Sunday 30 June 2019

യാത്രാവിവരണം - കാനനയാത്രയുടെ കുളിർമ്മ

മംഗളാദേവി - കണ്ണകീ ക്ഷേത്ര യാത്രാവിവരണം
 
 


"ഇടയ്ക്കു ചെല്ലുക 
കൊടുംകാടിൻ പച്ചനിറച്ചു പോരുക" 
(വനാന്തരം : റഫീഖ് അഹമ്മദ് )

കാട്ടിലൂടെ ഒരു യാത്ര ഉയങ്ങളിലേക്ക് വർഷത്തിൽ  മേടത്തിലെ ചിത്രപ്രൗണമി ദിവസം  മാത്രം പൊതുജനങ്ങൾക്ക് പ്രവേശിക്കാൻ  അനുവദിക്കുന്ന കണ്ണകി ക്ഷേത്രം, ചിത്രപൗർണ്ണമി ആഘോഷങൾക്കായി.  മംഗളാദേവീ - കണ്ണകീ ക്ഷേത്ര വനപാത വനംവകുപ്പും കേരള തമിഴ്‌നാട് ഗവണ്മെന്റും ഈ ദിവസത്തിൽ അതീവ സുരക്ഷയുടെ പ്രവേശിക്കാൻ അനുവദിക്കുന്നു എന്നറിഞ്ഞപ്പോൾ ഈ ദിവസം അവിടെ പോയെ തീരൂ  എന്ന ആഗ്രഹം ജനിച്ചു. തേക്കടി പെരിയാർ ടൈഗർ റിസർവ് വനത്തിൽ  14 കിലോ മീറ്റർ ഉള്ളിലായി വന്യമൃഗങൾ സ്വസ്ഥമായി മേയുന്ന,  പ്രകൃതിയൊരുക്കിയ പച്ച പുല്മേടുകളും, ചോലവനങളും നിറഞ്ഞ മല മുകളിലാണ് ഈ ക്ഷേത്രം ഉള്ളത്, ഈ ദിവസം ആയിരക്കണക്കിന് പേരാണ് എത്തിചേരുക, പുരാതന കാലത്തിന്റെ അടയാളങ്ങൾ ബാക്കിവെച്ച  പെരുമയും, ഐതിഹ്യങളും പേറി നിലനിൽക്കുന്ന ക്ഷേത്രം, സമുദ്ര നിരപ്പിൽ നിന്നും 1340 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന  കരിങ്കല്ലുകൾ അടുക്കിയുള്ള അതി പുരാതന ക്ഷേത്ര  നിർമ്മിതി തന്നെ നല്ലൊരു കാഴ്ചയാണ്. അതോടൊപ്പം കണ്ണിനു കുളിർമ്മ നൽകുന്ന കാഴ്ചയാണ് മലമുകളിൽ നിന്നും താഴേക്ക് നോക്കുമ്പോൾ ചുറ്റും, അകലെ പെരിയാർ റിസർവോയിറിലെ വെള്ളം കാണാം മറുവശത്ത് കമ്പം-  തേനി അടങ്ങുന്ന തമിഴ്‌നാടിന്റെ സമതലം  360 ഡിഗ്രി കാഴ്ച്ച ലഭിക്കുന്ന മലമുകളിൽ നിന്ന് ഉള്ള കാഴ്ച അപൂർവ്വ അനുഭവമാണ്, ഒരു വശം കണ്ണെത്താ താഴ്ച്ചയിൽ തമിഴ് മണ്ണിലെ സമതലങളായ കമ്പവും തേനിയും  അടങ്ങുന്ന വിശാലമായ കൃഷിയിടങ്ങൾ, മുറിച്ചു വെച്ച കഷണങ്ങൾ പോലെ വിവിധ ഇനങ്ങളുടെ  കൃഷിത്തോട്ടങ്ങൾ മലമുകളിൽ നിന്നും നൽകുന്ന സൗന്ദര്യം  വിവരണാതീതമാണ്,  അപ്പുറത്തേക്ക് തിരിഞ്ഞാൽ കുത്തനെയുള്ള കൊക്കകൾക്കപ്പുറം  തേക്കടി ടൈഗർ റിസർവ് വനത്തിന്റെ പറന്നു കിടക്കുന്ന  പച്ചപ്പ്, ഒരു ഹാരം പോലെ  കോടമഞ്ഞ് അണിഞ്ഞു  നിൽക്കുന്ന കുന്നുകളുടെ പശ്ചാത്തലം, ഇടയിൽ സൂര്യപ്രകാശത്തിൽ തിളങ്ങുന്ന തേക്കടി തടാകം. ഒരു വശത്ത് മൊട്ടക്കുന്നുകളും, ചോലവങളും, അതിനപ്പുറം കൊടുംകാടും നിറഞ്ഞ മലനിരകളും, ദൂരെ വെള്ള പെട്ടികൾ അടുക്കുവെച്ചപോലെ കുമളി പട്ടണവും  ചേർന്നൊരുക്കുന്ന കാഴ്ചയുടെ വിരുന്ന് നമ്മെ വലത്തേ സന്തോഷിപ്പിക്കും  മംഗളദേവി അനുഭവം വർഷത്തിൽ ഒരു ദിവസം മാത്രമാണ് ലഭിക്കുന്നതെന്ന അപൂർവതയും ഇവിടെ എത്തിപ്പെട്ട അത്ഭുതവും നമ്മെ ആവേശഭരിതരാക്കും  ജീവിതത്തിൽ ഒരിക്കെലെങ്കിലും അത് അനുഭവിക്കേണ്ട ഒന്നാണ് ഈ കാഴ്ചകൾ റഫീഖ് അഹമ്മദിനെ വരികൾ പോലെ *"ആരണ്യ യാത്രകൾ തിരിച്ചുപോക്കല്ല, ഒടുക്കമെത്തേണ്ട ഇടവുമല്ല"* ഇടയ്‌ക്കിടെക്ക് പച്ച നിറച്ചു പോരേണ്ട ഇടങ്ങൾ തന്നെ മറ്റൊന്നിനുമല്ല സ്വയമൊരോർമ്മപെടുത്തൽ. 
 
 

 

 

കാനന യാത്രയൊരുക്കവും ഒരനുഭവമാണ്  അങ്ങോട്ടുള്ള യാത്രക്കായി  രാവിലെ 4 മണിക്ക് കുമളി ടൗണിൽ ഞാനും മുഹമ്മദാലിയിലും സിദ്ദിക്കും ചന്ദ്രനും എത്തുമ്പോളേക്കും 6 മണിക്ക് തുറക്കുന്ന ടിക്കറ്റ് കൗണ്ടറിനു മുന്നിൽ നീണ്ട ക്യു രൂപപ്പെട്ടു കഴിഞ്ഞിരുന്നു. കടുത്ത പോലീസ് നിയന്ത്രണത്തിൽ ജീപ്പിൽ കാട്ടിലൂടെ യുള്ള യാത്ര ജീപ്പുകളുടെ നീണ്ട നിര പറപ്പിക്കുന്ന പൊടി ഒഴിച്ച് നിർത്തിയാൽ തികച്ചും വ്യത്യ്സ്തമായ ഒരു യാത്രാനുഭവം ആയിരുന്നു ദുർഘടം പിടിച്ച പാതകളിലൂടെ സാഹസികമായ യാത്ര ഒരുവശത്ത് ഭയപ്പെടുത്തുന്ന കൊക്ക, അതിനു ചേർന്ന് ജീപ്പ് മുരണ്ടു കയറുമ്പോൾ ആഴകാഴ്ച നൽകുന്ന പച്ചപ്പും അതിനേക്കാൾ ഏറെ ഭയവും നൽകിയ വാല്ലാത്ത ഒരനുഭവം ഉണ്ടാകുന്നു, തിരിച്ചിറങ്ങുമ്പോൾ ഒരിക്കൽ കൂടി ഈ യാത്രക്ക് അവസരം ലഭിക്കട്ടെ എന്ന് ഉള്ളിൽ പറഞ്ഞു. കുമളിയിൽ നിന്നും കംമ്പം വഴി തമിഴ്‌നാട് ഭൂമികയിൽ, കായ്ച്ചു തുടങ്ങിയിട്ടില്ലാത്ത വിളവെടുപ്പ് കഴിഞ്ഞ മുന്തിരി തോട്ടങ്ങൾ, പുളിമരങ്ങൾ നിറഞ്ഞ പുളിത്തോട്ടങ്ങൾ തമിഴ് നാട് ഗ്രാമങ്ങളിലൂടെ ഇങ്ങനെ യാത്ര ചെയ്തു, ഒരു ചെട്ടിനാടൻ സുഗന്ധം വീശി, ഗ്രാമങ്ങളുടെ നിഷ്കളങ്കത ആവോളം ആസ്വാദിച്ചു. ബോധിനായ്ക്കനൂർ ഗ്രാമങ്ങളിലൂടെ യുള്ള സഞ്ചാരം അത്യന്തം സന്തോഷം നൽകി. 
 

 

ബോധി ചുരം കേറി മൂന്നാറിലേക്ക് വരുമ്പോൾ ഉയരങ്ങളിൽ നിന്നും നൽകുന്ന കാഴ്ചയുടെ സുഖം പറഞ്ഞറിയിക്കാൻ വയ്യ. മലയോര റോഡുകൾ ഒക്കെ തന്നെ വളരെ നല്ല നിലവാരം പുലർത്തുന്ന നിർമിതിയായതിനാൽ യാത്രക്ക് അതീവ സുഖം അനുഭവിക്കാൻ ആയി.   പൂപ്പറയിലെ  തേയിലത്തോട്ടവും ബോഡികെട്ടിലെ കാഴ്ചകളും വീണ്ടും അങ്ങോട്ട് തന്നെ കൊണ്ടുപോകുന്ന മോഹിപ്പിക്കും കാഴ്ചയുടെ അനുഭവം ആയിരുന്നു വിഎം ഗിരിജയുടെ 'നിശ്ശബ്ദഹരിതവനം' എന്ന കവിതയിലെ വരികൾ ഓർമ്മ വന്നു 

"നിശ്ശബ്ദഹരിതവനമെന്റെയുടൽ 
ചർമ്മത്തിൽ  കുളുർത്ത സാന്ത്വനം 
വിരലുകൾ... കാറ്റിൽ കിളിന്തുകൾ...
മിഴികളിൽ തെളിനീരൂറ്റുകൾ 
ചുണ്ടിൽ നനഞ്ഞ പൂവിതൾ"

Wednesday 26 June 2019

ഒറ്റപ്പെടുന്നവരുടെ വേദനകൾ

(മുസ്തഫ പെരുമ്പറമ്പത്തിന്റെ 'ഒറ്റക്കാള' എന്ന കഥാ സമാഹാരത്തിലൂടെ)

 


ഒറ്റപ്പെടുന്നവരുടെ വേദനകളാണ് മുസ്തഫയുടെ കഥകളിലെ കാതൽ. കാത്തിരിക്കുവാൻ ഒരു തീരം ഇല്ലെന്നറിഞ്ഞു നടുക്കടലിൽ അലയുന്ന ഒഴിഞ്ഞ തോണികളെപോലെയുള്ള ജീവിതങ്ങളിലേക്ക് ഊളിയിട്ടു ഇറങ്ങുകയാണ് ഓരോ കഥകളും ഇതിലെ കഥാപാത്രങ്ങൾക്കോ കഥകൾക്കോ ജീവിച്ചിരിക്കുന്നവരുമായോ, മരിച്ചവരുമായോ ആയ ഏകാകികളുടെ സാദൃശ്യം ഉണ്ടെങ്കിൽ അത് മനപ്പൂർവ്വമോ യാദൃശ്ചികമോ അല്ലെന്നും സത്യമാണ് എന്നും കഥാകൃത്ത് തന്നെ പറയുന്നു.റിയാലിറ്റി, ചാതിക്കാരൻ, അഭയം, അവസ്ഥാന്തരം, കടവ്, അവിചാരിതം, ഒറ്റക്കാള, നരകത്തിലേക്കുള്ള വണ്ടി, തനിയെ, കൂട്ടുകാരൻ, മൂന്നാംനിലയിലെ താക്കോൽ, എന്നിങ്ങനെ ഒറ്റപ്പെട്ട മനുഷ്യരുടെ ഉൾവേവുകളാൽ പൊള്ളുന്ന പതിനൊന്നു കഥകളാണ് ഈ സമാഹാരത്തിൽ ഉള്ളത്.
*റിയാലിറ്റി* എന്ന കഥ ജീവിതത്തെ മാറ്റിമരിക്കുന്ന ഷോകൾ അല്ല യാഥാർഥ്യം എന്ന തിരിച്ചറിവിന്റെ ലോകത്തെ തുറന്നു കാട്ടാനാണ് ശ്രമിക്കുന്നത്. പ്രവസലോകത്തെത്തി ഏറെക്കാലം ഈ മണ്ണിനോട് മല്ലിട്ട മനുഷ്യർക്കൊക്കെ അന്വേഷിച്ചു പോകാൻ ഒരു അയ്യൂബ്ബ് ഭായി ഉണ്ടാകും.. ജീവിതം മറ്റൊരു റിയലിറ്റിയായി അപ്പോഴേക്കും പല വഴികളിലൂടെ ഏറെ സഞ്ചരിച്ചിട്ടുണ്ടാകും. അതു തന്നെയാണ് റിയാലിറ്റി എന്ന കഥയും
*ചാതികാരൻ* അത്ര പരിചിതമായ വാക്കല്ല. മദ്ധ്യസ്ഥൻ എന്നതിന്റെ കൊളോകിയൽ വാക്ക്. ജോർജ്ജ് കുട്ട്യേട്ടന്റെ കഥ രണ്ടു കാലത്തെ ബന്ധിപ്പിക്കുന്ന ഒന്നാണ്. വഴിയിൽ വെച്ചു കണ്ടുമുട്ടുന്ന മുത്തച്ഛന്റെ കൂട്ടുകാരനെ മകൾക്ക് പരിചയപ്പെടുത്തി കൊടുക്കുമ്പോൾ രണ്ടു കാലത്തിന്റെ വിടവ് നമുക്കു തിരിച്ചറിയാം. ഒരു വാക്ക് എങ്ങനെ ഒരു കഥയാകുന്നു എന്നും.

*ഒറ്റക്കാള* എന്ന കഥയുടെ ആഖ്യാനത്തിൽ കാണിച്ച ശ്രദ്ധ പ്രശംസനീയം തന്നെ. ഒരു ഗ്രാമത്തിന്റെ പച്ചപ്പിലേക്കും അവിടുത്തെ സാധാരണ ജീവിതത്തിലേക്കും ആഴത്തിൽ ഇറങ്ങിച്ചെല്ലാൻ സാധിക്കുന്നു. ഭരണിനാളിലെ ഗ്രാമത്തിലെ ഉല്സവത്തിൽ ഒറ്റക്കാളയെ ഏറ്റുന്ന വേലപ്പനിലൂടെയാണ് കപ്പ്‌ളേങ്ങാട്ട് ഗ്രാമചരിതം പറയുന്നത്. *"പൊന്നാരെന്റെ ഉമ്മാരെ... വിളിച്ചാൽ വിളിപ്പൊറത്ത് വര്ണ ഒരു സക്തിയൊണ്ടെങ്കി.. അത് കപ്ളേങ്ങാട്ടമ്മന്നേണ് ട്ടാ... ! അദൊറപ്പാ.. എന്തിന് പറേണ് ഒരു മുസ്ല്യാരല്ലേ അമ്മേനവിടെ പ്രതിസ്ട്ടിച്ചേ.."* ഒറ്റക്കാളയിലൂടെ മനുഷ്യർക്കിടയിൽ അടുപ്പവും മതങ്ങളാൽ വേർതിരിക്കാത്ത ഒരു ഭൂതകാലത്തെ കൂടി വേലപ്പന്റെ ഈ പറച്ചിലിലൂടെ മനസിലാക്കിതരുന്നു. ഇക്കാലത്തു ആ ചുവടുറപ്പില്ലാതെ അടിതെറ്റി വീണുപോകുന്ന വേലപ്പൻമാരുടെ കാലവും.
നരകത്തിലേക്കുള്ള വണ്ടി പോലുള്ള നല്ല കഥകൾ അടങ്ങിയ ഈ സമാഹരം പ്രതീക്ഷ തരുന്നു. ഒറ്റപ്പെട്ട ജീവിതങ്ങളിലൂടെ പോയ കാലത്തിലേക്ക് ആ പച്ചപ്പിലേക്ക് ഇറങ്ങിപ്പോകാൻ കഥകൾക്ക് ആകുന്നു.

Sunday 9 June 2019

കഥയുടെ പ്രകാശപൂർണമായ മുഖം

(എൻ.ടി ബാലചന്ദ്രന്റെ 'ഒരാൾകൂടി വരാനുണ്ട്' എന്ന കഥാ സമാഹാരത്തിലൂടെ)
                                                                                                  Sculpture by Terry Allen
ണ്പതുകളിൽ മലയാള ചെറുകഥാ രംഗത്ത് നിറഞ്ഞുനിന്നിരുന്ന എഴുത്തുകാരനാണ് എൻ.ടി.ബാലചന്ദ്രൻ. മനുഷ്യ സമൂഹത്തെ സമ്പുഷ്ടമാക്കുന്ന വിഭിന്ന ഭാവങ്ങളാണ് എൻടിയുടെ കഥകളുടെ പ്രത്യേകത. മലയാളത്തിൽ തന്റേതായ ഇടം അടയാളപ്പെടുത്തിയ എഴുത്തുകാരനാണ് എൻടി ബാലചന്ദ്രൻ. മലയാള ചെറുകഥയുടെ ചരിത്രം രേഖപ്പെടുത്തുമ്പോൾ എന്ടി ബാലചന്ദ്രന്റെ കഥകളെ ഒഴിച്ചു നിർത്താൻ ആകില്ല. 
ജീവിതത്തിന്റെ പൊള്ളത്തരങ്ങളും ആഹ്ലാദപൊലിപ്പിക്കലും കഥകളിൽ വരച്ചിടുന്നു. 'ഒരാൾകൂടി വരാനുണ്ട്' എന്ന കഥ ഒരു യാത്രയിലൂടെ മറ്റുള്ളവരിൽ നമ്മൾ മലയാളികൾ കാണുള്ള ആകുലതയും, ജീവിതത്തിലെ വേർപിരിയലും കാത്തിരിപ്പിന്റെ ആഴവും മനസിലാക്കി തരുന്ന കഥയാണ്. നളിനിയും ഭർത്താവും കെ.എസ്.ആർ.ടി.സി ബസ്സിൽ ഉള്ള ഒരു യാത്രയാണ് കഥയുടെ പശ്ചാത്തലം. തിരക്കേറിയ ബസ്സയാത്രയിൽ ഒറ്റക്ക് സീറ്റിൽ ഇരിക്കുന്ന വിചിത്ര സ്വാഭാവക്കാരി എന്ന് ആദ്യമേ വിലയിരുത്തുന്ന സ്ത്രീ ആരാണ് എന്നും അവർ ആരെയാണ് കത്തിരിക്കുന്നത് എന്നൊക്കെ അറിയാനുള്ള വെമ്പൽ അയാളിൽ നിറഞ്ഞുനിന്നു.
"ഞാൻ ആലോചിച്ചു: ആരായിരിക്കും അജ്ഞാതനായ ആ കഥാപാത്രം? അവർ പ്രതിക്ഷിക്കുന്നതും ഇരിപ്പിടം കത്തുവെക്കുന്നതും ടിക്കേറ്റെടുക്കുന്നതും ആർക്കുവേണ്ടിയായിരിക്കും?... അതവരുടെ ഭർത്താവായിരിയിരിക്കുമോ? സ്നേഹിതയായിരിക്കുമോ?" ഇങ്ങനെ അയാളിൽ ഒരായിരം സംശയംങ്ങൾ കിളിർത്തു. എന്തുകൊണ്ടായിരിക്കും ഒരു സ്ത്രീ ഒറ്റക്ക് ആകുമ്പോൾ നമ്മളിൽ ഇത്രേം ആകുലതകൾ ഉണ്ടാകുന്നത്. യാത്രാവസാനം വരെ അയാളിൽ ഇങ്ങനെ സംശയങ്ങൾ വളർന്നു പന്തലിച്ചു.
കഥയുടെ അവസാനം വരുന്ന ട്വിസ്റ്റ് അയാളിൽ അമ്പരപ്പ് ഉണ്ടാവുമ്പോൾ വായനക്കാരിലും ആ അമ്പരപ്പ് ബാക്കിയാകുന്നു
'പാവ' എന്ന കഥയിൽ സുരേഷ് പ്രസന്ന ദമ്പതിമാരുടെ ജീവിതം ആണ്. മറ്റുള്ളവർ നിസ്സഹായത കണ്ടു സംതൃപ്തി തേടുന്ന പ്രസന്നയുടെ ഓരോ ചെയ്തികളും അയാളെ തന്നിലേക്ക് തന്നെചുരുണ്ടുകൊണ്ടിരുന്നു. വെള്ളി നാണയം കടലിൽ ഇട്ടാൽ മുങ്ങിയെടുക്കാം എന്നു പറഞ്ഞ മുക്കുവപിള്ളേരെ നിരാശപ്പെടുത്തി പ്രസന്ന പറ്റാവുന്നത്ര ദൂരേക്ക് നാണയം വലിച്ചെറിഞ്ഞു കൊണ്ട് ആ കുട്ടികളുടെ മുഖത്തേക്ക് വിജയ ഭാവത്തിൽ നോക്കി അവൾ ചിരിക്കുമ്പോൾ കുട്ടികൾ മുങ്ങിയെടുത്താൽ കിട്ടുന്ന അഞ്ചുപൈസ നാണയ തുട്ട് നഷ്ടമായ വ്യാസനത്തിൽ തല താഴ്ത്തി തിരിച്ചു പോയി. ഇങ്ങനെ വിവിധ തരത്തിൽ പ്രസന്ന ആനന്ദം കണ്ടെത്തി കൊണ്ടിരുന്നു. ഒരു പാവ പോലെ സുരേഷ് അവളെ പിന്തുടർന്നു കൊണ്ടിരുന്നു.
'അവളുടെ കണ്ണിലെ ഫലിത ബിന്ദുക്കൾ' രസകരമായ ഒരു കഥയാണ്. ഒരാണും പെണ്ണും തമ്മിലുള്ള പരിചയപ്പെടലും തുടർന്ന് അവരുടെ സൗഹൃദ വുമാണ് കഥാതന്തു. ഈ കഥയും യാത്രയുടെ പശ്‌ചാത്തലത്തിൽ തന്നെയാണ്. കഥയുടെ രസകരമായ അന്ത്യം വായനക്കാർക്കായി വിടുന്നു.
'കൈ വീശുന്ന പ്രതിമകൾ' എന്ന കഥയും രസകരമായ ഒന്ന യാത്രക്കിടയിൽ കുടിവെള്ളം കിട്ടാത്ത ഒരവസ്ഥയും കിട്ടിയപ്പോൾ അതിനെ രസകരമായ അന്ത്യവും നമ്മെ ചിരിപ്പിക്കുക മാത്രമല്ല ചിന്തിപ്പിക്കുകയും ചെയ്യും.
എൻടി ബാലചന്ദ്രന്റെ കഥകളിൽ ആവർത്തിച്ചു വരുന്ന പശ്ചാത്തലം യാത്രയാണ്. അതിലൂടെ എല്ലാ കാലത്തെയും ചേർത്തു വെക്കാവുന്ന ആഖ്യാന രീതി സ്വീകരുച്ചു കൊണ്ട് മലയാള കഥക്ക് എണ്പതുകളുടെ തുടക്കത്തിൽ പ്രകാശപൂര്ണമായ ഒരു മുഖം നൽകാൻ അദ്ദേഹത്തിനായി എന്നതാണ് എൻടി ബാലചന്ദ്രന്റെ കഥകളുടെ പ്രസക്തി.
ഒരാൾകൂടി വാരാനുണ്ട് എന്ന സമാഹാരം ഇറങ്ങുന്നത് 1983ലാണ്. കോമരം, നീലപ്പാടുകൾ, തെങ്ങ്, ഉമ്മിണി, പ്രേമം, പ്രഭാതത്തിലെ മരണം, താക്കോൽ പഴുതിലൂടെ, തൊഴിലില്ലായ്മ, മഴ എന്നീ കഥകൾ കൂടി ഈ സമാഹാരത്തിലുണ്ട്. അക്കാലത്തെ മലയാള കഥയുടെ വളർച്ചയുടെ അടയാളങ്ങൾ ആയിരുന്നു ഈ കഥകൾ. ഇന്നും വായിച്ചാൽ ഇന്നിനോട് സംവദിക്കുന്ന കഥകൾ.
___________________________________________________
കണ്ണാടി ഓൺലൈൻ മാഗസിനിൽ 07ജൂൺ 2019നു വന്നു 

Saturday 1 June 2019

കഥയിലെ നന്മയുടെ വെയിൽപാളികൾ

ജനീഷ് ജജികാലയത്തിന്റെ ഓർമ്മച്ചുവടുകൾ, വെയിൽ മഴ നനയുമ്പോൾ, ഇമ്പരാഗം എന്നീ സമാഹാരങ്ങളിലൂടെ


നുഷ്യത്വം തന്നെ വേട്ടയാടപെടുമ്പോൾ കഥ തന്നെ പ്രതിരോധമാക്കി നന്മയുടെ വെയിൽപാളികളാകുന്ന കഥകളാണ് ജനീഷിന്റേത്. എഴുത്തിലും, സിനിമയിലും അടക്കം വിവിധ മേഖലകളിൽ വിഹരിക്കുന്നത് കൊണ്ടാകാം കഥകൾ സർവ്വ കാലികമായ അവസ്ഥ സൃഷ്ടിക്കുന്നത്. ജീവിതത്തിന്റെ ഋതുഭേതങ്ങളെ വരച്ചിടുന്ന കഥകളാണ് വെയിൽ മഴ നനയുമ്പോൾ എന്ന സമാഹാരത്തിലെ കഥകളുടെ പ്രത്യേകത. മഴ  ഒരു പൊള്ളലായി മാറുന്ന അവസ്ഥയും കഥകളിൽ കാണാം. മനുഷ്യ ബന്ധങ്ങളിലെ ആന്തരികമായ പിരിമുറുക്കങ്ങളും പൊരുത്തക്കേടുകളും പ്രതിസന്ധികളും വിഷാദയോഗങ്ങളും  കഥകളിലേക്ക് അതിന്റെ തീവ്രതയോടെ പകരുകയാണ് കഥകൾ.
ആധുനിക കാലത്തെ ഏറ്റവും പ്രധാനപ്പെട്ട മാധ്യമമായ ടെലിഫോണ് വിളിയുമായി ബന്ധപ്പെട്ട വിചാരങ്ങൾ ആണ്  വിളി എന്ന കഥ. ഇതിൽ ബന്ധങ്ങളുടെ ആഴമേറിയ  ഇടപെടൽ കാണാം.  "ദയവ്ചെയ്ത് വിളിക്കരുതെന്ന് അവനോട് പറയേണ്ടായിരുന്നു. അതാണല്ലോ ആ ഹൃദയബന്ധം തകർന്ന് പോയത്, അവനിപ്പോ വിളിക്കാറില്ല. എന്തു ചെയ്യുന്നു എന്നുപോലും അറിയില്ല. അവൻ അവളെ പരിചയപ്പെട്ടിരിക്കുമോ? ഉണ്ടെങ്കിൽ തന്നെ കാണാൻ അവൾ എങ്ങനെയായിരിക്കും? അവൾക്ക് അവനെ ഇഷ്ടപ്പെട്ടു കാണുമോ? അവളെ വിളിക്കാൻ വേണ്ടിയല്ലേ അവൻ എന്നെ വിളിച്ചത്" വിളി എന്നത് ബന്ധത്തിന്റെ നിലനില്പായി മാറുന്ന അവസ്ഥ ഈ ചെറിയ  കഥയിൽ കാണാം.
 മനുഷ്യ ബന്ധങ്ങളുടെ ആന്തരികമായ പിരിമുറുക്കങ്ങളും, ചേർച്ചക്കുറവുകൾ. തർക്കങ്ങൾ, വിഹ്വലതകൾ, ഇങ്ങനെ വിവിധ തലങ്ങളിലൂടെ ആഴമേറിയ ചിത്രം പകർത്തിവെക്കുന്ന  കഥയാണ് ബാക്കിപത്രം  കഥകൾകകത്തു നിന്നുകൊണ്ട് തന്നെ അതാത് കഥാപാത്രങ്ങളെ പരിചിതമായ ഇടങ്ങളിൽ ചേർത്തുവെച്ചു പുതിയൊരു ആഖ്യാനശൈലി സൃഷ്ടിക്കാൻ നടത്തുന്ന കഥകളാണ് ഒട്ടുമിക്കവയും. പരിചയം,  ബാക്കി പത്രം, ദൃശ്യാദൃശ്യരേഖകൾ.. തുടങ്ങി 13 കഥകളാണ് വെയിൽ മഴ നനയുമ്പോൾ എന്ന സമാഹാരത്തിൽ ഉള്ളത്.
നന്മയുടെ വെയിൽപാളികൾ പോലെ മനസ്സിൽ തട്ടുന്ന കഥകളാണ് ഇമ്പരാഗം എന്ന സമാഹാരത്തിൽ. പേരു പോലെ തന്നെ സംഗീതസാന്ദ്രമായ കഥകൾ. ഹിന്ദുസ്ഥാനി സംഗീതത്തലെ ഹൃദയസ്പർശിയായ രാഗമായ ബീംപ്ലാസ യുടെ പേരിൽ ഉള്ള കഥയുടെ ഭാഷയും സംഗീതം പോലെ ആസ്വാദിക്കാം "ഓർമ്മകൾക്ക് കാലും ചിറകും മുളയ്ക്കുമ്പോൾ നിന്റെ വയലിൻ തനിയെ പാടും." കഥയിൽ ജോയുടെ വിശ്വാസ വിചാരങ്ങൾ തന്മയത്വത്തോടെ അവതരിപ്പിക്കുന്നു.
ജുഗൽബന്ദി എന്ന കഥ അഭിമന്യു എന്ന സംഗീത സംവിധായകന്റെ ജീവിതത്തിലൂടെ കടന്നുപോകുന്നു. അയാളുടെ വേദന പേറുന്ന ജീവിതത്തിന്റെ വഴിയിൽ തബലയും അതുമായി ബന്ധപ്പെട്ട സംഗീതവും മറ്റുള്ളവർക്ക് പരിഹാസം ആണെങ്കിൽ അഭിമന്യുവിനത് ജീവനാണ്.. "തബലയുടെ താളങ്ങൾ അഭിമന്യുവിന്റെ തലച്ചോറിന്റെ ക്ഷീണിച്ച നാഡികൾ ത്രസിപ്പിച്ചുകൊണ്ടിരുന്നു. അഭിമന്യു തീർത്തും ക്ഷീണിതനായിരുന്നു. തബല വായിക്കുമ്പോൾ എപ്പോഴും സമ്മർദ്ദം അഭിമന്യുവിന് അനുഭവപ്പെടും. ഹൃദയമിടിപ്പിന്റെ വേഗം കൂടും. ഒരു താളത്തിൽനിന്ന് അടുത്ത താളത്തിലേക്ക് കടക്കുമ്പോൾ ഒരു ഇരുണ്ട കടലിന്റെ ഇടനാഴി കടക്കുന്ന അനുഭവമാണ് അഭിമന്യുവിനു തോന്നുക. കടലിരമ്പങ്ങൾ അഭിമന്യുവിനെ ഏകാന്തതയിലേക്ക് കൊണ്ടുപോകും" സംഗീതം തന്നെ ജീവിതം എന്നു ചിന്തിക്കുന്ന ഒരാളുടെ വേദനയോടെയുള്ള ജീവിതമാണ് ഈ കഥ.
 വ്യത്യസ്തമായ കഥകളും ഈ സമാഹാരത്തിൽ ഉണ്ട്. മെട്രോ റെയിൽ തൊഴിലിയായ  ഒറീസക്കാരൻ ആനന്ദബല്ലിയുടെ ജീവിതം പറയുന്ന ജന്മശനി  സംഗീതവുമായി ബന്ധപ്പെട്ട കഥകൾ തന്നെയാണ് നദികളുടെ പാട്ട്, ജന്മദിനം വും. കൂടാതെ കൈമുദ്രകൾ, ജലസമാധി, വേരുകളിലെ ഭൂമി, ജലശ്രുതി തുടങ്ങിയ 14 കഥകൾ അടങ്ങിയ സമാഹാരമാണ് ഇമ്പരാഗം.
കഥകൾ ഒരു തരത്തിലുള്ള പ്രതിരോധമാണ്. മനുഷ്യത്വം തന്നെ വേട്ടയാടപെടുമ്പോൾ അങ്ങനെ ആകാതെ തരമില്ല. ഓർമ്മച്ചുവടുകൾ എന്ന സമാഹാരത്തിലെ കഥകളും അത്തരത്തിൽ ഉള്ളിൽ നിന്നും ഉറച്ചു നിൽക്കുന്ന രാഷ്ട്രീയത്തിന്റെ ആത്മപ്രകാശനത്തിന്റെ അടയാളങ്ങളാണ്. കുശവന്റെ നിലം എന്ന കഥയിൽ ബൈബിളിന്റെ പശ്ചാത്തലം ആഖ്യാനത്തിനു പുതുമയും സൗന്ദര്യവും നൽകുന്നു,
ജൈവതാളം എന്ന കഥ  തെയ്യവും അനുഷ്‌ഠനവും സമലകാലിക രാഷ്ട്രീയ യാഥാർഥ്യങ്ങളെ ചേർത്തു വായിക്കുന്നു. ആഗോളീകരിക്കപ്പെട്ട ലോകത്ത് ഇങ്ങനെയാ കഥ പറയേണ്ടതെന്ന് ജനീഷ് പറയാതെ പറയുന്നു.
സമാഹാരത്തിലെ മികച്ച കഥയാണ് ഹൊസള്ളി  സ്ത്രീ പുരുഷ ബന്ധത്തിനെ കുറിച്ചുള്ള വ്യത്യസ്തവും ശക്തമായ നിരീക്ഷണമാണ് ഈ കഥ. ദാമുവും ശാന്തയുമായുള്ള  ബന്ധം രണ്ടു  സ്ഥലങ്ങളിലെ നാട്ടു വ്യത്യാസങ്ങലൂടെ രസകരമായി പറയുന്നു.
ജന്മാന്തരം, കിനാനടത്തം, തലശ്ശേരിപ്പുഴ, കൈവിളയാട്ടം തുടങ്ങി 10 കഥകളാണ് ഓർമ്മച്ചുവടുകൾ എന്ന ഈ സമാഹാരത്തിൽ ഉള്ളത്.
വളരെ അനായാസമായി കഥ പറയുന്ന ഒരു രസവിദ്യ ജനീഷ് എഴുത്തിൽ ഒളിപ്പിക്കുന്നു. എവിടെയും ഒരു ഒഴുക്കില്ലായ്മ അനുഭവിക്കാതെ വായിക്കാവുന്ന കഥകൾ.
-----------------------------------------------------
കണ്ണാടി മാഗസിനിൽ 31-05-2019 ൽ വന്നു 
http://kannadimagazine.com/index.php?article=881