ഓർമ്മ
ഡോ. എ. ലത ഇനി ഓർമ്മയിൽ ഒഴുകും
പുഴയ്ക്കും ജീവനുണ്ട് അതുകൊണ്ട് തന്നെ പുഴ ഇല്ലാതാവുന്നത് ജീവൻ തന്നെ ഇല്ലാതാവുന്നതിന് തുല്യമാണ്. ലത എന്ന ഞങ്ങളുടെ ലതേച്ചിയും അതുപോലെ തന്നെ. പുഴപോലെ ഒരു ജീവൻ, പുഴക്ക് വേണ്ടി ഒരു ജീവിതം, സമരപാതയിൽ പുഴയുടെ ജീവൻ നിലനിർത്താൻ നിരന്തരം ശബ്ദിച്ചു, വെറുതെ ഒച്ചവെക്കൽ മാത്രമല്ല അതിന്റെ കാര്യകാരണങ്ങൾ കൃത്യമായി പറഞ്ഞുകൊണ്ട് യുക്തിപൂർവം, സർക്കാരിനോടും ജനങ്ങളോടും നിരന്തരം പറഞ്ഞുകൊണ്ടിരുന്നു ചാലക്കുടി പുഴയുടെ ഒഴുകുന്ന കളകള ശബ്ദമിപ്പോൾ കരച്ചിലായി മാറിയിട്ടുണ്ടാകും അത്രമാത്രം ഒന്നായിരുന്നു ആ പുഴയും ലതേച്ചിയും.
ലതേച്ചിയെ ആദ്യമായി കാണുന്നത് പാത്രക്കടവ് പദ്ധതിക്കെതിരെ പരിസ്ഥിതി പ്രവർത്തകർ ഒന്നായി എത്തിയപ്പോൾ ആയിരുന്നു. നാട്ടുകാർ ഒന്നടങ്കം പദ്ധതി വേണമെന്ന വാശിയിൽ ആരോ പറഞ്ഞുപഠിപ്പിച്ച വാക്കുകൾ തുപ്പി ഞങ്ങൾക്ക് നേരെ കുതിച്ചു വന്നു. കേരളത്തിന്റെ പലദിക്കിൽ നിന്നും സൈലന്റ് വാലിയെന്ന പച്ചത്തുരുത്തിനെയും കൊല്ലാൻ ഒരുങ്ങുന്നു എന്ന് കേട്ടറിഞ്ഞു ഓടിയെത്തിയവർ, സുഗതകുമാരി ടീച്ചർ അടക്കം നിരവധി പേര്. ജനക്കൂട്ടം വൈകാരികമായി കാര്യങ്ങളെ കണ്ടു. സ്റ്റേജിൽ ഇരിക്കുന്ന സുഗതകുമാരി ടീച്ചറെ വലിച്ചിടാൻ നോക്കി അപ്പോഴതാ കൂട്ടത്തിൽ നിന്നും ശക്തമായ ഒരു പെൺശബ്ദം.... "അമ്മയോളം പ്രായമുള്ള ടീച്ചറെ ആരാടാ തൊടുന്നത്" കളക്ടറും പോലീസും ഒക്കെ ഉള്ള വേദി അന്നാണ് ഞാൻ ലതേച്ചിയെ ആദ്യമായി നേരിൽ കണ്ടത്. അന്ന് മണ്ണാർക്കാട് ഗസ്റ്റ് ഹൌസിൽ വെച്ച് നടന്ന സമരകൂടിയാലോചന യോഗം. അവിടെയും ലതേച്ചി ശക്തമായി പറഞ്ഞുകൊണ്ടിരുന്നു. അന്ന് പരിചയപെട്ടപ്പോൾ അതിരപ്പള്ളി പദ്ധതിയെ സമരത്തെ പറ്റി പറഞ്ഞു രണ്ടു ദിവസം കഴിഞ്ഞു ലതേച്ചിയെ കാണാൻ ചെന്നു അതിരപ്പള്ളി പദ്ധതിയെ പറ്റി എഴുതിയ ലേഖനങ്ങൾ തന്നു. പിന്നെ ഏറെ കാലം അതിരപ്പള്ളി പദ്ധതി ചർച്ചകൾ നടന്നു ഞാൻ എഴുതിയ പഠനത്തിന് ഫോറസ്റ്റ് പ്രൊട്ടക്ടീവ് അസോസിയേഷന്റെ പ്രഥമ പുരസ്‌കാരം ലഭിച്ചതറിഞ്ഞു ലതേച്ചിയാണ് ആദ്യം എന്നെ വിളിച്ചത്. നാട്ടിൽ ഉണ്ടെങ്കിൽ തീർച്ചയായും പാലക്കാട് പുരസ്‌കാരം വാങ്ങുന്ന ചടങ്ങിൽ എത്തും ഫൈസലെ എന്ന് പറഞ്ഞു, അന്ന് ചേച്ചിക്ക് എത്താൻ പറ്റിയില്ല, അന്നുതന്നെ ഞാൻ ഗൾഫിലേക്ക് പോരുകയും ചെയ്തു.
അതിരപ്പള്ളി പഠനത്തിന് എന്നെ ലതേച്ചി ഏറെ സഹായിച്ചിരുന്നു. ആ പഠനത്തിനാണ് പുരസ്ക്കാരം കിട്ടിയത് എന്നറിഞ്ഞപ്പോൾ ഏറെ സന്തോഷിച്ചു, ചേച്ചി അക്കാര്യം വിളിച്ചു പറയുകയും ചെയ്തു
ലതേച്ചിയില്ലാത്ത നാളുകൾ വലിയ ശൂന്യത നൽകുന്നു. സമരത്തിന് ഒരു ദിശാബോധം നൽകാൻ ഏറെ സഹായിച്ച ഒരാൾ എന്ന നിലയിൽ സമരത്തോടൊപ്പം നിന്നവർക്കും അതിരപ്പള്ളി നിവാസികൾക്കും ആദിവാസികൾക്കും അവർ സ്നേഹപൂർവ്വം ലതാ മേഡം എന്ന് വിളിക്കുന്ന ലതേച്ചിയുടെ വിയോഗം വലിയ ശൂന്യത ഉണ്ടാകും എന്നതിൽ സംശയം ഇല്ല. ഇനി ലത എന്നാൽ പുഴയുടെ കരച്ചിലാണ്....
ഈ വിട വാങ്ങൽ പുഴയോളം വേദന ബാക്കിവെക്കുന്നു,