Monday 9 September 2019

ജീവിതത്തിന്റെ പുതിയ തുറകൾ

(എ. എം മുഹമ്മദിന്റെ *രാമനലിയാർ* എന്ന കഥാസമാഹാരത്തിലൂടെ)

എ എം മുഹമ്മദിന്റെ *രാമനലിയാർ* എന്ന സമാഹാരത്തിലെ ഓരോ കഥയും ജീവിതത്തിന്റെ പുതിയ തുറയെ എഴുതിവെയ്ക്കുന്നു. പുസ്തകത്തിന്റെ ശീർഷകം തന്നെയാണ് ആദ്യ കഥ. *ക്യാമറക്കണ്ണ്, ശ്രീനഗർ മുസാഫറാബാദ് ബസ്സ്, പഴങ്കഥയിലെ മണ്ണ്, പരേതാത്മക്കളുടെ കസേര, വാണീവിലാസം, കൃസ്തുദാസന്റെ കാർട്ടൂണുകൾ, ബലിപ്പെരുന്നാൾ, വിളക്കുകൊളുത്താതെ ഇരുട്ടിനെ പഴിച്ച്, ആഢംബരക്കാറ്, കുഞ്ഞൂട്ടൻ* അത്ര വലുതല്ലാത്ത 11 കഥകൾ അടങ്ങിയ ചെറിയൊരു പുസ്തകം ആണ് രാമനലിയാർ. *നാമെന്തിനാണ് കഥകൾ വായിക്കുന്നത്. ജീവിക്കുന്ന ജീവിതത്തെ പറ്റി കൂടുതലറിയാൻ എന്ന ഉത്തരം അത്ര പ്രസിദ്ധമല്ലെങ്കിലും നന്നേ പ്രസക്തമാണ്. എ.എം. മുദാമ്മദിന്റെ കഥകളും ഉത്തരവാദിത്വത്തോടെ ജീവിതത്തിന്റെ പുതിയ തുറകൾ എഴുതിവെയ്ക്കുന്നു-ഇവകൂടിയടങ്ങുന്നതാണ് നമ്മുടെ കാലത്തെ വാഴ്‌വ്‌ എന്ന് നാം പെട്ടെന്നറിയുന്നു.*  കഥ ജീവിതം തുറക്കുമ്പോൾ എന്ന തലക്കെട്ടിൽ ഇ.പി. രാജഗോപാൽ എഴുതിയ അവതാരികയിൽ പറയുന്നത് ഈ കഥകൾ വായിച്ചു തീരുമ്പോൾ നമുക്ക് ബോധ്യപ്പെടും. അരങ്ങിൽ ശ്രീരാമനായി വേഷം കെട്ടി ജീവിച്ച അലിയാരുടെ കഥയാണ് രാമനലിയാർ. ഏകാന്തതയുടെ നീർച്ചുഴികളിൽ പെട്ട അലിയാരിലെ വാർദ്ധക്യ കാല സങ്കടങ്ങളിൽ നിന്നും കഴിഞ്ഞു പോയ മതസൗഹാർദ്ദപരമായ ഒരന്തരീക്ഷത്തെ ഓർക്കുമ്പോൾ പുതിയ കാലത്തിന്റെ സാമൂഹികാന്തരീക്ഷത്തെ ചേർത്തു വായിക്കുമ്പോൾ ആണ് പ്രസക്തിയേറുന്നത്. ശ്രീരാമവേഷം ഹരിഹരന് കൈമാറുന്ന ഭാഗമാണ് കഥയിലെ ഏറ്റവും പ്രസക്തവും ഭംഗിയുള്ളതും. *"മറ്റു നടന്മാർ ചേർന്ന് ഹരിഹരനെ സ്റ്റേജിലേക്കാനായിച്ചു. സദസ്സിനു മുന്നിലെത്തിയതും അയാൾ അലിയാരുടെ പാദംതൊട്ടു ശിരസ്സിൽ വച്ചു. ആടയാഭരണങ്ങളിൽ ശ്രീരാമനായി തിളങ്ങുന്ന തന്റെ പിൻഗാമിയെ അലിയാർ മാറോടു ചേർത്തു. തന്റെ ശിരസ്സിന്റെ ചൂരും ചൂടുമേറ്റ കിരീടം അയാൾ ഹരിഹരന്റെ ശിരസ്സിലണിയിച്ചു"* നഷ്ട ഓർമകളുടെ ഊടുവഴിയിലൂടെ കഥ സഞ്ചരിക്കുന്നത്. ഇക്കാലത്ത് അവിശ്വസനീയ ബന്ധങ്ങളുടെ തായ് വഴിയിലൂടെ അലിയാരും ജാനകിയും ഒരു നടന്റെ വാർദ്ധക്യ കാലവും ജാതിയും മതവും ഒക്കെ ചേർത്തു വെച്ചു വായിക്കുമ്പോൾ ആണ് രാമനലിയാർ എന്ന കഥ ഇന്നും പ്രസക്തമാകുന്നത്.

സമാഹാരത്തിലെ മറ്റൊരു പ്രധാന കഥയാണ് ശ്രീനഗർ മുസാഫറാബാദ്  ബസ്സ്. മതവൈര്യം മുറുകുന്ന കാലത്ത് ഈ കഥക്ക് ഏറെ പ്രസക്തിയുണ്ട്. മതമേതായാലും മാനവികതയിൽ മുൻനിർത്തിയുള്ള ആശയങ്ങൾക്കെ സ്ഥാനമുള്ളൂ എന്നും പ്രാർത്ഥന ഓരോരുത്തരുടെയും ഏറ്റവും സ്വാകാര്യമായ ഒന്നായി മാറുകയും ഹിംസായാകാതെ നോക്കുകയും ചെയ്യുന്നിടത്തെ അതിന്റെ ഗുണകരായ വശം ഉണ്ടാകൂ അല്ലെങ്കിൽ വിലാപം ആയിരിക്കും ഫലം എന്ന വിലാപത്തിലൂണിയുള്ള കഥയാണ് ഇത്. ഇമ്തിയാസ് സുൽത്താന അസ്‌കർ എന്നിവരുടെ ജീവിതവും പരമപ്രധാനമായ ഒരു ബസ്സ് യാത്രയുമാണ് കഥയുടെ പശ്ചാത്തലം. 
ഹിംസാത്മകമായ കനൽ  ബസ്സിൽ എരിയുന്നതായി വായനക്കാരന് തോന്നാം. ആ തോന്നലുകൾക്ക് വായനയുടെ വഴിയിൽ നിന്നും ചിന്തിക്കാൻ കഥയെ വെറുതെ വിടുന്നു.    ഒരു കലാകാരന്റെ അസ്വസ്ഥയും വേദനയും ക്യാമറയിലൂടെ പതിപ്പിക്കുന്ന ക്യാമറക്കണ്ണ്, നമ്മളിൽ നിന്നൊക്കെ അകന്നുകൊണ്ടിരിക്കുന്ന ഗ്രാമീണ പച്ചപ്പിന്റെ മങ്ങുന്ന കാഴ്ചയെ  ഓർമ്മിപ്പിക്കുന്ന പഴങ്കഥയിലെ മണ്ണ് തുടങ്ങി രാമനലിയാർ നൽകുന്ന വായനയുടെ ലോകം വൈവിധ്യം നിറഞ്ഞതാണ്. ഏറെ കാലത്തെ പ്രവാസ ജീവിതത്തിന്റെ അകകണ്ണിൽ കണ്ട നാടിന്റെ കാഴ്ചയാണ് ഈ കഥകളെന്നു പറയാം.


എ.എം. മുഹമ്മദ് 

No comments:

Post a Comment