Tuesday 25 October 2011

അകിര കുറൊസാവ ലോക സിനിമയിലെ അതുല്യ പ്രതിഭ


ലോകപ്രശസ്തനായ ജാപ്പനീസ് സിനിമാ സംവിധായകനും നിര്‍മ്മാതാവും തിരക്കഥാകൃത്തുമായിരുന്ന ‘അകിര കുറൊസാവ(Akira Kurosawa) 1998 സെപ്റ്റംബര്‍ ആറിനാണ് അന്തരിച്ചത് .1943 മുതല്‍ 1993 വരെയുള്ള അന്‍‌പതു നീണ്ടവര്‍ഷങ്ങളില്‍ മുപ്പതോളം സിനിമകള്‍ കുറോസോവ സംവിധാനം ചെയ്തു.
ഒരു ചിത്രകാരന്‍ എന്ന വിജയകരമാല്ലാത്ത തുടക്കത്തിന്‌ ശേഷം 1936ലാണ്‌ കുറൊസാവ ജപ്പാനിലെ ചലച്ചിത്ര രംഗത്തേക്ക് കടക്കുന്നത്. ആദ്യകാലത്ത് സഹസംവിധായകനായും തിരക്കഥാകൃത്തായും നിരവധി സിനിമകളില്‍ ജോലിചെയ്ത അദ്ദേഹം, രണ്ടാം ലോക മഹായുദ്ധ കാലത്ത്‌ ജനപ്രിയ ചിത്രമായ സാന്ഷിരോ സുഗാതയിലൂടെയാണ് (Sanshiro Sugata)സ്വതന്ത്ര സംവിധായകന്‍ എന്ന നിലയില്‍ അരങ്ങേറ്റം കുറിക്കുന്നത്. യുദ്ധാനന്തരം, അക്കാലത്ത് പുതുമുഖമായിരുന്ന ടോഷിരോ മിഫുന്‍ (Toshirō Mifune) എന്ന നടനെ മുഖ്യ കഥാപാത്രമാക്കി സംവിധാനം ചെയ്ത കുടിയന്‍ മാലാഖ (Drunken Angel) എന്ന നിരൂപണ പ്രശംസ നേടിയ ചിത്രം അദ്ദേഹത്തിന് ജപ്പാനിലെ ശ്രദ്ദേയനായ യുവ സംവിധായകരില്‍ ഒരാള്‍ എന്ന പേര് നേടിക്കൊടുത്തു. ടോഷിരോ മിഫുന്‍ തന്നെ അഭിനയിച്ച് 1950ല്‍ ടോകിയോവില്‍ പ്രദര്‍ശിപ്പിച്ച റാഷോമോന്‍ (Rashomon) എന്ന സിനിമ അപ്രതീക്ഷിതമായി 1951ലെ വെനീസ് ചലച്ചിത്രോത്സവത്തില്‍ സുവര്‍ണ സിംഹ പുരസ്കാരം സ്വന്തമാക്കുകയും തുടര്‍ന്ന്‍ യൂറോപ്പിലും വടക്കേ അമേരിക്കയിലും പുറത്തിറക്കുകയും ചെയ്തു. നിരൂപക ശ്രദ്ധ നേടിയതിനൊപ്പം തന്നെ സാമ്പത്തികമായും വിജയമായ ഈ സിനിമ പാശ്ചാത്യ ചലച്ചിത്ര വിപണിയിയുടെ വാതിലുകള്‍ ജപ്പാനീസ്‌ സിനിമക്ക് തുറന്നു കൊടുക്കുകയും കെന്‍ചി മിഷോഗൂച്ചി (Kenji Mizoguchi) യാസൂജിരൊ ഒസു ( Yasujiro Ozu) തുടങ്ങിയവര്‍ക്ക്‌ അന്താരാഷ്ട്ര ശ്രദ്ധ നേടികൊടുക്കുകയും ചെയ്തു. 1950കളിലും 1960കളിലെ തുടക്കത്തിലും ഏതാണ്ടെല്ലാ വര്‍ഷത്തിലും കുറൊസാവ സിനിമ ചെയ്തു. ക്ലാസിക്‌ സിനിമകളായി പരക്കെ അംഗീകരിക്കപ്പെട്ട ഇകിരു (1952), ഏഴു സാമുറായികള്‍ (1954), യോജിമ്പോ (1961) തുടങ്ങിയവ ഈ കാലത്ത്‌ നിര്‍മിക്കപ്പെട്ട കുറൊസാവ സിനിമകളാണ്. 1960കളുടെ പകുതിക്ക് ശേഷം ഒരുപാട് മങ്ങിപ്പോയെങ്കിലും സിനിമാ ജീവിതത്തിന്‍റെ അവസാന കാലങ്ങളില്‍, പ്രത്യേകിച്ചും കഗേമുഷാ (Kagemusha-1980), റാന്‍(Ran-1985) എന്നീ ചിത്രങ്ങള്‍ അദ്ദേഹത്തിന് വീണ്ടും അംഗീകാരങ്ങള്‍ നേടികൊടുത്തു.
സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും സ്വാധീക്കപ്പെടുകയും പ്രാധാന്യമര്‍ഹിക്കുകയും ചെയ്യുന്ന വ്യക്തിത്വമായി കുറൊസാവ പരക്കെ കണക്കാക്കപ്പെടുന്നു. 1990ല്‍ “ലോകം മുഴുവനുമുള്ള പ്രേക്ഷകരേയും സിനിമാപ്രവര്‍ത്തകരെയും സ്വാധീനിക്കുകയും സന്തോഷിപ്പിക്കുകയും സമ്പന്നമാക്കുകയും ആനന്ദിപ്പിക്കുകയും ചെയ്തതിന്” ആജീവനാന്ത സംഭാവനക്കുള്ള ഓസ്കാര്‍ പുരസ്കാരം അദ്ദേഹം സ്വന്തമാക്കി. മരണാനന്തരം, അമേരിക്കയിലെ ഏഷ്യന്‍ വീക്ക്‌ മാസികയും സി.എന്‍.എന്നും “കല, സാഹിത്യം, സംസ്കാരം” വിഭാഗത്തിലെ “നൂറ്റാണ്ടിന്റെ ഏഷ്യക്കാരനായി” തിരെഞ്ഞെടുക്കുകയും കഴിഞ്ഞ നൂറ്റാണ്ടില്‍ ഏഷ്യയുടെ പുരോഗതിക്കായി ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയ അഞ്ചുപേരില്‍ ഒരാളായി പ്രഖ്യാപിക്കുകയും ചെയ്തിടുണ്ട്.

Monday 24 October 2011

ജോണ്‍ സി. ജേക്കബ് പരിസ്ഥിതി പ്രവര്‍ത്തകരുടെ അഭിവന്ദ്യ ഗുരു

john c jacob-epathram
കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തകരുടെ അഭിവന്ദ്യ ഗുരു ജോണ്‍ സി ജേക്കബ്‌ നമ്മെ വിട്ടകന്നിട്ട് ഇന്നേക്ക് മൂന്നു വര്ഷം തികയുന്നു. ഋഷി തുല്യമായ ജീവിതം നയിച്ച ആ മഹാനായ പ്രകൃതിസ്നേഹിയുടെ ഓര്‍മ്മയ്ക്ക്‌ മുന്നില്‍ ഇ പത്രം ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.
1936-ല്‍ കോട്ടയം ജില്ലയിലെ കുറിച്ചിയിലാണ് ജോണ്‍ സി ജേക്കബ് ജനിച്ചത്‌. മദ്രാസ്‌ കൃസ്ത്യന്‍ കോളേജില്‍ നിന്നും ഉന്നത വിദ്യാഭാസം പൂര്‍ത്തിയാക്കി. വിദ്യാര്‍ഥിയായിരിക്കെ തന്നെ പ്രകൃതി നിരീക്ഷണത്തില്‍ അതീവ താല്പര്യം കാണിച്ച ഇദ്ദേഹം അദ്ധ്യാപകനായിരിക്കെ സ്വന്തം വിദ്യാര്‍ഥികളെ  വനങ്ങളിലും കടല്‍ത്തീരത്തും ദ്വീപുകളിലും കൊണ്ടുപോയി പ്രകൃതിയുടെ പാഠങ്ങള്‍ പഠിപ്പിച്ചു.1977ല്‍ ദക്ഷിണേന്ത്യയിലെ തന്നെ ആദ്യത്തെ പ്രകൃതി സഹവാസ ക്യാമ്പ്‌ ഏഴിമലയില്‍ സംഘടിപ്പിച്ചു. തുടര്‍ന്ന് ദക്ഷിണേന്ത്യയിലെ വിവിധ ഇടങ്ങളില്‍ നിരവധി ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ നേതൃത്വം നല്‍കി. 1960 മുതല്‍ 65 വരെ ദേവഗിരി കോളേജിലും പിന്നീട് 1992വരെ പയ്യന്നൂര്‍ കോളേജിലും ജന്തുശാസ്ത്ര അദ്ധ്യാപകന്‍. ഇദ്ദേഹമാണ് കേരളത്തില്‍ ആദ്യമായി ഒരു പരിസ്ഥിതി സംഘടന രൂപീകരിച്ചത്‌. 1979ല്‍ സ്ഥാപിച്ച സീക്ക് (സൊസൈറ്റി ഫോര്‍ എന്‍വിറോണ്‍മെന്റല്‍ എജ്യുക്കേഷന്‍ ഇന്‍ കേരള) കേരള പാരിസ്ഥിതിക ചരിത്രത്തില്‍ അവഗണിക്കാനാവാത്ത സംഭാവനകള്‍ നല്‍കിയ സംഘടനയാണ്. 1986ല്‍ ഒരേ ഭൂമി ഒരേ ജീവന്‍ എന്ന പ്രസ്ഥാനവും പ്രസിദ്ധീകരണവും തുടര്‍ന്ന്  പ്രതിഷ്ഠാനം കൂട്ടായ്മയും ആരംഭിച്ചു. മലയാളത്തിലെ ആദ്യത്തെ പാരിസ്ഥിതിക കാലികമായ ‘മൈന’ തുടങ്ങിയതും ഇദ്ദേഹമാണ്. 1981 ല്‍ ആരംഭിച്ച ആദ്യത്തെ പാരിസ്ഥിതിക മാസികയായ ‘സൂചിമുഖി’ 1986ല്‍ ആരംഭിച്ച ആന്‍ഖ് മാസികയുടെ പത്രാധിപരായും പ്രവര്‍ത്തിച്ചു. 1995 ല്‍ തുടങ്ങിയ പ്രസാദം മാസിക 2008 ഒക്ടോബര്‍ 11 അദ്ദേഹം മരിക്കുന്നത് വരെ തുടര്‍ന്നു. ‘ഉറങ്ങുന്നവരുടെ താഴ്വര’ എന്ന പരിസ്ഥിതി കഥകളുടെ സമാഹാരവും ഡാനിയല്‍ ക്വിന്നിന്റെ ‘ഇഷ്മായേല്‍’ ‘എന്റെ ഇഷ്മായേല്‍’ എന്നീ കൃതികള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു.  2004ല്‍ സ്വദേശി ശാസ്ത്രപ്രസ്ഥാനത്തിന്റെ പരിസ്ഥിതി വിദ്യാഭ്യാസം, ഇക്കോ സ്പിരിച്ച്വാലിറ്റി പുരസ്കാരം ലഭിച്ചു. 2005ല്‍ ഏര്‍പ്പെടുത്തിയ പ്രഥമ വനമിത്ര പുരസ്ക്കാരം നല്‍കി കേരള സര്‍ക്കാര്‍ അദ്ദേഹത്തെ ആദരിച്ചു. 2007ല്‍ കേരള ബയോഡിവോഴ്സിറ്റി ബോര്‍ഡിന്റെ ‘ഗ്രീന്‍’ വ്യക്തികത പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി.
കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തകരുടെ ഗുരുവായി ഇദ്ദേഹത്തെ വിശേഷിപ്പിക്കാം  2008 ഒക്ടോബര്‍ 11നാണ് ഇദ്ദേഹം നമ്മെ വിട്ടുപോയത്‌…
- ഫൈസല്‍ ബാവ

ശബ്ദിക്കുന്ന കലപ്പ നിലച്ചു

ponkunnam-varkey-epathram
പൊന്‍കുന്നം വര്‍ക്കി എന്ന മലയാളത്തിന്റെ സ്വന്തം കഥാകാരന്‍ നമ്മെ വിട്ടു പോയിട്ട് ഏഴു വര്ഷം. (ജൂലൈ 1, 1911 – ജൂലൈ 2, 2004) മലയാള സാഹിത്യത്തില്‍ പുരോഹിത വര്‍ഗ്ഗത്തിന്റെയും അധികാര പ്രഭുക്കളുടെയും കൊള്ളരുതായ്മ കള്‍ക്കെതിരെ രോഷത്തിന്റെ വിത്തു പാകിതായിരുന്നു വര്‍ക്കിയുടെ രചനകള്‍. ജീവിത അവസാനം വരെ താന്‍ ഉയര്‍ത്തിപ്പിടിച്ച വിശ്വാസങ്ങളില്‍ അദ്ദേഹം ഉറച്ചു നിന്നു. ജീവിതത്തിന്റെ മധ്യാഹ്നം വരെയേ എഴുതിയുള്ളൂ എങ്കിലും വര്‍ക്കി മലയാള സാഹിത്യത്തിനു നല്‍കിയ സംഭാവനകള്‍ വിലമതിക്കാന്‍ ആവത്തതാണ്‌.
‘തിരുമുല്‍ക്കാഴ്ച’ എന്ന ഗദ്യ കവിതയുമായാണ്‌ വര്‍ക്കി സാഹിത്യ രംഗത്തേക്കു കടന്നത്‌. 1939-ലായിരുന്നു ഇത്‌. പ്രഥമ കൃതിക്കു തന്നെ മദ്രാസ്‌ സര്‍വ്വകലാശാലയുടെ സമ്മാനം ലഭിച്ചു. ശബ്ദിക്കുന്ന കലപ്പ എന്ന പ്രശസ്തമായ കഥയും ഇദ്ദേഹത്തിന്റെതാണ്. രോഷത്തിന്റെ കനലുകള്‍ വിതച്ച രചനകള്‍ പലരേയും പൊള്ളിച്ചു. കഥകള്‍ മത മേലധ്യക്ഷന്മാരെയും അധികാര വര്‍ഗ്ഗത്തെയും വിളറി പിടിപ്പിച്ചു. കഥകള്‍ എഴുതിയതിന്റെ പേരില്‍ അധികാരികള്‍ വര്‍ക്കിയെ അധ്യാപന ജോലിയില്‍ നിന്നു പുറത്താക്കി. തിരുവതാംകൂര്‍ ദിവാന്‍ ഭരണത്തെ എതിര്‍ത്തതിന്റെ പേരില്‍ 1946-ല്‍ ആറു മാസം ജയിലില്‍ കിടക്കേണ്ടി വന്നു.
നാടകവും ചെറുകഥയും ഉള്‍പ്പടെ അന്‍പതോളം കൃതികള്‍ വര്‍ക്കിയുടേതായി പ്രസിദ്ധപ്പെടുത്തി. എണ്ണപ്പെട്ട ചില മലയാള സിനിമകള്‍ക്ക്‌ കഥയും സംഭാഷണവും രചിച്ചിട്ടുണ്ട്‌. പുരോഗമന കലാ സാഹിത്യ സംഘടനയുടെ സെക്രട്ടറിയായി അഞ്ചു വര്‍ഷത്തോളം പ്രവര്‍ത്തിച്ചു. എഴുത്തുകാരുടെ കൂട്ടായ്മക്കായി രൂപീകൃതമായ സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെയും നാഷണല്‍ ബുക്ക്‌ സ്റ്റാളിന്റെയും സ്ഥാപകരില്‍ ഒരാളായിരുന്നു. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്‌ എക്സിക്യുട്ടീവ്‌ അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. താന്‍ തുടങ്ങി വെച്ച പുരോഗമന സാഹിത്യ സംരംഭങ്ങള്‍ക്ക്‌ അദ്ദേഹം ജീവിതാവസാനം വരെ ഊര്‍ജ്ജം പകര്‍ന്നു.
2004 ജൂലൈ 2-ന് പാമ്പാടിയിലുള്ള വസതിയില്‍ വച്ചാണ് മരണമടഞ്ഞത്.
- ഫൈസല്‍ ബാവ

മലയാള കവിതയെ വഴിമാറ്റി നടത്തിയ കവി

ayyappapaniker-epathram
“നീതിക്കുവേണ്ടി കരഞ്ഞുഴന്നീടവേ,
ഗീത ചൊല്ലിക്കേട്ടൊരർജ്ജുനനല്ല ഞാൻ”
(കുരുക്ഷേത്രം)
ആധുനികതയെ മലയാള സാഹിത്യലോകത്തിനു പരിചയപ്പെടുത്തിയ, സ്ഥിരം സമ്പ്രദായങ്ങളിൽനിന്നു കവിതയെ വഴിമാറ്റി നടത്തിയ ഡോ. കെ. അയ്യപ്പപ്പണിക്കർ നമ്മെ വിട്ടകന്നിട്ട് ഇന്നേക്ക് അഞ്ചു വര്‍ഷങ്ങള്‍ പിന്നിടുന്നു. നിരന്തരമായ നവീകരണത്തിലൂടെ അദ്ദേഹം മലയാള കവിതയെ ലോകശ്രദ്ധയിലേക്കു നയിച്ചു. മലയാള കവിതയെ ആധുനികതയിലേക്കും ഉത്തരാധുനിക കവിതയിലേക്കും കൈപിടിച്ചു നടത്തിയത് അയ്യപ്പപ്പണിക്കരാണെന്നു പറയാം. 1960-ൽ ദേശബന്ധു വാരികയിൽ പ്രസിദ്ധീകരിച്ച അയ്യപ്പപ്പണിക്കരുടെ കുരുക്ഷേത്രം എന്ന കവിതയാണ് മലയാള ആധുനിക കവിതയുടെ ആധാരശില. സർവ്വേന്ദ്രിയസ്പർശിത്വമാണ് കാവ്യാനുഭൂതിയുടെ കാതൽ എന്നെഴുതിയ അയ്യപ്പപ്പണിക്കരുടെ ഓരോ കവിതയും പിന്നീട് മലയാള കവിതയ്ക്ക് നവീനഭാവുകത്വത്തിലേക്കുള്ള മുന്നേറ്റങ്ങളായി.
“കൈക്കുഞ്ഞിനെ, വഴിയിലിട്ടും കളഞ്ഞു നട
കൊണ്ടോരു ഗോപയനി വിൽക്കും മുലപ്പട,
മതിൽപ്പറ്റി നിൽക്കുമൊരു ദുഃഖാർദ്ര വിസ്മൃതിവിലാസം”
(മൃത്യുപൂജ) എന്നെഴുതിയ കെ. അയ്യപ്പപ്പണിക്കർ എന്ന കവിയെ മലയാളിക്ക് മറക്കാനാവില്ല.  2006 ഓഗസ്റ്റ് 23നാണ് അദ്ദേഹം അന്തരിച്ചത്. അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്ക് മുമ്പില്‍ നമോവാകം
- ഫൈസല്‍ ബാവ

അയ്യപ്പന്‍ എന്ന കവി

a-ayyappan-epathram
അയ്യപ്പന്‍ പോയി… അതെ, അയ്യപ്പന്‍ എന്ന കവി ഈ മണ്ണില്‍ നിന്ന് കുതറിയോടി, കവിതയെ ജീവിതമാക്കിയ അപൂര്‍വം ജനുസ്സില്‍ പെട്ട കവി. കയ്പുറ്റ ജീവിതാനുഭവങ്ങള്‍ ആവിഷ്കരിച്ചു കൊണ്ടു് കവിതയ്ക്ക് പുത്തന്‍ ഭാവുകത്വം രൂപപ്പെടുത്തി അയ്യപ്പന്‍. അയ്യപ്പന്റെ ജീവിതവും കവിതയും ഒന്നായിരുന്നു. ആധുനികതയുടെ കാലത്തിനു ശേഷമുള്ള തലമുറയിലെ മലയാളത്തിലെ പ്രമുഖനായ കവി എ. അയ്യപ്പന്‍ 2010 ഒക്ടോബര്‍ 21നു തന്റെ കവിതകള്‍ ബാക്കി വെച്ചു എന്നെന്നേക്കുമായി വിട പറഞ്ഞു. ഇന്നേക്ക് ഒരു വര്ഷം മുമ്പേ അനാഥമായി ആശുപത്രിക്കിടക്കയില്‍, അതെ അയ്യപ്പന്‍ പോയി, ജീവിതത്തില്‍ നിന്നും കുതറിയോടി…
അയ്യപ്പന്‍ അവസാനമായി എഴുതിയ പല്ല് എന്ന കവിത
“അമ്പ് ഏതു നിമിഷവും
മുതുകില്‍ തറയ്ക്കാം
പ്രാണനും കൊണ്ട് ഓടുകയാണ്
വേടന്റെ കൂര കഴിഞ്ഞ് റാന്തല്‍ വിളക്കുകള്‍ ചുറ്റും
എന്റെ രുചിയോര്‍ത്ത്
അഞ്ചെട്ടു പേര്‍
കൊതിയോടെ
ഒരു മരവും മറ തന്നില്ല
ഒരു പാറയുടെ വാതില്‍ തുറന്ന്
ഒരു ഗര്‍ജ്ജനം സ്വീകരിച്ചു
അവന്റെ വായ്‌ക്ക് ഞാനിരയായി”
കറുപ്പ്, മാളമില്ലാത്ത പാമ്പ് , ബുദ്ധനും ആട്ടിന്‍കുട്ടിയും, ബലിക്കുറിപ്പുകള്‍, വെയില്‍ തിന്നുന്ന പക്ഷി, ഗ്രീഷ്മവും കണ്ണീരും, ചിറകുകള്‍ കൊണ്ടൊരു കൂട്, മുളന്തണ്ടിന് രാജയക്ഷ്മാവ്, കല്‍ക്കരിയുടെ നിറമുള്ളവന്‍, തെറ്റിയാടുന്ന സെക്കന്റ് സൂചി (എ. അയ്യപ്പന്റെ ഓര്‍മ്മക്കുറിപ്പുകള്‍), പ്രവാസിയുടെ ഗീതം, ചിത്തരോഗാശുപത്രിയിലെ ദിവസങ്ങള്‍, ജയില്‍ മുറ്റത്തെ പൂക്കള്‍, ഭൂമിയുടെ കാവല്‍ക്കാരന്‍, മണ്ണില്‍ മഴവില്ല് വിരിയുന്നു, കാലം ഘടികാരം എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍
അയ്യപ്പന്‍റെ ഓര്‍മ്മയ്ക്ക്‌ മുമ്പില്‍ eപത്രം ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.
- ഫൈസല്‍ ബാവ