Sunday, 6 March 2016

ഇന്ന് താഴമ്പൂ മണമുള്ള കാറ്റെവിടെ?


പൂകൈത പൂക്കുന്ന യാമങ്ങളിൽ ......, കൈതപ്പൂ വിശറിയുമായ ് കാറ്റേ കൂടെവരൂ.... ഈ കൈതപൂവിൻ സുഗന്ധം ഇന്ന് നമുക്കന്യമായിമായികൊണ്ടിരിക്കുകയാണ് അതുകൊണ്ട് തന്നെ നാടൻ പാട്ടുകളിൽ പറഞ്ഞ "കൈതോല പായവിരിച്ച് പായേലിത്തിരി നെല്ല് പരത്തി...." ഇതൊക്കെ ഓർമയാകുകയാണ് കൈതപ്പൂവ് വെച്ച് അടക്കി വെച്ച വസ്ത്രങ്ങൾ ഇന്ന് ഓര്‍മയാണ്,  നമുക്കൊന്നും എന്താണെന്ന് പോലുമറിയാത്ത ഏതോ രാസ വസ്തുക്കള്‍ ചേര്‍ത്ത് ഉണ്ടാക്കുന്ന കൃത്രിമ സുഗന്ധ ലായനികള്‍ വിവിധ നിറങ്ങളില്‍ കലക്കിയ  പുതിയ സ്പ്രേ ഇടം നേടിയിരിക്കുന്നു. ഈ ഓർമകളിലേക്ക് ഇറങ്ങാൻ ഇവിടെ നമുക്കാവുമോ 
കൈതോല പറിക്കാൻ പോയ ഓർമകളും, കൈതോലപ്പായ നെയ്ത കാലവും കൈതപ്പൂവിന്റെ സുഗന്ധവും നിങ്ങളുടെ ഓർമകളെ  ഉണര്ത്തുന്നുണ്ടോ? നാഗത്താന്‍ പതിയിരിപ്പുണ്ടെന്നു പേടിച്ചു എത്തിനോക്കുന്ന  കൈതകള്‍ അന്യമായി കൊണ്ടിരിക്കുന്നു കൈതയുടെ വംശനാശം ഉണ്ടാക്കുന്ന പാരിസ്ഥിതിക  നഷ്ടം ഏറെയാണ്‌  കൈതക്കാടുകള്‍ മണ്ണൊലിപ്പ് തടയാനും ശുദ്ധ ജലത്തെ  സംരക്ഷിക്കാനും കഴിവുള്ള ഒരു ചെടിയാണ്, കൂടാതെ കായല്‍ പ്രദേശങ്ങളില്‍ മത്സ്യ പ്രജനനത്തിനും സഹായകമാകുന്നു പാരമ്പര്യ തൊഴില്‍ മേഖലയില്‍  ഒരു കാലത്ത് ഏറ്റവും ഉപകാരപ്രദമായ ഒന്നായിരുന്നു കൈതോലകള്‍. പ്ലാസ്റ്റിക് പായകള്‍ വരുന്നതിനു മുമ്പ് കൈതോല പായകള്‍ ഉപയോഗിക്കാത്ത ഒരു വീടും കേരളത്തില്‍ ഉണ്ടായിരുന്നില്ല. ഇന്ന്‍ ഗൃഹാതുരത്വത്തിന്റെ ഒരടയാളമായി പായകള്‍ നമ്മള്‍ ഒരലങ്കാര വസ്തുവായി വീടുകളില്‍ സൂക്ഷിക്കുന്നു. ഒരുകാലത്ത് അദ്ധ്വാനത്തിന്റെ  വിയര്‍പ്പു പതിഞ്ഞ ജീവിത പായകള്‍ പില്‍കാലത്ത് നമുക്കന്യമായി. സ്ത്രീകൾ പണ്ട് കാലത്ത് മുടിയിൽ ചൂടിയിരുന്നു. വസ്ത്രങ്ങൾ സൂക്ഷിക്കുന്ന പെട്ടികളിൽ സുഗന്ധവസ്തുവായി ഇതുപയോഗിച്ചിരുന്നു. പെട്ടികളിൽ ഇതിന്റെ ഗന്ധം ദീർഘകാലം നിലനിൽക്കും. പൂക്കൾ ഹൃദയഹാരിയായ അതിസുഗന്ധമുള്ളവയാണ്‌. 12 വർഷത്തിലൊരിക്കലേ കൈതപൂക്കാറുള്ളു. കൈതപ്പൂവിനെപ്പറ്റി പുരാണങ്ങളിൽ പരാമർശമുണ്ട്. നല്ല വെള്ളമുള്ള സ്ഥലങ്ങളിലും അപൂർവ്വം ചില മലകളിലും വളരുന്ന സുഗന്ധമുള്ള പൂക്കളുണ്ടാവുന്നതും മുള്ളുകളോടുകൂടിയ ഇലകളുമുള്ള സസ്യമാണ്‌ കൈത. ശാസ്തീയനാമം Pandanus Canaranusപൂക്കൈത എന്നുംതഴ എന്നും വിളിക്കുന്നു. കൈതപ്പൂവിന്റെ മണം നമ്മുടെ സാഹിത്യത്തിലും സിനിമകളിലും സുഗന്ധം പടര്‍ത്തിയ  ഒരു കാലം ഉണ്ടായിരുന്നു "കൈതപ്പൂ വിശറിയുമായി കാറ്റേ  കൂടെവരൂ..." അന്ന് കവിമനസുകളില്‍ കൈതപൂവിന്‍ കാറ്റ്  നിറഞ്ഞു നിന്നിരുന്നു. സാഹിത്യത്തിലും സിനിമകളിലും നാടന്‍ വാക്കുകളും ചെടികളും പൂക്കളും ഇല്ലാത്ത വരണ്ട ഒരു കാലമാണിന്ന്. അതുകൊണ്ട് തന്നെ കൈതകള്‍ നമുക്കന്യമാകുന്നത് പോലെ കൈതക്കാറ്റും നമ്മുടെ കവിതകളില്‍ നിന്നും മാഞ്ഞു പോയിരിക്കുന്നു. "താഴമ്പൂ മണമുള്ള തണുപ്പുള്ള രാത്രിയില്‍ തനിച്ചിരിന്നുറങ്ങുന്ന ചെരുപ്പക്കാരീ..." എഴുപതുകളിലാണ് ഇങ്ങനെ കൈതപ്പൂ സുഗന്ധത്തില്‍ ചെറുപ്പക്കാരികള്‍ തനിച്ചിരുന്നത്, ഇന്ന് താഴമ്പൂ എന്ന വാക്ക് തന്നെ നമുക്കില്ലാതായി ഒപ്പം കൈതപ്പൂവും. 


വയലുകളും കായലുകളും ധാരാളം വെള്ളവുമുള്ള സ്ഥലങ്ങളിലുമാണ് സാധാരണ  കൈതകള്‍ ധാരാളം കണ്ടുവരുന്നത്. ദക്ഷിണേന്ത്യയിൽ കേരളത്തിലും കർണ്ണാടകത്തിലും ഇവ പല ഇടങ്ങളിലായി ഇപ്പോഴും ഉണ്ട്. കായലുകള്‍ തന്നെ ഇല്ലാതാകുന്ന കാലത്ത് ഈ ഇരുതലയും മുള്ളുള്ള ചെടിയെ ആരോര്‍ക്കാന്‍. വംശനാശ ഭീഷണി പട്ടികയില്‍ ഇടം നേടിയ ഈ ചെടി നാളെ നമ്മുടെ ഗ്രുഹാതുരത്വത്തിന്റെ ചിഹ്നമായി ചുമരില്‍ ചിത്രമായും മാറും. പഴയകാല ഗാനങ്ങള്‍ മൂളുമ്പോള്‍ മാത്രം പറക്കുന്ന ഒരു സുഗന്ധമായി കൈതപ്പൂവിന്‍ മണം ഓര്‍മകളില്‍  പരക്കും.  

--------------------------------------------------------------------------------------------------
ഗള്‍ഫ് സിറാജ് ദിനപത്രം ഞായറാഴ്ചയില്‍  പച്ചമരം എന്ന കോളത്തില്‍ വന്നത് 

No comments:

Post a Comment