Friday 24 November 2023

സാമൂഹികബോധത്തെ ഉണർത്തുന്ന കഥകൾ

ഫൈസൽ ബാവ (ജഹാംഗീർ ഇളയേടത്തിന്റെ 'താവളം നിർമ്മിക്കുന്നവർ' എന്ന സമാഹാരത്തിലൂടെ)
"എടുത്തു പറയേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം എല്ലാ കഥകളിലും ഒരുപോലെ കാണുന്ന ഫലിതത്തിന്റെ മൂർച്ചയാണ്. മനുഷ്യാവസ്ഥയുടെ നേരെയാണ് ചിരി. സ്ഥലകാലങ്ങൾക്ക് അതീതമാണ് അത്. ധ്വനിയിൽ അധിഷ്ഠിതമായ നർമ്മം കണ്ടെടുക്കാനും കൈവശപ്പെടുത്താനും പ്രയോഗിക്കാനും ഒരുപോലെ പ്രയാസമുള്ള ആയുധമാണ്. എന്നുവെച്ചാൽ ഈ കഥാകാരന് എഴുത്ത് നന്നായി വഴങ്ങുന്നു എന്ന് സാരം" ജഹാംഗീർ ഇളയേടത്തിന്റെ 'താവളം നിർമ്മിക്കുന്നവർ' കഥാ സമാഹാരത്തിന്റെ അവതാരികയിൽ മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ സി രാധാകൃഷൻ എഴുതിയ വരികളാണിത്. നർമത്തിലൂടെ മനുഷ്യരുമായി ബന്ധപ്പെട്ടതെല്ലാം ജഹാംഗീറിന്റെ കഥകളുടെ ഉത്പാദനഘടകങ്ങളാവുന്നുണ്ട്. സമൂഹവുമായി തുറന്ന വ്യവഹാരമാണ് എഴുത്തിലൂടെ നൽകുന്നത്, ക്ലാനിലെ കൊല, മാട്രിമോണി, ആത്മാവിനെ തൊടുമ്പോൾ, ചന്ദ്രഹാസൻ്റെ ലോകം, ചാക്രികം, താവളം നിർമ്മിക്കുന്നവർ, ഭയം കനക്കുന്ന നേരം, ഭ്രാന്ത്, പൂതി, ഒമിക്രോണും ഓമനയും, ആധി, ഷുഗർ ഡാഡി തുടങ്ങി പന്ത്രണ്ടു കഥകൾ അടങ്ങിയ സമാഹാരാണ് ജഹാംഗീർ ഇളയേടത്തിന്റെ 'താവളം നിർമ്മിക്കുന്നവർ'. സമാഹാരത്തിലെ ആദ്യകഥയായ ക്ലാനിലെ കൊലയിലെ സുരേഷൻ എന്ന കള്ളനെ ജീവിതം അവതരിപ്പിച്ച രീതി ആ കഥയെ വ്യത്യസ്തമാക്കുന്നത്. മൊബൈൽ ഗെയിമിങ്ങിന്റെ പശ്ചാത്തലത്തിലൂടെ പറഞ്ഞു വെക്കുന്നത് നമ്മൾക്കിടയിലെ ഒരു വിപത്തിനെ കൂടിയാണ്, പുതികാലത്തിന്റെ സവിശേഷതയും അതിന്റെ പ്രശ്നവും ചേർന്നു നില്കുന്നു എന്നതാണ്. സാങ്കേതിക വിദ്യയുടെ വളർച്ചയിലൂടെ നാം മനുഷ്യർ കൂടുതൽ സ്വതന്ത്രരായികൊണ്ടിരിക്കുകയാണ്. നമ്മുടെ സ്വകാര്യത എന്നത് നമ്മുടേത് മാത്രമായി ഒരു വെർച്വൽ ലോകമായി ചുരുങ്ങുന്നു. നാം ഒരു സാമൂഹിക ജീവി എന്നനിലയിൽ നമ്മളിൽ നിക്ഷിപ്തമായ പലതിൽ നിന്നും നാം ഒരാളായി ഒറ്റയപ്പെട്ട് ഒരേകാന്തപതികനേ പോലെ വെർച്വൽ ലോകത്ത് അലയുന്നു, അൽഷിമേഴ്സ് രോഗിയെ പോലെ അവനറിയുന്നില്ല അവനിലെ ഒറ്റപ്പെടൽ, ഇത് കുട്ടികളിലാണ് ഏറ്റവും വേഗത്തിൽ ബാധിക്കുക, മോഷ്ടിക്കാൻ കയറിയ കള്ളനെ മൊബൈൽ ഗെയ്മിലെ ഒരു കഥാപാത്രമായി കാണാനേ കഴിയുന്നുള്ളു, കള്ളൻ സുരേഷനും താൻ വന്ന ദൗത്യം നടക്കുന്നു.o ദുരന്തപൂർണമായ ഒരന്ത്യത്തിലേക്ക് കഥ പോകുന്നു. "ജനമൈത്രി പോലീസ് വിഷാദ രോഗത്തിനടിമപെട്ടവരുടെ ആത്മഹത്യ ലിസ്റ്റിൽ ഒരെണ്ണം കൂട്ടിച്ചേർത്ത് ഫയൽ മടക്കി. മാട്രിമോണി എന്ന കഥ നിലവിലെ അവസ്ഥയെ കറുത്ത ചിരിയിലൂടെ തുറന്നു കാണിക്കുന്നു പത്രങ്ങളിലും ചാനലുകളിലും നിറഞ്ഞു നിൽക്കുന്ന മാട്രിമോണി പുതിയ കാലത്തിന്റെ വേറിട്ട അടയാളങ്ങളിൽ ഒന്നാണ്. കല്ല്യണവീരന്മാരുടെ ഒട്ടേറെ കഥകൾ കേട്ടുപരിചയിച്ച നമുക്ക് ഈ കഥ നേരെ വിപരീതമായ തലത്തിലൂടെയാണ് കടന്നു പോകുന്നത് അവസാനം പോലീസ് കയ്യാമം വെച്ച് കൊണ്ടുപോകുന്നത് പല യുവാക്കളെയും പറ്റിച്ച് കടന്നു കളയുന്ന കല്യാണ വീരത്തിയെ അവതരിപ്പിക്കുന്ന കഥ വ്യത്യസ്തത പുലർത്തുന്നു. നമ്മുടെയൊക്കെ സ്വകാര്യതിയിലേക്ക് കടന്നു കയറുന്ന കമ്പോള ശക്തികളെ നമുക്കിതിൽ കാണാം, അനുകരണശീലത്തിൽ മുങ്ങിയ മലയാളി വ്യവസ്ഥയുടെ ദയനീയ ചിത്രം ചതിക്കപെട്ട വരനിൽ കാണാം, ഫോണോ കമ്പ്യൂട്ടറോ തുറന്നാൽ കൈകൂപ്പി ചിരിച്ചു നിൽക്കുന്ന മാട്രിമോണി പരസ്യത്തിന്റെ പിന്നാമ്പുറത്തേക്ക് കൊണ്ടുപോയി ചില യാതാർഥ്യങ്ങൾ തുറന്നു വെക്കുന്നു ഈ കഥയിൽ ആത്മാവിനെ തൊടുമ്പോൾ എന്ന കഥ നിലവിലെ കുടുംബ വ്യെവസ്ഥക്കിടയിലെ ലൈംഗികതയുടെ തലം എങ്ങനെ നിശ്ചയിക്കപ്പെട്ടിരിക്കുന്നു എന്നും പരിഷ്കൃത സമൂഹത്തിന്റെ കാഴ്ചപ്പാടുകളും തുറന്നു വെക്കുന്നു. കുടുംബം എന്നും തുറന്നു പറയാൻ ആഗ്രഹിക്കാത്ത ഒന്നാണ് ലൈംഗികത, ലൈംഗിക ബന്ധത്തിലേപ്പെടാൻ ഏറെ പാടുപെടുന്ന ഒരു സാമൂഹികാന്തരീക്ഷം നിലനിൽക്കുന്ന നമ്മുടെ ഈ സമൂഹത്തിനിടയിൽ അതിലെ മറച്ചുവെക്കലുകളുടെയും സങ്കീര്ണതകളേയും ഈ കഥയിലൂടെ വായിക്കാം. കൊൽക്കൊത്തയുടെ അന്തരീക്ഷത്തിൽ പറയുന്ന ഈ കഥയിലെ മുഖ്യ കഥാപാത്രങ്ങളിൽ ഒരാളായ പ്രസൂൺ കുമാർ മുഖർജി നമ്മുടെ സമൂഹത്തിന്റെ പ്രതീകമാണ്. സമാഹാരത്തിന്റെ തലക്കെട്ടായ കഥയാണ് 'താവളം നിർമിക്കുന്നവർ' കഥയിലൂടെ നടത്തുന്ന സാമൂഹിക നിരീക്ഷണത്തിന്റെ ഉൾകാഴ്ച പ്രധാനമാണ് "ഒരു സീതാപ്പഴം വേണം കൊണ്ട് പോകാൻ' ഞാൻ പറഞ്ഞു. 'ഒരു ക്കോ' ഡ്രൈവറുടെ ഞെട്ടൽ എനിക്ക് പുതുമയുള്ളതായിരുന്നു “സാറു അതിനൊക്കെ വലിയ വിലയാകും' 'മുപ്പത് മുപ്പത് രൂപ പോരെ ചാക്കിന് ' ഞാൻ പഴയ കണക്ക് കൂട്ടി. അതു ഒരു കിലോപോലും കിട്ടില്ല ഇക്കാലത്ത്. കാട്ടിലും മേട്ടിലും വളർന്നിരുന്ന തൊക്കെ ഇപ്പോൾ ഇല്ലാതായി. പറിച്ച് വിറ്റിരുന്ന ലമ്പാഡകളും ദൂരെ പ്പോയി. നഗരം വളരുമ്പോൾ ഗ്രാമം ചുരുങ്ങുന്നു. ഗാനം മ്പോൾ മനുഷ്യൻ ഞെരുങ്ങുന്നു. നിസ്സംഗ ഭാവത്തോടെ ഗൂഗിളിനെ ശ്രവിക്കാതെ എന്നോട് സംസാരിച്ച് കൊണ്ട് ഡ്രൈവർ ഗണേഷ് മുന്നോട്ട് പൊയ്ക്കൊണ്ടേയിരുന്നു. പറഞ്ഞ സ്ഥലം തെറ്റാതെ എത്തിച്ച് ഗണേഷ് ചിരിച്ചു. ഗൂഗിളമ്മായിക്ക് എന്നും എപ്പോഴും ഒരേ ഭാവം ഒരേ ഈണം." പുതിയ കാലത്തിന്റെ നീക്കങ്ങളെ സമർത്ഥമായി കഥയിൽ കൊണ്ടുവരുന്നു, ഗ്രാമങ്ങളെ വിഴുങ്ങിയുള്ള നഗരങ്ങളുടെ വളർച്ചയിലൂടെ നഷ്ടമാകുന്നത് കാണിച്ചു തരുന്നു സർവ്വം സാങ്കേതികക്ക് സമർപ്പിച്ചു ജീവിക്കാമെന്നതിനെ കൃത്യമായി ഓർമ്മിപ്പിക്കുന്നു. ഒപ്പം മുതലാളിത്തം ഗ്രാമീണ മനുഷ്യരെയും, പ്രകൃതിയെയും ചൂഷണം ചെയ്തുകൊണ്ട് തന്ത്രപരമായി നുഴഞ്ഞു കേറികൊണ്ടിരിക്കുകയാണ് എന്ന ഓർമപ്പെടുത്തൽ കൂടിയാണ് താവളം നിർമ്മിക്കുന്നവർ എന്ന അർത്ഥവത്തായ ശീർഷകത്തിലൂടെ പറയുന്നത്. മേല്പറഞ്ഞ വിഷയത്തിന്റെ മറ്റൊരു വേർഷനാണ് 'ചാക്രികം' എന്ന കഥ. "ചന്ദ്രഹാസന്റെ ലോകം' എന്ന ഈ സമാഹാരത്തിലെ എല്ലാ കഥകളെയും കോർത്തിണക്കുന്ന സാമൂഹിക നിരീക്ഷണമാണ് കഥകളിലാകെ ഒളിച്ചു വെച്ചിട്ടുള്ള കറുത്ത ഹാസ്യം പൊതിഞ്ഞ ചിരിയിലൂടെ സമർത്ഥമായി പറയാനുള്ളത് പറഞ്ഞുകൊണ്ട് കഥാകൃത്ത് തന്റെ ദൗത്യം നിർവഹിക്കുന്നു. ഡോ. കെ. എസ് മിഥുൻ എഴുതിയ 'സാമൂഹിക ബോധത്തെ നിർമ്മിക്കുന്നവർ' എന്ന കഥകളുടെ ആഴങ്ങളിലേക്ക് സൂക്ഷ്മമായി ഇറങ്ങി ചെന്നുള്ള പഠനം അതിനെ സാധൂകരിക്കുന്നു. താവളം നിർമ്മിക്കുന്നവർ. ജഹാംഗീർ ഇളയേടത്ത്.

Friday 3 November 2023

കെന്‍ സാരോ വിവ: കവിയും പോരാളിയ

 

വിവക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ മിക്കവയും അവാസ്തവങ്ങളും രാഷ്ട്രീയ ദുരുദ്ദേശ്യം വെച്ചുള്ളതുമായിരുന്നുവെന്ന് വ്യാപകമായി കരുതപ്പെടുന്നു. പട്ടാള ഭരണകൂടത്തിന്റെ ഈ നടപടി ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും കടുത്ത പ്രതിഷേധം ക്ഷണിച്ചു വരുത്തി. കോമൺ വെല്‍ത്ത് രാജ്യങ്ങളുടെ അംഗത്വത്തില്‍ നിന്ന് നൈജീരിയ താത്കാലികമായി പുറത്താക്കപ്പെടാന്‍ ഇതു കാരണവുമായി

"പുലരി വാനിന്റെ നിലത്തിരശ്ശീലയ്ക്കു മുന്നിൽ
പടരുന്ന നേർത്ത നവംബർ മഞ്ഞിൽ
നിന്റെ വത്സലാകാരം മുഴുവൻ ഉയരവും
കാണിച്ചുയർന്നു നിന്നു
ഇനിയും പാടാത്ത പാട്ടുകൾ"

ഇതുപോലൊരു നവംബർ 10-നാണ് ഇതെഴുതിയ നൈജീരിയന്‍ എഴുത്തുകാരനും പരിസ്ഥിതി പ്രവര്‍ത്തകനും ടെലിവിഷന്‍ നിര്‍മ്മാതാവും "ഗോള്‍ഡ്‌മാന്‍ എന്‍‌വിറോണ്മെന്റല്‍ പ്രൈസ്" ജേതാവുമാണ്‌ കെന്‍ സാരോ വിവ എന്ന കെനുല്‍ കെന്‍ ബീസന്‍ സാരോ വിവയെ നൈജീരിയന്‍ ഭരണകൂടം പരസ്യമായി തൂക്കികൊന്നത്. നൈജീരിയയിലെ ഒഗോണി വര്‍ഗത്തിന്റെ മോചനത്തിനായി പോരാടി ജീവന്‍ ത്യജിച്ച കവി. അദ്ദേഹം എഴുതി

"സുരക്ഷാഭടന്റെ ശാസനകൾ
നടപ്പാക്കേണ്ടി വരുന്നതാണത്.
നീതിരഹിതമെന്ന് അറിഞ്ഞിട്ടും
പുസ്തകത്താളുകളിൽ
മജിസ്ട്രേറ്റ് കുറിക്കുന്ന ശിക്ഷകളാണത്.
അനുസരണയുടെ മുഖംമൂടിയണിഞ്ഞ്
നിന്ദ്യരായ ആത്മാക്കളിലേയ്ക്ക്
ആഴ്ന്നിറങ്ങുന്ന ഭീരുത്വവും
ഉടുവസ്ത്രങ്ങളെ മലിനമാക്കുന്ന ഭയവും
സ്വന്തം മൂത്രം കഴുകാനറയ്ക്കുന്ന
ധൈര്യഹീനതയുമാണത്.
അതാണ് അതാണ്.
പ്രിയ സുഹൃത്തേ, നമ്മുടെ
സ്വതന്ത്രലോകത്തെ
മടുപ്പിക്കുന്ന
തടവറയാക്കുന്നത്."

ഈ വാക്കുകളൊക്കെ ഭരണകൂടത്തിന്റെ ശിരസിലേക്കുള്ള അമ്പുകളായിരുന്നു. നൈജീരിയയിലെ  ഒഗോണി വംശത്തില്‍ പിറന്ന കെന്‍ സാരോ വിവ. ഒഗോണികളുടെ ജന്മദേശമായ നൈജര്‍ ഡെല്‍റ്റയിലെ ഒഗോണിലാന്റ് എന്ന പ്രദേശം അസംസ്കൃത എണ്ണ ഖനനത്തിനായി 1950 മുതല്‍ ഉപയോഗിക്കപ്പെട്ടിരുന്നു. ഇത് ഒഗോണിലാന്റില്‍ എണ്ണ മലിനാവശിഷ്ടങ്ങള്‍ വിവേചന രഹിതമായി തള്ളുന്നതിനും വന്‍ തോതിലുള്ള പാരിസ്ഥിതിക നാശത്തിനും കാരണമായി.


കെന്‍ സാരോ വിവ

ഒഗോണിലാന്റിലെ ഭുമിക്കും വെള്ളത്തിനും വന്നു ചേരുന്ന പാരിസ്ഥിതിക നാശത്തിനെതിരെ "മൂവ്മെന്റ് ഫോര്‍ ദി സര്‍‌വൈവല്‍ ഓഫ് ദി ഒഗോണി പീപ്പിള്‍" (MOSOP) എന്ന സംഘടനയുടെ നേതൃത്വത്തില്‍ കെന്‍ സാരോ വിവ അക്രമരഹിത സമരത്തിന്‌ തുടക്കമിട്ടു. ഒപ്പം കവിതയിലൂടെ കീറി മുറിച്ചു.

"ഭൂമി മുഴുവൻ ആക്രമിക്കുന്ന
വൻകക്കകളുടെ ആകാരം ധരിച്ച്
എണ്ണവണ്ടികൾ
അശമമായ ദാഹത്തോടെ
വഴികളിലിരമ്പിപ്പാഞ്ഞു
കരിനൊച്ചിമരങ്ങൾ
വരാനിരിക്കുന്ന ഹേമന്തമോർത്ത്
ഇല പൊഴിച്ചു
കാതൽ മരവിച്ചു നിന്നു
ലഗോണികളുടെ ആകാശത്തിൽ
അസാധരണമായ ഒരടയാളവും ഇല്ലായിരുന്നു"

ബഹുരാഷ്‌ട്ര എണ്ണ കമ്പനികള്‍ക്കെതിരെ ഫലപ്രദമായ പാരിസ്ഥിതിക മലിനീകരണ നിയന്ത്രണ നടപടികള്‍ സ്വീകരിക്കുന്നതില്‍ നൈജീരിയന്‍ ഭരണകൂടം മടികാട്ടുകയാണ്‌ എന്ന് ആരോപിച്ചുകൊണ്ട് ജനറല്‍ സാനി അബാച്ചയുടെ നേതൃത്വത്തിലുള്ള പട്ടാള ഭരണത്തിനെതിരെയും ഷെല്‍ എന്ന എണ്ണക്കമ്പനിക്കെതിരെയും കെന്‍ സാരോ വിവ ശക്തമായി രംഗത്തു വന്നു. ഈ സമരങ്ങള്‍ ഏറ്റവും ശക്തിപ്രാപിച്ചു നില്‍ക്കുന്ന സമയത്ത് പട്ടാള ഭരണകൂടം കെന്‍ സാരോ വിവയെ അറസ്റ്റു ചെയ്തു.

യഥാർത്ഥ തടവറ എന്ന കവിതയിൽ കെൻ സാരോ വിവ ഇങ്ങനെ എഴുതുന്നു 

"ഇരുണ്ട്, നാറുന്ന മുറികളുടെ
ചോരുന്ന മേൽക്കൂരയോ
കൊതുകുകളോ അല്ല
നിങ്ങളെ മുറിയിലിട്ടു പൂട്ടുമ്പോൾ
വാർഡന്റെ കയ്യിൽ
കിലുങ്ങുന്ന താക്കോൽക്കൂട്ടമല്ല.
മനുഷ്യനോ മൃഗമോ
കഴിക്കാനറയ്ക്കുന്ന
വൃത്തി ഹീനമായ ഭക്ഷണമല്ല
രാവിന്റെ നിരർത്ഥകതയിലേയ്ക്ക
വഴുതിയിറങ്ങുന്ന
ദിനത്തിന്റെ ശൂന്യതയുമല്ല.
അതല്ല, അതല്ല,
അതൊന്നുമല്ല, തടവറ.
ഒരൊറ്റ തലമുറയ്ക്കായി
നിങ്ങളുടെ കാതുകളിൽ
പെരുമ്പറ മുഴക്കുന്ന
നുണകളാണത്."

കവിതയുടെ ശക്തിയും സമരവീര്യവും ഭരണകൂടത്തെ വെറുതെയിരുത്തിയില്ല. പ്രത്യേക പട്ടാള ട്രിബ്യൂണലിന്റെ കീഴില്‍ വിചാരണ ചെയ്ത് 1995-ല്‍ എട്ട് സഹപ്രവര്‍ത്തകരോടൊപ്പം കെന്‍ സാരോ വിവയെ പട്ടാള ഭരണകൂടം തൂക്കിലേറ്റി. വിവക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ മിക്കവയും അവാസ്തവങ്ങളും രാഷ്ട്രീയ ദുരുദ്ദേശ്യം വെച്ചുള്ളതുമായിരുന്നുവെന്ന് വ്യാപകമായി കരുതപ്പെടുന്നു. പട്ടാള ഭരണകൂടത്തിന്റെ ഈ നടപടി ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും കടുത്ത പ്രതിഷേധം ക്ഷണിച്ചു വരുത്തി. കോമൺ വെല്‍ത്ത് രാജ്യങ്ങളുടെ അംഗത്വത്തില്‍ നിന്ന് നൈജീരിയ താത്കാലികമായി പുറത്താക്കപ്പെടാന്‍ ഇതു കാരണവുമായി. തന്റെ കൊലക്കയർ മുന്കൂട്ടിക്കണ്ടുകൊണ്ട് അദ്ദേഹം എഴുതി.

"കഴുത്തിൽ കയർ പതുക്കെപ്പതുക്കെ മുറുകുന്നതറിഞ്ഞ്
നിന്റെ ഹൃദയം ഉടലിൽ നിന്നു പുറത്തുചാടി
ഓരോ ശവക്കുഴിയിലും മുട്ടി വിളിക്കുന്നു"

ഓഗോണികൾക്കായി നടത്തിയ പോരാട്ടം ലോകം മുഴുവൻ അംഗീകരിച്ചു. ഒരേ സമയം കവിയും ആക്ടിവിസ്റ്റും ആയി സ്വന്തം ജീവൻ പോലും നോക്കാതെ പൊരുതി. ഒഗോണികൾക്കായി അദ്ദേഹം പ്രാർത്ഥനാപൂർവം  എഴുതിയ കവിതയാണ്  'ഒഗോണി ഗീതം' 

"ഒഗോണിയുടെ സ്രഷ്ടാവേ 
ഔന്നിത്യത്തിന്റെയും
സമ്പന്നതയുടെയുംമണ്ണേ
നിന്റെ സമാധാനവും
അവസാനിക്കാത്ത സ്നേഹവും
ഞങ്ങൾക്കു തരിക.
നമ്മുടെ ഭൂമിയിൽ നീതി വിതയ്ക്കുക.
നമ്മുടെ ശത്രുക്കളെ
ലജ്ജിപ്പിക്കാൻ
വിവേകവും ശക്തിയും തരിക
ഓഗാണിയുടെ സ്രഷ്ടാവേ,
ഔന്നിത്യത്തിന്റെയും
സമ്പന്നതയുടെയും മണ്ണേ 
ഗാകാനകൾക്കും ഘാനകൾക്കും
എലമെകൾക്കും തായ്മകൾക്കും
ബബ്ബേകൾക്കും
ഒടുങ്ങാത്ത വരങ്ങൾ തരിക.
ഉന്നതമായ ഒഗോണി മണ്ണേ 
ഒടുങ്ങാത്ത അനുഗ്രഹങ്ങൾ തരിക."

ഓഗോണികൾക്ക് മാത്രമല്ല ദുരിതം പേറുന്ന ആഫ്രിക്കൻ കറുത്ത മക്കൾക്കെല്ലാം വേണ്ടി കഴുത്തിൽ  കയറു മുറുകും വരെ ധീരതയോടെ കവിത ചൊല്ലിക്കൊണ്ടിരുന്നു. പോരാളിയായ ഈ കവിയുടെ ഓര്‍മ്മയ്ക്ക്‌ മുന്നില്‍ കൂപ്പുകൈ.

___________________________________________________________________


Published on wtplive.in at  : Issue 183   2 November 2023 11:10 AM 

https://wtplive.in/Niroopanam-Vimarshanam/faizal-bava-about-ken-saro-wiwa-5255?fbclid=IwAR28AdDHljUOoZcxTeYdj7vnFViEtW3Bo2wsFsooRe3z42xtnnrMeF6ySIc

ബസ്തർ: ആദിവാസി ജീവിതങ്ങളിലൂടെ ഒരു യാത്ര

 

പുസ്തക പരിചയം | 'ആംചൊ ബസ്തർ'

 



ഇന്ത്യയിലെ ഏറ്റവും വലിയ ആദിവാസി മേഖലകളിലൂടെയുള്ള ഒരു സാഹസിക യാത്രയാണ് നന്ദിനി മേനോൻ എഴുതിയ 'ആംചൊ ബസ്തർ' എന്ന പുസ്തകം. ഭാരതീയ പുരാണങ്ങളിലെ ദണ്ഡകാരണ്യമെന്ന ഇടമാണ് ഇപ്പോൾ  ഛത്തീസ്ഗഡ് സംസ്ഥാനത്തിന്റെ ഭാഗമായ ബസ്തര്‍, ദന്തേവാദ, കൊണ്ടെഗാവ്, നാരായണ്‍പൂര്‍, കാംകേര്‍, സുക്മ, ബിജാപൂര്‍ എന്നീ ഏഴു ജില്ലകള്‍ ഒന്നിച്ചുചേരുന്ന റെഡ് കോറിഡോർ എന്നറിയപ്പെടുന്ന ബസ്തര്‍. 


ബസ്തർ: ആദിവാസി ജീവിതങ്ങളിലൂടെ ഒരു യാത്ര

ഈ പുസ്തകം കാഴ്ചകളെ എഴുതി വെക്കുക മാത്രമല്ല ചെയ്യുന്നത്‌, ചരിത്രത്തെയും ഭൂമി ശാസ്ത്രത്തെയും പരത്തി വിവരിക്കുകയുമല്ല; മറിച്ച്‌ അല്ലവയെല്ലാം പാകത്തിലുള്ള ചേരുവയാക്കി മനോഹരമായി ആവിഷ്കരിക്കുകയാണ്. ജനജീവിതം, മനുഷ്യരുടെ വേദനകൾ, പ്രണയങ്ങൾ, സമരങ്ങൾ.... എന്നിങ്ങനെ ബസ്തറിലെ ജീവിതാവസ്ഥകളെ കൃത്യമായി നിരീക്ഷിച്ച് കാലങ്ങളെടുത്ത് പഠിച്ചു മികച്ച ഭാഷയിൽ എഴുതിയ പുസ്തകമാനിത്‌.


ഐതിഹാസികമായും ഭൂമിശാസ്ത്രപരമായും നരവംശശാസ്ത്രപരമായുമൊക്കെ പ്രാധാന്യം നിലനിൽക്കുന്ന ഇവിടം പോരാട്ടങ്ങളുടെയും കലാപങ്ങളുടെയും ചോരപ്പാടുകൾ പതിഞ്ഞ ഭൂമിക കൂടിയാണ്. സംഭവങ്ങളെ എത്ര മനോഹരമായാണ് അവതരിപ്പിക്കുന്നത്‌ എന്നതിന്റെ ഉദാഹരണമാണ്, പ്രണയകഥകൾ വിശദീകരിക്കുന്ന ഭാഗം.  ഗ്രാമീണ സാമൂഹിക അവസ്ഥകൾ നാടോടിക്കഥയുടെ നൈർമല്യത്തോടെയാണ് പറഞ്ഞു വെക്കുന്നത്‌. ’ജിട്കു മിട്കി' എന്ന അധ്യായത്തിലൂടെ സഞ്ചരിക്കുമ്പോൾ അത് കാണാം. 


 ആംചൊ ബസ്തർ

▪ നന്ദിനി മേനോൻ

(സഞ്ചാര സാഹിത്യം) 

പ്രസാ: മാതൃഭൂമി ബുക്സ്‌


"കൃഷിയും കന്നുകാലികളും ധാരാളമുള്ള ഏഴാങ്ങളമാരുടെ കുഞ്ഞിപ്പെങ്ങളായിരുന്നു അതിസുന്ദരിയായ മിട്കി. കൗമാരം താണ്ടും മുന്നേതന്നെ സുന്ദരനും ധനികനും ഭാര്യവീട്ടിൽ തങ്ങാൻ തയ്യാറായവനുമായ വരനെ അവരന്വേഷിച്ചു തുടങ്ങി. എന്നാൽ അതിമനോഹരമായി വാദ്യോപകരണങ്ങൾ വായിക്കുന്ന അയൽഗ്രാമക്കാരനായ ജിട്കു  അവളുടെ മനസ്സിൽ കുടിയേറിയിരുന്നു. അയാൾ ദരിദ്രനായ കന്നുകാലിച്ചെറുക്കനായിരുന്നു എന്നത് മിട്കിക്ക്  വിഷയമായിരുന്നതുമില്ല. നീണ്ട മുടിയും നീളൻ മുക്കും നിലാവിന്റെ നിറവുമുള്ള മിട്കി അവനിൽ നിറഞ്ഞുതൂവിയിരുന്നു.


മിട്കിയുടെ പ്രണയത്തിനു മുന്നിൽ ആങ്ങളമാർക്ക് വഴങ്ങേണ്ടിവന്നു. ചൈത്രത്തിൽ വിവാഹം നടന്നു. പക്ഷേ, ഭാര്യവീട്ടിൽ തങ്ങാതെ ജിട്കു  ചെറിയൊരു കുടിൽ കെട്ടി മിട്കിയുടെ ഗ്രാമത്തിൽ ജീവിതമാരംഭിച്ചു. ആ മിഥുനങ്ങളുടെ പ്രണയം മഹുവക്കൊമ്പിലെ കാട്ടുതേവിയെപ്പോലും മോഹിപ്പിച്ചു. സല്ലാപങ്ങൾ പൂത്തുലഞ്ഞ ചമ്പയെപ്പോലും നാണിപ്പിച്ചു. രണ്ടുപേരും ആങ്ങളമാർക്കൊപ്പം പാടത്ത് കറിനാദ്ധ്വാനം ചെയ്തു.


അങ്ങനെയിരിക്കേയാണ് ഗ്രാമത്തിൽ അതിരൂക്ഷമായ വരൾച്ചയും ക്ഷാമവും ആരംഭിച്ചത്. കന്നുകാലികൾ ചത്തൊടുങ്ങാൻ തുടങ്ങി, പാടങ്ങൾ കരിഞ്ഞു. ഗ്രാമപഖരായ സഹോദരങ്ങൾ ചേർന്ന് വിശാലമായൊരു കുളം കുഴിച്ചെങ്കിലും അത് വീണ്ടുകീറിക്കിടന്നു. മരണം ഗ്രാമവാതിൽക്കൽ വന്നതിൽ അന്നൊരു രാവിൽ കുലദേവത മൂത്ത ആങ്ങളയുടെ സ്വപ്നത്തിൽ വന്ന് സുന്ദരനും നല്ലവനും അദ്ധ്വാനിയും ലക്ഷണയുക്തനുമായ യുവാവിന്റെ ബലി ആവശ്യപ്പെട്ടു. അയാളത് ആവേശത്തോടെ ഗ്രാമീണരുമായി പങ്കിട്ടു. എന്നാൽ അങ്ങനൊരാളെ കണ്ടുപിടിക്കാനാവാതെ അവർ വലഞ്ഞു.



അപ്പോഴാണ് ഒരിക്കൽ മിട്കിയെ കിനാവു കണ്ടു തളർന്നിരുന്ന ഗ്രാമീണ യുവാക്കൾ ആങ്ങളമാരെ സമീപിക്കുന്നത്. ഇപ്പറഞ്ഞ ലക്ഷണങ്ങളെല്ലാം തികഞ്ഞ ജിട്കുവിനെ ബലികൊടുക്കുക, അവൻ നമ്മുടെ ഗ്രാമക്കാരനല്ല. നമ്മുടെ ഗ്രാമം രക്ഷപ്പെടും, യൗവ്വനത്തിലേക്കു കാൽകുത്തിയിട്ടുള്ള മിട്കിയെ പരിണയിക്കാൻ മേളപോലെ ചെറുപ്പക്കാർ വരും. ആങ്ങളമാർ ജിട്കുവിനെയും കൊണ്ട് പിറ്റേന്ന് പാടത്തേക്കു പോയി. അന്നുച്ചയ്ക്ക് ഇടിവെട്ടി കാടുലഞ്ഞ് ആർത്തിരമ്പി മഴ പെയ്തു. 


മിട്കീ റാഗിച്ചോറും കറികളും കമ്പിളി നിർത്തിയ കിടക്കയുമായി കാത്തിരുന്നു. മുറ്റത്തുകൂടെ ചുവന്ന ചാലുകൾ അട്ടഹസിച്ചൊഴുകി. ജിട്കി  വന്നില്ല. അവളുടെ കൊച്ചുകുടിൽ ചോർന്നൊഴുകി, മുറ്റത്തെ മന്ദാരം മുഖം കുത്തി. ജിട്കു വന്നില്ല. കൂരിരുട്ടത്ത് അവൾ അന്വേഷിച്ചിറങ്ങി. നിറങ്ങളും പാലങ്ങൾ തിരഞ്ഞു. തകർന്ന ഏറുമാടങ്ങൾ തിരഞ്ഞു. പൊട്ടിയൊലിക്കുന്ന പാറപ്പ ങ്ങളിലും തട്ടിയുടഞ്ഞ താഴ്വാരങ്ങളിലും തിരഞ്ഞു. ജിട്കുവിനെ വിളിച്ച കേണവൾ കുളക്കരയിലെത്തി. നിറഞ്ഞൊഴുകുന്ന കുളത്തിൽ അവരി അവന്റെ മണം കിട്ടി. പെരുമഴയത്ത് ഭ്രാന്തിയെപ്പോലെ അവൾ കുളത്തിൽ മുങ്ങിത്തപ്പി. ഒടുവിൽ പാതിരാവിൽ അവന്റെ മുറിച്ചുമാറ്റപ്പെട്ട ശിരസ്സുമായി അവൾ പൊങ്ങി.


ചെളിവെള്ളത്തിൽ ആലോലം വാർന്നുനിന്ന് അവൾ ഗ്രാമത്തെ ഉള്ളിൽ ശപിച്ചു. ഒരിക്കലും ഗുണം പിടിക്കാതെ നശിച്ചുപോകട്ടെ. പിറ്റേന്ന് പെരുമഴ തോർന്നപ്പോൾ കാലുകൾ തല്ലിയൊടിച്ച നിലയിൽ ജിട്കുവിന്റെ കബന്ധം കുളക്കരയിലും അവന്റെ ശിരസ്സിനെ മാറോടു ചേർത്ത നിലയിൽ മിട്കിയുടെ ശരീരം കുളത്തിലും ഗ്രാമീണർ കണ്ടു. അത് ഫലഭൂയിഷ്ഠമായിരുന്ന ആ ഗ്രാമത്തിന്റെ ഒടുക്കത്തിന്റെ തുടക്കമായിരുന്നു.


പിന്നീട് പല രാവുകളിലും അടുത്ത ഗ്രാമങ്ങളിലെ ഊടുവഴികളിലൂടെ ചോരയൊലിക്കുന്നൊരുവൻ മുടന്തുന്ന കാലും വലിച്ചു നടന്നു കേണ്‌  മീട്കി....നീണ്ടമുടിയുമായി നനഞ്ഞൊട്ടിയ ഒരുവൾ കൈകൾ നീട്ടി വിലപിച്ചു. ജിട്കൂ.. പലരുടെയും കിനാവുകളിൽ ഉറക്കെയൊരു വിലാപവുമായി അവർ.ഒരു ഗ്രാമത്തിന്റെ ദുരന്തപര്യവസാനമായി മാറിയ പ്രണയകഥ പകർത്തി ഗ്രാമചിത്രം വരയ്ക്കുമ്പോൾ ഒരു നാടോടിക്കഥ വായിക്കുമ്പോലെ വായിക്കാവുന്ന രീതിയിലാണ് ഈ പുസ്തകത്തിലെ ഭാഷ. 


ഇന്തയിലെ ഏറ്റവും വലുതും അതിപുരാതമവുമായ ഏഴു ജില്ലകൾ ഒന്നിച്ചു ചേരുന്ന  ആദിവാസി മേഖലയായ ബസ്തർ ഡിവിഷന്റെ ഭൂമിശാസ്ത്രപരമായ കിടപ്പ് വിവരിച്ചു കൊണ്ട് തുടങ്ങുന്ന ആംചൊ ബസ്തർ മികച്ച വായനനുഭവം തരുന്നു. കൃതിയുടെ ആഖ്യാന രീതി സഞ്ചാര സാഹിത്യത്തിൽ തന്നെ പുതുവഴി സൃഷ്ടിച്ചിരിക്കുന്നു.

______________________________________________________________

 

:ബഹുസ്വര വെബ് മാഗസിനിൽ 31 October 2023ന്  പ്രസിദ്ധീകരിച്ചു


https://bahuswara.in/literature/f/ബസ്തർ-ആദിവാസി-ജീവിതങ്ങളിലൂടെ-ഒരു-യാത്ര