കളിയെഴുത്ത്
പൂമുഖം SPORTS കൈലിയൻ എംബാപ്പെ എന്ന അസാധാരണമായ വേഗത SPORTS കൈലിയൻ എംബാപ്പെ എന്ന അസാധാരണമായ വേഗത ഫൈസൽ ബാവ ആരൊരാളെൻ കുതിരയെ കെട്ടുവാൻ ആരൊരാളതിൻ മാർഗ്ഗം മുടക്കുവാൻ? :- വയലാർ ഈ ലോകകപ്പിൽ പുതുതലമുറ ചുവടുറപ്പിക്കുകയാണ്.ഇതുവരെ ഉണ്ടായിരുന്ന ഇതിഹാസങ്ങളൊക്കെ ഏതാണ്ട് ഇത്തവണത്തോടെ ഇറങ്ങി തീരുമ്പോൾ ലോകകപ്പിന്റെ അടുത്ത വരവിനുള്ള ആരവം ഒരുക്കാൻ ഒരു പുതുനിര വരവറിയിച്ചു കഴിഞ്ഞു. കഴിഞ്ഞ ലോകകപ്പിൽ തന്നെ താരമായ കൈലിയൻ എംബാപ്പെ ആണ് അതിൽ ഒന്നാം നിരയിൽ. ഫ്രാൻസിന്റെ അശ്വവേഗം. ഈ അശ്വത്തെ അത്രപെട്ടെന്നൊന്നും തടയാൻ ആർക്കുമാകില്ല.ഈ കളം തനിക്ക് പോരാ എന്ന രീതിയിലാണ് ആ കുതിപ്പ്. ആ അത്ഭുത പാദുകത്തിൽ നിന്നും തൊടുത്തുവിടുന്ന ശരങ്ങൾ മൂർച്ചയുള്ളതാണ് . ലക്ഷ്യത്തിലേക്ക് കുതിക്കുന്ന പന്തുകൾ എതിരാളികളെ ഭയപ്പെടുത്തുന്നു. ഓരോ കുതിപ്പും എതിരാളികൾ അത്ഭുതത്തോടെ നോക്കിനിൽക്കേണ്ടി വരുന്നു. പതിനെട്ടാം വയസ്സിൽ തുടങ്ങിയ ഈ കുതിപ്പ് തന്റെ രണ്ടാം ലോകകപ്പിലും തുടരുന്നു. ഒപ്പം ഗോൾ വേട്ടയും. ഇതുവരെ എല്ലാവരേക്കാളും മുമ്പിൽ തന്നെ. ഏറെകാലമായി യൂറോപ്പിനെ ചുറ്റിപ്പറ്റി നിന്നിരുന്ന ഒരു ദുരന്തമാണ് എംബാപ്പയിലൂടെ പിഴുതെറിയപ്പെട്ടത്. ഇറ്റലിക്ക് ശേഷം ആരും തുടർച്ചയായി ലോകകപ്പ് എടുത്തിട്ടില്ല എന്നത് മാത്രമല്ല 1990ന് ശേഷം ലോകകപ്പ് എടുത്ത ചാമ്പ്യന്മാർ അടുത്ത ലോകകപ്പിൽ ആദ്യ റൗണ്ടിൽ പുറത്താവുന്നു എന്നതാണ് കുറച്ചുകാലായി നാം കേട്ടുവരുന്നത് . ഫ്രാൻസിന്റെ തന്നെ ചരിത്രം പരിശോധിച്ചാൽ നമുക്കത് കാണാം. 1990ലും 1994ലും ലോകകപ്പിൽ യോഗ്യത പോലും കിട്ടാതെ പോയ ഫ്രാൻസാണ് 1998ൽ സിനദിൻ സിദാന്റെ നേതൃത്വത്തിൽ ലോകകപ്പിൽ ആദ്യമായി മുത്തമിട്ടത്. 1986ൽ മെക്സിക്കോ ലോകകപ്പിൽ മൂന്നാം സ്ഥാനം ലഭിച്ചതാണ് അതുവരെ എത്തപ്പെട്ട ഏറ്റവും ഉയർന്ന സ്ഥാനം, മിഷേൽ പ്ലേറ്റിനിയുടെ സ്വപ്നത്തെയാണ് സിദാൻ യാഥാർഥ്യമാക്കി കൊടുത്തത് . എന്നാൽ ചാമ്പ്യന്മാരായി വന്ന് 2002 ൽ ആദ്യ റൗണ്ടിൽ തന്നെ പുറത്തേക്ക് പോകേണ്ടി വന്നു. 2006 ൽ റണ്ണറപ്പ് ആകുന്നു, 2010 ൽ വീണ്ടും ആദ്യറൗണ്ടിൽ അതിവേഗത്തിൽ പുറത്തുപോകുന്നു. 2014ൽ ക്വർട്ടറിൽ ജർമനിയോട് അടിയറവ് പറയുന്നു. പിന്നെയതാ 2018ൽ എംബാപ്പെയുടെ അശ്വവേഗത്തിലൂടെ വീണ്ടും ഫൈനലിൽ എത്തുന്നു. സിദാന്റെ പിൻഗാമി എംബാപ്പെയുടെ അതിവേഗത്തിന് മുന്നിൽ ലൂക്കാ മോൺട്രിച്ചിന്റെ സ്വപ്നങ്ങൾ തകരുന്നു. ആദ്യമായി ഫൈനൽ കണ്ട കറുത്ത കുതിരകൾ എന്ന് വിശേഷിപ്പിച്ച ക്രൊയേഷ്യ പിടഞ്ഞു വീഴുന്നു. ആ ലോകകപ്പിലാണ് എംബാപ്പെ എന്ന താരം ജനിക്കുന്നത്. ചാമ്പ്യന്മാർ അടുത്ത ലോകകപ്പിൽ ആദ്യറാണ്ടിൽ വീഴും എന്ന യൂറോപ്പിന്റെ തലയിലെഴുത്താണ് ഇപ്പോൾ മാറിമറിയുന്നത്. ഇതിനകം എംബാപ്പെയുടെ വരവോടെ ആർക്കും തടുക്കാനാവാത്ത ശക്തിയെന്നപോലെ മുന്നേറുന്നത്. ഈ ലോകകപ്പോടെ ലയണൽ മെസ്സി ക്രിസ്ത്യാനോ റൊണാൾഡോ, നെയ്മർ, സുവാരസ്, തുടങ്ങിയ ഇതിഹാസ താരങ്ങൾക്ക് യാത്രയപ്പ് ആയേക്കും .എന്നാൽ ഇത്തവണ വലിയൊരു യുവനിര എല്ലാ ടീമിലും ഉണ്ടായി വരുന്നു എന്നത് ഒരു ആശ്വാസമാണ്. ഈ ടൂർണമെന്റിന്റെ താരം എംബാപ്പെ തന്നെ. വേഗതകൊണ്ട് വിസ്മയിപ്പിക്കുന്നു ഈ ഫ്രഞ്ച് താരം. എംബാപ്പെയുടെ കാലുകളിൽ പന്ത് എത്തുമ്പോൾ എതിർടീമിന്റെ ഉള്ള് പിടക്കുന്നുണ്ടാകും. ആരാണീ കുതിരയെ കെട്ടുക എന്ന് ഗ്യാലറികളിൽ നിന്നും ചോദ്യങ്ങൾ ആർപ്പുവിളികളായി വരുമ്പോൾ വർദ്ധിത വീര്യത്തോടെ ഈ ചെറുപ്പക്കാരൻ കുതിക്കുന്നു “തിയറി ഹെൻറിയുമായി സാമ്യമുള്ള ഒരു വലിയ ഫുട്ബോൾ പ്രതിഭ” എന്നാണ് മുൻ ഫ്രഞ്ച് താരവും ഫുട്ബോൾ മാനേജരുമായിരുന്ന ആർസെൻ വെംഗർ (Arsène Wenger) എംബാപ്പെയെ വിശേഷിപ്പിച്ചത്. ഒരു ബഹുമുഖ മുന്നേറ്റക്കാരനാണ് എംബാപ്പെ. ഒരു വിംഗറായി കളിക്കുകയും, എതിർടീമിന്റെ പോസ്റ്റിലേക്ക് അവസരം കിട്ടുമ്പോഴൊക്കെ അതി ശക്തമായ ഷോട്ടുകൾ പായിക്കുകയും ചെയ്യുന്നു. രണ്ട് കാലുകൾകൊണ്ട് ഒരേ വേഗത്തിൽ ഷോട്ടുകൾ പായിപ്പിക്കാനുള്ള അപാര ശേഷി പ്രതിരോധക്കാരെ വട്ടം കറക്കുന്നു. ഗോൾകീപ്പർക്ക് ഭീഷണി ഉയർത്തുന്നു. ഇടത് വിംഗിൽ നിന്ന് വലതുകാലിലേക്ക് പന്ത് മാറ്റി മധ്യഭാഗത്തേക്ക് കുതിക്കാനും അസാമാന്യ ശക്തിയിൽ ഷോട്ട് പായിക്കാനും അദ്ദേഹത്തിന് കഴിയുന്നു. ലക്ഷ്യത്തിലേക്കുള്ള വേഗതയും, കൃത്യമായ ഫിനിഷിങ്ങും അദ്ദേഹത്തിന്റെ ഗുണകരമായ നീക്കങ്ങളാണ്. അതുപോലെ മനോഹരമായി, വേഗത്തിൽ ഡ്രിബ്ലിംഗ് ചെയ്യുമ്പോൾ ബോൾ കൺട്രോളിങ്ങും, തന്ത്രപരമായ ബുദ്ധിയും, ഷോട്ടിന്റെ വേഗതയും സൂക്ഷ്മതയും എല്ലാം അയാളിലെ സമർത്ഥനായ കളിക്കാരനെ വരച്ചുകാട്ടുന്നു. ഒപ്പം എതിർടീമിന്റെ പേടിസ്വപ്നമായി മാറുന്നു. “പ്രതിരോധത്തിൽ വിള്ളൽ വീഴ്ത്തി അവരെ കബളിപ്പിച്ചു ഓടാനുള്ള എംബാപ്പെയുടെ കഴിവ് 1996 ഒളിമ്പിക്‌സിലെ റൊണാൾഡോയെ ഓർമ്മിപ്പിച്ചുവെന്നും, എംബാപ്പെക്ക് ഒരു ലോകോത്തര കളിക്കാരന്റെ എല്ലാ പ്രത്യേകതകളും ഉണ്ടെന്നും” ഫ്രാൻസ് കഴിഞ്ഞ തവണ ലോകകപ്പ് നേടുന്നതിന് മുമ്പ് തന്നെ ഫ്രഞ്ച്താരം നിക്കോളാസ് അനെൽക്ക അഭിപ്രായപ്പെട്ടിരുന്നു.
വലിയ പ്രതിസന്ധികളിൽ നിന്നാണ് എംബാപ്പെ ഈ ലോകകപ്പിലേക്ക് എത്തുന്നത്. 2021 യൂറോയിൽ സ്വിറ്റ്‌സർലൻഡിനെതിരായ അവസാന 16 ഷൂട്ടൗട്ട് തോൽവിയിൽ നിർണ്ണായക പെനാൽറ്റി നഷ്‌ടമായതിന് ശേഷം ലെസ് ബ്ലൂസിനായി ഒരു ഗോൾ പോലും സ്‌കോർ ചെയ്യാത്തതിന് ഏറെ പഴികേൾക്കേണ്ടി വന്നു. “ഇനി 23-കാരന് സ്വയം വീണ്ടെടുക്കേണ്ടി വരും, 2018-ൽ ചെയ്‌തതുപോലെ ഈ ലോകകപ്പിൽ ശ്രമിക്കണം കളിക്കണം” ഫ്രഞ്ച് ഫുട്‌ബോൾ ജേർണലിസ്റ്റ് ജൂലിയൻ ലോറൻസിന്റെ വാക്കുകളാണ്. അദ്ദേഹത്തിന്റെ ആശങ്കക്കുള്ള മറുപടിയായിരുന്നു എംബാപ്പെയുടെ പ്രകടനങ്ങൾ. കബിലിയയിൽ നിന്നുള്ള അൾജീരിയക്കാരി ഫയ്‌സ ലാമാരിയുടെ പ്രിയ പുത്രന്റെ ഫുട്‌ബോൾ പ്രണയം അമ്മയുടെ ജീവിതവുമായി ബന്ധപെട്ടു കിടക്കുന്നു. 23 കാരന്റെ ശക്തമായ നിലയിൽ അമ്മയുടെ നിലപാടുകൾക്ക് ഏറെ സ്വാധീനമുണ്ട്. എംബാപ്പെ കളിയിലൂടെ കൂടുതൽ ഉയർച്ച ലക്ഷ്യം വെച്ചപ്പോൾ, അമ്മ അതിലുംകൂടിയ ഉയരങ്ങൾ ലക്ഷ്യമാക്കി. ഒപ്പം അവൻ തന്റെ വേരുകൾ മറക്കുന്നില്ലെന്ന് അവർ ഉറപ്പുവരുത്തുകയും ചെയ്തു. ഉദാരമതിയായ അവർ തന്റെ മകന്റെ നിറത്തിൽ അഭിമാനം കൊണ്ടു. ആ അൾജീരിയൻ സ്ത്രീ തന്റെ എല്ലാ ബോണസുകളും ഒരു ചാരിറ്റി പ്രോജക്റ്റിലേക്ക് മാറ്റാൻ നിർദ്ദേശിച്ചു. അവർ അസാധാരണമായ ധാർമ്മികതയുള്ള ആളുകളാണെന്ന് അനുദിനം തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. തന്നെ ഇന്നത്തെ നിലയിലാക്കിയ അമ്മയോട് അനുസരണയും നന്ദിയുമുള്ള മകനായി പുൽത്തകിടിയിൽ കൂടുതൽ വേഗത്തിൽ ലക്‌ഷ്യം കണ്ടു തുടങ്ങി.” ആരൊരാളെൻ കുതിരയെ കെട്ടുവാൻ ആരൊരാളതിൻ മാർഗ്ഗം മുടക്കുവാൻ?”
മലയാളനാട് വെബ് മാഗസിനിൽ സോക്കർ ഫീവർ എന്ന പംക്തി 7
ലിങ്ക്👇🏻
https://malayalanatu.com/archives/14779
No comments:
Post a Comment