Monday, 7 March 2016

ഇതിഹാസത്തിലെ അപൂർവ ജന്മത്തിലൂടെ.


ഇത് ഞാന്‍ എന്‍റെ പ്രിയപ്പെട്ട കക്കട്ടില്‍മാഷിന്‍റെ നിറഞ്ഞ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ സമര്‍പ്പിക്കുന്നു.

(അക്ബര്‍ കക്കട്ടിലിന്റെ സ്ത്രൈണം എന്ന നോവലിന്റെ വായനാനുഭവം)

തിഹാസങ്ങളും ഐതിഹ്യങ്ങളും അതിലെ കഥാപാത്രങ്ങളും മിത്തുകളും മലയാള സാഹിത്യത്തില്‍ നിരവധി തവണ വിഷയമായിട്ടുണ്ട്. എംടിയുടെ രണ്ടാമൂഴവും, പി കെ ബാലകൃഷ്ണന്റെ 'ഇനി ഞാന്‍ ഉറങ്ങട്ടെ', എന്‍ മോഹനന്റെ 'ഇന്നലത്തെ മഴ' തുടങ്ങി നിരവധി കൃതികള്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്, ഇത്തരത്തില്‍ മഹാഭാരതത്തിലെ ഒരു ഉപാഖ്യാനത്തെ ആസ്പദമാക്കി അക്ബര്‍ കക്കട്ടില്‍ രചിച്ച ഒരു മികച്ച നോവലാണ്‌ സ്ത്രൈണം. മഹാഭാരതത്തിലെ ഭംഗാസ്വനോപ്യാഖ്യാനത്തെ അടിസ്ഥാനമാക്കി ആണ്‍-പെണ് സമത്വവും, അതിന്റെ നീതിയും, ഇതിഹാസങ്ങളിലെ ലിംഗനീതിയെയും അന്വേഷിക്കുകയാണ് ഈ നോവല്‍. ഭാഷയിലും ആഖ്യാനത്തിലും കക്കട്ടില്‍ മാഷ്‌ കാണിച്ചിട്ടുള്ള സൂക്ഷ്മത ശ്രദ്ധേയമാണ്, ആരും ശ്രദ്ധിക്കാതെ വിട്ട ഒരു ഉപാഖ്യാനത്തിന്റെ സമകാലിക പ്രസക്തിയും ആണ്‍ പെണ് സമത്വവും നോവലിലൂടെ ഭംഗിയായി അവതരിപ്പിക്കുന്നു. ഈ വിഷയം തെരഞ്ഞെടുത്തത്തിന്റെ പ്രത്യേകതയെ പറ്റി അവതാരികയില്‍ പ്രശസ്ത കവി ഒ എന്‍ വി ഇങ്ങനെ പറയുന്നു.
"മഹാഭാരതക്ഷീരപഥത്തില്‍ ആരും ശ്രദ്ധിച്ചുപോരുന്ന കഥാപാത്രങ്ങളുണ്ടെങ്കില്‍ ഏതോ വളവുകളിലും തിരിവുകളിലും ഒട്ടൊന്നു മറഞ്ഞു നില്‍ക്കുന്ന കഥാപാത്രങ്ങളുണ്ട്. അവരുടെ ആന്തരഗൌരവം നാം വേണ്ടത്ര മനസ്സിലാക്കാതെയുമുണ്ട്. ഏറ്റവും ശ്രദ്ധേയരായ കഥാപാത്രങ്ങളുടെ നിരയില്‍ ഭീഷ്മരും, കൃഷ്ണനും, ധൃതരാഷ്ട്രരും, കര്‍ണ്ണനുമൊക്കെയുണ്ട്. ...... കുന്തിയും, ഗാന്ധാരി, പാഞ്ചാലിയുമുണ്ട്. അവരൊക്കെ പില്‍കാലസാഹിത്യത്തിന്‍റെ ശില്പശാലകളില്‍ എത്രയെത്ര വ്യത്യസ്ത മൂശകളിലാണ് വാർ ത്തെടുക്കപ്പെട്ടിട്ടുള്ളത്! മറ്റൊരു നിരയില്‍ ഭീമനെയും യായാതിയേയും, ദേവയാനിയുമെല്ലാം ആധുനിക ഭാരതീയ നോവലില്‍ നാം കാണുന്നില്ലേ? എന്നാല്‍, അതിവിശാലമായ ആ പ്രപഞ്ചത്തില്‍ പെട്ടെന്നാരും ശ്രദ്ധിക്കാതെ ഏതോ കോണില്‍ സൂക്ഷ്മദൃക്കുകൾക്കു മാത്രം കാണാവുന്ന വിധം മിന്നത്തെ മിന്നി നില്‍ക്കുന്ന ചില നക്ഷത്രങ്ങളുണ്ട്. അതിലൊന്നാണ് ഭംഗാസ്വനന്‍". ഈ ഇതിഹാസങ്ങളുടെ മേന്മയാലാകാം അതുമായി ബന്ധപെട്ട് കിടക്കുന്ന എന്തും നമ്മെ സര്‍ഗവിസ്മയത്തില്‍ എത്തിക്കുന്നു, സര്‍ഗധനരായവരുടെ കൈകളില്‍ ഇതെല്ലാം സുരക്ഷിതവുമാണ്, ഓരോന്നും അവരവരുടെ ശൈലീ വിന്യാസത്തിലൂടെ പ്രത്യേക താളം സൃഷ്ടിച്ചെടുക്കുന്നു, ഇവിടെ കക്കട്ടില്‍ മാഷും അത്തരത്തില്‍ ഒരു പ്രത്യേക തലത്തിലേക്ക് ഈ നോവലിനെ കൊണ്ടുപോകുന്നുണ്ട്, സന്താനഭാഗ്യം ഇല്ലാത്ത ഭംഗാസ്വന രാജാവിന്‍റെ വംശം നിലനിര്‍ത്താനായി നടത്തുന്ന മഹാ യാഗത്തിലൂടെയാണ് നോവല്‍ ആരംഭിക്കുന്നത്. ഒരു രാജ്യം മുഴുവന്‍ യാഗയജ്ഞശാലയിലേക്ക് ആവേശത്തോടെ ഒഴുകിയെത്തുകയാണ് തങ്ങളുടെ മഹാരാജാവായ ഭംഗാസ്വനനും മഹാറാണി രത്നാവലിക്കും ഈ യാഗയജ്ഞത്തിലൂടെ സന്താനഭാഗ്യം ഉണ്ടാകുകയും അങ്ങനെ രാജ്യത്തിനു ഒരു പിന്ഗാമി ഉണ്ടാകുമെന്നും വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ ഈ യാഗയജ്ഞത്തിന്റെ ദിനങ്ങൾ പ്രജകൾക്ക് പ്രതീക്ഷയുടെ ഒരുത്സവമാണ്‌. പ്രജാക്ഷേമതല്പരനായ രാജാവും റാണിയും പ്രജകളെ സന്തോഷത്തോടെ വരവേറ്റു. എന്നാൽ ദേവലോകത്ത് മറ്റൊരു സംഭവം നടക്കുന്നുണ്ടായിരുന്നു. തന്നെ ഈ യാഗത്തിന് പരിഗണിക്കാത്തത്തിൽ കോപാകുലനായ ഇന്ദ്രദേവൻ നാരദമഹര്ഷിയുടെ ഉപദേശം തേടുന്നു. നാരദന്‍ ഇങ്ങനെ പറയുന്നു.
"പുത്രാസന്താനങ്ങളെ ആഗ്രഹിക്കുന്നവര്‍ പൂര്‍വ്വാര്‍ജ്ജിതപാപങ്ങള്‍ക്ക് പ്രായശ്ചിത്തമായി ചെയ്യുന്ന ഇത്തരം യാഗങ്ങളുടെ തുടര്‍ച്ച ഭാവിയില്‍ ദേവേന്ദ്രപദവിക്ക് തന്നെ ഭീഷണിയായിക്കൂടെന്നില്ലല്ലോ" അതോടെ ഇന്ദ്രകോപം വര്‍ദ്ധിക്കുന്നു. ദേവലോകം വിറക്കാനും ഭംഗാസ്വനനോടുള്ള പ്രതികാരം ഇന്ദ്രമനസ്സില്‍ ആളികത്താനും തുടങ്ങി. ഒരവസരം വരാതിരിക്കില്ല എന്ന ഉറപ്പോടെ ദേവേന്ദ്രന്‍ കാത്തിരുന്നു.
ഭംഗാസ്വനന്‍ സർവ്വസൈന്യ സമേതം നായാട്ടിനിറങ്ങിയപ്പോള്‍ ദേവേന്ദ്രന്‍ കാത്തിരുന്ന സമയം എത്തിച്ചേരുകയായിരുന്നു. ഇക്കാര്യം മാതലി ഇന്ദ്രനോട് ഉണര്ത്തിക്കുമ്പോള്‍ ഇതൊരു മംഗള മുഹൂര്‍ത്തം എന്നാണ് ഇന്ദ്രന്‍ പറയുന്നത്. അതില്‍ നിന്നുതന്നെ ഭംഗാസ്വനനോടുള്ള കോപത്തിന്റെ ആഴം നമുക്ക് തിരിച്ചറിയാനാകും. ഈ ഭാഗങ്ങള്‍ വളരെ ഭംഗിയായി നോവലില്‍ അവതരിപ്പികുന്നു.
ഇന്ദ്രകോപത്താൽ നായാട്ടിനു പോയ ബംഗാസ്വനരാജാവ് വഴിതെറ്റി കൊടുംകാട്ടിൽ ഒറ്റപ്പെടുന്നു തളര്ന്നു അവശനായ രാജാവ് കുളിക്കാൻ ഒരു പൊയ്ക കണ്ടപ്പോൾ ഇറങ്ങുന്നു തുടർന്ന് ശരീര അവയവങ്ങൾക്ക് പൗരുഷത്തിന്റെ ശക്തി കുറയുകയും കൂടുതൽ കൂടുതൽ മൃദുവാകുകയും തന്നിലേക്ക് എങ്ങനെയോ സ്ത്രൈണ ഭാവം ഇഴകി ചേരുകയും തുടർന്ന് പൂർണ്ണയായ ഒരു സുന്ദരിയാകുന്നു. പാതി ജന്മം പുരുഷനായും പാതി സ്ത്രീയായും ജീവിക്കുവാനുള്ള അപൂർവതയാണ് ബംഗാസ്വനൻ രാജാവിന് ഇന്ദ്രകോപത്താൽ ഉണ്ടാകുന്നത്, ഏറെ പ്രാർത്ഥനകലക്കും യാഗങ്ങൾക്കും ശേഷം ലഭിച്ച നൂറു മക്കൾ എന്ന സൌഭാഗ്യങ്ങളെയും രത്നാവലി എന്ന തന്റെ ഹൃദയത്തിന്റെ ഒരു ഭാഗവുമായ പ്രിയതമയെയും പ്രിയ പ്രജകളെയും എങ്ങനെ അഭിമുഖീകരിക്കും എന്ന ഭയത്താൽ ബംഗാസ്വനൻ പത്നിയെയും നൂറു മക്കളെയും തന്റെ പ്രിയ പ്രജകളെയും കാണാൻ ഇന്ദ്രന്റെ അപ്രീതിക്കു പാത്രമായ ഭംഗാസ്വനൻ പുറപ്പെടുന്നു. പൌരുഷം നഷ്ടപ്പെടുകളും ഒരു തികഞ്ഞ അംഗലാവണ്യമുള്ള സ്ത്രീയായി രൂപാന്തരപെട്ട ആ വ്രണിത ഹൃദയം പുരുഷ ജീവിതത്തിന്റെ എല്ലാ സ്മൃതികളോടെയും ജീവിക്കേണ്ടി വരുന്നഅവസ്ഥ. തന്റെ ഭർത്താവിന്റെ അവസ്ഥയിൽ മനംനൊന്ത രത്നാവലി തന്റെ ദൃഷ്ടികൾ അനന്തതയിലൂന്നി നിരാലംബമായ കൈകൾ മോലോട്ടുയർത്തി ഗദ്ഗ്ദകൺഠയായി പറഞ്ഞു " ഏതൊരാളാണോ എന്നിൽ ബീജങ്ങൾ വിതക്കേണ്ടത്, എതോരാളിലാണോ എന്റെ വികാരങ്ങള അർപ്പിക്കേണ്ടത്, ഏതൊരാളാണോ എന്നിൽ കാമത്തോടെ പടർന്നുകയറേണ്ടത്, അയാളിതാ കാട്ടിലേക്ക് പോയിരിക്കുന്നു. എന്റെ കാമിതങ്ങളുടെ താങ്ങായി നിന്ന പ്രാണപ്രിയൻ എനിക്ക് നഷ്ടമായിരിക്കുന്നു. ഇനി മറ്റൊരാൾ അയാളിൽ ബീജങ്ങൾ വിതയ്ക്കും. മാധുരാവേശത്തോടെ പുല്കും. പടർന്നു കയറും! ഹേ ഭഗവാൻ, ലോകത്തൊരു സ്ത്രീക്കും എന്റെ ഈ അവസ്ഥ വരാതിരിക്കട്ടെ. അഗ്നികണക്കെ എന്റെ ദുഃഖം എന്നെ ദാഹിപ്പിക്കുന്നുവല്ലോ..." രത്നാവലിയുടെ ഈ വാക്കുകളിലൂടെ ബംഗാസ്വനന്റെ അവസ്ഥയും സ്ത്രീഎന്ന നിലയിൽ അവരുടെ അവസ്ഥയും വ്യക്തമാണ്.

പിൽകാലം സർവ്വമംഗലയായി ജീവിക്കാൻ വിധിക്കപ്പെട്ട ഭംഗാസ്വനൻ മനുജാതൻ എന്ന മുനികുമാരന്റെ പത്നിയായി നൂറു മക്കൾക്ക്‌ ജന്മം നല്കുന്നു. പിന്നീട് ഏതെങ്കിലും ഒരു ജന്മവും അതിലുള്ള നൂറുമക്കളെയും സ്വീകരിക്കാം എന്ന അവസ്ഥ സംജാതമായപ്പോൾ സർവ്വമംഗല എന്ന സ്ത്രീയായി തുടർന്നാൽ മതിയെന്ന തീരുമാനം ഇന്ദ്രനെ ഞെട്ടിക്കുന്നുണ്ട്. ഇന്ദ്രൻ ചോദിക്കുന്നുണ്ട് പിന്നെ സ്ത്രീയായിരിക്കാൻ ആഗ്രഹിക്കുനതിന്റെ രഹസ്യമെന്ത്? പറയൂ, എന്താണതിന്റെ പൊരുൾ? ആ മുഖം ഒന്നുകൂടി തുടുത്തു, നാസികാഗ്രത്തിൽ സ്വേദകണങ്ങൾ ഉതിർന്നു. അധരം വിറച്ചു. കപോലങ്ങൾ ശോണിയാർന്നു. തിളങ്ങുന്ന കണ്ണുകളിൽ ഒന്നും പറയാതെ എല്ലാം പറയുന്ന പ്രതീതിയുണ്ടായി. നാണത്തിൽ പൊതിഞ്ഞ ഒരു പുഞ്ചിരി ചുണ്ടുകളിൽ വിലോലമായ ഒരു ചലനമുണ്ടാക്കി. ഒരു മാത്ര! ഒരു മാത്ര ആ ലജ്ജാവതിയുടെ മുഖത്ത് നിറയുന്നതെന്താണ്?.... പറയാൻ വയ്യാത്ത വാക്കുകള അവൾക്കുള്ളിൽ ഇടറി നിന്നു: ദേവാ, ഒരു പുരുഷനായ അങ്ങയോട് ഞാനതെങ്ങനെ പറയും?."
ഇതിഹാസങ്ങളിലെ ലിംഗനീതിയെ ഈ നോവൽ വളരെ നന്നായി കൈകാര്യം ചെയ്യുന്നുണ്ട്. ആഖ്യാനത്തിലും ഭാഷയിലും കക്കട്ടിൽ മാഷ്‌ കാണിച്ചിട്ടുള്ള വൈഭവം നോവലിനെ മികച്ചതാക്കുന്നു. ഒരു പുരുഷന്റെ കാഴ്ചപ്പാടിലൂടെയാണ് ഈ നോവലും മുന്നോട്ട് പോകുന്നത്. ക്ലാസിക് സാഹിത്യം പൊതുവെ പുരുഷാധിപത്യം ആണും ഇന്നും ഉണ്ടെന്ന സത്യം പലയിടത്തായി നിഴലിക്കുന്നുണ്ട്. പുരുഷനേക്കാൾ ജീവിത സാഫല്യം സ്ത്രീകള് നേടുന്നുണ്ട് എന്ന പുരുഷാധിപത്യ കാഴ്ചപ്പാടിന് ഇവിടെയും പിന്തുണ ലഭിക്കുന്നുണ്ട്. ഭാഷയുടെ നിലവിലെ കക്കട്ടിൽ ശൈലി ഈ നോവലിൽ നിന്നും പാടെ മാറ്റിമറിക്കുന്നുണ്ട്. "ഘർമ്മാതപംകൊണ്ട് ചുട്ടുപൊള്ളുന്ന ഗ്രീഷ്മമൂർദ്ധന്യത്തിൽ, ആകാശവും ഭൂമിയും പിളര്ക്കുന്ന ഇടിമിന്നലിന്റെയും കാടും മലകളും കുലുക്കി കണ്ടതെല്ലാം കടപുഴക്കുന്ന കൊടുങ്കാറ്റിന്റെയും അകമ്പടിയോടെ മതിയാവോളം പെയ്തുലച്ചു തോര്ന്ന ഒരു പുതുവര്ഷത്തിനു ശേഷം അവിടവിടെ തെളിയുന്ന നക്ഷത്രദീപങ്ങൾക്കു കീഴെ, നീട്ടിവീശുന്ന നനുത്ത കാറ്റിൽ തണുത്തുറങ്ങുന്ന താഴ്വരപ്പോലെ ശാന്തമായി സർവ്വമംഗല കിടന്നു.." ഈ ഭാഷാ നൈപുണ്ണ്യത്തെ ഒ എൻ വി ഇങ്ങനെ വിവക്ഷിക്കുന്നു
"അക്ബറുടെ മുന്കൃതികളിലൊന്നുമില്ലാത്ത ഈ ഭാഷാ രീതി, 'സ്ത്രൈണ'ത്തിന്റെ ഇതിഹാസോല്ഭിന്നമായ ഇതിവൃത്തത്തിനുചിതമായി രൂപംപൂണ്ടാതാണെന്ന് മനസ്സിലാക്കാൻ അധികമൊന്നും ആലോചിക്കേണ്ടതില്ല" അതാണ്‌ കക്കട്ടിൽ ഈ നോവലിൽ കാണിച്ചിട്ടുള്ള മാന്ത്രികതയും. അക്ബർ കക്കട്ടിൽ എന്ന സർഗപ്രതിഭയുടെ മലയാളത്തിലുള്ള അടയാളപ്പെടുത്തലാണ് സ്ത്രൈണം എന്ന നോവൽ.
**************

(വര്‍ത്തമാനം ദിനപത്രം ഞായറാഴ്ചയില്‍ വന്നത് 7/3/2016 )


(ഞങ്ങളുടെ സൗഹൃദം വളരെ വിലപെട്ടതായിരുനു ഇതോടൊപ്പം ഉള്ള ഫോട്ടോയിൽ സൌഹൃദത്തിന്റെ പൂമരം കാണാം അതിൽ രണ്ടു പൂക്കള പൊഴിഞ്ഞു കക്കട്ടിൽ മാഷും കവി അസമോ പുത്തൻചിറയും ഞാനും വിശ്വേട്ടനും ബാക്കി)

No comments:

Post a Comment