Thursday 28 March 2019

പൊള്ളുന്ന കഥകളുമായി ഒറ്റക്കങ്ങനെ നടന്നുപോകുന്ന കഥാകാരി

പ്രിയപ്പെട്ട കഥാകാരി... വിടവാങ്ങലിന്റെ പൊള്ളുന്ന വേദന നൽകി അക്ഷരലോകത്തു നിന്നും പറന്നുപോയല്ലോ.... പ്രണാമം

അഷിതയുടെ കഥകളിലൂടെ


വായനക്കാരന് മുഖം നോക്കാനുള്ള കണ്ണാടിയാണ് അഷിതയുടെ കഥകൾ, ഒരു സത്യത്തെ ഇതാണ് സൗമ്യവും ലളിതവുമായി എങ്ങനെ എഴുതുന്നു എന്ന ആശ്ചര്യത്തോടെ വായിക്കാവുന്ന കഥയാണ് അഷിതയുടേത്. താനായി വെട്ടിത്തെളിച്ച എഴുത്തിന്റെ വഴിയിലൂടെ അത്രയൊന്നും ഒച്ചപ്പാടുണ്ടാക്കാതെ  കഥകളെഴുതി മലയാള കഥയിലെ നിറസാന്നിധ്യമാണ് അഷിത. പൊള്ളുന്ന ജീവിത യാഥാർഥ്യങ്ങളെ കഥകളിൽ നിറച്ചു ഒറ്റങ്ങനെ നടന്നുപോകുന്ന കഥാകാരി.   

*ഒരു സ്ത്രീയും പറയാത്തത്* എന്ന  കഥ സൗമിനി ടീച്ചറുടെ ജീവിതത്തിലൂടെ ഏതൊരു സ്ത്രീയും  നേരിട്ടേക്കാവുന്ന ഒരു യാഥാർഥ്യത്തെ ലളിതമായി വരച്ചിടുകയാണ് കഥയിൽ. നിരത്തിലൂടെ വരുമ്പോൾ തൊട്ടടുത്ത് മാരുതി കാര് നിർത്തി "കൂടെ വരുന്നോടീ" എന്ന് ചോദിക്കുന്ന ചെറുപ്പക്കാരുടെ ആഭാസം നിറഞ്ഞ നോട്ടം ടീച്ചറെ ജീവതിത്തിലുടനീളം അസ്വസ്ഥയാക്കുന്നു, അതിലുമുപരി ടീച്ചറിൽ ഉണ്ടാകുന്ന ആകുലത, ഭയം, സങ്കടം എല്ലാം  കഥയിലൂടെ വ്യക്തമാക്കുകയാണ്. 
*" ആകെ വിളർത്തു പ്രജ്ഞ നശിച്ചവളെ പോലെ ടീച്ചർ ഒരു മാത്ര നിന്നുപോയി."*
*ആ സ്തബ്ധത ഇപ്പോൾ കണ്ണാടിയിൽ സ്വന്തം  പ്രതിച്ഛായയെ സൂക്ഷമായി അവലോകനം ചെയ്യവേ മാനംമുട്ടെ വളരുന്നതായി സൗമിനി ടീച്ചർക്ക് തോന്നി. പതിയിരുന്നു പറന്നുവന്ന്  ആക്രമിക്കുന്ന കാക്കക്കൂട്ടംപോലെ ഒരു നൂറു ചോദ്യങ്ങൾ ടീച്ചറുടെ ഹൃദയത്തെ കൊത്തിവലിക്കുകയാണ്*
*-ഉവ്വോ. തന്നെ കണ്ടാൽ അത്തരത്തിലൊരു പെണ്ണാണെന്ന് തോന്നുമോ? ഈശ്വരാ! ഞാനറിയാതെ തന്റെ നോട്ടത്തിലോ ഭാവത്തിലോ എന്തോ കലരുന്നുണ്ടോ?* 
ഒട്ടുമിക്കവരിലും  ഇത്തരം അനുഭവങ്ങൾ ഉണ്ടാകുമ്പോൾ ഉള്ളിൽ കിളിർക്കുന്ന സംശയം ആണിത്. അവർ സ്വന്തം ശരീരത്തെയും ചേഷ്ടകളെയും സശ്രദ്ധം വീക്ഷിക്കും.  നൂറുകണക്കിന് കുട്ടികളെ അക്ഷരങ്ങളുടെ ആദ്യപാഠം പഠിപ്പിച്ച ഒരു ടീച്ചർക്ക് സഹിക്കാനുവുന്നതിലും അപ്പുറമായി തോന്നി ഈ അപമാനം. ഒരു സ്ത്രീ എല്ലായ്പ്പോഴും പറയാനൊരുങ്ങുന്നതും എന്നാൽ വിട്ടുകളയുന്നതനുമായ പറച്ചിൽ ആണ് ഈ കഥ മകൾ കോളേജ് വിട്ടു വരുന്നത് വൈകുന്നത് ഭയത്തോടെ നോക്കിയിരിക്കുന്ന സൗമിനി ടീച്ചർ നമുക്കിടയിലെ സ്ത്രീകളുടെ പ്രതിനിധിയാണ് 

*അപൂർണ വിരാമങ്ങൾ* എന്ന കഥയിലെ അന്നമ്മയും ഈ സമൂഹത്തിന്റെ പ്രതിനിധിയാണ് രോഗം ഒരു അവസ്ഥയാണ് എന്നാൽ അത് മനസിലാക്കാതെ സ്വന്തം സുഖത്തിനു ഭംഗം വരും എന്നതികച്ചും സ്വാർത്ഥമായ കാരണത്താൽ രോഗം ആണെന്ന പരിഗണന ലാഭക്കത്തെ സമൂഹം മാറ്റിനിർത്തിയ, ഭ്രാന്താശുപത്രിയുടെ സെല്ലിൽ ജീവിതം ചുരുങ്ങിപോകുന്നവരുടെ പ്രാതിനിത്യമാണ്‌ അന്നമ്മയുടേത്. വളരെ ലളിതവും എന്ന ആഴത്തിലുമുള്ള ജീവിതത്തെയാണ് ഈ കഥയിൽ ഒരുക്കുന്നത്. തെരുവിലേക്ക് ഭ്രാന്താശുപത്രിയിൽ നിന്നും   ഇറക്കിവിടുന്ന അന്നമ്മ പിന്നീട്   അനുസരണയുള്ള കാലുകൾ പോലീസുകാരൻ വിളിക്കുന്ന  ഇടത്തിലേക്ക് അറിയാതെ നീങ്ങുന്നതായി കാണാം.
മികച്ച കഥകളിൽ ഒന്നാണിത്. 

"*ഈ ലോകത്തിൽ എന്നോട് ഏറ്റവുമധികം നുണ പറഞ്ഞിട്ടുള്ളത് എന്റെ അമ്മയാണ്. ഇളകാതെ കത്തിനിൽക്കുന്ന  തീനാളം പോലെ ഈ അറിവ് എന്റെ നെഞ്ചകം പൊള്ളിക്കുന്നു"* ഇങ്ങനെയാണ് *അമ്മ എന്നോട് പറഞ്ഞ നുണകൾ* എന്ന കഥ തുടങ്ങുന്നത്. കഥയിലെ 'അമ്മ കാലങ്ങളായി  പുരുഷാധിപത്യ സമൂഹം നിർമ്മിച്ചെടുത്ത  ശരാശരി മലയാളി സ്ത്രീമനസാണ്, അമ്മയാകുന്ന സ്ത്രീകളുടെ  ഉള്ളിൽ ഉറപ്പിക്കുന്ന ഇങ്ങനെയേ ഒരു സ്ത്രീ ആകാവൂ എന്ന ചിന്തയുടെ ഭാരം  ഉള്ളിൽ പേറുന്നവരുടെ പ്രതിനിധി. 'അമ്മ പറയാതെ പോകുന്ന സത്യങ്ങൾ ആണ് കഥ. ഒരു സ്ത്രീയുടെ ജീവിതയാത്രയുടെ സംഭവിച്ചുകൊണ്ടിരുക്കുന്ന ജീവിതം എന്ന നിർമിക്കപ്പെട്ട നുണയെ വരച്ചുകാട്ടുന്ന കഥ.
  
പെസഹാ തിരുന്നാൾ കാല്പാടുകൾ, കല്ലുവെച്ച നുണകൾ, വാരാന്ത്യങ്ങൾ ചതുരംഗം, സുജാത, മുഴുമിക്കാത്ത തിരുരൂപങ്ങൾ ഇങ്ങനെ എത്രയോ കഥകൾ. അഷിത എന്ന എഴുത്തുകാരി മലയാളത്തിൽ ജീവിതത്തിലെ ഏടിൽ ചോര പൊടിയുന്ന വാക്കുകളാൽ എന്നേക്കുമായി കോറിയിട്ട കഥകൾ. 
വളരെ ആഴമേറിയ ജീവിതാനുഭവത്തിന്റെ പൊള്ളുന്ന വാക്കുകളാണ് അഷിതയുടെ കഥകൾ. സ്ത്രീകളുടെ അവസ്ഥ മാത്രമല്ല സമൂഹത്തെ കുറിച്ചുള്ള ധാരണകളെയും സസൂക്ഷ്മം കഥകളിൽ ഉള്കൊള്ളിക്കുന്നു. ശക്തമായ  ജീവിത നിരീക്ഷണം കൊണ്ട് ശ്രദ്ധേയമായ ഒട്ടനവധി കഥകളാൽ ഈ എഴുത്തുമാരി ഇന്നും നമ്മോടൊപ്പം ഒച്ചപ്പാടുണ്ടാകാതെ നടന്നു വരുന്നുണ്ട്. മലയാളം ഉള്ള കാലത്തോളം വായിക്കുന്ന കഥകളായി എന്നും  നമ്മെ പിന്തുടരും.

പിറക്കാതെ... (കവിത)


ഴുതിയെഴുതി കുഴഞ്ഞയീ-
കൈകൾ മുറിച്ചു മാറ്റുന്നു.
മുള്ളുകളില്ലാത്ത പനീർച്ചെടികളിൽ
മണമില്ലാത്ത പൂക്കൾ വിരിയുമെന്നും
ഉപ്പുവറ്റിയ കടലിനായ്
മീനുകൾ സത്യഗ്രഹമിരിക്കുമെന്നും
നേർത്ത സ്വപ്നത്തിൽ
അവ്യക്തചിത്രങ്ങൾ നിഴലിച്ചു.
ലോകമിങ്ങനെ തിരിയുമ്പോൾ
ഓർമ്മകൾ അരിഞ്ഞു മാറ്റിയ
തീരങ്ങളിൽ ഏകാന്തനായ് അലഞ്ഞു,
ഉപ്പുകാറ്റേറ്റ് വിണ്ട പാറകളിൽ
പ്യൂപ്പകൾ ഉരുകിയൊലിച്ചു.
ശ്വാസകോശത്തിൽ കുടുങ്ങിയ ശലഭം
മുറിഞ്ഞ വാക്കായി
കവിതയിൽ പിടഞ്ഞു വീണു.
അറ്റുവീണ കയ്യിൽ
മഷി നിറച്ച തൂലികയും
പാതിമുറിഞ്ഞ കവിതയും
ബാക്കിയായി.
-------------------
മലയാള നാട് വെബ് മാഗസിനിൽ 

Friday 22 March 2019

ജീവിതത്തിന്റെ ക്ലേശ ഭൂഖണ്ഡങ്ങളിലൂടെ

സന്തോഷ് എച്ചിക്കാനത്തിന്റെ കഥകളിലൂടെ


ഒരു വിവരണത്തിന്റെ ആവശ്യമില്ലാത്ത എഴുത്തുകാരനാണ് സന്തോഷ് ഏച്ചിക്കാനം ശ്രദ്ധേയമായ ഒട്ടേറെ കഥകൾ എഴുതി മലയാള കഥാ ലോകത്ത് തലയുയർത്തി നിൽക്കുന്ന എഴുത്തുകാരൻ.ഏച്ചിക്കാനത്തിന്റെ കഥകളെ കുറിച്ച് പ്രശസ്ത സാഹിത്യ നിരൂപകൻ പറഞ്ഞ വാക്കുകൾ പ്രസക്തമാണ്, *"അതിജീവിക്കലാണ് സന്തോഷ് ഏച്ചിക്കനത്തിനും കഥപറച്ചിൽ, വെറുതെയല്ലാതെ കഥപറയാൻ പുറപ്പെടുന്ന, കഥയിൽ സംഗതി ചേർത്തു, കഥിക്കുന്ന എല്ലാ കഥപറച്ചിലുകാരുടെയും വിധിയും ബാധ്യതയും. ഷെഹ്‌റസാദുമായുള്ള ജനനാന്തരസൗഹൃദം കഥയിലൂടെ ജീവിതത്തിന്റെ ക്ലേശഭൂഖണ്ഡത്തെ, മരണത്തെ, ഭാഷയെ, ശരീരത്തെ, എഴുതപ്പെട്ട കഥകളെ, വ്യവസ്ഥാപിതമായ ആഖ്യാനരീതിയെ എല്ലാം അതിജീവിക്കാൻ സന്തോഷ് ശ്രമിക്കുന്നു. സന്തോഷിന്റെ ഒട്ടേറെ കഥകളിൽ കടന്നുവരുന്ന അതിജീവനം എന്ന പ്രമേയം ഇരട്ടമുഖമാണ്. ഒരേ സമയം അത് ജീവിതത്തിലെയും കലയിലെയും, അതിജീവനെ പറ്റി  സംസാരിക്കുന്നു"* സന്തോഷിന്റെ *ആട്ടം* എന്ന കഥയിൽ തെയ്യം കെട്ടുന്നത് ഇതര സംസ്ഥാന തൊഴിലായയായ ബംഗാളിയാണ് പാമ്പര്യകളുടെ അതിജീവനനും ജീവിതത്തിന്റെ അതിജീവനവും കൂടി കലർന്ന കഥപറച്ചിൽ രാഷ്ട്രീയം കൂടിയാണ്. ഹുവാൻ റൂൾഫോയുടെ പെഡ്രോ പെരാമയിലെ *കൊമാല* എന്ന സങ്കൽപദേശത്തെ മലയാളകരയിലെ ആത്മഹത്യ പ്രവണതയെയാണ് സൂചിപ്പിക്കുവാൻ വേണ്ടി എടുത്തപ്പോൾ കഥപറച്ചിൽ എന്നത്  ഒരേ സമയം  അതിജീവനവും ജീവിതം വഴിമുട്ടിനിൽകുന്നവരുടെ സമകാലിക മുഖവുമാണ്. മലയാളത്തിൽ പതിവിൽ നിന്നും വിപരീതമായി മലയാളത്തിൽ കഥ ഒരു ചർച്ചയാകുകഎന്ന പ്രവണതക്ക്  സന്തോഷ് ഏച്ചിക്കാനത്തിന്റെ കഥകൾ കാരണമാകുന്നു കൊമാല എന്ന കഥയെ പോലെ തന്നെ ചർച്ചയായ കഥയാണ്  *'ബിരിയാണി'* കഥകൾ വായിച്ച് അതിന്റെ കാണാതലങ്ങൾ തേടി അലയുന്നവരുടെ എണ്ണവും കൂടുന്നു. സമൂഹത്തിൽ വന്ന പുതിയ മാറ്റത്തിന്റെ അലയൊലി അതിൽ ഒളിഞ്ഞു കിടക്കുന്നുണ്ട്. അത് കഥാപാത്രങ്ങളുടെ ജാതി, മതം, എഴുത്തുകാരന്റെ ജാതി, മതം, പ്രസിദ്ധീകരണത്തിന്റെ നിലപാടുകൾ,  ഇതൊക്കെ കൂട്ടിയോജിപ്പിച്ച് കണ്ടുത്തുന്ന തുണ്ടുകൾ വെച്ച് വായിക്കുക എന്നത് ഒരു കഥയെ സംബന്ധിച്ച്, അതും സാഹിത്യത്തിൽ ഒട്ടും ഭൂഷണമല്ല. 
കലന്തൻ ഹാജി എന്ന എണ്‍പത് കടന്ന മുസ്‌ലിം വൃദ്ധന്റെ വീട്ടിൽ നടന്ന ഒരു സൽക്കാരവും അവിടെ നിത്യ ജോലിക്ക് വന്ന ഗോപാൽ യാദവ് എന്ന ബീഹാറിയുമാണ് കഥയുടെ കാതൽ എങ്കിലും കഥയിലെ സ്ഥലാഖ്യാനവും, വിശപ്പും, രണ്ടിങ്ങളിലെ സാമൂഹികവസ്ഥയും, ഭക്ഷണ ധൂര്‍ത്തും,  പട്ടിണി മരണവും, ചര്‍ച്ച ചെയ്യപ്പെടേണ്ടത് തന്നെയാണ്. അവിടെയാണ് 'ബിരിയാണി' എന്ന കഥയുടെ പ്രസക്തി.  സന്തോഷിന്റെ ഏറ്റവും മികച്ച കഥയിതാണോ ഇത് രണ്ടും എന്ന് ചോദിച്ചാൽ ഇല്ലെന്നു തന്നെ പറയും, എന്ന് കരുതി ഇത് നല്ല കഥയല്ലാതാകുന്നുമില്ല .  കാരണം അതിനേക്കാൾ മികച്ച കഥകൾ സന്തോഷ് തന്നെ എഴുതിയിട്ടുണ്ട്.  ഗോപാൽ യാദവും കലന്തൻ ഹാജിയുടെ നമ്മുടെ സാമൂഹികാവസ്ഥയുടെ പ്രതീകങ്ങൾ ആണ്. ബിരിയാണി ഇന് സർവ്വസാധാരണമായ ഒരു ഭക്ഷണമായതിനാൽ നമുക്കത് ഒരു സംഭവം അല്ലാതിരിക്കാം എന്നാൽ ആംബുലൻസ് വിളിക്കാൻ കാശില്ലാത്തതിനാൽ ഭാര്യയുടെ ശവശരീരം താങ്ങി കിലോ മീറ്ററോളം നടക്കേണ്ടി വന്ന ഒരു സാധാരണക്കാരൻ വസിക്കുന്ന ഇന്ത്യയിൽ വിലകൂടിയ ബസുമതി അരി പ്രതീകമാകുന്നത് ഒരത്ഭുതമല്ല. 

*"എന്നെ തിന്നുകഴിഞ്ഞാൽ പിന്നെ മരണം വരെ എന്തൊരേകാന്തതയായിരിക്കും നീ അനുഭവിക്കുക"*  സന്തോഷിന്റെ ഏറ്റവും മികച്ച കഥകളിലൊന്നായ *ഉഭയജീവിതം* വ്യത്യസ്തവും ആഖ്യാന ഭംഗികൊണ്ട് നമ്മെ വിസ്മയിപ്പിക്കുകയും ചെയ്യും. ഒരു തവളയും നീർക്കോലിയും ആണ് കഥയിൽ ആകെയുള്ള കഥാപാത്രങ്ങൾ ചില പ്രകൃതി നിയമങ്ങൾ ലംഘിച്ചുകൊണ്ട് അതിന്റെ നേർ വിപരീതമായി സംഭവിക്കുന്ന കഥയുടെ ക്ളൈമാക്സ്. *" ശരീരത്തിന്റെ പകുതിയോളം നീരൊഴുക്കിന്റെ ഇളം ചൂടിൽ ഇറക്കിവെച്ചു സാമാന്യം വലിപ്പമുള്ള ഒരു  തവള നനഞ്ഞ പുൽനാമ്പുകൾക്കിടയിലൂടെ ശൈത്യകാലാരംഭത്തിലെ ആകാശത്തെ നോക്കുകയായിരുന്നു"* കഥയുടെ ഈ തുടക്കം മുതൽ നമ്മെ കഥയിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. മലയാളത്തിലെ 
മികച്ച കഥകളെ തെരെഞ്ഞെടുത്തത് അതിൽ ഉൾപ്പെടുന്ന കഥയാണ് ഉഭയജീവിതം 

*ഉടലുകൾ വിഭവസമൃദ്ധിയിൽ*  ഉപഭോഗസംസ്കാരം ജീവിതത്തിന്റെ ഭാഗമായ ലോകത്തിന്റെ ചില നേർ ചിത്രങ്ങളാണ് കഥ രുഗ്മിണി തന്നില്നിനും ആത്മാവിന് ഭാമ എന്ന് പേരിട്ടു നടത്തുന്ന സംവാദം സമൂഹത്തിൽ സ്ത്രീകൾ നടത്തുന്ന ആത്മഭാഷണം ആണ് അവർക്കെവിടെയും തുറന്നു  പറയാൻ ആകാത്ത അവസ്ഥകളെ ഇത്തരം സംവാദങ്ങളിലൂടെ അവതരിപികുന്നു സൂപ്പർ മാർക്കറ്റിൽ ഒരു പെപ്സിയുടെ പേരിൽ ഉടൽ പരിശോധനാ വിധേയമാകേണ്ടിവരുമ്പോൾ സുരക്ഷിതമല്ലാത്ത ഇടങ്ങളിൽ സ്ത്രീകൾക്ക് നഷ്ടമാകുന്നത്പലതാണ് ഉടലുകൾ അത്രയും വിഭവങ്ങളാൽ സമൃദ്ധമാണ്

*കീറ്* ഒറ്റ വാക്കിൽ ഒരു എത്രകണ്ട് സ്ത്രീയെ അടിച്ചിരുത്താം എന്ന് ഈ ഒരൊറ്റ പദം കൊണ്ട് കഥയിൽ വിരിക്കുന്നു *"കീറ് എന്ന വാക്ക് മുകുന്ദന്റെ വായിൽ നിന്നും വീണതും നെടുനീളത്തിൽ വെട്ടിക്കീറിയ ശരീരവുമായി ഒരു സ്ത്രീ അലമുറയിടുന്നത് ഞാൻ കേട്ട്"* വല്ലാത്ത ഒരു അവസ്ഥയിലേക്ക് കൊണ്ടുപോകുന്ന കഥ പറയാൻ ഒട്ടനവധി കഥകൾ ഉണ്ട് ഒറ്റവാതിൽ, ചരമകോളം, പന്തിഭോജനം, ബേബീസ് ബ്രെത്ത്, ഒരു ചിത്രകഥയിലെ നായാട്ടുകാർ, വംശാവലി, ദിനോസറിന്റെ മുട്ട... മികച്ച കഥകളുടെ നീണ്ട നിരതന്നെയുണ്ട്. ചെറുകഥാ ലോകത്തേ ഉടലും ഉയിരുമാണ് സന്തോഷ് ഏച്ചിക്കാനത്തിന്റെ കഥകൾ.
----------------------------------------------

കണ്ണാടി ഓൺ ലൈൻ മാഗസിനിൽ 22/03/2019 ൽ 

Tuesday 19 March 2019

എസ്‌കെ പൊറ്റെക്കാടിന്റെ കഥകളുടെ സൗന്ദര്യം

മലയാള ചെറുകഥയുടെ സ്ഥലപശ്ചാത്തലത്തെ  കേരളത്തിന് പുറത്തേക്കും ഇന്ത്യക്കു പുറത്തേക്കും കൊണ്ടുപോയ എഴുത്തുകാരനാണ് എസ്‌കെ, വിശപ്പും ദാരിദ്ര്യവും എസ്കെയുടെ കഥകളിൽ പലതിലും നിറഞ്ഞു നിൽക്കുന്നതായി കാണാം. ദുരിതം പേറുന്നവന്റെ നീതിക്കൊപ്പമാണ് എസ്കെയുടെ കഥകളും സഞ്ചരിക്കാറ്. നൂറ്റി എഴുപതിലധികം കഥകൾ എഴുതിയ പൊറ്റക്കാടിന്റെ  ഏതു കഥകൾ എടുക്കും എന്ന സംശയം ഉള്ളിൽ പിടക്കുന്നു. 
നിശാഗന്ധി എന്ന കഥയുടെ കെട്ടുറപ്പ്, ലാളിത്യം എത്ര സുന്ദരം. ദിവസവും തന്റെ കാമുകിയെ രാത്രിയിൽ രഹസ്യമായി നിരീക്ഷിക്കുന്ന കാമുകൻ, കാണാൻ ചെന്നിരുന്നു ആ പൊന്തക്കാട്ടിൽ നിന്നും ഉഗ്രവിഷമുള്ള മൂർഖനെ പിടിച്ചപ്പോൾ അത്രയും കാലം താൻ ഇരുട്ടിൽ ഒളിച്ചിരുന്നപൊന്തക്കാട്  വിഷമുള്ള  മൂർഖൻറെ കൂടി ഉണ്ടായിരുന്ന ഇടമാണെന്ന് അവൻ തിരിച്ചറിയുന്ന ഒരിക്കലും അവൾ അറിയാത്ത തൻറെ പ്രണയം ഇത്രയും കാലം ഈ പൊന്തക്കാട്ടിൽ ഒളിച്ചിരുന്ന് അവളെ വീക്ഷിച്ചിരുന്നതെന്നു നാട്ടുകാർ തല്ലിക്കൊന്ന പാമ്പിനെ നോക്കി അയാൾ നെടുവീർപ്പിടുന്നുണ്ട്.  ഘടനയുടെ പ്രത്യേകതയാൽ  കൊണ്ട് സമ്പുഷ്ടമാണ് ഈ കഥ. 

കഥകളിൽ പ്രദേശത്തിന്റെ ഭൂപ്രദേശ പ്രത്യേകതകൾ വളരെ വിശദമായി കഥകളിൽ ചേർത്തുവെക്കുമ്പോൾ  തന്റേതായ ഒരു സവിശേഷ രീതി സ്വീകരിക്കാറുണ്ട്. അതോടൊപ്പം കഥയിൽ ജീവിതത്തിന്റെ  തീക്ഷ്ണമായ അവസ്ഥയും കൂട്ടിച്ചേർക്കുന്നത് കാണാം *ഇൻപെക്ഷൻ* എന്ന കഥ അത്തരത്തിൽ ജീവിതത്തിന്റെ പച്ചയായ രേഖപ്പെടുത്തലാണ്. ഒരു ഭൂപ്രകൃതിയെയും അവിടുത്തെ വിദ്യാലയവും കഥയിൽ വരച്ചു വെക്കുമ്പോൾ ഇന്സ്പെക്ഷന്  സ്‌കൂളിലേക്ക് ഇൻസ്‌പെക്ടർ വരുമ്പോൾ ഒരധ്യാപകൻ നേരിടുന്ന ജീവിത പ്രതിസന്ധികൾ വിശപ്പിനോട് ചേർത്ത് പറയുമ്പോൾ ഈ കഥയിലെ അപ്പുണ്ണിമാസ്റ്റർ എക്കാലത്തും മറക്കാൻ ആകാത്ത കഥാപാത്രമാണ്, വിശന്നു കണ്ണിൽ നിന്നും തീപാറുമ്പോൾ ഇന്സ്പെക്ഷന് വന്ന ഇൻസ്പെക്ടർക്ക് മുന്നിൽ വിശന്ന മനസ്സിൽ നിന്നും വരുന്ന ഒരധ്യാപകന്റെ കുട്ടികളോടുള്ള ചോദ്യം "കാണ്ടാമൃഗത്തിനു ഇക്കുറി  എന്ത് ഗ്രാന്റ് കിട്ടും?" എന്നാണ്.  സാമൂഹിക യാഥാർഥ്യങ്ങൾ കാണാതെ പോകുന്നവായുടെ മുന്നിലേക്കുള്ള ശക്തമായ ചോദ്യമാണത്. ജീവിതം നിരന്തരം വിശപ്പിനോട് പൊരുതുന്ന അധ്യാപകന്റെ ജീവിതത്തിൽ നിന്നും പറിച്ചെടുത്ത ഏടാണ് ഇൻസ്‌പെക്ഷൻ എന്ന കഥ. 
പൊറ്റെക്കാട് കഥകളിൽ ദേശം എന്നത് ഒരു പ്രധാന ഘടകമാണ്. കുടക് എന്ന ഭൂപ്രദേശത്തിന്റെ  പച്ചപ്പ് നിറഞ്ഞ കഥയാണ് *പുള്ളിമാൻ* മഞ്ഞിൽ മൂടി കിടക്കുന്ന കുടക് പച്ച പൂത്തു  നിൽക്കുന്ന കാടുകൾ എന്നിങ്ങനെ പ്രകൃതിയുടെ നന്നായി വരക്കുന്നു. തെരുവ്  സർക്കസുകാരുടെ ജീവിതം ഒരു കാലത്തേ നമ്മുടെ നാടിൻറെ ജീവിതചിത്രം ആയിരുന്നു, ഒരേ സമയം കലാകാരനാകുകയും ഒപ്പം ജീവിതാന്വേഷണം നടത്തുകയും ചെയ്യുന്നവരാണ് തെരുവ് സർക്കസ്സുകാരുടെ ജീവിതവും അത് കാണാൻ വരുന്നവരുടെ മാനസികാവസ്ഥയും വരച്ചുകാട്ടുന്ന കഥയാണ് *കലാകാരൻ* നിശാഗന്ധിയിൽ പ്രണയം പ്രധാനമെങ്കിലും പ്രണയത്തിന്റെ തീവ്രമായ  വിവിധ ഭാവങ്ങളിലൂടെ കഥയാണ് കാട്ടുചെമ്പകം, ഏഴിലംപാല, പ്രേമലേഖനം,  പുള്ളിമാൻ   സ്ത്രീ, ക്വഹേരി, കടവുതോണി തുടങ്ങി നിഫാവധി കഥകൾ പ്രണയം വരുത്തിയ നഷ്ടത്തിന്റെ വേദനകളും പകയും ഒക്കെ നിറഞ്ഞ കഥകളും  എസ്കെയുടേതായി ഉണ്ട്. റഷിയ, വിജയം പോലുള്ള  കഥകളിൽ ഈ രീതിയിൽ വിഷയമായിട്ടുണ്ട്. ഇങ്ങനെ എസ്കെയുടെ കഥകളെ കുറിച്ച് എഴുതുക ഇന്നത്തെ ഏറെ പ്രയത്നം ഉള്ള കാര്യമാണ് ഓരോ കഥയും ഓരോ ലോകം തുറക്കുമ്പോൾ അത്രത്തോളം എത്താൻ ആകാതെ നിന്നുപോകുന്നു എഴുത്ത്.  എസ്‌കെയെ വായിക്കാൻ ഒരുപാട് തലങ്ങൾ ഉണ്ട് സഞ്ചാരസാഹിത്യത്തെ ജനമനസ്സിൽ പ്രതിഷ്ഠിക്കാൻ അദ്ദേഹം നൽകിയ സംഭാവനകൾ ചെറുതല്ല, കെ എസ രവികുമാറിന്റെ നിരീക്ഷണം ഈവിടെ കുറിക്കുന്നു. "എസ്കെയുടെ ചെറുകഥകൾ രസനീയമാക്കിയത് കഥയുടെ ഓരോ പടവിലും വാക്കിലും വാക്യത്തിലും കല്പനയിലും വിവരണത്തിലും സംഭാഷണത്തിലും കഥാപാത്രാവതരണത്തിലും പരിണാമസന്ധികളിലും കഥാന്ത്യങ്ങളിലുമെല്ലാം ആഹ്ലാദത്തിന്റെയും വിസ്മയത്തിന്റെയും ഉദ്വേഗത്തിന്റെയും സാധ്യതകൾ  പകർന്ന ആഖ്യാനങ്ങൾകൊണ്ടാണ്"   ഇങ്ങനെ കഥാലോകത്ത് മലയാളത്തിന് മികച്ച സംഭാവനകൾ നൽകിയ എഴുത്തുകാരനാണ്  എസ്‌കെ പൊറ്റെക്കാട്.

Thursday 14 March 2019

വിലക്കുകൾ ധിക്കരിച്ച ഉൾകരുത്തുള്ള കഥകൾ

സി.എസ്. ചന്ദ്രികയുടെ " എന്റെ പച്ചക്കരിമ്പേ "
എന്ന കഥാസമാഹരത്തിന്റെ വായനാനുഭവം...


"ഭൂമിയിലെ മരങ്ങൾ കിളികളെ സ്വീകരിക്കുന്ന പോലെ മനുഷ്യ ഹൃദയം പ്രണയത്തെ ഏറ്റുവാങ്ങുന്നു"
 ദേവഗാന്ധാരി എന്ന കഥയിലെ വരിയാണിത് പ്രണയം എത്രകണ്ട് നമ്മളിലേക്ക് അടുത്ത് നില്കുന്നു എന്നും, പ്രണയം എന്ന പ്രകൃതജന്യമായ വികാരത്തെ ഇത്ര ലളിതമായി, എന്നാൽ ആഴത്തിൽ ഇങ്ങനെ എഴുതാൻ ആകും എന്ന് സിഎസ് ചന്ദ്രികയുടെ കഥകൾ തെളിയിക്കുന്നു. കഥയുടെയും സമാഹാരത്തിന്റെയും ശീർഷകം തന്നെ പ്രണയമാധുര്യം നിറഞ്ഞതാണ്. എന്റെ പച്ചക്കരിമ്പേ... എത്ര സുന്ദരമായ പദമാണത്. ചന്ദ്രികയുടെ എഴുത്തിനെ, ഭാഷയെ പറ്റി എം.മുകുന്ദൻ ഇങ്ങനെ പറയുന്നു "കഥയും ഭാഷയും നമ്മളറിയാതെ നമ്മുടെ മേൽ ഒരുപാട് വിലക്കുകൾ കെട്ടിത്തൂക്കുന്നുണ്ട്. കഥയ്ക്ക് കഥയുടേതായ വൃത്തങ്ങളുമുണ്ട്. കഥയുടെ ഭരണഘടനയെ വെല്ലുവിളിക്കുന്ന ഒരു രചനയാണ്‌ *എന്റെ പച്ചക്കരിമ്പേ മറ്റൊരു എഴുത്തുകാരിക്കും എഴുത്തുകാരനും സങ്കൽപ്പിക്കാൻ പോലും കഴിയാത്ത മാതിരിയാണ് ചന്ദ്രിക ഭാഷയെ ക്രമപ്പെടുത്തിയിരിക്കുന്നത്
ദേവഗാന്ധാരി എന്ന കഥയിൽ ചന്ദ്രിക സ്വീകരിച്ച ആഖ്യാനരീതി തികച്ചും വ്യത്യസ്തമാണ്, കഥയുടെ പുതുവഴി തേടിയുള്ള ഈ നടത്തത്തിൽ ജീവിതത്തോട് ചേർന്നു  നിൽക്കുന്ന പ്രണയത്തെ തുറന്നെഴുതുന്നു. 
ജീവിതവും രാഷ്ട്രീയവും ഇടകലർന്ന കഥയാണ് ദേവഗാന്ധാരി. ഗുലാം അലിക്ക് പാടാൻ ഹിന്ദുസേന അനുവദിക്കാത്ത അവസ്ഥ കഥയിൽ തുറന്നെഴുതി രചനാ തന്ത്രം ഭംഗിയായി അവതരിപ്പിച്ചു,
"മക്കൾ വിളിക്കുന്നു കണ്ണാ, ഞാളെ ഞായറാഴ്ച പുറത്തെവിടേങ്കിലും പോണാന്ന് പറഞ്ഞു രണ്ടുപേരും അച്ഛനെ വളഞ്ഞു വെച്ച് ബഹളം കൂട്ടുന്നു! നാളെയാണ് ഇവിടെ ടൗൺ ഹാളിൽ ഗുലാം അലി പാടുന്നുണ്ട്. ഹിന്ദുസേനയുടെ ഭീഷണികൊണ്ട് ഇപ്പോഴേ ടൗണിൽ നിറയെ പൊലീസാണ്. എന്ത് പ്രശ്നമുണ്ടായാലും മക്കളേം കൂട്ടി പോകണം ഇപ്പൊ വേഗം താഴേക്ക്" ഈ ഒരൊറ്റ പാരഗ്രാഫിൽ തന്നെ വലിയൊരു രാഷ്ട്രീയ പ്രശ്നത്തെ   കൂടി കഥയിൽ ഉൾപെട്ടുകിടക്കുന്നു .
പെണ്ണിന്റെ ഉടൽ രാഷ്ട്രീയമാണ്കഥയുടെ കാതൽ, എന്നും വിവേചനങ്ങൾക്കും ചൂഷണങ്ങൾക്കും അവഗണനകൾക്കും വിധേയമാകുന്ന പെണ്ണുടലുകൾ ഇന്ന് തിരിച്ചു ചോദിച്ചു തുടങ്ങിയിരിക്കുന്നു. പെൺ ശരീരം നിഗൂഢതകൾ നിറഞ്ഞ എന്തോ ഒന്നാണെന്ന തോന്നലിനെ തകിടം മറിക്കുകയാണിവിടെ. പെണ്ണുടൽ നിഗൂഢതയെ തുറന്നു വെച്ച് കപട സദാചാരത്തെ ചോദ്യം ചെയ്യുന്നു. അജ്ഞതയും അന്ധവിശ്വാസവും  വീട്ടകങ്ങളിൽ തുടങ്ങി പൊതുരംഗത്തു വരെ ഈ അവഗണനകൾ വിവിധ തോതിൽ ഇന്നും തുടരുന്നു.
 ഈ പശ്ചാതലത്തിൽ എക്കാലത്തും പ്രസക്തമായ കഥയാണ് പാനപാത്രം "വായിക്കാൻ ചെറിയൊരു തയ്യാറെടുപ്പെങ്കിലും വേണ്ടിവരും, അല്ലെങ്കിൽ നമുക്ക് അടിവയറ്റിൽ കഠിനമായ വേദന തോന്നിയെന്ന് വരാം. യോനിയിൽ നിന്നും വരുന്ന ചുവന്ന തിരകളാണ് വിഷയം". ആർത്തവം ഇന്ന് പൊതുനിരത്തിൽ പറയുന്ന രാഷ്ട്രീയമാണ്. പ്രകൃത്യാ ശരീരത്തിൽ  ഉള്ള ഒരു കാര്യത്തെ മുൻനിർത്തി പലയിടങ്ങളിൽ നിന്നും പെണ്ണിനെ അകറ്റി നിർത്തുന്ന ആർത്തവകാലത്തെ  ചോദ്യം ചെയ്യുന്ന ഇക്കാലത്ത്  പാനപാത്രം എന്ന കഥ കൂടുതൽ ആഴത്തിൽ വായിക്കപ്പെടേണ്ട കഥയാണ്

എന്റെ പച്ചക്കരിമ്പേ എന്ന കഥ അത്ഭുതപ്പെടുത്തുന്ന പ്രണയ ഭാഷ്യമാണ്. ജൈവ ഭാഷയിൽ കുറിക്കപ്പെട്ട പെണ്പക്ഷ കഥയാണ് ഇത്. എന്റെ തേൻവരിക്കപെണ്ണേ എന്ന വിളി ലാളിത്യവും അതിലെ മറ്റു പ്രണയവിളികളും നമ്മെ കൂടുതൽ കൂടുതൽ കഥയിലേക്ക് അടുപ്പിക്കും നമ്മുടെ തന്നെ വിളികളായി  മാറുന്ന  ഒരു മാന്ത്രികത ആഖ്യാനത്തിൽ കാണാം. രതിയുടെ സുനാമികൾ തീർക്കുന്ന  ഉദാത്തമായ ഭാവങ്ങൾ നമുക്കന്വേഷിച്ചു പോകാൻ തോന്നിപ്പിക്കും വിധം കഥ നമ്മെ അത്ഭുതപ്പെടുത്തുന്നു. വായിക്കും തോറും പ്രണയത്തിന്റെയും രതിയുടെയും ആഴങ്ങളിലേക്ക് പോകുന്ന കഥകൾ,

ഡോക്ടർ എന്ന കഥ ഇതിൽനിന്നെല്ലാം വ്യത്യസ്തമാണ് *"1939 ഡിസംബർ മാസത്തിലെ ആ ദിവസം മാവോ സേതൂങ് കഠിനമായ ദുഃഖത്തിലാഴ്ന്നു പോയിരുന്നു" 
എന്ന് പറഞ്ഞുകൊണ്ടാണ് കഥ തുടങ്ങുന്നത്. ഏറെ രാഷ്ട്രീയമാനമുള്ള ഈ  കഥ.  ആഖ്യാനത്തിന്റെ കെട്ടുറപ്പുകൊണ്ട് ശക്തമായ കഥയാണ്.  സംഹമൂത്രം എന്ന കഥയും പ്രധാനമായും പറയുന്നതും പെൺപക്ഷത്തെ കുറിച്ചാണ്. പാൽക്കൂൺ ഇങ്ങനെ വ്യത്യസ്തമായാ കഥകളുടെ സമാഹാരമാണ് എന്റെ പച്ചക്കരിമ്പേ, ചന്ദ്രികയ്ക്ക് കഥ ജൈവ ഭാഷയിൽ തീർത്ത പ്രണയ രാഗമാണ്. വായനക്കാരെ വായിപ്പിക്കുന്ന മന്ത്രികതയാൽ സമ്പന്നമാണ് ഓരോ കഥയും
_________________________________


കണ്ണാടി മാഗസിനിൽ പ്രസിദ്ധീകരിച്ചു 
http://kannadimagazine.com/index.php?article=757

Saturday 2 March 2019

കഥാഭാവനയുടെ വൈവിധ്യമാർന്ന ആവിഷ്കാര രീതി

വായനാനുഭവം

(പ്രമോദ് രാമന്റെ "രതി മാതാവിന്റെ പുത്രൻ " എന്ന കഥാസമാഹാരത്തിലെ കഥകളിലൂടെ...)


പ്രമോദ് രാമന്റെ  ‘രതിമാതാവിന്റെ പുത്രൻ’ കഥാ സമാഹാരത്തിലെ കഥകളിലൂടെ സഞ്ചരിക്കുമ്പോൾ വ്യത്യസ്തമായ ഒരു കഥാ പരിസരം തുറന്നു തരുന്നു.   സപുംസകങ്ങളുടെ പത്ത് പടവുകൾ എന്ന കഥയെ പറ്റി ആർപി ശിവകുമാർ നടത്തിയ നിരീക്ഷണം പ്രസക്തമാണ്. "സ്വത്വസംബന്ധിയായ മാറ്റങ്ങളിൽ ഏറ്റവും പ്രധാനം ലിംഗപരമാണ്. ഒന്നിൽനിന്ന് വേറിട്ടത് എന്ന അർത്ഥത്തിൽ ഭിന്നം, അപരം, അതല്ലാത്തത് എന്നൊക്കെയുള്ള സ്ഥിരവാക്കുകളെ ഒഴിവാക്കി താരാനാഥന്മാരുടെ ലിംഗപ്പകർച്ചയെ വർണ്ണിക്കാൻ പ്രമോദ് ‘സപുംസകം’ എന്ന വാക്ക് സ്വയം നിർമ്മിച്ചുപയോഗിക്കുന്നതിൽനിന്ന് കാലികമായ കാഴ്ചപ്പാടിനെ പ്രമോദിന്റെ കഥയുടെ ആശയമണ്ഡലം സ്വീകരിക്കുന്ന വഴി വ്യക്തമാണ്" പരമ്പരാഗത ആഖ്യാന രീതിയിൽ നിന്നും മാറി വ്യത്യസ്തമായ രീതിയിൽ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആറു കഥകളാണ് ഈ സമാഹാരത്തിൽ ഉള്ളത്. 
സപുംസകങ്ങളുടെ പത്ത് പടവുകൾ, ഛേദാംശജീവിതം, രതിമാതാവിന്റെ പുത്രൻ, (ഒരു) ബ്രാക്കറ്റിൽ എത്തപെർക്കു ജീവിക്കാം?..., ചാരത്തൂവാല, റെഡ്ക്രോസ്" എന്നിങ്ങനെ ആറു കഥകളും പുതിയൊരു കഥാനുഭവം തരുന്നു   

സപുംസകങ്ങളുടെ പത്ത് പടവുകൾ  എന്ന കഥ ആണും പെണ്ണുമായി പരസ്പരം മാറി അഭിനയിച്ചു ജീവിതത്തിലുടനീളം ഒരു വ്യക്തി പല രീതിയിൽ മാറുന്ന അവസ്‌ഥയിലൂടെ രണ്ടു കുട്ടികളുടെ ശരീരത്തെ കുറിച്ചുള്ള അന്വേഷണമാണ് താരാനാഥനിലൂടെ പറയുന്നത്. ജീവൻ ജോബ് തോമസ് അനുബന്ധ കുറിപ്പിൽ ഇങ്ങനെ പറയുന്നു. "കുട്ടിക്കാലത്തെ ലൈംഗികാസ്വാദന ശ്രമങ്ങൾ മനുഷ്യന്റെ സ്വഭാവത്തിൽ ആഴത്തിൽ പതിഞ്ഞു പ്രായപൂർത്തിയായ ശേഷമുള്ള ആസ്വാദനശേഷിയെ പൂർണ്ണരൂപത്തിൽ സ്വാധീനിക്കുന്നതിന്റെ ചിത്രം മനോഹരമായി വരച്ചിടുന്നു ഈ കഥ" കുട്ടികളുടെ ബന്ധത്തെ വരച്ചുകാട്ടിയ ആഖ്യാനരീതിയിൽ കഥാകൃത്ത് തന്റെ വൈഭവം തെളിയിക്കുന്നു. *"കണ്ണുരുട്ടിയാലും കരഞ്ഞു പറഞ്ഞാലും നാഥൻ വീഴില്ല. അതുറപ്പാണ്. അത് തന്റെ വള്ളി ട്രൗസറുകളുടെ പിന്നിൽ ഉരഞ്ഞ് പിറന്ന അന്ധനേത്രങ്ങളുടെ നിർവികാരത പൂണ്ട വാശിയാണ്"
പ്രമേയത്തിന്റെ വ്യത്യസ്ഥത കൊണ്ടും, ഭാഷയുടെ മികവ് കൊണ്ടും ഈ കഥ വേറിട്ടു നിൽക്കുന്നു. 

*"നേഹ, ഈ സെക്‌സ് ചെയ്ഞ്ച് ചെയ്തുകഴിയുമ്പഴേ, മുറിച്ചെടുക്കുന്ന സാധനം എവിടെ കളയും" ഛേദാംശജീവിതമെന്ന കഥ തുടങ്ങുന്നത് ഇങ്ങനെയാണ്‌ 
ചന്ദ്രൻ എന്ന കൂട്ടുകാരന്റെ പെണ്ണാവാൻ വേണ്ടി   ലിംഗമാറ്റ ശസ്ത്രക്രിയക്കു വിധേയയായ മഞ്ജിത് മേനോൻ എന്ന മഞ്ജുവിന്റെയും നേഹ എന്നീ കൂട്ടുകാരുടെ കഥയാണ് ഇത്.  ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ മാറിയ മഞ്ജുവിനു  പിന്നീട് നേഹയിൽ  താൽപര്യം കൂടുന്നു. 

രതിയുടെ ഭർത്താവ് ജീവന്റേയും ദാമ്പത്യ ബന്ധത്തെയും ജീവന്റെ ലൈംഗിക പ്രശ്നങ്ങളെയും രതിമാതാവിന്റെ പുത്രൻ’ എന്ന കഥയിൽ വളരെ നന്നായി അവതരിപ്പിക്കുന്നു. ഇവർക്കിടയിൽ രത്തൻ എന്നൊരു കഥാപാത്രവും ഈ കഥയിൽ ഉണ്ട്. എന്നാൽ ജീവൻ രതിയ്ക്ക് ആണും രത്തനു പെണ്ണുമാണ്. ഈ കഥകൾ കൂടാതെ ഇങ്ങനെ വ്യത്യസ്തമായ കഥാപരിസരത്തിലൂടെ കൊണ്ടുപോകുന്ന (ഒരു) ബ്രാക്കറ്റിൽ എത്തപെർക്കു ജീവിക്കാം?..., ചാരത്തൂവാല, റെഡ്ക്രോസ് എന്നീ മൂന്നു കഥകൾ കൂടിയുണ്ട് ഈ സമാഹാരത്തിൽ. 
പ്രണയത്തെയും രതിയുടെയും കൃത്യമായ അതിരുകൾക്കുള്ളിൽ തളച്ചിടുന്ന ലളിതവ്യാഖാനങ്ങളുടെ ഇടുങ്ങിയ ലോകത്തിനപ്പുറത്തേക്ക് സഞ്ചരിക്കുന്നവരുടെ കൂടെ നടക്കുന്ന കഥകളാണ്  പ്രമോദ് രാമന്റേത്. മലയാള സാഹിത്യത്തിൽ വ്യതിരിക്തമായ ഒരു സ്ഥാനം പ്രമോദ് രാമൻ എന്ന കഥാകൃത്ത് അടയാളപ്പെടുത്തിട്ടുണ്ട്.
പ്രമോദ് രാമൻ

 http://kannadimagazine.com/index.php?article=75

0