പ്രിയപ്പെട്ട കഥാകാരി... വിടവാങ്ങലിന്റെ പൊള്ളുന്ന വേദന നൽകി അക്ഷരലോകത്തു നിന്നും പറന്നുപോയല്ലോ.... പ്രണാമം
അഷിതയുടെ കഥകളിലൂടെ
വായനക്കാരന് മുഖം നോക്കാനുള്ള കണ്ണാടിയാണ് അഷിതയുടെ കഥകൾ, ഒരു സത്യത്തെ ഇതാണ് സൗമ്യവും ലളിതവുമായി എങ്ങനെ എഴുതുന്നു എന്ന ആശ്ചര്യത്തോടെ വായിക്കാവുന്ന കഥയാണ് അഷിതയുടേത്. താനായി വെട്ടിത്തെളിച്ച എഴുത്തിന്റെ വഴിയിലൂടെ അത്രയൊന്നും ഒച്ചപ്പാടുണ്ടാക്കാതെ കഥകളെഴുതി മലയാള കഥയിലെ നിറസാന്നിധ്യമാണ് അഷിത. പൊള്ളുന്ന ജീവിത യാഥാർഥ്യങ്ങളെ കഥകളിൽ നിറച്ചു ഒറ്റങ്ങനെ നടന്നുപോകുന്ന കഥാകാരി.
*ഒരു സ്ത്രീയും പറയാത്തത്* എന്ന കഥ സൗമിനി ടീച്ചറുടെ ജീവിതത്തിലൂടെ ഏതൊരു സ്ത്രീയും നേരിട്ടേക്കാവുന്ന ഒരു യാഥാർഥ്യത്തെ ലളിതമായി വരച്ചിടുകയാണ് കഥയിൽ. നിരത്തിലൂടെ വരുമ്പോൾ തൊട്ടടുത്ത് മാരുതി കാര് നിർത്തി "കൂടെ വരുന്നോടീ" എന്ന് ചോദിക്കുന്ന ചെറുപ്പക്കാരുടെ ആഭാസം നിറഞ്ഞ നോട്ടം ടീച്ചറെ ജീവതിത്തിലുടനീളം അസ്വസ്ഥയാക്കുന്നു, അതിലുമുപരി ടീച്ചറിൽ ഉണ്ടാകുന്ന ആകുലത, ഭയം, സങ്കടം എല്ലാം കഥയിലൂടെ വ്യക്തമാക്കുകയാണ്.
*" ആകെ വിളർത്തു പ്രജ്ഞ നശിച്ചവളെ പോലെ ടീച്ചർ ഒരു മാത്ര നിന്നുപോയി."*
*ആ സ്തബ്ധത ഇപ്പോൾ കണ്ണാടിയിൽ സ്വന്തം പ്രതിച്ഛായയെ സൂക്ഷമായി അവലോകനം ചെയ്യവേ മാനംമുട്ടെ വളരുന്നതായി സൗമിനി ടീച്ചർക്ക് തോന്നി. പതിയിരുന്നു പറന്നുവന്ന് ആക്രമിക്കുന്ന കാക്കക്കൂട്ടംപോലെ ഒരു നൂറു ചോദ്യങ്ങൾ ടീച്ചറുടെ ഹൃദയത്തെ കൊത്തിവലിക്കുകയാണ്*
*-ഉവ്വോ. തന്നെ കണ്ടാൽ അത്തരത്തിലൊരു പെണ്ണാണെന്ന് തോന്നുമോ? ഈശ്വരാ! ഞാനറിയാതെ തന്റെ നോട്ടത്തിലോ ഭാവത്തിലോ എന്തോ കലരുന്നുണ്ടോ?*
ഒട്ടുമിക്കവരിലും ഇത്തരം അനുഭവങ്ങൾ ഉണ്ടാകുമ്പോൾ ഉള്ളിൽ കിളിർക്കുന്ന സംശയം ആണിത്. അവർ സ്വന്തം ശരീരത്തെയും ചേഷ്ടകളെയും സശ്രദ്ധം വീക്ഷിക്കും. നൂറുകണക്കിന് കുട്ടികളെ അക്ഷരങ്ങളുടെ ആദ്യപാഠം പഠിപ്പിച്ച ഒരു ടീച്ചർക്ക് സഹിക്കാനുവുന്നതിലും അപ്പുറമായി തോന്നി ഈ അപമാനം. ഒരു സ്ത്രീ എല്ലായ്പ്പോഴും പറയാനൊരുങ്ങുന്നതും എന്നാൽ വിട്ടുകളയുന്നതനുമായ പറച്ചിൽ ആണ് ഈ കഥ മകൾ കോളേജ് വിട്ടു വരുന്നത് വൈകുന്നത് ഭയത്തോടെ നോക്കിയിരിക്കുന്ന സൗമിനി ടീച്ചർ നമുക്കിടയിലെ സ്ത്രീകളുടെ പ്രതിനിധിയാണ്
*അപൂർണ വിരാമങ്ങൾ* എന്ന കഥയിലെ അന്നമ്മയും ഈ സമൂഹത്തിന്റെ പ്രതിനിധിയാണ് രോഗം ഒരു അവസ്ഥയാണ് എന്നാൽ അത് മനസിലാക്കാതെ സ്വന്തം സുഖത്തിനു ഭംഗം വരും എന്നതികച്ചും സ്വാർത്ഥമായ കാരണത്താൽ രോഗം ആണെന്ന പരിഗണന ലാഭക്കത്തെ സമൂഹം മാറ്റിനിർത്തിയ, ഭ്രാന്താശുപത്രിയുടെ സെല്ലിൽ ജീവിതം ചുരുങ്ങിപോകുന്നവരുടെ പ്രാതിനിത്യമാണ് അന്നമ്മയുടേത്. വളരെ ലളിതവും എന്ന ആഴത്തിലുമുള്ള ജീവിതത്തെയാണ് ഈ കഥയിൽ ഒരുക്കുന്നത്. തെരുവിലേക്ക് ഭ്രാന്താശുപത്രിയിൽ നിന്നും ഇറക്കിവിടുന്ന അന്നമ്മ പിന്നീട് അനുസരണയുള്ള കാലുകൾ പോലീസുകാരൻ വിളിക്കുന്ന ഇടത്തിലേക്ക് അറിയാതെ നീങ്ങുന്നതായി കാണാം.
മികച്ച കഥകളിൽ ഒന്നാണിത്.
"*ഈ ലോകത്തിൽ എന്നോട് ഏറ്റവുമധികം നുണ പറഞ്ഞിട്ടുള്ളത് എന്റെ അമ്മയാണ്. ഇളകാതെ കത്തിനിൽക്കുന്ന തീനാളം പോലെ ഈ അറിവ് എന്റെ നെഞ്ചകം പൊള്ളിക്കുന്നു"* ഇങ്ങനെയാണ് *അമ്മ എന്നോട് പറഞ്ഞ നുണകൾ* എന്ന കഥ തുടങ്ങുന്നത്. കഥയിലെ 'അമ്മ കാലങ്ങളായി പുരുഷാധിപത്യ സമൂഹം നിർമ്മിച്ചെടുത്ത ശരാശരി മലയാളി സ്ത്രീമനസാണ്, അമ്മയാകുന്ന സ്ത്രീകളുടെ ഉള്ളിൽ ഉറപ്പിക്കുന്ന ഇങ്ങനെയേ ഒരു സ്ത്രീ ആകാവൂ എന്ന ചിന്തയുടെ ഭാരം ഉള്ളിൽ പേറുന്നവരുടെ പ്രതിനിധി. 'അമ്മ പറയാതെ പോകുന്ന സത്യങ്ങൾ ആണ് കഥ. ഒരു സ്ത്രീയുടെ ജീവിതയാത്രയുടെ സംഭവിച്ചുകൊണ്ടിരുക്കുന്ന ജീവിതം എന്ന നിർമിക്കപ്പെട്ട നുണയെ വരച്ചുകാട്ടുന്ന കഥ.
പെസഹാ തിരുന്നാൾ കാല്പാടുകൾ, കല്ലുവെച്ച നുണകൾ, വാരാന്ത്യങ്ങൾ ചതുരംഗം, സുജാത, മുഴുമിക്കാത്ത തിരുരൂപങ്ങൾ ഇങ്ങനെ എത്രയോ കഥകൾ. അഷിത എന്ന എഴുത്തുകാരി മലയാളത്തിൽ ജീവിതത്തിലെ ഏടിൽ ചോര പൊടിയുന്ന വാക്കുകളാൽ എന്നേക്കുമായി കോറിയിട്ട കഥകൾ.
വളരെ ആഴമേറിയ ജീവിതാനുഭവത്തിന്റെ പൊള്ളുന്ന വാക്കുകളാണ് അഷിതയുടെ കഥകൾ. സ്ത്രീകളുടെ അവസ്ഥ മാത്രമല്ല സമൂഹത്തെ കുറിച്ചുള്ള ധാരണകളെയും സസൂക്ഷ്മം കഥകളിൽ ഉള്കൊള്ളിക്കുന്നു. ശക്തമായ ജീവിത നിരീക്ഷണം കൊണ്ട് ശ്രദ്ധേയമായ ഒട്ടനവധി കഥകളാൽ ഈ എഴുത്തുമാരി ഇന്നും നമ്മോടൊപ്പം ഒച്ചപ്പാടുണ്ടാകാതെ നടന്നു വരുന്നുണ്ട്. മലയാളം ഉള്ള കാലത്തോളം വായിക്കുന്ന കഥകളായി എന്നും നമ്മെ പിന്തുടരും.
No comments:
Post a Comment