കളിയെഴുത്ത് -
ഫൈസൽ ബാവ
ഹിഗ്വിറ്റ എന്ന പ്രശ്‌തമായ കഥ എഴുതിയ എൻ എസ് മാധവന്റെ മറ്റൊരു കഥയാണ് 'വന്മരങ്ങൾ വീഴുമ്പോൾ'. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടപ്പോൾ രാജീവ് ഗാന്ധി നടത്തിയ പ്രസംഗത്തിന്റെ ആദ്യഭാഗമായിരുന്നു ആ തലക്കെട്ട്. ഈ ലോകകപ്പ് കാലത്ത് തന്നെയാണ് സാഹിത്യ രംഗത്ത് ഹിഗ്വിറ്റ എന്ന കഥയെ സംബന്ധിച്ച വിവാദങ്ങൾ ഉണ്ടായതും. ഈ ലോകക്കപ്പ് അട്ടിമറിയുടെ ലോകകപ്പ് കൂടിയാണ്. ചില വന്മരങ്ങളുടെ വീഴ്ചകളുടെയും
ആദ്യമായി ഒരു ആഫ്രിക്കൻ ടീം സെമി ഫൈനലിൽ എത്തിയതും, റാങ്കിൽ ഒന്നും രണ്ടും സ്ഥാനമുള്ളവർ പുറത്തായതുമായ ഒരു ലോകകപ്പാണ് ഇത്. ചില വന്മരങ്ങൾ കടപുഴകി വീണു. വൻ മരത്തേക്കാൾ വളർന്ന ചില താരങ്ങളും കണ്ണീരോടെ മടങ്ങി. ഒപ്പം ചില വിവാദങ്ങളും ഉണ്ടായി. ആദ്യ റൗണ്ടിൽ വീണവരിൽ പ്രധാനി ഫിഫ റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തുള്ള ബെൽജിയമാണ്. കഴിഞ്ഞ ലോകകപ്പിൽ ലുക്കാക്കു എന്ന കളിക്കാരന്റെ ഉയർച്ചയാണ് കണ്ടെതെങ്കിൽ ഈ ലോകകപ്പിൽ ബെഞ്ചിലിരിക്കുന്ന അദ്ദേഹത്തിന്റെ നിഴൽ മാത്രമാന് കാണാൻ സാധിച്ചത്, ഇറങ്ങിയ കളിയിലാകട്ടെ നിഴൽ സാന്നിധ്യം മാത്രമായി.
കാനഡയോട് മാത്രമേ അവർക്ക് ജയിക്കാൻ ആയുള്ളൂ. കഴിഞ്ഞ വർഷത്തെ റണ്ണർ അപ്പായ ക്രൊയേഷ്യയോട് ഗോൾരഹിത സമനിലയിൽ പിരിഞ്ഞപ്പോൾ അവരുടെ പ്രതീക്ഷ മങ്ങി എങ്കിലും ആഫ്രിക്കൻ ടീമായ മൊറോക്കോയോട് പൊരുതി ജയിച്ചു രണ്ടാം നമ്പറുകാർ രണ്ടാം റൗണ്ടിൽ ഉണ്ടാകും എന്ന് അവരും ലോകവും പ്രതീക്ഷിച്ചു. പക്ഷെ ഈ ലോകകപ്പിലെ കറുത്ത കുതിരകളായ മൊറോക്കോ ബെൽജിയത്തിന്റെ പ്രതീക്ഷകളെ തെല്ലിക്കെടുത്തിയപ്പോൾ ആ വന്മരത്തിന്റെ വീഴ്ച അക്ഷരാർത്ഥത്തിൽ ബെൽജിയം തലസ്ഥാനമായ ബ്രസൽസിൽ പ്രതിഫലിച്ചു. തോൽവി ഉൾക്കൊള്ളാനാകാതെ, അതും മൊറോക്കോയോട് എന്നതിനാലാകാം തലസ്ഥാന നഗരിയിലെ തെരുവുകൾ കത്തി, പ്രതിഷേധം ആർത്തിരമ്പി. അങ്ങനെ ഫിഫ രണ്ടാം റാങ്കും ലോക കപ്പ് ഫൈനലിസ്റ്റ് ആകുമെന്ന് കരുതിയ ബെൽജിയം എന്ന വന്മരത്തെ രണ്ടേ പൂജ്യം എന്ന സ്‌കോറിൽ വീഴ്ത്തി ഖത്തറിൽ നിന്നും പുറത്തേക്ക് വഴി തുറന്നു കൊടുത്തു. റോബർട്ടോ മാർട്ടിനെസ് മൊണ്ടോളി എന്ന പരിശീലകന്റെ കറുത്ത ദിനങ്ങളാണ് ഈ ലോകകപ്പ് നൽകിയത്.
മറ്റൊരു വൻമരം ജർമ്മനിയാണ്. നാലു തവണ കപ്പെടുക്കുകയും നാലുതവണ റണ്ണർ അപ്പ് ആകുകയും നാല് തവണ മൂന്നാം സ്ഥാനവും ലഭിച്ച അപൂർവ റെക്കോഡുള്ള ജർമ്മനി ഈ ഖത്തർ ലോകകപ്പിൽ ആദ്യ റൗണ്ടിൽ തന്നെ കടപുഴകി വീണു. തങ്ങളേക്കാൾ ഇരുപത് റാങ്ക് താഴെയുള്ള കോസ്റ്റോറിക്കയോട് മാത്രമേ ജർമനിക്ക് ആധിപത്യം ഉണ്ടാകാൻ കഴിഞ്ഞുള്ളു. ഏഷ്യയിൽ നിന്നുള്ള ജപ്പാനോട് പരാജയപെട്ടു പുറത്തു പോകുമ്പോൾ കാമുകിമാരും ഭാര്യമാരും കളിക്കാരുടെ കൂടെ കൂട്ടിയതാണ് ഈ തോൽവിക്ക് കാരണമായത് എന്ന് താരങ്ങള്‍ക്കെതിരെ ജര്‍മന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പറഞ്ഞുകൊണ്ടിരുന്നു. പരിശീലകന്‍ ഹാന്‍സി ഫ്‌ളിക് തലകുനിച്ച് ഗാലറി വിടുമ്പോൾ വീണത് വൻമരം അല്ലാതെ എന്താണ് ?
ഈ ലോകകപ്പിലെ ഏറ്റവും വേദനിക്കുന്ന വിടവാങ്ങലായിരുന്നു ക്രിസ്റ്റ്യായാനോ റൊണാൾഡോയുടെത്. ലോകകപ്പിൽ മുത്തമിടാൻ ആയില്ല എങ്കിലും ആധുനിക ഫുട്‌ബോളിലെ ആ മഹാപ്രതിഭയുടെ തണലിൽ തന്നെയാണ്
പോർച്ചുഗൽ എന്ന രാജ്യം ലോകത്തിനു മുന്നിൽ തലയുയർത്തി നിന്നത്. എന്നാൽ അവസാന ലോകകപ്പ് സ്വന്തം രാജ്യത്താലും കോച്ചിനാലും അപമാനിതനായി ഉള്ളുപൊള്ളുന്ന വേദനയോടെ ആ മനുഷ്യൻ കണ്ണീർവാർത്തത് ലോകം കണ്ടപ്പോൾ പോർച്ചുഗലിന്റെ തോൽവിയേക്കാൾ CR7 എന്ന റൊണാൾഡോയുടെ വേദനയാണ് ഏറ്റെടുത്തത്.
ആദ്യ പകുതിയുടെ അവസാന മിനിറ്റുകളിൽ മൊറൊക്കൊയുടെ യൂസഫ് എൻ-നെസിരി ക്ലോസ് റേഞ്ചിൽ നിന്ന് ചെയ്ത ഹെഡ് പോർച്ചുഗലിന്റെ വലകുലുക്കുമ്പോൾ ഒരു യുഗാന്ത്യം കൂടിയാകുകയായിരുന്നു.ഒപ്പം പുതുചരിത്രം പിറക്കുകയും ചെയ്തു. തൊട്ടുമുമ്പുള്ള പ്രീ ക്വാർട്ടറിൽ റൊണാൾഡോയെ ബെഞ്ചിലിരുത്തി നേടിയ ആധികാരിക വിജയത്തിന്റെ അഹങ്കാരം കോച്ച് ഫെർണാണ്ടോ സാന്റോസിന്റെ ശരീരഭാഷയിൽ നിഴലിച്ചിരുന്നു. മൊറോക്കോയുമായി നടക്കുന്ന കളിയിൽ ടീമിലെ അസ്വാരസ്യങ്ങളും റൊണാൾഡോയോടുള്ള അഭിപ്രായവ്യത്യാസങ്ങളും ടീമിനെ കൃത്യമായി ബാധിച്ചത് കളിയിൽ നിന്നും കാണാനായി. ഫ്രീകിക്കിൽ അതി വിദഗ്ധനായ റൊണാൾഡോ ഗ്രൗണ്ടിൽ ഉള്ളപ്പോൾ ലഭിച്ച ഫ്രീകിക്ക് അദ്ദേഹത്തിന് നൽകിയില്ല, ഒരുപക്ഷെ അങ്ങനെ സംഭവിച്ചിരുന്നു എങ്കിൽ മത്സരം മാറിമറിയുമായിരുന്നു. ഈ ലോകകപ്പിലെ വലിയ ദുരന്തങ്ങളിൽ ഒന്നാണ് ഒരു മഹാപ്രതിഭയായ കളിക്കാരനെ ഈ വിധത്തിൽ ഒരു യാത്രയപ്പ്.
കളിയിലും ഫൗളിലും വിവാദനായകനാണ് ഉറുഗ്വായുടെ താരം സുവാരസ് എങ്കിലും മികച്ച കളി പുറത്തെടുക്കാറുള്ള സുവാരസിനും ഈ ലോകകപ്പ് കണ്ണീരാണ് അദ്ദേഹത്തിനും ഇത് അവസാന ലോകകപ്പാണ്. ആദ്യറൗണ്ടിൽ തന്നെ പുറത്തുപോയതോടെ ജഴ്‌സി മുഖത്തേക്ക് ഇട്ട് ബഞ്ചിലിരുന്ന് പൊട്ടിക്കരയുന്ന സുവാരസിന്റെ നാം കണ്ടു.
കാളപ്പോരിന്റെ നാട്ടിൽ നിന്നും വന്ന മുൻ ലോക ചാമ്പ്യൻ മാരായിരുന്ന സ്പെയിനിന്റെ പതനവും കണ്ടു. ലോക കപ്പ് സാധ്യതാ ലിസ്റ്റിൽ ഉൾപ്പെട്ടിരുന്ന മറ്റൊരു വന്മരം. ഈ ലോകകപ്പിൽ ഏറ്റവും അധികം സമയം പന്ത് കൈവശം വെച്ചവരും ഏറ്റവും കൂടുതൽ ഒരുപക്ഷെ സ്‌പെയിൻ ആയിരിക്കും. എന്നാൽ രണ്ടാം റൗണ്ടിൽ ഏറെകാലം തങ്ങൾ അധിനിവേശത്തിലൂടെ കൈവശം വെച്ചിരുന്ന ആഫ്രിക്കൻ രാജ്യമായ മൊറോക്കയോട് അടിയറവ് പറഞ്ഞു പോരുമ്പോൾ ചരിത്രം സാക്ഷിയായി നിന്നു.പോരാട്ടവീര്യം ചോർന്നു പോയ കാളയുടെ ദയനീയത അവരിൽ.
ഏറെ പ്രതീക്ഷയോടെ വന്ന ലോക ഒന്നാംനമ്പർ ടീമായ ബ്രസീൽ ക്വാർട്ടറിൽ ക്രൊയേഷ്യയോട് ഷൂട്ടൗട്ടിൽ പിടഞ്ഞു വീഴുമ്പോൾ നെയ്മർ എന്ന പ്രതിഭയുടെ കണ്ണീർ നാം കണ്ടു. കേരളത്തിൽ ഏറ്റവും അധികം കട്ടൗട്ടറുകൾ ഉയർന്ന താരങ്ങളിൽ ഒരാളാണ് നെയ്മർ, പരിക്കിന്റെ ദൗർഭാഗ്യം എന്നും കൂടെയുള്ള താരം . ഏതു പോസിഷനും മികച്ച യുവ താരങ്ങളാൽ നിറഞ്ഞു നിൽക്കുന്ന, ഈ ലോകകപ്പ് നേടും എന്ന് ഏറ്റവും അധികം പ്രവചനങ്ങൾ വന്ന മികച്ച തുടക്കം കുറിച്ച് അജയ്യനായി വന്ന ബ്രസീലിന്റെ ജൈത്രയാത്രക്ക് ലൂക്ക മോഡ്രിച്ച് നയിക്കുന്ന ക്രൊയേഷ്യ തടയിട്ടപ്പോൾ ഈ ലോകകപ്പിലെ ഏറ്റവും തായ്‌വേരുള്ള ബ്രസീലിന് സെമി ഫൈനൽ തൊടാതെ ഖത്തർ വിടേണ്ടിവന്നു. നെയ്‌മർ എന്ന നിർഭാഗ്യവാനായ കളിക്കാരന്റെ കണ്ണീരും കാണേണ്ടി വന്നു. കരഞ്ഞുകൊണ്ടുനിൽകുന്ന നെയ്മറിനെ തങ്ങളെ തോല്പിച്ച ക്രൊയേഷ്യയുടെ താരം പെരിസിച്ചിന്റെ പത്തുവയസുകാരനായ മകൻ ലിയോ വന്നു കെട്ടിപ്പിടിച്ചുകൊണ്ട്
'' നിങ്ങൾ കരയരുത് സുൽത്താൻ ..,ക്രൊയേഷ്യക്ക് എതിരെയുളള നിങ്ങളുടെ മാജിക് ഗോൾ ഈ ലോകകപ്പിലെ ഏറ്റവും മികവാർന്ന ഗോളുകളിൽ ഒന്നായി നിങ്ങളുടെ പേരിൽ എഴുതപ്പെട്ടിരിക്കുന്നു.. ഫുട്ബോൾ ലോകം എന്നും വാഴ്ത്തപ്പെടുന്ന സുൽത്താനാണ് നിങ്ങൾ." എന്ന് ആ കുട്ടി പറയുമ്പോൾ ഫുട്‌ബോൾ പോരാട്ടത്തിന്റെ മാത്രമല്ല പ്രതീക്ഷയുടേതും മാനവികതയുടെതും കൂടിയാണ് എന്ന സന്ദേശം നൽകുന്നു.
ഈ ലോകകപ്പിലും അങ്ങനെ വന്മരങ്ങൾ വീഴുന്നു, പുതിയ നാമ്പുകൾ കിളിർക്കുന്നു മൊറോക്കോ അത്തരത്തിൽ ഏതോ വന്മരത്തിനു പകരം വളർന്നു വരുന്ന ആഫ്രിക്കൻ പച്ചപ്പാണ്.
-------