Friday, 18 September 2020

ജീവനുള്ള നരകം

 സിനിമ

Film : Room 

Director :  Lenny Abrahamson 

 (ലെന്നി അബ്രാഹംസൺ  സംവിധാനം  ചെയ്ത റൂം എന്ന സിനിമയിലൂടെ)  

ഐതിഹ്യങ്ങളുടെയോ വിശ്വാസങ്ങളുടെയോ കഥകളിലൂടെയോ അറ്റത്തുള്ള നരകങ്ങളെ കുറിച്ച് നാം ധാരാളം  കേട്ടിട്ടുണ്ട്. എന്നാൽ ജീവനുള്ള നരകത്തെ കുറിച്ചോ? അത്തരം ജീവനുള്ള നരകത്തെ കുറിച്ചുള്ള  ഒരു സിനിമയാണ് ലെന്നി അബ്രാഹംസൺ  സംവിധാനം ചെയ്ത 'റൂം' എന്ന സിനിമ. 

2008 നടന്ന ഒരു യഥാർത്ഥ സംഭവത്തെ  ആസ്പദമാക്കി എമ്മ ഡോണോഗു എഴുതിയ റൂം എന്ന  നോവൽ  ആയിരുന്നു ഈ സിനിമക്ക് കാരണമായത്. സിനിമയുടെ തിരക്കഥയും എമ്മ ഡോണോഗുതന്നെയാണ്.  18-ാം വയസ്സിൽ വീട്ടിൽ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കപ്പെട്ട   എലിസബത്ത് ഫ്രിറ്റ്‌സനാലിന്റെ ജീവിതകഥയുമായി ഇ സിനിമക്ക് ഏറെ സാമ്യമുണ്ട്. തന്റെ പിതാവിനാൽ വര്ഷങ്ങളോളം പീഡിപ്പിക്കപ്പെട്ട കഥ നമ്മൾ ഞെട്ടലോടെയാണ് കേട്ടത്. അത്തരത്തിൽ കഴിഞ്ഞ പത്തുവർഷമായി  നാല് ചുവരുകൾക്കുള്ളിൽ ബന്ദിയാക്കപ്പെട്ട ജോയ് മാ  ന്യൂസ്വമെന്ന സ്ത്രീയുടെയും അതിലുണ്ടാകുന്ന ജാക്ക് ന്യൂസ്വമെന്ന എന്ന കുട്ടിയുടെയും കഥയാണ് റൂം എന്ന ഈ സിനിമ. ബന്ദിയാക്കപ്പെട്ട ജോയ് എന്ന  സ്ത്രീയും നിരന്തരം പീഡിപ്പിക്കുന്ന അക്രമാസ്‌ക്തനായ ഓൾഡ് നിക് എന്ന പുരുഷനും അയാളിൽ ഉണ്ടായ ജാക്ക് എന്ന മൂന്നുപേരും മാത്രമാണ് ഈ നാല് ചുവരുകൾക്കു ഉള്ളിൽ. ഒരിക്കലും രക്ഷപെടാൻ ആകാത്തവിധം തയ്യാറാക്കിയ മുറിയിൽ അക്രമാസത്തനായ പുരുഷ  സാന്നിധ്യത്തിലിടയിൽ നിന്നും നാലുചുമരുകൾക്കപ്പുറം ഒന്നും കാണാത്ത ജാക് എന്ന തന്റെ കുട്ടിയെ സമർത്ഥമായി രക്ഷിചു നിർത്തുകയാണ് 

ജോയ്. ജാക്കിനെ സംബന്ധിച്ച് ഈ രണ്ടു പേരെ മാത്രമേ കണ്ടിട്ടുള്ളൂ. ആ കുട്ടിയുടെ ജീവിതം സൂക്ഷമവും ശക്തവുമായി പകർത്തിവെച്ചിട്ടുണ്ട് ഒപ്പം പുരുഷാധിപത്യത്തിന്റെ ക്രൂരമായ അക്രമത്തിന്റെ നേര്ചിത്രം  കൂടിയാണ് ഈ സിനിമ. ഉള്ള് നോവിക്കുന്ന ഒട്ടേറെ നിമിഷങ്ങൾ ഈ സിനിമയിൽ ഉണ്ട്. കുട്ടിയെ അയാളുടെ തടവിൽ നിന്നും രക്ഷപെടുത്താൻ ആ കുട്ടിയെ പാകപ്പെടുത്തിയെടുക്കാൻ അമ്മ ജോയ് നടത്തുന്ന ശ്രമങ്ങൾ നമ്മെ സിനിമയിലേക്ക് കൂടുതൽ അടുപ്പിക്കും. 

       ജേക്കബ് ട്രെംബ്ലെ
ജാക്ക് മു റിയിലെ തന്റെ സാധങ്ങളുടെ പേര് പറയുമ്പോൾ ചില്ലുജാലകത്തിലൂടെ കാണുന്ന ഒരു തുണ്ട് ആകാശത്തെ നോക്കി 'എന്റെ ആകാശം' എന്നാണ് പറയുന്നത്. മുറിയിലേക്ക് വെളിച്ചം തരുന്ന ഏക ചില്ലു ജാലകത്തിൽ ഒരു ഇല പറന്നു വന്നു വീണപ്പോൾ ജാക്കിന് അത് കാണിച്ചുകൊടുക്കുന്ന മനോഹരമായ സീനുണ്ട്. ദിവസം ഭക്ഷണം പാകം ചെയ്യുമ്പോൾ എടുത്തുവെക്കുന്ന മുട്ടത്തോടുകൾ കൊണ്ട് മാലയുണ്ടാക്കി വെക്കുന്നുണ്ട് ഇങ്ങനെ അടിമത്തം പേറുന്ന പീഡനകാലത്തെ ഇത്തരം ക്രിയേറ്റീവിലൂടെ അവർ ജാക്കിന് ആത്മവിശ്വാസം പകരുകയാണ്.  
ഈ ജീവനുള്ള നരകത്തെ ജോയ് ഒരു യക്ഷികഥയാക്കി ജാക്കിനോട് അവതരിപ്പിക്കുന്നുണ്ട്, ഒപ്പം ആലീസ് ഇൻ വണ്ടർലാൻഡും കൗണ്ട് ഓട് മോണ്ടോ ക്രിസ്റ്റോയും ഒക്കെ ജോയ് പറഞ്ഞു കൊടുക്കുന്നുണ്ട്. ഇവിടെ നിന്നും രക്ഷപ്പെട്ടാൽ തന്റെ അമ്മയുടെ അതായത് ജാക്കിന്റെ മുത്തശ്ശിയുടെ വീട്ടിൽ തന്റെയൊരു മുറിയുണ്ടെന്നും,  ആ തുറന്ന ലോകത്തേക് ഈ ജീവനുള്ള നരകത്തിൽ നിന്നും രക്ഷപ്പെടാൻ കഠിന പരിശ്രമം വേണെമെന്നും അതിനായി  ജാക്കിൽ ആത്മവിശ്വാസം വളർത്താൻ നടത്തുന്ന നിരന്തര ശ്രമങ്ങൾ ആണ് സിനിമയുടെ ആദ്യപകുതി.

ജാക്ക്  പനി പിടിച്ചു കിടന്നപ്പോൾ ആഴ്ചയിൽ വരുന്ന നിക്കിനോട്  കുട്ടിയെ ഡോക്റ്ററെ കാണിക്കണം എന്ന ആവശ്യത്തിനു ചെവി കൊടുക്കാതെ അയാൾ പോകുന്നു.  അടുത്ത ആഴ്ച അയാൾ വരുമ്പോളേക്കും ജാക്കിനെ രക്ഷിക്കാനുള്ള തന്ത്രങ്ങൾ മെനയുകയാണ് ജോയ്. ഓൾഡ് നിക്ക് വരുമ്പോൾ ജാക് പനിപിടിച്ചു മരിച്ചു എന്നു പറയുന്നു.  ജാക്കിനെ ഒരു പരവതാനിയുടെ അകത്താക്കി ചുരുട്ടി വെച്ചിരുന്നു ഓൾഡ് നിക്ക് ശവമാണ് എന്ന് കരുതി ചുരുട്ടിയ പരവതാനി  അവിടെ നിന്നും പുറത്തേക്ക് കൊണ്ടുപോകുന്നു 
പുറം ലോകത്ത് എത്തിയാൽ ചുരുട്ടിവെച്ച പരവതാനിയിൽ നിന്നും രക്ഷപെടാനുള്ള വഴി പലവട്ടം ജാക്കിനെ കൊണ്ട് തന്നെ ജോയ് മുറിയിൽ നിന്നും പരിശീലിപ്പിച്ചിരുന്നു. 

ജാക് എത്തിപ്പെടുന്നത് ഒട്ടും പരിചിതമല്ലാത്ത ഒരു ലോകത്താണ്.  ജാക്കിന്റെ പാദങ്ങൾ അപരിചിതമായ നിലങ്ങളിൽ ആദ്യമായി  സ്പർശിക്കുന്ന നിമിഷം മനോഹരമായാണ് ചിത്രീകരിച്ചിരിക്കുന്നത്.  കണ്ണിനോ കാലുകൾക്കോ പുതിയ ലോകം പരിചിതമായ ഒന്നല്ല എന്ന്  മനസിലാക്കാൻ ജാക്കിന് ഏറെ സമയം വേണ്ടിവന്നു. ജീവനുള്ള നരകത്തിൽ നിന്നും രക്ഷപെട്ട  ജാക്കിന്റെ  ജീവിതം വളരെ ശ്രദ്ധയോടുകൂടിയാണ് ചെയ്തിരിക്കുന്നത്. ഒട്ടും സ്വാതന്ത്ര്യം ലാഭിക്കാതെ  ജീവനുള്ള നരകത്തിൽ വളർന്ന ഒരു കുട്ടി പെട്ടെന്ന് തുറസ്സായ ഒരിടത്തിൽ എത്തുമ്പോൾ ഉണ്ടാകുന്ന അമ്പരപ്പും പ്രശനങ്ങളും ഒക്കെ അത്രതന്നെ ഗൗരവത്തിൽ  ജാക്ക്  ന്യൂസോമായി വേഷപ്പകർച്ച നടത്തിയ  ഏഴുവയസ്സുള്ള   ജേക്കബ് ട്രെംബ്ലെ  അഭിനയിക്കുകയായിരുന്നില്ല ജീവിക്കുകയായിരുന്നു, ജാക്കിന്റെ അമ്മ  ജോയ് "മാ" ന്യൂസോമായി വേഷം ഇട്ട  ബ്രൈ ലാർസന്റെ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നായിരുന്നു  ജോയ്.  ആ വർഷത്തെ അക്കാദമി അവാർഡും ഈ കഥാപാത്രത്തെ തേടിയെത്തി. 

        ബ്രൈ ലാർസന്
ജാക്കിൽ നിശ്ചദാർഢ്യവും ആത്മവിശ്വാസവും  നിറക്കാൻ ജോയ് നടത്തുന്ന ശ്രമങ്ങൾ ഈ സിനിമയെ മറ്റൊരു തലത്തിൽ എത്തിക്കുന്നു.  സാധാരണ ഒരു ത്രില്ലർ സിനിമയായി മാറേണ്ടിയിരുന്ന വിഷയത്തെ നല്ലൊരു സിനിമയിലേക്ക് എത്തിക്കാൻ   ലെന്നി അബ്രാഹംസന് കഴിഞ്ഞു എന്ന് പറയാം.    

http://kannadimagazine.com/article/1650

Wednesday, 8 July 2020

ഇതിഹാസത്തിലെ ട്രോജൻ കുതിര


ചിത്ര പരിചയം

ജിയോവന്നി ഡൊമെനിക്കോ ടിപോളോ യുടെ (Giovanni Domenico Tiepolo) പ്രശസ്തമായ ചിത്രമാണ് ട്രോയിയിലെ ട്രോജൻ കുതിരയുടെ ഘോഷയാത്ര. 1760കളിലാണ് ഈ ചിത്രം വരച്ചത്. ഒരു വലിയ തടി കുതിരയെ തങ്ങളുടെ നഗരത്തിലേക്ക് വലിച്ചിടുമ്പോൾ അത് ദേവന്മാരുടെ സമ്മാനമാണെന്ന് വിശ്വസിച്ച് ട്രോജന്മാർ സന്തോഷിക്കുന്നത് എന്നാൽ യഥാർത്ഥത്തിൽ ഒരു കൂട്ടം ഗ്രീക്ക് പട്ടാളക്കാരെ അതിന്റെ മറവിൽ ഒളിയയ്ക്കുന്നു എന്ന തന്ത്രം കൂടിയായിരുന്നു. ഈ വലിയ ട്രോജൻ കുതിര നഗരത്തിൽ പ്രവേശിച്ചാൽ അതൊരു ദുരന്തമാകുമെന്നു പ്രവചിച്ചതിന് ട്രോയ് രാജാവിന്റെ മകളായ കസാന്ദ്രയെ അറസ്റ്റ് ചെയ്യുന്നു. കുതിരയുടെ മറവിൽ ഗ്രീക്ക് പട്ടാളം കടന്നുകയറി ട്രോയിയുടെ നിയന്ത്രണമേറ്റെടുക്കും എന്ന ഭയമായിരുന്നു രാജകുമാരിക്ക്. പക്ഷെ അതുതന്നെ സംഭവിച്ചു. ഒരു ഇതിഹാസ കഥയെ കാൻവാസിലേക്ക് പകർത്തുമ്പോൾ ടിപോളോയുടെ സൂക്ഷ്മത നോക്കൂ. അങ്ങകലെ ട്രോയ് നഗരത്തിന്റെ ഉയർന്ന മതിലുകളും കുത്തനെ കുറയുന്ന സ്ഥലവും ചിത്രത്തിൽ വ്യെക്തമായി കാണാം അതിന്റെ ദൂരവും എല്ലാമറിയാം ഒപ്പം തന്നെ ട്രോജന് കുതിരയെ ഉന്തികൊണ്ടുപോകുന്ന മനുഷ്യരുടെ പേശികളും പ്രവർത്തനത്തിന്റെ ശക്തിയും വെക്തം.
റോമിലെ പുരാതന കെട്ടിടങ്ങളെയും കോട്ടകളെയും അടിസ്ഥാനമാക്കിയാണ് ടൈപോളോ ഈ പെയിന്റിങ് ചെയ്തിട്ടുള്ളത്.


Tuesday, 7 July 2020

കോവിഡും പ്രവാസികളുടെ പിടയുന്ന മനസ്സും

ലേഖനം

കൊറോണാനന്തരം ലോകം നേരിടാൻ പോകുന്ന പ്രതിസന്ധികളെ കുറിച്ച് ഒട്ടേറെ  ചർച്ചകൾ നടന്നു കഴിഞ്ഞു. സ്ലാവോജ് സിസെക്കിന്റെ നിരീക്ഷണത്തിൽ 'മുതലാളിത്തത്തിന്റെ അവസാനം' എന്നാണ് സൂചിപ്പിക്കുന്നത്. എന്നാൽ അത്തരമൊരു മാറ്റത്തിലേക് ലോകം പോകുന്നതിന് മുമ്പ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടിയേറിയവരും പ്രവാസികളും ആയവരിൽ ഉണ്ടാകുന്ന അല്ലെങ്കിൽ അവരിലേക്ക് ഉണ്ടാക്കിയെടുക്കുന്ന മാനസിക വിഭ്രാന്തിയെ കുറിച്ച്  സമഗ്രമായ പഠനം നടത്തേണ്ട സമയമാണിത്. അപ്രതീക്ഷിതമായ ഈ കോവിഡ് കാലം എല്ലാവരിലും ഒരു മാറ്റം ഉണ്ടാക്കിയിട്ടുണ്ട്. അതിന്റെ പ്രതിഫലനമങ്ങനെയായിരിക്കും എന്ന പ്രവചനം അസാധ്യമാണ് എങ്കിലും സാധാരണക്കാരായ ജനങ്ങളിലും ദരിദ്രജനപക്ഷത്തും ഉണ്ടാക്കിയ ഭീതിയും തളർച്ചയും ഒരു യാഥാർഥ്യമാണ്‌. മൂലധന ശക്തികളുടെ അത്യാഗ്രഹത്തിന്റെ ഭാരം പേറികൊണ്ടിരുന്ന ജനങ്ങൾക്ക് മീതെ കൊറോണയുണ്ടാക്കിയ  പ്രത്യാഘാതത്തിന്റെ ആഴം വളരെ വലുതാണ്.
നഗ്നമായ  ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഉള്ള
തകർച്ചയുടെ ഫലമായി ദശലക്ഷക്കണക്കിന് ആളുകൾക്ക് ഇതിനകം തന്നെ തൊഴിൽ നഷ്ടപ്പെട്ടു.
ജീവിക്കാൻ പെടാപ്പാട് പെടുന്ന വലിയൊരു ജനപക്ഷം ഇന്ത്യയിൽ ഉണ്ട്. കൂടാതെ കാര്യമായ നീക്കിയിരിപ്പ് ഇല്ലാത്ത ലക്ഷക്കണക്കിന് പ്രവാസികൾ ജോലി നഷ്ടപ്പെട്ടു തിരിച്ചു വരുന്നു. വിനാശകരമായ  ഈ വൈറസ് ഉണ്ടാക്കിയ  ദുരന്താവസ്ഥക്കിടയിൽ അതത് ഭരണകൂടങ്ങൾ അവരുടെ അധികാരമുറപ്പിക്കാൻ കോർപറേറ്റ് പിന്തുണ തേടി പോകുന്നു. ഈ ദുരന്ത കാലത്ത്  ദിവസങ്ങളായി തുടരുന്ന ഇന്ധനവില വർദ്ധനവ് കോർപ്പറേറ്റുകൾക്ക് സഹായമാകുന്ന വിധത്തിൽ പ്രവർത്തിക്കുന്നു. കോവിഡ് മരണം കൂടുന്നു.. ഇതാണ് സമകാലിക അവസ്‌ഥ.
ജീവിതത്തിന്റെ വലിയൊരു ഭാഗം പുറംലോകത്ത് മറ്റൊരു സാഹചര്യത്തിനോട് പൊരുതി ജീവിച്ചു ശീലിച്ച പ്രവാസികളുടെ  തിരിച്ചു വരവിൽ  അവരിൽ ഈ പ്രത്യേക സാഹചര്യത്തിൽ  ഉണ്ടാകുന്ന മാനസികാവസ്ഥ തിരിച്ചറിയപ്പെടുമോ എന്നത് പ്രധാന പ്രശ്നമാണ്. കോവിഡിന് മുമ്പ് പോലും തിരിച്ചു വരുന്ന പ്രവാസികളോട്  കുടുംബം മുതൽ ഗവണ്മെന്റ് വരെ അവഗണിക്കുന്നു എന്ന പരാതി പലതവണ നമ്മൾ കേട്ടതാണ്. അപ്പോൾ കൊറോണ വൈറസ് മൂലമുണ്ടാകുന്ന സാമ്പത്തിക മാന്ദ്യമോ വിഷാദമോ എങ്ങനെയായിരിക്കും പ്രവാസികളെ ബാധിക്കുക?. മഹാമാരിയുടെ അരാജകത്വം ഉണ്ടാക്കുന്ന അവസ്ഥയിൽ തിരിച്ചു വരുന്ന പ്രവാസികളോടുള്ള സമീപനം എന്തായിരിക്കും.?
അല്ലെങ്കിൽ തന്നെ ഇതിനകം  ചരിത്രം കരുണ കാട്ടാതെ പോയ ഒരു വിഭാഗമാണ് പ്രവാസികൾ. സമ്പത്ത് ഇരട്ടിപ്പിക്കാൻ പോയവരെന്ന നാട്ടു പറച്ചിലിന് ആ അവഗണനയുടെ ഉപ്പുണ്ട്. ആ പശ്ചാത്തലത്തെ കുറച്ചൊക്കെ മാറ്റിയിരുന്നത് കുടുംബത്തിനായാലും നാടിനായാലും പ്രവാസികൾ പ്രത്യേകിച്ച് ഗൾഫ് മേഖലയിലുള്ള പ്രവാസികൾ നൽകി വരുന്ന സാമ്പത്തിക പിന്തുണയായിരുന്നു. ഒന്നര ലക്ഷം യുജിസി സ്കെയിലിൽ ശമ്പളം വാങ്ങികുന്ന സഹോദരൻ 50000 രൂപ നൽകിയാൽ അത് മഹാ മനസ്കസ്തയും വലിയ സഹായവും ആകുമ്പോൾ, 1500 ദിർഹം (അതായത്
ശരാശരി 30000 ഇന്ത്യൻ രൂപ) രണ്ടു ലക്ഷം കൊടുത്താലും മതിവരാത്ത കുടുംബം മുതൽ ഭരണകൂടം വരെ ഇന്നലെ വരെ ഉണ്ടായിരുന്ന ഒരിടത്തേക്കാണ് ഈ പ്രവാസി തിരിച്ചു വരുന്നത്.
എങ്ങനെ സ്വീകരിക്കും എന്ന ആകുലത ഓരോ പ്രവാസിയിലും ഉണ്ട്.
"ഈ കൊടുങ്കാറ്റ് കടന്നുപോകും. എന്നാൽ ഇപ്പോൾ ഞങ്ങൾ ചെയ്യുന്ന തിരഞ്ഞെടുപ്പുകൾ വരും വർഷങ്ങളിൽ നമ്മുടെ ജീവിതത്തെ മാറ്റിമറിക്കും" എന്ന യുവാൻ ഹാരാരിയുടെ അഭിപ്രായം ഇവിടെയും പ്രസക്തമാണ്. പ്രവാസികളോട് കുടുംബവും സമൂഹവും സർക്കാരും എടുക്കുന്ന സമീപനം പോലെയിരിക്കും തിരിച്ചെത്തുന്ന പ്രവാസികളുടെ ഭാവി.  കൊടുങ്കാറ്റിന് ശേഷം വിഷാദരോഗികളുടെ
ഒരു ഭൂപടം ഉണ്ടാവാതിരിക്കാൻ മുൻകരുതൽ ആവശ്യമാണ്.
മനുഷ്യരാശി ഇപ്പോൾ നേരിടുന്ന ആഗോള പ്രതിസന്ധിക്കൊപ്പം 
 ഒരുപക്ഷേ കേരളം പോലുള്ള സംസ്ഥാനത്തെ ജനങ്ങളും പ്രവാസികളും  നേരിടുന്ന 
ഏറ്റവും വലിയ പ്രതിസന്ധി ഈ മനസികാവസ്ഥയായിരിക്കും.
വലിയ തോതിലുള്ള സാമൂഹിക പരീക്ഷണങ്ങളിലെ ഗിനിപന്നികളെപോലെ  പ്രവാസികൾ ഇരകളാകുന്ന ആവർത്തനം കാലങ്ങളായി തുടരുന്നു. ഒരുപക്ഷേ ഇതിനൊന്നും ഇടനല്കാതെ സ്വയം ഇല്ലാതായി കൊണ്ടിരിക്കുന്നവർ കൂടിവരികയാണ്. ഒപ്പം ഈ മഹാമാരി ആഴത്തിൽ മാനസികമായി മുറിവേല്പിച്ച പലരും ആത്മഹത്യയിൽ അഭയം പ്രാപിച്ചുകഴിഞ്ഞു. വിഷാദ രോഗത്താൽ പലരും ജീവിതം കൈവിട്ട അവസ്‌ഥയിൽ ആയിക്കഴിഞ്ഞു. ഈ മനസികാവസ്ഥ ഇനി തന്റെ കുടുംബവും നാടും തിരിച്ചറിയാതെ പോയാൽ ഉണ്ടാകുന്ന ദുരന്തം വളരെ വലുതായിരിക്കും. കൊറോണ വൈറസ് പകർച്ചവ്യാധിക്കെതിരായ
പോരാട്ടത്തിൽ നിരവധിപേര് രംഗത്തുണ്ട്.  സർക്കാരുകൾ, സന്നദ്ധ പ്രവർത്തകർ, രാഷ്ട്രീപ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ, പോലീസ്.... ഇങ്ങനെ സമൂഹത്തിലെ വിവിധ മേഖലയിൽ ഉള്ളവർ ഉണ്ട്. അത്രതന്നെ വിദേശത്തും മലയാളികളായ സന്നദ്ധ പ്രവർത്തകർ സ്വന്തം ജീവൻ നോക്കാതെ പ്രവർത്തനരംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. പക്ഷെ അക്കാര്യത്തെ വേണ്ടവിധത്തിൽ അവരുടെ പ്രവർത്തനത്തെ അടയാളപ്പെടുത്തിയോ? 
 ഇതിനകം മുന്നൂറോളം മലയാളികൾ വിദേശത്തു നിന്നും ഈ ലോകത്തോട് വിടപറഞ്ഞു കഴിഞ്ഞു. എന്നാൽ ആ മരണങ്ങൾ വേണ്ട വിധത്തിൽ തിരിച്ചറിഞ്ഞോ?  സ്വന്തം നാട്ടിൽ പോലുമെത്താതെ ഈ മരുഭൂവിൽ മണൽത്തരിയായി  മാറേണ്ടി വരുമോ എന്ന ഭീതിയിൽ കഴിയുന്ന വലിയൊരു കൂട്ടം ഗൾഫ് മേഖലയിൽ ഉണ്ട് എന്നും ഇതിനോട് ചേർത്തു വായിക്കണം. ഈ ഒരു മാനസികാവസ്ഥ തിരിച്ചറിയപ്പെടുക തന്നെ വേണം. ഒപ്പം പ്രതിസന്ധി സമയത്താണ് പരിഹാരം ഉണ്ടാവേണ്ടത്. അത് അവകാശമാണ്. ജോലി തേടി നാടുവിട്ടു  എന്നത് കൊണ്ട് ഇന്ത്യക്കാരൻ അല്ലാതാകുന്നില്ല എന്ന് ഇന്ദ്രപ്രസ്ഥത്തിലിരിക്കുന്നർ തിരിച്ചറിയണം.
_____


കണ്ണാടി ഓൺലൈൻ  മാഗസിനിൽ 3/7/2020 
http://kannadimagazine.com/article/1504

Sunday, 26 April 2020

കവിത ഇടനെഞ്ചിലേക്ക് തുളച്ചുകയറുമ്പോൾ

(പി.ശിവപ്രസാദിന്റെ കവിതകളിലൂടെ


ബിംബങ്ങളുടെ മൗലികതകൊണ്ടും മനുഷ്യജീവിതത്തിലേക്കും പ്രകൃതിലേക്കും ആഴത്തിൽ തൊട്ടറിയാനുള്ള ഭാഷയും,  സൂക്ഷ്മമായ നിരീക്ഷവവും നിലപാടിന്റെ കരുത്തും രാഷ്ട്രീയത്തിന്റെ ശക്തിയും നിറഞ്ഞ ഉൾകാമ്പുള്ള കവിതകളാണ് പി.ശിവപ്രസാദിന്റെ 'നീലക്കൊടുവേലിയുടെ വിത്ത്',  'മരിക്കാത്ത കോശങ്ങളുടെ സംഗീതം' എന്നീ സമാഹാരങ്ങളിൽ ഉള്ളത്.  

'നീലക്കൊടുവേലിയുടെ വിത്ത് എന്ന സമാഹാരത്തിൽ മഹാകവി അക്കിത്തം ഇങ്ങനെ പറയുന്നു. 
 "ലോക ജീവിതം മനുഷ്യമനസ്സിൽ അടിച്ചേൽപ്പിക്കുന്ന ദുഃഖങ്ങളിൽ നിന്നുള്ള മോചനം നേടാനുള്ള ഉപാധിയാണ് ദൈവഭക്തി എന്നതുപോലെ കവിതയും. മനുഷ്യ മനസ്സിനെ ആനന്ദമാക്കുന്നതിലൂടെ കർമ്മ ചൈതന്യത്തെ ഉത്തേജിപ്പിക്കലാണ് അതുവഴി നമുക്ക് ലഭിക്കുന്ന ലാഭം. പുതിയ കവിതകൾക്കെന്ന പോലെ പഴയ കവിതകൾക്കും ബ്ലോഗ് എന്ന സാങ്കേതികത്തിലേക്ക് മാറാൻ കഴിയുമെന്നു ശിവപ്രസാദിന്റെ ഈ കവിതകൾ ചൂണ്ടികാണിക്കുന്നു, മണൽ രേഖകൾ, ഹോളിവുഡ്, ഒറ്റ്, അകത്തും പുറത്തും, രക്തമഴ, കാട് എന്നീ കവിതകൾ ആണ് എന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞത്" കവിതകൾ സാമൂഹികമായ ഊർജ്ജം പകരുന്നതോടൊപ്പം അനുഭവത്തിന്റെ പാദമുദ്രകളും കാണാം. 

'മണൽ രേഖകൾ' എന്ന കവിതയിൽ പ്രവാസ ജീവിതത്തിന്റെ ഉപ്പും പ്രകൃതിയുമായുള്ള ഇഴയടുപ്പവും മരുഭൂമിയുടെ പുരാതനമായ  മണൽപരപ്പും അവിടെ പതിഞ്ഞ അടയാളങ്ങളും കാണാം. 
"കാണുന്നില്ലേ...
അനാഥമാം ആയിരം ശിഥിലമുദ്രകൾ.
മണ്ണിൽപ്പതിഞ്ഞ 
നിർജ്ജീവരൂപങ്ങളിൽ 
വരായടുകൾ, 
പുൽച്ചാടികൾ, 
വണ്ടുകൾ 
പുഴകൾ 
ജലതരംഗം കോറിയിട്ടവ" 
ജീവിതത്തോളം ആഴമേറിയ ഒന്നില്ലെന്ന പോലെ കടലിറങ്ങിപ്പോയ ഒരു ഭൂമികയുടെ പൗരണികതയിലേക്കുള്ള മണൽ രേഖകൾ വരക്കാൻ ശ്രമിക്കുന്നു. നിമിഷചിത്രമായി മാറുന്ന ജലതരംഗങ്ങൾ അനുഭവ സ്പർശംനൽകുന്നു. "മനൽരേഖകൾ, മാറിമറിയുന്ന ജീവന്റെ ജലരേഖകൾ, അശ്രുമുഖരേഖകൾ" എന്നു പറഞ്ഞു കവി അവസാനിപ്പിക്കുന്നത് മറ്റൊരു തുടക്കത്തിലേക്കാണ്. 

വാക്കുകളിൽ ഉത്കണ്ഠകൾ നിറച്ച് തന്റെ തൂലിക ആകുലതയോടെ എഴുതുമ്പോൾ വേദന പേറുന്ന കവിതകൾ പിറക്കുന്നു. പച്ചയും പരിസ്ഥിതിയും, ഉത്കണ്ഠയും. ജീവിതവും വിപണിയും അതിന്റെ ഇടപെടലും  ഒക്കെ കവിതയിൽ ഇടചേർന്നു കിടക്കുന്നു. 
ശവദൂരം എന്ന കവിതയിൽ

 "ഉടൽ മാത്രമുള്ള ജലമൽസ്യത്തെ
കുമിളപ്പൂക്കളാൽ കളിയാക്കി 
സമ്മിശ്രവായുവിലെ പ്രാണാനുപാതം 
ശരിയെന്നു കരുതുന്നത്...

പ്ലാസ്റ്റിക്കും 
അമ്ലമണലും 
രാസച്ചെളിയും 
ലവണാത്മാക്കളുടെ ചിരിയും 
മുഖമെഴുത്ത് പൊളികളും ...

ഇങ്ങെനെ പാരിസ്ഥിതിക ചിന്തകളിലേക്കും കൃത്യമായ വിമര്ശനങ്ങളിലേക്കും ശവദൂരം കടക്കുമ്പോൾ മൽസ്യങ്ങളുമായി ബന്ധപ്പെടുത്തി  ജീവിതത്തിന്റെ ആർത്തിയും ത്വരയും കടലിന്റെ രാഷ്ട്രീയവും അടങ്ങുന്ന  സൂക്ഷ്മനിരീക്ഷണം ആണ് മീൻമണമുള്ള ജീവിതം,

മഴയിലൂടെതോ മകരച്ചാകര 
ജനലിന്മേൽ മുട്ടിവിളിച്ചു ചോദിച്ചു 
മതിയാകാത്തതാം രുചിക്കൊതികളിൽ 
അടയിരിക്കുന്ന ദുരാർത്തിഭൂതമേ 
ഇടറിക്കാലുകൾ  പതിക്കുവോളവും 
ഉദരയ്ക്കായലിൽ തിരപ്പെരുക്കത്തിൽ 
തുടിച്ചു നീന്തുവാൻ കൊതുകൊണ്ടു നിൻ 
സ്ഥിതിഗതിയുടെ പരാദജീവിതം. 

"ശിവപ്രസാദിന്റെ വാക്കുകളിലുണ്ട് കാലം പേറുന്ന ഉത്കണ്ഠകൾ, വാക്കുകൾ തീ പിടിച്ച തൂവലുകളുണ്ട്, കരിഞ്ഞ മാസക്കൂടിന്റെ മണമുണ്ട്, കനവിന്റെ സ്വരവും. ഹൃദയത്തിന്റെ താളവുമുണ്ട്. അകത്തു പോകുവാനും പുറത്തിറങ്ങുവാനും വഴി ഒന്നേ ഉള്ളൂവെന്ന ബോധമുണ്ട്. വിപണി നിറങ്ങളുടെ വിളികളിൽ തലകുനിച്ചും ഉടൽ വളച്ചും വിധിയെ ചോദിച്ച് വിയർക്കുന്ന ജീവിതങ്ങളെ കുറിച്ചുള്ള ഉത്കണ്ഠയുണ്ട്." എന്ന ശാരദക്കുട്ടിയുടെ നിരീക്ഷണം  ശരിയാണ് എന്ന് നീലക്കൊടുവേലിയുടെ വിത്ത്' സമാഹാരം വായിച്ചു തീരുന്നതോടെ ബോധ്യപ്പെടും.

'മരിക്കാത്ത കോശങ്ങളുടെ സംഗീതം' എന്ന രണ്ടാമത്തെ സമാഹാരം ഇറങ്ങുന്നത് പത്തു വർഷത്തെ വ്യത്യാസത്തിലാണ്. പ്രസിദ്ധീകരിച്ച കാലഘട്ടത്തിന്റെ സാങ്കേതികതയിലുപരി ഈ കാലയളവിൽ  കവിതയിൽ വന്നിട്ടുള്ള ലാളിത്യവും കൂടുതൽ പക്വമായ സമീപനവും ഭാഷയിൽ തന്റേതായ ഒരു സ്വതന്ത്രദേശം കുറച്ചുകൂടി വിശാലമാക്കി എന്നു മനസിലാക്കാം. ഇമേജുകളുടെ പുതുമയും അതിലൂടെ സൃഷ്ടിക്കുന്ന  
ലോകവും തീർക്കുന്നു.

 കരഞ്ഞു തീർക്കാനല്ല വേദന കരഞ്ഞുറച്ച കണ്ണീരിന്റെ കരുത്ത് വിളിച്ചു പറയാനാണ് വാക്കുകൾ എഴുനേറ്റു നിൽക്കുന്നത്. നിലപാടിലുറച്ചുള്ള രാഷ്ട്രീയത്തെ തുറന്നുനപറയാനാണ് കവി നിരന്തരം ശ്രമിക്കുന്നത്. 'ഹേ... സോൻഭദ്ര' എന്ന കവിതയിൽ അതിന്റെ ആർത്തലച്ചുള്ള വരവ് കാണാം
"ഇടനെഞ്ചിലേക്ക് തുളച്ചു കയറിയ
ആറക്കാലുകളാൽ പിടഞ്ഞ്
നീ ബഹിഷ്കൃതനായ പതാകയുമായുമായി
ഇനിയും സ്വാതന്ത്ര്യ ദിനങ്ങൾ വരും" വരുന്ന കാലത്തിന്റെ പ്രതീക്ഷയോടൊപ്പം കറുത്ത കാലത്തിന്റെ ഭീഷണിയും ഓര്മിപ്പിക്കാൻ മറക്കുന്നില്ല. നന്ദികേടിന്റെ കറുത്തയിടങ്ങൾ മുടിഞ്ഞുപോകട്ടെയെന്നു കവി പറയുന്നു. പൊരുതി വാങ്ങിയതിലിപ്പഴുമുണ്ട് ജീർണ്ണിച്ചപലതുമെന്നും, എഴുതിവെച്ച ലിഖിതങ്ങളുടെ പുനർവായക്കെന്നോ സമയമതിക്രമിച്ചു എന്നും പറഞ്ഞവസാനിപ്പിക്കുന്നു. 
"അശോക ചക്രമേ... 
തിരികെ വരിക.
ഇരുട്ടിന്റെ കയ്പ്പേറിയ 
ടിപ്പണികൾ തിരുത്തിയെഴുതാൻ
അംബേദ്ക്കറോട് ഒരു കുറി പറയുക" 
സമകാലീന ഇന്ത്യ ആവശ്യപ്പെടുന്ന ഒരു തിരുത്തിയെഴുത്ത്. അതും മറ്റൊരു രീതിയിലേക്ക് എല്ലാം തിരുത്തി എഴുതാനെത്തുന്ന കറുത്ത കൈകളുടെ ശക്തിയേറും കാലത്ത് കവിതയിലൂടെ ശക്തമായ നേരിന്റെ രാഷ്ട്രീയം പറയുന്നു. 

"മരിക്കാത്ത കോശങ്ങളുടെ സംഗീതം ഏകാന്തമായ ആലപാനത്താൽ തീമഴപോലെ പെയ്തിറങ്ങും" എന്നാണ് കവി പറയുന്നത്. ജനാധിപത്യമെന്നാൽ മനുഷ്യന് കാവലാളാകേണ്ടതിനു പകരം വേദത്തെപോലെ ഉറച്ചുപോകുമ്പോൾ യാന്ത്രികമായൊരു ജീവിതത്തിൽ അരഞ്ഞില്ലാതാവുമ്പോഴും  ആവർത്തിക്കുന്ന പ്രഹരത്തെ കുറിച്ചാണ് പറയാനുളളത്. 
"അപ്പോഴും നീ... 
പ്രതിജ്ഞയോടെ, 
ജനാധിപത്യവേദത്തിന്റെ 
കാവലായി
യന്ത്രജീവിതത്തിന്റെ 
പൽചക്രങ്ങളിൽ 
സ്വയം അരഞ്ഞുകൊണ്ടെങ്കിലും... 
ഉലയുടെ ചുട്ടുപഴുത്ത ഇരുമ്പ്തുണ്ടിനെ 
ആവർത്തിച്ച് പ്രഹരിച്ചുകൊണ്ടേയിരിക്കും" 
ലോകത്തെല്ലായിടത്തും അധികാരത്തിന്റെ സിംഹാസന മുരൾച്ചയും  താഴെയുള്ളവന് നേരെയുള്ള പ്രഹരവുമെല്ലാം ഒന്നാണ് എന്നും എന്നാൽ അടിച്ചമർത്തപെട്ടരുടെ ഉയിര്ത്തെഴുനേല്പിൽ "വ്യാളീമുഖമുള്ള സിംഹാസനങ്ങളുടെ മൂലകല്ലുകൾ ഒന്നാകെ ഇളകും" എന്നും ലോകം അവർത്തിച്ചിട്ടുണ്ട്. 

ജനാധിപത്യത്തിന്റെ അരക്കില്ലം പണിയുന്നവർക്കുള്ള താക്കീതാണ് 'പുരോചനൻ' എന്ന കവിത. ഇന്ത്യൻ മിതോളജിയിലെ കഥാപാത്രങ്ങളിലൂടെ തന്നെ സമകാലീന രാഷ്ട്രീയ സത്യങ്ങളെയും അതിലെ നെറിക്കേടിനെയും കവിത തുറന്നു പറയുമ്പോൾ കവിതയും ഇന്നിന്റെ ശബ്ദമാകുന്നു. 
മൗനബുദ്ധനിൽ 
"പഴങ്കഥ പറയുമ്പോൾ
 പതിരില്ലാതെ എഴുതുമ്പോൾ
അപ്പന്റെ കനൽകണ്ണ്
അമ്പായി തറഞ്ഞ് 
നെറുകയിൽ നിന്നും
  വൈഗ ഉത്ഭവിക്കും. 
ഏഴായിരം നാവുകൾ ഒത്തു ചേർന്ന്
ഉച്ചസ്ഥായിയിൽ നിലവിളിക്കും" 

ഐതിഹ്യത്തിന്റെയും ചരിത്രത്തിന്റെയും  വ്യസനങ്ങളിലൂടെ ഇന്നിലേക്ക് കടന്നുവരികയാണ്. കവിയുടെ ശക്തമായ ഇടതുപക്ഷ രാഷ്ട്രീയമാകാം "നക്ഷത്രങ്ങൾ എരിഞ്ഞുതീർന്ന
വന്ധ്യമാകാശം മാത്രം
നിന്റെ മനസ്സിൽ പെറ്റു കൂട്ടും 
അന്ധതമസ്സിന്റെ ഗുഹകൾ. 
ഭാഷയുടെ ഭൂപടം കടലെടുക്കുമ്പോൾ 
നിനക്ക് കരയാൻ 
ഏതു വാക്കാണ് കൂട്ടുള്ളത്?" 
എന്നെഴുതിയത്, ഈ വരികൾ വായിക്കുമ്പോൾ ഓട്ടോ റെനോ കാസ്റ്റിലോയുടെ കവിതകളുടെ സ്വാധീനം ഉള്ളതായി തോന്നും. 

നീലപല്ലുകളിൽ എന്റെ ചോരയും, എട്ടുകാലുള്ള വാർത്ത, ബലിച്ചോര, 
ഉമയും ജാസ്മിനും:ഒരു സത്യകഥ, വീരാൻകുട്ടി മാഷിന് സമർപ്പിച്ചിട്ടുള്ള 'കവിയല്ലാത്ത ഒരാൾ വിവർത്തനം ചെയ്യപ്പെടുന്നത്, സച്ചിദാനന്ദൻ സാറിനു സമർപ്പിച്ചിട്ടുള്ള 'പ്രിയനേ നിന്നെഞാൻ വായിക്കുമ്പോൾ' ഭൂതകാലം പുകഞ്ഞ തീവണ്ടി, ചിലതരം നിലവിളികൾ, കയറ്റം ഇറങ്ങുന്ന ചവിട്ടുറിക്ഷ... ഇങ്ങനെ ഒട്ടേറെ നല്ല കവിതകൾ ഉണ്ട്.
ശിവപ്രസാദിന്റെ കവിതകളെ കുറിച്ച് കവി സച്ചിദാനന്ദന്റെ വാക്കുകൾ പ്രസക്തമാണ്
"കവിതയിൽ ബിംബങ്ങളുടെ മൗലികതയും സാമൂഹ്യ ഊർജ്ജവും നൈതികമായ പ്രതിരോധവും കൊണ്ട് സമ്പന്നമാണ്. അത് യാഥാസ്ഥിതികതയുടെ എല്ലാ അവതാരങ്ങളെയും ചെറുകുന്നു. പുതുമയുള്ള ഇമേജുകളിലൂടെ ശിവപ്രസാദ് ഇന്ദ്രിയഗോചരമായ ഒരു മാനുഷികലോകം ഈ കവിതകളിൽ സൃഷ്ടിക്കുന്നു" 

രാജപാതകളെ ഉപേക്ഷിച്ച സഞ്ചാരത്തിലൂടെ തന്റെ നീണ്ട കാലത്തെ കാവ്യ ജീവിതത്തിൽ നിന്നുള്ള ഒട്ടേറെ നല്ല കവിതകളാൽ സമ്പന്നമാണ് ഈ രണ്ടു സമാഹാരങ്ങളും. അതിരുകളില്ലാത്ത ലോകത്തെ പറ്റി പറയാൻ കവി സൃഷ്ടിച്ചെടുക്കുന്ന തന്റെതായ ഭാഷയും അതിൽ ഉരുക്കിയെടുക്കുന്ന കവിതയ്ക്കും എന്നും പ്രസക്തിയുണ്ട്. കവിത ഇടനെഞ്ചിലേക്ക് തുളച്ചുകയറുന്നതും അതുകൊണ്ടാണ് 
--------------------------------------------------------------
19/04/2020 മാതൃഭൂമി ഗൾഫ് ഫീച്ചറിൽ 


Sunday, 5 April 2020

ലൈഫ് പോർട്രെയ്റ്റ് (കവിത)



വാൻഗോഗ്,
ഹെമിങ്‌വേ,
കൃഷ്ണകുമാർ,
സുബ്രഹ്മണ്യദാസ്,
ഗുഹൻ,
രാജലക്ഷ്മി.... 
പിന്നെയും എത്രയോ പേർ.

കണ്ണടച്ചു തുറക്കുമ്പോൾ 
ഇവർ മാടി വിളിക്കുന്ന 
മിന്നൽ ചിത്രങ്ങൾ.

വാൻഗോഗ്  ചെവി മുറിച്ച
രക്തംകൊണ്ടു ചുവന്ന 
സൂര്യകാന്തി വരയ്ക്കുന്നു.

ഹെമിങ്‌വേ കടൽ 
തീരത്ത് തോക്കുമായി 
അലറിവിളിച്ചു പായുന്നു.
കൃഷ്ണകുമാർ 
ശില്പത്തിനു തീകൊടുത്ത്
കത്തുന്ന കണ്ണുകളോടെ
നോക്കി നിൽക്കുന്നു.

സുബ്രഹ്മണ്യദാസ് 
തോറ്റ ജനതയെ നോക്കി 
ഓറഞ്ചു മരച്ചോട്ടിൽ
നിൽക്കുന്നു.

ഗുഹൻ
കവിതയിലെ കത്തുന്ന 
അക്ഷരങ്ങൾ തിരയുന്നു.

രാജലക്ഷ്മി
കഥയിലെ ജീവിതത്തെ
ബാക്കിവെച്ച്  ആകാശം തേടുന്നു.

ഏതേതു വഴിയിലൂടെ
പോയാലും
എത്തിച്ചേരുന്ന വഴികളൊന്ന്.

‘ഇല്ലായ്മയുടെ ആശയ’ത്തോടുള്ള
വന്ധ്യമായ പോരാട്ടമല്ലെന്നു'* 
ജീവിതം കൊണ്ടു പറഞ്ഞിട്ടും 
എത്രപേർ വിശ്വസിച്ചു?.

തോറ്റു പോയതല്ലെന്നു
പറയാൻ ശ്രമിച്ചതൊക്കെ
പാഴ്മൊഴിയായി.

വാക്കുകൾ 
കാറ്റിൽ പറന്നുപോയി,
ചിതറിയ കവിതയിൽ
ജീവിതം പിറക്കുന്നു.

മുറിച്ച ചെവി കയ്യിൽ 
കിടന്നു പിടയുന്നു.

കൈത്തോക്ക് നെറ്റിക്കു 
നേരെ നോക്കി ചിരിക്കുന്നു.

ശില്പത്തിന്റെ അസ്ഥിയിൽ
ചോരത്തുള്ളികൾ.

വിലങ്ങു വീണ 
കൈകളിൽ കിടന്നു 
പിടയുന്ന മുദ്രാവാക്യം.

കവിതയിൽ 
പിടയുന്ന ജീവൻ.

കഥയിലെ കടലിൽ 
മുങ്ങി മരിച്ച ജീവിതം.

എൻറെയലച്ചിൽ മാത്രമെന്തേ 
ഒരു നിറത്തിലും
വരക്കാനാവാതെ
വെറും മിന്നൽ 
ചിത്രം മാത്രമായി
ബാക്കിയാവുന്നു.
.......................
*ഒട്ടോ റെനോ കാസ്റ്റില്ലോയുടെ കവിതയിലെ വരികൾ
__________________________________________
Published by Siraj Njayarazhcha 05/april/2020

ചുറ്റും ? (കവിത)


റുത്തു പോകുന്നു ചുറ്റും...
നിസ്സാഹയതയുടെ
ഒച്ചവെയ്ക്കാനാവാത്ത
കരച്ചിൽ.

കണ്ണീരിറ്റി
മറ്റൊയൊരാൾക്ക്
പടരാതിരിക്കാൻ
തുള്ളികൾ
തിരിച്ചെടുത്ത്
വരണ്ടു കരയുന്ന
കണ്ണുകൾ.

കരച്ചിലൊന്നും
പുറത്തറിയാതിരിക്കട്ടേയെന്ന
കരുതലുള്ള
സങ്കടം.

ചില്ലുജാലകത്തിനപ്പുറം
ദൂരക്കാഴ്ചയിൽ
ഒതുങ്ങുന്ന
നോട്ടങ്ങൾ.

ചില്ല് മുറിച്ചു കടക്കുന്ന
ഫിൽറ്റർ ചെയ്ത സ്നേഹം.

ദൂരെയല്ലാതെ
കാത്തുനിൽക്കുന്ന
മരണം.

ദുസ്സഹമായ
ഈ കാത്തിരിപ്പുണ്ടല്ലോ..

എല്ലായിടത്തേക്കും
ഒരു നൂൽപ്പാലം പണിത്
നടന്നോളൂ
എന്നുപറയുന്ന
ആ അവസ്‌ഥയുണ്ടല്ലോ...

കാത്തിരിപ്പിന്റെ
ആ കറുത്ത ചിരി
കാണാനും
കേൾക്കാനും
വയ്യ.

ചുറ്റും കറുത്തു പോകുന്നു.
_______

അച്ഛന്റെ ജീവിതം തിരയുന്ന കുട്ടി (സിനിമ)

സിനിമ

El Sur (The* South) സ്പാനിഷ്
സംവിധാനം: വിക്റ്റർ എറിസ് (Victor Erice)

സ്പാനിഷ് സംവിധായകൻ വിക്റ്റർ എറിസി (Victor Erice) സിനിമയാണ് ദി സൗത്ത് (El Sur). ഇതിനകം തന്നെ The Spirit of the Beehive (El espíritu de la colmena),എന്ന സിനിമയിലൂടെ ലോക ശ്രദ്ധ നേടിയ സംവിധായകനാണ് അദ്ദേഹം ഓരോ സിനിമകൾക്കിടയിലും പത്തു വർഷത്തെ ഇടവേളയുണ്ട് The Spirit of the Beehive ഇറങ്ങുന്നത് 1973ലാണ് അതിനു ശേഷം ഈ സിനിമ വരുന്നത് 1983ലും മൂന്നാമത്തെ സിനിമ El Sol del Membrillo (The Quince Tree Sun) ഇറങ്ങുന്നത് 1992ലും Adelaida García Moralesയുടെ നോവലിനെ അടിസ്ഥാനമാക്കിയാണ് വിക്ടർ എറിസ് ദി സൗത്ത് എന്ന സിനിമ ചെയ്തത്. ഫാന്റസിപോലെയാണ് കഥപറയാൻ ഉപയോഗിച്ച ആഖ്യാനരീതി സ്‌പെയിനിന്റെ വടക്കൻ ഭാഗത്ത് താമസിക്കുന്ന എസ്‌ട്രെല്ല എന്ന എട്ടുവയസുകാരിയുടെ മാനസിക വിചാരങ്ങളിലൂടെ കഥ പറയുന്നത്. തന്റെ അച്ഛന്റെ നിഗൂഢമായ ഒരു ലോകത്തെ മനസിലാക്കാനും തെക്കുഭാഗം ഇത്തരം നിഗൂഢതകളാൽ നിറഞ്ഞതാണ് എന്നും അതിനെ കുറിച്ചുണ് അന്വേഷണവും എന്നാൽ പിതാവിന് അവിടെ ഒരു കാമുകിയുണ്ടെന്നും അവരുമായി കടുത്ത പ്രണയത്തിലുമാണ് എന്നുമവൾ മനസിലാകുന്നു ഒരു രാജ്യത്തിൻറെ തെന്നെ രണ്ടു ഭാഗങ്ങളിൽ ഉള്ള വ്യത്യസ്തമായ കാര്യങ്ങളിലൂടെ സിനിമ നന്നായി മുന്നോട്ട് പോകുന്നു എസ്‌ട്രെല്ല യുടെ വേഷത്തിൽ അഭിനയിച്ച എട്ടുവയസുകാരി Sonsoles Aranguren ഉം മുതിർന്ന എസ്‌ട്രെല്ലയായി വേഷമിട്ട Icíar Bollaín (ഇവർ അറിയപ്പെടുന്ന നടിയും സംവിധായികയുമാണ്) ഇവരുടെ അച്ഛനായി വേഷമിട്ട Omero Antonuttiവും വികച്ച അഭിനയമാണ് കാഴ്ചവെച്ചത്.

ഓർമ്മകളുടെ നനവുള്ള കഥകൾ

(അഹ്മദ് മുഈനുദ്ദീന്റെ *ഒടുവിൽ ബാക്കിയാകുന്നത്* എന്ന കഥാ സമാഹാരത്തിന്റെ വായനാനുഭവം)

അഹ്മദ് മുഈനുദ്ദീന്റെ കഥകൾ അതി തീക്ഷ്ണമായ ഓർമകളുടെ ശേഷിപ്പുകൾ ആണ്. *"ഓർമ്മകളാണ് കാലത്തേയും ചരിത്രത്തേയും നനവുള്ളതാക്കി മാറ്റുന്നതും പച്ചപ്പുകൾക്ക് ഇടമൊരുക്കുന്നതും"* അവതാരികയിൽ പ്രശസ്ത എഴുത്തുകാരൻ പി.സുരേന്ദ്രൻ അഹ്മദ് മുഈനുദ്ദീന്റെ കഥകളെ കുറിച്ചും കഥയിലെ മനുഷ്യ ബന്ധങ്ങളെ കുറിച്ചും വിശദമായി പറയുന്നുണ്ട്. ഓർമകളുടെ  നനവുള്ള 17 ചെറിയ കഥകളാണ് ഈ സമാഹാരത്തിലുളളത്.

മലയാളിയുടെ ആത്മബോധത്തെ ആഗോളമാനത്തിൽ അടയാളപ്പെടുത്തുന്ന ആഖ്യാന രീതി ചെറിയ ഒരു കഥയാണ് *ചക്കമണം* മലയാളിയുടെ ജീവിതങ്ങളെ സ്വാധീനിച്ച മരമാണ് പ്ലാവ്. ഗൃഹാതുരത്വത്തോടെ ചക്കയെ കുറിച്ചോർക്കാത്ത ഒരു മലയാളിയും ഉണ്ടാകാനിടയില്ല. എന്നാൽ വന്മാരാമെന്ന കാരണത്താലും ഏറ്റവും നന്നായി ഉപയിഗിക്കാൻ പാകത്തിലുള്ള തടിയെന്ന തിനാലും മലയാള മണ്ണിൽ നിന്നും അകന്നു പോയിക്കൊണ്ടിരിക്കുന്ന മരമാണ് പ്ലാവ്. വീടുപണി എന്ന ചിന്ത ഉണ്ടാവുമ്പോൾ തന്നെ കണ്ണുകൾ ആദ്യം പതിയുക പറമ്പിലെ പ്ലാവിലായിരിക്കും. ചക്കമണം എന്ന കഥ തുടങ്ങുന്നത് തന്നെ ഈ വിഷയത്തോടെയാണ്. 
 *"വീട് പണിക്കാവശ്യമായ  മരം പുറത്ത് നിന്ന് വങ്ങേണ്ടിവരില്ലെന്ന് ഏട്ടൻ പറഞ്ഞപ്പോഴേ ഞാൻ തടഞ്ഞു. വേണ്ട തെക്കേ മുറ്റത്തെ വരിയ്ക്കപ്ലാവ് മുറിക്കേണ്ട. ഇവന്റെ പ്രാന്ത് ഇപ്പോഴും മാറീട്ടില്ലെന്ന് ഏടത്തിയോട് മുരുമുരുക്കുന്നത് ഞാനും കേട്ടു."* ശരാശരി മലയാളിയുടെ ചിന്തയിൽ നിന്നും ഉയരുന്നതാണ് തന്റെ ജേഷ്ഠനിൽ നിന്നും അയാൾ കേട്ടത്. എന്നാൽ അയാളിൽ പ്ലാവ് ഒരു മരം മാത്രമല്ല *"വൈക്കപ്ലാവിന്റെ സമൃദ്ധിയിൽ മാത്രം ജീവിച്ച ഒരു കാലമുണ്ടായിരുന്നു. ഏട്ടൻ മറന്നതാവില്ല. പച്ചപ്പില്ലാത്ത ഓർമ്മകളായത്കൊണ്ട് പിന്തിരിഞ്ഞ് നോക്കാത്തതാവാം."*
നാടിവിട്ടു മറ്റു രാജങ്ങളിലെ വൈവിധ്യമാർന്ന പഴങ്ങൾ കഴിക്കുമ്പോളും അയാളിൽ പ്ലാവ് നൽകിയ വിശപ്പിന്റെ ആശ്വാസം പിടക്കുന്നുണ്ട്
 *"ഇവിടെ വന്നതിനുശേഷം ഏതെല്ലാം രാജ്യങ്ങളിലെ പഴങ്ങള്‍ കഴിക്കാൻ അവസരമുണ്ടായി. എന്നിട്ടും വരിയ്ക്കചക്കയുടെ കടുംമാധുരം നാവിൽ നിന്ന് തേഞ്ഞുപോയിട്ടില്ല. വിശപ്പിന്റെ വേദനയിലാണ്  പ്ലാവ് താങ്ങും തണലുമാകുന്നത്. നെഞ്ചില്‍ അതിനു കാര്ന്നവരുടെ സ്ഥാനമാണ്."* ആൻഡ്രൂ ഫിലിപ്പ് എന്ന ഫ്രഞ്ചു കാരനെ പരിചയപ്പെടുന്നതോടെ ചക്ക എന്നതിന് ഒരു ആഗോളമാനം കൈവരിക്കുന്നു. 
ലളിതമായി പറയുന്ന കഥയുടെ ആഴം വളരെ വലുതാണ്. വിശപ്പിന്റെ കുട്ടിക്കാലവും വർത്തമാനകാലവും കൂട്ടിച്ചേർത്തു കഥ പറയുന്ന ഓർമ്മകളുടെ നനവും ഇന്നിന്റെ യാഥാർഥ്യവും ചേർത്തു വെച്ച മനോഹാരമായ രചന.
 *മഴ* എന്ന കഥ മഴപോലെ നമ്മളിൽ പെയ്തിറങ്ങും. ശരിക്കും പ്രണയമഴ നനഞ്ഞ അനുഭവത്തിലേക്ക് കൊണ്ടുപോകും. 
*"ജനലിലൂടെ തണുത്ത കാറ്റ് വരുന്നു. ഒരു മഴയുടെ തുടക്കമാണ്. ചാറൽ മഴയുടെ സംഗീതം ആദ്യമായ് "കേൾപ്പിച്ച് തന്നത് അപ്പുവാണ്". മഴ നനഞ്ഞു നടക്കുമ്പോൾ അപ്പു കൂടെയുണ്ട്‌. ഇരുട്ട് നാക്ക് നീട്ടിയ ഇടവഴികളിലും  അവന്റെ ശരീരത്തിന്റെ ഗന്ധമുണ്ട്. ഇപ്പോൾ അപ്പുവിനോട് സംസാരിക്കാം, സംവാദിക്കാം, കലാഹിക്കാം"*  മഴ നനഞ്ഞ പ്രണയത്തിന്റെ തീവ്രത കഥയിൽ അറിയാം. അപ്പുവിന്റെ പഴയ കാമുകിയായ റോസ്മേരിയെ അന്വേഷിച്ചു ചെല്ലുന്ന ശ്രീലത കഥയുടെ ആഴവും പ്രണയ തീവ്രതയും കഥയിൽ വായിക്കാം.  

രാഷ്ട്രീയ മുറിപ്പാടുകളുടെ കാലത്തെ ഓർമ്മിപ്പിക്കുന്ന *എഴുപത്കൾകിപുറത്ത്*. കമ്യുണിസ്റ്റ് പച്ചയെന്ന ബിംബത്തെ ചരിത്രത്തോട് ചേർത്തു വെച്ചു രാഷ്ട്രീയം പറയുന്ന *ലെനിൻ കുഞ്ഞഹമ്മദ്*.  തുടങ്ങി പതിനേഴ് കഥകളുടെ ഒടുവിൽ ബാക്കിയാവുന്നത് എന്ന അഹ്മദ് മുഈനുദ്ദീന്റെ കഥാ സമാഹാരം എന്തുകൊണ്ടോ കാര്യമായി ശ്രദ്ധിക്കാതെ പോയി എന്നത് പറയാതെ വയ്യ. മനുഷ്യ ബന്ധങ്ങളുടെ സരളവും തീവ്രവുമായി ആവിഷ്ക്കരിക്കുന്ന കഥകൾ.

അഹ്മദ് മുഈനുദ്ദീൻ


ജീവിതയാഥാർത്ഥ്യങ്ങളുടെ ഭാവതീവ്രത നിറഞ്ഞ കഥകൾ

(എൻ.പി.ഹാഫിസ്മുഹമ്മദിന്റെ  കഥകളിലൂടെ)

*പ്രണയം, പ്രകൃതി, സമുദായം, സമൂഹം* എന്നിങ്ങനെ നാല് ഭാഗങ്ങളായി  തിരിച്ചിട്ടുള്ള  ഇരുപത്തിയഞ്ചു കഥകളുടെ സമാഹാരമാണ് മാതൃഭൂമി പ്രസിദ്ധീകരിച്ച *ഹാഫിസ്മുഹമ്മദിന്റെ കഥകൾ.* വൈയക്തികവും സമൂഹികവുമായ ജീവിത യാഥാർഥ്യങ്ങളുടെ ഭാവതീവ്രത നിറഞ്ഞ കഥകളിലൂടെ സഞ്ചരിക്കുമ്പോൾ നാലു ഭാഗങ്ങളിലായി ജീവത്തിന്റെ എല്ലാ ഭാഗങ്ങളും സ്പര്ശിക്കുന്നത് കാണാം. *നിറമില്ലാത്ത പൂവ്, പ്രണയസഞ്ചാരം, ചാരനിറത്തിലുള്ള പൂവ്, എക്‌സ് വൈ ആൻഡ് സെഡ്, ചുവന്ന പൂവ്, അസ്റാഈൽ* എന്നിങ്ങനെ ആറു കഥകൾ അടങ്ങിയതാണ് പ്രണയം എന്ന ഭാഗത്തിൽ ഉള്ളത്. വ്യത്യസ്തമായ ഒരാഖ്യാനമാണ് നിറമില്ലാത്ത പൂവ് എന്ന കഥ. അയാളെ പിന്തുടരുന്ന വെളുത്ത് മെലിഞ്ഞ പെണ്കുട്ടി. അയാളെ അവൾ അയാൾ എത്തിപ്പെടുന്ന എവിടെയും കാണുന്നു. അയാളുടെ ഏറ്റവും സ്വാകാര്യ നിമിഷത്തിൽ അവൾ ചെവിയിൽ പറഞ്ഞു "മനസ്സിൽ വിരിഞ്ഞ പൂവുണ്ടല്ലോ, നന്നായിട്ടോ... നല്ല രസണ്ട്"... പ്രണയമൊരു നിറമില്ലാത്ത പൂവായ് അയാളിൽ ഇപ്പഴും പിടയുന്നുണ്ടാകും...

പ്രകൃതി എന്ന ഭാഗത്ത് *കളളപ്പുഴ, അമ്മയിലെത്താതെ, ഏകം, നിശ്ചലം പുഴ, വേവലാതിയുടെ പുഴ, ചെറിയ ചെറിയ മീനുകളും വലിയ മത്സ്യവും* എന്നീ കഥകളാണ് ഉള്ളത്.
 ആലിഹസ്സൻകുട്ടിയുടെ കുളത്തിലെ ചെറിയ മീനുകളെ ലക്ഷ്യമാക്കി വരുന്ന സായിപ്പിന്റെ ലക്ഷ്യം ചെറുമീനുകളെ തിന്നുന്ന വലിയ മീനുകളെ പ്രചരിപ്പിക്കുകയാണ്. ഈ കഥ പറയുന്ന രാഷ്ട്രീയം ആഗോളവൽക്കരണ കാലത്തിന്റെ യാഥാർഥ്യങ്ങൾ കൂടിയാണ്. ഗ്രാമീണമായ ചിന്തയിലേക്ക് കമ്പോളവത്കരിക്കപ്പെട്ട ആശങ്ങളെ തിരുകി കയറ്റാൻ എത്തുന്ന സായിപ്പ് ഒരു പ്രതീകമാണ്. മൽസ്യ കൃഷിയിലൂടെ ഗ്രാമങ്ങളിലെ സ്വാഭാവിതയെ തിന്നു തീർക്കുന്ന ചിന്തകളാണ് വലിയ മീനുകളായി വന്നു ചെറിയ മീനുകളെ തിന്നു തീർക്കുക എന്ന സത്യമാണ് ഈ കഥ. പ്രകൃത്യാലുളള സവിശേഷതകളെ തകിടം മറിക്കുന്ന ഇടപെടലുകൾ എന്നും കച്ചവട താൽപര്യത്തിലൂന്നിയായിരുന്നു. കഥ പറയുന്ന രഷ്ട്രീയവും അതുതന്നെ.

സമാഹാരത്തിലെ ഭാഗമായ സമുദായത്തിൽ ഉള്ളത് *പിതൃഭൂമി, സൂര്യനുതാഴേ അനാഥർ, അപ്പാവാണിഭം നേർച്ച, ഈ നില്ക്കുന്ന സ്ത്രീ, യാഗശാല, പച്ചയും കാവിയും* എന്നീ ആറു 
കഥകളാണ്. സമൂഹത്തിലെ വിവിധ ചിത്രങ്ങൾ വായിച്ചെടുക്കാനാവുന്ന വ്യത്യസ്തമായ കഥകൾ. 
സൂര്യനുതാഴേ അനാഥർ എന്ന കഥ തുടങ്ങുന്നത് തന്നെ *"ആകാശത്തോടുരുമ്മിക്കിടക്കുന്ന ഒരു കുന്നിന്റെ നെറുകയിലാണ്‌ അനാഥാലയം. കലാപത്തിന്റെ നാളുകളിൽ മുളപൊട്ടിയ അനാഥത്വം പരിച്ചുനട്ട്, ആർക്കും വേണ്ടാത്തഒരിടം കാരുണ്യത്തിന്റെ കുന്നാക്കിയെടുക്കാൻ പണിത സ്ഥാപനമാണ്. അന്നതിന്, ആഴത്തിൽ ഭൂമി തുരന്ന്‌ കിണർ കുത്തി; ആകാശം തുളച്ച് മിനാരം വെച്ച് പള്ളിയുണ്ടാക്കി. എമ്പാടും മുറികളുള്ള കെട്ടിടം പടച്ച് ഇളം പച്ചച്ചായം പൂശി....."* ഇതൊരു അനാഥാലയത്തിന്റെ കഥ മാത്രമല്ല. സമൂഹത്തിൽ പല്ലിളിച്ചു നിൽക്കുന്ന ചില യാഥാർഥ്യങ്ങളുടെ നേർചിത്രമാണ്. 
നാലാമത്തെ ഭാഗത്തിന് സമൂഹം  എന്നാണ് പേരിട്ടിരിക്കുന്നത്. *പിന്തുടരുന്നത്, കാലഭേതം, ചിഹ്നങ്ങൾ അഗ്നിയുടേത്, പിതൃവേഷം, സൈക്ക്ൾ യജ്ഞം, അത്ഭുതപരിണാമം, ആ നിൽക്കുന്ന സ്ത്രീ* എന്നീ ഏഴു 
കഥകളാണ് ഉള്ളത്. എല്ലാ കാലത്തും സംഭവിക്കാവുന്ന പല സംഭവങ്ങളുടെ വ്യത്യസ്തത ഓരോ കഥകളിലും നിറഞ്ഞു നിൽക്കുന്നു.

 മലയാളത്തിന്റെ ഇക്കാലത്തേയും നല്ല എഴുത്തുകാരിൽ ഒരാളായ എൻപി മുഹമ്മദിന്റെ മകൻ എൻപി ഹാഫിസ് മുഹമ്മദിന്റെ കഥകൾക്കും ജീവിതത്തിന്റെ ആഴവും പരപ്പും ഉള്ള കഥകളാണ്.

സ്റ്റീഫൻ ഹോക്കിങ്‌സും  ആസിഡ് ഫ്രെയിംസും

(സ്റ്റീഫൻ ഹോക്കിങ്‌സ് എന്ന അത്ഭുതം. അദ്ദേഹത്തിന്റെ ജീവിതത്തെ ആസ്പദമാക്കി ബാലൻ വേങ്ങര എഴുതിയ നോവലാണ്  'ആസിഡ് ഫ്രെയിംസ്'   ഈ നോവലൂടെ)

"ഞാനൊരിക്കലും വിശ്വസിക്കുന്നില്ല സ്റ്റീഫൻ ഹോക്കിങ്ങ് മരണപ്പെട്ടെന്ന്. വയനാട്ടിൽ ഇരുന്ന് ഹോക്കിങ്ങിനെ നേരിൽ സന്ദർശിക്കുന്നത് ഞാൻ സ്വപ്നം കാണാറുണ്ടായിരുന്നു.... എന്നിട്ടും നോവൽ പുറത്തിറങ്ങും മുമ്പ് സ്റ്റീഫൻ അകന്നുപോയ വിഷമം ഞാനാരോടു പറയാൻ. സ്റ്റീഫൻ ഹോക്കിങ്ങ് അങ്ങേക്ക് മരണമില്ല " അതെ ചില മനുഷ്യർക്ക് മരണമില്ല, ബാലൻ വേങ്ങരയുടെ യുടെ 'ആസിഡ് ഫ്രെയിംസ്' 
എന്ന നോവലിലെ സഞ്ചരിക്കുമ്പോൾ ഇതിനു മുമ്പ് 
പരിമിതികളെ അതിജീവിച്ച ഒട്ടേറെ മനുഷ്യരെ നമ്മൾ കണ്ടിട്ടുണ്ടാകും വായിച്ചിട്ടുണ്ടാകും  എന്നാൽ  ഈ നോവലിൽ ബാലൻ വേങ്ങര പറയുന്നത്  മോട്ടോർ ന്യൂറോൺ എന്ന മാരക രോഗത്തിന്റെ പിടിയിലകപ്പെട്ട് യന്ത്ര ക്കസേരയിലേക്ക് ജീവിത മൊതുങ്ങിയിട്ടും, ദൃഢമനസ്സോടെ ജീവിച്ച സ്റ്റീഫൻ ഹോക്കിങ്ങ്സിന്റെ ജീവിതം എന്ന  അത്ഭുതമാണ്. ലോകത്തെ അതിശയിപ്പിച്ച ഒരു മനുഷ്യന്റെ ജീവിതത്തെ ഒരു നോവലിലേക്ക് പകർത്തുക എന്നത് ഏറെ വെല്ലുവിളി നിറഞ്ഞതാണ് എന്നാൽ ആ വെല്ലുവിളി സ്വീകരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ആഴങ്ങളിലേക്ക് പീറ്ററെന്ന  ഒരു പുസ്തക പ്രസാധകകന്റെ  മകൾ ഇലയുടെ കാഴ്ചപ്പാടിലൂടെ പറയാൻ ശ്രമിക്കുമ്പോൾ നാം അറിഞ്ഞ സ്റ്റീഫൻ ഹോക്കിങിസിനു മപ്പുറം ഒരു പുതിയ സർഗാത്മക ലോകം തുറക്കാൻ ശ്രമിക്കുയാണ് ബാലൻ വേങ്ങര ഈ നോവലിലൂടെ.
എന്തുകൊണ്ട് സ്റ്റീഫൻ ഹോക്കിങ്‌സ് ജീവിതം  ഒരു നോവലാകുന്നു എന്നത് പ്രസക്തമായ ചോദ്യമാണ്. തിയറികൾ മാത്രം നിറച്ചു വെച്ച ഒരു ജീവിതമായിരുന്നില്ല അദ്ദേഹത്തിന്റേത്. ഇത്ര മാരകമായ ഒരു രോഗാവസ്ഥയിൽ. ചിന്തയൊഴികെ എല്ലാം നിശ്ചലമായ അവസ്ഥയിൽ അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതത്തിലൂടെ ആ  അത്ഭുതം നിറഞ്ഞ ജീവിതത്തിന്റെ സമന്വയമായി പീറ്ററിന്റെ ജീവിതഥവും ഇഴചേർത്ത് കൊണ്ട്  വായനക്കാരനെ നോവലിനോട് അടുപ്പിക്കുന്നു. ഇത് ഏറെ വെല്ലുവിളി നിറഞ്ഞതാണ് എങ്കിലും എഴുത്തുകാരൻ വളരെ ആഴത്തിൽ എന്നാൽ   വഴിയെ ലളിതമായി വരച്ചു വെക്കുന്നു അതുകൊണ്ടു തന്നെ നല്ല റീഡബിലിറ്റിയും കിട്ടുന്നു. ഇലയുടെ അനുഭവത്തിലൂടെ സഞ്ചരിക്കുമ്പോൾ അതൊക്കെ നമ്മുടെതല്ല എന്ന തോന്നലുണ്ടാകാൻ സാധിക്കാത്തവിധം എഴുത്തും ജീവിതവും ചേർത്തുവെച്ചു പറയുന്നു.
 
മത്സരങ്ങളെ  കുറിച്ച്  സ്റ്റീഫൻ ഹോക്കിങ്‌സ് നോവലിൽ പറയുന്ന ഭാഗമുണ്ട് "ആരാണ് ജയിച്ചത്? സ്റ്റീഫൻ കൂട്ടുകാരോട് പറഞ്ഞു 'നമ്മൾ മികച്ച പ്രകടനം കാഴ്ചവെച്ചു. ഇത് നമ്മുടെ പരമാവധിയാണ്. ഈ വർഷത്തെ മികച്ച ടൈം. ഈ മത്സരത്തിൽ നമ്മൾ തോറ്റാലും സാരമില്ല ഇതിനപ്പുറത്തേക്ക് നമുക്ക് കഴിയില്ല. അതുകൊണ്ടു ഇതിൽ നമ്മൾ വിജയിച്ചതായി കണക്കാക്കി ആഘോഷിക്കാം. ഇനിയും മികച്ച സമയം കണ്ടെത്താൻ നമുക്ക് അടുത്ത പരിശീലനം തുടരുകയും ചെയ്യാം.' ആഹ്ലാദത്തോടെ കൂട്ടുകാർ സ്റ്റീഫനെ എടുത്തുയർത്തി ചുവടുകൾ വെച്ച്" നമ്മളെയൊക്കെ പ്രചോദിപ്പിക്കുന്ന  ഭാഗമാണ് ഇത് ശാരീരികായി വളരെ ശോഷിച്ച ആരും കളിയാക്കുന്ന ശരീരപ്രകൃതിയിൽ ഒരു മത്സരത്തെ അതും കായികക്ഷമത ഏറെ വേണ്ട ഒന്നിൽ മത്സരിക്കുമ്പോൾ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്ന ഭാഗം.  പരിമിതികൾ മറികടക്കാനുള്ള സ്വബോധ്യങ്ങളുണ്ടാക്കാൻ ചെറുപ്പത്തിൽ തന്നെ ഹോക്കിങ്‌സ് ശ്രമിച്ചിരുന്നു. പരിമിതിയെ മറികടക്കുക എന്നത് ചെറിയ കാര്യമല്ല എന്നാൽ അതിനെയും അതിജീവിച്ച് പുതിയൊരുഅത്ഭുതകരമായ ലോകം കെട്ടിപ്പടിക്കുകയാണ് സ്റ്റീഫൻ ഹോക്കിങ്സ് ചെയ്തത് ഈ ജീവിതത്തിന്റെ അസാധ്യമായ ഒരു ലോകത്തെ നമുക്ക് മുന്നിൽ കെട്ടിപ്പടുക്കുകയായിരുന്നു.
 
ആ മഹാന്റെ ജീവിതത്തിലൂടെ കടന്നു പോകുന്ന ഈ നോവൽ  വായനാസുഖം തരുന്നു എന്ന് മാത്രമല്ല ആ വലിയ മനുഷ്യനോടൊപ്പം സഞ്ചരിക്കുന്ന ഫീലിംഗ് ഉണ്ടാക്കുന്നു എന്നതാണ് ഏറെ പ്രത്യേകത. പ്രശസ്ത ശാസ്ത്രലേഖകനും, നോവലിസ്റ്റുമായ ജീവൻ ജോബ് തോമസ് അവതാരികയിൽ പറയുന്നു   '' സ്റ്റീഫൻ ഹോക്കിങ്ങിനെ വളരെ വ്യത്യസ്ഥമായ ആഖ്യാന തന്ത്രത്തിലൂടെയാണ് ആസിഡ് ഫ്രെയിം സ് അവതരിപ്പിക്കുന്നത്.ഇതിലെ മുഖ്യ കഥാപാത്രമായ ഇലയുടെ അനുഭവ ലോകം നമ്മുടെയെല്ലാവരുടേയും അനുഭവതലത്തെ സ്പർശിക്കു മാറ് അവതരിപ്പിക്കാൻ,
ബാലൻ വേങ്ങരയ്ക്കു കഴിഞ്ഞിട്ടുണ്ട് ." ഏവരും വായിച്ചിരിക്കേണ്ട നോവലാണ് ആസിഡ് ഫ്രെയിംസ്.
 

Monday, 3 February 2020

ഈ ആസുരകാലത്ത് വീണ്ടും വായിക്കേണ്ട കഥകൾ.

(പ്രശസ്ത ഉറുദു ഹിന്ദി സാഹിത്യകാരൻ അസദ് ഹസൻ മൻതോ യുടെ കഥകളിലൂടെ)

ഥ ജീവിതങ്ങളുടെ ആഴമേറിയ ഇടങ്ങളിലേക്ക് ഇറങ്ങി ചെല്ലുമ്പോൾ അത് എക്കാലത്തെയും പ്രതിനിധീകരിക്കും. ചരിത്ര മുഹൂർത്തങ്ങളിലേക്കുള്ള  സർഗാത്മക ഇടപെടൽ കൂടിയാകുമ്പോൾ അതിന്റെ ആഴവും പരപ്പും വര്ധിപ്പിച്ചുകൊണ്ട്  കാലത്തെ അതിജീവിക്കും. ഇന്ത്യ നേരിട്ട ഏറ്റവും വിഷമകരവും വേദനാജനകവുമായ കാലഘട്ടമായിരുന്നു ഇന്ത്യാ-പാക് വിഭജനം. ഒട്ടേറെ ജീവനുകൾ നഷ്ടമാക്കിയ, മതത്തിന്റെ പേരിൽ മനുഷ്യരുടെ ചോര ചീന്തിയ കാലം. വിഭജനത്തിന്റെയും വർഗ്ഗീയതയുടെയും. പേരിൽ ഇരകളാക്കപ്പെടുന്ന സാധാരണ മനുഷ്യരുടെ കണ്ണീരിന്റെയും ചോരയുടെയും  പൊള്ളുന്ന കഥകളെഴുതിയ പ്രശസ്ത ഉറുദു ഹിന്ദി സാഹിത്യകാരൻ സാദത്ത് ഹസൻ മൻതോയുടെ കഥകൾക്ക് ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയ അവസ്‌ഥയിൽ ഏറെ പ്രാധാന്യം ഉണ്ട്.  “ഇന്ത്യയെ രക്ഷിക്കണമെന്ന് പറയുന്ന ആളുകളിൽ നിന്ന് ഇന്ത്യയെ രക്ഷിക്കേണ്ടതുണ്ട് എന്നതാണ് വസ്തുത. സാദത്ത് ഹസൻ മൻതോയുടെ ഈ വാക്കുകൾ ഇന്ന് ഏറെ പ്രസക്തമാണ്. 

തോബാ ടേക്സിങ് എന്ന കഥ തുടങ്ങുന്നത് തന്നെ ഇന്ത്യാ പാക് വിഭജനകാലത്തെ കുറിച്ചുള്ള വ്യത്യസ്തമായ ചിന്തയിൽ നിന്നാണ്.
"ഇന്ത്യാ-പാക് വിഭജനം കഴിഞ്ഞു രണ്ടുമൂന്നു വർഷത്തിനു ശേഷം പാകിസ്ഥാൻ സർക്കാരിനും ഇന്ത്യാ സർക്കാരിനും ഒരു ബോധോദയമുണ്ടായി: തടവുപുള്ളികളെ കൈമാറിയപോലെ ഭ്രാന്തന്മാരെയും പരസ്പരം കൈമാറേണ്ടതല്ലേ? ഇന്ത്യൻ ഭ്രാന്താലയത്തിലെ മുസല്മാൻ ഭ്രാന്തന്മാരെ പാകിസ്ഥാനിലേക്കും, പാകിസ്താനിൽ കഴിയുന്ന ഹിന്ദു-സിക്ക് ഭ്രാന്തന്മാരെ ഇന്ത്യയിലേക്കും ഏല്പിച്ചുകൊടുക്കണം" 
ഇന്ത്യാ പാക് വിഭജനകളത്തിന്റെ പൊള്ളിക്കുന്ന കഥകളാണ് സാദത്ത് ഹസൻ മൻതോയുടേത്. അതിൽ പെടുന്ന കഥയാണ് തോബാ ടേക്സിങ്. സത്യത്തിൽ ഭ്രാന്തന്മാർക്ക് വിഭജനം എന്നത് എന്താണെന്നു പോലും തിരിച്ചറിയാതെ മുസൽമാനും സിക്കനും ഹൈന്ദവനും പരസ്പരം കെട്ടിപിടിക്കുന്ന കാഴ്ചകാണാം. കഥയിൽ ഒട്ടേറെ കഥാപാത്രങ്ങൾ വന്നുപോകുന്നുണ്ട്, ലാഹോറിൽ നിന്നുള്ള ഹിന്ദുവക്കീൽ തന്റെ പ്രേമ പരാജയത്തെ തുടർന്ന് ഭ്രാന്തനാകുകയിരുന്നു. കാമുകി അയാളെ ഉപേക്ഷിച്ചു എങ്കിലും അയാൾ അവളെ ഓർത്തു കരഞ്ഞുകൊണ്ടിരുന്നു  ഇന്ത്യയെ വെട്ടിമുറിച്ചു ഇന്ത്യയും പാകിസ്ഥാനും ആക്കിയ നേതാക്കളെ ശകാരം പറഞ്ഞുകൊണ്ടിരുന്നു .  തോബാ ടേക്സിങ് എന്ന് വിളിക്കുന്ന വിശൻസിങ്ങും ഒരു ഭ്രാന്തൻ ആയിരുന്നു, കഥയിൽ  സ്വയം തോബാ ടേക്സിങ് എവിടെയെന്നു അന്വേഷിച്ചു നടന്നുകൊണ്ടിരുന്ന ഒരാൾ. കഥയിൽ താൻ സ്വയം ദൈവം എന്ന് പറഞ്ഞു നടന്നിരുന്ന  ഒരു ഭ്രാന്തൻ ഉണ്ടായിരുന്നു.  തോബാ ടേക്സിങ്ങും ആ ദൈവമെന്നു പറയുന്ന ഭ്രാന്തനും തമ്മിലുള്ള സംസാരം കഥയുടെ പ്രാധാന്യമുള്ള ഭാഗമാണ്. ഒരിക്കൽ വിശൻ സിങ് എന്ന    തോബാ ടേക്സിങ് ദൈവമെന്ന ആ ഭ്രാന്തനോട്  "തോബാ ടേക്സിങ് പാകിസ്ഥാനിലോ അതോ ഹിന്ദുസ്ഥാനിയിലോ? താന്റെ  സ്വാഭികമായ പൊട്ടിച്ചിരിയോടെ  അയാൾ മറുപടി പറഞ്ഞു "അവൻ പാകിസ്ഥാനിലുമല്ല ഹിന്ദുസ്ഥാനിലുമല്ല അത്കൊണ്ട് നാം ആജ്ഞ നല്കിയതുമില്ല" ഭ്രാന്തില്ലാത്തവരുടേ മത-രാഷ്ട്രീയ വിചാരങ്ങൾ മനുഷ്യരെ പരസ്പരം ചുട്ടുകൊല്ലുമ്പോൾ നമ്മൾ അസാധാരണരെന്നും, ഭ്രാന്തരെന്നു പറന്നയുവരിൽ ഉണ്ടാകുന്ന മാനവികത പോലും നമ്മളിൽ ഉണ്ടാകാറില്ല എന്ന യാഥാർഥ്യം എന്ന കൃത്യമായ വിമർശനം ഇതിലൂടെ വായിച്ചെടുക്കാം. ഭ്രാന്തന്മാരെ ലോറിയിൽ കയറ്റി പരസ്പരം കൈമാറുന്ന രംഗം വൈകാരികതയോടെ വായിച്ചെടുക്കുമ്പോൾ ഭ്രാന്തുള്ളവരുടെ മനസികാവസ്ഥയ്ക്കൊപ്മാണ് എഴുത്തുകാരൻ സഞ്ചരിക്കുന്നത്. നമുക്കൊന്നും ഭ്രാന്തില്ല എന്നത് തന്നെയല്ലേ ഇന്നീ ലോകത്തിന്റെ പ്രശ്‌നം എന്നത് കഥ വായിക്കുന്നവരിൽ ഉണ്ടാകാം. 

മൻതോയുടെ ഏറെ ചർച്ചചെയപ്പെട്ട കഥയാണ് 
തുറക്കൂ  (കോൽദോ). ഈ കഥയിലെ തന്റെ ഏക മകളായ സക്കീനയെ വിളിച്ചു തെരഞ്ഞു അവശനായി ക്യാംപിൽ തളർന്നു വീണ വൃദ്ധനായ സിറാജുദ്ദീന്റെ മുഖത്തിന് ഇന്ന് ഒരു അസാമീസ് വൃദ്ധന്റെ ഛായ തോന്നുന്നില്ലേ?
"ആശയറ്റ് ഇരുണ്ട ആകാശത്തേക്ക് നോക്കിക്കൊണ്ടിരിക്കുന്ന സിറാജുദ്ദീൻ ദൃഷ്ടി സൂര്യനുമായി ഏറ്റുമുട്ടി. ശക്തമായ പ്രകാശം അയാളുടെ അസ്തിത്വത്തിന്റെ ഓരോ അണുവിലും ആണ്ടിറങ്ങി. അയാൾ ഉണർന്നു. അയാളുടെ ബുദ്ധിയിൽ ചില ചിത്രങ്ങൾ മിന്നിമറഞ്ഞു. കൊള്ള, തീവെപ്പ്, ഓട്ടം, സ്റ്റേഷൻ, വെടിയുണ്ട, രാത്രി, പിന്നെ സക്കീന... സിറാജുദ്ദീൻ പെട്ടെന്നു എഴുനേറ്റു തനിക്കു ചുറ്റും കൂടിനിന്ന മനുഷ്യ സമുദ്രത്തിൽ  ഒരു ഭ്രാന്തനെപോലെ പരതാൻ തുടങ്ങി" കഥയിലെ സക്കീനമാർ ധാരാളം ഇന്ത്യയിൽ ഉണ്ടായിട്ടുണ്ട്. വിഭജനകാലത്തെ സക്കീനമാർക്ക് ശേഷം പിന്നെയത് ഗുജറാത്ത് കലാപകാലത്ത് കേട്ടു, ഇപ്പോൾ വീണ്ടും കേട്ടുതുടങ്ങുന്നു സിറാജുദ്ദീൻമാർ മകളുടെ ശവമേന്തി കാതങ്ങൾ താണ്ടുന്ന വീഡിയോകൾ സാധാരമാണമായി കോൽദോ എന്ന കഥ എന്നത്തേയും ഇന്നത്തെയും യാഥാർഥ്യത്തെ തുറന്നു കാണിക്കുന്നു. അത്ര സുഖകരമായ കാഴ്ചയല്ല, വേദനയില്ലാതെ മറ്റൊന്നും അതിലില്ല. സഹായിക്കാനെന്ന് പറഞ്ഞു വരുന്ന സന്നദ്ധപ്രവത്തകരായ എട്ട് യുവാക്കൾ സീനത്തിനെ  ലോറിയിൽ കൊണ്ടുപോകുമ്പോൾ സിറാജുദ്ദീൻ അതറിയാതെ സക്കീനയെ കുറിച്ച് ചോദിക്കുന്ന ഭാഗം വല്ലാതെ വേദനിപ്പിക്കും, വിഭജനം നൽകിയ വേദനിപ്പിക്കുന്ന നേർചിത്രങ്ങൾ എന്നേ ഈ കഥയെ പറയാൻ സാധിക്കൂ  


കാലിൽ വെടിയേറ്റ് വീട്ടിലേക്ക് ഏന്തിവലിച്ചു കേറിയപ്പോൾ രക്തത്തിൽ കുളിച്ചു കിടക്കുന്ന തന്റെ ഭാര്യയുടെ മൃതദേഹം കണ്ടാൽ ഏതൊരാൾക്കും സമനില തെറ്റില്ലേ? ശരീഫൻ എന്ന കഥയിലൂടെ സഞ്ചരിക്കുമ്പോൾ പൗരത്വ ബില്ലിന്റെപേരിൽ യുപിയിൽ വെടിയേറ്റ് വീണവരുടെ കരച്ചിൽ കേൾക്കുന്നു എങ്കിൽ അതിൽ അത്ഭുതപ്പെടേണ്ടതുണ്ടോ? വർഗീയ കലാപങ്ങൾ പലപ്പോഴും സ്ത്രീകളെയാണ് ഇരകളാക്കുക, ഭാര്യയും ശരീഫൻ എന്ന മകളും ക്രൂരമായി കൊല്ലപ്പെട്ട വേദനിക്കുന്ന കാഴ്ചയിലൂടെ ചോരച്ചാലിലൂടെ നടക്കേണ്ടിവരുന്ന കഥയാണ് ശരീഫൻ  "പുറത്തിറങ്ങിയ അയാൾ സ്വന്തം ഭാര്യയുടെ ശവത്തിലേക്കും നോക്കിയില്ല. ഒരുപക്ഷേ, ശരീഫന്റെ നഗ്നമായ ശവം കണ്ണിൽ നിറഞ്ഞിരിക്ക കാരണം ഭാര്യയുടെ  ശവം കണ്ണിൽപെടാതിരിക്കുന്നതുമാവാം. മൂലയിൽ ചാരിവെച്ചുള്ള കോടാലിയെടുത്ത് അയാൾ പുറത്തേക്കിറങ്ങി"  കാസിം ഒരു ഭ്രാന്തനെപ്പോലെ മുന്നിൽ കണ്ടവരെയൊക്കെ കോടാലികൊണ്ടു വെട്ടി. വിജനമായ തെരുവിലൂടെ അയാൾ തെറിവിളിച്ചു കോടാലി വീശി നടന്നു... പതിനാലുകാരിയെ അയാൾ കഥ വല്ലാത്ത ഒരവസ്ഥയിൽ അവസാനിക്കുമ്പോൾ മതഭ്രാന്ത് എത്രകണ്ട് മനുഷ്യനെ മനുഷ്യനല്ലാതാക്കുമെന്നു കാണാം. 

തലക്കുമീതെ തൂങ്ങികിടക്കുന യുദ്ധാന്തരീക്ഷത്തെ ഇരുണ്ട ഹാസ്യത്തിലൂടെ പറയുന്ന കഥയാണ് തമാശ, ഈ കഥയിലെ ഖാലിദ് എന്ന കുട്ടി നമ്മെ ചിന്തിപ്പിക്കുന്ന കഥാപാത്രമാണ്. ആകാശത്തുകൂടെ വിമാനങ്ങൾ പറക്കുന്നത് നമുക്കുനേരെ വെടിയുതിർക്കാനാണ് എന്നവൻ നിരന്തരം പറഞ്ഞുകൊണ്ടിരുന്നു. "രണ്ടുമൂന്നുദിവസമായി വിമാനങ്ങൾ കറുത്ത കഴുകന്മാരെപോലെ ചിറകു വിടർത്തി വെളിമ്പ്രദേശങ്ങളിൽ ചുറ്റിത്തിരിയുന്നു"  ഇങ്ങനെയാണ് കഥ തുടങ്ങുന്നത് തന്നെ. വിമാനത്തെ  വെടിവെച്ചിടാനുള്ള പരിശീലനമാണ് മുറിക്കുളിലിരുന്ന് ഖാലിദ് എന്ന  ആ കുട്ടിയുടെ കളി, വിമാനങ്ങളിൽ നിന്നും വെടിയുണ്ട വരുമെന്ന് കുട്ടിയോട് പറഞ്ഞു കൊടുത്തത് അവന്റെ  അവന്റെ മാമനാണ്,  അത് കേട്ടത്ത്   മുതൽ അവൻ അക്കാര്യത്തെ പറ്റി മാത്രമായി ചിന്ത.  കളി കാര്യമാകുമെന്നും തമാശയല്ല എന്നും ഉപ്പ കുട്ടിയെ  ബോധ്യപ്പെടുത്തുന്നുണ്ട്
"ഖാലിദിന്റെ ഉപ്പ താൻറെ  മകന്റെ അസാധാരണമായ സാഹസം കേട്ട് ചിരിച്ചുകൊണ്ട് പറഞ്ഞു  'മാമ്മന് ഭ്രാന്താ. ഞാനവനോട് പറയും വീട്ടിൽ ഇത്തരം കാര്യങ്ങളൊന്നും പറയരുതെന്ന്. അവർ അത്തരം കാര്യങ്ങളൊന്നും ചെയ്യില്ല വിശ്വസിക്ക്."  ഇത്തരം സന്ദർഭങ്ങളിൽ  കുട്ടികളിൽ ജനിക്കുന്ന ഭീതിയുടെ ചിത്രം എത്ര ആഴമുള്ളതായിരിക്കും എന്നത്  നമുക്ക് ഖാലിദിലൂടെ വായിച്ചെടുക്കാം 

ഏതൊരു വിഭജനവും നൽകുന്നത് പൊള്ളുന്ന വേദനയാണ്, അന്ന് സാദത്ത് ഹസൻ മൻതോ പൊളളിച്ച കഥകളുടെ പൊള്ളൽ ഇന്നും അനുഭവിക്കേണ്ടി വരുമോ? ഈ  കഥകളും  സമകാലിക രാഷ്ട്രീയ അവസ്‌ഥയും ഒരുപോലെ പൊള്ളിക്കുന്നു. "സ്വാതന്ത്ര്യത്തിനുവേണ്ടി, രക്തസാക്ഷി, യോമേ ഇസ്തക് ലാൽ, രാം ഖേരാവൻ, മാനഹാനി"  ഇങ്ങനെ ഒട്ടേറെ കഥകൾ  സാദത്ത് ഹസൻ മൻതോയുടേതായി ഉണ്ട്. ഓരോ കഥയും ഈ കാലഘട്ടത്തിൽ വായിച്ചെടുക്കുമ്പോൾ അതിന്റെ പ്രസക്തി ഏറിവരികയാണ്. യുദ്ധത്തെ കുറിച്ച് മൻതോ തന്നെ പറഞ്ഞ വാക്കുകൾ ശ്‌മശാനത്തിൽ പോലും പണപ്പെരുപ്പം ഉണ്ടാക്കാനേ ഉതകൂ എന്നാണ്, മനുഷ്യന്റെ വേദന അവിടെ വിഷയമേ അല്ല. രാഷ്ട്രീയ തീരുമാനങ്ങൾക്ക്  ആയാൽ പോലും മനുഷ്യന്റെ ജീവിതത്തെ പറിച്ചുകളയുന്ന ഏതൊരു തീരുമാനവും മനുഷ്യവിരുദ്ധമാണ് എന്ന യാഥാർഥ്യം അതിന്റെ ഏറ്റവും വേദന നിറച്ചുകൊണ്ടു തന്നെ കഥകളിൽ ഒരുക്കിയെന്നതാണ് ഈ  കഥകളുടെ പ്രത്യേകത. വർഗീയതയും വംശീയതയും വലിയൊരു സാമൂഹ്യ പ്രശ്നമായി മനുഷ്യകുലത്തെ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുന്ന ഈ ആസുരകാലത്തിൽ  സാദത്ത് ഹസൻ മൻതോയുടെ  കഥകൾ വീണ്ടും വായിക്കേണ്ടത് അനിവാര്യമാണ്.  
-----------------------------------

Published by Gulf  Siraj Njayarazhcha 02-02-2020