Monday 10 June 2013

ജീര്‍ണതകള്‍ ഇല്ലാതാവുന്ന യാത്ര

സിനിമ
                                                  
കലാപത്തിന്റെയുള്ളില്‍ അകപ്പെടുന്നതുവരെ സവര്‍ണ ജാതിബോധത്തിന്റെ ഹുങ്ക് മീനാക്ഷിയില്‍ ഉണ്ടായിരുന്നു. പക്ഷെ, കലാപം മത-ജാതി ബോധങ്ങളെ ഇല്ലാതാക്കുന്നു. ഇരകള്‍ വെറും മനുഷ്യര്‍ മാത്രമാണ് എന്ന് വരച്ചുകാണിക്കാന്‍ സംവിധായകയ്ക്ക് കഴിയുന്നുണ്ട്. ജാതീയതയും തൊട്ടുകൂടായ്മയും ഈ സിനിമയില്‍ വിഷയമാവുന്നുണ്ട്. സവര്‍ണതയുടെ ബിംബമായ മീനാക്ഷി രാജ ചൗധരി മുസ്ലീം ആണെന്ന് പറയുമ്പോള്‍ ഞെട്ടുന്നത് അതുകൊണ്ടാണ്. ഈ സിനിമയുടെ ഏറ്റവും വലിയ സന്ദേശം മതവും ജാതിയും വരച്ചിടുന്ന മതിലുകള്‍ സ്‌നേഹത്തിനും പ്രണയത്തിനും മുന്നില്‍ അപ്രസക്തമാവുന്നു എന്ന മാനവീകതയാണ്. അത് നന്നായി ബോധ്യപ്പെടുത്തുന്നതിന് അപര്‍ണാസെന്നിന് സാധിക്കുന്നു
   
ഇന്ത്യയിലെ ഗ്രാമ, നഗരങ്ങളിലൂടെയുള്ള ഒരു ബസ് യാത്ര, ഒരു സ്ത്രീയും പുരുഷനും യാത്രയില്‍ പരിചയപ്പെടുകയാണ്. ഇന്ത്യന്‍ അവസ്ഥയില്‍ എപ്പോഴും എവിടെയും പ്രതീക്ഷിക്കാവുന്ന വര്‍ഗീയ കലാപം അവരുടെ വഴിയില്‍ കാത്തിരിക്കുന്നു. ബസും യാത്രക്കാരും കലാപത്തിനിടയില്‍ കുടുങ്ങിപ്പോവുന്നു. യാത്രക്കിടയില്‍ മീനാക്ഷി അയ്യരെന്ന സ്ത്രീയും വന്യജീവി ഫോട്ടോഗ്രാഫര്‍ ആയ രാജാ ചൗധരിയും പരിചയപ്പെടുന്നുണ്ട്. അവര്‍ക്കിടയില്‍ മതം അസ്വസ്ഥത ഉണ്ടാക്കുന്നുമുണ്ട്. കലാപം ഒരു മനുഷ്യന്‍ എന്ന നിലയില്‍ തന്റെ കൂടെ യാത്ര ചെയ്യുന്ന കുഞ്ഞിനേയും അമ്മയെയും സംരക്ഷിക്കേണ്ട ചുമതലാ ബോധം ചെറുപ്പക്കാരനില്‍ ഉണര്‍ത്തുന്നു. അവരുടെ സൗഹൃദം വളരുകയാണ്. ഇതാണ് മിസ്റ്റര്‍ & മിസിസ് അയ്യര്‍ എന്ന സിനിമ. മീനാക്ഷി അയ്യരും മകള്‍ സന്താനവും തന്റെ ഭര്‍ത്താവിന്റെ അടുത്തേക്കാണ് പോകുന്നത്. രാജാ ചൗധരിയും സിക്ക്, മുസ്ലീം ദമ്പതികളും മറ്റും അടങ്ങുന്ന സഹയാത്രികരിലൂടെ ഇന്ത്യയുടെ നാനാത്വത്തില്‍ ഏകത്വത്തെ സ്പര്‍ശിക്കാനാണ് അപര്‍ണാ സെന്‍ പരിശ്രമിക്കുന്നത്.

തെക്കേ ഇന്ത്യയില്‍ നിന്നും വടക്കേ ഇന്ത്യയിലേക്കുള്ള നീണ്ട ഒരു ബസ് യാത്രയാണ് സിനിമ. യാത്രയിലുടനീളം ഉണ്ടാകുന്ന സംഭവ വികാസങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ രാഷ്ട്രീയ-സാമൂഹ്യ അവസ്ഥയുടെ പരിച്ഛേദമാണ്. യാത്രാ മദ്ധ്യേ കലാപബാധിത പ്രദോശത്തെത്തുന്നതോടെ ബസ് യാത്ര മുടങ്ങുന്നു. യാത്രാസംഘത്തില്‍ നിന്ന് മീനാക്ഷി അയ്യരും മകള്‍ സന്താനവും രാജാ ചൗധരിയും ഒറ്റപ്പെട്ടുപോകുന്നു. പിന്നെ അവര്‍ ചേര്‍ന്ന് രക്ഷപെടാനുള്ള യാത്രയിലേര്‍പ്പെടുകയാണ്. തന്നെ ഏല്‍പിച്ച സ്ത്രീയെയും കുഞ്ഞിനേയും സുരക്ഷിതമായി തിരികെയേല്‍പ്പിക്കാനുള്ള വ്യഗ്രതയിലാണ് രാജാ ചൗധരിയുള്ളത്. എന്നാല്‍, ഒറ്റപെടുമ്പോള്‍ മനപൂര്‍വ്വം ചതിക്കാന്‍ ഒരുക്കിയ കെണിയില്‍ താന്‍ പെട്ടുപോയതാണോ എന്ന് മീനാക്ഷി ഭയപ്പെടുന്നു. ഇത്തരത്തിലുള്ള ഭയം ഒരു സാധാരണ ഇന്ത്യന്‍ സ്ത്രീയില്‍ കടന്നുകൂടുന്നത് സ്വാഭാവികമാണ്. പക്ഷെ, അവരിലേക്ക് വിശ്വാസത്തിന്റെ, സ്‌നേഹത്തിന്റെ നീരുറവ കിനിയാന്‍ അധികം സമയം വേണ്ടിവരുന്നില്ല. മാന്യമായ ബന്ധം കാത്തു സൂക്ഷിക്കാന്‍ ചൗധരി ശ്രമിക്കുമ്പോഴും സൗഹൃദം മറക്കാനാവാത്ത നിമിഷങ്ങളിലൂടെ ഒരനുഭവമായി മാറുന്ന തരത്തില്‍ അവര്‍ ഒന്നിക്കുന്നുമുണ്ട്.
മീനാക്ഷിയുടെ ഭയം ഇന്ത്യന്‍ മനസുകളില്‍ തങ്ങികിടക്കുന്ന മതവും ജാതിയും നുരക്കുന്ന ജീര്‍ണതയുടെ ഭാഗമായുള്ളതാണ്. കലാപത്തിന്റെയുള്ളില്‍ അകപ്പെടുന്നതുവരെ സവര്‍ണ ജാതിബോധത്തിന്റെ ഹുങ്ക് മീനാക്ഷിയില്‍ ഉണ്ടായിരുന്നു. പക്ഷെ, കലാപം മത-ജാതി ബോധങ്ങളെ ഇല്ലാതാക്കുന്നു. ഇരകള്‍ വെറും മനുഷ്യര്‍ മാത്രമാണ് എന്ന് വരച്ചുകാണിക്കാന്‍ സംവിധായകയ്ക്ക് കഴിയുന്നുണ്ട്. ജാതീയതയും തൊട്ടുകൂടായ്മയും ഈ സിനിമയില്‍ വിഷയമാവുന്നുണ്ട്. സവര്‍ണതയുടെ ബിംബമായ മീനാക്ഷി രാജ ചൗധരി മുസ്ലീം ആണെന്ന് പറയുമ്പോള്‍ ഞെട്ടുന്നത് അതുകൊണ്ടാണ്. ഈ സിനിമയുടെ ഏറ്റവും വലിയ സന്ദേശം മതവും ജാതിയും വരച്ചിടുന്ന മതിലുകള്‍ സ്‌നേഹത്തിനും പ്രണയത്തിനും മുന്നില്‍ അപ്രസക്തമാവുന്നു എന്ന മാനവീകതയാണ്. അത് നന്നായി ബോധ്യപ്പെടുത്തുന്നതിന് അപര്‍ണാസെന്നിന് സാധിക്കുന്നു.
 
സ്ത്രീ പുരുഷ ബന്ധത്തിന്റെ യാത്രകള്‍ കാമനയിലേക്ക് സഞ്ചരിക്കുമ്പോള്‍ സിനിമയെ വഴി തിരിച്ചു വിടാന്‍ അപര്‍ണാ സെന്‍ ശ്രമിക്കുന്നുണ്ട്. ഇന്ത്യന്‍ സിനിമകളില്‍ ഈ തിരിച്ചു വിടലുകള്‍ സുലഭമായതുകൊണ്ട് അതില്‍ നിന്നും വ്യത്യസ്തമാകാന്‍ സെന്നിനു സാധിക്കണമായിരുന്നു. പക്ഷെ, അതിന് കഴിയുന്നില്ല. ദൃശ്യ ഭംഗിയിലൂടെ സിനിമ നമ്മെ പ്രത്യേക തലത്തിലേക്ക് കൊണ്ട് പോകുന്നുണ്ട്. സക്കീര്‍ ഹുസൈന്റെ അത്ഭുത വിരലുകള്‍ തീര്‍ത്ത പശ്ചാത്തല സംഗീതം വല്ലാത്തൊരു അവസ്ഥ സൃഷ്ടിക്കുന്നു. കൃത്യതയുള്ള പശ്ചാത്തല സംഗീതത്താല്‍ ഈ സിനിമ സമ്പന്നമാണ്. കലാപം ഘോരമായ ശബ്ദത്താല്‍ നമ്മെ ഞെട്ടിപ്പിക്കുകയല്ല അതിന്റെ തീവ്രത അനുഭവിപ്പിക്കുകയാണ് ചെയ്യുന്നത്. ദൃശ്യവും അതുപോലെ തന്നെ വളരെ പക്വമാണ.് കത്തിയ ഒരു ടയര്‍ റോഡിലേക്ക് ഉരുണ്ടുവരുന്നതിലൂടെ, കരയുന്ന ഒരു കുഞ്ഞിലൂടെ ഒരു വലിയ കലാപത്തിന്റെ മുഴുവന്‍ ഭീകരതയും നമ്മെ അനുഭവിപ്പിക്കുന്നു. നമ്മുടെ സിനിമകള്‍ക്ക് ഇങ്ങനെ പക്വമായ സീനുകള്‍ അന്യമായി കൊണ്ടിരിക്കുകയാണ്. പകരം കോടികള്‍ മുടക്കി വലിയൊരു കലാപം തന്നെ പുന:സൃഷ്ടിക്കും. ഇന്ത്യന്‍ സിനിമയില്‍ അന്യമായി കൊണ്ടിരിക്കുന്ന പല ഗുണങ്ങളും അടങ്ങിയ ഒരു നല്ല ചിത്രമായി ഈ സിനിമയെ പരിഗണിക്കാം. തമിഴ് ബ്രാഹ്മണ്‍ യുവതി മീനാക്ഷി അയ്യരായി കൊങ്കണ സെന്നും ഫോട്ടോഗ്രാഫര്‍ ആയി എത്തിയ രാഹുല്‍ ബോസും നന്നായി അഭിനയിച്ചു. ഇതിന്റെ ചായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് പ്രഗല്ഭനായ ഗൗതം ഘോഷാണ്. 2002 ലാണ് ഈ ചിത്രം റിലീസ് ചെയ്തത്. ഇതിനകം നിരവധി ചലച്ചിത്രോത്സവങ്ങളില്‍ ഈ ചിത്രം പ്രദര്‍ശിപ്പിച്ചു നല്ല ചിത്രത്തിനുള്ള നര്‍ഗ്ഗീസ് ദത്ത് അവാര്‍ഡ് അടക്കം നിരവധി പുരസ്‌കാരങ്ങളും നേടി.