മുഖ്താർ ഉദരംപൊയിലിന്റെ 'ബ്ളാക്ക്മാൻ' എന്ന കഥയിലൂടെ
ഫൈസൽ ബാവ
കറുപ്പ് എന്ന നിറം പലപ്പോഴും അതിന്റെ രാഷ്ട്രീയപരമായ വേദന നൽകിയിട്ടുള്ള നിറമാണ്. മാനുഷികമായ പരിഗണനയിൽ തഴപ്പെടുന്നനിറം എന്ന നിലയിൽ കറുത്തുപോകുന്നതോടെ ഉണ്ടാകുന്ന വിവേചനം ആ നിറത്തെ കൂടെ ചേർക്കുന്നു. എന്നാലും കറുപ്പിനേഴഴക് എന്നൊക്കെ വെറുതെ പറഞ്ഞു വെയ്ക്കും.
മുഖ്താർ ഉദരംപൊയിലിന്റെ ബ്ലാക്ക്മാൻ എന്ന കഥയും കറുത്തവനു നേരിടേണ്ടി വരുന്ന വിവേചനത്തിന്റെ നേർചിത്രമാണ്. എനിക്കൽപ്പം ശ്വാസം നൽകൂ എന്നു ലോകത്തോട് കെഞ്ചിയ ജോർജ് ഫ്ലോയിഡ് എന്ന കറുത്ത അമേരിക്കക്കാരൻ ഇന്നും നമുക്ക് മായാത്ത മുഖമാണ്.
എട്ടു മിനുറ്റ് ഒരു വെള്ളക്കാരൻ പോലീസിന്റെ ബൂട്ടിനടിയിൽ ഫ്ലോയിഡിന്റെ തല ഞെരിഞ്ഞമരുമ്പോൾ ലോകം ഞെട്ടലോടെ കണ്ടുനിന്നു. ഇത്തരം ഒട്ടേറെ വിവേചനങ്ങളുടെ
ബ്ളാക്ക്മാൻ എന്ന ഭീതിയിലൂടെ കഥയെ കൊണ്ടുവരുമ്പോൾ കറുപ്പ് എന്ന നിറം ഉണ്ടാക്കുന്ന രാഷ്ട്രീയത്തെയാണ് തുറന്നു വെയ്ക്കുന്നത്.
"സംഭവം വിചാരിച്ച പോലെയായിരുന്നില്ല. പള്ളിയിലെ ഉസ്താദിന്റെ ചെലവുവീട്ടിൽ നിന്ന് രാത്രിഭക്ഷണം കൊണ്ടുപോകുന്ന അബുമൊല്ലയെ അങ്ങാടിവളപ്പിൽ വെച്ച് അജ്ഞാത സംഘം വളഞ്ഞിട്ട് തല്ലി. അബുമൊല്ലക്ക് കിറുക്കെളകിയ ദിവസമായിരുന്നു അത്. കൂവിയാർത്ത് സൈക്കിളിൽ നിന്ന് കൂത്തക്കംമറയിമ്പോഴാണ് അടി വീണത്. തെറിച്ചുവീണ അബുമൊല്ലയെ ആൾക്കൂട്ടം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. " ഇങ്ങനെയാണ് കഥ തുടങ്ങുന്നത്. രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന ആൾക്കൂട്ടഅക്രമങ്ങളുടെ രാഷ്ട്രീയം ഗ്രാമങ്ങളിലേക്ക് നുഴഞ്ഞുകയറ്റം നടത്തുന്നതിന്റെ നേർചിത്രം കഥയിൽ ഭംഗിയായി വരച്ചുവെക്കുന്നു. ബ്ളാക്ക്മാൻ എന്ന ഭീതിയുടെ നിഴലിൽ ഒളിച്ചുകൊണ്ടാണ് ഇതും കടത്തിവിടുന്നത്. പൊയ്കാലിൽ അഭ്യാസങ്ങൾ കാണിക്കുന്ന ബാബുവും അബുമൊല്ലയും തമ്മിലുള്ള ആത്മബന്ധം ഗ്രാമത്തിന്റെ കമ്മ്യൂണൽ ഹാർമണിയാണ് കാണിക്കുന്നത്. പ്രാദേശിക ഭാഷയിൽ കഥ നന്നായ് പറയാൻ ശ്രമിക്കുമ്പോൾ തന്നെ ആഗോള രാഷ്ട്രീയവും ഒപ്പം സമകാലിക ഇന്ത്യൻ രാഷ്ട്രീയ അവസ്ഥയും കൃത്യമായി പറയുന്നുണ്ട്. ബാബുവിന്റെ കയ്യിൽ ഉള്ള പാർദ്ദയും അവന്റെ ജാതിയും നിറവും എല്ലാം എളുപ്പത്തിൽ അവനിൽ ചാർത്താവുന്ന കുറ്റമായി മാറുമ്പോൾ അതിലൂടെ പറയുന്ന രാഷ്ട്രീയമാണ് കഥയെ പ്രസക്തമാക്കുന്നത്.
കഥയിലെ രാഷ്ട്രീയം സമകാലിക ഇന്ത്യൻ മുഖം കൂടിയാണ്. കഥാകൃത്തിന്റെ തന്നെ വരയും കഥയോട് കൂടുതൽ ചേർന്നു നിൽക്കുന്നു.
No comments:
Post a Comment