Tuesday, 7 July 2020

കോവിഡും പ്രവാസികളുടെ പിടയുന്ന മനസ്സും

ലേഖനം

കൊറോണാനന്തരം ലോകം നേരിടാൻ പോകുന്ന പ്രതിസന്ധികളെ കുറിച്ച് ഒട്ടേറെ  ചർച്ചകൾ നടന്നു കഴിഞ്ഞു. സ്ലാവോജ് സിസെക്കിന്റെ നിരീക്ഷണത്തിൽ 'മുതലാളിത്തത്തിന്റെ അവസാനം' എന്നാണ് സൂചിപ്പിക്കുന്നത്. എന്നാൽ അത്തരമൊരു മാറ്റത്തിലേക് ലോകം പോകുന്നതിന് മുമ്പ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടിയേറിയവരും പ്രവാസികളും ആയവരിൽ ഉണ്ടാകുന്ന അല്ലെങ്കിൽ അവരിലേക്ക് ഉണ്ടാക്കിയെടുക്കുന്ന മാനസിക വിഭ്രാന്തിയെ കുറിച്ച്  സമഗ്രമായ പഠനം നടത്തേണ്ട സമയമാണിത്. അപ്രതീക്ഷിതമായ ഈ കോവിഡ് കാലം എല്ലാവരിലും ഒരു മാറ്റം ഉണ്ടാക്കിയിട്ടുണ്ട്. അതിന്റെ പ്രതിഫലനമങ്ങനെയായിരിക്കും എന്ന പ്രവചനം അസാധ്യമാണ് എങ്കിലും സാധാരണക്കാരായ ജനങ്ങളിലും ദരിദ്രജനപക്ഷത്തും ഉണ്ടാക്കിയ ഭീതിയും തളർച്ചയും ഒരു യാഥാർഥ്യമാണ്‌. മൂലധന ശക്തികളുടെ അത്യാഗ്രഹത്തിന്റെ ഭാരം പേറികൊണ്ടിരുന്ന ജനങ്ങൾക്ക് മീതെ കൊറോണയുണ്ടാക്കിയ  പ്രത്യാഘാതത്തിന്റെ ആഴം വളരെ വലുതാണ്.
നഗ്നമായ  ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഉള്ള
തകർച്ചയുടെ ഫലമായി ദശലക്ഷക്കണക്കിന് ആളുകൾക്ക് ഇതിനകം തന്നെ തൊഴിൽ നഷ്ടപ്പെട്ടു.
ജീവിക്കാൻ പെടാപ്പാട് പെടുന്ന വലിയൊരു ജനപക്ഷം ഇന്ത്യയിൽ ഉണ്ട്. കൂടാതെ കാര്യമായ നീക്കിയിരിപ്പ് ഇല്ലാത്ത ലക്ഷക്കണക്കിന് പ്രവാസികൾ ജോലി നഷ്ടപ്പെട്ടു തിരിച്ചു വരുന്നു. വിനാശകരമായ  ഈ വൈറസ് ഉണ്ടാക്കിയ  ദുരന്താവസ്ഥക്കിടയിൽ അതത് ഭരണകൂടങ്ങൾ അവരുടെ അധികാരമുറപ്പിക്കാൻ കോർപറേറ്റ് പിന്തുണ തേടി പോകുന്നു. ഈ ദുരന്ത കാലത്ത്  ദിവസങ്ങളായി തുടരുന്ന ഇന്ധനവില വർദ്ധനവ് കോർപ്പറേറ്റുകൾക്ക് സഹായമാകുന്ന വിധത്തിൽ പ്രവർത്തിക്കുന്നു. കോവിഡ് മരണം കൂടുന്നു.. ഇതാണ് സമകാലിക അവസ്‌ഥ.
ജീവിതത്തിന്റെ വലിയൊരു ഭാഗം പുറംലോകത്ത് മറ്റൊരു സാഹചര്യത്തിനോട് പൊരുതി ജീവിച്ചു ശീലിച്ച പ്രവാസികളുടെ  തിരിച്ചു വരവിൽ  അവരിൽ ഈ പ്രത്യേക സാഹചര്യത്തിൽ  ഉണ്ടാകുന്ന മാനസികാവസ്ഥ തിരിച്ചറിയപ്പെടുമോ എന്നത് പ്രധാന പ്രശ്നമാണ്. കോവിഡിന് മുമ്പ് പോലും തിരിച്ചു വരുന്ന പ്രവാസികളോട്  കുടുംബം മുതൽ ഗവണ്മെന്റ് വരെ അവഗണിക്കുന്നു എന്ന പരാതി പലതവണ നമ്മൾ കേട്ടതാണ്. അപ്പോൾ കൊറോണ വൈറസ് മൂലമുണ്ടാകുന്ന സാമ്പത്തിക മാന്ദ്യമോ വിഷാദമോ എങ്ങനെയായിരിക്കും പ്രവാസികളെ ബാധിക്കുക?. മഹാമാരിയുടെ അരാജകത്വം ഉണ്ടാക്കുന്ന അവസ്ഥയിൽ തിരിച്ചു വരുന്ന പ്രവാസികളോടുള്ള സമീപനം എന്തായിരിക്കും.?
അല്ലെങ്കിൽ തന്നെ ഇതിനകം  ചരിത്രം കരുണ കാട്ടാതെ പോയ ഒരു വിഭാഗമാണ് പ്രവാസികൾ. സമ്പത്ത് ഇരട്ടിപ്പിക്കാൻ പോയവരെന്ന നാട്ടു പറച്ചിലിന് ആ അവഗണനയുടെ ഉപ്പുണ്ട്. ആ പശ്ചാത്തലത്തെ കുറച്ചൊക്കെ മാറ്റിയിരുന്നത് കുടുംബത്തിനായാലും നാടിനായാലും പ്രവാസികൾ പ്രത്യേകിച്ച് ഗൾഫ് മേഖലയിലുള്ള പ്രവാസികൾ നൽകി വരുന്ന സാമ്പത്തിക പിന്തുണയായിരുന്നു. ഒന്നര ലക്ഷം യുജിസി സ്കെയിലിൽ ശമ്പളം വാങ്ങികുന്ന സഹോദരൻ 50000 രൂപ നൽകിയാൽ അത് മഹാ മനസ്കസ്തയും വലിയ സഹായവും ആകുമ്പോൾ, 1500 ദിർഹം (അതായത്
ശരാശരി 30000 ഇന്ത്യൻ രൂപ) രണ്ടു ലക്ഷം കൊടുത്താലും മതിവരാത്ത കുടുംബം മുതൽ ഭരണകൂടം വരെ ഇന്നലെ വരെ ഉണ്ടായിരുന്ന ഒരിടത്തേക്കാണ് ഈ പ്രവാസി തിരിച്ചു വരുന്നത്.
എങ്ങനെ സ്വീകരിക്കും എന്ന ആകുലത ഓരോ പ്രവാസിയിലും ഉണ്ട്.
"ഈ കൊടുങ്കാറ്റ് കടന്നുപോകും. എന്നാൽ ഇപ്പോൾ ഞങ്ങൾ ചെയ്യുന്ന തിരഞ്ഞെടുപ്പുകൾ വരും വർഷങ്ങളിൽ നമ്മുടെ ജീവിതത്തെ മാറ്റിമറിക്കും" എന്ന യുവാൻ ഹാരാരിയുടെ അഭിപ്രായം ഇവിടെയും പ്രസക്തമാണ്. പ്രവാസികളോട് കുടുംബവും സമൂഹവും സർക്കാരും എടുക്കുന്ന സമീപനം പോലെയിരിക്കും തിരിച്ചെത്തുന്ന പ്രവാസികളുടെ ഭാവി.  കൊടുങ്കാറ്റിന് ശേഷം വിഷാദരോഗികളുടെ
ഒരു ഭൂപടം ഉണ്ടാവാതിരിക്കാൻ മുൻകരുതൽ ആവശ്യമാണ്.
മനുഷ്യരാശി ഇപ്പോൾ നേരിടുന്ന ആഗോള പ്രതിസന്ധിക്കൊപ്പം 
 ഒരുപക്ഷേ കേരളം പോലുള്ള സംസ്ഥാനത്തെ ജനങ്ങളും പ്രവാസികളും  നേരിടുന്ന 
ഏറ്റവും വലിയ പ്രതിസന്ധി ഈ മനസികാവസ്ഥയായിരിക്കും.
വലിയ തോതിലുള്ള സാമൂഹിക പരീക്ഷണങ്ങളിലെ ഗിനിപന്നികളെപോലെ  പ്രവാസികൾ ഇരകളാകുന്ന ആവർത്തനം കാലങ്ങളായി തുടരുന്നു. ഒരുപക്ഷേ ഇതിനൊന്നും ഇടനല്കാതെ സ്വയം ഇല്ലാതായി കൊണ്ടിരിക്കുന്നവർ കൂടിവരികയാണ്. ഒപ്പം ഈ മഹാമാരി ആഴത്തിൽ മാനസികമായി മുറിവേല്പിച്ച പലരും ആത്മഹത്യയിൽ അഭയം പ്രാപിച്ചുകഴിഞ്ഞു. വിഷാദ രോഗത്താൽ പലരും ജീവിതം കൈവിട്ട അവസ്‌ഥയിൽ ആയിക്കഴിഞ്ഞു. ഈ മനസികാവസ്ഥ ഇനി തന്റെ കുടുംബവും നാടും തിരിച്ചറിയാതെ പോയാൽ ഉണ്ടാകുന്ന ദുരന്തം വളരെ വലുതായിരിക്കും. കൊറോണ വൈറസ് പകർച്ചവ്യാധിക്കെതിരായ
പോരാട്ടത്തിൽ നിരവധിപേര് രംഗത്തുണ്ട്.  സർക്കാരുകൾ, സന്നദ്ധ പ്രവർത്തകർ, രാഷ്ട്രീപ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ, പോലീസ്.... ഇങ്ങനെ സമൂഹത്തിലെ വിവിധ മേഖലയിൽ ഉള്ളവർ ഉണ്ട്. അത്രതന്നെ വിദേശത്തും മലയാളികളായ സന്നദ്ധ പ്രവർത്തകർ സ്വന്തം ജീവൻ നോക്കാതെ പ്രവർത്തനരംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. പക്ഷെ അക്കാര്യത്തെ വേണ്ടവിധത്തിൽ അവരുടെ പ്രവർത്തനത്തെ അടയാളപ്പെടുത്തിയോ? 
 ഇതിനകം മുന്നൂറോളം മലയാളികൾ വിദേശത്തു നിന്നും ഈ ലോകത്തോട് വിടപറഞ്ഞു കഴിഞ്ഞു. എന്നാൽ ആ മരണങ്ങൾ വേണ്ട വിധത്തിൽ തിരിച്ചറിഞ്ഞോ?  സ്വന്തം നാട്ടിൽ പോലുമെത്താതെ ഈ മരുഭൂവിൽ മണൽത്തരിയായി  മാറേണ്ടി വരുമോ എന്ന ഭീതിയിൽ കഴിയുന്ന വലിയൊരു കൂട്ടം ഗൾഫ് മേഖലയിൽ ഉണ്ട് എന്നും ഇതിനോട് ചേർത്തു വായിക്കണം. ഈ ഒരു മാനസികാവസ്ഥ തിരിച്ചറിയപ്പെടുക തന്നെ വേണം. ഒപ്പം പ്രതിസന്ധി സമയത്താണ് പരിഹാരം ഉണ്ടാവേണ്ടത്. അത് അവകാശമാണ്. ജോലി തേടി നാടുവിട്ടു  എന്നത് കൊണ്ട് ഇന്ത്യക്കാരൻ അല്ലാതാകുന്നില്ല എന്ന് ഇന്ദ്രപ്രസ്ഥത്തിലിരിക്കുന്നർ തിരിച്ചറിയണം.
_____


കണ്ണാടി ഓൺലൈൻ  മാഗസിനിൽ 3/7/2020 
http://kannadimagazine.com/article/1504

No comments:

Post a Comment