Tuesday 25 October 2016

വായനാനുഭവം: ഷീല ടോമിയുടെ ‘മെൽക്വിയാഡിസിന്റെ പ്രളയപുസ്തകം’

ഷീല ടോമിയുടെ ‘മെൽക്വിയാഡിസിന്റെ പ്രളയപുസ്തകം’  എന്ന കഥാ സമാഹാരത്തെ കുറിച്ചുള്ള ‘വായനാനുഭവം’
ഷീലാ ടോമിയുടെ ഈ പുസ്തകത്തിൽ ഉള്ള കഥകൾ അത്രയൊന്നും വലുതല്ല. കയ്പ്പും നീരും നിറഞ്ഞ ജീവിത യാഥാർത്ഥ്യങ്ങളും നിറഞ്ഞ കഥകളാണെല്ലാം.

എല്ലാ കഥകളിലെയും സ്ത്രീ കഥാപാത്രങ്ങൾ ഭീതിയോടെയാണു ജീവിതത്തെ നേരിടുന്നത്‌. മുഖ മൊഴിയിൽ പ്രശസ്ത എഴുത്തുകാരി സാറാ ജോസഫ്‌ ഇക്കാര്യം തുറന്നു എഴുതുന്നു.
“അവളവളെക്കുറിച്ചുള്ള ഉത്കണ്ഠകളായി വളരുന്നതും ഭയപ്പെടുത്തുന്നതും എങ്ങനെയെന്നു ഭ്രമാത്മകമായി എഴുതപ്പെട്ട കഥ” എന്നാണ് മെൽക്വിയാഡിസിന്റെ പ്രളയപുസ്തകം എന്ന കഥയെ കുറിച്ച് വിലയിരുത്തുന്നത്.
ലളിതമായ ആഖ്യാനരീതിയിൽ സങ്കീർണ്ണതകൾ നിറഞ്ഞ മാനസികാവസ്ഥകളെ ആവിഷ്കരിക്കാൻ ഈ കഥാ സമാഹാരത്തിലെ കഥകൾക്ക് ആവുന്നുണ്ട്.

മെൽക്വിയാഡിസിന്റെ പ്രളയപുസ്തകം. വറവുചട്ടിയിൽ നിന്ന് ഒരു സവാള, വൈടുകെ, കിളിനൊച്ചിയിലെ ശലഭങ്ങൾ, കാഴ്ച, ബ്രഹ്മഗിരിയിൽ മഞ്ഞു പെയ്യുമ്പോൾ, മകൾ, മൃണാളിനിയുടെ കഥ താരയുടെയും, നിന്റെ ഓർമയ്ക്ക് എന്നീ ഒൻപത് കഥകളാണ് ഈ സമാഹാരത്തിൽ ഉള്ളത്.
ഭീതി നിറഞ്ഞ ഒരു നോട്ടമോ, തിരിഞ്ഞു നോട്ടമോ,ഉത്കണ്ഠയോ ഒട്ടുമിക്ക കഥകളിലും നിഴലിക്കുന്നത് കാണാം. സത്യമേത് മിഥ്യയേത് എന്ന് തിരിച്ചറിയുന്ന എഴുത്തുകാരിയാണ് ഷീല ടോമി എന്ന് അവതാരികയിൽ പികെ ഗോപി പറയുന്നുണ്ട്. ദുരന്ത മുഖങ്ങൾ യാഥാർഥ്യ ബോധത്തോടെ തന്നെയാണ് കഥാകാരി നേരിടുന്നത്. വേണ്ടപെട്ടവരാരും ഇല്ലാത്ത ഒറ്റക്കുള്ള യാത്രകൾ ഇന്ത്യൻ അവസ്ഥയിൽ സ്ത്രീകൾക്ക് ഭീതി ജനിപ്പിക്കുന്ന ഒന്നാണ്. ചുറ്റുമുള്ള കണ്ണുകൾ, മുനവെച്ച നോട്ടങ്ങൾ, വെറുതെയുള്ള പിന്തുടരലുകൾ ഇങ്ങനെ ഭീതിയോടെ ചുറ്റും നോക്കാതെ സ്ത്രീകൾക്ക് പുറത്ത് ഇറങ്ങി നടക്കാൻ ആകില്ല എന്ന യാഥാർഥ്യം ആദ്യആവസാനം നിറഞ്ഞു നിൽക്കുന്ന കഥയാണ് ‘മെൽക്വിയാഡിസിന്റെ പ്രളയപുസ്തകം’. ഡാമിന്റെ പരിശോധനക്കായി പുതിയ ഡാം സ്പെഷലിസ്റ്റായി നിയമിക്കപെടുന്നത് അപ്രതീക്ഷിതവും ഭാഗ്യമുമായാണ് ഇസബെല്ല കാണുന്നത്. മക്കളെ പഠിപ്പിക്കാൻ ലോൺ എടുത്ത് ജീവിതം അത്ര സുഖകരമല്ലതെ മുന്നോട്ട് തള്ളി നീക്കുന്ന മംഗലത്ത് സെബാസ്ത്യാനോസിന് മകൾക്ക് കിട്ടിയ ഈ അവസരം ഒരു ആശ്വാസമാണ്. കടമെടുത്തു കൃഷിയും നഷ്ടത്തിലായ കാലത്ത് ഇതൊരു ആശ്വാസം തന്നെയാണ്. നിയമന ഉത്തരവ് കിട്ടിയ ഉടനെ മറ്റൊന്നിന്നും ആലോചിക്കാതെ ഇറങ്ങിത്തിരിച്ച ഇസബെല്ലയുടെ യാത്രയിലൂടെയാണ് കഥ തുടങ്ങുന്നത്.

ചുരം എത്തിയതോടെ ഇസബെല്ലയിൽ താൻ ഒറ്റക്കാണല്ലോ എന്ന ഭീതി നിറയുന്നു. കറുത്ത തടിച്ച ഡ്രൈവറെ അവൾ ഭയത്തോടെ കാണുന്നു. ഈ ഭീതിയിൽ നിന്നും പെട്ടെന്നുള്ള ട്വിസ്റ്റ് രസകരമാണ്. വഴിയരികിൽ കാണുന്ന വൃദ്ധയുടെ കുടിലിൽ ഇസബെല്ലയെ കാത്തിരിക്കുന്നത് മാസ്മരികമായ മറ്റൊരു ലോകമാണ്. ഈ ട്വിസ്റ്റ് തന്നെയാണ് കഥയുടെ ഭംഗിയും. ഇസബെല്ല പ്രകൃതിയോടും ഭൂമിയോടും ലയിക്കുന്നു. ഇസബെല്ല കഥാപാത്രമല്ല പ്രകൃതിയുടെ സ്പന്ദനം കൂടിയാണെന്ന് അവതാരികയിൽ പറയുന്നു. വിസ്മയകരമായ കഥയുടെ രാവ് അവസാനിക്കുമ്പോൾ ഭീതിയുടെ കെട്ടുമഴിയുന്നു. മെക്കണ്ടോയും മെൽക്വിയാഡിസിന്റെ ഓർമകളും വന്നു മറഞ്ഞു പോയതിനു ശേഷം വീണ്ടും ഭീതിനിറയുന്നു ഇസബെല്ലക്ക് ഓടേണ്ടി വരുന്നു പീഠഭൂമിയിലൂടെ ചതുപ്പിലൂടെ ഭീതിയുടെ നിഴലുകൾ പിന്നാലെയും, മുല്ലപ്പെരിയാർ ഭീതിയിലും കഥ നീങ്ങുന്നു. ഭയം നിറക്കുന്ന ഒരവസ്ഥയുടെ പ്രളയ തീരമാണ് ഈ കഥ. മൂടുപടമിട്ട സാമൂഹികാവസ്ഥയുടെ കറുത്ത രൂപകങ്ങളെ കണക്കിന് പരിഹസിക്കുന്നു. സങ്കല്പ രൂപകങ്ങളില്‍ ചുറ്റി മറുലോകത്തേ ചൂണ്ടുന്നു. പൊട്ടാറായ അണക്കെട്ടിനു താഴെ ഭീതിയോടെ നില്‍ക്കുന്ന ജന്മങ്ങളുടെ അസാധാരണ ഘടനയിലുള്ള ഈ കഥ തന്നെയാണ് സമാഹാരത്തിലെ മികച്ചതെന്നു നിസംശയത്തെ പറയാം …

മനസില്‍ സ്വപ്‌നങ്ങള്‍ തീര്‍ത്ത വിപ്ലവഓര്‍മകളാല്‍ നിറയ്ക്കപെട്ട അണക്കെട്ടുകള്‍ ആണ് നാം ജലം വറ്റി മണല്‍ കൂനകള്‍ പൊന്തിയ വിപ്ലവ സ്വപ്‌നങ്ങള്‍ നിറവേറ്റപ്പെടാതെ പോയ ഈ ഓര്‍മകളെ യാണ് കിളിനോച്ചിയിലെ ശലഭങ്ങള്‍ എന്ന കഥ. രാഷ്ട്രീയമാണ് ഈ കഥയില്‍ പറയുന്നത് എങ്കിലും അതിനിടയില്‍ ഉറ്റു നോക്കുന്ന ജീവിതത്തിന്‍റെ തുടിപ്പ് തങ്ങി നിക്കുന്നത് കാണാം കാവേരി ലഷ്മി ഇത്തരം രാഷ്ട്രീയ ജിവിതത്തിന്റെ പ്രതീകമാണ്‌. എല്ലാം വറ്റിയ അഭയാര്‍ഥി ജീവിതത്തിലൂടെ ഇറ്റിറ്റായി വീഴുന്ന ജലാംശമാണ് ഈ കഥ. “അനുരാധപുരത്തെകുറിച്ചുള്ള പഠനം പൂര്‍ത്തിയാക്കാനാണ് ഇന്ദു വീണ്ടും ലങ്കയിലെത്തുന്നത് പ്രാക്തന സംസ്കൃതിയുടെ കൊത്തുപണികളിലും ബുദ്ധ സ്തൂപങ്ങളിലും ചരിത്രം തേടുമ്പോള്‍ അവളായിരുന്നു മനസ് നിറയെ. കാവേരി ലക്ഷ്മി.” ജീവിതങ്ങള്‍ അനവധി വീണുടഞ്ഞു തകര്‍ന്ന ഒരിടത്തിന്റെ അന്വേഷണം വരലക്ഷിയിലൂടെ ഇന്ദു നടത്തുമ്പോള്‍ രാഷ്ട്രീയം നിറയാതെ തരമില്ലാതവിധം കൂടികുഴയുന്നു.
“ഒരു നിമിഷം… ഒരുനാളും മഴയെത്താത്ത മരുഭൂമിയിലെ ചുടുകാറ്റായി ലക്ഷ്മി.. കൊടുങ്കാറ്റായ് ലക്ഷ്മി…!
‘പുലികളാണ് പോലും! സോഷ്യലിസ്റ്റുകളാ അവര്. അടിമൈയാക്കപ്പെട്ടതാലതാന. അവങ്ക ഒന്ന സെര്‍ന്തങ്ക. അവരെ കൊന്നൊടുക്കിയാല്‍ തീരുമോ തമിഴരുടെ പ്രശ്നങ്ങള്‍?
ഈ ചോദ്യം അന്നും ഇന്നും നില്‍ക്കുന്നു. കഥയും
ബ്രഹ്മഗിരിയിൽ മഞ്ഞു പെയ്യുമ്പോൾ, മൃണാളിനിയുടെ കഥ താരയുടെയും, തുടങ്ങിയ വ്യത്യസ്തവും പുതിയ തീരത്തിലൂടെ സഞ്ചരിക്കുന്നതുമായ കഥകള്‍ കൂടി ഈ സമാഹാരത്തില്‍ ഉണ്ട്. ജീവിതത്തിന്‍റെ കയ്പ്പും മധുരവും ചാലിച്ച് പുതിയ തലം സൃഷ്ടിക്കാനും അതിലൂടെ വായനക്കാരെ അമ്പരപ്പോടെ, ചിലപ്പോഴൊക്കെ ഭീതിയോടെ നടത്താന്‍ ഈ കഥകള്‍ക്ക് ആകുന്നു.

Thursday 20 October 2016

ചലച്ചിത്രത്തിലേക്കുള്ള നടപ്പാത









 

           



 ചലച്ചിത്രം അതിന്റെ ഇന്നത്തെ രൂപത്തിലേക്ക് എത്തുന്നതിനു മുമ്പ് ത്യാഗ്വോജ്ജലമായ നിരവധി പേരുടെ ജീവന്റെ കഥകളുണ്ട്. പലരാജ്യങ്ങളിൽ പല കാലഘട്ടങ്ങളിൽ നടന്ന വ്യത്യസ്തമായ ചെറിയ ചെറിയ കണ്ടുപിടുത്തങ്ങളിൽ നിന്നാണ് ചലച്ചിത്രത്തിലെക്കുള്ള പരിണാമം സാദ്ധ്യമായത്
സർ ഐസക് ന്യൂട്ടന്റെ ദർശനാനുവർത്തനം  (persistence of vision) എന്ന കണ്ടെത്തൽ ഇന്നത്തെ ചലച്ചിത്രം എന്ന രൂപത്തിലേക്കുള്ള വഴി തുറക്കുന്നതിന് ഏറെ സഹായകമായിട്ടുണ്ട്. തോമോസ്ട്രോപ്പ്, മൈക്കൽ ഫാരഡെയുടെ ചക്രം, സ്ട്രോബോ സ്കോപ്പ്, സോയി ട്രോപ്പ് തുടങ്ങിയവയുടെ കണ്ടുപിടുത്തങ്ങൾ ഇങ്ങനെ നിരവധി കണ്ടുപിടുത്തങ്ങളും അന്വേഷണങ്ങളും ചലച്ചിത്രം എന്ന ജനകീയ കലയുടെ ഉത്ഭവത്തിന് സഹായകമായിമാറി. അത്തരത്തിൽ  ‘ഫിനാകിറ്റോ സ്കോപ്പ്’ എന്ന ഉപകരണത്തിന്‍റെ കണ്ടുപിടുത്തത്തിനായി ബെല്ജിയംകാരനായ ജെ. എ. എഫ്. പ്ലേറ്റോയുടേ സഹനത്തിന്റെ കഥ ഏറെ വേദന ജനിപ്പിക്കുന്ന ഒന്നാണ്.  ചിത്രങ്ങളുടെ ചലനം സാധ്യമാക്കാനുള്ള തന്‍റെ അന്വേഷണത്തിന് അദ്ദേഹം സമര്‍പ്പിച്ചത് തന്‍റെ കാഴ്ച ശക്തിയെ തന്നെയാണ്. നഗ്നനേത്രങ്ങൾ കൊണ്ട് സൂര്യനെ നിരന്തരം നോക്കിയുള്ള പരീക്ഷണങ്ങൾ കാരണം ഇരുപത്തിയെട്ടാമത്തെ വയസിൽ അദ്ദേഹത്തിന്റെ കാഴ്ചശക്തി നഷ്ടപെട്ടു. അതോടെ ഈ പരീക്ഷണം ഇനിയെങ്കിലും വസാനിപ്പിക്കണം എന്ന് അദ്ദേഹത്തോട് സുഹൃത്തുക്കളും കുടുംബാംഗങ്ങളും ആവശ്യപെട്ടു മാസങ്ങളുടെ ചികിത്സയിലൂടെ കാഴ്ചശക്തി വീണ്ടെടുത്തു. എന്നിട്ടും അദ്ദേഹം വെറുതെയിരിക്കാന്‍ തയ്യാറായില്ല എല്ലാ എതിർപ്പുകളും മറികടന്ന് വീണ്ടും തന്റെ പരീക്ഷണങ്ങൾ തുടർന്നുകൊണ്ടിരുന്നു. എന്നാല്‍ നിര്‍ഭാഗ്യം അദ്ദേഹത്തെ പിന്തുടര്‍ന്നുകൊണ്ടിരുന്നു.  നാൽപതാം വയസിൽ ഇനിയൊരിക്കലും ഒരു കാഴ്ചയും കാണാന്‍ കഴിയാത്ത വിധം എന്നെന്നേക്കുമായി അദ്ദേഹത്തിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടു. കാഴ്ച്ചയുടെ മഹാലോകം തീര്‍ക്കാന്‍ ഈ മഹാനായ ശാസ്ത്രഞ്ജന്‍ തന്റെ തന്നെ കാഴ്ച്ചയെ ബലിയര്‍പ്പിക്കുകയായിരുന്നു കാഴ്ച ശക്തി നഷ്ടപെട്ടിട്ടും അദ്ദേഹം തളരാതെ തന്റെ അകക്കണ്ണ് നിരന്തരം പ്രവർത്തിച്ചു കൊണ്ടിരുന്നു. എൻപതാം വയസിൽ മരിക്കുന്നതുവരെ അദ്ദേഹം പരീക്ഷങ്ങൾ തുടർന്നു. ആ ത്യാഗത്തിന്റെ ഫലമാണ്‌ ഫലമാണ് 1883ൽ കണ്ടുപിടിച്ച ‘ഫിനാകിറ്റോ സ്കോപ്പ്’  എന്ന ഉപകരണം.
ഇതുപോലെ ചലച്ചിത്രത്തിന്റെ ചരിത്രത്തില്‍ മറക്കാനാവാത്ത പേരാണ്  ഇംഗ്ലണ്ടുകാരൻ ഫ്രീസ് ഗ്രീന്‍. ഇദേഹത്തിന്റെ ജീവിതവും ദുരിതപൂർണ്ണമായിരുന്നു. രണ്ടു സിലിണ്ടറുകൾക്കിടയിലൂടെ കടന്നു പോകുന്ന പ്രതിരൂപങ്ങൾ പതിപ്പിക്കാവുന്ന സെല്ലുലോയ്ഡിന്റെ കണ്ടിപിടുത്തമാണ് ഇദ്ദേഹം  നടത്തിയത്. കണ്ടെത്തലുകള്‍ക്കായി തന്‍റെ സമ്പാദ്യം മുഴുവനും ചെലവഴിച്ചിട്ടും മതിയാകാതെ ഭീമമായ സാമ്പത്തിക ബാധ്യതയെ തുടർന്ന് ജയിൽവാസം വരെ ഈ ശാസ്ത്രഞ്ജന്‍  അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. അവസാനം ഒരു നേരത്തെ ഭക്ഷണത്തിനായി തന്റെ പ്രിയപ്പെട്ട ക്യാമറ പോലും വിൽക്കേണ്ട ഗതികേടില്‍ ഇദ്ദേഹം എത്തപ്പെട്ടു. ചലച്ചിത്ര ലോകത്തിനു നല്കിയ സംഭാവന മാനിച്ച് അദ്ദേഹത്തെ അനുമോദിക്കാൻ വിളിച്ചു ചേർത്ത  യോഗത്തിൽ പ്രസംഗിച്ചുകൊണ്ടിരിക്കെ മരിച്ചുവീഴുകയായിരുന്നു.
ചലച്ചിത്രത്തിലേക്കുള്ള നടപ്പാതയില്‍ ഒരു പ്രതീക്ഷയുടെ വഴി വെട്ടിയ ആളാണ്‌ എഡ്വേർഡ് മയ് ബ്രിഡ്ജ് (Eadweard James Muybridge)  ഇദ്ദേഹം ഒരു ഫോട്ടോഗ്രാഫര്‍ ആയിരുന്നു.
ചാടുന്ന കുതിരകൾ ഭൂമിയിൽ സ്പര്ശിക്കാതെയുള്ള രംഗങ്ങളുടെ തുടർച്ച ചിത്രീകരിക്കാൻ അദ്ദേഹം നടത്തിക്കൊണ്ടിരുന്ന ശ്രമം ചലിക്കുന്ന ചിത്രം എന്നര്ത്ഥമാകുന്ന  ചലച്ചിത്രം എന്നതിലേക്ക് കൂടുതൽ അടുപ്പിച്ചു. എഡ്വേർഡ് മയ് ബ്രിഡ്ജ് (Eadweard James Muybridge) നടത്തിയ ശ്രമമാണ് ചലച്ചിത്രത്തിന്റെ ഇപ്പോഴത്തെ രീതിയുടെ കണ്ടെത്തലിനു ഏറെ  സഹായിച്ചത്. 1882ൽ   മയ് ബ്രിഡ്ജിന്റെ ഓടിക്കൊണ്ടിരിക്കുന്ന കുതിരകളുടെ  ഈ ഫോട്ടോ സീരീസാണ് ഷാൻ പി ലൂയി മീസ്സനീർ എന്ന ഫ്രഞ്ച് പെയ്ന്റർ  സൂസ്ട്രോപ്പ് എന്ന പ്രൊജക്റ്റ്‌ മെഷിനിലൂടെ കടത്തിവിട്ട് ചലനാത്മകമായി പ്രാക്സിനോ സ്കോപ്പ് വഴി പ്രദർശിപ്പിച്ചു. മയ് ബ്രിഡ്ജിന്റെ ‘ഫോട്ടോ ഗ്രാഫിക് സൂ’വിന് ഉപയോഗിച്ചതിനാലാണ്  സൂപ്രാക്സിനോ സ്കോപ്പ് (Zoopraxinoscope) എന്ന്  ഈ മെഷീൻ അറിയപ്പെടാൻ കാരണമായത്. ഫ്രഞ്ച് ഭൌതിക ശാസ്ത്രജ്ഞനായ ഡോ: ഇ. ജെ. മാരി തന്റെ  ഒറ്റ കാമറ കൊണ്ട് ചലന ചിത്രങ്ങളെ പിന്തുടരാനുള്ള ശ്രമവും അതിനായി കണ്ടെത്തിയ ഫോട്ടോഗ്രാഫി റിവോൾവറും ഒരു വഴിത്തിരിവായികണ്ടുപിടുത്തങ്ങളുടെ രാജാവ് തോമസ്‌ ആൽവാ എഡിസന്റെ പരീക്ഷണങ്ങൾ ചലച്ചിത്രം എന്ന ഇന്നത്തെ രൂപത്തിലേക്കുള്ള പരിണാമത്തിന്റെ പ്രധാന പടിയായി. എഡിസണ്‍ തന്നെ രൂപപ്പെടുത്തിയെടുത്ത ‘കൈനെറ്റോ സ്കോപ്പി’എന്ന ഉപകരണത്തിലൂടെ ഫ്രെഡ് ഓട്ട് എന്നയാളുടെ തുമ്മൽ എഡിസണ്‍ ചിത്രീകരിച്ചതിലൂടെ ചലച്ചിത്രത്തിന്റെ പുതിയ രൂപം പിറന്നു. അതോടെ കാമറക്കു മുന്നിൽ അഭിനയിച്ച ആദ്യ നടൻ എന്ന ഖ്യാതിയും ഫ്രെഡ് ഓട്ട് നേടി. ‘ഫ്രെഡ് ഓട്ട്സ് സ്നീസ്’ (Fred Ott’s Sneeze)
എന്നതായിരുന്നു ആ ചിത്രം. ജോര്ജ്ജ് ഈസ്റ്റ് മാന്റെ കണ്ടെത്തലായ ഈസ്റ്റ് മാൻ ഫിലിമാണ്‌ ഈ ചിത്രത്തിനായി എഡിസണ്‍ ഉപയോഗിച്ചത്. എഡിസന്റെ  കണ്ടുപിടുത്തത്തിനു പിന്നിൽ അഹോരാത്രം സഹായിച്ച വില്ല്യം കെന്നഡി ലാറി ഡിക്സണ്‍ എന്ന മനുഷ്യനെയും ഇവിടെ സ്മരിക്കുന്നു.
ലൂയി ലൂമിയർ, അഗസ്റ്റ് ലൂമിയർ ഈ സഹോദരങ്ങൾ നടത്തിയ മുന്നേറ്റത്തെയാണ് പിൽകാലത്ത് ചലച്ചിത്രം എന്ന കലയുടെ പിറവി എന്ന് പറയാവുന്ന ഒരു കണ്ടെത്തലായി അറിയപ്പെട്ടത്. ഇവരുടെ 1895 ഡിസംബർ 28ന് പാരീസിൽ വലിയ സദസിനു മുമ്പാകെ ഫാക്ടറിയില്നിന്നും പുറത്തേക്കു പോകുന്ന തൊഴിലാളികളെ ചിത്രീകരിച്ച ‘വർക്കേഴ്സ് ലിവിംഗ് ദി ലൂമിയർ ഫാക്ടറി’ Workers Leaving the Lumiere Factory
എന്ന ചിത്രം പ്രദർശിപ്പിച്ചതോടെ പുതിയ ഒരു ചരിത്രം പിറക്കുകയായി. ഈ സഹോദരങ്ങളുടെ കണ്ടുപിടുത്തത്തിന് പൂർണ്ണ പിന്തുണ നല്കിയ ഇവരുടെ പിതാവ് ആന്റണി ലൂമിയറിനെ ഇവിടെ ഓർക്കുന്നു. എഡിസന്റെ കൈനെറ്റോസ്കോപ്പ് വാങ്ങിക്കാനാവാതെ വന്നപ്പോൾ അത് സ്വയം നിർമ്മിക്കാൻ ഈ സഹോദരങ്ങളെ പ്രോത്സാഹിപ്പിച്ചത് പിതാവായിരുന്നു.
എന്നാൽ ഇന്ന് നമ്മള്‍ കണ്ടു ആസ്വദിക്കുന്ന ഫീച്ചര്‍ സിനിമകളുടെ തുടക്കം കുറിക്കാൻ കാരണക്കാരൻ  മാന്ത്രികനായ ജോര്‍ജ്ജ് മെലീസ് (George Melies) ആയിരുന്നു.  ലൂമിയര്‍ സഹോദരങ്ങള്‍ നിര്‍മ്മിച്ച ഉപകരണം വാങ്ങിക്കുവാൻ മെലീസിന് ആയില്ല ഇതോടെ മെലീസിന്റെ വാശി കൂടി അദ്ദേഹം സ്വന്തമായി നിര്‍മ്മിച്ച ക്യാമറയും പ്രൊജെക്ടറിലുമായി ചിത്രീകരണം തുടങ്ങി. അങ്ങനെ ഒരു  കഥയെ അടിസ്ഥാനമാക്കി അഭിനേതാക്കളെ ഉൾപ്പെടുത്തി നിത്യ ജീവിതത്തിലെ രംഗങ്ങൾ ചിത്രീകരിച്ചതോടെ ഫീച്ചര് സിനിമകളുടെ തുടക്കമായി എന്ന് പറയാം. ചരിത്രത്തിലാദ്യമായി ഫിലിം സ്റ്റുഡിയോ നിർമ്മിച്ചതും മേലീസ് തന്നെയാണ്. മേലീസിന്റെ ഈ ശ്രമത്തോടെയാണ്   ലക്ഷണമൊത്ത ഫീച്ചര് സിനിമക്ക് തുടക്കമിട്ടത്.  എഡ്വിന്‍ എസ് പോര്‍ട്ടര്‍ (Edwin S Porter) ആണ് ആദ്യമായി  ശരിയായ കഥാചിത്രം എടുത്തതും നാടക സങ്കേതങ്ങളുടെ സഹായത്തോടെ വിദൂര-സമീപ ദൃശ്യങ്ങള്‍, മുകളില്‍ നിന്നുള്ള ചലിക്കുന്ന പാന്‍ ചിത്രങള്‍, ക്ലോസപ് ചിത്രങള്‍ എഡിറ്റിങ്ങിന്റെ പ്രാഗ് രീതി ഇവയൊക്കെ ഇദ്ദേഹം തന്റെ ചിത്രങ്ങളിൽ പരീക്ഷിച്ചു. സര്‍ക്കുലര്‍ ‘പനോരമ ഓഫ് ഇലക്ട്രിക് ടവര്‍ (1091), ഗേ ഷൂ ക്ലര്‍ക്ക്  (1903) റെസ്ക്യൂസ് ഫ്രം ആന്‍ ഈഗിള്‍ നെസ്റ്റ്, ദി ഗ്രൈറ്റ് ട്രെയിൻ  റോബറി (1093)തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ പ്രശസ്തമായ ചിത്രങ്ങൾ. തുടർന്ന് നിരവധി പേര് ഈ രംഗത്ത് തന്റേതായ സംഭാവനകൾ നൽകി 1907ൽ ഡേവിഡ് വാർക്ക് ഗ്രിഫിത്തിന്റെ ‘ദി അഡ്വഞ്ചെഴ്സ് ഓഫ് ഡോളി’ എന്ന ചിത്രത്തിലൂടെ ചലച്ചിത്രലോകം കൂടുതൽ വികസിക്കാൻ വഴിത്തിരിവായി. 1913 ൽ എക്കാലത്തെയും ക്ലാസിക്കുകളിൽ ഒന്നായ ‘ദി ബർത്ത് ഓഫ് നേഷൻ’  ഇറങ്ങി. പിന്നീടുള്ള ചാലച്ചിത്രത്തിന്റെ വളർച്ച അതി വേഗത്തിലായിരുന്നു. ആദ്യ നടിയായ ഫ്ലോറൻസ് ലോറൻസ്, വിഖ്യാത നടൻ ചാർളി ചാപ്ലിൻ, ബസ്റ്റർ കീറ്റണ്‍, ലിലിയൻ ഗിഷ്, ഡഗ്ലസ് ഫെയർ ബാങ്ക്സ്, മേരി ഫിക് ഫോർഡ്, ഗ്രേറ്റാ  ഗാർബൊ, എമിൽ ജാന്നിഗ്സ് ആസ്താ നിൽസൻ ഇങ്ങനെ നീണ്ടുപോകുന്ന ഈ കാലഘട്ടത്തിലെ താരങ്ങൾ എഴുതിയാൽ തീരാത്ത ചലച്ചിത്രത്തിലേക്കുള്ള നടപ്പാത ഇന്നും സാങ്കേതിക വിദ്യയുടെ പുതിയ തലങ്ങളിലൂടെ അതിന്റെ വികാസം തുടരുകയാണ്. ഇന്നിന്റെ സാങ്കേതിക മേന്മയിലേക്ക് നയിച്ച ചലച്ചിത്രത്തിന്റെ ആദിമ വഴിയിലെ ചില നാഴികക്കല്ലുകൾ  മാത്രമാണ് ഇവിടെ പരാമർശിച്ചത്. സഹനത്തിന്റെയും ത്യാഗത്തിൻറെയും ആത്മ സമർപ്പണത്തിന്റെയും വേദനയുടെയും ചരിത്രം നിറഞ്ഞതാണ് ഇന്ന് നാം കണ്ടു രസിക്കുന്ന ആസ്വദിക്കുന്ന സിനിമകൾ.
ലോക സിനിമയിൽ ചാപ്ലിൻ എന്ന വന്മരം ഉണ്ടാക്കിയ സ്വാധീനം വളരെ വലുതാണ്‌ ചിരിയിലൂടെ വലിയ വലിയ ചിന്തയിലേക്ക് നയിക്കുകയും സമകാലിക ലോക രാഷ്ട്രീയത്തെ കൃത്യമായി തന്റെ സിനിമകളിലൂടെ പറയുകയും  ചെയ്ത മഹാനായ ചാർളി ചാപ്ലിൻ എന്ന ചലച്ചിത്രകാരന് പറഞ്ഞത് മഴയിലൂടെ നടക്കാനാണ് എക്കിഷ്ടം. അപ്പോൾ ഞാൻ കരയുന്നത് ആരും അറിയില്ലല്ലോ” എന്നാണ്. വേദന താണ്ടിയ ഒരു നടപ്പാതയിലൂടെയാണ് ചലച്ചിത്രം എന്ന മഹത്തായ കലാരൂപം ഈ ജനകീയതയിലേക്ക് എത്തിച്ചേർന്നത്. ഇത്തരത്തിൽ പരാമർശിച്ചവരും പരാമർശിക്കാൻ വിട്ടുപോയവരുടെയും ഏറെ ത്യാഗങ്ങളും വേദനകളും നിറഞ്ഞതാണീ ചലച്ചിത്ര ത്തിലേക്കുള്ള നടപ്പാത.
കടപ്പാട് : ചലച്ചിത്ര നിരൂപകന്മാരായ വിജയകൃഷ്ണന്‍, ജി പി രാമചന്ദ്രന്‍