മക്കളൊക്കെ കൊതി പറഞ്ഞപ്പോൾ,
ഭാര്യ പരിതപിച്ചപ്പോൾ,
നാട്ടുകാർ കുറ്റം പറഞ്ഞപ്പോൾ,
വീടുകൾ കാണുമ്പോൾ
ആഗ്രഹിച്ചു പോയതാണ്,
മലയിലേക്ക് കയറി നോക്കി
വിങ്ങിവീർത്ത മുഖങ്ങൾ
കണ്ടു,
ആഴമുള്ള കിണറുകളെ പോലെ-
ഓരോ കണ്ണുകളും,
വാക്കുകൾ വറ്റിയ നാക്കുകൾ.
മണ്ണും ആകാശവും അവർക്കിന്നില്ല.
താഴെയിറങ്ങിയപ്പോൾ
പേമാരിയിൽ കുതിർന്ന,
മണ്ണിൽ കുഴഞ്ഞു പോയ ദേഹങ്ങൾ,
കഴുകിക്കഴുകി നിറയെ
ചളിയായ വീടുകൾ,
മഴയും മലയും വിളിക്കാതെ വന്ന
അതിഥിയായപ്പോൾ
പോയതത്രയും.
ആഗ്രഹിച്ചു വെച്ച വീടുകൾ.
മകളുടെ,
ഭാര്യയുടെ,
നാട്ടുകാരുടെ
പരാതികൾ തീർക്കാൻ
വീട് വെച്ചേ തീരൂ...
കാറ്റും മഴയും മലയും
ഇങ്ങനെ കോപിച്ചു തുടങ്ങിയാൽ
ഞാനെങ്ങനെ വീട് വെക്കും
എനിക്കിപ്പഴും എൻ്റെ കാര്യമേയുള്ളൂ,
നിന്നെക്കുറിച്ച് ഒരിക്കൽ പോലും
ചിന്തിച്ചില്ലല്ലോ?
Published Gulf Siraj Daily 08-sep-2019 Sunday Supliment
No comments:
Post a Comment