Friday 9 December 2022

കാളപ്പോര്കാരുടെ വീരോടെ സ്‌പെയിൻ നിറഞ്ഞാടി

 

കളിയെഴുത്ത് 

 
 
 
 
 
 
 
 
 
(സ്പെയിൻ കോസ്റ്ററിക്ക കളിയെക്കുറിച്ച് )
 
2010ലാണ് ടിക്കി ടാക്ക എന്ന താളവും അതിനനുസരിച്ച നീക്കവും നടത്തി  കാളപ്പോരിന്റെ 
നാട്ടിൽ നിന്നും വന്നവർ വിസ്മയിപ്പിച്ചതും ആന്ദ്രെ ഇനിയേസ്റ്റയുടെ പട ലോകകപ്പിൽ മുത്തമിട്ടതും. സ്‌പെയിൻ എന്ന തക്കാളിയേറിൽ ആനന്ദം കണ്ടെത്തുകയും അതൊരു ഉത്സവമാക്കുകയും ചെയ്തവർ ടിക്കി ടാക്ക താളത്തിൽ  ലോക കപ്പ്   നേടിയ ഓർമകളെ ഉണർത്തി ഈ ലോകകപ്പിലെ സ്പെയിനിന്റെ ആദ്യകളി. ഇനിയേസ്റ്റ അടിച്ചു കയറ്റിയ ഒറ്റഗോളിലാണ്  അന്ന് ആര്യൻ റോബന്റെയും വാൻപേഴ്സിയും ഞെട്ടിത്തരിച്ചത്. ഓറഞ്ച് പടയുടെ ലോകകപ്പ് മോഹം തല്ലിക്കെടുത്തിയത്. ഹോളണ്ടിനെ  അപേക്ഷിച്ചു കോസ്റ്ററിക്ക അത്ര വലിയ ടീമല്ല എങ്കിലും ലോകകപ്പിൽ യോഗ്യത നേടുക എന്ന വലിയ നേട്ടം നേടിയ ടീമെന്ന നിലയിൽ പോരാട്ടം പ്രതീക്ഷിച്ചു. എന്നാൽ സ്പാനിഷ് മുന്നേറ്റത്തിന് മുന്നിൽ അവർ നിഷ്പ്രഭരായി എന്ന് പറയാം. സ്പാനിഷ് കോച്ച്  ലൂയിസ് എന്‍‌റിക്വയുടെ തന്ത്രങ്ങൾ കൃത്യമായി പ്രയോഗിച്ചത് ആമുഖത്തു നിന്നും വായിച്ചെടുക്കാമായിരുന്നു. 
ഫെരാന്‍ ടോറസിനും  മാര്‍ക്കോ അസെന്‍സിയോയും ഡാനി ഓല്‍മോയും നിറഞ്ഞാടിയ കളി. 
 

പരിചയസമ്പന്നനായ ബുസ്‌കറ്റ്‌സിന്റെ പ്രതിരോധ മതിൽ ഒരിക്കൽ പോലും തുളച്ചു കയറാതെ വിറച്ചു നിന്നു ലൂയിസ് ഫെര്‍ണാണ്ടോ സുവാരസിന്‍റെ കോസ്റ്റാറിക്ക. സ്പാനിഷ് ഫുട്‌ബോളിലെ പ്രതീക്ഷകളായ    ഗാവിയും പെഡ്രിയും നിറഞ്ഞു നിന്നു. ആദ്യ അരമണിക്കൂറിൽ തന്നേ കാൽ ഡസൻ ഗോളുകൾ പിറന്നു. ഡാനി ഓൽമയാണ് വെടിക്കെട്ടിനു തിരി കൊളുത്തിയത്, ഗാവി കോരിയിട്ട് കൊടുത്ത പാസ്സ് ഇടതു കാലുകൊണ്ട് എടുത്ത്  കോസ്റ്ററിക്കൻ താരത്തെ കട്ട് ചെയ്ത് പാഞ്ഞുവന്ന  കോസ്റ്റാറിക്കയുടെ വിഖ്യാത ഗോളി കെയ്‌ലര്‍ നവാസിന്റെ തലക്ക് മുകളിലൂടെ കോരിയിട്ട് വല ചലിപ്പിച്ചു. അതും പതിനൊന്നാമത്തെ മിനുട്ടിൽ. റിയൽ മാഡ്രിഡിന്റെ മുൻ ഗോൾ കീപ്പറായി തിളങ്ങിയ കെയ്‌ലര്‍ നവാസിന് ഒന്നും ചെയ്യാനായില്ല.   അധികം വൈകാതെ തന്നേ മാര്‍ക്കോ അസന്‍സിയോയുടെ ഊഴമായിരുന്നു. ഇടതു വിങ്ങിൽ നിന്നും ജോർഡി ആൽബയുടെ സുന്ദരമായ ഒരു ക്രോസ്  മാര്‍ക്കോ അസന്‍സിയോയുടെ ഷോട്ടിൽ ഗോളായി. 
മൂന്നാം ഗോൾ പെനാൽറ്റിയിലൂടെ ഫെറാൻ  ടോറസ് അനായാസമാക്കി. രണ്ടാം പകുതിയിലും ടോറസ് തന്നേ വലകുലുക്കി. ഗവിയുടെ അഞ്ചാം ഗോൾ സുന്ദരമായ കിക്ക് ആയിരുന്നു. കാര്‍ലോസ് സോളറും  മൊറാട്ടയും ഓരോ ഗോളുകൾ അടിച്ചുകൊണ്ട് പട്ടിക പൂർത്തിയാക്കി. കളിയിലെ ഏറ്റവും സുന്ദരമായ ഗോളുകൾ ഗാവിയുടെതും മൊറാട്ടയുടെതും ആയിരുന്നു. സ്പെയിൽ താരങ്ങൾ നിറഞ്ഞാടിയ ഈ  മത്സരത്തിൽ കളിയുടെ ഭൂരിഭാഗം സ്പെയിനിന്റെ കാലുകളിൽ ആയിരുന്നു. കോസ്റ്റാറിക്കൻ  ടീമിനെ സ്‌പെയിൻ  നോക്കുകുത്തിയാക്കി. 
 

No comments:

Post a Comment