Friday, 18 September 2020

ജീവനുള്ള നരകം

 സിനിമ

Film : Room 

Director :  Lenny Abrahamson 

 (ലെന്നി അബ്രാഹംസൺ  സംവിധാനം  ചെയ്ത റൂം എന്ന സിനിമയിലൂടെ)  

ഐതിഹ്യങ്ങളുടെയോ വിശ്വാസങ്ങളുടെയോ കഥകളിലൂടെയോ അറ്റത്തുള്ള നരകങ്ങളെ കുറിച്ച് നാം ധാരാളം  കേട്ടിട്ടുണ്ട്. എന്നാൽ ജീവനുള്ള നരകത്തെ കുറിച്ചോ? അത്തരം ജീവനുള്ള നരകത്തെ കുറിച്ചുള്ള  ഒരു സിനിമയാണ് ലെന്നി അബ്രാഹംസൺ  സംവിധാനം ചെയ്ത 'റൂം' എന്ന സിനിമ. 

2008 നടന്ന ഒരു യഥാർത്ഥ സംഭവത്തെ  ആസ്പദമാക്കി എമ്മ ഡോണോഗു എഴുതിയ റൂം എന്ന  നോവൽ  ആയിരുന്നു ഈ സിനിമക്ക് കാരണമായത്. സിനിമയുടെ തിരക്കഥയും എമ്മ ഡോണോഗുതന്നെയാണ്.  18-ാം വയസ്സിൽ വീട്ടിൽ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കപ്പെട്ട   എലിസബത്ത് ഫ്രിറ്റ്‌സനാലിന്റെ ജീവിതകഥയുമായി ഇ സിനിമക്ക് ഏറെ സാമ്യമുണ്ട്. തന്റെ പിതാവിനാൽ വര്ഷങ്ങളോളം പീഡിപ്പിക്കപ്പെട്ട കഥ നമ്മൾ ഞെട്ടലോടെയാണ് കേട്ടത്. അത്തരത്തിൽ കഴിഞ്ഞ പത്തുവർഷമായി  നാല് ചുവരുകൾക്കുള്ളിൽ ബന്ദിയാക്കപ്പെട്ട ജോയ് മാ  ന്യൂസ്വമെന്ന സ്ത്രീയുടെയും അതിലുണ്ടാകുന്ന ജാക്ക് ന്യൂസ്വമെന്ന എന്ന കുട്ടിയുടെയും കഥയാണ് റൂം എന്ന ഈ സിനിമ. ബന്ദിയാക്കപ്പെട്ട ജോയ് എന്ന  സ്ത്രീയും നിരന്തരം പീഡിപ്പിക്കുന്ന അക്രമാസ്‌ക്തനായ ഓൾഡ് നിക് എന്ന പുരുഷനും അയാളിൽ ഉണ്ടായ ജാക്ക് എന്ന മൂന്നുപേരും മാത്രമാണ് ഈ നാല് ചുവരുകൾക്കു ഉള്ളിൽ. ഒരിക്കലും രക്ഷപെടാൻ ആകാത്തവിധം തയ്യാറാക്കിയ മുറിയിൽ അക്രമാസത്തനായ പുരുഷ  സാന്നിധ്യത്തിലിടയിൽ നിന്നും നാലുചുമരുകൾക്കപ്പുറം ഒന്നും കാണാത്ത ജാക് എന്ന തന്റെ കുട്ടിയെ സമർത്ഥമായി രക്ഷിചു നിർത്തുകയാണ് 

ജോയ്. ജാക്കിനെ സംബന്ധിച്ച് ഈ രണ്ടു പേരെ മാത്രമേ കണ്ടിട്ടുള്ളൂ. ആ കുട്ടിയുടെ ജീവിതം സൂക്ഷമവും ശക്തവുമായി പകർത്തിവെച്ചിട്ടുണ്ട് ഒപ്പം പുരുഷാധിപത്യത്തിന്റെ ക്രൂരമായ അക്രമത്തിന്റെ നേര്ചിത്രം  കൂടിയാണ് ഈ സിനിമ. ഉള്ള് നോവിക്കുന്ന ഒട്ടേറെ നിമിഷങ്ങൾ ഈ സിനിമയിൽ ഉണ്ട്. കുട്ടിയെ അയാളുടെ തടവിൽ നിന്നും രക്ഷപെടുത്താൻ ആ കുട്ടിയെ പാകപ്പെടുത്തിയെടുക്കാൻ അമ്മ ജോയ് നടത്തുന്ന ശ്രമങ്ങൾ നമ്മെ സിനിമയിലേക്ക് കൂടുതൽ അടുപ്പിക്കും. 

       ജേക്കബ് ട്രെംബ്ലെ
ജാക്ക് മു റിയിലെ തന്റെ സാധങ്ങളുടെ പേര് പറയുമ്പോൾ ചില്ലുജാലകത്തിലൂടെ കാണുന്ന ഒരു തുണ്ട് ആകാശത്തെ നോക്കി 'എന്റെ ആകാശം' എന്നാണ് പറയുന്നത്. മുറിയിലേക്ക് വെളിച്ചം തരുന്ന ഏക ചില്ലു ജാലകത്തിൽ ഒരു ഇല പറന്നു വന്നു വീണപ്പോൾ ജാക്കിന് അത് കാണിച്ചുകൊടുക്കുന്ന മനോഹരമായ സീനുണ്ട്. ദിവസം ഭക്ഷണം പാകം ചെയ്യുമ്പോൾ എടുത്തുവെക്കുന്ന മുട്ടത്തോടുകൾ കൊണ്ട് മാലയുണ്ടാക്കി വെക്കുന്നുണ്ട് ഇങ്ങനെ അടിമത്തം പേറുന്ന പീഡനകാലത്തെ ഇത്തരം ക്രിയേറ്റീവിലൂടെ അവർ ജാക്കിന് ആത്മവിശ്വാസം പകരുകയാണ്.  
ഈ ജീവനുള്ള നരകത്തെ ജോയ് ഒരു യക്ഷികഥയാക്കി ജാക്കിനോട് അവതരിപ്പിക്കുന്നുണ്ട്, ഒപ്പം ആലീസ് ഇൻ വണ്ടർലാൻഡും കൗണ്ട് ഓട് മോണ്ടോ ക്രിസ്റ്റോയും ഒക്കെ ജോയ് പറഞ്ഞു കൊടുക്കുന്നുണ്ട്. ഇവിടെ നിന്നും രക്ഷപ്പെട്ടാൽ തന്റെ അമ്മയുടെ അതായത് ജാക്കിന്റെ മുത്തശ്ശിയുടെ വീട്ടിൽ തന്റെയൊരു മുറിയുണ്ടെന്നും,  ആ തുറന്ന ലോകത്തേക് ഈ ജീവനുള്ള നരകത്തിൽ നിന്നും രക്ഷപ്പെടാൻ കഠിന പരിശ്രമം വേണെമെന്നും അതിനായി  ജാക്കിൽ ആത്മവിശ്വാസം വളർത്താൻ നടത്തുന്ന നിരന്തര ശ്രമങ്ങൾ ആണ് സിനിമയുടെ ആദ്യപകുതി.

ജാക്ക്  പനി പിടിച്ചു കിടന്നപ്പോൾ ആഴ്ചയിൽ വരുന്ന നിക്കിനോട്  കുട്ടിയെ ഡോക്റ്ററെ കാണിക്കണം എന്ന ആവശ്യത്തിനു ചെവി കൊടുക്കാതെ അയാൾ പോകുന്നു.  അടുത്ത ആഴ്ച അയാൾ വരുമ്പോളേക്കും ജാക്കിനെ രക്ഷിക്കാനുള്ള തന്ത്രങ്ങൾ മെനയുകയാണ് ജോയ്. ഓൾഡ് നിക്ക് വരുമ്പോൾ ജാക് പനിപിടിച്ചു മരിച്ചു എന്നു പറയുന്നു.  ജാക്കിനെ ഒരു പരവതാനിയുടെ അകത്താക്കി ചുരുട്ടി വെച്ചിരുന്നു ഓൾഡ് നിക്ക് ശവമാണ് എന്ന് കരുതി ചുരുട്ടിയ പരവതാനി  അവിടെ നിന്നും പുറത്തേക്ക് കൊണ്ടുപോകുന്നു 
പുറം ലോകത്ത് എത്തിയാൽ ചുരുട്ടിവെച്ച പരവതാനിയിൽ നിന്നും രക്ഷപെടാനുള്ള വഴി പലവട്ടം ജാക്കിനെ കൊണ്ട് തന്നെ ജോയ് മുറിയിൽ നിന്നും പരിശീലിപ്പിച്ചിരുന്നു. 

ജാക് എത്തിപ്പെടുന്നത് ഒട്ടും പരിചിതമല്ലാത്ത ഒരു ലോകത്താണ്.  ജാക്കിന്റെ പാദങ്ങൾ അപരിചിതമായ നിലങ്ങളിൽ ആദ്യമായി  സ്പർശിക്കുന്ന നിമിഷം മനോഹരമായാണ് ചിത്രീകരിച്ചിരിക്കുന്നത്.  കണ്ണിനോ കാലുകൾക്കോ പുതിയ ലോകം പരിചിതമായ ഒന്നല്ല എന്ന്  മനസിലാക്കാൻ ജാക്കിന് ഏറെ സമയം വേണ്ടിവന്നു. ജീവനുള്ള നരകത്തിൽ നിന്നും രക്ഷപെട്ട  ജാക്കിന്റെ  ജീവിതം വളരെ ശ്രദ്ധയോടുകൂടിയാണ് ചെയ്തിരിക്കുന്നത്. ഒട്ടും സ്വാതന്ത്ര്യം ലാഭിക്കാതെ  ജീവനുള്ള നരകത്തിൽ വളർന്ന ഒരു കുട്ടി പെട്ടെന്ന് തുറസ്സായ ഒരിടത്തിൽ എത്തുമ്പോൾ ഉണ്ടാകുന്ന അമ്പരപ്പും പ്രശനങ്ങളും ഒക്കെ അത്രതന്നെ ഗൗരവത്തിൽ  ജാക്ക്  ന്യൂസോമായി വേഷപ്പകർച്ച നടത്തിയ  ഏഴുവയസ്സുള്ള   ജേക്കബ് ട്രെംബ്ലെ  അഭിനയിക്കുകയായിരുന്നില്ല ജീവിക്കുകയായിരുന്നു, ജാക്കിന്റെ അമ്മ  ജോയ് "മാ" ന്യൂസോമായി വേഷം ഇട്ട  ബ്രൈ ലാർസന്റെ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നായിരുന്നു  ജോയ്.  ആ വർഷത്തെ അക്കാദമി അവാർഡും ഈ കഥാപാത്രത്തെ തേടിയെത്തി. 

        ബ്രൈ ലാർസന്
ജാക്കിൽ നിശ്ചദാർഢ്യവും ആത്മവിശ്വാസവും  നിറക്കാൻ ജോയ് നടത്തുന്ന ശ്രമങ്ങൾ ഈ സിനിമയെ മറ്റൊരു തലത്തിൽ എത്തിക്കുന്നു.  സാധാരണ ഒരു ത്രില്ലർ സിനിമയായി മാറേണ്ടിയിരുന്ന വിഷയത്തെ നല്ലൊരു സിനിമയിലേക്ക് എത്തിക്കാൻ   ലെന്നി അബ്രാഹംസന് കഴിഞ്ഞു എന്ന് പറയാം.    

http://kannadimagazine.com/article/1650