വാൻഗോഗ്,
ഹെമിങ്‌വേ,
കൃഷ്ണകുമാർ,
സുബ്രഹ്മണ്യദാസ്,
ഗുഹൻ,
രാജലക്ഷ്മി....
പിന്നെയും എത്രയോ പേർ.
കണ്ണടച്ചു തുറക്കുമ്പോൾ
ഇവർ മാടി വിളിക്കുന്ന
മിന്നൽ ചിത്രങ്ങൾ.
വാൻഗോഗ് ചെവി മുറിച്ച
രക്തംകൊണ്ടു ചുവന്ന
സൂര്യകാന്തി വരയ്ക്കുന്നു.
ഹെമിങ്‌വേ കടൽ
തീരത്ത് തോക്കുമായി
അലറിവിളിച്ചു പായുന്നു.
കൃഷ്ണകുമാർ
ശില്പത്തിനു തീകൊടുത്ത്
കത്തുന്ന കണ്ണുകളോടെ
നോക്കി നിൽക്കുന്നു.
സുബ്രഹ്മണ്യദാസ്
തോറ്റ ജനതയെ നോക്കി
ഓറഞ്ചു മരച്ചോട്ടിൽ
നിൽക്കുന്നു.
ഗുഹൻ
കവിതയിലെ കത്തുന്ന
അക്ഷരങ്ങൾ തിരയുന്നു.
രാജലക്ഷ്മി
കഥയിലെ ജീവിതത്തെ
ബാക്കിവെച്ച് ആകാശം തേടുന്നു.
ഏതേതു വഴിയിലൂടെ
പോയാലും
എത്തിച്ചേരുന്ന വഴികളൊന്ന്.
‘ഇല്ലായ്മയുടെ ആശയ’ത്തോടുള്ള
വന്ധ്യമായ പോരാട്ടമല്ലെന്നു'*
ജീവിതം കൊണ്ടു പറഞ്ഞിട്ടും
എത്രപേർ വിശ്വസിച്ചു?.
തോറ്റു പോയതല്ലെന്നു
പറയാൻ ശ്രമിച്ചതൊക്കെ
പാഴ്മൊഴിയായി.
വാക്കുകൾ
കാറ്റിൽ പറന്നുപോയി,
ചിതറിയ കവിതയിൽ
ജീവിതം പിറക്കുന്നു.
മുറിച്ച ചെവി കയ്യിൽ
കിടന്നു പിടയുന്നു.
കൈത്തോക്ക് നെറ്റിക്കു
നേരെ നോക്കി ചിരിക്കുന്നു.
ശില്പത്തിന്റെ അസ്ഥിയിൽ
ചോരത്തുള്ളികൾ.
വിലങ്ങു വീണ
കൈകളിൽ കിടന്നു
പിടയുന്ന മുദ്രാവാക്യം.
കവിതയിൽ
പിടയുന്ന ജീവൻ.
കഥയിലെ കടലിൽ
മുങ്ങി മരിച്ച ജീവിതം.
എൻറെയലച്ചിൽ മാത്രമെന്തേ
ഒരു നിറത്തിലും
വരക്കാനാവാതെ
വെറും മിന്നൽ
ചിത്രം മാത്രമായി
ബാക്കിയാവുന്നു.
.......................
No comments:
Post a Comment