ലേഖനം
ഓണത്തിന്റെ
ഭൂതകാല ഓര്‍മ്മകള്‍ അതിന്റെ ഐതിഹ്യത്തോടും മിത്തുകളോടും ചേര്‍ന്ന് നില്‍ക്കുന്നു.
കര്‍ക്കടക മാസത്തിലെ ഇരുണ്ട അന്തരീക്ഷത്തില്‍നിന്ന് ചിങ്ങത്തിലേക്കുള്ള കാല്‍വെപ്പും, മാനസിക-സാമ്പത്തികാന്തരീക്ഷത്തില്‍വരുന്ന മാറ്റവും
പ്രകൃതിയിലെ വസന്തവും സമൃദ്ധിയും അതിലൂടെ ഉരിത്തിരിഞ്ഞ മിത്തുകളും അതിനോട് ചേര്‍ത്തു
വെച്ച ഐതിഹ്യങ്ങളും ചേര്‍ന്നതാണല്ലോ ഇന്ന് നാം ഉത്സവ ഓര്‍മ്മകളോടെ കൊണ്ടാടുന്ന
ഓണക്കാലം. മറുനാടന്‍ മലയാളികള്‍ അവരുടെ പ്രവാസ ജീവിതത്തോട് മല്ലിടുമ്പോഴും ഈ
ഭൂതകാല ഓര്‍മ്മകള്‍ കൂടെ കൊണ്ടുനടന്നു എന്നത് ഓണത്തിന്റെ പ്രസക്തി വര്‍ദ്ധിക്കുകയാണ്.
വിപരീത സാഹചര്യങ്ങളിലും മറുനാട്ടിലും അവരുടെ പരിമിതികളെ തരണം ചെയ്ത്കൊണ്ട്
ചിങ്ങത്തിലേക്കുള്ള കാല്‍വെപ്പിനെ അന്നും ഇന്നും വരവേറ്റു എന്നത് ചെറിയ കാര്യമല്ല.
ആധുനിക കാലത്ത് സര്‍വ്വ ലൌകികസാഹചര്യം പൂര്‍വ്വാധികം വര്‍ദ്ധിച്ചപ്പോള്‍ പല
ആഘോഷങ്ങളും കൊണ്ടാടലുകളും വിപണിയുടെ സാദ്ധ്യത വര്‍ദ്ധിപ്പിക്കലായി മാറിയിട്ടുണ്ട്
എന്ന യാഥാര്‍ത്ഥ്യം ഇവിടെ നിഷേധിക്കുന്നില്ല, എങ്കിലും
മാറിയ സാഹചര്യത്തിലും ഇന്നും മറുനാടൻ മലയാളികൾ ഓണാഘോഷം വളരെ സമൃദ്ധമായി തന്നെ
കൊണ്ടാടപ്പെടുന്നു.
ദേശാന്തരഗമനം നടത്തി തിരിച്ചെത്തുന്നവർ ലോകത്തിന്റെ വിവിധ സംസ്കാരത്തെ
സ്വീകരിച്ചും ഇടപഴകിയും ജീവിതത്തോട് കൂട്ടി കേട്ടുമ്പോഴും മലയാളി അവന്റെ ഓണത്തെ
നെഞ്ചോട് ചേര്ത്ത് വെച്ചു എന്നതാണ് സത്യം, ഭക്ഷണത്തിലും
വസ്ത്രത്തിലും മലയാളി അടിമുടി മാറിയ സാഹചര്യത്തിലും ഓണക്കാലത്ത് കേരളീയ
വസ്ത്രങ്ങളിൽ അണിഞ്ഞൊരുങ്ങി സദ്യയൊരുക്കി കുമ്മാട്ടിയും പുലിക്കളിയും പൂക്കളവും
അടക്കം മാവേലിയെ വരവേറ്റു തന്നെയാണ് ഇന്നും മറുനാടൻ മലയാളികളുടെ ഓണം. മറുനാടൻ
മലയാളികളുടെ സംഘടന നടത്തിയ ഓണാഘോഷത്തിൽ ആദ്യത്തേത് രേഖപ്പെടുത്തിയത് 1883ൽ മദ്രാസ് പ്രസിഡൻസി കോളേജിൽ കൂടിച്ചേർന്ന
ട്രിപ്പിക്കൽ മലയാളി ലിറ്റററി അസോസിയേഷൻ ആണെന്നാണ് ഡോ: പി രഞ്ജിത്തിന്റെ
മലയാളിയുടെ ഭൂതകാലങ്ങൾ, ഓണവും
സാമൂഹ്യഭാവനാ ലോകവും എന്ന പുസ്തകത്തിൽ പറയുന്നത്. തുടർന്ന് 1911മുതൽ റങ്കൂണിൽ മലബാര് ക്ലബ്ബും, 1926ൽ കേരള അസോസിയേഷനും വിപുലമായ ഓണാഘോഷം നടന്നതായി
വിവരിക്കുന്നുണ്ട്. കൂടാതെ (1932-37) സിങ്കപ്പൂരിൽ
ഹിന്ദു സമാജം, ലണ്ടനിലെ കേരള സമാജം, കോലാറിലെ
കേരള ഇൻസ്റ്റിറ്റ്യൂട്ട് ബോംബെ മലയാളി സമാജം ഇങ്ങനെ രേഖപ്പെടുത്തിയ നിരവധി
ആഘോഷങ്ങൾ പലയിടത്തായി നടന്നിട്ടുണ്ട്. എഴുപതുകളുടെ തുടക്കത്തിൽ ആരംഭിച്ച ഗൾഫ്
കുടിയേറ്റം കേരളത്തിന്റെ വിവിധങ്ങളായ മുന്നേറ്റത്തിനു പ്രധാന ഹേതുവായി. തുടർന്ന്
അറേബ്യൻ മരുഭൂമികളിലും വർണാഭമായ പൂക്കളങ്ങൾ വിരിയാൻ തുടങ്ങി. മലയാളിയുടെ കുടിയേറ്റ
ചരിത്രം പരതുമ്പോൾ ഇത്തരം ആഘോഷങ്ങളുടെ ബാക്കിപത്രം കണ്ടെത്താനാകും.
രേഖപ്പെടുത്താത്തെ പോയ ചരിത്ര സത്യങ്ങളിൽ ചിലപ്പോൾ ഇത്തരം ആഘോഷങ്ങളും മൂടപെട്ടാക്കാം.
വിവര സാങ്കേതിക വിദ്യയുടെ വളര്ച്ചയോടെ ആഘോഷങ്ങളുടെ ഒരു ഏകീകരണം നടന്നിട്ടുണ്ട്.
അമേരിക്കയിലുംഗള്ഫിലും യൂറോപ്പിനും ലോകത്തിന്റെ മറ്റെവിടെയുംഉള്ള
മലയാളി തന്റെ ഓണാഘോഷം ഒരു തുറന്ന പുസ്തകം പോലെ ചാനലിലൂടെയും സോഷ്യൽ
മീഡിയകളിലൂടെയും നിറഞ്ഞാടുന്ന ഈ കാലത്ത് ഓണത്തിന്റെ ഭൂതകാലം തേടി ഒരന്വേഷണം
അനിവാര്യമാണ്. കാലാവസ്ഥയും സാമ്പത്തിക നിലയും പാരസ്പര്യപ്പെടുന്നതാണ് ഈ നാളുകളുടെ
പ്രസക്തിയെന്ന് പണ്ടു മുതലേ വിശ്വസിച്ചു പോരുന്നുണ്ട് എങ്കിലും ഈ പുതിയ കാലത്ത്
പാരിസ്ഥിതികമായ ഒട്ടേറെ നഷ്ടങ്ങൾക്ക് നടുവിലാണ് മനുഷ്യരെന്നതിനാൽ ഭൂതകാലത്തിന്റെ
നന്മകൾ അതേപടി പകർത്താൻ ആകില്ല. മാവേലിയുടെ വര്‍ഷകാല സന്ദര്‍ശനം കാത്ത് ഒരു ജനത
ആവേശത്തോടെ സ്വീകരിക്കുന്ന നല്ലകാലത്തിന്‍റെ ഓര്‍മ്മയുടെ രീതി ഇന്നാകെ
മാറിയിരിക്കുന്നു. ഇന്ന് കേരളം അതിന്റെ ശരിയായ രീതിയിൽ കാണണം എങ്കിൽ ഗൾഫിലേക്ക്
വരേണ്ടിവരും എന്ന് തമാശരൂപേണ പറയാറുണ്ടെങ്കിലും ഇന്ന് ഗൾഫ് പ്രവിശ്യയിൽ വിവിധ
സംഘടങ്ങൾ നടത്തുന്ന ഓണാഘോഷം കാണുമ്പോൾ അത് സത്യമാണെന്ന് തോന്നിപോകും. പണ്ട്
മറുനാടൻ മലയാളി എന്ന പേരിൽ ഒരു പംതി തന്നെ ഉണ്ടായിരുന്നതായും അതിൽ മറുനാടൻ
മലയാളികളുടെ ഓണസ്മരണകൾ നിറഞ്ഞു നിന്നിരുന്നു എന്നും എസ് കെ നായരുടെ തിരുവോണസ്മരണകൾ
വായിക്കുമ്പോൾ മനസിലാകും. അന്ന് മറുനാടൻ മലയാളികളിൽ നാട് വിട്ടു നിന്നതിന്റെ
പരിഭവവും നാട്ടില്‍ ഓണമാഘോഷിക്കവരുടെ ഭാഗ്യത്തെ സ്മരണകൾ അസൂയയോടെ
രേഖപ്പെടുത്തിയിട്ടുണ്ട്. "മലനാട്ടിൽ മാവേലിയെ സൽക്കരിച്ചിരുത്തി ഇന്നും
തിരുവോണം കൊണ്ടാടാൻ ഭാഗ്യം ചെയ്തവരോട് അസൂയപ്പെട്ടുകൊണ്ട് ഈ സ്മരണാമാധുര്യം
അയവിറക്കട്ടെ" ഓണക്കാലത്ത് നാട്ടിലെത്താൻ കഴിയാതെ പോയതിന്റെ വിഷമം ഈ എഴുത്തിൽ
വ്യക്തം. ഓണാഘോഷം മതേതര കാഴ്ച്ചപ്പാടുകൾക്ക് ഏറെ പ്രാധാന്യം നൽകുന്നു ഒരുമയുടെ
ഒരാഘോഷമായി എല്ലായിടത്തും ഒരുപോലെ മലയാളികള് ഹൃദയത്തോട് ചേര്ത്ത് വെക്കുന്നു.
പ്രകൃതിയോട് ഏറെ ചേര്‍ന്നു നില്‍ക്കുന്ന ഈ നാളുകള്‍എല്ലാവരുടെയും ആഘോഷകാലമാണ്.
"മാവേലി തന്നുടെ നാടുകാണാൻ
താവും മുദമോടെഴുന്നെള്ളുന്നൂ
ദാനവീരനദ്ദാനശീലൻ
ആനന്ദനൃത്തങ്ങളാടിപ്പൊകും"
ദാനവീരനദ്ദാനശീലൻ
ആനന്ദനൃത്തങ്ങളാടിപ്പൊകും"
,എന്ന് ഇടശ്ശേരി
(പോവല്ലേ പോന്നോണമേ) പറയുമ്പോൾ ദൂര ദേശത്തിരുന്ന് ഇതുപോലെ മനസു മന്ത്രിക്കും.
തുമ്പപൂ, മുക്കുറ്റി, കൊങ്ങിണിപൂ, കാക്കപ്പൂവ്, അപ്പപ്പൂവ് എന്നിങ്ങനെ
ഇതൊന്നും ഇന്ന് പൂക്കളത്തിന് നാട്ടിൽ പോലും ലഭ്യമല്ലെങ്കിലും കിട്ടാവുന്ന പൂവും
കലരും ചേർത്ത് വർണാഭമായ പൂക്കളങ്ങൾ മറുനാട്ടിൽ ഇന്നും നിറയുന്നു എന്നത് ഈ ആഘോഷം
ഇന്നും മനസ്സിൽ നിറഞ്ഞു നില്ക്കുന്നു എന്നതിന് തെളിവാണ്. പൂക്കളം നിര്‍മ്മിക്കല്‍, തൃക്കാക്കരപ്പനെ
പ്രതിഷ്ഠിക്കല്‍, പൂവിളി, ഓണവില്ലുകൊട്ടല്‍, വിപുലമായ സദ്യയോരുക്കല്‍, ഊഞ്ഞാലാട്ടവും, കണ്ണനാമുണ്ണി കളിയും, തിരുവാതിരക്കളിയും, കമ്പിത്താലം കുമ്മാട്ടി, കമ്പവലി ഇങ്ങനെ ഓണവുമായി
ബന്ധപ്പെട്ട നിരവധി കളികളും കലാരൂപങ്ങളും മറുനാടൻ മലയാളികളുടെ ഓണാഘോഷത്തിൽ അതിന്റെ
പൂർണ്ണരൂപത്തിൽ അല്ലെങ്കിൽ പോലും പ്രതീകമായെങ്കിലും നിറഞ്ഞു നിൽക്കുന്നു എന്നത്
ആശ്വാസകരമാണ്. വള്ളംകളി അതിന്റെ പരിപൂര്ണ്ണതയോടെ സൃഷ്ടിക്കാൻ സാധ്യമല്ല എങ്കിലും
ചിലയിടത്ത് എങ്കിലും പ്രതീകാത്മകായി വള്ളംകളിയും ഉണ്ടാവാറുണ്ട്. പണ്ട് എസ് കെ
നായര് കേരളത്തെ നോക്കി അസൂയപെട്ടെങ്കിൽ ഇന്ന് കേരളത്തില ഉള്ളവർ മറുനാടൻ ഓണാഘോഷം
കണ്ട് അസൂയപ്പെടുന്നുണ്ടാകും. മലയാളിയുടെ സ്വന്തം ആഘോഷമായ ഓണം അതിന്റെ മതേതര
സ്വഭാവം നിലനിർത്തി ഇനിയും മാവേലിയെ വരവേൽക്കാൻ ഇനിയും നമുക്കാവട്ടെ.
യു.എ.ഇ എക്സ്ചേഞ്ച് ഇറക്കിയ ഓണം സ്പെഷ്യല്‍ മാഗസിന്‍ പേജ് വണ്ണില്‍ വന്ന ലേഖനം
30/8/2015