Saturday 27 August 2016

വിശപ്പിന്റെ മണമുള്ള ബിരിയാണി

സന്തോഷ് എച്ചിക്കാനത്തിന്റെ 'ബിരിയാണി' എന്ന കഥയെ കുറിച്ചുള്ള വായനാനുഭവം 


വായനാനുഭവം എന്നത് തീർത്തും സ്വകാര്യമായ ഒരു കാര്യമാണ്. ഒരു സൃഷ്ടിയെ സമീപിക്കുമ്പോൾ ഉണ്ടാകുന്ന അനുഭവത്തെ അതിന്റെ തീക്ഷണതയോടെ തന്നെ അക്ഷരങ്ങളാൽ ഉരുക്കിയെടുക്കാൻ ആകില്ലെങ്കിലും ഒരു ശ്രമം എന്ന നിലയിൽ വായന എന്ന കോളം തുടങ്ങട്ടെ. വലിയ വായനക്കാരനല്ല  എന്നതിനാൽ ചെറിയ എഴുത്തുമായിരിക്കും.. എന്നാലും എഴുതുന്നു, ഒരു മുൻവിധിയും ഇല്ലാതെ തന്നെ 
നിങ്ങൾക്കായി സമർപ്പിക്കുന്നു... 

മലയാളത്തില്‍ സാഹിത്യ ചര്‍ച്ചകള്‍ പൊതുവേ വഴിമുട്ടി നില്‍ക്കുന്ന കാലമാണ്. സാഹിത്യം മാത്രമല്ല ചര്‍ച്ച ചെയ്യപ്പെടേണ്ട പലതും മറഞ്ഞു പോകുകയും എന്നാൽ അനാവശ്യ ചർച്ച ആവോളം നടക്കുകയും വിവാദം ധാരാളം ഉണ്ടാകുകയും ചെയ്യുന്നു. ഇതിനിടയിലാണ് പതിവിൽ നിന്നും വിപരീതമായി മലയാളത്തിൽ കഥ ഒരു ചർച്ചയാകുന്നത്. സന്തോഷ് ഏച്ചിക്കാനത്തിന്റെ 'ബിരിയാണി' വായിച്ച് അതിന്റെ കാണാതലങ്ങൾ തേടി അലയുന്നവരുടെ എണ്ണവും കൂടുന്നു. സമൂഹത്തിൽ വന്ന പുതിയ മാറ്റത്തിന്റെ അലയൊലി അതിൽ ഒളിഞ്ഞു കിടക്കുന്നുണ്ട്. അത് കഥാപാത്രങ്ങളുടെ ജാതി, മതം, എഴുത്തുകാരന്റെ ജാതി, മതം, പ്രസിദ്ധീകരണത്തിന്റെ നിലപാടുകൾ,  ഇതൊക്കെ കൂട്ടിയോജിപ്പിച്ച് കണ്ടുത്തുന്ന തുണ്ടുകൾ വെച്ച് വായിക്കുക എന്നത് ഒരു കഥയെ സംബന്ധിച്ച്, അതും സാഹിത്യത്തിൽ ഒട്ടും ഭൂഷണമല്ല. 


ബിരിയാണി എന്ന കഥ എനിക്ക് നല്ലൊരു വായനാനുഭവം നൽകി എന്നത് തുറന്നു പറയുന്നു. സന്തോഷിന്റെ ഏറ്റവും മികച്ച കഥയിതാണോ എന്ന് ചോദിച്ചാൽ ഇല്ലെന്നു തന്നെ പറയും, എന്ന് കരുതി ഇത് മിക്കച്ച  കഥയല്ലാതാകുന്നുമില്ല . 
കലന്തൻ ഹാജി എന്ന എണ്‍പത് കടന്ന മുസ്‌ലിം വൃദ്ധന്റെ വീട്ടിൽ നടന്ന ഒരു സൽക്കാരവും അവിടെ നിത്യ ജോലിക്ക് വന്ന ഗോപാൽ യാദവ് എന്ന ബീഹാറിയുമാണ് കഥയുടെ കാതൽ എങ്കിലും കഥയിലെ സ്ഥലാഖ്യാനവും, വിശപ്പും, രണ്ടിങ്ങളിലെ സാമൂഹികവസ്ഥയും, ഭക്ഷണ ധൂര്‍ത്തും,  പട്ടിണി മരണവും, ചര്‍ച്ച ചെയ്യപ്പെടേണ്ടത് തന്നെയാണ്. അവിടെയാണ് 'ബിരിയാണി' എന്ന കഥയുടെ പ്രസക്തിയും. 

കഥയിൽ ചോദ്യമില്ലെന്ന സദാ നാം പറഞ്ഞുകൊണ്ടിരുന്നതു തിരുത്തേണ്ടി വരുന്ന കാലമാണിത് എന്ന് കരുതുന്നു. ആദ്യമേ ഈ വായനയിൽ മഞ്ഞക്കണ്ണട മാറ്റിവെക്കുന്നു ക്ലിയർ ഗ്ലാസ്സിലൂടെ എത്ര സൂക്ഷമായി നിരീക്ഷിച്ചിട്ടും ഈ കഥയിൽ ജാതിയുടെ നൂലുകൾകൊണ്ട് ചുറ്റിവരിഞ്ഞ ഒരവസ്ഥ കാണാൻ കഴിഞ്ഞില്ല. അതെന്റെ കുഴപ്പമാണോ  എന്നുമറിയില്ല. കഥ വായിക്കുന്നതിനു മുമ്പ് തന്നെ ധാരാളം റിവ്യൂകളും അഭിപ്രായങ്ങളും നവ മാധ്യമങ്ങളിലൂടെ വായിക്കാൻ ഇടയായി. കഥയെ മാർക്കറ്റു ചെയ്യാൻ ഒരു ശ്രമമാണിതെന്ന് ചിലർ വിവക്ഷിക്കുന്നു. ചുരുക്കി പറഞ്ഞാൽ കഥകൾക്കും ഇപ്പോൾ മാർക്കറ്റുണ്ടെന്നു കേട്ടപ്പോൾ ഉള്ളിൽ സന്തോഷം തോന്നി. അങ്ങിനെയാകുമ്പോൾ ഇടക്കെങ്കിലും മാർക്കറ്റിലേക്ക് ഒരു കഥയെറിഞ്ഞു  നോക്കാമല്ലോ. 

ബിരിയാണി ഇന് സർവ്വസാധാരണമായ ഒരു ഭക്ഷണമായതിനാൽ നമുക്കത് ഒരു സംഭവം അല്ലാതിരിക്കാം എന്നാൽ ആംബുലൻസ് വിളിക്കാൻ കാശില്ലാത്തതിനാൽ ഭാര്യയുടെ ശവശരീരം താങ്ങി കിലോ മീറ്ററോളം നടക്കേണ്ടി വന്ന ഒരു സാധാരണക്കാരൻ വസിക്കുന്ന ഇന്ത്യയിൽ വിലകൂടിയ ബസുമതി അരി പ്രതീകമാകുന്നത് ഒരത്ഭുതമല്ല. 

കഥയിൽ കാണിച്ച സ്ഥലാഖ്യാനം കഥാകൃത്തിനു പരിചിത മേഖലയാണ് എന്നതും ഏറെക്കുറെ അത്തരം യാഥാർഥ്യങ്ങൾ നിലനിക്കുന്ന ഇടമെന്ന നിലയിലും തീർത്തും യോജിക്കുന്നതായി. കലന്തൻ ഹാജിയെന്ന പണക്കാരനായ കഥാപാത്രത്തെ കഥാകൃത്ത് ചിത്രീകരിച്ച രീതിയിലാണ് പലരും വർഗീയത ഒളിപ്പിച്ച് വെച്ച് എന്ന് പറയുന്നത്. 

കഥയിൽ കലന്തൻ ഹാജിയെ പരിചയെപ്പെടുത്തടുന്നത് എങ്ങനെ എന്ന് നോക്കാം 

" പണ്ട് തളങ്കരയിൽ നിന്ന് ദുബായ് വരെ ഉരു ഓടിച്ചു പോയ പാർട്ടിയാണ്. കഴിഞ്ഞ ജനുവരിയിൽ എൺപത്താറായി. ജീവിച്ചിരിക്കുന്ന നാല് ഭാര്യമാരിൽ കുഞ്ഞാബിയെ മറന്നുപോയി എന്നതല്ലാതെ ഹാജിയാരുടെ ഓർമ്മശക്തിക്ക് വേറെ കുഴപ്പമൊന്നുമില്ല. കലന്തന് നാലല്ല നാല്പത് ഭാര്യമാരെ പോറ്റാനുള്ള കഴിവുണ്ടെന്ന് നാട്ടുകാർക്കറിയാം" 

ഇത് സമൂഹത്തിൽ നിലനിന്നുരുന്ന,  ഇപ്പോളും നിലനിൽക്കുന്ന സാമൂഹികാവസ്ഥയുടെ നേർചിത്രമാണ്. അത് ഹാജിയാർ ആയത് കൊണ്ട് എങ്ങനെയാണ് വർഗീയതയുടെ നിറം ഉണ്ടാകുന്നത്? മാത്രമല്ല നമ്മുടെ സാമൂഹിക പരിസരം ഉൾപ്പെടുത്തുമ്പോൾ ഇത്തരം കഥാപാത്രങ്ങൾ ഏതെങ്കിലും ജാതിയിലോ മതത്തിലോ പെടുത്താത്തെ എഴുതാൻ ഒക്കുമോ?  

കഥയിലെ സ്ഥലാഖ്യാനത്തിൽ ഇന്ത്യയിലെ തന്നെ രണ്ടു നേർച്ചിത്രങ്ങളും അവിടുത്തെ രാഷ്ട്രീയ പശ്ചാത്തലവും വരുന്നുണ്ട്. വിവാഹങ്ങളിൽ കാണിക്കുന്ന ഭക്ഷണ  ധൂർത്ത് മറ്റൊരിടത്തെ വിശപ്പിന്റെ നേർരേഖയുമായി കൂട്ടിക്കെട്ടാൻ കഥാകൃത്ത് നടത്തിയ ശ്രമം തീർത്തും നന്നായിട്ടുണ്ട് ഈ ആഖ്യാന രീതിയാണ് ഈ കഥയെ മികച്ചതാക്കുന്നതും. മറുനാട്ടിൽ കഴിയുന്ന മലയാളികളുടെ വിയർപ്പ് കേരളത്തിന്റെ ജീവിത നിലവാരത്തെ വലിയ മാറ്റങ്ങൾക്ക് വഴി വെച്ചപ്പോൾ ഇന്നും ദാരിദ്ര്യത്തിന്റെ തീക്കനലിനു മീതെ ജീവിച്ചു തീർക്കുന്ന മറ്റു സംസ്ഥാനങ്ങളിലെ പരമ ദരിദ്രരായ ജനപഥം ഒരാശ്വാസമാകുകയാണ് ഉണ്ടായത്.  അധികം ബുദ്ധിമുട്ടുകൾ ഇല്ലാതെ കേരളത്തിലേക്ക് ചേക്കേറാനും  രാഷ്ട്രീയ അവസ്ഥയെയും  രണ്ടിടത്തെ വ്യത്യാസങ്ങൾ തുറന്നു കാണിക്കാനും കഥയിൽ ശ്രമിക്കുന്നുണ്ട്. ഇതര സംസ്ഥാനങ്ങളിലെ ജീവിതത്തെ കുറിച്ച് മലയാളിയുടെ അറിവും നിരീക്ഷണവും തുലോം കുറവാണ് എന്നതിന് തെളിവാണ് ബീഹാറിനെ പറ്റിയുള്ള സംഭാഷണം. 

"കിഥർ ക്കാ ഹി തും" 
"ബീഹാർ" 
"ഓ... ആപ് ലാലൂജികാ ദേശ് യേനാ,"

ഇതിനപ്പുറത്തെ ജീവിതത്തിലേക്ക് നാം സാധാരണ കടക്കാറില്ല. ഈ ചോദ്യത്തിനപ്പുറം നാം സഞ്ചരിക്കാറുമില്ല അതുകൊണ്ടാണ് ബസുമതി എന്ന മോൾ നമുക്ക് ഒരു അതിശയം ആകുന്നതും  ബസുമതി അരി കഴിക്കാത്തവർ ഇന്ത്യയിൽ ഉണ്ടാകുമോ എന്ന് നാം അറിയാതെ തന്നെ ചോദിക്കുന്നത്.  എന്നാൽ ഈ കഥയിൽ തന്നെ മറ്റൊരു സന്ദർഭം കൂടിയുണ്ട് വിവര സാങ്കേതിക വിദ്യ നമ്മുടെ കൊട്ടാരങ്ങളിലും കുടിലിലും ഒരുപോലെ വന്നതിന്റെ നേർചിത്രം നമുക്ക് കാണാം. ഇന്ന് എല്ലാം ഓൺ ലൈൻ ആണ്.  അതിനപ്പുറം ഒരു യാഥാർഥ്യം നാം സമ്മതിക്കില്ല,. ഒന്ന് തൊട്ട്  ഒരു സെർച്ചിലൂടെ കാര്യം അപ്പോൾ തന്നെ മുമ്പിൽ തെളിയിക്കും. പത്തുരൂപക്കു വേണ്ടി  40 കിലോമീറ്റർ സൈക്കിൾ തള്ളി  കൽക്കരി എത്തിക്കാറുണ്ടെന്ന ഉത്തരേന്ത്യൻ യാഥാർഥ്യം നമുക്കാ   സെർച്ചിൽ കണ്ടെത്തനാവില്ല. എന്നാൽ ജീവിതത്തിലെ കൽക്കരിയുടെ കരി കഴുകിക്കളയാൻ വേണ്ടി, ഒരു ചെറു വെളിച്ചം തേടി എട്ടുവർഷം മുമ്പ് എത്തിയ ബീഹാറിലെ ഗോപാൽ യാദവിന്റെ ലാൽമാത്തി എന്ന ഗ്രാമം ജാർ ഖണ്ഡിലേക്ക്  പറിച്ച് നടപെട്ടു എന്ന രാഷ്ട്രീയയാതാർഥ്യം  ഈ പാവം മനുഷ്യൻ അറിയാതെ പോകുന്നു.  

"അതിനിടയിൽ തന്നെക്കുറിച്ച് ചുരുക്കം ചില വിവരങ്ങൾ ചോദിച്ചറിഞ്ഞ പയ്യൻ ഗൂഗിളിൽ കയറി നേരെ ലാൽമത്തിയയിലേക്ക് പോയത് ഗോപാൽ യാദവ് അറിഞ്ഞില്ല. 

"ബീഹാറിൽ ലാൽമാത്തി എന്ന പ്ളേസൊന്നും ഇല്ലല്ലോ ഭായി" അവൻ പറഞ്ഞു 

മണ്ണിൽതറഞ്ഞുകയറിയ പിക്കാസ് വലിച്ചെടുക്കാതെ ഗോപാൽ യാദവ് സിനാനുനേരെ നോക്കി.

"ലാല്മാത്തിയ ബീഹാറിലാണ്. യേ  മേരാ ഗാവ് ഹേ" 

"തും ജോക്മത്ബോലോ. അത് ജാർഖണ്ഡിലാണ്ഭായി. ദാ നോക്ക്."  

ഇക്കാര്യം സെർച്ചിലോടെ ഗൂഗിളിൽ കേറി ഗ്രാമം മുഴുവൻ കറങ്ങി കണ്ടെത്തിയ രാഷ്ട്രീയ വ്യതിയാനത്തെ പയ്യൻ ഗോപാൽ യാദവിന്‌ മുമ്പിൽ പറയുമ്പോൾ അങ്ങനെ സംഭവിക്കാൻ വിദൂര സാധ്യത പോലും ഈ ഗ്രാമീണൻ കാണുന്നില്ല. ഈ വ്യത്യാസം കഥയിൽ നിന്നും കൃത്യമായി വായിച്ചെടുക്കുമ്പോൾ രണ്ടു രാഷ്ട്രീയ വ്യവസ്ഥിതിയും സാമൂഹിക ജീവിതവുമാണ് വരച്ചു കാട്ടുന്നത്.  

മലബാർ കല്യാണങ്ങൾ ഇന്ന് നവ മാധ്യമങ്ങളിൽ ചർച്ചയാണ്. ചില പ്രവൃത്തികൾ കാരണം കല്യാണങ്ങൾ  മുടങ്ങുകയും കുടുംബങ്ങൾ തമ്മിൽ വലിയ തർക്കങ്ങളും അടിപിടിയും ഉണ്ടാകുന്ന സാഹചര്യങ്ങൾ പലപ്പോഴും ഉണ്ടായിട്ടുണ്ട്. വിവാഹത്തിന് വെക്കുന്ന ഭക്ഷണം മറ്റു കല്ല്യാണങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമാകണം എന്ന് ആഗ്രഹിക്കുകയും അതിനായി പുതിയ രീതികൾ കൊണ്ടുവരുന്നതും ഇന്ന് സർവ്വ സാധാരണമാണ്. അത്തരം ഭക്ഷണ  ധൂർത്തിന്റെ നേർചിത്രമാണ് ഈ കഥയിൽ മറ്റൊരിടത്തെ വിശപ്പിനെ സൂചിപ്പിച്ച് വരച്ചു കാണിക്കുന്നത്. 

"ബെറും ബിരിയാണിയല്ല. കുയിമന്തിവരെയ്ണ്ട്മോനെ. ഇദ് ഈട്ത്തെ ലോക്കല് ഇച്ചാമ്മാരെ  മംഗലത്തിന് കിട്ട്ന്ന ചല്ല്പുല്ല് ബിരിയാണിയല്ല. ഒന്നാംതരം ബസ്മതി അരീന്റെ ബിരിയാണിയാ. പഞ്ചാബ്ന്ന്  ഒരു ലോഡ് അങ്ങനെ തന്നെ എറക്കി" 

ആർഭാഢത്തിന്റെയും ഭക്ഷണ ധൂർത്തിന്റെയും ഒരു ചിത്രം ഇതിലൂടെ നമുക്ക് വായിച്ചെടുക്കാൻ എളുപ്പം സാധിക്കും.   കഥയുടെ ഏറ്റവും ദുരന്തപൂര്ണവും ശക്‌തവുമായ ഭാഗം അവസാനത്തിൽ കാണാം വലിയ കുഴിയിൽ ബസുമതി അരിയിൽ ഉണ്ടാക്കിയ ചെമ്പു കണക്കിന് ബിരിയാണി കൊട്ടുകയും ദമ്മ് പൊട്ടിക്കാത്ത ബിരിയാണി കമഴ്ത്തി അത് ഗോപാൽ യാദവ് ചാവിട്ടി താഴ്ത്തുമ്പോൾ കഥ മറ്റൊരു തലത്തിലേക്കും വിശപ്പിന്റെ യാഥാർഥ്യങ്ങളിലേക്കും നടന്നു കയറുന്നു. 


"ഭായ്‌... ഭായിക്കെത്ര മക്കളാ?"

"ഒരു മോൾ"

"എന്താ പേര്?"

"ബസ്മതി"

"നിക്കാഹ്‌ കയിഞ്ഞോ?"

"ഇല്ല"

അത്‌ കേട്ടതും മൊബെയിൽ എടുത്ത്‌ പോക്കറ്റിലിട്ട്‌ കൊണ്ട്‌ സിനാൻ പ്രതീക്ഷയോടെ ഗോപാൽ യാദവിനെ നോക്കി.

"പഠിക്ക്യാണൊ?"

"അല്ല"

"പിന്നേ?"

"മരിച്ചു"

"മരിച്ചോ..?"

വലിയൊരാഘാതമൊന്നുമുണ്ടാക്കിയില്
ലെങ്കിലും അങ്ങനെയൊരുത്തരം സിനാനെ ലേശം തളർത്തി.

"എങ്ങനെ?" അവൻ ചോദിച്ചു.

"വിശന്നിട്ട്‌"

ഗോപാൽ യാദവ്‌ ഒരു കൈക്കോട്ട്‌ മണ്ണു കൂടി ബസ്മതിക്ക്‌ മേൽ കൊത്തിയിട്ടു. പിന്നെ കുറേ ശ്വാസം ഉള്ളിലേക്ക്‌ വലിച്ചെടുത്തു.

കഥ ഇങ്ങനെ തീരുമ്പോൾ വിശപ്പ് എന്ന യാഥാർഥ്യം അന്നും ഇന്നും അതിന്റെ വ്യത്യസ്തമായ രീതിയിൽ നമ്മെ ചുറ്റി നിൽക്കുന്നു എന്നും അതിലേക്ക് നോക്കാൻ നമ്മുടെ കണ്ണുകൾക്ക് കഴിയുന്നുണ്ടോ എന്നുമുള്ള കാലിക പ്രസക്തിയുള്ള ചോദ്യമാണ് കഥാകൃത്ത് മുന്നോട്ട് വെക്കുന്നത്. ഒരു കഥ അതിന്റെ ആഖ്യാനത്തിലാണ് ഭംഗിയാകുന്നത്  സന്തോഷ് ഏച്ചിക്കാനം ഇതിനകം, തന്നെ ഉഭയജീവിതം, ഉടൽ വിഭവസമൃദ്ധിയിൽ, പന്തിഭോജനം, കൊമാല തുടങ്ങി നിരവധി മികച്ച കഥകൾ തന്നെ സമ്മാനിച്ച എഴുത്തുകാരനാണ്. നിർഭാഗ്യവശാൽ ഈ കഥ വായനയുടെ അപനിർമാണം നടത്തനാണോ കൂടുതലും പേര് ശ്രമിച്ചത് എന്ന് തോന്നിപോലും നവ മാധ്യമങ്ങളിൽ വന്ന ചർച്ചകൾ കാണുമ്പോൾ. ഈ കഥയിൽ ഒരു മുസ്‌ലിം വിരുദ്ധത വായിച്ചെടുക്കാൻ എന്റെ ഈ വായനയിൽ എനിക്കായില്ല എന്ന് മാത്രമല്ല പോസറ്റിവ് ആയ ഒരു ചർച്ചയിലേക്ക് നയിക്കേണ്ട ചില കാര്യങ്ങൾ ഈ കഥയിൽ ഉള്ളതായും തോന്നി. സത്യത്തിൽ ആ യാഥാർഥ്യങ്ങൾ മൂടിവെക്കാനുള്ള ശ്രമമാണോ കഥയിൽ മുസ്‌ലിം വിരുദ്ധത ഉണ്ടെന്ന ആരോപണത്തിന് പിന്നിലെന്നും 'സന്തോഷ്' എഴുതുകയും എഴുതിയത് 'കലന്തൻ ഹാജി'യെ കുറിച്ചും 'ബിരിയാണി'യെ കുറിച്ചും ആയതുകൊണ്ടായിരിക്കുമോ ഇതിൽ ചിലർ വർഗ്ഗീയത കണ്ടത് എന്നും തോന്നിപോകുകയാണ്. ഒരു കാര്യത്തിൽ സന്തോഷമുണ്ട് മലയാളത്തിലെ ഏറ്റവും നല്ല രീതിയിൽ മുന്നോട്ട് പോകുന്ന സാഹിത്യ വിഭാഗമായ കഥകളെപറ്റി ഇത്രയും നീണ്ട ചർച്ചകൾ ഉണ്ടാകുന്നുണ്ടല്ലോ! ആശ്വാസം തോന്നുന്നു. ചർച്ചകൾ നടക്കട്ടെ നമുക്ക് ജീവിതത്തെ പറ്റി സംസാരിക്കാം കഥ ജീവിതത്തെ പറ്റിയാണ് എങ്കിൽ കഥകളെ പറ്റിയും ഒപ്പം വിശപ്പിന്റെ മണമുള്ള ബിരിയാണിയെ പറ്റിയും!
              ****************************


മലയാളം മാധ്യമമെന്ന വെബ് മാഗസിനിൽ
http://malayalamadhyamam.com/hunger-and-scented-biryani-faisalbava-readertaste/

Sunday 21 August 2016

ഊക്കൻ വാക്കുള്ള കുഞ്ഞുണ്ണിക്കവിതകൾ
'എനിക്കും പോക്കകുറവാ-
ണെന്നെപ്പൊക്കാതിരിക്കുവിൻ
എനിക്കൂക്കു കുറവാ-
ണെന്നെത്താങ്ങാതിരിക്കുവാൻ
പൊക്കമില്ലായ്മയാണെന്റെ
പൊക്കമെന്നറിയുന്നു ഞാൻ'
കുഞ്ഞുണ്ണിമാഷെന്ന ചെറിയ മനുഷ്യൻ തീർത്ത വലിയൊരു ലോകമുണ്ട്വാക്കുകളെ ഊക്കുള്ളതാക്കി മലയാളത്തെ സ്നേഹിച്ച ഒരു കുറിയ മനുഷ്യൻഅദ്ദേഹത്തിന്റെ കുറ്റിപെൻസിലിൽ നിന്നും പിറന്നു വീണ കുഞ്ഞുവരികൾ ലളിതവും ഏറെദാർശനിക തലമുള്ളതുമായിരുന്നു. കുഞ്ഞുണ്ണിമാഷ് ചെറു പുഞ്ചിരിയോടെ നമ്മെ ഓർമ്മിപ്പിക്കുന്നു 'ഉയരാനുയിരു പോരാ ഉശിരുവേണം’ കുഞ്ഞുണ്ണിമാഷ് മലയാള ഭാഷയ്ക്ക് നല്‍കിയ സംഭാവന വളരെ വലുതാണ്‌ കുട്ടേട്ടന്റെ സ്നേഹ സമ്പന്നമായ തലോടലില്‍ എത്ര തുടക്കക്കാരാണ് പില്‍ക്കാലത്ത് മികച്ച എഴുത്തുകാരായത്. സര്‍ഗധനരായ ഇവര്‍ക്ക് അന്ന് ഏറെ പ്രചോദനം നല്‍കാന്‍ മാഷിനായിഅദ്ദേഹത്തിന്റെ സ്നേഹത്തോടെയുള്ള ഉപദേശവുംവിമര്‍ശനവും അവരുടെ സര്‍ഗ്ഗശേഷി വളര്‍ത്താന്‍ നന്നായി സഹായിച്ചു. മാതൃഭാഷയോടുള്ള കുഞ്ഞുണ്ണിമാഷിന്റെ സ്നേഹം അമ്മയോളം പോന്നതായിരുന്നു. ‘അമ്പത്താറക്ഷരമല്ല,
അമ്പത്തൊന്നക്ഷരവുമല്ലെന്റെ മലയാളം.
മലയാളമെന്ന നാലക്ഷരവുമല്ല,
അമ്മ എന്ന ഒരൊറ്റക്ഷരമാണ്
മണ്ണ് എന്ന  ഒരൊറ്റക്ഷരമാണെന്‍റെ-
മലയാളം’മാതൃഭാഷ പഠിച്ചാലേ മറ്റെന്തും പഠിക്കാനാവൂ എന്ന് മാഷ്‌ ഉറപ്പിച്ചു പറയുന്നു. മാത്രമല്ല  മാതൃഭാഷ  അതിന്റെ പരിശുദ്ധിയോടെ കൃത്യമായി പഠിക്കണമെന്ന ശാഠ്യം മാഷിനുണ്ട്മാറിവരുന്ന മലയാളി തന്റെ മാതൃഭാഷയായ മലയാളത്തോട് കാണിക്കുന്ന വിമുഖതയെ കുഞ്ഞുണ്ണിമാഷ് സരസമായി എന്നാല്‍ അതിശക്തമായി തന്നെ വിമര്‍ശിക്കുന്നു. അമ്മയെ അമ്മയെന്നേ വിളിക്കാവൂ എന്ന നിര്‍ബന്ധബുദ്ധി മാഷില്‍ എന്നും ഉണ്ടായിരുന്നു.

‘അമ്മ മമ്മിയായന്നേ മരിച്ചു മലയാളം
ഇന്നുള്ളതതില്‍ ഡാഡി ജഡമാം മലയാലം
വാക്കിനോളം തൂക്കമില്ലീ-
യൂക്കന്‍ ഭൂമിക്കു പോലുമേ’.

കുഞ്ഞുണ്ണിമാഷ് ശാഠ്യത്തോടെ  കവിത എഴുതുക മാത്രമല്ല ചെയ്തത്. നമ്മുടെ ഭാഷയിലെ പഴമൊഴികളുംകടങ്കഥകളും സമാഹരിക്കുകയും മലയാള ശൈലീ സമ്പത്തിനെ സംരക്ഷിക്കുയും ചെയ്തു. അതുകൊണ്ടാണ് ജനിക്കുമ്പോഴേ മക്കള്‍ ഇംഗ്ലീഷ് സംസാരിക്കണമെന്ന് വാശിയുള്ളവര്‍ ഇംഗ്ലണ്ടില്‍ പോയി പ്രസവിക്കട്ടെയെന്നു  രോഷത്തോടെ പറയുന്നത്.

"ജനിക്കും നിമിഷ തൊട്ടെന്‍
മകന്‍  ഇംഗ്ലീഷ് പഠിക്കണം
അതിനാല്‍ ഭാര്യതന്‍
പേറങ്ങ്ഇംഗ്ലണ്ടില്‍ തന്നെയാക്കി ഞാന്‍"

മാതൃഭാഷയെ തള്ളിപറയുന്നവരെ പടിക്ക് പുറത്ത് തന്നെ  നിര്‍ത്തണമെന്നാണ് മാഷിന്റെ ശാഠ്യം. മലയാളത്തോടൊപ്പം സഞ്ചരിക്കുമ്പോള്‍ കുഞ്ഞു ശരീരത്തിലെ ആ വലിയ മനസ് കൂടുതല്‍ വിശാലമാകുന്നു. തന്റെ ചുറ്റുപാടുകളെ വളരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നു. പ്രകൃതിയെ വളരെ ലളിതമായി തന്റെ കുഞ്ഞു വരികളിലേക്ക് ആവാഹിക്കുന്നു. അതിലെ 'അടിയും പൊടിയു'മൊക്കെ വളരെ സൂക്ഷ്മമായി കണ്ടെത്തുന്നു. 


"ഇത്ര ചെറിയൊരു
കുന്നിക്കുരുവി-
ന്നെത്തറ നല്ല നിറം,
കള്‍ കറുപ്പും മുക്കാല്‍ ചോപ്പും,
കാണാനെന്തുരസം".

ചിലപ്പോള്‍ വളരെ കുസൃതിയോടെശിശുകൌതുകത്തോടെ കുഞ്ഞു വരികളിലൂടെ ചോദിക്കുന്നു.

"തെങ്ങുമേ കായ്പ്പതു തേങ്ങ
മാവുമ്മേ കായ്പ്പതു മാങ്ങ
പ്ലാവുമ്മേ കായ്പ്പതു മാത്രം
പ്ലാങ്ങയാകാത്തതെന്താമ്മേ".

കുസൃതി നിറഞ്ഞ ഈ ചോദ്യം കുഞ്ഞുണ്ണിമാഷല്ലാതെ വേറെ ആര് ചോദിക്കും

"മാങ്ങ തോണ്ടാന്‍ തോട്ടിയുന്ദ്
മാങ്ങ പൂളാന്‍ കത്തിയുണ്ട്
മാങ്ങ തിന്നാന്‍ ഞാനുമുണ്ട്
മാങ്ങ മാത്രം മാവിലില്ല".

പ്രകൃതിയില്‍ നിന്നും നമുക്ക് പലതും അന്യമായി ക്കൊണ്ടിരിക്കുകയാണെന്ന സത്യം ഈ വരികളില്‍ ഒളിച്ചിരിപ്പുണ്ട്. ഗ്രാമങ്ങളില്‍ നിന്നും പട്ടണത്തിലേക്ക് ചേക്കേറാന്‍ വെമ്പുന്ന മനസ്സുമായി വേഗത്തില്‍ ഓടുന്ന മലയാളിക്ക് ഇങ്ങനെ പലതും നഷ്ടമായി കൊണ്ടിരിക്കുകയാണ്. നമ്മുടെ ജീര്‍ണ്ണിച്ച രാഷ്ട്രീയ  വ്യവസ്ഥിതിയെ വളരെ സരസമായി കുഞ്ഞുണ്ണിമാഷ് ചോദ്യം ചെയ്യുകയും ഒപ്പം സ്വയം വിമര്‍ശനവും  നടത്തുന്നുണ്ട്


"എനിക്കു ദുഃഖമുണ്ടെനന്‍റെ-
യിന്ത്യ നന്നായീടാത്തതില്‍
എനിക്കു നാണമില്ലിന്ത്യ
ഞാനും നന്നാക്കിടാത്തതില്‍.
തപം ചെയ്തേ പതം വരൂ
തപിക്കാത്തോന്‍ പതിച്ചിടും".

ഒരു ജനത ആവശ്യപ്പെടുന്ന ഭരണാധികാരികളെയാണ് അതാത് ജനതയ്ക്ക് ലഭിക്കൂ എന്ന വാക്യം ഇതിനോട് ചേര്‍ത്തു വായിക്കാം. കുഞ്ഞുണ്ണിക്കവിതകളില്‍ ഇങ്ങനെ പലയിടത്തായി രാഷ്ട്രീയ സാമൂഹിക വിമര്‍ശനങ്ങള്‍ ഊക്കോടെ പ്രയോഗിച്ചത് കാണാം. അതുപോലെ രസകരമായ കഥയാണ് കുഞ്ഞുണ്ണി മാഷിന്റെ 'അകുനാവപുരാണത്തിനുള്ളത്' അകുനാവ എന്നാല്‍ 'അതിയാരത്ത് നാരായണിയമ്മ മകന്‍ കുഞ്ഞുണ്ണി നായര്‍ വലപ്പാട്എന്നതാണത്. ചെറിയ കുഞ്ഞുണ്ണിമാഷിന്റെ വലിയ മനസ്സിങ്ങനെ പറയുന്നു. "എന്‍റെയുള്ളില്‍ വലിയൊരു ലോകമുണ്ട്അല്ലലോകങ്ങള്‍ തന്നെയുണ്ട്. അതിനാലാകാം ഞാനും എന്റെ കവിതകളും ചെറുതെന്ന് എനിക്കു തോന്നുന്നത്". കുഞ്ഞുണ്ണിക്കഥകളുംകവിതകളും പഴഞ്ചൊല്ലുംകടങ്കഥകളും വായ്ത്താരിയും കുട്ടിപ്പാട്ടുകളും കൂടിച്ചേര്‍ന്ന ഒരു ലോകത്തെ തുറന്നു വെക്കുവാനും അതിലേക്ക് കുഞ്ഞുങ്ങളെ സ്നേഹത്തോടെ തലോടാനും അവരില്‍ മലയാളമെന്ന ശ്രേഷ്ഠഭാഷയെ- യുറപ്പിക്കുവാനും ഈ ചെറിയ മനുഷ്യന്‍ കാണിച്ച ആത്മാര്‍ത്ഥമായ സമീപനം മലയാള ഭാഷാ ചരിത്രത്തില്‍ സ്വര്‍ണ്ണ ലിപികളാല്‍ രേഖപ്പെടുത്തും.

"കുഞ്ഞുണ്ണിക്കൊരു മോഹം
എന്നും കുഞ്ഞായിട്ടു രമിക്കാന്‍
കുഞ്ഞുങ്ങള്‍ക്ക്‌ രസിച്ചീടുന്നൊരു
കവിയായിട്ട് മരിക്കാന്‍".


അതെ കുഞ്ഞുണ്ണിമാഷ് ഒരേ സമയം കുട്ടികളുടെയും മുതിര്‍ന്നവരുടെയും വലിയകവി തന്നെയായാണ് നമ്മെ വിട്ടുപോയത്കുഞ്ഞുന്നിമാഷായി കുഞ്ഞുങ്ങള്‍ക്കൊപ്പം പാടിനടക്കാന്‍ കുഞ്ഞുണ്ണിമാഷിനെ സാധിക്കൂ. 

കുറ്റിപ്പെന്‍സില്‍കദളിപ്പഴം, കുഞ്ഞുണ്ണിക്കവിതകള്‍ഒലക്കഅടിയും പൊടിയുംഅക്ഷരത്തെറ്റ്കിലുകിലുക്കാംപെട്ടിപഴമൊഴി പത്തായം,ഇങ്ങനെ കുഞ്ഞുണ്ണിമാഷിന്റെ നിരവധി പുസ്തകങ്ങള്‍ ഉണ്ട്. അക്ഷരങ്ങളുടെയും കുട്ടികളുടെയും തോഴന്‍ കുട്ടികള്‍ക്കായി രസിക്കും കവിയായി ജീവിച്ച് കവിതകള്‍ ബാക്കിവെച്ച് 2006 മാര്‍ച്ച് 26ന് യാത്രയായി.
സിറാജ് ഞായറാഴ്ചയില്‍ പ്രസിദ്ധീകരിച്ചത് 21/8/2016