വി.ആർ.സുധീഷിന്റെ കഥകളിലൂടെ ഫൈസൽ ബാവ
കഥാസൂചകങ്ങളുടെ സമ്പന്നതയാണ് വി.ആർ.സുധീഷിന്റെ കഥകളിലെ പ്രത്യേകത. അതിന്റെ മിതത്വം കഥയിൽ കാണാം. സംഭവിച്ചതും സംഭവ്യവുമായ പലതും കഥയിൽ ധ്വനിപ്പിച്ചു തന്റെ സർഗ്ഗശേഷി തെളിയിച്ച എഴുത്തുകാരനാണ് അദ്ദേഹം. കഥയെ അനുഭവിപ്പിക്കാൻ കഥാകൃത്തിനാകുന്നു.
ആ
വി.ആർ സുധീഷിന്റെ കഥകളിൽ ചർച്ച ചെയ്യപ്പെടേണ്ട കഥയാണ് 'കല്ലേരിയിലെത്തുന്ന തപാൽകാരൻ'
കല്ലേരി എന്ന ഗ്രാമകാഴ്ചകൾക്കൊപ്പം അവിടുത്തെ ജീവിതങ്ങളുടെ നേർക്കാഴ്ച കൂടിയാണ് ശിവന്കുട്ടിയിലൂടെ വരച്ചു വെക്കുന്നത്.
"വേനലിൽ പൂക്കുന്ന കൃഷ്ണമരം പോലെ വേനലിൽ മാത്രം സൗഹൃദ ഖേദമൊഴികളും പുന്നാരം പറച്ചിലുകളും വിശേഷവൃത്താന്തങ്ങളും നിറച്ച കത്തുകൾ തന്ന് കല്ലേരി ഗ്രാമത്തിന്റെ മനം നിറപ്പിക്കുന്ന തപാൽക്കാരനാണ് ശിവൻകുട്ടി. ശിവൻകുട്ടിതന്നെയാണ് കല്ലേരിയിലെ അഞ്ചൽക്കാരനും. കത്തുകളുമായി വന്ന് കല്ലേരിയുടെ ഒരേയൊരു തപാൽപ്പെട്ടി തുറന്നു കത്തുകളുമായി അയാൾ തിരിച്ചു പോകുന്നു"
ഈ വരിയിലൂടെ കല്ലേരിയുടെ ഗ്രാമചിത്രം വരച്ചിട്ടുണ്ട്, മനുഷ്യ ജീവിതങ്ങളും. ഈ ഗ്രാമത്തിൽ വേനലിൽ വരികയും വർഷക്കാലത്ത് കിട്ടാതെപോകുകയും ചെയ്യുന്ന പ്രണയമുണ്ടിതിൽ. സൗമിനിയുടെ സ്വപ്നങ്ങൾ പൂക്കുന്നത് കല്ലേരിയിലേക്ക് വേനലിൽ എത്തുന്ന ശുവന്കുട്ടിയുടെ കത്തുകളുമായുളള വരവോടെയാണ്.
എന്നാൽ ചിത്രം മാറുകയാണ്.. ശിവൻകുട്ടിയുടെ കയ്യിലൂടെ ഇപ്പോൾ ദുരന്തങ്ങൾ മാത്രമാണ് എത്തിക്കൊണ്ടിരിക്കുന്നത്. 'ആമിനു മരിച്ചു. ആരോ ബലാസംഗം ചെയ്തു കൊന്നു", "അറേബ്യയിൽ റിയാസിന്റെ തലവെട്ടി" നമ്പ്യാരുടെ ആരോ വിഷവാതകം ശ്വസിച്ചു മരിച്ചു, ഇങ്ങനെ ദുരന്തങ്ങൾ മാത്രം നിറച്ച കമ്പി സന്ദേശങ്ങളുമായി കല്ലേരിയിലേക്ക് ശിവൻകുട്ടി വന്നുകൊണ്ടിരുന്നു. സൗമിനിയുടെ നെഞ്ചുകത്തി. ആഴമേറിയ ജീവിത ചിത്രമാണ് കല്ലേരിയിലെത്തുന്ന തപാൽക്കാരനെന്ന കഥ. ചങ്കിടിക്കുന്ന ദുരന്തചിത്രങ്ങൽ ആ ഗ്രാമത്തിന്റെ ഓരോരുത്തരുടേയും ജീവിതം തകർത്തു. ഓരോ കമ്പിയും വേദന മാത്രം നൽകി. സാങ്കേതികമായി മുന്നേറിയിട്ടില്ലാത്ത കേരളത്തിന്റെ ഒരു കാലഘട്ടത്തിന്റെ ചരിത്രം കൂടിയാകുകയാണ് ഈ കഥ. ഇങ്ങനെ അനേകം കല്ലേരികൾ അന്ന് കേരളത്തിൽ ഉണ്ടായിരുന്നു. അവിടെയൊക്കെ ഇതുപോലെ ദുരന്തവാർത്തകൾ കമ്പിസന്ദേശമായി വന്നിരിക്കും. തപാൽകാരനെ ദുരന്തകരണമായി കണ്ട് കല്ലെറിഞ്ഞു കൊല്ലുന്നത് ഒരു സമൂഹം അന്ധമായ തെറ്റിദ്ധരികളുകളുടെ പടുകുഴിയിൽ വീഴുന്നതിന്റെ പ്രതീകം കൂടിയാണ്. പല ഓർമ്മപ്പെടുത്തലുകൂടിയാണ് ഉള്ള് പൊളളിക്കുന്ന ഈ കഥ.
അതുപോലെ ഉള്ള് തൊടുന്ന കഥയാണ് 'ഓർമകളിലെ അച്ഛൻ' ഓർമകൾ മാഞ്ഞുപോയ അച്ഛൻ മക്കളെ സ്നേഹിക്കുമ്പോഴും ആ ബന്ധം മറ്റൊരു തലത്തിൽ എത്തുന്നു. വൈകാരികമായ ഒരു തലം ഈ കഥയ്ക്ക് ഉണ്ട്. നമ്മുടെയൊക്കെ വീട്ടിലോ ചുറ്റുവട്ടത്തോ ഇത്തരം അച്ഛന്മാരെ കാണാൻ സാധിക്കും ഓർമ്മത്തെറ്റ് ഒരു തെറ്റല്ലാത്ത ഒന്നാണ് എന്ന തിരിച്ചറിവിലേക്ക് ഒരച്ഛന്റെ സ്വഭാവസവിശേഷതകളെ വളരെ നന്നായി എഴുതിച്ചേക്കാൻ ഈ കഥയിലൂടെ സാധിച്ചു. സ്നേഹത്തിന്റെ കടലും നമുക്ക് വായിച്ചെടുക്കാം. കഥയുടെ ആഖ്യാനത്തിന്റെ പ്രത്യേകത എടുത്തു പറയേണ്ട ഒന്നാണ്.
"കീറിമുറിച്ചാണ് അവൻ ചരിത്രം പഠിച്ചത് കാരുണ്യവും നീതിയും സകല മനുഷ്യാവകാശങ്ങളും കീറിമുറിച്ചുതന്നെ പഠിച്ചു. കീറിമുറിച്ചുകൊണ്ട് അവർ ചരിത്രത്തിൽ തുടരുകയാണ്" മനുഷ്യന്റെ അന്വേഷനാത്മകമായ യാത്രയിലെ പരീക്ഷണങ്ങളിൽ ഇറയകപ്പെടുന്ന ഉഭയജീവിയാണ് തവള. 'വംശാനനന്തര തലമുറ' എന്ന കഥ വ്യത്യസ്തമായ ഒന്നാണ്. മലയാള കഥകളിൽ തന്നെ വേറിട്ടു വായിക്കേണ്ട കഥ. പ്രകൃതിനിയമത്തെ ചോദ്യം ചെയ്യുന്ന മനുഷ്യർക്കുള്ള വലിയ സന്ദേശം കൂടിയാണ് ഈ കഥ.
ബാബുരാജിന്റെ ഓർമ്മകളെ ഉണർതത്തിയ ശ്രദ്ധേയമായ 'ബാബുരാജ്' എന്ന കഥ, കുട്ടികളുടെ മനസ്സിനെ തൊടുന്ന അവരുടെ നിഷ്കളങ്കമായ സംഘർഷങ്ങൾ വേദനകൾ, അവഗണിക്കപ്പെടുന്ന കുഞ്ഞുമനസുകൾ ഒക്കെ വരുന്ന 'സ്വാതന്ത്ര്യത്തിനു വയസ്സാകുന്നു' എന്ന കഥ, ആത്മാവിദ്യാലയമേ, സൈക്കിൾ, ഭവനവേദനം... ഇങ്ങനെ വിശാലമായ ഒരിടമാണ് വി.ആർ.സുധീഷിന്റെ കഥാലോകം. വായിക്കുന്നവരുടെ ഓർമ്മകളെ ഉണർത്തുന്ന കഥകളാണ് ഓരോന്നും. പറയാതെ പറയുന്ന ഒട്ടേറെ കാര്യങ്ങൾ കതയ്ക്കുള്ളിൽ നിറഞ്ഞു നില്ക്കുന്നുണ്ടാകും. മലയാള ചെറുകഥാ ചരിത്രത്തിൽ നിന്നും മാറ്റിനിർത്താൻ ആകാത്ത വിധം എക്കാലത്തെയും പ്രതിനിധീകരിക്കുന്ന കഥകളാണ് വി. ആർ.സുധീഷിന്റേത്.
*******************