Wednesday, 11 August 2021

ഉന്നം തെറ്റാത്ത കഥ

 

പ്രിൻസ് അയ്മനത്തിന്റെ 'ചാരുമാനം' എന്ന കഥയിലൂടെ ഫൈസൽ ബാവ
 
 '#കഥായുവത്വം 104 ഉന്നം തെറ്റാത്ത ക ഫൈസൽബാവ ம പ്രിൻസ് അയ്‌മനത്തിൻ്റെ 'ചാരുമാനം' എന്നകഥയിലൂടെ' എന്ന് കാണിക്കുന്ന ടെക്‌സ്‌റ്റ് എന്നതിന്റെ ഒരു ചിത്രമായിരിക്കാം
 
 
കഥയിലെ പുതിയ കാലത്തിന്റെ പ്രതിനിധിയാണ് പ്രിൻസ് അയ്‌മനം. മലയാളം വാരികയിൽ കഴിഞ്ഞ വർഷം ഓഗസ്റ്റിൽ വന്ന കഥയാണ് ചാരുമാനം. പഴയ കാലത്തെയും പുതിയ കാലത്തെ കൂട്ടിക്കെട്ടുന്ന ഒട്ടേറെ ഘടകങ്ങൾ ഈ കഥയിൽ ഉണ്ട്. കെട്ടുവളളത്തിൽ ജീവിതം കരു പിടിപ്പിക്കാൻ വേണ്ടി ഒഴുകി ജീവിച്ച ഒരു കാലവും, അങ്ങനെ ജീവിച്ചവർ നിർമിച്ച ഒരു വ്യവസ്ഥിതിക്കുള്ളിലെ നേർചിത്രം വരച്ചുവെക്കുന്നു ഈ കഥയിൽ. കഥയിലെ സ്ഥലമായ അപ്പര് കുട്ടനാടിന്റെ അവസ്‌ഥയും മനോഹരമായി പ്രിന്സ് കഥയില് അവതരിപ്പിച്ചിട്ടുണ്ട്.
"നാടൻ പുഴുകല്ലരിയും വാഴക്കുലകളും നാട്ടിലെ ചെറുകിട കർഷകരുടെ അന്നത്തെ വിളവെടുപ്പിലെ പച്ചക്കറികളും നടുതലകളും കയറ്റിയ കെട്ടുവെള്ളം പുലിക്കുട്ടിശ്ശേരി കടവിൽ നിന്ന് കുഞ്ഞാപ്പി തള്ളുമ്പോൾ നേരം പരപര വെളുക്കുന്നതേയുള്ളൂ. തലയ്ക്കൽ കോതിലെ പടിയിൽ കാലുനീട്ടിയിരിക്കുന്ന കേശുപ്പിള്ള ഉറക്കച്ചടവിന്റെ കമ്പളക്കെട്ടിനു പുറത്തുവന്നിട്ടില്ല. കേശുപ്പിള്ളയുടെയും ഊന്നകാരൻ കുഞ്ഞാപ്പിയുടെയും ജീവിതത്തിന്റെ മുക്കാൽ പങ്കും വള്ളത്തിലും വെള്ളത്തിലുമാണ്‌"
ഇങ്ങനെയാണ് ചാരുമാനം എന്ന കഥ തുടങ്ങുന്നത്. ആഖ്യാനത്തിൽ സൂക്ഷിച്ചിട്ടുള്ള ശ്രദ്ധയോടൊപ്പം മറ്റൊരു പത്യേകത കഥയുടെ ഭാഷയാണ്.
കുഞ്ഞാപ്പിയും കേശുപ്പിള്ളയും തമ്മിലുള്ള ബന്ധത്തിന്റെ ആഴം ആ കാലത്തേയും അന്നത്തെ സമൂഹികാവസ്ഥയെയും സൂചിപ്പിക്കുന്നു. ചെറു സംഭാഷങ്ങളിലൂടെയും മറ്റും സൂചിപ്പിക്കുന്ന ചിലകാര്യങ്ങൾ കച്ചോടം ചെയ്യാൻ പറ്റാത്തതായി ലോകത്ത് ഒന്നുമില്ലെന്ന് കരുതുന്ന ആളാണ് പിള്ളേച്ഛൻ. "വലുപ്പത്തിൽ മുന്തിയ പടപ്പുകളോട് മനുഷ്യർ എക്കാലത്തും പുലർത്തിപ്പോരുന്ന അതിശയം കലർന്ന ഒരു അടുപ്പമോ അകലമോ ആയിരുന്നു കെട്ടുവളളങ്ങളോടും അക്കാലത്തെ മനുഷ്യർക്ക്" നമ്മളിലെ നിരീക്ഷണത്തിന്റെ അളവുകോലാകുകയാണ് ഇത്തരം വാക്കുകൾ.
എന്നാൽ അബൂബക്കറിക്കയുടെ പണം കയ്യിലെത്തുമ്പോൾ കേശുപിള്ളയിൽ ഉണ്ടാകുന്ന മാറ്റം ഓരോ മനുഷ്യരിൽ ഉണ്ടാകുന്ന മാറ്റത്തെയാണ് കാണിക്കുന്നത്. കേശുപിള്ള ഒരു പ്രതീകമാണ്, തന്റെ തറവാട്ടിലെ ഫ്യൂഡൽ വ്യവസ്ഥിതിക്കെതിരെ കലഹിച്ചു വീട്ടിൽ നിന്നിറങ്ങിയ കേശുപിള്ളയിൽ അപ്രതീക്ഷിതമായി എത്തുന്ന പണം അയാൾക്കുള്ളിലെ മറ്റൊരു മനുഷ്യനെ തുറന്നു കാണിക്കുന്നുണ്ട്. ഒരു നിഴൽപോലെ തന്റെ കൂടെ ജീവിച്ച കുഞ്ഞാപ്പിയെ പ്രതിയാക്കി അയാൾ സ്വയം രക്ഷ നേടുമ്പോൾ അയാൾക്കുള്ളിലെ കറുത്ത മനുഷ്യനെ തുറന്നു കാണിക്കുന്നുണ്ട്. ഒരു പക്ഷെ നമ്മളറിയാതെ നമ്മുടെയൊക്കെയുളളിൽ ഇത്തരം കേശുപിള്ളമാർ ഒളിച്ചിരിക്കുന്നുണ്ടാകും. ഒരവസരം വരുന്നത് വരെ കാത്തുസൂക്ഷിക്കുന്ന നമ്മെ അപ്പോൾ മാത്രം കൈവിടും.
എന്നാൽ കേശുപിള്ളയിൽ ഊറിക്കിടക്കുന്ന മറ്റു പലതുമുണ്ട്.
"അന്നവിടുന്ന് എറങ്ങുമ്പം ആ മതിൽക്കെട്ടിനകത്ത് ഇട്ടേച്ചു പോന്നതാ ഊമ്പിയ ജാതീം മതോം അതിന്റെ മഹത്തോം. അത്കൊണ്ടെന്തുനേണ്ടി ഇപ്പം കാറ്റും വെളിച്ചോമൊള്ള മണ്ണിൽ മനുഷ്യനായി ജീവിക്കുന്നു" ഓർമ്മകളിൽ നിന്നുണർന്ന് കേശുപിള്ള പറഞ്ഞു."
പച്ചയായ ജീവിതത്തിന്റെ നേർചിത്രമാണ് കുഞ്ഞാപ്പി എന്ന കഥാപാത്രം. കാലങ്ങളായി കേശുപ്പിള്ളകൂടെ നിഴൽപോലെ കൂടിയ കുഞ്ഞാപ്പി തന്റെ മുതലാളിയായ കേശുപ്പിള്ളയുടെ തളർച്ചയിലും വളർച്ചയിലും കൂടെ നിന്നിട്ടുണ്ട്, അവരുടെ ആത്മബന്ധവും അത്ര ആഴത്തിലായിരുന്നു.
ജാതീം മതോം ഒക്കെ ഉപേക്ഷിച്ചു എന്നു പറയുമ്പോഴും അതെല്ലാം ഉയർന്നത് ആയതുകൊണ്ട് ഒരിടത്തും ഒരു ബാധ്യതയാകാതെ കൂടെയുണ്ട് എന്ന് കുഞ്ഞാപ്പിക്ക് കേശുപ്പിള്ളയുടെ മുഖത്ത് നോക്കി പറയാൻ കഴിയുന്നത് ആ ആത്മബന്ധം കൊണ്ടാണ്.
"ഞാനെത്ര കൊല്ലവായി പിള്ളേച്ചന്റെ കൂടെക്കൂടീട്ട്. ഇന്നേവരെ എന്റേതല്ലാതത്തൊരു കാലണാ നെലത്ത് കെടന്നാ ഞാനെടുക്കുന്ന കണ്ടിട്ടുണ്ടോ, ഇല്ലല്ലോ. പിന്നെന്താ എന്നോടൊരു വിശ്വാസക്കൊറവ്."
"അങ്ങനെ ചോയിച്ചാ..." പിള്ളേച്ചന് ഉത്തരം മുട്ടി"
കുഞ്ഞാപ്പി ചോദിക്കുന്ന ഓരോ ചോദ്യവും അന്നത്തെ അവസ്‌ഥയുടെ യാഥാർഥ്യങ്ങളെ ചോദ്യം ചെയ്യൽ കൂടിയാണ്.
"ങാ... അതിന്റെ പേരാ ജാതി. വരിക്കമാലിയെന്ന തറവാട്ടുപേരും പിള്ളേച്ചനെന്ന വിളിപ്പേരുമാരുന്ന് നിങ്ങടെ മൊടക്ക് മൊതല്. അതങ് സമ്മതിച്ചാമതി"
ഇങ്ങനെ കുഞ്ഞാപ്പിയുടെ ചോദ്യങ്ങൾ പൊളിറ്റിക്കൽ കൂടിയാണ്. ഇത്തരം ചോദ്യങ്ങള് വളരേ ഭംഗിയായി കഥാപാത്രങ്ങളെ കൊണ്ട് ചോദിപ്പിക്കുന്ന ചാരുമാനം എന്ന പുതിയ കാലത്തെ കഥ ഒരു അടയാളപ്പെടുത്തൽ കൂടിയാണ്. കഴിഞ്ഞ കാലത്തിന്റെ ജീവിതചിത്രം വരച്ചുവെച്ചുകൊണ്ട് പുതിയ കാലത്തിന്റെ രാഷ്ട്രീയത്തെ കൂടി ഉൾച്ചേർക്കുന്നു. ഉന്നം തെറ്റാത്ത കഥകൾ പ്രിൻസ് അയ്മനം എന്ന എഴുത്തുകാരനിൽ നിന്നും നമുക്കിനിയും പ്രതീക്ഷിക്കാം.
______________
Sculpture by An Xian
 
 
ഒരു വ്യക്തി, '#കഥായുവത്വം 104 പ്രിൻസ് അയ്‌മനം' എന്ന് കാണിക്കുന്ന ടെക്‌സ്‌റ്റ് എന്നിവ എന്നതിന്റെ ഒരു ചിത്രമായിരിക്കാം
 

No comments:

Post a Comment