വായനാനുഭവം
(തകഴിയുടെ *വെള്ളപൊക്കത്തിൽ* എന്ന കഥയിലൂടെ)
എഴുതിയ കാലഘട്ടത്തെയും പിന്നീട് അതാത് സമകാലിക അവസ്ഥയോടും ചേർത്ത് വായിക്കാനാവുക എന്നത് നല്ല കഥകളുടെ ലക്ഷണമാണ്. ഭാവാവിഷ്കാരം കൊണ്ടും , ശില്‍പഘടനകൊണ്ടും തകഴിയുടെ വെള്ളപ്പൊക്കത്തിൽ എന്ന കഥയും എക്കാലത്തെയും മികച്ച കഥകളിൽ ഒന്നാണ്, അരനൂറ്റാണ്ട് മുമ്പ് എഴുതപെട്ട ഈ കഥ ഇന്നും നമുക്ക് എടുത്തുവായിക്കുമ്പോളും അങ്ങനെ തോന്നും. എക്കാലത്തെയും വരച്ചുകാട്ടാൻ ഈ കഥക്ക് ആകുന്നു. കുട്ടനാടൻ ജീവിതത്തിൽ നിന്നും പറിച്ചെടുത്ത കഥകളെ സൃഷ്ടിച്ച തകഴിയുടെ ഈ കഥയിൽ എഴുത്തുകാരന്റെ ദലിത് വീക്ഷണവും നമുക്ക് വായിച്ചെടുക്കാം. രണ്ടു പ്രളയങ്ങൾ അടുത്തടുത്ത് അനുഭവിച്ച നമുക്കിന്ന് ഈ കഥയിലൂടെ കടന്നു പോകുമ്പോൾ അതിനോട് കൂടുതൽ ചേർന്നുനിൽക്കാൻ ആകുന്നു. *"നാട്ടിലെ പൊക്കംകൂടിയ സ്ഥലം ക്ഷേത്രമാണ്. അവിടെ, ദേവന്‍ കഴുത്തറ്റം വെള്ളത്തില്‍ നില്ക്കുന്നു. വെള്ളം! സര്‍വ്വത്ര ജലം! നാട്ടുകാരെല്ലാം കര തേടിപ്പോയി. വീട്ടുകാവലിന് ഒരാള്‍, വീട്ടില്‍ വള്ളമുണ്ടെങ്കില്‍ ഉണ്ട്. ക്ഷേത്രത്തിലെ മൂന്നു മുറിയുള്ള മാളികപ്പുറത്ത് 67 കുട്ടികളുണ്ട്. 356 ആളുകള്‍ , പട്ടി, പൂച്ച ആട്, കോഴി മുതലായ വളര്‍ത്തു മൃഗങ്ങളും എല്ലാം ഐകമത്യമായി കഴിയുന്നു. ഒരു ശണ്ഠയുമില്ല"* ഇങ്ങനെയാണ് കഥ ആരംഭിക്കുന്നത് ആദ്യ പാരഗ്രാഫിൽ നിന്നുതന്നെ നമുക്ക് ആ ഗ്രാമത്തിന്റെ ചിത്രം നമുക്ക് കിട്ടുന്നു. വെള്ളം കയറി വരുംതോറും ചേന്നപ്പറയന്റെ കുടിലും മുങ്ങിയപ്പോൾ പോകാദി തരമില്ല എന്നായി അകലെ കണ്ട വള്ളത്തെ വിളിച്ചു കൂവി അതിലേക്ക് കിട്ടിയതൊക്കെ വലിച്ചുവരിയിട്ടു രക്ഷ തേടി പോകുമ്പോൾ തൻ്റെ എല്ലാമായ കൂട്ട് വളർത്തുനായ മാത്രം അവിടെ ഒറ്റപ്പെടുന്നു.
വെള്ളപ്പൊക്കത്തിൽ എന്ന കഥ ഈ പട്ടിയിലൂടെയാണ് പറയുന്നത്. *"ഭയങ്കരമായ മഴ തോര്‍ന്നിട്ടു മൂന്നു ദിവസമായി കൂരയുടെ ഓല പൊളിച്ചു ചേന്നന്‍ ഒരു കണക്കില്‍ പുറത്തിറങ്ങി നാലുചുറ്റിനും നോക്കി. വടക്ക് ഒരു കെട്ടുവള്ളം പോകുന്നു. അത്യുച്ചത്തില്‍ ചേന്നപ്പറയന്‍ വള്ളക്കാരെ കൂകിവിളിച്ചു. വള്ളക്കാര്‍ക്ക്, ഭാഗ്യംകൊണ്ടു കാര്യം മനസ്സിലായി. അവര്‍ വള്ളം കൊട്ടിലിനുനേര്‍ക്കു തിരിച്ചു. കിടാങ്ങളെയും, പെണ്ണാളിനെയും, പട്ടിയെയും, പൂച്ചയെയും പുരയുടെ വാരിക്കിടയില്‍ക്കൂടി ഓരോന്നായി ചേന്നന്‍ വലിച്ചു വെളിയിലിട്ടു. അപ്പോഴേക്കു വള്ളവും വന്നടുത്തു."* ചേന്നൻ വള്ളത്തിൽ കയറി പോയതോടെ രക്ഷതേടാൻ കരയില്ലാതെ അറ്റമില്ലാത്ത വെള്ളത്തെ നോക്കി നിൽക്കുന്ന പട്ടിയെ നമുക്ക് സങ്കടത്തോടെയല്ലാതെ കാണാൻ സാധിക്കില്ല.
*"പട്ടി മുകളെടുപ്പില്‍ തിരിച്ചുവന്നു. ചേന്നന്റെ വള്ളം അങ്ങകലെയായിക്കഴിഞ്ഞു; അതു പറന്നുപോകുന്നു. മരണവേദനയോടെ ആ ജന്തു മോങ്ങിത്തുടങ്ങി. നിസ്സഹായനായ ഒരു മനുഷ്യന്റെ ശബ്ദത്തോടു സാദൃശ്യമുള്ള ശബ്ദപരമ്പരകള്‍ പുറപ്പെടുവിച്ചു. ആരുണ്ടതു കേള്‍ക്കാന്‍! പുരയുടെ നാലു ചരുവുകളിലും അത് ഓടിനടന്നു; ചിലടമെല്ലാം മണപ്പിച്ചു; മോങ്ങി."*
ഈ ജീവനു വേണ്ടിയുള്ള മോങ്ങൽ ഇന്നും നമ്മെ ചുറ്റിപിടിക്കുന്നു. രണ്ടു വെള്ളപ്പൊക്കങ്ങളിലും മനുഷ്യരെ പോലെ ഒന്നും ചെയ്യാനാവാതെ പിടയുന്ന ഒട്ടനവധി മിണ്ടാപ്രാണികളെ കണ്ടു ശീലിച്ച നമ്മളിൽ മനുഷ്യ വേദനയോളം സ്പർശിക്കാതെ പോകുന്നു എങ്കിലും തകഴി കതപറയുന്നത് ഒരു മൃഗമായ പട്ടിയിലൂടെയാണ്. ഒരു ഗ്രാമത്തിന്റെ ജാതി വ്യവസ്ഥിതിയും, വിശപ്പും ജീവിതവും അതിലുപരി മനുഷ്യരല്ലാത്ത ഒരു ജീവിയുടെ തീവ്രമായ ജീവിതാനുഭവത്തെ വരച്ചുവെക്കുന്നു
*"മുകളെടുപ്പില്‍ കുത്തിയിരുന്ന് ആ ക്ഷുല്‍പീഡിതനായ മൃഗം, കാര്‍മേഘാവൃതമായ, അന്ധകാരഭീകരമായ, അന്തരീക്ഷത്തില്‍ നോക്കി മോങ്ങി. ആ നായയുടെ ദീനരോദനം അതിദൂരപ്രദേശങ്ങളിലെത്തി. അനുകമ്പാതുരനായ വായുഭഗവാന്‍ അതിനേയും വഹിച്ചുകൊണ്ടു പാഞ്ഞു. വീടുകാവലേറ്റിട്ടുള്ള ചില ഹൃദയാലുക്കള്‍, അയ്യോ, പുരപുറത്തിരുന്നു പട്ടി മോങ്ങുന്നു എന്നു പറഞ്ഞു കാണും. കടല്‍പ്പുറത്ത് അതിന്റെ യജമാനന്‍ ഇപ്പോള്‍ അത്താഴം ഉണ്ണുകയായിരിക്കും. പതിവനുസരിച്ച് ഊണുകഴിയുമ്പോള്‍ ഇന്നും ഒരുരുളച്ചോറ് അവന്‍ അതിന് ഉരുട്ടുമായിരിക്കും"* തൻ്റെ യജമാനൻ ഇനി തിരിച്ചുവരുമോ തന്നെ രക്ഷിക്കുമോ എന്ന ശബ്ദം ശക്തിയില്ലാത്ത മോങ്ങലായി അന്തരീക്ഷത്തിൽ പരന്നു. കഥ നമ്മെ വല്ലാതെ നോവിച്ചുകൊണ്ടാണ് നമ്മെ കൊണ്ടുപോകുക. പട്ടി അതിനകം നേരിട്ടുകൊണ്ടിരിക്കുന്ന അവസ്ഥകൾ അവതരിപ്പിക്കാൻ തകഴി ഭാഷയിൽ കാണിച്ചിട്ടുള്ള വിരുത് നമ്മെ അത്ഭുതപ്പെടുത്തും
*"അല്പസമയം കഴിഞ്ഞപ്പോള്‍ ആ കുടില്‍ നിലത്തുവീണു; വെള്ളത്തിലാണ്ടു. അനന്തമായ ആ ജലപ്പരപ്പില്‍ ഒന്നും ഉയര്‍ന്നുകാണ്മാനില്ല. യജമാനന്റെ ഗൃഹത്തെ മരണംവരെ ആ സ്വാമിഭക്തിയുള്ള മൃഗം കാത്തു. അവന്‍ പോയി. അവനുവേണ്ടിയെന്നോണം ആ കുടില്‍ അവനെ മുതല പിടിക്കുന്നതുവരെ ജലത്തിനുമീതെ ഉയര്‍ന്നുനിന്നു. അതു താണു, പൂര്‍ണ്ണമായി ജലത്തില്‍ താണു."* വെള്ളപ്പൊക്കത്തിൽ എന്ന കഥ വായിച്ചു തീരുമ്പോൾ ഉള്ളിൽ എന്നും മോങ്ങി മോങ്ങി ആ പട്ടി നമ്മെ പിന്തുടരും.
'സമുദായവും വർഗ്ഗവും വെള്ളപ്പൊക്കത്തിൽ എന്ന കഥയിലെ മൃഗവൽക്കരണം' എന്ന കെ.കെകൊച്ചിന്റെ പഠനം കഥയിലെ ജാതിവ്യവസ്ഥയെ കൃത്യമായി ചൂണ്ടികാണിക്കുന്നു. ‘മനുഷ്യനേക്കാള്‍ മനുഷ്യത്വം’ എന്നാണ് കഥയിലെ പട്ടിയെ പറ്റി ഡോ. അയ്യപ്പപ്പണിക്കര്‍ പറഞ്ഞത്, “സമൂഹത്തിലെ ഭ്രഷ്ടരായവരുടെ പ്രതീകമാണ് വെള്ളപ്പൊക്കത്തിലെ പട്ടി” എന്ന് ഡോ. സുകുമാര്‍ അഴീക്കോടും പറയുന്നു. മുങ്ങിക്കൊണ്ടിരുക്കുന്ന ഒരു നാടിൻറെ വേദന പേറുന്ന തകഴിയുടെ ഈ കഥ എന്നും മാഞ്ഞു പോകാതെ മലയാളത്തിൽ നിറഞ്ഞു നിൽക്കും.
No comments:
Post a Comment