Wednesday 11 August 2021

കാലികചരിത്രം അടയാളപ്പെടുത്തുന്ന കഥകൾ

 

 

ഭക്ഷണം എന്നതിന്റെ ഒരു ചിത്രമായിരിക്കാം

 

എൻ.എസ് മാധവന്റെ കഥകളിലൂടെ ഫൈസൽ ബാവ

എൻ എസ് മാധവന്റെ കഥകളിലൂടെ സഞ്ചരിക്കുമ്പോൾ കാലികചരിത്രത്തിലൂടെ കൂടിയാണ് സഞ്ചരിക്കുന്നത്. വർത്തമാനത്തിലെ നിലവിളികൾ നാളെക്കുള്ള മുന്നറിയിപ്പായി കഥയാകുന്നു. തിരുത്തലുകളിലേക്ക് വിരൽ ചൂണ്ടുന്ന കഥകൾ, ആഖ്യാനത്തിന്റെ അത്ഭുതമാകുന്ന കഥകൾ, ഓരോ കഥയും ഓരോ ലോകത്തേക്ക് കടന്നുചെല്ലുന്നു. ഭൂമിയും ആകാശവും ഐതിഹ്യവുമൊക്കെ കഥകളിൽ ഉൾച്ചേർന്നു നിൽക്കുന്നു.
'തീരുത്ത്' എന്ന കഥ ഇന്ത്യൻ ചരിത്രത്തിൽ മായാതെ കിടക്കും. ഇന്ത്യകണ്ട ഏററവും കറുത്ത ദിനമായ 1992 ഡിസംബർ 6 ഞെട്ടിക്കുന്ന ഓർമയായി നമ്മളിൽ എത്തും ചുല്യാറ്റിന്റെ പേന ചാട്ടുളിപോലെ വെട്ടിമാറ്റി തിരുത്തിയ വാക്ക് അന്നും ഇന്നും ഒരോർമ്മപ്പെടുത്തലായി ഇന്ത്യാ ചരിത്രത്തിൽ മുഴച്ചു നിൽക്കും.
"ചുല്യാറ്റ് കുനിഞ്ഞുനിന്നു മേശപ്പുറത്തു പരത്തിവെച്ച പ്രധാനവാർത്തയ്ക്കു സുഹ്റ തലക്കെട്ടായി കമ്പ്യൂട്ടറിൽ ടൈപ്പ് ചെയ്തിരുന്ന 'തർക്കമന്ദിരം തകർത്തു' എന്നതിലെ ആദ്യത്തെ വാക്ക് ഉളിപോലെ പേന മുറുക്കിപ്പിടിച്ചു പലതവണ വെട്ടി. എന്നിട്ട് വിറയ്ക്കുന്ന കൈകൊണ്ട്, പാർക്കിൻസണിസത്തിന്റെ ലാഞ്ഛ കലർന്ന വലിയ അക്ഷരങ്ങളിൽ വെട്ടിമാറ്റിയ വാക്കിന്റെ മുകളിൽ എഴുതി: 'ബാബരി മസ്ജിദ്'."
എക്കാലത്തും മറക്കാനാവാത്ത ഒരു കഥയായി, അതിലുപരി ജനാധിപത്യത്തെ കശാപ്പു ചെയ്ത ദിനത്തിന്റെ ഓർമ്മയായി ചരിത്രത്തിലെന്നും വേദനിപ്പിച്ചു നിൽക്കും.
"അസീസ് ലോകത്തിനെ അറിഞ്ഞിരുന്നത് അയാളുടെ കുട്ടിക്കാലം കൊണ്ടായിരുന്നു. ഒന്നാലോചിച്ചുനോക്കിയാൽ എല്ലാവരും അങ്ങനെയായിരിക്കും; ആദംനബി ഒഴിച്ച്. ആദിമനുഷ്യനായതുകൊണ്ട് ആദമിന് ബാല്യം ഇല്ലായിരുന്നു. (പോരാത്തതിന് പൊക്കിൾകുഴിയും.ഹ ഹ ഹ അസീസ് ഉള്ളിൽ ചിരിച്ചു) കുട്ടിക്കാലത്തെ ഓർമ്മിപ്പിച്ചിരുന്ന ബോംബെ അയാൾക്ക് ഇഷ്ടമായിരുന്നു. നാട്ടിലെ മട്ടാഞ്ചേരി അടിച്ചു പരത്തിയാൽ ബോംബെ കിട്ടും." ഇങ്ങനെയാണ് മുംബയ് എന്ന കഥ തുടങ്ങുന്നത്
ജന്മകൊണ്ടല്ല മതം കൊണ്ടാണ് പൗരത്വമുറപ്പിക്കേണ്ടതെന്ന കറുത്ത വിധിക്ക് ഭയത്തോടെ കാത്തിരിക്കുന്നകാലത്ത് ഈ കഥയ്ക്ക് ഏറെ പ്രസക്തിയുണ്ട്.
റേഷൻ കാർഡ് ലഭിക്കാൻ അപേക്ഷയുമായി ഉദ്യോഗസ്ഥ പ്രമീള ഗോഖലെയുടെ മുന്നിൽ അസീസ് എത്തുന്നതാണ് കഥ. മലപ്പുറം ജില്ലയിലെ പാങ് ഇന്ത്യൻ മാപ്പിൽ ഇല്ല, പിന്നെ അസീസിന്റെ കയ്യിൽ ഇന്ത്യകാരനാണ് എന്നു തെളിയിക്കാൻ മറ്റു മാർഗങ്ങൾ ഒന്നുമില്ല.
"ഇത് നല്ല കളി. ഒരു ദിവസം ഉറക്കത്തിൽ നിങ്ങൾ വിളിച്ചുണർത്തി ഇന്ത്യാക്കാരിയാണെന്ന് തെളിയിക്കാൻ പറഞ്ഞാൽ സഹോദരി എന്ത് ചെയ്യും?. അസീസിന്റെ ശബ്ദം ഉയർന്നു. പെട്ടെന്ന് അരവാതിലിന്റെ അപ്പുറത്തുനിന്ന് അസംഖ്യം കാലുകൾ ശബ്ദിക്കുന്നത് അസീസ് കേട്ടു. പ്രമീളയുടെ മുറിയുടെ ജനലിൽ കൂട്ടംകൂടി കുറേപ്പേർ നിൽക്കുന്നുണ്ടായിരുന്നു. അവരുടെ മുഖങ്ങളിലൂടെ അരിശം ഒരു കാർമേഘം പോലെ അടന്നുപോകുന്നതും അസീസ് കണ്ടു."
"ഞാനെന്റെ പേരു പറയും. അത്രതന്നെ. എന്റെ ചരിത്രവും ഭൂമിശാസ്ത്രവും എന്റെ പേരുതന്നെയാണ്. പ്രമീള ഗോഖലെ മഹാരാഷ്ട്രക്കാരി, ഹിന്ദു, ചിത്പവൻ ബ്രാഹ്‌മണൻ; മനസ്സിലായോ?" ഇത് പറയുമ്പോഴും പ്രമീള കാമുകിയെപ്പോലെ സ്വാകാര്യം പറയുകയായിരുന്നു. അവരുടെ ഉയർത്താത്ത ശബ്ദം അസീസിനെ പേടിപ്പിച്ചു"
പൗരത്വ ബില്ല് പേടിപ്പിക്കുന്ന ഒന്നായി നിൽക്കുന്ന ഈ കാലത്ത് മുംബയ് എന്ന കഥയുടെ പ്രസക്തി വർധിക്കുന്നു.
എൻ.എസ് മാധവന്റെ 'നിലവിളി' എന്ന കഥയും ഒരു ഇരുണ്ട ഓർമ്മപ്പെടുത്തലാണ്. പേടിച്ചു കൈകൂപ്പി നിറ കണ്ണുകളോടെ ജീവനുവേണ്ടി കേഴുന്ന കുത്ത്ബുദ്ദീൻ അൻസാരി എന്ന 29 കാരന്റെ മുഖം ഒരു ഇന്ത്യക്കാരനും മറക്കാനാകില്ല. ആ മുഖം ഒരു അടയാളമായി മാറുകയായിരുന്നു.
"എന്നാൽ ഞാൻ കുത്ത്ബുദ്ദീൻ അൻസാരി, അടുത്തകാലത്ത് ഒരു ചിഹ്നമായി. ദില്ലിക്ക് ഇന്ത്യാഗേറ്റ്പോലെ, ജയ്പൂറിനു ഹവാ മഹൽ പോലെ, കൊൽക്കത്തയ്ക്ക് ഹൗറ ബ്രിഡ്ജപോലെ, മുംബയ്ക്ക് ഗേറ്റ് വേ ഓഫ് ഇന്ത്യ പോലെ അഹമ്മദാബാദിന് ഒരു ചിഹ്നമുണ്ടായിരുന്നില്ല. ചിഹ്നമില്ലാത്ത നഗരങ്ങൾക്ക് മുഖമില്ല. ഗാന്ധിജിയുടെ സബർമതി ആശ്രമം അഹമ്മദാബാദിന്റെ ചിഹ്നമാകാഞ്ഞത് അതിന് എടുപ്പ് ഇല്ലാത്തതു കൊണ്ടായിരുന്നു"
ഗുജറാത്ത് കലാപകാലത്തിന്റെ നിലവിളി ശരിക്കും കേൾക്കാവുന്ന കഥ
'നാനാർത്ഥം' എന്ന കഥ വായിക്കുമ്പോൾ സമകാലിക രാഷ്ട്രീയ മുഖങ്ങളിൽ പലതിനോടും സാമ്യം തോന്നുക സ്വാഭാവികം. അത്രമാത്രം ആഴത്തിൽ ഉള്ള ഒരു തുറന്നെഴുത്താണ് ഈ കഥ. വർഗീയ ഫാസിസ്റ്റ് സംഘടനയുടെ ത്വത്തികാചാര്യനായ അച്യുതൻ നായർ കാണാതായ മകനെ തേടി ഇറങ്ങുന്നതാണ് കഥ. ബീഹാറിലെ വനാന്തരങ്ങളിലെവിടെയോ അഘോരിയായി മാറിയ ദയാനന്ദൻ എന്ന മകനെ അന്വേഷിച്ചിറങ്ങുമ്പോൾ നിലവിലെ ഇന്ത്യൻ രാഷ്ട്രീയ അവസ്ഥ കൂടി വായിച്ചെടുക്കാം.
"നാഗേന്ദ്രമിശ്ര അച്യുതൻ നായരെ പരിചയപ്പടുത്തി. കേരളത്തിൽ നിന്നാണ് അയാൾ എന്നു കേട്ടപ്പോൾ 'വിദ്രോഹി'യുടെ മുഖത്തു ജിജ്ഞാസ പടർന്നു. അയാൾ ചോദിച്ചു "നിങ്ങൾ ഈ മിശ്രാജിയെപ്പോലെ ആയിരിക്കില്ല, അല്ലേ"
"ആയിരുന്നു. നാഗ്പൂരിലായിരുന്നു ഔദ്യോഗിക ജീവിതം. ഞങ്ങളുടെ ബുദ്ധിജീവിയായിരുന്നു. വേദപുരാണങ്ങളും സവർക്കറും സംസ്കൃതവും എല്ലാം പഠിച്ചിട്ടുണ്ട്" നാഗേന്ദ്രമിശ്ര പറഞ്ഞു". മറ്റുകഥകളിൽ നിന്നും ഈ കഥ വേറിട്ടു നിൽക്കുന്നത് വിഷയം അവതരിപ്പിച്ച തീവ്രത കൊണ്ടാണ്.
ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിനെ തുടർന്ന് ഡല്ഹിയിലുണ്ടായ സിക്ക് കൂട്ടക്കൊലയെ കുറിച്ച് രാജീവ് ഗാന്ധി നടത്തിയ ഒരു വൻമരം വീണാൽ അതിനടിയിൽ പുൽകൊടികൾ ചതഞ്ഞരയുന്നത് സാധാരണമാണ്
എന്ന വിവാദ പ്രസ്താവനയുണ്ടാക്കിയ അലയൊലി വർഷങ്ങൾ കഴിഞ്ഞിട്ടും മാറിയിട്ടില്ല. വൻമരങ്ങൾ വീഴുമ്പോൾ എന്ന കഥ ആ കാലത്തെ തുറന്നു വെക്കുന്നു.
ഇതിഹാസ ഗോൾ കീപ്പർ ഹിഗ്വിറ്റയെ ലോകത്തിനു മറക്കാനാകില്ല. മലയാളിക്ക് ഹിഗ്വിറ്റയെന്ന കഥയും. ഗാലറിയിൽ നിന്നെന്ന പോലെ ഗീവറീതേ..ഗീവറീതേ എന്ന വിളിയുടെ ആവേശത്തോടെ ജബ്ബാറിന്റെ തലക്ക് ഗീവറീതച്ചൻ കൊടുത്ത കിക്ക് മലയാള കഥാ ലോകത്തെ കഥാഖ്യാനത്തിന്റെ അത്ഭുതമായിരുന്നു. മലയാളത്തിലെ എക്കാലത്തെയും മികച്ച കഥകളിൽ ഒന്ന്.
ലേഡീസ് നാപ്കിൻ വിൽക്കാൻ ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ സെയിൽസ് മാനായിഎത്തുന്ന ശിവന്റെ അവസ്ഥയിലൂടെ ഒരു ഇന്ത്യൻ യുവാവിന്റെ അവസ്ഥയേയാണ് 'ബിയാട്രീസ്' എന്ന കഥയിലൂടെ പറയുന്നത്.
മകൻ പുരൂവരസിന്റെ യൗവ്വനം സ്വീകരിച്ച് തന്റെ ഭാര്യയായ ശർമിഷ്ഠയുടെ അടുത്തെത്തുമ്പോൾ ശർമിഷ്ഠയുടെ ആശങ്കയാണ് 'ശർമിഷ്ഠ'യെന്ന കഥ.
ബഹിരാകാശത്തു നിന്നും തിരിച്ചെത്തുമ്പോൾ തന്റെ രാജ്യം ശിഥിലമായി ഇല്ലാതായ അവസ്ഥയിലൂടെ സോവിയറ്റ് യൂണിയന്റെ തകർച്ച വരച്ചുവെച്ച 'നാലാംലോകം',
ചൂളൈമേട്ടിലെ ശവങ്ങൾ, കാർമൻ, കപ്പിത്താന്റെ മകൾ, കാണി, ആയിരത്തിരണ്ടാമത്തെ രാവ്, മുയൽ വേട്ട, പാല് പിരിയുന്ന കാലം... ഇങ്ങനെ എൻ എസ് മാധവന്റെ കഥാലോകം ഒരത്ഭുതമാണ്.
കഥകളിലൂടെ കാലിക ചരിത്രം അടയാളപ്പെടുത്തികൊണ്ടിക്കിരികയാണ് ഇന്നും എൻ.എസ് മാധവൻ. പാല്‌പിരിയുന്ന കാലം എന്ന ലാലു പ്രസാദ് യാദവിനെ പ്രസംഗവരിയെ സമകാലിക രാഷ്ട്രീയ സംഭവങ്ങളുമായി ചേർത്തു വെച്ചുകൊണ്ട് കഥയിൽ ഇന്ത്യയിലെ രാഷ്ട്രീയ ചരിത്രത്തെ നാളേക്കായി ഒരുക്കി വെക്കുന്നതിലൂടെ കഥ ഇക്കാലത്തേയ്ക്കുമുള്ള ഒരു ഓർമ്മപ്പെടുത്തലായി മാറുന്നു. മലയാള കഥാലോകത്ത് എൻ.എസ് മാധവൻ എന്ന വന്മരം തലയെടുപ്പോടെ ഇന്നും നിൽക്കുന്നു.

 

ഒരു വ്യക്തി, ഭക്ഷണം, '#കഥായുവത്വം എൻ എസ്. മാധവൻ' എന്ന് കാണിക്കുന്ന ടെക്‌സ്‌റ്റ് എന്നിവ എന്നതിന്റെ ഒരു ചിത്രമായിരിക്കാം

 

No comments:

Post a Comment