Friday 1 August 2014

അഞ്ചാംമലയിലെ ദൈവം

വായനാനുഭവം
ഫിഫ്ത് മൌണ്ടന്‍  (നോവല്‍)
പൌലോ കൊയ് ലോ


ഴിവാകാനാവാത്ത വെളിപാടുകള്‍ പോലെയാണ് പൌലോ കൊയ്‌ലോക്ക് എഴുത്ത്, വായനയെ വളരെ പെട്ടെന്നു ഉത്തേജിപ്പിക്കുകയും വിരസതയില്‍ നിന്നും ഉണര്‍ത്തുന്ന ഊര്‍ജ്ജസ്വലമായ ഒരു എഴുത്ത് വിദ്യയാണ് ഇദ്ദെഹത്തിന്റേത്. ബ്രസീലില്‍ നിന്നുള്ള എഴുത്തുകാരനായ ഇദ്ദേഹത്തിന്റെ കൃതികള്‍ 120 രാജ്യങ്ങളില്‍ 45 ഭാഷകളിലായി ദശലക്ഷക്കണക്കിന് വായനക്കാര്‍ക്ക് ആവേശം പകരുന്നു. ആല്‍കെമിസ്റ്റ് എന്ന നോവല്‍ ലോകത്താകമാനമുള്ള പൌലോ വായക്കാര്‍ക്ക്  ഊര്‍ജ്ജം പകര്‍ന്ന നോവലാണ്. പൌലോയുടെ എഴുത്തിടം മദ്ധ്യപൌരസ്ത്യ ദേശങ്ങളും അവിടുത്തെ മരുഭൂമിയും സെമറ്റിക് മതചരിത്രങ്ങളുമാണ്. ഇത്തരത്തില്‍ ഒരു പ്രവാചകന്‍റെ ജീവിതത്തിലെ തീഷ്ണമായ അനുഭവങ്ങളിലൂടെയുള്ള സര്‍ഗ്ഗാത്മകമായ യാത്രയാണ് ഫിഫ്ത് മൌണ്ടന്‍ എന്ന നോവല്‍.
ജസബല്‍ രാജകുമാരിയുടെ അപ്രീതിക്കിരയാകുകയും പരമ്പരാഗത വിശ്വാസത്തെ ചോദ്യം ചെയ്യുന്ന എല്ലാ പ്രവാചകന്മാരെയും കൊന്നൊടുക്കുന്ന സാഹചര്യത്തില്‍ ജീവന്‍ രക്ഷിക്കാന്‍ കാലിത്തൊഴുത്തില്‍ ഒളിച്ചിരിക്കുന്ന ഏലിയാ എന്ന പ്രവാചകനിലൂടെയാണ് നോവല്‍ ആരംഭിക്കുന്നത്. ടയറിലെ ജസബല്‍ രാജകുമാരിയെ ആഹാബ് രാജാവ് വിവാഹം ചെയ്തതോടെ ഇസ്രയേലിന്‍റെ ഭരണചക്രം നിയന്ത്രിക്കാന്‍ ജസബല്‍ ഒരുങ്ങുന്നു. ഏകദൈവാരാധനക്കുപകരം ലെബനോനിലെ ദൈവങ്ങളെ ആരാധിക്കാന്‍ ഇസ്റയേലിനെ ജസബല്‍ തയ്യാറാക്കി കഴിഞ്ഞു അതിനു വിസമ്മതിച്ച പ്രവാചകരെ കൊല്ലാന്‍ തന്നെ ജസബലിന്‍റെ നിര്‍ബന്ധപ്രകാരം ആഹാബ് രാജാവ് ഉത്തരവിടുന്നു. ദൈവ കല്‍പനപ്രകാരം തന്‍റെ വിശ്വാസത്തെ കുറിച്ചും അതിലേക്ക് ആഹാബ് രാജാവിനോടുള്ള ക്ഷണവും തുറന്നു പറയുന്നതോടെ ഏലിയായുടെ പാലായനം സുനിശ്ചിതമാകുന്നു. മരപ്പണിക്കാരനായ ഏലിയാ ജീവിച്ചിരിക്കേണ്ടത് ദൈവത്തിന്റെ കൂടി ആവശ്യമായതിനാലാകാം കൊല്ലാന്‍ കൊണ്ടുപോയ പട്ടാളക്കാരന് തന്‍റെ അമ്പിന്റെ ലക്ഷ്യം തെറ്റിയതും അയാള്‍ക്ക് ഏലിയായേ വെറുതെ വിടാന്‍ തോന്നിയതും. ജീവന്‍ കിട്ടിയതോടെ ഏലിയാ ഓടി രക്ഷപ്പെടുകയാണ്

പൌലോ കൊയ്‌ലോയുടെ സര്‍ഗാത്മക മികവ് ഏലിയായുടെ പലായന വിവരണത്തിലൂടെ നമുക്ക് മനസിലാക്കാം. വളരെ ശ്രദ്ധിക്കേണ്ട വൈകാരികമായ വിഷയമായിരുന്നിട്ടും എഴുത്തില്‍ കാണിച്ചിട്ടുള്ള സൂഷ്മത വായനക്കാരന് തിരിച്ചറിയാം.
“താനൊരു പ്രവാചകനായിരുന്നു എന്നാല്‍ പുരോഹിതന്റെ വിശ്വാസം മറികടന്ന് ഒരു ആശാരിയായി പ്രവര്‍ത്തിക്കാനാണ് താന്‍ നിശ്ചയിച്ചത് എന്നാല്‍ ദൈവമിതാ വീണ്ടും എന്നെ അതേ പാതയിലേക്കു വീണ്ടും നയിച്ചിരിക്കുന്നു” ഒരു പ്രവചകനില്‍ ഉണ്ടാകുന്ന ചിന്തയുടെ വ്യതിചലനത്തെ പൌലോ കൊയ്‌ലോ ഇതുപോലെ പലയിടത്തും വരച്ചു കാട്ടുന്നുണ്ട്.
ഓട്ടത്തിനിടയില്‍ തളര്‍ന്ന് അവശനായ ഏലിയാ അസേദിയയായിലെ അക്ബര്‍ നഗരാതിര്‍ത്തിയിലെ വറ്റികിടക്കുന്ന നദിയില്‍ എത്തുന്നു അപ്പോഴും മരണഭയം തന്നെ വല്ലാതെ അലട്ടുന്നു. മരണത്തെ വരവേല്‍ക്കുകയാണ് നല്ലതെന്നു എലിയക്ക് തോന്നുന്നു.
“മരിക്കുകയാണെങ്കില്‍ ദൈവത്തിന്‍റെ ഒരു രക്ത സാക്ഷിയായി ഞാന്‍ വാഴ്ത്തപ്പെട്ടേക്കാം, സ്വന്തം വചനങ്ങളില്‍ വിശ്വാസമില്ലാതിരുന്ന ഒരു ഭീരുവായിട്ടായിരിക്കും കണക്കാക്കപ്പെടുക” ഏറെ പരീക്ഷണങ്ങള്‍ നേരിടുമ്പോളൊക്കെ തന്നെ ചഞ്ചലമായ ഒരു മനസ് എലിയായില്‍വളരുന്നു. വളരെ വ്യത്യസ്ഥമായ ജീവിത സാഹചര്യങ്ങളിലൂടെയുള്ള ദൈവകല്‍പനപ്രകാരമുള്ള യാത്രയില്‍ ദൈവദൂതന്‍ വഴി എത്തിയ സന്ദേശത്തിലെ വിധവയെ വറ്റിയ നദിക്കരയില്‍ വെച്ചു കണ്ടുമുട്ടുന്നു. ദാഹിച്ചു അവശനായ എലിയായേ അവര്‍ ദാഹജലം നല്കി ജീവിപ്പിക്കുന്നു. വിധവയുടെ കാരുണ്യം ഒരു പ്രവാചകനെ ജീവിതത്തിലേക്കും അതിലൂടെ വലിയ ആശയത്തിലേക്കും നോവലിനെ നയിക്കപ്പെടുന്നു. അഞ്ചാം മലയിലെ ദൈവത്തിന്റെ പ്രീതി പിടിച്ചുപറ്റാന്‍ കാത്തുകിടക്കുന്ന അക്ബറിലെ ജനതക്കിടയില്‍ ഏലിയാ ഒരു പ്രവാചകനല്ല അങ്ങിനെ മാറണമെങ്കില്‍ അവിടെ അല്‍ഭുതങ്ങള്‍ കാണിക്കണം അതിനായി ഒരവസരം ഏലിയയെ തേടി വരും അതുവരെ കാത്തിരിക്കുക എന്നാണ് ദൈവദൂതന്‍റെ സന്ദേശം.
തന്നെ സംരക്ഷിച്ച വിധവയുടെ കുട്ടിയുടെ മരണം അത്തരത്തില്‍ ഒരവസരം തന്നെയായിരുന്നു. താന്‍ അല്‍ഭുതകാരമായ കഴിവുകളുള്ള പ്രവാചകന്‍ ആണെന്ന്‍ അക്ബറിലെ ജനങ്ങള്‍ക്കിടയില്‍ ഏലിയാക്ക് കാണിച്ചു കൊടുക്കാനുള്ള അവസരം അതിലൂടെ ഇവിടുത്തെ ഗവര്‍ണ്ണര്‍ക്കും അവഗണിക്കാനാവാത്ത ഒരു അതിഥിയായി ഏലിയാക്ക് മാറാം പക്ഷേ എന്ത് അല്‍ഭുതം കാണിക്കും. മരിച്ചു കിടക്കുന്ന കുട്ടി, ഏറ്റവും അത്യാവശ്യ ഘട്ടത്തില്‍ ജീവിതം തിരിച്ചു തന്ന വിധവ ഇവര്‍ക്കിടയില്‍ അയാള്‍ അഞ്ചാം മലയുടെ മുകളിലേക്കു നടന്നു. ചിലപ്പോള്‍ ഇത് എല്ലാം അവസാനിക്കുന്ന ഒരു യാത്രയാകാം അല്ലെങ്കില്‍ ഒരു തുടക്കത്തിന്റെ! വല്ലാത്ത ഒരു നിമിഷമാണ് ഈ സമയത്ത് വായനക്കാരന് അനുഭവപ്പെടുന്നത്. നിരവധി ചോദ്യങ്ങള്‍ മുന്നിലെത്തുന്ന സമയം
എന്നാല്‍ വിധവയുടെ കുട്ടിയെ മരണത്തില്‍ നിന്നും ജീവിതത്തിലേക്ക് തിരിച്ചെടുത്തതോടെ അല്‍ഭുതകാരമായ ആ നിമിഷത്തിന്റെ പിന്‍ബലത്തില്‍ ഏലിയാ അവസാനം വരെ അതിജീവിക്കുക മാത്രമല്ല വിധവയുടെ പ്രണയം വരെ എത്തി നില്ക്കുന്നു
“സ്നേഹം എന്ന വാക്ക്, ആ മനുഷ്യന്‍ കുറിച്ചിട്ട ഏതാനും വരകളും വട്ടങ്ങളും നോക്കിനില്‍ക്കേ അയാള്‍ക്ക് തോന്നി ആകാശത്തു നക്ഷത്രങ്ങള്‍ തിളങ്ങുന്നതിന്റെയും ഭൂമിയില്‍ മനുഷ്യര്‍ ജീവിക്കുന്നതിന്റെയും പിറകിലുള്ള രഹസ്യം അതാണെന്ന് – സ്നേഹം”
നോവലിലെ ചില നിമിഷങ്ങള്‍, കഥാപാത്രങ്ങളിലൂടെ നോവലിസ്റ്റ് നല്‍കുന്ന സന്ദേശങ്ങള്‍ അതൊരു വെളിപാട് പോലെ വായനക്കാരില്‍ നിറഞ്ഞു നില്ക്കുന്നു. അക്ഷരങ്ങളുടെ പിറവിയില്‍ ഉണ്ടാകുന്ന നാട്ടുകാരുടെ സംശയം അത്തരത്തില്‍ ഉള്ളതാണ്. അക്ഷരങ്ങളാണ് മനുഷ്യന്‍റെ ഉയര്‍ച്ചയുടെ കാതല്‍, അക്ഷരങ്ങള്‍ പഠിക്കുക എന്നാല്‍ ഒരു സംസ്കാരത്തെ നില നിര്‍ത്താനുള്ള അടിസ്ഥാനം ഉണ്ടാക്കലാണെന്ന സത്യം നോവലില്‍ സൂചിപ്പിക്കുകയാണ്. അക്ബറില്‍ അക്ഷരങ്ങള്‍ ഉണ്ടായ കഥ ഇങ്ങനെ വിവരിക്കുന്നു
ആദ്യകാലങ്ങളില്‍ ഒരു സാധനത്തെ അല്ലെങ്കില്‍ സംഭവത്തെ സൂചിപ്പിക്കാന്‍ വരച്ചു വെക്കുകയാണ് രീതിയത്രേ, എന്നാല്‍ അക്ഷരങ്ങള്‍ വന്നതോടെ എളുപ്പം കാര്യങ്ങള്‍ എഴുതി വെക്കാം എന്നായി. പഠിക്കാനും എഴുതാനും എളുപ്പമായി അതോടെ അന്നത്തെ ജനതയില്‍ സ്വാഭാവികമായ ഒരു സംശയം ഉയര്‍ന്നിരിക്കാം. ഇക്കാര്യം പൌലോ കൊയ് ലോ തന്‍റെ നോവലില്‍ ഒരു ചെറിയ പാരഗ്രാഫില്‍ ഉള്‍പ്പെടുത്തിയത് വായിച്ചാല്‍ അക്കാര്യം മനസിലാകും.
ഏലിയാ യോട് അവള്‍ ചോദിക്കുന്നു
“വാക്കുകളില്‍ നിന്ന്ദൈവികമായ ചൈതന്യം പൊയ്പോകില്ലേ” അതായിരുന്നു ആ സ്ത്രീയുടെ ആശങ്ക
“ഇല്ല ദൈവികമായ സാന്നിധ്യം എന്നും വാക്കുകളില്‍ ഉണ്ടാകും പക്ഷേ അത് എഴുതുന്നവരുടെ ഉത്തരവാദിത്വമായിരിക്കും”

ഏലിയാ വ്യക്തമാക്കി. ഇവിടെ പൌലോ കൊയ്‌ലോ ഭാഷയുടെ പ്രസക്തിയെയും ഒപ്പം എഴുത്തിന്‍റെ ആവശ്യവും പ്രയോഗവും ചൂണ്ടികാണിക്കാന്‍ താത്വികമായ ഒരു ഇടപെടല്‍ എപ്പോളും ഈ നോവലില്‍ കാണാം. വായനക്കാരെ പൂര്‍ണ്ണമായും നന്‍മയുടെ വഴിയിലൂടെ നയിക്കപ്പെടണം ഒരു വെമ്പല്‍ ദൃശ്യമാണ്. പ്രത്യേകിച്ച് ഐതിഹ്യ പൂര്‍വ്വമായ ചരിത്രത്തിലൂടെ വിചിത്രമായ ഒരു യാത്രയില്‍ അവിശ്വസനീയമെന്ന് തോന്നുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടാകും അതിനെയൊക്കെ വളരെ പോസറ്റീവായി ചിത്രീകരിക്കാന്‍ കൊയ് ലോ പ്രത്യേകം ശ്രദ്ധിക്കുന്നു. നോവലില്‍ അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെടുന്ന കഥാപാത്രങ്ങള്‍ വലിയ ജ്ഞാനിപോലെയാണ് സംസാരിക്കുന്നത് ഈ രീതി പൌലോയുടെ ഒട്ടുമിക്ക സൃഷ്ടികളിലും കാണാവുന്നതാണ്. അത്തരത്തിലൊരു കഥാപാത്രമാണ് അസീറിയക്കാരുടെ ആക്രമണങ്ങളില്‍ നിന്നും രക്ഷപ്പെടുന്ന ഏലിയായും കുട്ടിയും ചെന്നെത്തിപ്പെടുന്ന ആട്ടിടയന്‍. ഒരു പുതു ജീവിതം പുണരാന്‍ ഉതകുന്ന കാര്യങ്ങളാണ് അയാളില്‍ നിന്നും ഏലിയാ പഠിക്കുന്നത്.
ഇടയന്റെ വാക്കുകള്‍ ഏലിയായുടെ ഹൃദയത്തില്‍ തട്ടി.
ഒരു ജീവിതം വീണ്ടും വാര്‍ത്തെടുക്കുക അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല.. അതുപോലെ തന്നെയാണ് നഗരങ്ങളുടെ കാര്യവും. അമ്പേ തകര്‍ന്നിട്ടുണ്ടാകാം എന്നാലും ആ അവശിഷ്ടങ്ങളില്‍ നിന്ന് പിന്നേയും പഴയതുപോലെ ഒന്നു കെട്ടിപ്പടുക്കുക അസാധ്യമെന്ന് പറയാന്‍ വയ്യ…”
ഇടയന്‍ തുടരുകയാണ്
“ഒന്നേ ശ്രദ്ധിക്കേണ്ടൂ, സ്വന്തം ശക്തിയത്രയും പഴയതു പോലെ പ്രയോജനപ്പെടുത്താന്‍ തയ്യാറാകണം. അത് നമുക്ക് ഗുണകരമായി തീരുകയും വേണം.” അയാള്‍ ഏലിയയുടെ കണ്ണുകളിലേക്ക് നോക്കി. “മനസ്സില്‍ മടുപ്പുളവാക്കുന്ന ഒരു ഭൂതകാലമുണ്ടെങ്കില്‍ അത് പാടെ മറന്നു കളയണം.സ്വന്തം ജീവിതത്തെ സംബന്ധിച്ച് പുതിയൊരു കഥ മെനെഞ്ഞെടുക്കുന്നതാണ് സത്യമെന്ന് സ്വയം പറഞ്ഞ് ബോധ്യപ്പെടുത്തുന്നു. ആഗ്രഹിച്ചത് പോലെ കാര്യങ്ങള്‍ നടന്ന അവസരങ്ങള്‍, പിന്നെയും പിന്നെയും ഓര്‍ത്തുനോക്കൂ. അതില്‍നിന്നു കിട്ടുന്ന ധൈര്യവും ശുഭാപ്തി വിശാസവും പുതിയ പുതിയ നേട്ടങ്ങളില്‍ നിങ്ങളെ കൊണ്ടെത്തിക്കും.” ഈ ഊര്‍ജ്ജമാണ് പിന്നീട് അക്ബര്‍ നഗരത്തെ പൂര്‍വസ്ഥിതിയിലെത്തിക്കാനും ജീവിതം തിരിച്ചു പിടിക്കാനും ഏലിയായേ സഹായിച്ചത്. പൌലോ കൊയ് ലോയുടെ സ്വതസിദ്ധമായ ശൈലിയില്‍ എഴുതിയിട്ടുള്ള ഈ കൃതി നല്‍കുന്ന മാനവിക സന്ദേശം വളരെ വലുതാണ് വിജയത്തിന്റെ പാതയിലേക്ക് നയിക്കപ്പെടാന്‍ നിങ്ങള്ക് മുന്നില്‍ വഴി ഒന്നേയുള്ളൂ. അത് ധീരമായ മുന്നേറ്റം നടത്തിയെ തീരൂ അപ്പോള്‍ എല്ലാ തടസ്സങ്ങളും താനേ വഴിമാറും.
വായനക്കാരെ എഴുത്തുകാരന്‍ സൃഷ്ടിച്ച തലത്തിലേക്ക് വായനക്കൊപ്പം കൊണ്ടുപോകുക അത്ര എളുപ്പമുള്ള കാര്യമല്ല എന്നാല്‍ ഈ നോവല്‍ വായനാവസാനം വരെ നമ്മെ കൂടെ നടത്തുകയും ഐതിഹ്യവും ചരിത്രവും ഈ വര്‍ത്തമാന കാലത്തിലെന്നപോലെ അനുഭവിപ്പിക്കുകയും ചെയ്യുന്നു. മലയാളിക്ക് അത്ര പരിചിത മേഖല അല്ലാതിരിന്നിട്ടും ഇവിടെ നിന്നും ആ അപരിചത്വം ഒട്ടും അനുഭവിക്കാതെ കോണ്ടുപോകുന്നുണ്ട് ഈ നോവല്‍.
(വെട്ടം ഓണ്‍ലൈന്‍ മാഗസിനില്‍ വന്ന വായനാനുഭവം)
http://vettamonline.com/?p=16413 

No comments:

Post a Comment