Saturday, 8 September 2018

വീടും കൂടും

മിനിക്കഥ 


പ്രളയത്തിൽ വീട് പൂർണ്ണമായും തകർന്ന അയാൾ വില്ലേജ് ഓഫീസിൽ പുതിയ വീട് നിർമ്മിക്കാൻ  അപേക്ഷ കൊടുത്തു ഇറങ്ങി, വില്ലേജ് മുറ്റത്ത് വീട് നഷ്ടപ്പെട്ടതും അതുണ്ടാക്കാൻ നേരിട്ട  കഷ്ടപ്പാടും ഓർത്ത് സിഗരറ്റിനു തീ കൊളുത്തി. 

മരത്തിൽ നിന്നും പക്ഷി കാഷ്ഠിച്ചത് അയാളുടെ വെള്ള ഷർട്ടിൽ തന്നെ വീണു, ദേഷ്യത്തിൽ മേലേക്ക് നോക്കി 
"നാശംപിടിച്ച ഈ കിളിക്കൂടുകൾ"  
അയാൾ ടവ്വൽ എടുത്തു തുടച്ചു. 

വില്ലേജിന്റെ പടിക്കൽ പൊതുജനങ്ങൾക്ക് ശല്യമായ  പക്ഷിക്കൂടുകൾ നിറഞ്ഞ ഈ മരം മുറിച്ചുമാറ്റണം എന്ന ഒപ്പുശേഖരത്തിൽ അയാളും  ഒപ്പുവെച്ചു.  Tuesday, 4 September 2018

കഥ തേടുന്ന കടലും, കടൽ കടന്ന കഥയും

പുസ്തക പരിചയം

കഥയിലെ കടൽ
(കഥാസമാഹാരം)
ബഷീർ മേച്ചേരി


പ്രകൃതിയുമായി സംഭാഷണതിലേർപ്പെടുന്ന ഒരു രസവിദ്യ കഥകളിൽ ഉൾപ്പെടുത്തി പച്ചപ്പ് സൂക്ഷിക്കുന്ന കഥാകൃത്താണ് ബഷീർ മേച്ചേരി.  നാഗരികതയുടെ തിരക്കുകൾ ചേർത്തു പറയുംപോളും അകലെ ജീവിതത്തിൽ ചാഞ്ഞു കിടന്നിരുന്ന ഒരു ഗ്രാമാന്തരീക്ഷത്തെ തൊടാൻ വെമ്പുന്ന ഒരു മനസ് കഥകളിൽ കാണാം. 
ബഷീർ മേച്ചേരിയുടെ പുതിയ കഥാ സമാഹാരമാണ് കഥയിലെ കടൽ.
ഏറെ കാലം ഗൾഫ് മേഖലയിൽ ജീവിച്ച ഒരെഴുത്തുകാരൻ ആ ഭൂമികയിൽ നടത്തുന്ന സസൂക്ഷ്മമായ നിരീക്ഷണത്തിന്റെ പ്രതിഫലനം പ്രാണൻ എന്ന കഥയിൽ കാണാം. 
അടിമുടി ഒരു ഗൾഫ് ലോകത്തെ കഥയാണ് പ്രാണൻ. ജോലിക്കായി ഇവിടെ എത്തിയവരുടെ താരതമ്യങ്ങൾ പലതും ജീവിതത്തോട് അത്ര യോജിച്ചതല്ല. പലർക്കും ആഴമേറിയ ജീവിതത്തെ മാറ്റി നിർത്തി പുറംമോടിയിലാണ് താല്പര്യം. എന്നാൽ ഈ പ്രത്യാശാ മുനമ്പിൽ ഉള്ള പ്രകാശ നഷ്ടങ്ങളാണ്  ഈ കഥയിലെ ദിലീപനും അഹമ്മദ്ക്കയും.  നാട്ടിലേക്ക് വെള്ളയിൽ പൊതിഞ്ഞു കൊണ്ടുപോകുന്ന ശരീരമാണെങ്കിൽ കൂടി എന്തിനായിരുന്നു ഈ ജീവിതമെന്ന ചോദ്യം മീസാൻ കല്ലായി കുത്തി മറവിയുടെ ലോകത്തേക്ക് മാഞ്ഞു പോകുന്ന ജീവിതങ്ങൾ. നഗരത്തിലെ പാർശ്വവത്കരിക്കപ്പെട്ട ജീവിതമാണ് പലരുടെയും. ജീവിതം ഇത്രയേറെ ഭാരമേറിയതാണ് എന്ന് അനുദിനം തിരിച്ചറിയുന്ന നിസ്സാഹരായവരുടെ പ്രാണൻ ആണ് ഈ കഥ. 
"എല്ലാ ദിവസവും ഉറങ്ങാൻ കിടക്കുമ്പോൾ പിറ്റേന്ന് അതിരാവിലെത്തന്നേ എഴുന്നേൽക്കണമെന്നു ദിലീപൻ ആഗ്രഹിക്കും ഉള്ളിലുറപ്പിക്കും" ഇങ്ങനെയാണ് കഥ തുടങ്ങുന്നത് നാട്ടിൽ നിന്നും കൊണ്ടുവന്ന പുസ്തകങ്ങൾ തുറന്നു നോക്കാനോ ഒന്നു അലഞ്ഞു നടക്കാനോ സാധിക്കാതെ എണ്ണയിട്ട യന്ത്രം പോലെ ജീവിക്കുന്നവരുടെ കൂട്ടവാസം ഉള്ള ഇടമണല്ലോ ഗൾഫ്. അവനവനു മാത്രം മനസിലാകുന്ന വേദനകൾ പേറുന്നവർ. 
"ആരെങ്കിലും ഇതൊക്കെ കേട്ടാൽ വിശ്വസിക്കുമോ? ഒന്നു പുറത്തിറങ്ങി നടന്നുവരാനും ഇത്രയൊക്കെ തയ്യാറെടുപ്പുകൾ വേണോ? അതേ , ഇവിടെ മരുഭൂമിയുടെ നാട്ടിൽ ഇങ്ങെയൊക്കെയാകുന്നു." ഈ മരുഭൂമിയിൽ വാസിക്കുന്നവരുടെ ഗതികേടും അതുതന്നെ. പറഞ്ഞാലും ആരും വിശ്വസിക്കാത്ത ഉറ്റവർ പോലും തിരിച്ചറിയാത്ത ജീവിതത്തിന്റെ കഥയാണ് പ്രാണൻ. അധികമാരും പറയാത്ത ഗ്രോസറിജീവനക്കാരുടെ രാവും പകലും ഓടിയും കയറിയും ഇറങ്ങിയും ഉള്ള ജീവിതത്തിന്റെ നേർ ചിത്രം. അഹമ്മദ്ക്കയുടെ വിയോഗം വേദന നൽകുന്നതോടൊപ്പം ഈ മണ്ണിൽ ജീവിക്കുന്നരുടെ പലരുടെയും അനുഭവത്തിലൂടെ ആ പ്രാണൻ കടന്നുപോകുന്നുണ്ടാകാം. 

കരിമ്പല്ലികളുടെ ദ്വീപ് എന്ന കഥയിൽ  സാധ്യകളുടെ ആകാശം തേടി അലയുന്ന ഒരാളെ നമുക്ക്  കാണാം. നാഗരിക ജീവിതത്തിന്റെ പ്രതിനിധിയാണ് ആൽബർട്ട് കാപ്പൻ കാവീട്. UTI ബാധിച്ച ആൽബർട്ട് തിരക്കേറിയ ജീവിത ഭാരം അയാൾ അതുവരേ നേടിയെടുത്ത അഭിമാനത്തെ പോലും ഇല്ലാതാക്കി അവസാനം നെല്ലിക്ക തിന്നാൽ ആദ്യം കയ്ക്കും എങ്കിലും പിന്നെ വെള്ളം കുടിച്ചാൽ മധുരിക്കും എന്ന മലയാളത്തിന്റെ പച്ചപ്പുള്ള പഴഞ്ചൊല്ല് സമകാലിക ലോകത്തെ ജീവിതത്തെ തുറന്നു വെച്ച് അവതരിപ്പിക്കുമ്പോൾ മരുഭൂ ജീവിതത്തിൽ നേരിടേണ്ട ഒറ്റപ്പെടൽ അനുഭവിക്കാൻ സാധിക്കുന്നു. 
കാപ്പൻ അനുഭവിക്കുന്ന മൂത്രശങ്ക  ഈ തിരക്കേറിയ ജീവിത്തിൽ വിവിധ രീതികളിൽ ഓരോരുത്തരും അനുഭവിക്കുന്ന ശങ്ക തന്നെയാണ്. ഏറെക്കുറെ ടെക്കികൾ അനുഭവിക്കുന്ന അവസ്ഥ. മൂത്രം തൊണ്ടിമുതൽ ആകുന്ന കാലം.
"ഭയപ്പാടോടെ, നഗരപാതകൾ വിട്ട് അയാൾ ഉൾപ്രദേശത്തേക്ക് നടന്നു. 
മങ്ങിയ വെളിച്ചമുള്ള മണൽ പാതയിലെ ചെറു മരങ്ങൾക്കു ചോട്ടിലൂടെ അലഞ്ഞു. 
പാൻസിന്റെ  പോക്കറ്റിൽ റാഷിദ് നൽകിയ നെല്ലിക്ക കയ്യിൽ തടഞ്ഞു. നെല്ലിക്ക വായിലിട്ട് അയാൾ കുറേശ്ശേ ചവച്ചിറക്കി. ഇലകളുറങ്ങിയ ഒരു മരത്തിന്റെ താഴെ അയാൾ ആകാശം നോക്കി നിന്നു. ചാരനിറമാർന്ന ആകാശത്ത് വിളറിയ മഞ്ഞച്ചന്ദ്രൻ..." ഇങ്ങനെ നഗരമാധ്യത്തിൽ തിരക്കുകൾക്കിടയിലും ഏതൊരു മനസും തന്റെ ഉള്ളറിഞ്ഞ ഗ്രാമത്തിലൂടെ നടക്കാൻ വെമ്പുന്ന ഒരു മനസ് തന്നെ പുണരുന്നുണ്ടായിരിക്കും. ആഡംബര ഫ്‌ളാറ്റിൽ ആധുനികതയുടെ എല്ലാ സൗകര്യങ്ങളും നിറഞ്ഞ ലോകത്തിലും നാടൻ ലുങ്കി മടക്കിക്കുത്തി ഓർമ്മകളിലേക്ക് നടക്കാനുളള  ത്വര കരിമ്പല്ലികളുടെ ദ്വീപിൽ നമുക്ക് കാണാം. 

ജീവിതം പോലെ ഒരു കാഴ്ചയാണ് കടലും, ആഴമേറിയ കാഴ്ച.  കഥയിലെ കടൽ എന്ന കഥയിൽ നഗര ജീവിതം തന്നെയാണ് വിഷയം.  നഗര ജീവിതം നയിക്കുന്ന രാമാനുജം രാധിക ദമ്പതിമാരുടെ കാഴ്ചകളിലൂടെ നീളുന്ന കഥ, പുറം കാഴ്ചകൾ വിവിധ രൂപത്തിൽ മലയാള കഥകളിൽ വന്നിട്ടുണ്ട്. കഥയിലെ കടലിലും ഇതുപോലൊരു കാഴ്ചയാണ്.  "പുറത്ത് റോഡിൽ നിന്ന് സാകൂതം റസ്റ്റോറന്റിലേക്ക് നോക്കിനിൽക്കുന്ന ഒരു കുട്ടി. യൂണിഫോമിലാണ്. മൂന്നാം ക്ളാസിലോ നാലിലോ ആകാനുള്ള പ്രായം. തോളിൽ ബാഗ്. സിനിമാനടന്റെ പൂര്ണകായ ചിത്രങ്ങൾ നോക്കിനിൽക്കുകയാണ്. ഒപ്പം കറുത്തു മെല്ലിച്ച ഒരാളും. വെയിലേറ്റ് കരുവാളിച്ച മുഖം. കുഴിലാണ്ട കണ്ണുകൾ. ചീകിവെക്കാത്ത എണ്ണ മായമില്ലാത്ത തലമുടി. അയാൾ ഒരു കൃഷിക്കാരനായിരിക്കണം. ആ കുട്ടി അയാളുടെ മകനും.... രാധിക അപ്രകാരം ഊഹിച്ചു" രാധിക തന്റെ ജീവിതത്തിൽ നിന്നും മാറി പുറത്തെ കാഴ്ചകൾ കാണുകയും താൻ കണ്ട ദുഃസ്വപ്നത്തോളം കൂട്ടി കെട്ടുകയും ചെയ്യുന്നു. തിയ്യറ്ററിൽ സിനിമ കാണുമ്പോളും രാധികയെ അലട്ടുന്നത് പുറത്തു കണ്ട കാഴ്ചയാണ് അർദ്ധ നഗ്നയായ നടിയെ നോക്കി നിൽക്കുന്ന അയാൾ ആ കുട്ടിയെ ശ്രദ്ധിക്കുന്നിവോ എന്ന ആകുലത. ശരീരം മാത്രം മാറി തിയറ്ററിൽ കാണുള്ള ആളിലും ആ മുഖം കാണുമ്പോൾ രാധിക പൊട്ടിത്തെറിക്കുന്നു
"എവിടെ? നിന്റെ മോനെവിടെ? കുട്ടിയെ സ്കൂളിലാക്കാതെ നീ നഗരം തെണ്ടാനിറങ്ങി അല്ലേ? എവിടെ, അവനെവിടെ...?"
കാണുന്നത് മാത്രമല്ല തോന്നലുകളും കാഴ്ചയാണ്..രാധിക കാണുന്നത് വെറും കാഴ്ചകൾ അല്ല ജീവിത ചിത്രങ്ങൾ തന്നെയാണ് കഥ പറയുന്ന കടൽ പോലെ.
പരേതരുടെ ലോകം എന്ന കഥയിലെ അനസിന് ഭൂമിയെ പറ്റി മിണ്ടിപറയാൻ ആരുമില്ല. യന്ത്ര സമാനമായ തിരക്കേറിയ ജീവിതത്തിന്റെ നിസ്സഹായതയാണിത്. മണൽ നഗരത്തിലെ ഒറ്റപ്പെടൽ എന്നത് അനുഭവിച്ചവർക്ക് അനസിന്റെ ചോദ്യം പെട്ടെന്ന് പിടികിട്ടും. ഫോണിന്റെ റസീവറിലൂടെ കേൾക്കുമ്പോൾ ഉണ്ടാകുന്ന ഒരു തണുപ്പുണ്ട്, ചുട്ടുപൊള്ളുന്ന മണൽകാറ്റിൽ ചെവിയിലൂടെ ഇറങ്ങി ശരീരമാസകലം നിറയുന്ന നാടിന്റെ ഒരു കുളിർമ്മ. അസ്‌റയുടെ ശബ്ദം കേൾക്കുമ്പോൾ അനസിന് തോന്നുന്നത് ആ കുളിർമയല്ല, അസ്ര മനുഷ്യർ പോരാടിച്ചു ആകാശത്തിനു പോലും ചുവപ്പു നിറമായി മാറിയ ഭൂമികയിലേ പുത്രിയാണ്. ഓരോരുത്തരും അഭയാർഥികൾ ആകുന്ന ലോകത്ത് മനുഷ്യർക്ക് തിരിച്ചറിയാൻ രാഷ്ട്രത്തിന്റെ മനുഷ്യ നിർമ്മിത അതിർത്ഥികൾ ഒരു തടസമേ അല്ല. ബഷീർ മേച്ചേരിയുടെ കഥകളിലൊക്കെ ഇലമണം ശ്വസിക്കാൻ വെമ്പുന്ന മനസുള്ളവരെ കാണാം സെൽഫോൻ ആകാശത്തേക്ക് വലിച്ചെറിഞ്ഞു മൈനകളുടെ സംഭാഷണങ്ങൾക്ക് കാതോർക്കുന്നത് അതുകൊണ്ടാണ്. അതേ ഈ  പരേതരുടെ   ലോകത്ത് ജീവിച്ചവർക്കൊക്കെ ഉണ്ടാവുന്ന അനുഭവം. 


"മരിച്ചവരുടെ സംഭാഷണശകലങ്ങളാണ് രാത്രി സ്വപ്നത്തിൽ ഒച്ചയില്ലാതെ അടർന്നു വീണുകൊണ്ടിരിക്കുന്നത്..." ഉറുമ്പുകളുടെ ഉറക്കം എന്ന കഥ തുടങ്ങുന്നത് ഇങ്ങനെയാണ്. ആഖ്യാനത്തിൽ വ്യത്യസ്തമായ ഈ കഥയെ കൂടാതെ തലവേട്ടയുടെ കളികൾ, പ്രേത വാഴ്ച, എന്റെ തത്തയെ ആരാണ് കൊന്നത്?, നാമാവശേഷം, താപനം, യുറേനിയ, വൈറസ്, ഒറ്റ്, കുരുതി, വംശനാശം തുടങ്ങിയ 15 കഥകൾ അടങ്ങിയ സമാഹാരമാണ് ബഷീർ മേച്ചേരിയുടെ കഥയിലെ കടൽ. 
ആഗോളീകരണത്തിന്റെ കാലത്ത് സമൂഹത്തിലെ സങ്കീർണ്ണതകളെ, മാനുഷിക ബന്ധങ്ങളിലെ വിള്ളലുകളെ, നവമുതലാളിത്തം ശീലിപ്പിച്ചു കൊണ്ടിരിക്കുന്ന ജീവിതക്രമവും ചൂഷണങ്ങളെ, യുദ്ധം നൽകുന്ന കറുത്ത ചിത്രങ്ങൾ, ആണവ ഭീകരതയുടെ കച്ചവടവും ഭീതിയും, പ്രവാസത്തിലെ വിഹ്വലതകളെയൊക്കെ സമകാലിക ജീവിതത്തോട് ചേർത്തുവെച്ചു കഥ പറയുമ്പോളും, ഏതൊരു മനസിലും ഉള്ളിന്റെ ഉള്ളിൽ കിളിർക്കുന്ന പച്ചപ്പിനെ കഥയുടെ പ്രതലത്തിൽ നിരത്തിവെച്ചു പച്ചയായ ജീവിതത്തെ ആവിഷ്കരിക്കുന്നു എന്നതാണ് ബഷീർ മേച്ചേരിയുടെ കഥകളുടെ പ്രത്യേകത.  അമ്മയായോരമ്മ, ഇലമണം ശ്വസിക്കാൻ എന്നീ രണ്ടു സമാഹാരങ്ങൾക്ക് ശേഷം ഇറങ്ങിയ കഥയിലെ കടൽ എന്ന ഈ സമാഹാരവും പ്രതീക്ഷ നിലനിർത്തുന്നു. 
______________________________________________________________
കഥയിലെ കടൽ
(കഥാസമാഹാരം)
ബഷീർ മേച്ചേരി
സൈതകം ബുക്ക്സ്
പേജ് 126. വില 110 ₹

(സിറാജ് ഞായറാഴ്ച 2/8/2018)