(എൻ.പി.ഹാഫിസ്മുഹമ്മദിന്റെ കഥകളിലൂടെ)
*പ്രണയം, പ്രകൃതി, സമുദായം, സമൂഹം* എന്നിങ്ങനെ നാല് ഭാഗങ്ങളായി തിരിച്ചിട്ടുള്ള ഇരുപത്തിയഞ്ചു കഥകളുടെ സമാഹാരമാണ് മാതൃഭൂമി പ്രസിദ്ധീകരിച്ച *ഹാഫിസ്മുഹമ്മദിന്റെ കഥകൾ.* വൈയക്തികവും സമൂഹികവുമായ ജീവിത യാഥാർഥ്യങ്ങളുടെ ഭാവതീവ്രത നിറഞ്ഞ കഥകളിലൂടെ സഞ്ചരിക്കുമ്പോൾ നാലു ഭാഗങ്ങളിലായി ജീവത്തിന്റെ എല്ലാ ഭാഗങ്ങളും സ്പര്ശിക്കുന്നത് കാണാം. *നിറമില്ലാത്ത പൂവ്, പ്രണയസഞ്ചാരം, ചാരനിറത്തിലുള്ള പൂവ്, എക്‌സ് വൈ ആൻഡ് സെഡ്, ചുവന്ന പൂവ്, അസ്റാഈൽ* എന്നിങ്ങനെ ആറു കഥകൾ അടങ്ങിയതാണ് പ്രണയം എന്ന ഭാഗത്തിൽ ഉള്ളത്. വ്യത്യസ്തമായ ഒരാഖ്യാനമാണ് നിറമില്ലാത്ത പൂവ് എന്ന കഥ. അയാളെ പിന്തുടരുന്ന വെളുത്ത് മെലിഞ്ഞ പെണ്കുട്ടി. അയാളെ അവൾ അയാൾ എത്തിപ്പെടുന്ന എവിടെയും കാണുന്നു. അയാളുടെ ഏറ്റവും സ്വാകാര്യ നിമിഷത്തിൽ അവൾ ചെവിയിൽ പറഞ്ഞു "മനസ്സിൽ വിരിഞ്ഞ പൂവുണ്ടല്ലോ, നന്നായിട്ടോ... നല്ല രസണ്ട്"... പ്രണയമൊരു നിറമില്ലാത്ത പൂവായ് അയാളിൽ ഇപ്പഴും പിടയുന്നുണ്ടാകും...
പ്രകൃതി എന്ന ഭാഗത്ത് *കളളപ്പുഴ, അമ്മയിലെത്താതെ, ഏകം, നിശ്ചലം പുഴ, വേവലാതിയുടെ പുഴ, ചെറിയ ചെറിയ മീനുകളും വലിയ മത്സ്യവും* എന്നീ കഥകളാണ് ഉള്ളത്.
ആലിഹസ്സൻകുട്ടിയുടെ കുളത്തിലെ ചെറിയ മീനുകളെ ലക്ഷ്യമാക്കി വരുന്ന സായിപ്പിന്റെ ലക്ഷ്യം ചെറുമീനുകളെ തിന്നുന്ന വലിയ മീനുകളെ പ്രചരിപ്പിക്കുകയാണ്. ഈ കഥ പറയുന്ന രാഷ്ട്രീയം ആഗോളവൽക്കരണ കാലത്തിന്റെ യാഥാർഥ്യങ്ങൾ കൂടിയാണ്. ഗ്രാമീണമായ ചിന്തയിലേക്ക് കമ്പോളവത്കരിക്കപ്പെട്ട ആശങ്ങളെ തിരുകി കയറ്റാൻ എത്തുന്ന സായിപ്പ് ഒരു പ്രതീകമാണ്. മൽസ്യ കൃഷിയിലൂടെ ഗ്രാമങ്ങളിലെ സ്വാഭാവിതയെ തിന്നു തീർക്കുന്ന ചിന്തകളാണ് വലിയ മീനുകളായി വന്നു ചെറിയ മീനുകളെ തിന്നു തീർക്കുക എന്ന സത്യമാണ് ഈ കഥ. പ്രകൃത്യാലുളള സവിശേഷതകളെ തകിടം മറിക്കുന്ന ഇടപെടലുകൾ എന്നും കച്ചവട താൽപര്യത്തിലൂന്നിയായിരുന്നു. കഥ പറയുന്ന രഷ്ട്രീയവും അതുതന്നെ.
സമാഹാരത്തിലെ ഭാഗമായ സമുദായത്തിൽ ഉള്ളത് *പിതൃഭൂമി, സൂര്യനുതാഴേ അനാഥർ, അപ്പാവാണിഭം നേർച്ച, ഈ നില്ക്കുന്ന സ്ത്രീ, യാഗശാല, പച്ചയും കാവിയും* എന്നീ ആറു
കഥകളാണ്. സമൂഹത്തിലെ വിവിധ ചിത്രങ്ങൾ വായിച്ചെടുക്കാനാവുന്ന വ്യത്യസ്തമായ കഥകൾ.
സൂര്യനുതാഴേ അനാഥർ എന്ന കഥ തുടങ്ങുന്നത് തന്നെ *"ആകാശത്തോടുരുമ്മിക്കിടക്കുന്ന ഒരു കുന്നിന്റെ നെറുകയിലാണ് അനാഥാലയം. കലാപത്തിന്റെ നാളുകളിൽ മുളപൊട്ടിയ അനാഥത്വം പരിച്ചുനട്ട്, ആർക്കും വേണ്ടാത്തഒരിടം കാരുണ്യത്തിന്റെ കുന്നാക്കിയെടുക്കാൻ പണിത സ്ഥാപനമാണ്. അന്നതിന്, ആഴത്തിൽ ഭൂമി തുരന്ന് കിണർ കുത്തി; ആകാശം തുളച്ച് മിനാരം വെച്ച് പള്ളിയുണ്ടാക്കി. എമ്പാടും മുറികളുള്ള കെട്ടിടം പടച്ച് ഇളം പച്ചച്ചായം പൂശി....."* ഇതൊരു അനാഥാലയത്തിന്റെ കഥ മാത്രമല്ല. സമൂഹത്തിൽ പല്ലിളിച്ചു നിൽക്കുന്ന ചില യാഥാർഥ്യങ്ങളുടെ നേർചിത്രമാണ്.
നാലാമത്തെ ഭാഗത്തിന് സമൂഹം എന്നാണ് പേരിട്ടിരിക്കുന്നത്. *പിന്തുടരുന്നത്, കാലഭേതം, ചിഹ്നങ്ങൾ അഗ്നിയുടേത്, പിതൃവേഷം, സൈക്ക്ൾ യജ്ഞം, അത്ഭുതപരിണാമം, ആ നിൽക്കുന്ന സ്ത്രീ* എന്നീ ഏഴു
കഥകളാണ് ഉള്ളത്. എല്ലാ കാലത്തും സംഭവിക്കാവുന്ന പല സംഭവങ്ങളുടെ വ്യത്യസ്തത ഓരോ കഥകളിലും നിറഞ്ഞു നിൽക്കുന്നു.
മലയാളത്തിന്റെ ഇക്കാലത്തേയും നല്ല എഴുത്തുകാരിൽ ഒരാളായ എൻപി മുഹമ്മദിന്റെ മകൻ എൻപി ഹാഫിസ് മുഹമ്മദിന്റെ കഥകൾക്കും ജീവിതത്തിന്റെ ആഴവും പരപ്പും ഉള്ള കഥകളാണ്.