ്വസ്ഥനാകുന്നു. പട്ടാളം അവനെ തിരക്കില്‍ നിന്നും പിടിച്ചു കൊണ്ടുപോകുന്നു. അവസാനം അവനെ അവര്‍ തണുത്തുറഞ്ഞ മോര്‍ച്ചറിയിലേക്ക് കൊണ്ട് പോയത്. വെള്ള പുതച്ച മയ്യെത്തുകള്ക്കിടയിലേക്ക് എന്നതിനാണ് കൊണ്ടുവന്നതെന്ന് റിഡക്ക് മനസിലാകുന്നില്ല. എന്നാല്‍ അതിലെ ഒരു വെളുത്ത തുണിക്കടിയില്‍ തണുത്തുറഞ്ഞു തന്റെ പിതാവ് ഉണ്ടെന്നറിയുന്നതോടെ അവന്‍ ആകെ തളരുന്നു തൊട്ടടുത്ത ദിവസം വരെ താന്‍ ഏറെ ശല്യം ചെയ്തിരുന്ന ബാപ്പയുടെ ശരീരം ഇപ്പോള്‍ അനക്കമില്ലാതെ!
രു അച്ഛനും മകനും തമ്മിലുള്ള തീവ്രമായ ബന്ധത്തിന്റെ കഥ പറയുന്ന ഇസ്മില്‍ ഫറൂക്കിയുടെ ദി ഗ്രാന്‍ഡ്‌ വോയേജ് എന്ന മൊറോക്കന്‍ ഫ്രഞ്ച് ചിത്രം നല്കുന്ന സന്ദേശം വളരെ വലുതാണ് വിശുദ്ധ തീര്‍ത്ഥാടനമായ ഹജ്ജിനായി തെക്കന്‍ ഫ്രാന്‌സി്ല്‍ നിന്നും കാറില്‍ പുറപ്പെടുന്നതോടെയാണ് സിനിമ ആരംഭിക്കുന്നത്. നിരവധി രാജ്യങ്ങള്‍ കടന്ന് ആയിരക്കണക്കിന് മൈലുകള്‍ താണ്ടിയാലെ മക്കയിലെത്തൂ. കഠിനമായ ഈ തീര്ഥാടനം ഒരു മുസല്മാനെ സംബന്ധിച്ച് വളരെ പ്രധാനപെട്ടതും അവന്റെ ജീവിത ലക്ഷ്യങ്ങളില്‍ ഒന്നുമാണ്. ഇവിടെ പിതാവിന്റെ തീരുമാനത്തെ കുടുംബത്തിന്റെ പിന്തുണയുണ്ട് എങ്കിലും കാറിലാണ് യാത്ര എന്നതിനാല്‍ അവര്‍ക്ക് ഭയമുണ്ട് മാത്രമല്ല പിതാവിന്റെ ആരോഗ്യസ്ഥിതി മോശവുമാണ്. തന്റെ മൂത്ത മകനുമായി യാത്രക്കൊരുങ്ങിയത് എങ്കിലും യാത്രാരേഖകള്‍ ശരിയാകാതതിനാല്‍ താഴെയുള്ള കൌമാരക്കാരനായ റിഡ എന്ന മകനുമായാണ് പിതാവ് വിശുദ്ധ യാത്രക്കൊരുങ്ങിയത്. എന്നാല്‍ ഇങ്ങനെ ഒരു യാത്രക്ക് തന്നെ പിതാവ് തെരഞ്ഞെടുത്തതില്‍ അവന്‍ ഒട്ടും തൃപ്തനല്ല. കുടുംബത്തിന്റെ നിര്ബന്ധത്തിനു വഴങ്ങി അവനും യാത്രയില്‍ പങ്കാളിയാകുന്നു. പഴയ ഒരു കാറില്‍ അവര്‍ യാത്ര തിരിക്കുകയാണ്.

വിവിധ അതിര്‍ത്തികള്‍ താണ്ടിയുള്ള യാത്രയില്‍ അച്ഛനും മകനും തമ്മിലുള്ള തര്‍ക്കങ്ങള്‍, തന്നെ ഇതിനു വലിച്ചിഴച്ചു കൊണ്ടുവന്നതിലുള്ള നീരസം എല്ലാം പ്രകടമാണ്. പിതാവ് അപ്പോഴൊക്കെ ഈ യാത്രയുടെ പരിശുദ്ധിയെ പറ്റി ഓര്‍മ്മിപ്പിക്കുന്നുണ്ട്. കടുത്ത തണുപ്പില്‍ രാത്രി റോഡരികില്‍ രാത്രിവിശ്രമത്തിനായി നിര്‍ത്തിയിടുമ്പോള്‍ ഇരുട്ടിന്റെ മൂടല്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാല്‍ നേരം പുലര്ന്നതോടെ കാറിനെ മുഴുവന്‍ മഞ്ഞുമൂടികഴിഞ്ഞിരുന്നു. അകത്ത് പിതാവ് ശ്വാസം കിട്ടാന്‍ ബുദ്ധിമുട്ടുന്നത് അവന്‍ കാണുകയാണ് ഉടനെ പിതാവിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ അവന്‍ ശ്രമിക്കുകയാണ് അപ്പോള്‍ അവന്റെ ഉള്ളില ഉറഞ്ഞു കിടക്കുന്ന സ്‌നേഹം നാം തിരിച്ചറിയുന്നു. യാത്രക്കിടയില്‍ സ്വയം പരിചയപ്പെടുത്തി കയറുന്ന യാത്രക്കാരന്റെ സ്വഭാവത്തില്‍ എന്തോ പന്തികേടുണ്ടെന്ന് പിതാവ് മനസിലാക്കുന്നു. എന്നാല്‍ അപ്പോഴേക്കും വാചക കാസര്ത്തിലൂടെ മകനെ അയാള് കയ്യിലെടുത്തു കഴിഞ്ഞിരുന്നു. അവസാനം മകനെ അനാശ്യകേന്ദ്രം വരെ കൂടികൊണ്ടുപോന്നതും പിതാവ് അറിയുന്നു ഉടനെ പിതാവ് അവനെ അടിക്കുകയാണ് രണ്ടു പേരും വിഷമിച്ചു ആ രാത്രി കഴിച്ചു കൂട്ടുന്നു നേരം പുലര്‍ന്നപ്പോള്‍ അറിയുന്നത് തങ്ങളുടെ പണമെല്ലാം അയാള് മോഷിടിച്ചു കൊണ്ടുപോയി എന്നാണ്. പിതാവിന്റെ വാക്കുക്കള്‍ കേള്‍ക്കാതെ താന്‍ കാണിച്ച തെറ്റുകളില്‍ അവന്‍ പശ്ചാതപിക്കുന്നുണ്ട്. തന്റെ പ്രണയിനിയെ ബന്ധപ്പെടാനുള്ള മൊബൈല്‍ അവനറിയാതെ പിതാവ് വലിച്ചെറിയുന്നു യാത്രക്കിടയിലെവിടെയോ ആ മൊബൈല്‍ അനാഥമായി കിടക്കുന്നുണ്ട് എന്ന് അവന്‍ അറിയുന്നില്ല. അവന്റെ തിരച്ചി ലുകള്‍ക്കൊടുവില്‍ അക്കാര്യം പിതാവ് അവനോട പറയുന്നു. അവന്‍ ഏറെ കുപിതനാകുന്നുണ്ട് ഇങ്ങനെ ഇണങ്ങിയും പിണങ്ങിയും ആണ് യാത്ര. ഒരു വൃദ്ധയോട് വഴി ചോദിച്ചപ്പോള്‍ അവര്‍ ഒന്നും മിണ്ടാതെ വണ്ടിയില്‍ കയറുന്നുണ്ട് ചെക്ക് പോസ്റ്റില്‍ എത്തിയപ്പോള്‍ അവര്‍ സ്വയം അപ്രതക്ഷ്യമാകുകയും ചെക്ക് പോസ്റ്റ് താണ്ടി അവര്‍ പോന്നപ്പോള്‍ വീണ്ടും പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു അതിര്‍ത്തികള്‍ താണ്ടാന്‍ അഭയാര്‍ഥികള്‍ ഇങ്ങനെ പല വിദ്യകളും കാണിക്കാറുണ്ട്. എന്നാല്‍ അവര്‍ ഒന്നും പറയുന്നില്ല. നേരെ പോകാനുള്ള കൈകൊണ്ടുള്ള അക്ഷാന്‍ മാത്രം....
റിഡയും പിതാവും ഒരിടത്ത് വിശ്രമിക്കുമ്പോള്‍ അവന്‍ പിതാവിനോട് ചോദിക്കുന്നുണ്ട്. 'എന്തിനാണ് നമ്മള്‍ ഇങ്ങനെ കഷ്ടപ്പെട്ട് കാറില്‍ വന്നത് വിമാനത്തില്‍ വന്നിരുന്നെങ്കില്‍ എത്ര സുഖമായിരുന്നു' എന്ന്. പിതാവ് ഒന്ന് ചിരിക്കുന്നു. 'മകനെ യാത്ര ചെയ്യാന്‍ നിനക്കൊരു കുതിരയുണ്ട് എങ്കിലും നടന്നാണ് ഹജ്ജിനു പോകാന്‍ കഴിയുക എങ്കില്‍ അതാണ് കൂടുതല്‍ ഉത്തമം, എന്നാല്‍ നിനക്കൊരു കാറുണ്ട് എങ്കിലും കുതിരയില്‍ പോകുന്നതാണ് കൂടുതല്‍ കൂടുതല്‍ ഉത്തമം. എന്നാല്‍ നിനക്ക് പോകാന്‍ വിമാനം തയ്യാറാണ് എങ്കിലും കാറില്‍ പോകുന്നതാണ് കൂടുതല്‍ ഉത്തമം.' പിതാവിന്റെ മറുപടി മകനെ ഏറെനേരം ചിന്തിപ്പിക്കുന്നു. ബാപ്പയും മകനും തമ്മിലുള്ള സംഘര്ഷം ക്രമേണ കുറയുന്നു. മക്ക അടുക്കും തോറും ഒപ്പം തീര്ഥാടകാരുടെ വാഹന വ്യൂഹം നീളുന്നു . വണ്ടി നിറുത്തിയത് മുതല്‍ ഇഹ്‌റാം കെട്ടി പിതാവ് ഹജ്ജിനായ് പിന്നെയങ്ങോട്ട് ഒറ്റക്ക് പോകുകയാണ് തീര്‍ഥാടക സംഘത്തോടൊപ്പം പിതാവ് നടന്നു നീങ്ങുന്നത് റിഡ നോക്കി നില്ക്കുന്നു. അവിടെയാകെ ഇഹ്‌റാം കെട്ടിയ ഹാജിമാരുടെ സമുദ്രമാകുന്നു. തക്ബീറുകള്‍ മുഴങ്ങുന്നു.
ഹജ്ജ് കഴിഞ്ഞ് ഓരോരുത്തരായി തിരിച്ചു വരുന്നതും നോക്കി റിഡ കാത്തിരിക്കുകയാണ്. അവിടെ നിന്നും പരിച്ചയപെട്ടവരും കൂടെ പോയവരും എല്ലാവരും തിരുവന്നിട്ടും പിതാവ് മാത്രം തിരിച്ചു വരുന്നില്ല. അവന്‍ കാത്തിരുപ്പ് അവസാനിപ്പിച്ചു മക്കയിലേക്ക് തിരിക്കുന്നു. തിരക്കുകള്‍ക്കിടയില്‍ അവന്‍ പിതാവിനെ തിരക്കുയാണ്. തിരക്കിന്‍ അവന്‍ അസ്വസ്ഥനാകുന്നു. പട്ടാളം അവനെ തിരക്കില്‍ നിന്നും പിടിച്ചു കൊണ്ടുപോകുന്നു. അവസാനം അവനെ അവര്‍ തണുത്തുറഞ്ഞ മോര്‍ച്ചറിയിലേക്ക് കൊണ്ട് പോയത്. വെള്ള പുതച്ച മയ്യെത്തുകള്ക്കിടയിലേക്ക് എന്നതിനാണ് കൊണ്ടുവന്നതെന്ന് റിഡക്ക് മനസിലാകുന്നില്ല. എന്നാല്‍ അതിലെ ഒരു വെളുത്ത തുണിക്കടിയില്‍ തണുത്തുറഞ്ഞു തന്റെ പിതാവ് ഉണ്ടെന്നറിയുന്നതോടെ അവന്‍ ആകെ തളരുന്നു തൊട്ടടുത്ത ദിവസം വരെ താന്‍ ഏറെ ശല്യം ചെയ്തിരുന്ന ബാപ്പയുടെ ശരീരം ഇപ്പോള്‍ അനക്കമില്ലാതെ! അവനത് ഉള്‌കൊള്ളാന്‍ കഴിയുന്നില്ല. മയ്യത്ത് കുളിപ്പിക്കുമ്പോള്‍ അവന്റെ കണ്ണുകള്‍ നിറഞ്ഞു കവിയുന്നു. ബാപ്പയുടെ ബാക്കിയായ വസ്ത്രങ്ങളും പെട്ടിയുമായി അവന്‍ ഒറ്റക്ക് മടങ്ങുന്നു...

ബാപ്പയും മകനും തമ്മിലുള്ള സംഘര്ഷകവും അവരുടെ സാഹസികമായ യാത്രയും തുടര്ന്ന് തിരിച്ചുവരാതായ അച്ഛനെ തേടി തിരക്കേറിയ മക്കയിലെ തീര്ഥാഷടകര്ക്കിവടയില്‍ ഉള്ള അന്വേഷനംവും ബാപ്പ നഷ്ടമായതോടെ മകന്‍ ഒറ്റയ്ക്ക് തിരിക്കേണ്ടി വരുന്നതിന്റെ അവസ്ഥയും തീവ്രമായി ചിത്രീകരിക്കാന്‍ ഇസ്മില്‍ ഫറൂക്കിക്ക് ആകുന്നു. ഇസ്മില്‍ ഫറൂക്കിതന്നെയാണ് ഇതിന്റെ രചയും നിര്‍വഹിച്ചിരിക്കുന്നത്. 2004 ല്‍ ഇറങ്ങിയ ദി ഗ്രാന്‍ഡ്‌ വോയേജ്' ടോറെനടോ, വെനീസ് തുടങ്ങി നിരവധി അന്താരാഷ്ട്ര ചലചിത്രമേള കളില്‍ ഏറെ ശ്രദ്ധേനേടിയിരുന്നു. പിതാവായി അഭിനയിച്ചിരിക്കുന്നത് മുഹമ്മദ് മാജ്ദ് ആണ് പക്വമായ അഭിനയപാടവം കൊണ്ട് തീര്ത്തും കഥാപാത്രത്തെ ഉള്‍കൊള്ളാന്‍ അദ്ദേഹത്തിനാകുന്നു. റിഡയായി മകന്റെ വേഷം ചെയ്തത് നിക്കോളാസ് സെസലെ യാണ് ( Nicolas Cazalé – Réda). മികച്ച അഭിനയം കൊണ്ട് ഈ സിനിമയെ സജ്ജീവമാകിയ ഈ നടന്റെ പ്രകടനത്തെ പറ്റി കൂടുതല്‍ പറയേണ്ടതില്ല. 108 മിനുട്ടുള്ള ഈ ചിത്രം നമ്മുടെ മനസിനെ പിടിച്ചുകുലുക്കുന്നുണ്ട്
=====================================================
nellu.netൽ 2013 ആഗസ്റ്റ്‌ ലക്കത്തിൽ വന്ന കോളം 
http://www.nellu.net/component/content/article/752.html

കെ.സി.എസ്. പണിക്കർ ഇന്ത്യന്‍ ചിത്രകലയുടെ നെടുംതൂണ്‍

ചിത്രകല 
കെ.സി.എസ്. പണിക്കർ എന്നാല്‍ ഇന്ത്യന്‍ ചിത്രകലയിലെ നെടുംതൂണായി അറിയപ്പെടുന്നു. ഇന്ത്യയിലെ ഒരു അതീന്ദ്രിയ (Metaphysical) ചിത്രകാരനും, അമൂർത്ത ചിത്രകാരനുമായിരുന്നു കെ.സി.എസ്. പണിക്കർ. രാജ്യത്തിന്റെ പുരാതനമായ അതീന്ദ്രിയ ജ്ഞാനത്തെയും ആത്മീയ ജ്ഞാനത്തെയും ചിത്രകലയിലൂടെ വ്യാഖ്യാനിക്കുവാൻ ശ്രമിച്ചാണ് അദ്ദേഹം ശ്രദ്ധേയനായത്. ഇന്ത്യൻ കലാരംഗത്തെയും ചിത്രകാരന്മാരെയും പാശ്ചാത്യ സ്വാധീനത്തിൽ നിന്നു പുറത്തുകൊണ്ടുവന്ന് സ്വന്തമായ വ്യക്തിത്വം സ്ഥാപിക്കുവാൻ പ്രേരിപ്പിക്കുന്നവയായിരുന്നു അദ്ദേഹത്തിന്റെ ചിത്രകലാ പ്രവർത്തനങ്ങൾ. അപകർഷ ബോധവും ആത്മവിശ്വാസക്കുറവുമുള്ള കുട്ടിയായാണ് കെ.സി.എസ് പണിക്കർ ചെറുപ്പകാലത്തെ സ്വയം വിലയിരുത്തുന്നത്. ചെറുപ്പത്തിലേ തന്നെ ചിത്രകലാ രംഗത്ത് തല്പരനായിരുന്ന പണിക്കർ കേരളത്തിലെ തന്റെ ഗ്രാമമായ പൊന്നാനിക്കടുത്തുള്ള വെളിയങ്കോട്ടെ കനാലുകളും തെങ്ങുകളും വയലുകളും പകർത്തിയാണ് വര തുടങ്ങിയത്. മദ്രാസ് ക്രിസ്‌ത്യൻ കോളേജ് സ്കൂളിലെ ഒരു സഹപാഠിയാണത്രേ ചിത്രകലയെ കുറിച്ച് അദ്ദേഹത്തിന് കൂടുതൽ ഉൾക്കാഴ്ച്ച നൽകിയത്. പ്രകൃതി ദൃശ്യങ്ങളിലേക്ക് നോക്കി നിൽക്കുമ്പോൾ പലപ്പോഴും തന്റെ കണ്ണു നിറയുമായിരുന്നു എന്നും അത് മറ്റാരും കാണാതിരിക്കാൻ പെട്ടെന്ന് തുടച്ചു മാറ്റുമായിരുന്നു എന്നും അദ്ദേഹം അനുസ്മരിക്കുന്നുണ്ട്. നൈമിഷികവും അഭൗമവുമായ സ്വർഗ്ഗങ്ങളായിരുന്നു താൻ കണ്ടിരുന്നതെന്നും അങ്ങനെ ചിത്രരചന ആഹ്ലാദാനുഭൂതിക്കുളള ഒരു മാർഗ്ഗമായതായും കെ.സി.എസ് പണിക്കർ പറയുന്നുണ്ട്. വൈകാരികാനുഭൂതിക്കുള്ള മാർഗ്ഗമായിരുന്നു എങ്കിലും ചിത്രരചനാശീലം പതുക്കെ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗമായി. പൊന്നാനിയിലെ എ.വി. ഹൈസ്കൂളിലും അന്നത്തെ മദ്രാസിലുമായി അദ്ദേഹം ഔപചാരിക വിദ്യാഭ്യാസം നേടി. തുടര്‍ന്ന് കലാജീവിതം1917 മുതൽ '30 വരെ മദ്രാസിലെ ഗവ. ആർട്സ് സ്കൂളിൽ അദ്ദേഹം കലാപഠനം നടത്തി. അതിനു ശേഷം അതേ സ്കൂളിൽ അദ്ദേഹം അദ്ധ്യാപകനായും ജോലി ചെയ്തു. രവിവർമ്മ, ലേഡി പെന്റ്ലാന്റ്, കോട്ട്മാൻ , ബ്രാങ്‌വിൻ , വാൻഗോഗ്‍ , ഗോഗിൻ , മാറ്റിസ്സ്, ഫോവ്‌സ് എന്നിങ്ങനെ പലരും പല ഘട്ടങ്ങളിലായി അദ്ദേഹത്തിന്റെ രചനകളെ സ്വാധീനിച്ചു കൊണ്ടിരുന്നു. 1941 വരെ മദ്രാസിലും ദില്ലിയിലും അദ്ദേഹം ഏകാങ്ക ചിത്രകലാ പ്രദർശനങ്ങൾ നടത്തിയിരുന്നു. ഇന്ത്യക്കു പുറത്ത് പ്രദർശനങ്ങൾ നടത്തവേ സാൽ‌വദോർ ദാലി തുടങ്ങിയ അമൂർത്ത കലാകാരൻ‌മാരുമായുണ്ടായ സമ്പർക്കം അദ്ദേഹത്തിന്റെ കലയിൽ ഒരു വലിയ സ്വാധീനം ചെലുത്തി. 1950-കളുടെ തുടക്കത്തിൽ അദ്ദേഹത്തിന് പാശ്ചാത്യ സ്വാധീനത്തിനോട് വിമുഖത തോന്നിത്തുടങ്ങി. 1953 മുതൽ '63 വരെ അദ്ദേഹം വാൻഗോഗിന്റെയും അജന്ത ശില്പകലയുടെയും സമ്മിശ്ര സ്വാധീനത്തിലായിരുന്നു. ഈ കാലത്താണ് അദ്ദേഹത്തിന് ഭാരതീയ ചിത്രകലയിൽ തന്റേതായ സംഭാവനകൾ നൽകാൻ കഴിയുമെന്ന ആത്മവിശ്വാസം വന്നത്.
പാശ്ചാത്യ ചിത്രകലയിൽ ദൃതവേഗമുള്ള മാറ്റങ്ങൾ പ്രകടമായിരുന്ന അക്കാലത്ത് ആ മാറ്റങ്ങൾ ഉൾക്കൊള്ളാതെ ഇന്ത്യയിലെ ചിത്രകലയിൽ സുപ്രധാനമായൊന്നും ചെയ്യാൻ കഴിയില്ലെന്ന് അദ്ദേഹം കരുതി. സ്വിസ്സ് കലാകാരനായ പോൾ ക്ലീയും അക്കാലത്ത് അദ്ദേഹത്തിൽ സ്വാധീനം ചെലുത്തി. ഈജിപ്ഷ്യൻ ചിത്രകലയും നിഗൂഢലിഖിതങ്ങളും പോൾ ക്ലീയെ സ്വാധീനിച്ചിരുന്നു. പോൾ ക്ലീയുടെ ജീവൻ തുളുമ്പുന്ന സൃഷ്ടികൾ പിക്കാസോ, ബ്രാക്ക് എന്നിവരേക്കാളും ഇന്ത്യൻ ചിത്രകലയുമായി അടുത്തു നിൽക്കുന്നതായി അദ്ദേഹം വിശ്വസിച്ചു. എന്നാൽ തന്റെ രചനകൾ പോൾ ക്ലീയുടേതിന്റെ അനുകരണമാവുന്നതിനേക്കാൾ സ്വന്തമായ രീതിക്ക് തുടക്കമിടാനാണ് അദ്ദേഹം ആഗ്രഹിച്ചത്. 1963-ൽ പുതിയ ഭാവുകത്വത്തിലേക്ക് അദ്ദേഹത്തിന്റെ രചനകൾ പ്രവേശിച്ചു. അറബിക് അക്കങ്ങളും ആൾജിബ്രയിലേയും ജ്യാമിതിയിലേയും ലാറ്റിൻ പ്രതീകങ്ങളും രൂപങ്ങളും പുതിയ ആശയങ്ങൾ‍ക്ക് രൂപം നൽകാൻ അദ്ദേഹത്തെ സഹായിച്ചു. പരമ്പരാഗതമായ ഇന്ത്യൻ പ്രതീകങ്ങളും ജ്യോതിഷ ചാർട്ടുകളും ചിഹ്നങ്ങളും അദ്ദേഹത്തിന്റെ താൽപര്യ പരിധികളിൽ വന്നു. രചനയുടെ ആദ്യകാലങ്ങളിൽ ഉപയോഗിച്ചിരുന്ന റോമൻ അക്ഷരങ്ങൾ അദ്ദേഹം വെടിയുകയും മലയാള ലിപികൾ കൂടുതൽ സ്വീകരിക്കുകയും ചെയ്തു. പിന്നെയും കുറേ കാലം കഴിഞ്ഞാണ് കെ.സി.എസ് പണിക്കർ താന്ത്രിക ചിത്രകലയിലേക്ക് തിരിയുന്നത്. പക്ഷേ ഒരു പരിധി വരെ ഇതിന് തന്റെ ക്രിയാത്മക ചോദനകളെ സം‌തൃപ്തമാക്കാൻ കഴിയാതിരുന്നതായി അദ്ദേഹം വിലയിരുത്തുന്നുണ്ട്. പിന്നീട് ചിത്രകലയിൽ കെ.സി.എസ്. പണിക്കർ ഉപയോഗിച്ച അടയാളങ്ങൾ ഏതെങ്കിലും ഭാഷയിലെ ലിപികൾ എന്നതിനേക്കാളേറെ സ്വയം രൂപപ്പെടുത്തിയ ചിഹ്നങ്ങളായിരുന്നു. മലയാളം അക്ഷരങ്ങൾ മാത്രം വളരെ ഭാഗികമായി അവയിൽ അവശേഷിച്ചു. നിരർത്ഥകമായ ആ അക്ഷരസമാനമായ രൂപങ്ങൾ അദ്ദേഹം ദൃശ്യങ്ങളുടെ സ്വാധീനം വർദ്ധിപ്പിക്കാൻ മാത്രമാണ് ഉപയോഗിച്ചത്.
തമിഴ് നാട്ടിലെ ചോളമണ്ഡലത്തിൽ കെ.സി.എസ്. പണിക്കർ സ്ഥാപിച്ച കലാഗ്രാമം ദക്ഷിണേന്ത്യയിലെ യുവ ചിത്രകാരുടെ കൂട്ടായ്മക്കും വളർച്ചക്കും സഹായകരമായതായി വിലയിരുത്തപ്പെടുന്നു. ചിത്രകാരൻമാർക്കായുള്ള ഇന്ത്യയിലെ ആദ്യത്തെ കലാഗ്രാമമാണിത്. ജയപാലപ്പണിക്കർ, പാരീസ് വിശ്വനാഥൻ, എം.വി.ദേവൻ, ഹരിദാസ്, നന്ദഗോപാൽ, എസ്. ജി. വാസുദേവ്, പി. ഗോപിനാഥ്, സേനാധിപതി തുടങ്ങിയ പ്രശസ്ത ചിത്രകാരൻമാർ ഇവിടെ കേന്ദ്രീകരിച്ച് പ്രവർത്തിച്ചു.പ്രദർശനങ്ങളും പുരസ്കാരങ്ങളും17 വയസ്സായപ്പോഴേക്കും അദ്ദേഹം ‘മദ്രാസ് ഫൈൻ ആർട്ട്‌സ് സൊസൈറ്റി‘ യുടെ വാർഷിക ചിത്രകലാ പ്രദർശനങ്ങളിൽ തന്റെ ചിത്രങ്ങൾ പ്രദർശിപ്പിക്കുവാൻ തുടങ്ങിയിരുന്നു. മദ്രാസിലെ പ്രോഗ്രസീവ് പെയിന്റേഴ്‌സ് അസോസിയേഷന്റെ രൂപവത്കരണത്തിനു ശേഷം 1944 മുതൽ '53 വരെ മദ്രാസ്, ബോംബേ, കൽക്കത്ത, ന്യൂഡൽഹി, ലണ്ടൻ എന്നിവിടങ്ങളിൽ അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ പ്രദർശനം നടത്തിയിട്ടുണ്ട്. 1954-ൽ ന്യൂ ഡൽഹിയിലെ ലളിത കലാ അക്കാദമി അദ്ദേഹത്തെ മികച്ച ഒമ്പത് കലാകാരിൽ ഒരാളായും അക്കാദമിയുടെ എക്സിക്യൂട്ടീവ് ബോർഡ് അംഗമായും തെരഞ്ഞെടുത്തു. ഇംഗ്ലണ്ട്, ഫ്രാൻസ്, ഇറ്റലി, സ്വിറ്റ്‌സർലാന്റ് എന്നീ രാജ്യങ്ങളിൽ സഞ്ചരിച്ചു. ലണ്ടനിലെ ഇന്ത്യൻ ഹൗസിലും ഫ്രാൻസിലും പ്രദർശനങ്ങൾ നടത്തി. 1955-ൽ മദ്രാസിലെ ഗവ. ആർട്‌സ് & ക്രാഫ്റ്റ്സ് സ്കൂളിന്റെ വൈസ് പ്രിൻ‍സിപ്പാൾ ആയും '57-ൽ പ്രിൻ‍സിപ്പാൾ ആയും അദ്ദേഹം സ്ഥാനമേറ്റു. 1959-ൽ അന്നത്തെ സോവിയറ്റ് യൂണിയനിൽ പര്യടനം നടത്തി, മോസ്കോയിലും ലെനിൻ ഗ്രാഡിലും കീവിലും ഇന്ത്യൻ ചിത്രകലയെ കുറിച്ച് പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തു. 1961-ൽ ബ്രസീലിലും 1962-ൽ മെക്സിക്കോയിലും പ്രദർശനങ്ങൾ നടത്തി. ഇക്കാലയളവിൽ മദ്രാസിലെ ആർട്‌സ് & ക്രാഫ്‌റ്റ്‌സ് സ്കൂൾ കോളേജായി ഉയർത്തപ്പെട്ടു. 1963-ൽ ന്യൂയോർക്കിൽ വെച്ചു നടന്ന ലോക ചിത്രകലാ സമ്മേളനത്തിൽ ഇന്ത്യൻ പ്രതിനിധി സംഘത്തിലെ അംഗമായി പങ്കെടുത്തു. അമേരിക്കയുടെ ഔദ്യോഗിക അതിഥിയായി അമേരിക്കയിലുടനീളം സഞ്ചരിക്കുകയും അമേരിക്കൻ കലാകാരുമായി ചർച്ചകളിൽ ഏർപ്പെടുകയും ചെയ്തു. 1965-ൽ ടോക്യോയിലെ അന്തർദേശീയ പ്രദർശനത്തിലും ലണ്ടനിലെ ഫെസ്റ്റിവൽ ഹാൾ പ്രദർശനത്തിലും പങ്കെടുത്തു. ഈ വർഷം ചിത്രരചനക്ക് ദേശീയ പുരസ്കാരം ലഭിച്ചു. 1966-ൽ മദ്രാസിൽ ചോളമണ്ഡലം കലാഗ്രാമം സ്ഥാപിച്ച കെ.സി.എസ് 1967-ൽ ആർട്സ് & ക്രാഫ്റ്റ്സ് കോളേജിലെ പ്രിൻസിപ്പാൾ സ്ഥാനത്ത് നിന്നും വിരമിച്ചു. മകനും പ്രശസ്ത ശില്പിയുമായ നന്ദഗോപാൽ ആണ് ഇപ്പോഴത്തെ ചോളമണ്ഡലം കലാഗ്രാമം സെക്രട്ടറി. മരണം1977 ജനുവരി 15ന് അറുപത്തി ആറാമത്തെ വയസ്സിൽ കെ.സി.എസ്. പണിക്കർ ചെന്നൈയിൽ വെച്ച് അന്തരിച്ചു.