രാഷ്ട്രീയ ലേഖനം
നിലവിൽ ലോകത്ത് ഏറ്റവും സ്വീകാര്യമായതും ജനങ്ങള് ആഗ്രഹിക്കുന്നതുമായ ഒന്നാണല്ലോ ജനാധിപത്യം. ജനങ്ങളിൽ നിന്നും ജനങ്ങളാൽ തെരഞ്ഞെടുത്ത ജനകീയ ഭരണകൂടം എന്നത് അത്ര ചെറിയ കാര്യമല്ല. സ്വാതന്ത്ര ലബ്ധിക്കുശേഷം ഇന്ത്യൻ ജനാധിപത്യം അത്രയൊന്നും പരിക്കില്ലാതെ നീങ്ങികൊണ്ടിരുന്നു എന്നത് ആശ്വാസം നല്കുന്നു. ഇടക്ക് ഇന്ദിരാ ഗാന്ധിയുടെ ഏകാധിപത്യ മനസ്സിൽ തോന്നിയ ചില കറുത്ത ചിന്തയിൽ നിന്നും ഉയർന്ന അടിയന്തിരാവസ്ഥയും, അതുമായി ബന്ധപെട്ട അടിച്ചമർത്തലും, ഇന്ദിരാ ഗാന്ധിയുടെ തന്നെ കൊലപാതകത്തെ തുടർന്ന് നടന്ന സിഖ് കൂട്ടകൊലയും, വർഗ്ഗീയ നീക്കത്തിലൂടെ ബിജെപിയും മറ്റു ഹിന്ദുത്വ തീവ്രവാദ സംഘടനകളും ചേർന്ന് നടത്തിയ ബാബരി മസ്ജിദ് തകർത്തതും, ബോംബെ കലാപം, ഗോധ്ര കലാപവും അതുമായി ബന്ധപെട്ട് ഉണ്ടായ ഗുജറാത്ത് നരഹത്യയും തുടങ്ങിയ കറുത്ത നാളുകളൊഴിച്ചാൽ ഇന്ത്യൻ ജനാധിപത്യം അത്ര വലിയ പരിക്കില്ലാതെ മുന്നോട്ട് പോയികൊണ്ടിരിക്കുകയായാണ്. എന്നാല്‍ ജനാധിപത്യത്തിന്റെ നാല് സ്തംഭങ്ങളില്‍ നാലാം സ്തംഭമായ ഫോര്‍ത്ത് എസ്റ്റേറ്റില്‍ അടക്കം കോര്‍പ്പറേറ്റ് സാന്നിധ്യം അപകടകരമാം വിധം വര്‍ദ്ധിച്ചത് ഇതിനിടയില്‍ നാം കാണാതെ പോകരുത്. ഇപ്പോള്‍ ഇന്ത്യയില്‍ ഭരണകൂട സഹായത്തോടെ നടക്കുന്ന വര്‍ഗ്ഗീയ ധ്രുവീകരണത്തെ കൃത്യമായി ജനങ്ങളില്‍ എത്തിക്കാന്‍ കാണിച്ച വൈമനസ്യം ഈ കോര്‍പ്പറേറ്റ് ബാന്ധവവും അവരുടെ സ്വാധീനവും ആണെന്ന സത്യം ഫോര്‍ത്ത് എസ്റ്റേറ്റില്‍ കാടുകയറുന്നതു കൊണ്ടാണ്. ഈയിടെ ഇന്ത്യയില്‍ ഉണ്ടായ ബീഫ് വിവാദവും അതുമായി ബന്ധപെട്ട് നടന്ന കൊലകളും ദളിത് കൊലകളും ജനമധ്യത്തില്‍ ആദ്യം എത്തിച്ചത് നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ വഴി ആയിരുന്നില്ല. സോഷ്യല്‍ മീഡിയയുടെ സാന്നിദ്ധ്യം ഇല്ലായിരുന്നു എങ്കില്‍ ഇതില്‍ പലതും നാം കാണാതെ കേള്‍ക്കാതെ പോകുമായിരുന്നു. ഇതേ സോഷ്യല്‍ മീഡിയ വഴി തന്നെയാണ് ഇല്ലകഥകള്‍ പ്രചരിപ്പിച്ച് കെട്ടിപ്പൊക്കിയ ഇമേജില്‍ അധികാരം കയ്യിലൊതിക്കിയതും എന്നത് ഇതിന്റെ മറ്റൊരു വശം.
എന്നാല്‍ ഈ കഴിഞ്ഞ മോഡി വിജയ ഗാഥയും തുടര്‍ന്ന്‍ ഇപ്പോള്‍ ബീഹാറിലെ ജനങ്ങള്‍ തിരിച്ചറിഞ്ഞ സത്യങ്ങളും മഹാ സഖ്യത്തിന്റെ വിജയവും കൂട്ടി വായിച്ചാല്‍ അതില്‍ നിന്നും മറ്റൊരു ഉത്തരം കിട്ടുന്നുണ്ട് അത് ജനാധിപത്യത്തിനു അത്ര ഭൂഷണമല്ല എന്ന് മാത്രമല്ല ഭീഷണി കൂടിയാണ്. ആ ഉത്തരമാണ് പ്രശാന്ത് കിഷോർ എന്ന അതി മിടുക്കനായ ചെറുപ്പക്കാരന്‍. ഈ ചെറുപ്പക്കാരനെ കുറിച്ച് വോട്ടുചെയ്ത എത്ര പേര് കേട്ടിട്ടുണ്ട് എന്നത് മറ്റൊരു കാര്യം. എന്നാല്‍ ഈ ചെറുപ്പക്കാരന്റെ തലച്ചോറില്‍ വിരിഞ്ഞ ആശയത്തിലൂടെ അവരറിയാതെ സഞ്ചരിച്ചാണ് കേന്ദ്രത്തില്‍ വര്‍ഗീയ ധ്രുവീകരണം ആഗ്രഹിക്കുന്ന ഒരു അധികാര കേന്ദ്രവും തുടര്‍ന്ന് ബീഹാറില്‍ നമുക്കൊക്കെ ആശ്വാസം തന്ന ഈ തെരഞ്ഞെടുപ്പ് വിധിയില്‍ എത്തിയത്. ആരാണ് ഈ ചെറുപ്പക്കാരന്‍?