വായനാനുഭവം
(കെപി രാമനുണ്ണിയുടെ മുഖലക്ഷണവും, ടിവി കൊച്ചുബാവയുടെ ഭാവിയിലെ പോലീസുകാരനും എന്നീ പൊലീസ് വിഷയമായ കഥകളുടെ വായനാനുഭവം)മലയാള ചെറുകഥാ ലോകത്ത് തങ്ങളുടേതായ ഇടം സൃഷ്ടിച്ച എഴുത്തുകാരാണ് കെപി രാമനുണ്ണിയും, അകാലത്തിൽ നമ്മെ വിട്ടുപോയ ടിവി കൊച്ചുബാവയും. വളരെ വ്യത്യസ്തമായ രചനാ ശൈലികളാണ് രണ്ടുപേരുടെയും കഥകളെ പ്രസക്തമാക്കുന്നത്. ടിവി കൊച്ചുബാവയുടെ 'ഭാവിയിലെ പോലീസുകാരൻ' കെപി രാമനുണ്ണിയുടെ 'മുഖലക്ഷണം' എന്നീ രണ്ടു കഥകളിലൂടെ ഒരു യാത്ര. രണ്ടു കഥകളിലും പോലീസുകാരാണ് കഥാപാത്രം എങ്കിലും തീർത്തും വ്യത്യസ്ഥമായ കഥകളാണ് രണ്ടും.മുഖം മനുഷ്യന്റെ കണ്ണാടിയാണ് എന്ന പഴഞ്ചൊല്ല് പറയാത്ത മലയാളികൾ ഉണ്ടാകില്ല. മുഖം നോക്കി ലക്ഷണം പറയുന്ന വിദ്യയെ സത്യമെന്നു കരുതി കൂടെ കൊണ്ടുനടക്കുന്നവർ കൂടിയാണല്ലോ മലയാളികൾ. ഈ വിചാരങ്ങൾക്കിടയിലാണ് കെപി രാമനുണ്ണിയുടെ മുഖലക്ഷണം എന്ന കഥയുടെ പ്രസക്തി. നിഷ്കളങ്കത അടങ്ങിയ സുന്ദരമായ മുഖം ഒരു ഐപിഎസ് ഉദ്യോഗസ്ഥന് ചേരില്ല, പോലീസ് കാർക്കശ്യം ആ മുഖത്ത് പറ്റിച്ചു വെച്ചാലെ പൊലീസാകൂ എന്ന തെറ്റിദ്ധാരണയെയാണ് കഥയിൽ ചൂണ്ടികാണിക്കുന്നത്. കയ്പ്പും നീരും നിറഞ്ഞ ജീവിത യാഥാർത്ഥ്യങ്ങളുടെ കഥയായി മുഖലക്ഷണം മാറുന്നത് നമുക്ക് കാണാം. 6 എപ്പിസോഡായി ജീവിത്തിലേക്ക് തിരിഞ്ഞു നോക്കുന്ന മാധവവർമ്മയുടെ പോലീസ് ജീവിതം. ശസ്ത്രക്രിയക്ക് ടേബിളിൽ കിടക്കുമ്പോൾ ആണ് ഈ തിരിഞ്ഞു നോട്ടം. ഭീതിയോടെയാണു ജീവിത ത്തെ നേരിടുന്നത്. മുഖത്ത് ജന്മനാൽ എഴുതിച്ചേർക്കപ്പെട്ട യാഥാർഥ്യം ഔദ്യോഗിക ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്നു ഇക്കാര്യം തുറന്നു പറയുന്നു. ഉത്കണ്ഠകളായി വളരുകയും ഭയപ്പെടുത്തുന്നതും എങ്ങനെയെന്നു ഭ്രമാത്മകമായി എഴുതപ്പെട്ട കഥ.ലളിതമായ ആഖ്യാനരീതിയിൽ സങ്കീർണ്ണതകൾ നിറഞ്ഞ മാനസികാവസ്ഥകളെ ആവിഷ്കരിക്കാൻ ഈ കഥക്കാവുന്നുണ്ട്. ഉദ്യോഗസ്ഥൻ എന്ന നിലയിൽ മാധവ വർമ്മയുടെ ബുദ്ധിശക്തിയിലോ, കഴിവിലോ, പ്രവർത്തന ശേഷിയിലോ ഇച്ഛാശക്തിയിലോ ആർക്കും ലവലേശം സംശയം ഇല്ല. പിന്നെ അയാളെ നേരിടുന്ന പ്രശ്നമെന്താണ്? അതയാളുടെ സുന്ദരമായ ആ മുഖമാണ്."വലതു കവിളിന്റെ പള്ളയിൽ കഠിനമായൊരു വെട്ട് - സ്ഥയിയായൊരു അതൃപ്തിയും രോഷവും എപ്പോഴും അവിടെ തളംകെട്ടി നിർത്തിയിരിക്കുന്നു. ചുണ്ടിന്റെ ഓരത്ത് ചെങ്കുത്തായ ഇടിച്ചിറക്കം - എത്ര ചിരിച്ചാലും പുറത്തു വരാത്ത സൗഹൃദം. അവിടെ ചാടി ആത്മഹത്യചെയ്യുന്നു. തെക്കു വടക്കായി ദിശ തിരഞ്ഞു നിൽക്കുന്ന കൃഷ്ണമണികൾ - കൊങ്കണ്ണിന്റെ ആ ദുർഘടവീഥി കളിലൂടെ ആർക്കും ഇപ്പോൾ മാധവവർമ്മയുടെ കണ്ണുകളിലേക്ക് ഇറങ്ങാൻ സാധ്യമല്ല"ഭീതി നിറഞ്ഞ ഒരു തിരിഞ്ഞുനോട്ടമോ, ഉത്കണ്ഠയോ ഈ കഥയിൽ നിഴലിക്കുന്നത് കാണാം. സത്യമേത് മിഥ്യയേത് എന്ന് തിരിച്ചറിയാൻ കഴിയുമോ?മുഖ സൗന്ദര്യം ഇത്രകണ്ട് പ്രശ്നങ്ങൾ ഉണ്ടാക്കുമോ? ശസ്ത്രക്രിയ ടേബിളിൽ സുന്ദരമായ മുഖത്തേക്ക് കാർക്കശ്യം തുന്നിച്ചേർക്കാൻ കിടക്കുമ്പോൾ അയാളിൽ പിടഞ്ഞത് ഈ ചോദ്യം ആകുമോ? സുന്ദരമായ ഒരു മുഖം ജോലിക്കും പുരുഷത്വത്തിനും ഒക്കെ തടസ്സമായി വരികയെന്നതിനെ മാറ്റിയെടുക്കാൻ വേണ്ടപ്പെട്ടവരെല്ലാം ഒരുപോലെ പറയുന്നു. ഈ മുഖത്തു നിന്നും സൗന്ദര്യത്തെ ചുരണ്ടിയെടുത്ത് തന്നിലേക്ക് ഗൗരവം ഒട്ടിക്കുക. ചുറ്റുമുള്ള മുനവെച്ച നോട്ടങ്ങളെ കൂർത്ത നോട്ടത്തിൽ തളയ്ക്കുക. കുറ്റവാളികളിൽ ഭീതി പടർത്തുന്ന കണ്ണും ചുണ്ടും കാർക്കശ്യം കോറിയ കവിളും കൊണ്ടു ആദ്യ കാഴ്ചയിൽ തന്നെ പേടിപ്പിക്കുക. മാധവർമ്മയുടെ കുട്ടിക്കാലത്തും കൗമാരത്തിലും വീട്ടിൽ ജോലിക്കുണ്ടായിരുന്ന തന്നെക്കാൾ 6 വയസ്സു കൂടുതൽ ഉള്ള ശകുന്തളക്ക് മാത്രമാണ് മാധവ വർമ്മയിൽ വന്ന മാറ്റം ഉള്കൊള്ളാനാണ് കഴിയാതെ പോയത്. അവർ നിഷ്കളങ്കമായി തന്നെ കഥയിൽ അതു ചോദിക്കുന്നുമുണ്ട്. മുഖത്തു വരുന്ന മാറ്റങ്ങൾ ജീവിതത്തിന്റെ മാറ്റം വളരെ ഭംഗിയായി രാമനുണ്ണിക്ക് പറയാനായി.മുഖ ലക്ഷണത്തിൽ നിന്നും തീർത്തും വ്യത്യസ്തമായ കഥയാണ് ടിവി കൊച്ചുബാവയുടെ 'ഭാവിയിലെ പോലീസുകാരൻ'. രാമമൂർത്തി എന്ന പോലീസുകാരന്റെ ജീവിതത്തിൽ നിഴലിച്ചു നിന്ന പോലീസുജീവിതത്തിനപ്പുറം ഒരു ജീവിതത്തെയാണ് പറയുന്നത്. രാമമൂർത്തി ഒരു പോലീസുകാരൻ ആകേണ്ട ആളല്ല എന്നിട്ടും ഞാനൊരു പോലീസ് ആയി എന്ന് രാമമൂർത്തി തന്നെ പറയുന്നു. ടെലിവിഷൻ അഭിമുഖത്തിൽ രാമമൂർത്തിക്ക് വെളിച്ചം ഇഷ്ടമേ അല്ല ഇരുട്ടത്തിരുന്നു അവ്യക്ത ചിത്രങ്ങൾ നൽകി അഭിമുഖം കൊടുത്തു."ലൈറ്റ് ഓൺ ചെയ്യട്ടെ സാർ? ടെലിവിഷൻകാരൻ രാമമൂർത്തിയോട് ചോദിക്കുന്നു. ഇല്ലേൽ സാറിന്റെ മുഖം പ്രേക്ഷകർ തിരിച്ചറിയില്ല.തിരിച്ചറിയേണ്ട. രാമമൂർത്തി ഇരുട്ടിലേക്ക് ഒന്നുകൂടി തല കുനിക്കുന്നു. പോലീസുകാരന്റെ മുഖമല്ല പ്രേക്ഷകർക്ക് വേണ്ടത്. രാമമൂർത്തി പറയുന്നു ഞങ്ങളുടെ മുറിയിൽ വെളിച്ചത്തിനല്ല സ്ഥാനം" രാമമൂർത്തിയുടെ ആത്മ സംഘർഷവും ആത് നിന്ദയും എല്ലാ അടങ്ങിയ ആത്മഭാഷണം ആണ് ഈ കഥ. സ്വതം മകനെ ഹിന്ദി പഠിക്കാത്തതിന്റെ പേരിൽ തനി പോലീസായി മർദ്ദിക്കുന്ന ചിത്രം കഥയിൽ വരച്ചു കാട്ടുന്നു. ഇരയെ ഹെഡി തടകുന്ന തന്റെ മാനസികാവസ്ഥയെ പാട്ടി ഭാര്യ സാവിത്രിയുടെ മടിയിൽ തലവെച്ചു വിലപിക്കുന്നുണ്ട് രാമമൂർത്തി ജോണ് എന്ന ചെറുപ്പക്കാരനെ ഇടിച്ചു കൊല്ലുന്ന ക്രൂരതയിൽ ആനന്ദം കണ്ടെത്തുന്നു... വില്ലനായ ഒരു പോലീസുകാരനെയാണ് കൊച്ചുബാവ കഥയിൽ രാമമൂർത്തിയായി വരച്ചു വെക്കുന്നത്. അവസാനം ഒരു കൊച്ചുബാവ ശൈലിയിൽ തന്നെ കഥ അവസാനിപ്പിക്കുന്നു. "ഈ കഥ തികച്ചും സാങ്കല്പികമാണ്. ജീവിച്ചിരിക്കുന്നവരും മരിച്ചവരുംമില്ലാത്ത ഇക്കഥ റിട്ടയറായ ഒരു രാമമൂർത്തിയുടെ ഭ്രമകല്പനകളാണ്. ഇതിന്റെ പൂർണ്ണ ഉത്തരവാദിത്വം രാമമൂർത്തിക്കാണെന്ന് വിനയപൂർവ്വം കഥാകൃത്ത്. ഒപ്പ്"രണ്ടു കഥകളും പോലീസ് ജീവിതത്തിലൂടെ കടന്നു പോകുന്നു. ആരും അധികം സ്പർശിക്കാതെ പോയ ഇടങ്ങളിലൂടെ അവരവരുടേതായ ശൈലിയിൽ വരച്ചിടുന്ന ചിത്രങ്ങളാണ് ഈ കഥകൾ.
--------------------------------------------------------