Thursday 4 September 2014

ശുഭ്രദീപ് ചക്രവര്‍ത്തി എന്ന വഴിക്കണ്ണടഞ്ഞു

(ഈയിടെ അന്തരിച്ച ഡോക്യുമെന്ററി സംവിധായകൻ  ശുഭ്രദീപ് ചക്രവർത്തിയെ കുറിച്ച് തയ്യാറാക്കിയ ഒരു കുറിപ്പ്)


രണകൂട ഭീകരതയുടെ ഇരകളുടെ എണ്ണം നാൾക്കുനാൾ വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്, ജനാധിപത്യത്തിന്റെ നിലനില്പ്പിനെ തന്നെ ചോദ്യം ചെയ്യപ്പെടുന്ന നയങ്ങളും ദീര്ഘകാലത്തെ മുന്നില് കണ്ടു കൊണ്ടുള്ള തീരുമാനങ്ങളും എടുത്തുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ തന്നെ ഭരണകൂട ഭീകരതക്കെതിരെ ശക്തമായ നിലപാടെടുക്കുകയും തന്റെ മാധ്യമമായ ചലച്ചിത്രത്തിലൂടെ ശക്തമായി പ്രതിരോധിക്കുകയും ചെയ്ത ധീരനായ സംവിധായകനാണ് ശുഭ്രദീപ് ചക്രവർത്തി. വളച്ചൊടിക്കപ്പെട്ട വാര്ത്തകളിലൂടെ നാം കേട്ടറിഞ്ഞ അർദ്ധസത്യങ്ങളെ വകഞ്ഞുമാറ്റികൊണ്ട്  നേർചിത്രങ്ങൾ ജനങ്ങളിലെത്തിക്കാൻ തന്റെ ഡോക്യുമെന്റരികളിലൂടെ ശുഭ്രദീപ് നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നു. സ്വരക്ഷയോർത്തോ, പുരസ്കാര ലബ്ധിക്ക് തടസ്സം വരാതിരിക്കാനോ, മുതലാളിത്ത സുഖസൌകര്യങ്ങളുടെ താളത്തോടൊപ്പം സഞ്ചരിക്കാനോ വേണ്ടി സ്വയം തീർത്ത മൌനത്തിന്റെ വാല്മീകത്തിൽ ഇരുന്ന് സുരക്ഷിത സാംസ്കാരിക പ്രവർത്തനം നടത്തുന്ന പലരേയും ഞെട്ടിച്ചുകൊണ്ടാണ് ശുഭ്രദീപ് തന്റെ ലെൻസ്‌ തുറന്നു വെച്ചത്. പലരും പറയാൻ മടിച്ച കാര്യങ്ങൾ തുറന്നു പറയുന്നതിലൂടെ വലിയൊരു ശത്രുപക്ഷത്തെ ഉണ്ടാക്കി എന്ന് പറയാം.

ഗുജറാത്തിൽ നടന്ന വംശഹത്യയുടെ കറുത്ത ദിനങ്ങൾ  മനസിലുണ്ടാക്കിയ  ആഴമേറിയ മുറിവുകളാണ് പത്രപ്രവര്‍ത്തകനായ ശുഭ്രദീപിനെ  ജനങ്ങളുമായി കൂടുതൽ സംവദിക്കുന്ന ചലച്ചിത്രം എന്ന മേഖല തെരഞ്ഞെടുത്തതും. ചരിത്രത്തിലെ ആ കറുത്ത നാളുകള്‍ സൃഷ്ടിച്ചവര്‍ തന്നെ ഇന്ന് അധികാരത്തിന്റെ പിന്തുണയോടെ കൂടുതല്‍ ശക്തി പ്രാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ശുഭ്രദീപിനെ പോലുള്ളവരുടെ വിയോഗം വലിയ  ശൂന്യതയാണ് ഉണ്ടാക്കുന്നത്.
ഏറെ ദുരൂഹതകൾ ഇപ്പോളും  ഒളിഞ്ഞുകിടക്കുന്ന ഗോധ്രയിലെ സബര്മതി തീവണ്ടിയുടെ ബോഗികൾക്ക് തീവെച്ച സംഭവവും അതിന്റെ രാഷ്ട്രീയവുമാണ് തന്റെ ആദ്യ ഡോക്യുമെന്റരിയായ 'ഗോധ്ര തകി'ലൂടെ പറയുന്നത്. കത്തികരിഞ്ഞ ബോഗിയുടെ ചിത്രങ്ങൾ നൽകുന്ന കറുത്ത ഓർമകളിലേക്ക് അതിന്റെ കാരണങ്ങളിലേക്ക് തുറന്നുവെച്ച വേദനിപ്പിക്കുന്ന സത്യങ്ങളായിരുന്നു ഈ ചിത്രം. ഈ നേര്‍ച്ചിത്രത്തില്‍ കാതലായ എന്തോ ഉണ്ടെന്നതിനാലാണ് തീവെപ്പ് സംഭവം അന്വേഷിക്കുന്ന ബാനര്‍ജി കമ്മീഷന്‍ ഗോധ്ര തക് കാണുകയും ശുഭ്രദീപിനെ കേസിലെ സാക്ഷിയായി കമ്മീഷന്‍ ഉള്‍പ്പെടുത്തിയതും. നേര് വിളിച്ചുപറയാന്‍ ആരുടേയും ഔദാര്യം ആവശ്യമില്ലെന്ന് ഈ ചിത്രം തുറന്നു കാണിക്കുന്നു. അത്യന്തം ദൌര്‍ഭാഗ്യകരമായ സംഭവങ്ങളാണ് ഗോധ്ര തീവെപ്പിന് ശേഷം അതുമായി ബന്ധപ്പെട്ട് ഗുജറാത്തില്‍ അരങ്ങേറിയത്. വര്‍ഗ്ഗീയ വിഷ വിത്തുകള്‍ ഗാന്ധിജി ജനിച്ച മണ്ണിലെ ജനമനസുകളില്‍ നേരിട്ടുപാകാന്‍ കഴിഞ്ഞത് എക്കാലത്തെയും കറുത്ത സത്യങ്ങളാണ്. ഈ സംഭവങ്ങളുടെ നേര്‍ചിത്രങ്ങള്‍ ജനങ്ങളില്‍ എത്തിച്ചതോടെ ശുഭ്രദീപ് ചക്രവര്‍ത്തി എന്ന ചലച്ചിത്രകാരന്‍ സംഘ പരിവാരങ്ങളുടെ ശത്രുവായി. ഇപ്പോൾ നടമാടിക്കൊണ്ടിരിക്കുന്ന  ഫാഷിസത്തിന്റെ തേരോട്ടത്തെ ചെറുക്കാൻ ശുഭ്രദീപിനെ പോലുള്ള ധീരന്മാരുടെ ആവശ്യകത ഏറിവരികയാണ്. എന്നാൽ ജനാധിപത്യത്തിലൂടെ തന്നെ ഫാഷിസ്റ്റ് ശക്തികൾക്ക് അധികാരത്തിലെത്താൻ കഴിഞ്ഞെന്ന കറുത്ത സത്യം ഭാവിയെ ഇരുട്ടിലേക്ക് നയിക്കപെടുമോ? ഭയത്തിന്റെ വലക്കുള്ളിൽ ഒട്ടുമിക്ക സാമൂഹിക സാംസ്കാരിക പ്രവർത്തകരും അകപ്പെടുകയോ, പെടുത്തുകയോ ആയിരുന്നു. എന്നാൽ അതിലൊന്നും വീഴാതെ എല്ലാ ഭീഷണിയെയും തള്ളികളഞ്ഞു മരിക്കുവോളം തന്റെ ക്യാമറ നീതിക്കൊപ്പം ചലിപ്പിക്കാൻ ശുഭ്രദീപിനായി എന്നതിന് തെളിവാണ് ഈ  ഡോക്യുമെന്ററികൾ.  
ഗുജറാത്തിലെ തന്നെ വ്യാജ ഏറ്റുമുട്ടലുകളുടെ രാഷ്ട്രീയവും അതുണ്ടാക്കിയ രാഷ്ട്രീയ അരക്ഷിതാവസ്ഥയും തുറന്നു കാണിക്കുന്ന ചിത്രമാണ്   'എന്‍ കൌണ്ടേഡ് ഓഫ് സഫ്രോന്‍ അജണ്ട'. ഈ ചിത്രം പ്രദർശിപ്പിക്കുന്നതിന് എതിരെ സംഘപരിവാർ രംഗത്ത് എത്തിയതും പ്രദർശനം നടക്കുന്ന എല്ലായിടത്തും ആക്രമണം അഴിച്ചു വിട്ടതും ഒറ്റ കോളം വാർത്തകളിൽ ഒതുങ്ങിപോന്നു. പ്രതിരോധത്തിന്റെ  നേർശബ്ദങ്ങൾക്കെന്നും മുതലാളിത്ത മാധ്യമങ്ങൾ താമസ്കരിക്കാനാണല്ലോ. ശക്തമായ ഭാഷയിൽ തന്നെ നികൃഷ്ഠമായ ഒരു രാഷ്ട്രീയ നാടകത്തിന്റെ അജണ്ട തുറന്നു കാണിക്കാൻ ഈ ചിത്രത്തിലൂടെ ശുഭ്രദീപിനായി. ഇരകളെ തന്നെ പ്രതികളാക്കി ജനാധിപത്യ വ്യവസ്ഥിതിയെയും ജനതയേയും ഒന്നടങ്കം കബളിപ്പിക്കുകയും, ചതിയുടെ നടുക്കടലിലേക്ക് നിയമത്തെ എടുത്തെറിഞ്ഞ ഞെട്ടിക്കുന്ന സംഭവമായിരുന്നു വ്യാജ ഏറ്റുമുട്ടൽ. അതിനായി നിയമത്തെയും ഉദ്യോഗസ്ഥരേയും ഒരുപോലെ ഉപയോഗപ്പെടുത്തിയ നീചമായ ഈ സംഭവത്തെയും കൊല്ലപെട്ട നിരപരാധികളായവരുടെ ജീവിതത്തെയും തകർക്കപെട്ട അവരുടെ കുടുംബങ്ങളുടെയും അവസ്ഥ തുറന്നു കാണിക്കാൻ ഈ ചിത്രത്തിലൂടെ. കുറച്ചുകാലം എല്ലാവരെയും, കുറച്ചുപേരെ എല്ലാ കാലത്തേക്കും കബളിപ്പിക്കാൻ സാധിച്ചേക്കും എന്നാൽ എല്ലാ കാലത്തും എല്ലാവരെയും കബളിപ്പിക്കാൻ സാധിക്കില്ലെന്ന സത്യമാണ് ഇതിലൂടെ തെളിയിക്കപെടുന്നത്. അസഹിഷ്ണത വക്താക്കൾക്ക് എന്നും ഇത്തരം ധീരന്മാരേ ഭയമാണ്. ഏറെ ചര്ച്ച ചെയ്യപെട്ട ചിത്രമാണ് 'എന്‍ കൌണ്ടേഡ് ഓഫ് സഫ്രോന്‍ അജണ്ട'.
ആരും അധികം പറയാത്തതും എന്നാൽ പറയേണ്ടതുമായ ഒരു വിഷയമാണ് 'ഔട്ട് ഓഫ് കോര്‍ട്ട് സെറ്റില്‍മെന്‍റ്' എന്ന ഡോക്യുമെന്ററിയിലൂടെ ശുഭ്രദീപ് പറയാൻ ശ്രമിക്കുന്നത്. ടാഡ, പോട്ട തുടങ്ങിയ നിയമങ്ങളാലും അല്ലാതെയും തടവിലാക്കപെട്ട നിരവധി നിരപരാധികൾ ഇന്ത്യയിൽ ഉണ്ട്. രാഷ്ട്രീയ, മത വൈര്യം തീർക്കാൻ കെട്ടിച്ചമയ്ക്കപെട്ട കള്ളകഥയുടെ പേരില് കുടുങ്ങിയ നിരപരാധികളും അല്ലാത്തവരും. തീവവാദികൾ എന്നാ ചെല്ലപ്പേര് നൽകി എല്ലാകാലത്തും ഉള്ളിലടക്കപെടാൻ വിധിക്കപെട്ടവർ ഇത്തരം കേസുകളിൽ ഹാജരാകാൻ തയ്യാറാകുന്ന അഭിഭാഷകരെ അക്രമിക്കപെട്ട നിരവധി സംഭവങ്ങൾ.  ഇത്തരത്തിൽ ആക്രമിക്കപെട്ട അഭിഭാഷകരുടെ ജീവിതത്തെയും അവർ നേരിടേണ്ടി വരുന്ന വെല്ലുവിളികളെയും കുറിച്ചുള്ള ഒരന്വേഷണമാണ്  'ഔട്ട് ഓഫ് കോര്‍ട്ട് സെറ്റില്‍മെന്‍റ്' 
വിചാരണ തടവുകാരായി ഏറെകാലം ജയിലുകളിൽ കഴിയുകയും നിരപരാധികളെന്നുകണ്ട് കോടതി മോചിപ്പിക്കുകയും ചെയ്തവരുടെ ജീവിതവും തീവ്രവാദികളെന്ന പേരില് പിൽകാലം സമൂഹം അകറ്റിനിർത്തിയവരുടെ അവസ്ഥയിലൂടെയുള്ള സഞ്ചാരമാണ് 'ആഫ്റ്റർ ദ സ്ട്രോം' എന്ന ചിത്രം. എന്നും നിയമപാലകരുടെ നോട്ടത്തെ ഭയന്ന് ജീവിക്കുന്നവരിലൂടെ ഈ ചിത്രം കടന്നുപോകുന്നു. 
ശുഭ്രദീപ് ഏറെ വെല്ലുവിളിയോടെ എടുത്ത അവസാനത്തെ ചിത്രമാണ് 'ഇന്‍ ദിനോ മുസഫര്‍ നഗര്‍'. മോഡി സർക്കാരിന്റെ ആദ്യ നിരോധനത്തിന് ഈ ചിത്രം കാരണമായത് മുസഫര് നാഗര കലാപത്തിന്റെ നേര്ചിത്രം തുറന്നുകാണിച്ചതിനാലാണ്. യുപിയുടെ വര്ഗീയ രാഷ്ട്രീയത്തെയും ജനങ്ങളെ ഭിന്നിപ്പിച്ച് വര്ഗ്ഗീയമായി ചേരി തിരിച്ചു അധികാരം നേടാൻ  കൃതൃമമായി  ഉണ്ടാക്കിയ കലാപങ്ങളിലൂടെ വിജയ പർവ്വത്തിൽ കയറിയവരുടെ അപ്രീതിമൂലം നിരോധനം നീക്കാനുള്ള നിയമ പോരാട്ടത്തിനിടയിലാണ് ആ ധീരനെ മരണം കീഴടക്കിയത്, സിനിമാ പ്രവർത്തകയായ തന്റെ സഹധർമ്മിണി മീര ചൗധരിയോടൊപ്പം എടുക്കുന്ന ഈ ചിത്രം അധികാരത്തിൽ ഇരിക്കുന്നവരുടെ ഉറക്കം കെടുതുന്നതാണ്  

കറുത്തിരുണ്ട്  കൊണ്ടിരിക്കുന്ന ജനാധിപത്യത്തെ വെളിച്ചത്തിലേക്ക് തിരിച്ചു വിടാൻ ഇത്തരം നെയ്ത്തിരി വെട്ടങ്ങൾ നല്കുന്ന സംഭാവന വളരെ വലുതാണ്‌. ശുഭ്രദീപ് ചക്രവർത്തിയുടെ വിയോഗം നമ്മുടെ  ലോകത്തിനും ജനാധിപത്യ മനസുകളെയും ഒരുപോലെ വേദനിപ്പിക്കുന്നു. നമ്മുടെ ജനാധിപത്യം കൂടുതൽ കരുത്താർജ്ജിക്കേണ്ടാതിന്റെ  ആവശ്യകതയാണ് ഈ ഓരോ ചിത്രവും നമ്മെ ഓർമ്മിപ്പിക്കുന്നത്.
 ------------------------------------------------------------------------

Wednesday 27 August 2014

ഛായ

കവിത
വാനില്‍ 
വിരിയും 
ഒറ്റ നക്ഷത്രത്തിന്     
നിന്റെ ഛായ

ഇടക്ക് നീ 

കാര്‍മേഘത്തുണ്ടില്‍
ഒളിച്ചു കളിക്കുമ്പോള്‍ 
എന്റെ പരിഭവം 
ഒരു മിന്നലായ് 
നിന്നെ പുണരും

നമ്മുടെ 

സമാഗമം 
നിശബ്ദമല്ലെന്ന് 
നീ 
ഇടിവെട്ടോടെ 
വിളിച്ച് പറയും

ഏഴാമാകാശത്തിന് 

മീതെയിരുന്ന്
എന്നും 
നീയെന്നെ 
നോക്കുമ്പോള്‍ 
മണല്‍ത്തരികളെ 
പുണര്‍ന്നു 
ഞാന്‍ കിടക്കും

ഒറ്റ നക്ഷത്രമേ 

എന്റെ പ്രണയത്തിനു
മിന്നലിന്റെ 
തിളക്കവും,
ഇടിയുടെ 
മുഴക്കവും, 
മഴയുടെ 
താളവും.

നിന്റെ 

ഛായ 
ഇല്ലായിരുന്നെങ്കില്‍
ഞാനില്ല
************
മലയാള നാട് എന്ന ഓണ്‍ലൈന്‍ മാഗസിനില്‍ വന്ന കവിത 
http://www.malayalanatu.com/component/k2/item/1438-2014-08-07-09-59-52 
Panting by Adrian Calin : Lost Love

Sunday 24 August 2014

താക്കീത്

കവിത
ർമ്മകളെ 
പെട്ടെന്ന് ചാടി  വീഴല്ലേ,
പാത്തും പതുങ്ങിയും 
മാത്രം വരിക.
ആദ്യം ചിരിച്ചും 
പ്രലോഭിപ്പിച്ചും 
നിനക്ക് മുന്നിൽ 
നിൽക്കും, 
എന്നിട്ട് 
കൂർത്ത പല്ലുകൾ  കാട്ടി
സ്വീകരിക്കും. 
എന്നാലും
കരയരുത് 
നിലവിളിക്കരുത്.
ഓർമകളെ
നിനക്ക് ഞാൻ 
വീണ്ടും താക്കീത് 
തരുന്നു.
ചുട്ടെടുത്തത്
ഒരിക്കലും 
ചികഞ്ഞെടുക്കരുത് 
ജനിക്കാതെ 
ദഹിപ്പിച്ച 
മകനെ/ മകളെ 
ഓർത്ത് 
വിലപിക്കരുത്. 
എല്ലാ ഓർമകളും 
സുന്ദരവും സുരഭിലവും 
മാത്രമായിരിക്കണമെന്നു 
വീണ്ടും താക്കീത്  തരുന്നു.
-----------------------------------------------

മലയാള സമീക്ഷയില്‍ വന്ന കവിത 
http://www.malayalasameeksha.com/2014/08/blog-post_22.html

Paintind by SalvadorDali (soldier warning illusions involved skulls 1)

Friday 1 August 2014

അഞ്ചാംമലയിലെ ദൈവം

വായനാനുഭവം
ഫിഫ്ത് മൌണ്ടന്‍  (നോവല്‍)
പൌലോ കൊയ് ലോ


ഴിവാകാനാവാത്ത വെളിപാടുകള്‍ പോലെയാണ് പൌലോ കൊയ്‌ലോക്ക് എഴുത്ത്, വായനയെ വളരെ പെട്ടെന്നു ഉത്തേജിപ്പിക്കുകയും വിരസതയില്‍ നിന്നും ഉണര്‍ത്തുന്ന ഊര്‍ജ്ജസ്വലമായ ഒരു എഴുത്ത് വിദ്യയാണ് ഇദ്ദെഹത്തിന്റേത്. ബ്രസീലില്‍ നിന്നുള്ള എഴുത്തുകാരനായ ഇദ്ദേഹത്തിന്റെ കൃതികള്‍ 120 രാജ്യങ്ങളില്‍ 45 ഭാഷകളിലായി ദശലക്ഷക്കണക്കിന് വായനക്കാര്‍ക്ക് ആവേശം പകരുന്നു. ആല്‍കെമിസ്റ്റ് എന്ന നോവല്‍ ലോകത്താകമാനമുള്ള പൌലോ വായക്കാര്‍ക്ക്  ഊര്‍ജ്ജം പകര്‍ന്ന നോവലാണ്. പൌലോയുടെ എഴുത്തിടം മദ്ധ്യപൌരസ്ത്യ ദേശങ്ങളും അവിടുത്തെ മരുഭൂമിയും സെമറ്റിക് മതചരിത്രങ്ങളുമാണ്. ഇത്തരത്തില്‍ ഒരു പ്രവാചകന്‍റെ ജീവിതത്തിലെ തീഷ്ണമായ അനുഭവങ്ങളിലൂടെയുള്ള സര്‍ഗ്ഗാത്മകമായ യാത്രയാണ് ഫിഫ്ത് മൌണ്ടന്‍ എന്ന നോവല്‍.
ജസബല്‍ രാജകുമാരിയുടെ അപ്രീതിക്കിരയാകുകയും പരമ്പരാഗത വിശ്വാസത്തെ ചോദ്യം ചെയ്യുന്ന എല്ലാ പ്രവാചകന്മാരെയും കൊന്നൊടുക്കുന്ന സാഹചര്യത്തില്‍ ജീവന്‍ രക്ഷിക്കാന്‍ കാലിത്തൊഴുത്തില്‍ ഒളിച്ചിരിക്കുന്ന ഏലിയാ എന്ന പ്രവാചകനിലൂടെയാണ് നോവല്‍ ആരംഭിക്കുന്നത്. ടയറിലെ ജസബല്‍ രാജകുമാരിയെ ആഹാബ് രാജാവ് വിവാഹം ചെയ്തതോടെ ഇസ്രയേലിന്‍റെ ഭരണചക്രം നിയന്ത്രിക്കാന്‍ ജസബല്‍ ഒരുങ്ങുന്നു. ഏകദൈവാരാധനക്കുപകരം ലെബനോനിലെ ദൈവങ്ങളെ ആരാധിക്കാന്‍ ഇസ്റയേലിനെ ജസബല്‍ തയ്യാറാക്കി കഴിഞ്ഞു അതിനു വിസമ്മതിച്ച പ്രവാചകരെ കൊല്ലാന്‍ തന്നെ ജസബലിന്‍റെ നിര്‍ബന്ധപ്രകാരം ആഹാബ് രാജാവ് ഉത്തരവിടുന്നു. ദൈവ കല്‍പനപ്രകാരം തന്‍റെ വിശ്വാസത്തെ കുറിച്ചും അതിലേക്ക് ആഹാബ് രാജാവിനോടുള്ള ക്ഷണവും തുറന്നു പറയുന്നതോടെ ഏലിയായുടെ പാലായനം സുനിശ്ചിതമാകുന്നു. മരപ്പണിക്കാരനായ ഏലിയാ ജീവിച്ചിരിക്കേണ്ടത് ദൈവത്തിന്റെ കൂടി ആവശ്യമായതിനാലാകാം കൊല്ലാന്‍ കൊണ്ടുപോയ പട്ടാളക്കാരന് തന്‍റെ അമ്പിന്റെ ലക്ഷ്യം തെറ്റിയതും അയാള്‍ക്ക് ഏലിയായേ വെറുതെ വിടാന്‍ തോന്നിയതും. ജീവന്‍ കിട്ടിയതോടെ ഏലിയാ ഓടി രക്ഷപ്പെടുകയാണ്

പൌലോ കൊയ്‌ലോയുടെ സര്‍ഗാത്മക മികവ് ഏലിയായുടെ പലായന വിവരണത്തിലൂടെ നമുക്ക് മനസിലാക്കാം. വളരെ ശ്രദ്ധിക്കേണ്ട വൈകാരികമായ വിഷയമായിരുന്നിട്ടും എഴുത്തില്‍ കാണിച്ചിട്ടുള്ള സൂഷ്മത വായനക്കാരന് തിരിച്ചറിയാം.
“താനൊരു പ്രവാചകനായിരുന്നു എന്നാല്‍ പുരോഹിതന്റെ വിശ്വാസം മറികടന്ന് ഒരു ആശാരിയായി പ്രവര്‍ത്തിക്കാനാണ് താന്‍ നിശ്ചയിച്ചത് എന്നാല്‍ ദൈവമിതാ വീണ്ടും എന്നെ അതേ പാതയിലേക്കു വീണ്ടും നയിച്ചിരിക്കുന്നു” ഒരു പ്രവചകനില്‍ ഉണ്ടാകുന്ന ചിന്തയുടെ വ്യതിചലനത്തെ പൌലോ കൊയ്‌ലോ ഇതുപോലെ പലയിടത്തും വരച്ചു കാട്ടുന്നുണ്ട്.
ഓട്ടത്തിനിടയില്‍ തളര്‍ന്ന് അവശനായ ഏലിയാ അസേദിയയായിലെ അക്ബര്‍ നഗരാതിര്‍ത്തിയിലെ വറ്റികിടക്കുന്ന നദിയില്‍ എത്തുന്നു അപ്പോഴും മരണഭയം തന്നെ വല്ലാതെ അലട്ടുന്നു. മരണത്തെ വരവേല്‍ക്കുകയാണ് നല്ലതെന്നു എലിയക്ക് തോന്നുന്നു.
“മരിക്കുകയാണെങ്കില്‍ ദൈവത്തിന്‍റെ ഒരു രക്ത സാക്ഷിയായി ഞാന്‍ വാഴ്ത്തപ്പെട്ടേക്കാം, സ്വന്തം വചനങ്ങളില്‍ വിശ്വാസമില്ലാതിരുന്ന ഒരു ഭീരുവായിട്ടായിരിക്കും കണക്കാക്കപ്പെടുക” ഏറെ പരീക്ഷണങ്ങള്‍ നേരിടുമ്പോളൊക്കെ തന്നെ ചഞ്ചലമായ ഒരു മനസ് എലിയായില്‍വളരുന്നു. വളരെ വ്യത്യസ്ഥമായ ജീവിത സാഹചര്യങ്ങളിലൂടെയുള്ള ദൈവകല്‍പനപ്രകാരമുള്ള യാത്രയില്‍ ദൈവദൂതന്‍ വഴി എത്തിയ സന്ദേശത്തിലെ വിധവയെ വറ്റിയ നദിക്കരയില്‍ വെച്ചു കണ്ടുമുട്ടുന്നു. ദാഹിച്ചു അവശനായ എലിയായേ അവര്‍ ദാഹജലം നല്കി ജീവിപ്പിക്കുന്നു. വിധവയുടെ കാരുണ്യം ഒരു പ്രവാചകനെ ജീവിതത്തിലേക്കും അതിലൂടെ വലിയ ആശയത്തിലേക്കും നോവലിനെ നയിക്കപ്പെടുന്നു. അഞ്ചാം മലയിലെ ദൈവത്തിന്റെ പ്രീതി പിടിച്ചുപറ്റാന്‍ കാത്തുകിടക്കുന്ന അക്ബറിലെ ജനതക്കിടയില്‍ ഏലിയാ ഒരു പ്രവാചകനല്ല അങ്ങിനെ മാറണമെങ്കില്‍ അവിടെ അല്‍ഭുതങ്ങള്‍ കാണിക്കണം അതിനായി ഒരവസരം ഏലിയയെ തേടി വരും അതുവരെ കാത്തിരിക്കുക എന്നാണ് ദൈവദൂതന്‍റെ സന്ദേശം.
തന്നെ സംരക്ഷിച്ച വിധവയുടെ കുട്ടിയുടെ മരണം അത്തരത്തില്‍ ഒരവസരം തന്നെയായിരുന്നു. താന്‍ അല്‍ഭുതകാരമായ കഴിവുകളുള്ള പ്രവാചകന്‍ ആണെന്ന്‍ അക്ബറിലെ ജനങ്ങള്‍ക്കിടയില്‍ ഏലിയാക്ക് കാണിച്ചു കൊടുക്കാനുള്ള അവസരം അതിലൂടെ ഇവിടുത്തെ ഗവര്‍ണ്ണര്‍ക്കും അവഗണിക്കാനാവാത്ത ഒരു അതിഥിയായി ഏലിയാക്ക് മാറാം പക്ഷേ എന്ത് അല്‍ഭുതം കാണിക്കും. മരിച്ചു കിടക്കുന്ന കുട്ടി, ഏറ്റവും അത്യാവശ്യ ഘട്ടത്തില്‍ ജീവിതം തിരിച്ചു തന്ന വിധവ ഇവര്‍ക്കിടയില്‍ അയാള്‍ അഞ്ചാം മലയുടെ മുകളിലേക്കു നടന്നു. ചിലപ്പോള്‍ ഇത് എല്ലാം അവസാനിക്കുന്ന ഒരു യാത്രയാകാം അല്ലെങ്കില്‍ ഒരു തുടക്കത്തിന്റെ! വല്ലാത്ത ഒരു നിമിഷമാണ് ഈ സമയത്ത് വായനക്കാരന് അനുഭവപ്പെടുന്നത്. നിരവധി ചോദ്യങ്ങള്‍ മുന്നിലെത്തുന്ന സമയം
എന്നാല്‍ വിധവയുടെ കുട്ടിയെ മരണത്തില്‍ നിന്നും ജീവിതത്തിലേക്ക് തിരിച്ചെടുത്തതോടെ അല്‍ഭുതകാരമായ ആ നിമിഷത്തിന്റെ പിന്‍ബലത്തില്‍ ഏലിയാ അവസാനം വരെ അതിജീവിക്കുക മാത്രമല്ല വിധവയുടെ പ്രണയം വരെ എത്തി നില്ക്കുന്നു
“സ്നേഹം എന്ന വാക്ക്, ആ മനുഷ്യന്‍ കുറിച്ചിട്ട ഏതാനും വരകളും വട്ടങ്ങളും നോക്കിനില്‍ക്കേ അയാള്‍ക്ക് തോന്നി ആകാശത്തു നക്ഷത്രങ്ങള്‍ തിളങ്ങുന്നതിന്റെയും ഭൂമിയില്‍ മനുഷ്യര്‍ ജീവിക്കുന്നതിന്റെയും പിറകിലുള്ള രഹസ്യം അതാണെന്ന് – സ്നേഹം”
നോവലിലെ ചില നിമിഷങ്ങള്‍, കഥാപാത്രങ്ങളിലൂടെ നോവലിസ്റ്റ് നല്‍കുന്ന സന്ദേശങ്ങള്‍ അതൊരു വെളിപാട് പോലെ വായനക്കാരില്‍ നിറഞ്ഞു നില്ക്കുന്നു. അക്ഷരങ്ങളുടെ പിറവിയില്‍ ഉണ്ടാകുന്ന നാട്ടുകാരുടെ സംശയം അത്തരത്തില്‍ ഉള്ളതാണ്. അക്ഷരങ്ങളാണ് മനുഷ്യന്‍റെ ഉയര്‍ച്ചയുടെ കാതല്‍, അക്ഷരങ്ങള്‍ പഠിക്കുക എന്നാല്‍ ഒരു സംസ്കാരത്തെ നില നിര്‍ത്താനുള്ള അടിസ്ഥാനം ഉണ്ടാക്കലാണെന്ന സത്യം നോവലില്‍ സൂചിപ്പിക്കുകയാണ്. അക്ബറില്‍ അക്ഷരങ്ങള്‍ ഉണ്ടായ കഥ ഇങ്ങനെ വിവരിക്കുന്നു
ആദ്യകാലങ്ങളില്‍ ഒരു സാധനത്തെ അല്ലെങ്കില്‍ സംഭവത്തെ സൂചിപ്പിക്കാന്‍ വരച്ചു വെക്കുകയാണ് രീതിയത്രേ, എന്നാല്‍ അക്ഷരങ്ങള്‍ വന്നതോടെ എളുപ്പം കാര്യങ്ങള്‍ എഴുതി വെക്കാം എന്നായി. പഠിക്കാനും എഴുതാനും എളുപ്പമായി അതോടെ അന്നത്തെ ജനതയില്‍ സ്വാഭാവികമായ ഒരു സംശയം ഉയര്‍ന്നിരിക്കാം. ഇക്കാര്യം പൌലോ കൊയ് ലോ തന്‍റെ നോവലില്‍ ഒരു ചെറിയ പാരഗ്രാഫില്‍ ഉള്‍പ്പെടുത്തിയത് വായിച്ചാല്‍ അക്കാര്യം മനസിലാകും.
ഏലിയാ യോട് അവള്‍ ചോദിക്കുന്നു
“വാക്കുകളില്‍ നിന്ന്ദൈവികമായ ചൈതന്യം പൊയ്പോകില്ലേ” അതായിരുന്നു ആ സ്ത്രീയുടെ ആശങ്ക
“ഇല്ല ദൈവികമായ സാന്നിധ്യം എന്നും വാക്കുകളില്‍ ഉണ്ടാകും പക്ഷേ അത് എഴുതുന്നവരുടെ ഉത്തരവാദിത്വമായിരിക്കും”

ഏലിയാ വ്യക്തമാക്കി. ഇവിടെ പൌലോ കൊയ്‌ലോ ഭാഷയുടെ പ്രസക്തിയെയും ഒപ്പം എഴുത്തിന്‍റെ ആവശ്യവും പ്രയോഗവും ചൂണ്ടികാണിക്കാന്‍ താത്വികമായ ഒരു ഇടപെടല്‍ എപ്പോളും ഈ നോവലില്‍ കാണാം. വായനക്കാരെ പൂര്‍ണ്ണമായും നന്‍മയുടെ വഴിയിലൂടെ നയിക്കപ്പെടണം ഒരു വെമ്പല്‍ ദൃശ്യമാണ്. പ്രത്യേകിച്ച് ഐതിഹ്യ പൂര്‍വ്വമായ ചരിത്രത്തിലൂടെ വിചിത്രമായ ഒരു യാത്രയില്‍ അവിശ്വസനീയമെന്ന് തോന്നുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടാകും അതിനെയൊക്കെ വളരെ പോസറ്റീവായി ചിത്രീകരിക്കാന്‍ കൊയ് ലോ പ്രത്യേകം ശ്രദ്ധിക്കുന്നു. നോവലില്‍ അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെടുന്ന കഥാപാത്രങ്ങള്‍ വലിയ ജ്ഞാനിപോലെയാണ് സംസാരിക്കുന്നത് ഈ രീതി പൌലോയുടെ ഒട്ടുമിക്ക സൃഷ്ടികളിലും കാണാവുന്നതാണ്. അത്തരത്തിലൊരു കഥാപാത്രമാണ് അസീറിയക്കാരുടെ ആക്രമണങ്ങളില്‍ നിന്നും രക്ഷപ്പെടുന്ന ഏലിയായും കുട്ടിയും ചെന്നെത്തിപ്പെടുന്ന ആട്ടിടയന്‍. ഒരു പുതു ജീവിതം പുണരാന്‍ ഉതകുന്ന കാര്യങ്ങളാണ് അയാളില്‍ നിന്നും ഏലിയാ പഠിക്കുന്നത്.
ഇടയന്റെ വാക്കുകള്‍ ഏലിയായുടെ ഹൃദയത്തില്‍ തട്ടി.
ഒരു ജീവിതം വീണ്ടും വാര്‍ത്തെടുക്കുക അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല.. അതുപോലെ തന്നെയാണ് നഗരങ്ങളുടെ കാര്യവും. അമ്പേ തകര്‍ന്നിട്ടുണ്ടാകാം എന്നാലും ആ അവശിഷ്ടങ്ങളില്‍ നിന്ന് പിന്നേയും പഴയതുപോലെ ഒന്നു കെട്ടിപ്പടുക്കുക അസാധ്യമെന്ന് പറയാന്‍ വയ്യ…”
ഇടയന്‍ തുടരുകയാണ്
“ഒന്നേ ശ്രദ്ധിക്കേണ്ടൂ, സ്വന്തം ശക്തിയത്രയും പഴയതു പോലെ പ്രയോജനപ്പെടുത്താന്‍ തയ്യാറാകണം. അത് നമുക്ക് ഗുണകരമായി തീരുകയും വേണം.” അയാള്‍ ഏലിയയുടെ കണ്ണുകളിലേക്ക് നോക്കി. “മനസ്സില്‍ മടുപ്പുളവാക്കുന്ന ഒരു ഭൂതകാലമുണ്ടെങ്കില്‍ അത് പാടെ മറന്നു കളയണം.സ്വന്തം ജീവിതത്തെ സംബന്ധിച്ച് പുതിയൊരു കഥ മെനെഞ്ഞെടുക്കുന്നതാണ് സത്യമെന്ന് സ്വയം പറഞ്ഞ് ബോധ്യപ്പെടുത്തുന്നു. ആഗ്രഹിച്ചത് പോലെ കാര്യങ്ങള്‍ നടന്ന അവസരങ്ങള്‍, പിന്നെയും പിന്നെയും ഓര്‍ത്തുനോക്കൂ. അതില്‍നിന്നു കിട്ടുന്ന ധൈര്യവും ശുഭാപ്തി വിശാസവും പുതിയ പുതിയ നേട്ടങ്ങളില്‍ നിങ്ങളെ കൊണ്ടെത്തിക്കും.” ഈ ഊര്‍ജ്ജമാണ് പിന്നീട് അക്ബര്‍ നഗരത്തെ പൂര്‍വസ്ഥിതിയിലെത്തിക്കാനും ജീവിതം തിരിച്ചു പിടിക്കാനും ഏലിയായേ സഹായിച്ചത്. പൌലോ കൊയ് ലോയുടെ സ്വതസിദ്ധമായ ശൈലിയില്‍ എഴുതിയിട്ടുള്ള ഈ കൃതി നല്‍കുന്ന മാനവിക സന്ദേശം വളരെ വലുതാണ് വിജയത്തിന്റെ പാതയിലേക്ക് നയിക്കപ്പെടാന്‍ നിങ്ങള്ക് മുന്നില്‍ വഴി ഒന്നേയുള്ളൂ. അത് ധീരമായ മുന്നേറ്റം നടത്തിയെ തീരൂ അപ്പോള്‍ എല്ലാ തടസ്സങ്ങളും താനേ വഴിമാറും.
വായനക്കാരെ എഴുത്തുകാരന്‍ സൃഷ്ടിച്ച തലത്തിലേക്ക് വായനക്കൊപ്പം കൊണ്ടുപോകുക അത്ര എളുപ്പമുള്ള കാര്യമല്ല എന്നാല്‍ ഈ നോവല്‍ വായനാവസാനം വരെ നമ്മെ കൂടെ നടത്തുകയും ഐതിഹ്യവും ചരിത്രവും ഈ വര്‍ത്തമാന കാലത്തിലെന്നപോലെ അനുഭവിപ്പിക്കുകയും ചെയ്യുന്നു. മലയാളിക്ക് അത്ര പരിചിത മേഖല അല്ലാതിരിന്നിട്ടും ഇവിടെ നിന്നും ആ അപരിചത്വം ഒട്ടും അനുഭവിക്കാതെ കോണ്ടുപോകുന്നുണ്ട് ഈ നോവല്‍.
(വെട്ടം ഓണ്‍ലൈന്‍ മാഗസിനില്‍ വന്ന വായനാനുഭവം)
http://vettamonline.com/?p=16413 

Tuesday 29 July 2014

ഉത്തരമില്ലാചോദ്യങ്ങള്‍

കവിത
ഞാന്‍ ഷൈമ*

ജനനമെന്ന 
കൌതുകം എനിക്കില്ല.
 
മുലപ്പാലിന്‍റെ
രുചിയും  എനിക്കന്യം.
 
എനിക്കെന്നും 
അമ്മയുടെ മാറ്
നെടുകെ പിളര്‍ന്ന 
ഒരു രക്തഗര്‍ത്തം,

മുഖം ചിതറിയ 
പളുങ്ക് 

ജീവന്‍ 
ഒരിറ്റായ്
നേര്‍ത്ത കുഴലിലൂടെ
അരിച്ചിറങ്ങുമ്പോള്‍
വേണ്ടായിരുന്നെന്ന് 
തോന്നിപ്പോകുന്നത് 
ദൈവ നിഷേധമാകുമോ?

അതേ, എന്റെ ജന്മം 
ഒരു പൊട്ടിത്തെറിയാണ് 
ആരോ, ആരെയോ, 
എന്തോ, എന്തിനോ,
വേണ്ടി ചെയ്യുന്ന 
പാതകം.

പിറവി തന്നെ 
ഇരുട്ടില്‍, 
ഇനി ഇരുട്ടോടിരുട്ട്. 

എന്നെങ്കിലും 
നിന്റെ കലി തീരുമ്പോള്‍ 
എനിക്കൊന്നു പറഞ്ഞു തരണം 
എന്തിനാണ് നീ എന്നെ 
ഒരു ബോംബിനുള്ളില്‍ 
നിറച്ചതെന്ന്?
----------------------

*ഷൈമ - ഗാസയില്‍ ഇസ്രയേലിന്‍റെ ബോംബാക്രമണത്തില്‍ മരിച്ച ഷൈമ എന്ന പൂര്‍ണ്ണ ഗര്‍ഭിണിയുടെ വയറ്റില്‍ നിന്നും ഓപറേഷന്‍ ചെയ്തെടുത്ത ഷൈമ   എന്ന പേരുതന്നെയുള്ള  കുട്ടി 

Tuesday 15 July 2014

ഭൂപടത്തിലെ പാട്

കവിത


ഭൂപടം
നിവര്‍ത്തിയപ്പോള്‍ 
ചോരപ്പാട്. 

കരിഞ്ഞുണങ്ങിയ 
ശരീരങ്ങളുടെ 
പാടുകള്‍. 

പന്ത്രണ്ടു പല്ലുകള്‍ 
മാത്രമുള്ള 
തലയോടുകള്‍. 

യാചനയോടെ 
കൂപ്പിയ 
കുഞ്ഞുകൈകളുടെ 
അസ്ഥി.

തെറിച്ചു വീണ 
തുറിച്ചു നോക്കുന്ന 
കണ്ണുകള്‍. 

പട്ടാളബൂട്ട് 
പതിഞ്ഞ 
കുഞ്ഞുനെഞ്ച്. 

ഭൂപടം 
നനഞ്ഞതിനാലും
കട്ടിയായ ചോര
ഒട്ടിപ്പിടിച്ചതിനാലും 
ഇനിയും 
നിവര്‍ത്താന്‍ വയ്യ

Sunday 13 July 2014

പോര്

കവിത

ബുദ്ധന്‍റെ ആട്ടിന്‍കുട്ടിയാണിന്ന് 
തീന്‍ മേശയിലെ വിഭവം. 
നമുക്കതും കഴിച്ച്
ബോധി വൃക്ഷതണലില്‍ 
വിശ്രമവും കഴിഞ്ഞ്
പോരിനിറങാം,
ആദ്യമാദ്യം 
ഒന്നിച്ചും
പിന്നെ 
പരസ്പരവും. 

Friday 11 July 2014

വാര്‍ത്ത

കവിത


യ്യപ്പന്‍റമ്മ നെയ്യപ്പം ചുട്ടു  
കാക കൊത്തി കടലിട്ടില്ല!
നെയ്യപ്പം പൊരിച്ച എണ്ണയില്‍ 
കീടനാശിനി...
പത്രത്തിനിത് വാര്‍ത്തയേയല്ല.
കാക്കകള്‍ വാര്‍ത്ത പ്രചരിപ്പിച്ചു 
കാ... കാ... കാ...  
***   ***    ***

Thursday 10 July 2014

നുണയുടെ നിറം

കവിത


ഗീബല്സേ 
നീ പഠിപ്പിച്ച 
പാഠം എത്ര വലുതാണ്‌ 
നുണകളുടെ 
സ്തുതി പാടാൻ 
നീ പഠിപ്പിച്ചപ്പോൾ 
ഇത്രയും ഇരുട്ട് 
ഞാൻ പോലും 
പ്രതീക്ഷിച്ചിരുന്നില്ല.
മനസുകളിലേക്ക്
വിദ്വേഷത്തിന്റെ
അമ്പുകൾ
തൊടുത്തു വിടാൻ
പഠിപ്പിച്ചപ്പോൾ
വിജയം
ഉറപ്പിച്ചു.

മൌനത്തിന്റെ
നിറം നീ മാറ്റിയപോലെ
ജീവന്റെ നിറം
നീ മാറ്റിയപോലെ
മനുഷ്യത്വത്തിന്റെ
നിറം നീ മാറ്റിയപോലെ
നുണയുടെ നിറം എത്ര പെട്ടെന്നാണ്
നീ മാറ്റിയത്.
നുണ തന്നെ
ഭൂതവും ഭാവിയും വർത്തമാനവും
നുണ തന്നെ ചരിത്രവും
ഗീബൽസ് ഒരു ശരിയാകുന്നു....

(Painting: The Scream by Edvard Munch)

Friday 4 July 2014

ഒച്ചുകളുടെ തീര്‍ഥാടനം

കവിത

സാവധാനമാണ് 
ഒച്ചുകളുടെ 
ദൈവം, 
വേഗത 
ചെകുത്താനും. 

ഒച്ചുകളുടെ 
ഓരോ 
യാത്രയും 
സൃഷ്ടിയെ 
തേടിയുള്ള 
തീര്‍ഥാടനമാണ്.

ഒരിക്കലും
ലക്ഷ്യത്തിലെത്താത്ത
ജീവിതമെന്ന് 
തോന്നുന്ന 
മെല്ലെ മെല്ലെയുള്ള 
യാത്ര. 
...............................

Wednesday 2 July 2014

അമ്മ

കവിത 

കാല്‍പാദത്തിനടിയില്‍
സ്വര്‍ഗ്ഗം
ഒളിപ്പിച്ചു
മക്കള്‍ക്ക്
നല്കും

എല്ലാ വേദനവും
ഉള്ളില്‍ നിറച്ചു
പുറമെ ചിരിക്കും

കുടിച്ചവര്‍ മറന്നാലും
അമ്മിഞ്ഞപാലിന്‍
രുചി അമ്മയിലൂടെ
ജീവിപ്പിക്കും

സ്നേഹത്തിന്
മുന്നില്‍
ദൈവത്തെ
പോലും
തോല്‍പ്പിക്കും

കൂട്ട്

കവിത ചിതറാത്ത ചിന്തയിലെ 
ഉണങ്ങാത്ത മുറിവിനെ
മരുന്ന് വെച്ചു 
കെട്ടി സാന്ത്വനമേകാന്‍
എനിക്കൊരു 
കൂട്ടുവേണം

വെളിച്ചത്തിലേക്ക്
എത്തിനോക്കുമീ
കണ്ണുകളില്‍
മണ്ണ് വീഴാതിരിക്കാന്‍
ഒരു തട വേണം  

വല്ലപ്പോഴും
എന്നെ തേടി വരുന്ന
രാപ്പാടിക്കു കൂടുകൂട്ടാന്‍
എന്റെ
ഏകാന്തതയുടെ മുറ്റത്ത്
നീയൊരു
മരം നടുമോ?
ഒരു ചാറ്റല്‍
മഴയായ്
നിനക്കെന്നെ
സ്പശിക്കാം 
നിന്റെ
കൈകളാല്‍
എന്റെ ചിന്തയെ
തിരിച്ചു പിടിക്കണം....
കാത്തിരിക്കുന്നു
ഒരു കൈതാങ്ങിനായ്
ഞാന്‍.
================

Tuesday 1 July 2014

ജാഥ

കവിത 

മുഷ്ടി ആകാശത്തേക്ക് 
ചുരുട്ടിയെറിയലാണ്, 
അധികാരം ഉറപ്പിക്കലാണ്, 
ചിലപ്പോഴത്
അധികാരം തെറിപ്പിക്കലാണ്,
ചിലപ്പോള്‍
വെറും തെറിയാണ്.

Saturday 28 June 2014

നെല്‍സന്‍ മണ്ടേലയും സിനിമയും

സിനിമ


ക്ഷിണാഫ്രിക്കന്‍ നേതാവ് നെല്‍സന്‍ മണ്ടേലയുടെ ജീവിതം ആധാരമാക്കി നിരവധി  ഫീച്ചര്‍ സിനിമകൾ ഇറങ്ങിയിട്ടുണ്ട് അതിൽ മൂന്നെണ്ണമാണ് പ്രധാനപ്പെട്ടവ. മണ്ടേല, ഗുഡ്‌ബൈ ബഫാന( Goodbye Bafana ), ഇന്‍വിക്ടസ്('INVICTUS') എന്നിവയാണീചിത്രങ്ങള്‍.'മണ്ടേല'യില്‍ അദ്ദേഹത്തിന്റെ യൗവ്വനകാലമാണ് നമ്മള്‍ കണ്ടത്. രണ്ടാമത്തെ ചിത്രമായ 'ഗുഡ്‌ബൈ ബഫാന'യിലെത്തുമ്പോള്‍ മണ്ടേല തടവുകാരനാണ്. ബില്ലി ഓഗസ്റ്റ് സംവിധാനം ചെയ്ത ഈ ചിത്രം 2007-ലാണ് ഇറങ്ങിയത്. മണ്ടേലയും അദ്ദേഹത്തിന്റെ ജയില്‍ വാര്‍ഡന്‍ ജയിംസ് ഗ്രിഗറി എന്ന വെള്ളക്കാരനും തമ്മില്‍ വളര്‍ന്നുവന്ന ആത്മബന്ധത്തിന്റെ കഥ പറയുന്നു ഈ ചിത്രം. മണ്ടേലയും ജയിംസും രണ്ട് ദശകത്തോളം ഒരുമിച്ചുണ്ടായിരുന്നു. മണ്ടേലയുമായുള്ള അടുപ്പം ജയിംസിന്റെ അടിസ്ഥാനവിശ്വാസങ്ങളെത്തന്നെ മാറ്റിമറിച്ചു. 27 വര്‍ഷത്തെ തടവിനുശേഷം 1990-ല്‍ മണ്ടേല മോചിതനായി. ഈ വിമോചനത്തോടെയാണ് 'ഗുഡ് ബൈ ബഫാന' അവസാനിക്കുന്നത്.

ജോണ്‍ കാര്‍ലിന്‍ എഴുതിയ ഒരു ഗ്രന്ഥത്തെ ആധാരമാക്കി അമേരിക്കന്‍ നടന്‍ ക്ലിന്റ് ഈസ്റ്റ് വുഡ് സംവിധാനം ചെയ്ത ചിത്രമാണ്‌  ഇന്‍വിക്ടസ്', 'അപരാജിതന്‍' എന്നര്‍ഥം വരുന്ന ഇന്‍വിക്ട്‌സ് എന്നത് ലാറ്റിന്‍ വാക്കാണ്. ദക്ഷിണാഫ്രിക്കന്‍ നേതാവ് നെല്‍സന്‍ മണ്ടേലയ്ക്ക്  ഈ വാക്ക് നന്നായി ചേരും.  നിണമൊഴുകുമ്പോഴും ശിരസ്സുയര്‍ത്തിപ്പിടിച്ച് സ്വന്തം വിധിയുടെ യജമാനന്‍ താന്‍ തന്നെയാണെന്ന് ലോകത്തെ പഠിപ്പിച്ച നേതാവ്. ദക്ഷിണാഫ്രിക്കയ്ക്ക് സ്വാതന്ത്ര്യം നേടിക്കൊടുത്ത മണ്ടേല അഞ്ചുകൊല്ലം രാജ്യം ഭരിച്ചു. ക്ഷമയുടെയും അനുരഞ്ജനത്തിന്റെയും കാലമായിരുന്നു അത്. ഭിന്ന സംസ്‌കാരങ്ങളുള്ള ജനതയെ ഒരുമിപ്പിച്ചു നിര്‍ത്താന്‍ അക്ഷീണം പ്രയത്‌നിച്ചു അദ്ദേഹം. 

ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റാണദ്ദേഹം. അടിസ്ഥാനപരമായി മാറ്റമുണ്ട് മണ്ടേലയ്ക്ക്. ഏറ്റുമുട്ടലിന്റെ പാത അദ്ദേഹം ഉപേക്ഷിച്ചിരിക്കുന്നു. 'ന്യൂനപക്ഷങ്ങള്‍ക്ക് ഭൂരിപക്ഷം ആവുന്നതെല്ലാം സന്തോഷത്തോടെ വിട്ടുകൊടുക്കണ'മെന്ന ഗാന്ധിയന്‍ ദര്‍ശനമാണ് അദ്ദേഹത്തിന്റെ വഴികാട്ടി. അനുരഞ്ജനത്തിന്റെ പാതയിലൂടെ ഭിന്ന വിഭാഗങ്ങളെ ഒരുമിപ്പിക്കുകയാണ് മണ്ടേല. തങ്ങളെ അടിച്ചമര്‍ത്തിയ വര്‍ണവെറിയരോട് അദ്ദേഹം പൊറുക്കുന്നു. അവരുടെ സംസ്‌കാരം നിലനിര്‍ത്തി അവരെയും തന്നോടൊപ്പം ചേര്‍ത്തുപിടിക്കുകയാണ് മണ്ടേല. സമാധാനവാദിയാണ് മണ്ടേല. അതേസമയം, തടിമിടുക്കും ആക്രമണോത്സുകതയും ആവശ്യമുള്ള റഗ്ബി എന്ന കളിയുടെ ആരാധകനാണദ്ദേഹം. ഈ കളിയെ രാഷ്ട്രീയതന്ത്രജ്ഞതയുടെ ഭാഗമാക്കിമാറ്റുന്ന മണ്ടേലയെയും ആ ഭരണകാലവുമാണ്. ആ ഭരണകാലമാണ് 2009-ല്‍ ഇറങ്ങിയ 'ഇന്‍വിക്ടസ്' എന്ന ഇംഗ്ലീഷ് സിനിമ വിഷയമാക്കുന്നത്.

കവിത - റിയാലിറ്റി ഷോ

കവിത 


റിയാലിറ്റി ഷോ
ട്ടും യാഥാര്‍ഥ്യമല്ലെങ്കിലും
യാഥാര്‍ത്യത്തെ 
കൂട്ടിനിരുത്തും
ഒട്ടും ചേരാത്ത
നാടകം കളിക്കും,
ഒരിയ്ക്കലും
പൊഴിയാത്ത
കണ്ണീര്‍മഴ
പെയ്യിക്കും,
ഒറ്റദിവസത്തെ
ആയുസ്സിനായി
ദിനങ്ങള്‍
ജീവിക്കും
ജീവനില്ലാത്തതിനെ
ജീവനെന്ന് വിളിക്കാന്‍
ആര്‍ക്കും
നാണമില്ലെന്
തെളിയിക്കും.
ചതുരപ്പെട്ടിയിലൂടെ
ലോകം
മുഴുവന്‍
സഞ്ചരിച്ചിട്ടും
യഥാര്‍ത്യന്തിന്റെ
പൊരുള്‍
തിരിച്ചറിയാതെ
വാചാലമാകും
ഇല്ലാത്ത
അക്ഷരങ്ങളില്‍
കേള്‍ക്കാത്ത
ഭാഷയെ
നിര്‍മ്മിക്കും.
ജീവിതം
ഷോ അല്ല
ഷോ ജീവിതവും.

Saturday 21 June 2014

തനിയാവര്‍ത്തനം

മിനിക്കഥ 

കലെ  ആകാശത്തില്‍ ഇരുന്ന്‍ അമ്മ വിളിക്കുന്നുണ്ടോ? അതേ അത് അമ്മ തന്നെ, കോടാനുകോടി നക്ഷത്രങ്ങള്‍ക്കിടയിലും അമ്മ തിളങ്ങി തന്നെ നിന്നു, എങ്ങും കേള്‍ക്കാത്ത ശബ്ദത്തില്‍ അമ്മ വിളിക്കുണ്ടോ? അദൃശ്യമായ ഒരു കൈ എന്നെ തലോടുന്നോ? അതോ എന്റെ തോന്നലോ? 

ഈ ഏകാന്തതയില്‍ ആരാലും കൂട്ടില്ലാതെ, എന്തിനായിരുന്നു എല്ലാം? ഒറ്റക്കിരുന്നിരുന്ന അമ്മയെ ഒരിക്കലെങ്കിലും കാണാന്‍ അന്നെന്താ എനിക്കു തോന്നാതിരുന്നത്. ഓരോ അവധിയും ഓരോ സുഖവാസ കേന്ദ്രങ്ങള്‍ കവര്‍ന്നെടുത്തപ്പോള്‍ ഇപ്പോള്‍ വരുമെന്ന പ്രതീക്ഷയില്‍ എത്ര തവണ അമ്മ ഉമ്മറപ്പടിയില്‍ വന്ന്‍ ഇടവഴിയുടെ അറ്റത്തേക്ക് നോക്കിയിട്ടുണ്ടാകും...

ഇപ്പോഴിതാ നീണ്ട അവധി ..... ഒന്നും ചെയ്യാനില്ലാതെ. ജീവിച്ചിരിക്കുമ്പോള്‍ ഒന്നു തീര്‍ഞ്ഞു നോക്കാന്‍  ...

മക്കളുടെ  ശബ്ദം ഒന്നു കേള്‍ക്കാന്‍   തോന്നി, മൊബൈല്‍ എടുത്തു നമ്പര്‍ അടിച്ചുനോക്കി 

'ഈ നമ്പര്‍ ഇപ്പോള്‍ തിരിക്കിലാണ് അല്പ സമയം കഴിഞ്ഞു വിളിക്കുക' ..........

ഇല്ല അവര്‍ തിരക്കിലാകും,  അവരുടെ അവധിക്കാലങ്ങള്‍ അങ്ങനെ തിരക്കില്‍ തന്നെ, ഒരിക്കലെങ്കിലും ഞാന്‍ ആ...   മുറിഞ്ഞു ഇല്ലാതാകുന്ന വാക്കുകള്‍...

പാവം, 
എത്ര ഞാന്‍ അവഗണിച്ചിട്ടും അമ്മായിതാ ആകാശത്തിരുന്ന് എന്നെ തന്നെ നോക്കിയിരിക്കുന്നു
                                       ******************************* 

Wednesday 11 June 2014

പുഴ

കവിത


കുട്ടീ
ഒരിയ്ക്കലും
നിനക്കെന്നെ
സ്നേഹിക്കാനാകില്ല.
ഒരിക്കലെ
നിനക്കെന്നെ
കാണാനാകൂ.
ഒരിക്കലെ
നിനക്കെന്നില്
നീരാടാനാകൂ.
നിരന്തരം
ഞാന്‍
മാറികൊണ്ടിരിക്കും.


ഒരിക്കല്‍ മാത്രം
കാണുയതിനെ,
കേള്‍ക്കുന്നതിനെ,
അനുഭവിക്കുന്നതിനെ,
നീ
പ്രണയിച്ചാല്‍
ഞാനെങ്ങനെ
കടലില്‍
ലയിക്കും.


നിന്റെ പ്രണയത്തെ
ഞാന്‍ നിരസിക്കുന്നില്ല.
എങ്കിലും
എനിക്കു പോയേ പറ്റൂ.
കടലമ്മ
എന്റെ
തലോടലിനായി
കാത്തിരിക്കുന്നു.

Thursday 5 June 2014

ഉയരേണ്ടത് സമുദ്രനിരപ്പല്ല, നമ്മുടെ ശബ്ദമാണ്

ഭൂമി അതിന്റെ ഏറ്റവും വിനാശകരമായ ഒരു കാലത്തിലൂടെയാണ് കടന്നു പോയികോണ്ടിരിക്കുന്നത്പാരിസ്ഥിതിക അവബോധം നമുക്കിടയില്‍ നിന്നും എങ്ങിനെയോ ചോര്‍ന്നു പോയി കൊണ്ടിരി ക്കുകയാണ്. ഭൂമിയെ പരമാവധി നാം കാര്‍ന്നു തിന്നു കഴിഞ്ഞു. അവശേഷിക്കുന്നവ കാര്‍ന്നു തിന്നാന്‍ ആര്‍ത്തി കൂട്ടുന്നു. നാം നേടി എന്നവകാശപ്പെടുന്ന പുരോഗതി ശൂന്യമായ ഭാവിയെയാണ് മാടി വിളിക്കുക എന്ന് ബ്രിട്ടീഷ്‌ ദാര്‍ശനികനായ ആല്‍ഫ്രെഡ് നോര്‍ത്ത്‌ വൈറ്റ്‌ ഹൈഡ്‌ വളരെ മുന്‍പ്‌ തന്നെ പറഞ്ഞു: “ഇന്നത്തെ അമൂര്ത്തതകളെ മറികടന്നു മുന്നോട്ടു ചിന്തിക്കാന്‍ കഴിയാത്ത ഒരു സംസ്കാരം, പുരോഗതിയുടെ ഒരു ഇടവേളയ്ക്കു ശേഷം വന്ധ്യതയില്‍ കലാശിക്കുവാന്‍ ശപിക്കപ്പെട്ടിരിക്കുന്നു.”

ശാസ്ത്രം പ്രകൃതിയിലെ അദൃശ്യമായ പ്രക്രിയകളെ അറിയാതെ അമൂര്ത്തമായതിനെ സത്യമായി ഉദ്ഘോഷിക്കുന്നു. നാം നേടിയെടുത്ത പുരോഗതി തന്നെയാണ് ഇന്ന് വന്‍ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുന്ന തരത്തില്‍ തിരിച്ചടിച്ചു കൊണ്ടിരിക്കുന്നത്. എന്നിട്ടും ഭൂമിയുടെ നാശത്തിലേക്ക് നയിക്കുന്ന പ്രവര്‍ത്തനം നാം തുടര്‍ന്നു കൊണ്ടിരിക്കുന്നു തന്മൂലം കൂടുതല്‍ ഇരുണ്ട ദിനങ്ങളെ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു.ഒട്ടനവധി ദിനങ്ങള്‍ക്കിടയില്‍ ഇതാ ഈ ജൂണ്‍ അഞ്ചിന് ലോക പരിസ്ഥിതി വീണ്ടുമെത്തുന്നു.  ഇത്തവണത്തെ ലോക പരിസ്ഥിതി ദിന സന്ദേശം 'നിങ്ങളുടെ ശബ്ദമാണ് ഉയര്‍ത്തേണ്ടത് : സമുദ്രനിരപ്പല്ല'  എന്നാണ്. ഭയപ്പെടുത്തുന്ന തരത്തില്‍ പ്രകൃതി മാറികൊണ്ടിരിക്കുന്നുആഗോള താപനം (Global Warming), ആഗോള ഇരുളല്‍ (Glogal Dimmimg) എന്നീ ദുരന്തങ്ങള്‍ ക്കരികിലാണ് ഭൂമി, ആഗോള താപനത്തിന്റെ ദുരന്ത ഫലങ്ങള്‍ അങ്ങിങ്ങായി പ്രതിഫലിച്ചു കൊണ്ടിരിക്കുന്നു. ഭൂമി വിയര്‍ക്കാന്‍ തുടങ്ങിയതോടെ മനുഷ്യനും മറ്റു ജീവജാലങ്ങളും അതിജീവിക്കുവാനായി പാടുപെടുകയാണ്,    ചുട്ടു പൊള്ളുന്ന ഭൂമിയെ പറ്റി ചിന്തിക്കാന്‍ ആര്‍ക്കും ഇന്ന് നേരമില്ല, തീര പ്രദേശങ്ങളും ചെറു ദ്വീപുകളും എന്നും കടലിനടിയിലാകാം എന്ന അവസ്ഥയില്‍ ഈ മുദ്രാവാക്യത്തിന് ഏറെ പ്രസക്തിയുണ്ട്. എന്നാല്‍ ഇതിനെ പറ്റിയൊന്നും ആകുലതയില്ലാത്ത ചിലര്‍ വികസന ഭീകരതയെ സ്വീകരിച്ച് പ്രകൃതിയെ അമിത ചൂഷണം ചെയ്തുകൊണ്ടിരിക്കുകയാണ്ഹരിത ഗൃഹ വാതകങ്ങളുടെ അമിത ഉപയോഗം ഉണ്ടാക്കിയ ആഗോള താപനം എന്ന പ്രതിഭാസത്തെ ഇനിയെങ്ങനെ നേരിടാനാകു മെന്നാണ് വളരെ വൈകി യാണെങ്കിലും യു. എന്‍. ചിന്തിച്ചു തുടങ്ങിരിക്കുന്നു.

ഭൂമുഖത്തു നിന്നും ആദ്യം അപ്രത്യക്ഷം ആകാന്‍ ഇടയുള്ള നൌമിയ എന്ന ചെറു ദ്വീപിനെ പറ്റി  നാം ഏറെ ചര്ച്ച ചെയ്തിട്ടുള്ളതാണ് 
ആഗോള താപനത്തിന്റെ (Global Warming) ദുരന്ത ഫലങ്ങള്‍ ലോ‍കത്തിന്റെ പല ഭാഗങ്ങളിലായി പ്രതിഫലിച്ചു തുടങ്ങിയിരിക്കുന്നു. ഭൂമി വിയര്‍ക്കാന്‍ തുടങ്ങിയതോടെ മനുഷ്യനും മറ്റു ജീവ ജാലങ്ങളും അതിജീവിക്കാ നാവാതെ ഉരുകി ഇല്ലാതാവും. WWF ന്റെ കണക്ക് പ്രകാ‍രം ആഗോള താപനം മൂലം 1,60,000 പേര്‍ പ്രതി വര്‍ഷം മരണമട യുന്നുണ്ടെ ന്നാണ് പറയുന്നത്, 2030 ആകുന്നതോടെ ഇത് 300,000 കവിയുമെ ന്നാണ് സൂചിപ്പി ക്കുന്നത്. 2025 ആകുന്നതോടെ 4 ഡിഗ്രി സെല്‍ഷ്യസ് ചൂട് വര്‍ദ്ധിക്കുമെന്നും ഈ നൂറ്റാണ്ടിന്റെ അവസാന മാകുമ്പോഴേക്കും 1.4 മുതല്‍ 8.9 വരെ ചൂട് വര്‍ദ്ധിച്ചാല്‍ അത് അത്ഭുതപെടേണ്ട എന്ന് കണക്കുകള്‍ പറയുമ്പോള്‍ ഭൂമി ഒരു ചുടു ഗോളമാകാന്‍ അധികം താമസമുണ്ടാകില്ല

പ്രകൃതിയുടെ സന്തുലിതാ വസ്ഥയെ തകര്‍ക്കുന്ന തരത്തില്‍ ഹിമാലയ, സൈബീരിയ, ആര്‍ട്ടിക്ക് മേഖലഖളിലെ ഹിമ പാളികള്‍ ഉരുകി കൊണ്ടിരിക്കു കയാണ്, ഇതു മൂലം സമുദ്ര നിരപ്പ് ഉയരുകയും ഒട്ടുമിക്ക പ്രദേശങ്ങളും വെള്ളത്തി നടിയിലാവും, കാലാവസ്ഥയുടെ ചെറു മാറ്റങ്ങള്‍ പോലും ഗുരുതരമായി ബാധിക്കുന്ന നിരവധി ചെറു ദ്വീപുകള്‍ക്ക് ഇത് വന്‍ ഭീഷണിയാണ്. തുവാലു, മാലി ദ്വീപ്, ലക്ഷ ദ്വീപ്, ആന്‍ഡമാന്‍, പപ്പുവ ന്യൂ ഗിനിയ, സോളമന്‍ ദ്വീപ്, മാള്‍ട്ട, വിക്ടോറിയ, നിക്കോഷ്യ, മാര്‍ഷല്‍ ദ്വീപുകല്‍ തിടങ്ങിയ ദ്വീപുകളും ജപ്പാന്‍, തായ്‌വാന്‍, ശ്രീലങ്ക, ഇന്ത്യ, മ്യാന്മാര്‍, വിയറ്റ്നാം, ബഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങള്‍ക്കും, ലണ്ടന്‍, ന്യൂയോര്‍ക്ക്, മുംബൈ, ഹോങ്കോംഗ്, ടോകിയോ, സിംഗപൂര്‍, കൊല്‍കൊത്ത തുടങ്ങിയ നിരവധി മഹാ നഗരങ്ങളുടെയും ഭാവി തുലാസിലാണ്. നാല്പതോളം രാജ്യങ്ങള്‍ക്ക് കനത്ത നാശം വരുത്തി വെക്കുന്ന ആഗോള താപന വര്‍ദ്ധനവു മൂലം നിലവിലെ ഒട്ടുമിക്ക പ്രദേശങ്ങളും മരുഭൂമിയായി മാറിയാലും അത്ഭുതപ്പെടാനില്ല
ഇന്റര്‍ ഗവണ്മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചെയ്ഞ്ച് (IPCC) പുറത്തു വിട്ട കണക്കു പ്രകാരം കഴിഞ്ഞ പത്ത് വര്‍ഷത്തി നിടയില്‍ കാലാവസ്ഥ യിലുണ്ടായ മാറ്റത്തിന്റെ ഫലമായി കടല്‍ നിരപ്പ് 10-25 സെന്റീമീറ്റര്‍ വരെ ഉയര്‍ന്നു കഴിഞ്ഞിരിക്കുന്നു. ഇനി വരുന്ന പത്ത് വര്‍ഷം ഇത് ഇരട്ടിയിലധികം ആകുമെന്ന് പറയുമ്പോള്‍ മേല്‍ പറഞ്ഞ രാജ്യങ്ങളുടെ ഭാവി എന്തായിരിക്കും?
ഹരിത ഗൃഹ വാതകങ്ങളുടെ അമിതോ പയോഗം വരുത്തി വെച്ച വിനാശകരമായ നാളെയെ പറ്റി ഇനിയെങ്കിലും ചിന്തിക്കേണ്ടി യിരിക്കുന്നു. അന്തരീക്ഷ ത്തിലേക്ക് അമിതമായി തുറന്നു വിടുന്ന കാര്‍ബണ്‍ മൂലകങ്ങളുടെ അതി പ്രസരം ഭൂമിയെ ഒരു ചുടു ഗോളമാക്കി മാറ്റുന്നു എന്ന തിരിച്ചറിവാണ് കാര്‍ബണ്‍ വാതകങ്ങളുടെ ഉപയോഗം കുറച്ചു കൊണ്ടു വരണമെന്ന് പറയുന്നതിന്റെ സാരം. ഇപ്പോള്‍ തന്നെ അന്തരീക്ഷ ത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ ലെവല്‍ 383 ppm (parts per million) ആണ്. വ്യവസായ യുഗത്തിന് മുമ്പ് ഇത് 280 ppm ആയിരുന്നു. 2100 ആകുന്നതോടെ ഇത് 500 ppm ആയി വര്‍ദ്ധിക്കുമെന്നും അപ്പോള്‍ ജീവ ജാലങ്ങള്‍ക്ക് അതി ജീവിക്കാനാവില്ല എന്ന് ശാസ്ത്ര ലോകം പറയുന്നു. 

ആഗോള താപനത്തെ പോലെ തന്നെ മറ്റൊരു ദുരന്തമാണ് ആഗോള ഇരുളല്‍, വായു മലിനീകരണ ത്താലും മലിനീകരിക്കപ്പെട്ട മേഘങ്ങളാലും ഭൂമിയിലേക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന സൂര്യ പ്രകാശത്തിന്റെ തോത് കുറയുകയും അങ്ങനെ ശക്തി കുറഞ്ഞ പ്രകാഷമാകുന്നതോടെ പകലിന്റെ ദൈര്‍ഘ്യം കുറഞ്ഞു വരികയും സസ്യങ്ങള്‍ക്ക് ആവശ്യാനുസരണം സൂര്യപ്രകാശം ലഭിക്കാതെ വരികയും ചെയ്യും.
അന്തരീക്ഷത്തില്‍ വര്‍ദ്ധിച്ചു വരുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് വന്‍ അപകടത്തെയാണ് വിളിച്ചു വരുത്തുക, അന്തരീക്ഷത്തില്‍ നിന്ന് മണിക്കൂറില്‍ രണ്ടു കിലോഗ്രാം കാര്‍ബണ്‍ ഡൈ ഓക്സൈഡിനെ വലിച്ചെടുക്കാനെ ഒരു മരത്തിനു കഴിയൂ, വന നശീകരണം മൂലം അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് ക്രമാതീതമായി വര്‍ദ്ധിച്ചു കൊണ്ടിരി ക്കുകയാണ്, ഇത് നിലവിലെ സന്തുലിതാവസ്ഥയെ തകര്‍ക്കുകയും ജീവന്റെ നാശത്തിലേക്ക് വഴിവെക്കുകയും ചെയ്യും.
ഭൂമി മാത്രമല്ല ശ്യൂന്യാകാശവും കൃത്രിമ ഉപഗ്രഹങ്ങളാല്‍ ബഹിരാകാശം നിറഞ്ഞു കഴിഞ്ഞു. ഇവ പുറന്തള്ളുന്ന അവശിഷ്ടങ്ങള്‍ അപകടകരമാം വിധം വര്‍ദ്ധിച്ചുവരുന്നു. ബഹിരാകാശ മലിനീകരണം ഇനിയും വേണ്ട വിധത്തില്‍ നാം ശ്രദ്ധിക്കാതെ വിടുകയാണ്. കാലാവസ്ഥ വ്യതിയാനങ്ങള്‍ വരുത്തിവെക്കുന്ന വിനാശകരമായ നാളെയെ പറ്റി നാം ഇനിയെങ്കിലും ചിന്തിച്ചില്ല എങ്കില്‍ വരും നാളുകള്‍ കറുത്തതായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

കാലാവസ്ഥ വ്യതിയാനഫലമായി ചുഴലിക്കാറ്റ്‌, കൊടുങ്കാറ്റ്, സുനാമി എന്നീ ദുരന്തങ്ങള്‍ ഇപ്പോഴും ഉണ്ടാവാം എന്ന അവസ്ഥയാണുള്ളത്, അന്തരീക്ഷവും കരയും കടലും ക്രമാതീതമായി മലിനീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്നു ഈ തോത് തുടര്‍ന്നാല്‍ ഭൂമിയിലെ മാലിന്യങ്ങള്‍ തള്ളാനായി മാത്രം ഭൂമിയേക്കാള്‍ വലിയ മറ്റൊരു ഗ്രഹത്തെ അന്വേഷിക്കേണ്ടി വരും, കര മലിനമാക്കപ്പെടുന്നതോടൊപ്പം കടലും അമിതമായ മലിനീകരണ ഭീഷണി നേരിടുന്നു, കടല്‍ മലിനീകരിക്ക പ്പെടുന്നതിലൂടെ കടലിലെ ജീവന്റെ സാന്നിധ്യത്തിനു ഭീഷണിയാവുന്നു. കടലിലെ ജീവന്റെ സാന്നിധ്യം കുറയുന്നതോടെ മനുഷ്യന്‍ ആശ്രയിച്ചു കൊണ്ടിരിക്കുന്ന വലിയ ഭക്ഷ്യ ശേഖരമാണ് ഇല്ലാതാവുക. നിലവില്‍ തന്നെ ഭക്ഷ്യ ക്ഷാമം അനുഭവിച്ചു കൊണ്ടിരിക്കുമ്പോള്‍ മത്സ്യ സമ്പത്ത് കുറഞ്ഞാല്‍ ഉണ്ടാകുന്ന പ്രത്യാഘാതം എത്ര വലുതായിരിക്കും,
കടുത്ത ജല ദൌര്‍ലഭ്യതയും ചൂടും കാര്‍ഷിക മേഖലയെ ഏറെക്കുറെ തളര്ത്തിക്കഴിഞ്ഞു. അമിതമായ കീടനാശിനി പ്രയോഗം വിഷമയമായ അന്തരീക്ഷത്തെയും ഭക്ഷണത്തെയും സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. ആഗോള പരിസ്ഥിതി പ്രതിസന്ധി ഭൂമിയിലെ ജീവനെ തുടച്ചു നീക്കുന്ന തരത്തില്‍ മാറികൊണ്ടിരിക്കുകയാണ്, ഇതിന്റെ പൂര്‍ണ്ണ ഉത്തരവാദി മനുഷ്യനല്ലാതെ മറ്റാരാണ്. “മനുഷ്യന്‍ പ്രകൃതിയുടെ പ്രക്രിയകളില്‍ ഇടപെടാന്‍ തുടങ്ങുന്നതോടെ യാണ് ഈ സംഹാരാത്മക സംസ്കാരത്തിന്റെ വികാസം ആരംഭിക്കുന്നത് ” പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനായ സുന്ദര്‍ ലാല്‍ ബഹുഗുണയുടെ വാക്കുകള്‍ എത്ര ശരിയാണ് !
ഭൂമിയില്‍ കുന്നുകൂടി കൊണ്ടിരിക്കുന്ന മാലിന്യങ്ങള്‍ മൂലമുണ്ടാകുന്ന രോഗങ്ങളും മറ്റു പാരിസ്ഥിതിക പ്രശ്നങ്ങളും അനുഭവിക്കേണ്ടി വരുന്നതും ഈ മനുഷ്യന്‍ തന്നെയാണ്. രാസ – ആണവ അവശിഷ്ടങ്ങള്‍, പ്ലാസ്റ്റിക് അവശിഷ്ടങ്ങള്‍, കമ്പ്യൂട്ടര്‍ അവശിഷ്ടങ്ങള്‍, വാഹനാവശിഷ്ടങ്ങള്‍, കോണ്ക്രീറ്റ് അവശിഷ്ടങ്ങള്‍ തുടങ്ങിയവയും, ഫോസില്‍ ഇന്ധനങ്ങളുടെ അമിതോപയോഗം എന്നിവ മൂലം ഭൂമി ദിനംപ്രതി നശിച്ചു കൊണ്ടിരിക്കുകയാണ്.

നമ്മുടെ വികസനം ജീവിക്കാനുള്ള ഈ ജീവന്റെ ഗ്രഹത്തിനു ഭീശനിയാണെങ്കില്‍ എന്തിന് നാം ഈ നയങ്ങളുമായി മുന്നോട്ട് പോകണം പരിസ്ഥിതി എന്നാല്‍ കേവലം ജൈവപ്രക്ര്യതി മത്രമല്ല, സാമൂഹിക പ്രകൃതി കൂടിയാണ് ലക്ഷ്യമിടുന്നത്. അതിനാല്‍ പരിസ്ഥിതി വാദം ഒരു വിശാല മണ്ഡലത്തെയാണ് ഈ ദിനം  ഓര്‍മപ്പെടുത്തുന്നത്. ഇന്ന് ചൊവ്വയിലെ ജീവന്റെ സാന്നിദ്ധ്യ മന്വേഷി ച്ചിറങ്ങുന്ന നാം സ്വന്തം കാല്‍ കീഴിലെ മണ്ണൊലിച്ചു പോകുന്നത് കാണുന്നില്ല. സുന്ദരമായ ഭൂമിയെന്ന ജീവന്‍ന്റെ ഗോളം നാളെ ഒരു തീഗോളമായി ചുരുങ്ങുമെന്ന സത്യത്തെ ഇനിയെങ്കിലും നാം കണ്ടില്ലെങ്കില്‍ മനുഷ്യവംശം കത്തി ചാമ്പലായി ദിനോസറുകള്‍ക്ക് സമമാകും.

വിദ്യാഭ്യാസ കാലം തൊട്ടേ പരിസ്ഥിതിയെ പറ്റി അവബോധം ഉണ്ടാക്കാന്‍ ശ്രമിച്ചെങ്കില്‍ മാത്രമേ  ഭൂമിയെ മനസ്സിലാക്കാന്‍ കഴിയുന്ന ഒരു തലമുറയെ വളര്‍ത്തിയെടുക്കാന്‍ കഴിയൂ. എന്നാല്‍, നിര്‍ഭാഗ്യകരമെന്നുപറയട്ടെ സാമ്പത്തിക ലാഭത്തിന്‍െറ അടിസ്ഥാനത്തില്‍ മാത്രം കാര്യങ്ങള്‍ കാണാനാവുന്ന ഒരു തലമുറയെ വാര്‍ത്തെടുക്കുകയാണ് ഇന്നും നമ്മുടെ വിദ്യാഭ്യാസം. അതിനാല്‍ ഉയരേണ്ടത്സമുദ്ര നിരപ്പല്ല നമ്മുടെ ശബ്ദമാണ്,  നിരവധി ദിനങ്ങള്‍ക്കിടയില്‍  പരിസ്ഥിതി ദിനാചരണം അടക്കമുള്ളവ വെറും അനുഷ്ഠാനം മാത്രമായി മാറാതെ ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട ഇന്നെങ്കിലും ഈ   ഓര്‍മ്മകള്‍ നമ്മളില്‍ ഉണ്ടാകട്ടെ .