Friday 24 November 2023
സാമൂഹികബോധത്തെ ഉണർത്തുന്ന കഥകൾ
Friday 3 November 2023
കെന്‍ സാരോ വിവ: കവിയും പോരാളിയ
വിവക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ മിക്കവയും അവാസ്തവങ്ങളും രാഷ്ട്രീയ ദുരുദ്ദേശ്യം വെച്ചുള്ളതുമായിരുന്നുവെന്ന് വ്യാപകമായി കരുതപ്പെടുന്നു. പട്ടാള ഭരണകൂടത്തിന്റെ ഈ നടപടി ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും കടുത്ത പ്രതിഷേധം ക്ഷണിച്ചു വരുത്തി. കോമൺ വെല്‍ത്ത് രാജ്യങ്ങളുടെ അംഗത്വത്തില്‍ നിന്ന് നൈജീരിയ താത്കാലികമായി പുറത്താക്കപ്പെടാന്‍ ഇതു കാരണവുമായി
"പുലരി വാനിന്റെ നിലത്തിരശ്ശീലയ്ക്കു മുന്നിൽ
പടരുന്ന നേർത്ത നവംബർ മഞ്ഞിൽ
നിന്റെ വത്സലാകാരം മുഴുവൻ ഉയരവും
കാണിച്ചുയർന്നു നിന്നു
ഇനിയും പാടാത്ത പാട്ടുകൾ"
ഇതുപോലൊരു നവംബർ 10-നാണ് ഇതെഴുതിയ നൈജീരിയന്‍ എഴുത്തുകാരനും പരിസ്ഥിതി പ്രവര്‍ത്തകനും ടെലിവിഷന്‍ നിര്‍മ്മാതാവും "ഗോള്‍ഡ്‌മാന്‍ എന്‍വിറോണ്മെന്റല്‍ പ്രൈസ്" ജേതാവുമാണ് കെന്‍ സാരോ വിവ എന്ന കെനുല്‍ കെന്‍ ബീസന്‍ സാരോ വിവയെ നൈജീരിയന്‍ ഭരണകൂടം പരസ്യമായി തൂക്കികൊന്നത്. നൈജീരിയയിലെ ഒഗോണി വര്‍ഗത്തിന്റെ മോചനത്തിനായി പോരാടി ജീവന്‍ ത്യജിച്ച കവി. അദ്ദേഹം എഴുതി
"സുരക്ഷാഭടന്റെ ശാസനകൾ
നടപ്പാക്കേണ്ടി വരുന്നതാണത്.
നീതിരഹിതമെന്ന് അറിഞ്ഞിട്ടും
പുസ്തകത്താളുകളിൽ
മജിസ്ട്രേറ്റ് കുറിക്കുന്ന ശിക്ഷകളാണത്.
അനുസരണയുടെ മുഖംമൂടിയണിഞ്ഞ്
നിന്ദ്യരായ ആത്മാക്കളിലേയ്ക്ക്
ആഴ്ന്നിറങ്ങുന്ന ഭീരുത്വവും
ഉടുവസ്ത്രങ്ങളെ മലിനമാക്കുന്ന ഭയവും
സ്വന്തം മൂത്രം കഴുകാനറയ്ക്കുന്ന
ധൈര്യഹീനതയുമാണത്.
അതാണ് അതാണ്.
പ്രിയ സുഹൃത്തേ, നമ്മുടെ
സ്വതന്ത്രലോകത്തെ
മടുപ്പിക്കുന്ന
തടവറയാക്കുന്നത്."
ഈ വാക്കുകളൊക്കെ ഭരണകൂടത്തിന്റെ ശിരസിലേക്കുള്ള അമ്പുകളായിരുന്നു. നൈജീരിയയിലെ ഒഗോണി വംശത്തില്‍ പിറന്ന കെന്‍ സാരോ വിവ. ഒഗോണികളുടെ ജന്മദേശമായ നൈജര്‍ ഡെല്‍റ്റയിലെ ഒഗോണിലാന്റ് എന്ന പ്രദേശം അസംസ്കൃത എണ്ണ ഖനനത്തിനായി 1950 മുതല്‍ ഉപയോഗിക്കപ്പെട്ടിരുന്നു. ഇത് ഒഗോണിലാന്റില്‍ എണ്ണ മലിനാവശിഷ്ടങ്ങള്‍ വിവേചന രഹിതമായി തള്ളുന്നതിനും വന്‍ തോതിലുള്ള പാരിസ്ഥിതിക നാശത്തിനും കാരണമായി.
കെന്‍ സാരോ വിവ
ഒഗോണിലാന്റിലെ ഭുമിക്കും വെള്ളത്തിനും വന്നു ചേരുന്ന പാരിസ്ഥിതിക നാശത്തിനെതിരെ "മൂവ്മെന്റ് ഫോര്‍ ദി സര്‍വൈവല്‍ ഓഫ് ദി ഒഗോണി പീപ്പിള്‍" (MOSOP) എന്ന സംഘടനയുടെ നേതൃത്വത്തില്‍ കെന്‍ സാരോ വിവ അക്രമരഹിത സമരത്തിന് തുടക്കമിട്ടു. ഒപ്പം കവിതയിലൂടെ കീറി മുറിച്ചു.
"ഭൂമി മുഴുവൻ ആക്രമിക്കുന്ന
വൻകക്കകളുടെ ആകാരം ധരിച്ച്
എണ്ണവണ്ടികൾ
അശമമായ ദാഹത്തോടെ
വഴികളിലിരമ്പിപ്പാഞ്ഞു
കരിനൊച്ചിമരങ്ങൾ
വരാനിരിക്കുന്ന ഹേമന്തമോർത്ത്
ഇല പൊഴിച്ചു
കാതൽ മരവിച്ചു നിന്നു
ലഗോണികളുടെ ആകാശത്തിൽ
അസാധരണമായ ഒരടയാളവും ഇല്ലായിരുന്നു"
ബഹുരാഷ്‌ട്ര എണ്ണ കമ്പനികള്‍ക്കെതിരെ ഫലപ്രദമായ പാരിസ്ഥിതിക മലിനീകരണ നിയന്ത്രണ നടപടികള്‍ സ്വീകരിക്കുന്നതില്‍ നൈജീരിയന്‍ ഭരണകൂടം മടികാട്ടുകയാണ് എന്ന് ആരോപിച്ചുകൊണ്ട് ജനറല്‍ സാനി അബാച്ചയുടെ നേതൃത്വത്തിലുള്ള പട്ടാള ഭരണത്തിനെതിരെയും ഷെല്‍ എന്ന എണ്ണക്കമ്പനിക്കെതിരെയും കെന്‍ സാരോ വിവ ശക്തമായി രംഗത്തു വന്നു. ഈ സമരങ്ങള്‍ ഏറ്റവും ശക്തിപ്രാപിച്ചു നില്‍ക്കുന്ന സമയത്ത് പട്ടാള ഭരണകൂടം കെന്‍ സാരോ വിവയെ അറസ്റ്റു ചെയ്തു.
യഥാർത്ഥ തടവറ എന്ന കവിതയിൽ കെൻ സാരോ വിവ ഇങ്ങനെ എഴുതുന്നു
"ഇരുണ്ട്, നാറുന്ന മുറികളുടെ
ചോരുന്ന മേൽക്കൂരയോ
കൊതുകുകളോ അല്ല
നിങ്ങളെ മുറിയിലിട്ടു പൂട്ടുമ്പോൾ
വാർഡന്റെ കയ്യിൽ
കിലുങ്ങുന്ന താക്കോൽക്കൂട്ടമല്ല.
മനുഷ്യനോ മൃഗമോ
കഴിക്കാനറയ്ക്കുന്ന
വൃത്തി ഹീനമായ ഭക്ഷണമല്ല
രാവിന്റെ നിരർത്ഥകതയിലേയ്ക്ക
വഴുതിയിറങ്ങുന്ന
ദിനത്തിന്റെ ശൂന്യതയുമല്ല.
അതല്ല, അതല്ല,
അതൊന്നുമല്ല, തടവറ.
ഒരൊറ്റ തലമുറയ്ക്കായി
നിങ്ങളുടെ കാതുകളിൽ
പെരുമ്പറ മുഴക്കുന്ന
നുണകളാണത്."
കവിതയുടെ ശക്തിയും സമരവീര്യവും ഭരണകൂടത്തെ വെറുതെയിരുത്തിയില്ല. പ്രത്യേക പട്ടാള ട്രിബ്യൂണലിന്റെ കീഴില്‍ വിചാരണ ചെയ്ത് 1995-ല്‍ എട്ട് സഹപ്രവര്‍ത്തകരോടൊപ്പം കെന്‍ സാരോ വിവയെ പട്ടാള ഭരണകൂടം തൂക്കിലേറ്റി. വിവക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ മിക്കവയും അവാസ്തവങ്ങളും രാഷ്ട്രീയ ദുരുദ്ദേശ്യം വെച്ചുള്ളതുമായിരുന്നുവെന്ന് വ്യാപകമായി കരുതപ്പെടുന്നു. പട്ടാള ഭരണകൂടത്തിന്റെ ഈ നടപടി ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും കടുത്ത പ്രതിഷേധം ക്ഷണിച്ചു വരുത്തി. കോമൺ വെല്‍ത്ത് രാജ്യങ്ങളുടെ അംഗത്വത്തില്‍ നിന്ന് നൈജീരിയ താത്കാലികമായി പുറത്താക്കപ്പെടാന്‍ ഇതു കാരണവുമായി. തന്റെ കൊലക്കയർ മുന്കൂട്ടിക്കണ്ടുകൊണ്ട് അദ്ദേഹം എഴുതി.
"കഴുത്തിൽ കയർ പതുക്കെപ്പതുക്കെ മുറുകുന്നതറിഞ്ഞ്
നിന്റെ ഹൃദയം ഉടലിൽ നിന്നു പുറത്തുചാടി
ഓരോ ശവക്കുഴിയിലും മുട്ടി വിളിക്കുന്നു"
ഓഗോണികൾക്കായി നടത്തിയ പോരാട്ടം ലോകം മുഴുവൻ അംഗീകരിച്ചു. ഒരേ സമയം കവിയും ആക്ടിവിസ്റ്റും ആയി സ്വന്തം ജീവൻ പോലും നോക്കാതെ പൊരുതി. ഒഗോണികൾക്കായി അദ്ദേഹം പ്രാർത്ഥനാപൂർവം എഴുതിയ കവിതയാണ് 'ഒഗോണി ഗീതം'
"ഒഗോണിയുടെ സ്രഷ്ടാവേ
ഔന്നിത്യത്തിന്റെയും
സമ്പന്നതയുടെയുംമണ്ണേ
നിന്റെ സമാധാനവും
അവസാനിക്കാത്ത സ്നേഹവും
ഞങ്ങൾക്കു തരിക.
നമ്മുടെ ഭൂമിയിൽ നീതി വിതയ്ക്കുക.
നമ്മുടെ ശത്രുക്കളെ
ലജ്ജിപ്പിക്കാൻ
വിവേകവും ശക്തിയും തരിക
ഓഗാണിയുടെ സ്രഷ്ടാവേ,
ഔന്നിത്യത്തിന്റെയും
സമ്പന്നതയുടെയും മണ്ണേ
ഗാകാനകൾക്കും ഘാനകൾക്കും
എലമെകൾക്കും തായ്മകൾക്കും
ബബ്ബേകൾക്കും
ഒടുങ്ങാത്ത വരങ്ങൾ തരിക.
ഉന്നതമായ ഒഗോണി മണ്ണേ
ഒടുങ്ങാത്ത അനുഗ്രഹങ്ങൾ തരിക."
ഓഗോണികൾക്ക് മാത്രമല്ല ദുരിതം പേറുന്ന ആഫ്രിക്കൻ കറുത്ത മക്കൾക്കെല്ലാം വേണ്ടി കഴുത്തിൽ കയറു മുറുകും വരെ ധീരതയോടെ കവിത ചൊല്ലിക്കൊണ്ടിരുന്നു. പോരാളിയായ ഈ കവിയുടെ ഓര്‍മ്മയ്ക്ക് മുന്നില്‍ കൂപ്പുകൈ.
___________________________________________________________________
Published on wtplive.in at : Issue 183 2 November 2023 11:10 AM
https://wtplive.in/Niroopanam-Vimarshanam/faizal-bava-about-ken-saro-wiwa-5255?fbclid=IwAR28AdDHljUOoZcxTeYdj7vnFViEtW3Bo2wsFsooRe3z42xtnnrMeF6ySIc
ബസ്തർ: ആദിവാസി ജീവിതങ്ങളിലൂടെ ഒരു യാത്ര
പുസ്തക പരിചയം | 'ആംചൊ ബസ്തർ'
ഇന്ത്യയിലെ ഏറ്റവും വലിയ ആദിവാസി മേഖലകളിലൂടെയുള്ള ഒരു സാഹസിക യാത്രയാണ് നന്ദിനി മേനോൻ എഴുതിയ 'ആംചൊ ബസ്തർ' എന്ന പുസ്തകം. ഭാരതീയ പുരാണങ്ങളിലെ ദണ്ഡകാരണ്യമെന്ന ഇടമാണ് ഇപ്പോൾ ഛത്തീസ്ഗഡ് സംസ്ഥാനത്തിന്റെ ഭാഗമായ ബസ്തര്‍, ദന്തേവാദ, കൊണ്ടെഗാവ്, നാരായണ്‍പൂര്‍, കാംകേര്‍, സുക്മ, ബിജാപൂര്‍ എന്നീ ഏഴു ജില്ലകള്‍ ഒന്നിച്ചുചേരുന്ന റെഡ് കോറിഡോർ എന്നറിയപ്പെടുന്ന ബസ്തര്‍.
ഈ പുസ്തകം കാഴ്ചകളെ എഴുതി വെക്കുക മാത്രമല്ല ചെയ്യുന്നത്, ചരിത്രത്തെയും ഭൂമി ശാസ്ത്രത്തെയും പരത്തി വിവരിക്കുകയുമല്ല; മറിച്ച് അല്ലവയെല്ലാം പാകത്തിലുള്ള ചേരുവയാക്കി മനോഹരമായി ആവിഷ്കരിക്കുകയാണ്. ജനജീവിതം, മനുഷ്യരുടെ വേദനകൾ, പ്രണയങ്ങൾ, സമരങ്ങൾ.... എന്നിങ്ങനെ ബസ്തറിലെ ജീവിതാവസ്ഥകളെ കൃത്യമായി നിരീക്ഷിച്ച് കാലങ്ങളെടുത്ത് പഠിച്ചു മികച്ച ഭാഷയിൽ എഴുതിയ പുസ്തകമാനിത്.
ഐതിഹാസികമായും ഭൂമിശാസ്ത്രപരമായും നരവംശശാസ്ത്രപരമായുമൊക്കെ പ്രാധാന്യം നിലനിൽക്കുന്ന ഇവിടം പോരാട്ടങ്ങളുടെയും കലാപങ്ങളുടെയും ചോരപ്പാടുകൾ പതിഞ്ഞ ഭൂമിക കൂടിയാണ്. സംഭവങ്ങളെ എത്ര മനോഹരമായാണ് അവതരിപ്പിക്കുന്നത് എന്നതിന്റെ ഉദാഹരണമാണ്, പ്രണയകഥകൾ വിശദീകരിക്കുന്ന ഭാഗം. ഗ്രാമീണ സാമൂഹിക അവസ്ഥകൾ നാടോടിക്കഥയുടെ നൈർമല്യത്തോടെയാണ് പറഞ്ഞു വെക്കുന്നത്. ’ജിട്കു മിട്കി' എന്ന അധ്യായത്തിലൂടെ സഞ്ചരിക്കുമ്പോൾ അത് കാണാം.
ആംചൊ ബസ്തർ
▪ നന്ദിനി മേനോൻ
(സഞ്ചാര സാഹിത്യം)
പ്രസാ: മാതൃഭൂമി ബുക്സ്
"കൃഷിയും കന്നുകാലികളും ധാരാളമുള്ള ഏഴാങ്ങളമാരുടെ കുഞ്ഞിപ്പെങ്ങളായിരുന്നു അതിസുന്ദരിയായ മിട്കി. കൗമാരം താണ്ടും മുന്നേതന്നെ സുന്ദരനും ധനികനും ഭാര്യവീട്ടിൽ തങ്ങാൻ തയ്യാറായവനുമായ വരനെ അവരന്വേഷിച്ചു തുടങ്ങി. എന്നാൽ അതിമനോഹരമായി വാദ്യോപകരണങ്ങൾ വായിക്കുന്ന അയൽഗ്രാമക്കാരനായ ജിട്കു അവളുടെ മനസ്സിൽ കുടിയേറിയിരുന്നു. അയാൾ ദരിദ്രനായ കന്നുകാലിച്ചെറുക്കനായിരുന്നു എന്നത് മിട്കിക്ക് വിഷയമായിരുന്നതുമില്ല. നീണ്ട മുടിയും നീളൻ മുക്കും നിലാവിന്റെ നിറവുമുള്ള മിട്കി അവനിൽ നിറഞ്ഞുതൂവിയിരുന്നു.
മിട്കിയുടെ പ്രണയത്തിനു മുന്നിൽ ആങ്ങളമാർക്ക് വഴങ്ങേണ്ടിവന്നു. ചൈത്രത്തിൽ വിവാഹം നടന്നു. പക്ഷേ, ഭാര്യവീട്ടിൽ തങ്ങാതെ ജിട്കു ചെറിയൊരു കുടിൽ കെട്ടി മിട്കിയുടെ ഗ്രാമത്തിൽ ജീവിതമാരംഭിച്ചു. ആ മിഥുനങ്ങളുടെ പ്രണയം മഹുവക്കൊമ്പിലെ കാട്ടുതേവിയെപ്പോലും മോഹിപ്പിച്ചു. സല്ലാപങ്ങൾ പൂത്തുലഞ്ഞ ചമ്പയെപ്പോലും നാണിപ്പിച്ചു. രണ്ടുപേരും ആങ്ങളമാർക്കൊപ്പം പാടത്ത് കറിനാദ്ധ്വാനം ചെയ്തു.
അങ്ങനെയിരിക്കേയാണ് ഗ്രാമത്തിൽ അതിരൂക്ഷമായ വരൾച്ചയും ക്ഷാമവും ആരംഭിച്ചത്. കന്നുകാലികൾ ചത്തൊടുങ്ങാൻ തുടങ്ങി, പാടങ്ങൾ കരിഞ്ഞു. ഗ്രാമപഖരായ സഹോദരങ്ങൾ ചേർന്ന് വിശാലമായൊരു കുളം കുഴിച്ചെങ്കിലും അത് വീണ്ടുകീറിക്കിടന്നു. മരണം ഗ്രാമവാതിൽക്കൽ വന്നതിൽ അന്നൊരു രാവിൽ കുലദേവത മൂത്ത ആങ്ങളയുടെ സ്വപ്നത്തിൽ വന്ന് സുന്ദരനും നല്ലവനും അദ്ധ്വാനിയും ലക്ഷണയുക്തനുമായ യുവാവിന്റെ ബലി ആവശ്യപ്പെട്ടു. അയാളത് ആവേശത്തോടെ ഗ്രാമീണരുമായി പങ്കിട്ടു. എന്നാൽ അങ്ങനൊരാളെ കണ്ടുപിടിക്കാനാവാതെ അവർ വലഞ്ഞു.
അപ്പോഴാണ് ഒരിക്കൽ മിട്കിയെ കിനാവു കണ്ടു തളർന്നിരുന്ന ഗ്രാമീണ യുവാക്കൾ ആങ്ങളമാരെ സമീപിക്കുന്നത്. ഇപ്പറഞ്ഞ ലക്ഷണങ്ങളെല്ലാം തികഞ്ഞ ജിട്കുവിനെ ബലികൊടുക്കുക, അവൻ നമ്മുടെ ഗ്രാമക്കാരനല്ല. നമ്മുടെ ഗ്രാമം രക്ഷപ്പെടും, യൗവ്വനത്തിലേക്കു കാൽകുത്തിയിട്ടുള്ള മിട്കിയെ പരിണയിക്കാൻ മേളപോലെ ചെറുപ്പക്കാർ വരും. ആങ്ങളമാർ ജിട്കുവിനെയും കൊണ്ട് പിറ്റേന്ന് പാടത്തേക്കു പോയി. അന്നുച്ചയ്ക്ക് ഇടിവെട്ടി കാടുലഞ്ഞ് ആർത്തിരമ്പി മഴ പെയ്തു.
മിട്കീ റാഗിച്ചോറും കറികളും കമ്പിളി നിർത്തിയ കിടക്കയുമായി കാത്തിരുന്നു. മുറ്റത്തുകൂടെ ചുവന്ന ചാലുകൾ അട്ടഹസിച്ചൊഴുകി. ജിട്കി വന്നില്ല. അവളുടെ കൊച്ചുകുടിൽ ചോർന്നൊഴുകി, മുറ്റത്തെ മന്ദാരം മുഖം കുത്തി. ജിട്കു വന്നില്ല. കൂരിരുട്ടത്ത് അവൾ അന്വേഷിച്ചിറങ്ങി. നിറങ്ങളും പാലങ്ങൾ തിരഞ്ഞു. തകർന്ന ഏറുമാടങ്ങൾ തിരഞ്ഞു. പൊട്ടിയൊലിക്കുന്ന പാറപ്പ ങ്ങളിലും തട്ടിയുടഞ്ഞ താഴ്വാരങ്ങളിലും തിരഞ്ഞു. ജിട്കുവിനെ വിളിച്ച കേണവൾ കുളക്കരയിലെത്തി. നിറഞ്ഞൊഴുകുന്ന കുളത്തിൽ അവരി അവന്റെ മണം കിട്ടി. പെരുമഴയത്ത് ഭ്രാന്തിയെപ്പോലെ അവൾ കുളത്തിൽ മുങ്ങിത്തപ്പി. ഒടുവിൽ പാതിരാവിൽ അവന്റെ മുറിച്ചുമാറ്റപ്പെട്ട ശിരസ്സുമായി അവൾ പൊങ്ങി.
ചെളിവെള്ളത്തിൽ ആലോലം വാർന്നുനിന്ന് അവൾ ഗ്രാമത്തെ ഉള്ളിൽ ശപിച്ചു. ഒരിക്കലും ഗുണം പിടിക്കാതെ നശിച്ചുപോകട്ടെ. പിറ്റേന്ന് പെരുമഴ തോർന്നപ്പോൾ കാലുകൾ തല്ലിയൊടിച്ച നിലയിൽ ജിട്കുവിന്റെ കബന്ധം കുളക്കരയിലും അവന്റെ ശിരസ്സിനെ മാറോടു ചേർത്ത നിലയിൽ മിട്കിയുടെ ശരീരം കുളത്തിലും ഗ്രാമീണർ കണ്ടു. അത് ഫലഭൂയിഷ്ഠമായിരുന്ന ആ ഗ്രാമത്തിന്റെ ഒടുക്കത്തിന്റെ തുടക്കമായിരുന്നു.
പിന്നീട് പല രാവുകളിലും അടുത്ത ഗ്രാമങ്ങളിലെ ഊടുവഴികളിലൂടെ ചോരയൊലിക്കുന്നൊരുവൻ മുടന്തുന്ന കാലും വലിച്ചു നടന്നു കേണ് മീട്കി....നീണ്ടമുടിയുമായി നനഞ്ഞൊട്ടിയ ഒരുവൾ കൈകൾ നീട്ടി വിലപിച്ചു. ജിട്കൂ.. പലരുടെയും കിനാവുകളിൽ ഉറക്കെയൊരു വിലാപവുമായി അവർ.ഒരു ഗ്രാമത്തിന്റെ ദുരന്തപര്യവസാനമായി മാറിയ പ്രണയകഥ പകർത്തി ഗ്രാമചിത്രം വരയ്ക്കുമ്പോൾ ഒരു നാടോടിക്കഥ വായിക്കുമ്പോലെ വായിക്കാവുന്ന രീതിയിലാണ് ഈ പുസ്തകത്തിലെ ഭാഷ.
ഇന്തയിലെ ഏറ്റവും വലുതും അതിപുരാതമവുമായ ഏഴു ജില്ലകൾ ഒന്നിച്ചു ചേരുന്ന ആദിവാസി മേഖലയായ ബസ്തർ ഡിവിഷന്റെ ഭൂമിശാസ്ത്രപരമായ കിടപ്പ് വിവരിച്ചു കൊണ്ട് തുടങ്ങുന്ന ആംചൊ ബസ്തർ മികച്ച വായനനുഭവം തരുന്നു. കൃതിയുടെ ആഖ്യാന രീതി സഞ്ചാര സാഹിത്യത്തിൽ തന്നെ പുതുവഴി സൃഷ്ടിച്ചിരിക്കുന്നു.
______________________________________________________________
:ബഹുസ്വര വെബ് മാഗസിനിൽ 31 October 2023ന് പ്രസിദ്ധീകരിച്ചു
https://bahuswara.in/literature/f/ബസ്തർ-ആദിവാസി-ജീവിതങ്ങളിലൂടെ-ഒരു-യാത്ര
Wednesday 27 September 2023
പ്രതിഭകളുടെ ആത്മസംഘർഷങ്ങളും ആത്മഹത്യാദാഹവും
ലേഖനം
"അനുനയിക്കുവാനെത്തുമെൻകൂട്ടരോ-
ടരുളിടട്ടെയെന്നന്ത്യയാത്രാമൊഴി:
മറവിതന്നിൽ മറഞ്ഞു മനസ്സാലെൻ-
മരണഭേരിയടിക്കും സഖാക്കളേ!
സഹതപിക്കാത്ത ലോകമേ!-യെന്തിലും
സഹകരിക്കുന്ന ശാരദാകാശമേ!"
(മണിനാദം :- ഇടപ്പള്ളി)
ഒരാൾ സ്വയം ഇല്ലാതാവുക, സ്വന്തം ജീവനെടുക്കുക എന്ന രീതി മനുഷ്യനിൽ തുടങ്ങിയിട്ട് നൂറ്റാണ്ടുകൾ ആയി. ഒരുപക്ഷെ ആദിമമനുഷ്യന്റെ കാലത്ത് തന്നെ തുടങ്ങിയിട്ടുണ്ടാകാം. ആത്മഹത്യയെക്കുറിച്ചുള്ള പൊതുവായ അഭിപ്രായം ആദ്യകാല നിവാസികൾക്കിടയിൽ എന്തായിരുന്നുവെന്ന് വ്യക്തമല്ല. എന്നിരുന്നാലും ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഗ്രീക്കിലെ വീരന്മാരിൽ ഒരാളായ അജാക്കസ്, വികാരാധീനനായി സ്വയം ജീവനൊടുക്കി. സ്പാർട്ടയിലെ നിയമസഭാംഗമായ ലൈക്കുർഗസ് തന്റെ രാജ്യത്തിന്റെ നന്മയ്ക്കുവേണ്ടി ആത്മഹത്യ ചെയ്ത ഒരാളാണ്. ഏതാണ്ട് എ.ഡി. 150-ൽ, "ഒരു മനുഷ്യന് പുക നിറഞ്ഞ ഒരു മുറിയിൽ നിന്ന് പുറത്തുപോകാനുള്ള അവകാശം പോലെ തന്നെ ലോകം വിട്ടുപോകാനുള്ള അവകാശവും ഉണ്ടായിരുന്നു" എന്ന് നെർവ-ആന്റണിൻ രാജവംശത്തിലെ അവസാനത്തെ അംഗവും, റോമൻ ചക്രവർത്തിയും സ്റ്റോയിക് തത്ത്വചിന്തകനുമായിരുന്നു മാർക്കസ് ഔറേലിയസ് അന്റോണിയസ് പ്രസ്താവിച്ചതായി പറയപ്പെടുന്നു*. ആത്മഹത്യ എല്ലാകാലത്തും സമൂഹത്തിലെ പ്രധാന ചർച്ചകളിൽ ഒന്നായിരുന്നു. ഇങ്ങനെ സ്വയംഹത്യ തെരെഞ്ഞെടുത്തവരിൽ വിവിധ മേഖലകളിൽ തന്റേതായ സംഭാവന നൽകിയ ഒട്ടേറെ പ്രതിഭകളും ഉണ്ടായിരുന്നു.
പ്രതിഭകൾ അവരുടെ ജീവിതത്തെ പലപ്പോഴും സ്വയം ഇല്ലാതാക്കിയിട്ടുണ്ട്. പ്രതിഭയുടെ ആധിക്യം അവരിൽ ഉണ്ടാക്കുന്ന മാനസിക സംഘര്ഷമാകാം കാരണം, അതല്ലെങ്കിൽ സ്വകാര്യമായ മറ്റെന്തെങ്കിലും. അതെന്തായാലും ആത്മഹത്യകളിലൂടെ ലോകത്തിന് വിവിധ തരത്തിൽ അനേകം പ്രശസ്തരെ നഷ്ടമായിട്ടുണ്ട്, അതിൽ പ്രസിദ്ധരും, കുപ്രസിദ്ധരും പെടും.
നോബൽ സമ്മാനം ലഭിച്ച ഏണസ്റ്റ് ഹെമിങ്‌വേ, വിഖ്യാത ചിത്രകാരൻ വിൻസെന്റ് വാൻഗോഗ്, കവയിത്രി സിൽവിയ പ്ലാത്ത്, ജപ്പാൻ സാഹിത്യകാരൻ യാസുനാരി കവബാത്ത, പുലിസ്റ്റർ ജേതാവായ ഫോട്ടോഗ്രാഫർ കെവിൻ കാർട്ടർ, ജർമൻ ഏകാധിപതി അഡോൾഫ് ഹിറ്റ്‌ലർ, ഹിറ്റ്ലറുടെ തന്നെ നാസി ജർമ്മനിയുടെ പ്രചരണ വിഭാഗം മന്ത്രിയായിരുന്ന ഗീബൽസ്, ഹോളിവുഡ് നടൻ റോബിൻ വില്യംസ്, കമ്മ്യുണിസ്റ്റ് നേതാവ് കനു സന്യാൽ, തിരുവിതാംകൂർ രാജ്യത്തെ ദളവ അഥവാ പ്രധാനമന്ത്രി ആയിരുന്നു വേലായുധൻ ചെമ്പകരാമൻ തമ്പി എന്ന വേലുത്തമ്പി ദളവ, നോവലിസ്റ്റ് നന്തനാർ, കവി ഇടപ്പള്ളി രാഘവൻ പിള്ള, എഴുത്തുകാരി രാജലക്ഷ്മി, ശില്പി കൃഷ്ണകുമാർ, കവി ഗുഹൻ, കവയിത്രി നന്ദിത, "മലയാളി ഒരു തോറ്റ ജനതയാണ്" എന്ന് എഴുതിവെച്ച സുബ്രഹ്മണ്യദാസ്, സ്വതന്ത്ര സോഫ്റ്റവെയർ ആക്ടിവിസ്റ്റ് ആരൺ ഷ്വാർട്‌സ്... ഇങ്ങനെ പല കാരണങ്ങളാൽ പലവിധത്തിൽ സ്വയം ജീവിനൊടുക്കിയ പ്രശസ്തരുടെ പട്ടിക നീണ്ടുപോകും.
ഇതുപോലെ ജപ്പാനിലെ പ്രശസ്തരായ രണ്ടു പ്രതിഭകളുടെ സർഗാത്മക ജീവിതവും അവരുടെ ആത്മഹത്യപ്രവണതയും അവരുടെ പരസ്പര സർഗാത്മക ബന്ധവും ചേർത്ത് വായിക്കുമ്പോൾ പ്രതിഭകൾ എല്ലാ കാലത്തും നേരിട്ടിരുന്ന ആത്മ സംഘർഷത്തിന്റെ ആഴം എത്രയോ വലുതായിരിക്കും എന്ന് മനസിലാക്കാൻ സാധിക്കും. മുപ്പത്തിയഞ്ചാം വയസിൽ സ്വയം ജീവിനൊടുക്കിയ എഴുത്തുകാരനായിരുന്നു റ്യൂനോസുകെ അകുതഗാവ ( Ryūnosuke Akutagawa) അതിലൊരാൾ. 1927ലാണ് അദ്ദേഹം ആത്മഹത്യ ചെയ്യുന്നത്. വിഖ്യാത സംവിധായകൻ അകിര കുറസോവയാണ് ജീവിതത്തിലുടനീളം ആത്മഹത്യാ പ്രവണത കണ്ടുനടന്ന മറ്റൊരാൾ. അകുതഗാവ സ്വയം ജീവനൊടുക്കുമ്പോൾ അന്ന് അകിര കുറസോവക്ക് 17 വയസ്സാണ്. കുറസോവ 1998 സെപ്തംബർ 6, ന് മരണപ്പെട്ടു എങ്കിലും പലതവണ അദ്ദേഹവും ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ടായിരുന്നു. ഇരുവരും പലതവണ ആത്മഹത്യാ ശ്രമങ്ങൾ നടത്തിയവരാണ്, അവരുടെ സർഗാത്മക ബന്ധത്തെ കൂടി ചേർത്ത് വായിക്കുമ്പോൾ സർഗത്മകതയും ആത്മസംഘർഷവും എഴുത്തുകാരിൽ കലാകാരന്മാരിൽ എത്രമാത്രം ചേർന്ന് നിന്നിരുന്നു എന്ന് മനസ്സിലാക്കാം. കുറസോവയെ ഏറെ സ്വാധീനിച്ച എഴുത്തുകാരനാണ് റ്യൂനോസുകെ അകുതഗാവ. രണ്ടുപേരും ജപ്പാൻകാരാണ്.
പല തവണ ആത്മഹത്യശ്രമം നടത്തിയ അകുതഗാവ തന്റെ സുഹൃത്തിന് എഴുതിയ ആത്മഹത്യ കുറിപ്പ് പ്രശസ്തമാണ്. "കഴിഞ്ഞ രണ്ട് വർഷമായി മരിക്കുന്നതിനെക്കുറിച്ച് മാത്രമാണ് ഞാൻ ചിന്തിക്കുന്നത്. ഈ സമയത്താണ് ഞാൻ മെയിൻലാൻഡറിനെ ( Philipp Mainländer ) അതീവ താല്പര്യത്തോടെ വായിച്ചത്. അമൂർത്തമായ ഭാഷയിൽ മരണത്തിലേക്കുള്ള യാത്രയെ മെയിൻറാൻഡൽ സമർത്ഥമായി ചിത്രീകരിക്കുന്നു എന്നതിൽ സംശയമില്ല. എന്നിരുന്നാലും, അതേകാര്യം കൂടുതൽ വ്യക്തമായി ചിത്രീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു".
ഈ മനുഷ്യൻ മരണത്തെ എത്ര ഒരുക്കത്തോടുകൂടിയാണ് മാടിവിളിച്ചത്, ആ കുറിപ്പ് വീണ്ടും തുടരുന്നു.
"എന്റെ ആദ്യത്തെ ചിന്ത വേദനയില്ലാതെ എങ്ങനെ മരിക്കാം എന്നതായിരുന്നു. തീർച്ചയായും, ആത്മഹത്യയാണ് ഇതിന് ഏറ്റവും അനുയോജ്യമായ മാർഗം. എന്നിരുന്നാലും, ഞാൻ സ്വയം തൂങ്ങിക്കിടക്കുന്നതായി സങ്കൽപ്പിച്ചപ്പോൾ, എനിക്ക് അതിരുകടന്ന സൗന്ദര്യാത്മക വെറുപ്പ് തോന്നി. എനിക്ക് നീന്താൻ അറിയാവുന്നതിനാൽ മുങ്ങിമരിക്കുന്നത് പോലും എന്റെ ലക്ഷ്യത്തിലെത്തില്ല. മാത്രവുമല്ല, അത് വിജയിച്ചാലും തൂങ്ങിമരിച്ചതിലും വലുതായിരിക്കും വേദന. അല്ലെങ്കിൽ കത്തി ഉപയോഗിച്ചുള്ള മരണം എന്റെ വിറയൽ മൂലം പരാജയപ്പെടാൻ സാധ്യതയുണ്ട്. ഒരു കെട്ടിടത്തിൽ നിന്ന് ചാടുന്നതും വൃത്തികെട്ടതായിരിക്കണം. ഇക്കാരണങ്ങളാൽ, സ്വയം കൊല്ലാൻ മയക്കുമരുന്ന് ഉപയോഗിക്കാൻ ഞാൻ തീരുമാനിച്ചു. തൂങ്ങിമരിക്കുന്നതിനേക്കാൾ വേദനാജനകമായിരിക്കും മയക്കുമരുന്ന് ഉപയോഗിച്ചുള്ള മരണം. എന്നിരുന്നാലും, തൂങ്ങിമരിക്കുന്നതിനേക്കാൾ സൗന്ദര്യാത്മകമായി വെറുപ്പുളവാക്കാത്തതും അപകടസാധ്യതയില്ലാത്തതുമാണ്".
മരണത്തെ കുറിച്ച് തീവ്രമായ അന്വേഷണത്തിലൂടെ അതിലേക്ക് എത്തിച്ചേരുകയായിരുന്നു റ്യൂനോസുകെ അകുതഗാവ. അദ്ദേഹത്തിന്റെ പ്രസിദ്ധമായ രണ്ടുകഥകളാണ് In a Grove (ഒരു കാട്ടിൽ) റാഷമോൺ എന്നിവ. നമുക്കൊന്നും അത്ര പരിചിതമല്ലാത്ത ഒരു രീതി സ്വീകരിച്ചുകൊണ്ട് വ്യത്യസ്തമായി എഴുതിയ വിശ്വാത്തര കഥകളാണ് ഇവരണ്ടും, ഈ കഥകളെ അടിസ്ഥാനമാക്കി കുറസോവ എടുത്ത, റാഷമോൺ എന്ന സിനിമയും.
കുറസോവ
നാം കാണുന്ന സത്യം ആപേക്ഷികമാണ് എന്നും അവസ്ഥകൾക്കനുസരിച്ചു വ്യത്യസ്തമാകാം എന്നും കൊടും ക്രൂരതകൾ വരെ സാധൂകരിക്കപ്പെടും എന്നൊക്കെയുള്ള അവസ്‌ഥ ഈ കഥകളിൽ കാണാം. കാട്ടിൽ ഒരു കൊലപാതകം നടക്കുന്നതാണ് സംഭവം. കാട് ഇവിടെ മനുഷ്യമനസ്സാണ്. പോലീസ് കമ്മീഷണറുടെ മുമ്പിൽ ഒരു വിറകുവെട്ടുകാരന്റെ മൊഴിയോടെയാണ് കഥ തുടങ്ങുന്നത്. വിറകുവെട്ടുകാരൻ കാട്ടിൽ കണ്ട ശവശരീരത്തെ പറ്റിയും താൻ കണ്ട പരിസരവും കമീഷണറോട് വിശദീകരിച്ചു. സഞ്ചാരിയായ ബുദ്ധസന്യാസിയുടെ മൊഴിയായിരുന്നു അടുത്തത്. കൊല്ലപ്പെട്ടയാളുടെ വസ്ത്രത്തെക്കുറിച്ചും സാഹചര്യങ്ങളെ കുറിച്ചും സന്യാസിയുടെ ഊഹങ്ങളാണ് ആണ് കമ്മീഷണറുമായി പങ്കുവെച്ചത്. സംഭവുമായി ബന്ധപ്പെട്ടു കുപ്രസിദ്ധ കൊള്ളക്കാരൻ തേജോമാരുവിനെ സാഹസികമായി കീഴടക്കി അറസ്റ്റ് ചെയ്ത വീരവാദം മേലധികാരിക്കു മുന്നിൽ അവതരിപ്പിക്കുകയാണ് അടുത്ത ഭാഗം. പോലീസുകാരൻ കമ്മീഷണറുടെ മുമ്പാകെ നൽകിയ മൊഴിയിൽ തേജോമാരുവാണ് കുറ്റക്കാരൻ. "കിയോട്ടുവിന് ചുറ്റും പരുങ്ങി നടക്കുന്ന കൊള്ളക്കാരിൽ ഈ തേജോമാരുവാണ് സ്ത്രീകൾക്ക് ഏറ്റവും ദ്രോഹം ചെയ്യുന്നവൻ" ഇതാണ് പോലീസുകാരന്റെ മൊഴിയിൽ ഉള്ള വാദം. എന്നാൽ കമ്മീഷണറുടെ മുമ്പാകെ ഹാജരായ വൃദ്ധ പറയുന്നത് തന്റെ മകളുടെ ഭർത്താവിന്റേതാണ് ശവം എന്നാണ്. അവർക്കും ആ കൊള്ളകാരനെയാണ് സംശയം. തേജോമാരുവിന്റെ കുറ്റസമ്മതം കഴിഞ്ഞാൽ കഥ അവസാനിക്കും എന്നു കരുതിയാൽ തെറ്റി, തീർത്തും വ്യത്യസ്തമായ മൊഴിയായിരുന്നു ഷിമീഡു ക്ഷേത്രത്തിലേക്ക് വന്ന സ്ത്രീയുടേത്. പിന്നീട് കഥ കൊല്ലപ്പെട്ട ആത്മാവിന്റെ വിവരണം കൂടി ആയതോടെ അസാധാരണമായ മറ്റൊരു തലത്തിൽ എത്തുന്നു.
ഈ രണ്ടു കഥകളിൽ നിന്നാണ് വിഖ്യാത ജപ്പാനീസ് സംവിധായകൻ അകിര കുറസോവ റാഷമോണെന്ന ക്ലാസിക്ക് സിനിമ എടുക്കുന്നത്. പ്രതിഭയുടെ നിറകുടമായ കുറസോവ നൽകിയ ഈ ക്‌ളാസിക് സിനിമ കാണാത്തവർ ചുരുക്കമായിരിക്കും. 1943ൽ സംശിരോ സുഗത (Sanshiro Sugata) എന്ന സിനിമയിൽ തുടങ്ങി 1993 ൽ ഇറങ്ങിയ അവസാന സിനിമയായ മദാദയോ (Mādadayo) വരെ നീണ്ട ചലച്ചിത്ര ജീവിതം ലോകത്തിനു നൽികിയ സംഭാവനകൾ എണ്ണമറ്റതാണ്. 1998 സെപ്തംബർ 6 നു ഈ മഹാപ്രതിഭ മരണപെട്ടു, അകിര കുറസോവ തന്റെ വ്യക്തിജീവിതം തുറന്ന് ചർച്ച ചെയ്യാൻ തയ്യാറായിരുന്നില്ല. 1981-ൽ പ്രസിദ്ധീകരിച്ച ആത്മകഥയിൽ (Something like an Autobiography) 1950-ൽ ഇറങ്ങിയ റാഷോമോൺ വരെ മാത്രമേ സൂചിപ്പിച്ചിട്ടുള്ളൂ. അതിനപ്പുറത്തേക്ക് അദ്ദേഹം താനായി സഞ്ചരിച്ചത് സിനിമയിലെ കഥാപാത്ര സൃഷ്ടിയിലൂടെയായിരുന്നു. "റാഷോമണിന് ശേഷം എനിക്ക് എന്ത് സംഭവിച്ചുവെന്ന് മനസിലാക്കുക എന്നെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ടതാണ് എന്ന് ഞാൻ കരുതുന്നു, റാഷോമോണിന് ശേഷം ഞാൻ ചെയ്ത സിനിമകളിലെ കഥാപാത്രങ്ങളിൽ എന്നെ അന്വേഷിക്കാൻ."
1971ൽ കുറസോവ വീണ്ടും ആത്മഹത്യ ശ്രമം നടത്തിയിരുന്നു, അതിനു കാരണം ശരീരത്തിലെ പിത്താശയത്തിൽ രൂപപ്പെട്ട കല്ലുകൾ ഉണ്ടാക്കിയിരുന്ന വേദന മാത്രമായിരിക്കില്ല. അറുപതുകൾ തൊട്ട് സിനിമയിൽ വന്ന മാറ്റങ്ങൾ, വിപണിയുടെ സ്വാധീനം, തന്റെ സിനിമകളുടെ പരാജയം - ഇതൊക്കെയാകാം. 1960-കളിൽ പുതിയ താൽപ്പര്യങ്ങളുള്ള നവസംവിധായകരുമായി സിനിമാവ്യവസായം അദ്ദേഹത്തിൽ നിന്ന് അകന്നുപോകാൻ തുടങ്ങിയിരുന്നു. യുദ്ധാനന്തര കാലഘട്ടത്തിൽ, വഴിതെറ്റിപ്പോയ ഒരു സമൂഹത്തിൽ അദ്ദേഹത്തിന്റെ ധാർമ്മികമായ അധ്യാപനസ്വരം സ്വാഗതം ചെയ്യപ്പെട്ടിരുന്നു, എന്നാൽ തീവ്രമായ അന്തഃസംഘർഷത്തിലും 1950-കളുടെ അവസാനവും 1960-കളുടെ അവസാനവും കുറോസോവയെ സംബന്ധിച്ചു അത്ര ശുഭകരമായിരുന്നില്ല. എന്നാൽ 1965ൽ ഇറങ്ങിയ റെഡ് ബിയേർഡ്, ഡോഡെസ്‌കാ-ഡെൻ (1970) ദർസു ഉസാല (1975) റാൻ (1985) ഡ്രീംസ് (1990) റാപ്‌സോഡി ഇൻ ഓഗസ്റ്റ് (1991) തുടങ്ങിയ സിനിമകൾ നൽകി ആ പ്രതിഭ അത്ഭുതപ്പെടുത്തൽ തുടർന്നു.
കുറസോവ തന്റെ എൺപത്തിയെട്ടു വർഷത്തെ ജീവിതത്തിനിടയിൽ പലതവണ ജീവിതത്തിൽ നിന്നും ഇറങ്ങി പോകാൻ ശ്രമിച്ചതിനു പിന്നിൽ അദ്ദേഹത്തിൽ വളർന്നു വന്ന ആത്മസംഘർഷങ്ങൾക്ക് വലിയ പങ്കുണ്ടാവാം. പതിമൂന്നാം വയസ്സിൽ ഉണ്ടായ ഭൂകമ്പം നൽകിയ ഭായനകമായ ഓർമ്മകൾ തന്റെ ആത്മകഥയിൽ പരാമർശിക്കുന്നുമുണ്ട്. "കരിഞ്ഞ, പാതി കത്തിക്കരിഞ്ഞ ശവങ്ങൾ, ഗട്ടറുകളിൽ, നദികളിൽ, പാലങ്ങളിൽ എല്ലാം ശവങ്ങൾ നിറഞ്ഞിരിക്കുന്നത് ഞാൻ കണ്ടു..." പിന്നീട് അമേരിക്കയുടെ ലോകത്തെ നടുക്കിയ ഹിരോഷിമയിലും നാഗസാക്കിയിലും ആറ്റംബോംബ് ആക്രമണത്തെയും അതിജീവിച്ചു, ഏതൊരു കലാകാരനേയും ആത്മസംഘർഷത്തിൽ പിടിച്ചുലക്കുന്ന സംഭവങ്ങൾ. ഇതെല്ലാം ഉള്ളിൽ പതഞ്ഞു പൊങ്ങിക്കൊണ്ടിരുന്നപ്പോൾ അതിന്റെ തീവ്രത സിനിമകളിൽ നിറഞ്ഞു, ഇനിയും വയ്യെന്ന അവസ്ഥയിൽ വാർധക്യത്തിലും അദ്ദേഹത്തെ അലട്ടിയിരുന്നത്രെ. അത് ആത്മസംഘർഷങ്ങളുടെ കൂടിയായിരുന്നു. ഒരേ രാജ്യത്ത് ഒരേ ഭാഷയിൽ ചിന്തിച്ച, എഴുത്തിലും സിനിമയിലും അത്ഭുതങ്ങൾ സൃഷ്ടിച്ച രണ്ടു പ്രതിഭകൾ. ആത്മസംഘർഷത്താൽ ജീവിതത്തിൽ നിന്നും കുതറിയോടാൻ പലതവണ ശ്രമിക്കുകയും അതിലൊരാൾ വളരെ പെട്ടെന്ന് കുതറി ഓടുകയും ചെയ്‌തു. ഒരാളുടെ എഴുത്തിന് മറ്റൊരാൾ അഭ്രപാളിയിൽ കാവ്യം തീർത്തു. രണ്ടും ക്ലാസിക്കുകൾ.
റഫറൻസ് :
* Suicide Its History, Literature, Jurisprudence, Causation, and Prevention - W. Wynn Westcott
* Something Like An Autobiography: Akira Kurosawa
* To the distant observer: form and meaning in the Japanese cinema: Noel Burch
==========================================
Monday 25 September 2023
കെജി ജോർജ്: മലയാളത്തിന്റെ ഫെല്ലിനി
മലയാള സിനിമയിലൂടെ കാലത്തിനു മുന്നേ നടക്കുകയും തന്റേതായ ഒരിടം സൃഷ്ടിച്ച് മലയാള സിനിമയിലെ അധികാരഘടനയെ ചോദ്യംചെയ്തുകൊണ്ട് വ്യത്യസ്തമായ സിനിമകൾ മലയാളിക്ക് നൽകി കെ.ജി. ജോർജ് എന്ന മഹാപ്രതിഭയിതാ ആദാമിന്റെ വാരിയെല്ല് എന്ന സിനിമയിലെ ക്ളൈമാക്സ് പോലെ എല്ലാവരെയും തട്ടിമാറ്റി അഭ്രപാളിക്കപ്പുറത്തേക്ക്, മറ്റൊരു ലോകത്തേക്ക് നടന്നു പോയിരിക്കുന്നു. മലയാളത്തിലെ ധൈഷണിക ധാര എന്നറിയപ്പെടുന്ന ആർട്ട് സിനിമ എന്ന് പറയപ്പെടുന്നവർക്കൊപ്പമായിരുന്നില്ല എന്നും ജോർജ്, എന്നാൽ സമാന്തര സിനിമകൾക്കൊപ്പവും അദ്ദേഹം നടന്നില്ല. സ്വന്തമായി ഒരു വഴിയിലൂടെ നടക്കാൻ ശ്രമിച്ച ആളാണ് കെ.ജി. ജോർജ് എന്ന സംവിധായകൻ. എന്നിട്ടും ചെയ്‌ത്‌വെച്ച സൃഷ്ടികൾ കാലത്തെ അതിജീവിച്ച് ഇപ്പോഴും ഒരത്ഭുതമായി നമുക്കുമുന്നിലുണ്ട്. 1976 ൽ സ്വപ്നാടനത്തിൽ തുടങ്ങി 1998 ഇലവങ്കോട് ദേശം വരെയുള്ള ചലച്ചിത്ര സംവിധാന ജീവിതം. എല്ലാ ജോണറിലും സിനിമകൾ ചെയ്ത മലയാളത്തിലെ ഒരേയൊരു സംവിധായകൻ എന്ന് പറയാം. 1975ൽ സ്വതന്ത്ര സംവിധായകനായ ആദ്യ സിനിമ സ്വപ്നാടനം അക്കാലത്തെ സിനിമാ ഭാഷയിൽ ഏറെ പുതുമ ജനിപ്പിച്ച, വിസ്മയിപ്പിച്ച സിനിമയായിരുന്നു. കലാ മേന്മയിലും സാങ്കേതികത്വത്തിലും അദ്ഭുതകരമായ കയ്യടക്കം കാണിച്ച സിനിമ. മനഃശാസ്ത്രവും സിനിമ എന്ന കലയുടെ ശാസ്ത്രവും സ്വപ്നാനടത്തിൽ ചേർത്തു വെച്ചപ്പോൾ തുടക്കക്കാരനിൽ നിന്ന് ഒരു പരിചയസമ്പന്നനിലേക്ക് ആദ്യ സിനിമ തന്നെ പിടിച്ചുയർത്തി.
കേരളത്തിലെ ആദ്യ മനഃശാസ്ത്ര എഴുത്തുകാരിൽ ഒരാളായ സൈക്കോ മുഹമ്മദിന്റെ "പാലായനം" എന്ന കഥയ്ക്ക് പമ്മനായിരുന്നു തിരക്കഥ എഴുതിയത്. പാലായനം എന്ന പേര് പ്രശസ്ത സാഹിത്യകാരൻ ഉറൂബാണ് "സ്വപ്നാടനം" എന്നാക്കി മാറ്റിയത്. സാമ്പ്രദായിക രീതികളിൽ നിന്നും ആദ്യ സിനിമയിൽ തന്നെ കുതറിമാറികൊണ്ട് വേറിട്ടൊരു സംവിധാന ശൈലി കെ.ജി. ജോർജ് സ്വീകരിച്ചു. അങ്ങനെ ആദ്യ സിനിമയ്ക്ക് തന്നെ ദേശീയ, സംസ്ഥാന പുരസ്കരങ്ങൾക്ക് പുറമെ മലയാള സിനിമയുടെ ചരിത്രത്തിൽ കെ.ജി. ജോർജ് എന്ന പുതിയ ഒരദ്ധ്യായം കൂടി എഴുതി ചേർത്തു.
ഒരർത്ഥത്തിൽ കുടുംബം എന്ന ഫോർമാറ്റിൽ കുടുങ്ങി കിടന്ന മലയാള സിനിമയെ അതിൽ നിന്നും പിടിച്ചു മാറ്റി കൊണ്ടുവന്ന സംവിധായകരിൽ പ്രധാനി. കേരളത്തിലെ ടിപ്പിക്കൽ മധ്യവർഗ്ഗത്തിന്റെ കുടുംബഘടനയേയും ചോദ്യം ചെയ്തുകൊണ്ട് അവരുടെ പൊങ്ങച്ചവും പുച്ഛവും സിനിമയിലൂടെ എടുത്തു കാട്ടി, സ്ത്രീകളുടെ പ്രശ്ങ്ങളെ കൃതമായി എങ്ങനെയാണ് ചിത്രീകരിക്കേണ്ടത് എന്ന് സ്ത്രീ പക്ഷത്ത് നിന്ന്കൊണ്ട് തന്നെ അത് അവതരിപ്പിച്ചു. അത് മനസ്സിലാക്കാൻ 'ആദാമിന്റെ വാരിയെല്ല്'എന്ന സിനിമ മാത്രം ഉദാഹരണമായി എടുത്താൽ മതി. വ്യത്യസ്തമായ ജീവിതാവസ്ഥയിൽ ഉള്ള മൂന്ന് കഥാപാത്രങ്ങളിലൂടെ കേരളത്തിലെ വിവിധ ജീവിത അവസ്ഥകളെ അവരുടെ യാതനകളും, വേദനകളും അഹങ്കാരങ്ങളും അവതരിപ്പിച്ചു, മലയാള സിനിമയിലെ മനോഹരമായ ക്ളൈമാക്സില് ഒന്നാണ് ഈ സിനിമയിലേത് - ഗെയിറ്റും തള്ളിത്തുറന്ന് സിനിമയെടുക്കുന്ന സംവിധായകനെയും ക്യാമറയെയും എല്ലാത്തിനെയും തള്ളിമാറ്റി സ്വാതന്ത്ര്യത്തിലേക്ക് കുതിക്കുന്ന സ്ത്രീകൾ. അതുപോലെ സുഹാസിനി റോഡ് മുറിച്ചു കടക്കുന്ന സീൻ ഇങ്ങനെ സൂക്ഷ്മായി നിരീക്ഷിച്ചാൽ ഒട്ടേറെ പ്രത്യേകതകൾ നിറച്ച പലതിനോടും മനഃശാസ്ത്രപരമായ സമീപനം ജോർജിന്റെ സിനിമകളിൽ കാണാം. കാലത്തിനായി കാത്തുവെച്ച പ്രവചനസ്വരമുള്ള സീനുകൾ ആയിരുന്നു.
‘യവനിക’ ‘ഇരകൾ’ എന്നീ സിനിമകളിൽ വേറിട്ട രീതികളാണ് സ്വീകരിച്ചത് . യവനികയിൽ നാടക സംഘത്തിലെ ജീവിതവും നാടകവും ഭരത്ഗോപി, നെടുമുടി വേണു, ജലജ, തിലകൻ, വേണു നാഗവള്ളി, മമ്മുട്ടി, ശ്രീവിദ്യ എന്നിവർക്കൊക്കെ അനുയോജ്യമായ വേഷങ്ങൾ നൽകി കലാമൂല്യവും ജനപ്രിയവും ചേർത്ത് എടുത്ത സിനിമ. ഒരു കൊലപാതകം അതിന്റെ അന്വേഷണം ആദ്യവസാനം വരെ ഇനിയെന്ത് എന്ന ത്രസിപ്പിക്കുന്ന ആകാംഷ. നാടകവും സിനിമയും ഇഴചേർത്ത് സിനിമയ്ക്കുള്ളിലെ നാടകവും നാടകത്തിലെ ജീവിതവും ഏറ്റവും ഭംഗിയായി അവതരിപ്പിച്ച സിനിമ പലപ്പോഴും നാടകം സിനിമയിൽ വരുമ്പോൾ നാടകത്തിന്റെ ഗൗരവം ചോർന്നു പോകാതെ സിനിമയിൽ പകർത്തുക എന്നത് എളുപ്പപണിയല്ല, എന്നാൽ നാടകവും അതിന്റെ പിന്നണിയും അതിമനോഹരമായ കാഴ്ചകളാക്കി മാറ്റാൻ ഈ സിനിമയിൽ ആയി. വിജയ സിനിമ എന്നത് മാത്രമല്ല എക്കാലത്തേക്കും ഉള്ള നല്ല സിനിമയുടെ പട്ടികയിലേക്ക് കൂടിയാണ് യവനിക കയറി നിന്നത്. സിനിമാ ലോകത്തെ യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ജോർജിന്റെ സ്വതന്ത്രമായ ആവിഷ്കാരമാണ് 'ലേഖയുടെ മരണം ഒരു ഫ്‌ളാഷ്ബാക്ക്' സിനിമയ്ക്കുള്ളിലെ കഥകളെ കുറിച്ചുള്ള സിനിമ. ഈ സിനിമ ചെയ്യാനും അസാമാന്യ ധൈര്യം വേണം. സർക്കസ് കൂടാരത്തിലെ പച്ചയായ ജീവിതത്തെ വേറിട്ട ആഖ്യാനത്തിലൂടെ കാണിച്ച മേള, ക്രിസ്തീയ ജീവിത പശ്ചാത്തലത്തിൽ വെത്യസ്തമായ സിനിമയായ കോലങ്ങൾ. ഇങ്ങനെ എത്രയോ സിനിമകൾ.
അക്കാലത്ത് സൈക്കോളജിക്കൽ ത്രില്ലർ എന്ന് വിശേഷിപ്പിക്കാവുന്ന ഇരകൾ പോലൊരു സിനിമ ചെയ്യാൻ കാണിച്ച ധൈര്യത്തെയാണ് എടുത്തുപറയേണ്ടതാണ്. ഈ സിനിമയുടെ പ്രമേയം എന്ന് പറയുന്നത് ഹിംസയാണ്, മനുഷ്യന്റെ ആദിമ വികാരങ്ങളാണ് സെക്സും ആകർഷണവും എന്ന് സിഗ്മണ്ട് ഫ്രോയിഡ് പറഞ്ഞിതിനെ ഇതിനോട് ചേർത്ത് വായിക്കാം. ഈ സിനിമ മനുഷ്യന്റെ ഹിംസയെ കുറിച്ചുളള വളരെ ആഴത്തിലുള്ള ഒരന്വേഷണമാണ്. അതുവരെ നാം സ്വീകരിച്ചുവന്ന രീതി സൽസ്വാഭാവിയായ നന്മയുടെ പ്രതീകമാണ് കേന്ദ്ര കഥാപാത്രം എങ്കിൽ ഇതിൽ മാത്തുക്കുട്ടി എന്ന റബ്ബർ എസ്റ്റേറ്റ് മുതലാളിയുടെ ഇളയ മകനായ ബേബിയാണ് (ഗണേഷ്‌കുമാർ അവതരിപ്പിക്കുന്ന കഥാപാത്രം) കേന്ദ്ര കഥാപാത്രം. അച്ഛന്റെയും സഹോദരങ്ങളുടെയും കുത്തഴിഞ്ഞ ജീവിതം കണ്ടുവളർന്നു ഹിംസയുടെ ബീജം വളർന്ന യുവാവ്. ഇയാളിലെ മാനസികാവസ്ഥയാണ് ഇരകൾ എന്ന സിനിമയിലൂടെ പറയാൻ ശ്രമിക്കുന്നത്. ഇരകൾ എന്ന സിനിമ ഇന്നും മലയാളത്തെ സ്വാധീനിക്കുന്നു എന്നതിന് തെളിവാണ് ഈയിടെ ഇറങ്ങിയ ജോജി എന്ന സിനിമ.
ഇരകൾക്ക് തൊട്ടുമുമ്പ് ജോർജ് എടുത്ത പൊളിറ്റിക്കൽ സറ്റയർ ചിത്രമാണ് പഞ്ചവടിപ്പാലം. ഈ രണ്ടു ചിത്രങ്ങളുടെ കാലവും, വിഷയത്തിലും അവതരണത്തിലും കാണിച്ച വ്യത്യസ്തത മാത്രം നോക്കിയാൽ മതി അദ്ദേഹത്തിന്റെ സിനിമകളെ മനസിലാക്കാൻ. ഈ സിനിമയിലെ മനോഹരമായ ഒരു സീനാണ് പാലം തകർന്നു വീണ് കഴിയുമ്പോൾ ബാക്കിയായി നിൽക്കുന്ന പ്രതിമയെ നോക്കി ഭരത് ഗോപിയുടെ ആ നിൽപ്പ്. മാത്രമല്ല പിന്നെ അതിൽ കഥാ പാത്രങ്ങൾക്ക് നൽകിയ രസകരമായ പേരുകൾ - ഭരത് ഗോപിക്കു നൽകിയ പേര് ദുശ്ശാസനക്കുറുപ്പ് എന്നാണ് നെടുമുടി വേണുവിന് നൽകിയത് ശിഖണ്ഡിപ്പിള്ള എന്നാണ് സുകുമാരി (പഞ്ചവടി റാഹേൽ), തിലകൻ (ഇസ്സഹാക്ക് തരകൻ), ജഗതി ശ്രീകുമാർ (ആബേൽ) അംഗപരിമിതിയുള്ള ശ്രീനിവാസൻ ഇതിൽ കാതൊരയനാണ്. ശ്രീവിദ്യ മണ്ഡോദരിയമ്മയും, വേണു നാഗവള്ളിയാണെങ്കിൽ ജീമൂതവാഹനനും. ആലുംമൂടൻ - യൂദാസ് കുഞ്ഞായും, ഇന്നസെന്റ് ബറാബാസ് ആയും, കല്പന അനാർക്കലിയായും ചരിത്രവും ഐതിഹ്യവും ചേർത്ത് വെച്ച് ഉള്ള കറുത്ത ഹാസ്യത്തിൽ പൊതിഞ്ഞ മലയാളത്തിലെ എക്കാലത്തെയും പൊളിറ്റിക്കൽ സറ്റയർ സിനിമയാണ് പഞ്ചവടിപ്പാലം.
‘വ്യാമോഹം’, ‘ഇനി അവൾ ഉറങ്ങട്ടെ’, ‘ഓണപ്പുടവ’, ‘മണ്ണ്’ തുടങ്ങിയ ആദ്യകാല ചിത്രങ്ങൾ അത്ര ശ്രദ്ധ പതിയാതെ പോയി എങ്കിലും അതും വേറിട്ടവ ആയിരുന്നു. രാപ്പാടികളുടെ ഗാഥയ്ക്ക് അന്ന് പുരസ്‌കാരങ്ങൾ ലഭിച്ചു, കൂടാതെ പത്മരാജനുമായുള്ള കൂട്ട്കെട്ടായിരുന്നു ആ സിനിമ. തിരക്കഥ പത്മരാജന്റേതായിരുന്നു. വേറിട്ടൊരു പ്രണയ കഥയാണ് ഉൾക്കടൽ. ജോർജ് ഓണക്കൂറിന്റെ നോവലിനെ അടിസ്ഥാമാക്കിയാണ് ഈ ക്യാമ്പസ് പ്രണയ ചിത്രം. ജോർജിന്റെ ശ്രദ്ധേയമായ ചിത്രമാണ് "മറ്റൊരാൾ" പ്രശസ്ത ചലചിത്ര നിരൂപകനും എഴുത്തുകാരനുമായ ഐ ഷൺമുഖദാസ് എഴുതിയ 'ദാമ്പത്യം എന്ന മുറിവ്' എന്ന ലേഖനം ഈ സിനിമയെ കുറിച്ച് വേറിട്ട ഒരു തലത്തെ തുറന്നു വെക്കുന്നു
സിനിമയെ കുറിച്ച് കെജി ജോർജ്ജ് തന്നെ പറഞ്ഞ വാക്കുകൾ പ്രസക്തമാണ് "സിനിമയെ ഞാൻ ക്രാഫ്റ്റായിട്ടാണ് കണ്ടത്. അതൊരു ക്രാഫ്റ്റ് വർക്കാണെന്ന് ആരും മറക്കരുത്. സിനിമ ഒരു കലാസൃഷ്ടി മാത്രമല്ല. നമ്മൾ പലപ്പോഴും കാണാതെ പോകുന്നതും ക്രാഫ്റ്റാണ്" അതുവരെ നടന്നുവന്ന മലയാള സിനിമയിലെ രീതികളെ പൊളിച്ചുവെന്നത് മലയാള സിനിമാ ചരിത്രത്തിലെ തിളങ്ങുന്ന ഏടാണ് ആരും, സഞ്ചരിക്കാത്ത ഇടത്തിലൂടെ സിനിമയിലെ പച്ചയായ ജീവിതത്തെ നിഗൂഢഭാഷ ചമയ്ക്കാതെ അഭ്രപാളിയിൽ എഴുതിച്ചേർത്ത ജോർജ്ജിനെ മലയാളത്തിന്റെ ഫെല്ലിനി എന്നാണ് പറയുന്നത്. അതുകൊണ്ടാകും ജോർജിനെ കുറിച്ച് എടുത്ത ഡോക്യുമെന്ററി ക്ക് ലിജിൻ ജോസ് 81/2 എന്ന് പേരിട്ടത് . സിനിമാക്കാരനായ ജോര്ജിനെയും പച്ചമനുഷ്യനായ ജോർജിനെയും സത്യസന്ധമായി ഈ ഡോക്യുമെന്ററിയിൽ അവതരിപ്പിക്കുന്നു. ഫെഡറിക്കോ ഫെല്ലിനിയുടെ "ലാ ഡോൾസ് വീറ്റ"യിൽ നിന്നുള്ള ഒരു സംഭാഷണം നമുക്ക് ജോർജിന്റെ സിനിമയെയും ജീവിതത്തെയും കൂട്ടി വായിക്കാൻ ഇവിടെ ചേർത്ത് വെക്കുന്നു, അവിടെ ഒരു സ്ത്രീ മാർസെല്ലോ മാസ്ട്രോയാനി കഥാപാത്രത്തോട് ഇങ്ങനെ പറയുന്നു പറയുന്നു, "നിങ്ങൾ ആരെയും സ്നേഹിക്കുന്നില്ല. നിങ്ങളുടെ ഹൃദയം അടഞ്ഞതും ശൂന്യവുമാണ്. നിങ്ങൾ ചിന്തിക്കുന്നത് സ്ത്രീകളെക്കുറിച്ചാണ്, അത് പ്രണയമാണെന്ന് നിങ്ങൾ കരുതുന്നു." എന്നാലും ഡോക്യുമെന്ററി ജോർജിന്റെ തൊട്ടടുത്ത് ഇരുന്നു കൊണ്ട് ഭാര്യ സൽമ തന്റെ ഭർത്താവിനെ "ഇതുവരെയുള്ള മലയാളത്തിലെ എല്ലാ സംവിധായകരിലും ഏറ്റവും മികച്ചവൻ" എന്ന് അംഗീകരിക്കുന്നു. മലയാള സിനിമയിലെ മികച്ച സംവിധായകൻ തന്നെയാണ് ജോർജ്. 1998ന് ശേഷം മലയാള സിനിമയിൽ സജ്‌ജീവമല്ലാതിരുന്നിട്ടും ജോർജ് അന്നും ഇന്നും നിറഞ്ഞു നില്കുന്നു, ഇനി എന്നും നിറഞ്ഞു നില്കും അതാണ് ആ പ്രതിഭയുടെ പ്രത്യേകത
-----------------------------------------------------------------------------------------------
25/909/2023
https://malayalanatu.com/archives/16905
പാരിസ്ഥിതിക പോരാട്ടങ്ങളുടെ ശില്പങ്ങൾ
ശില്പ പരിചയം
പരിസ്ഥിതി പ്രവർത്തകനും ആക്ടിവിസ്റ്റുമായ ആൻഡ്രീസ് ബോത്ത ലോകപ്രശസ്തനായ ശില്പി കൂടിയാണ്. ബോത്തയുടെ ശില്പങ്ങളുടെ കലാപരവും രാഷ്ട്രീയവുമായ പ്രസക്തി വിശകലനം ചെയ്യുന്നു.
ഫൈസൽ ബാവ
"മനുഷ്യനും പ്രകൃതിയും തമ്മിലുള്ള മറന്നുപോയ സംഭാഷണത്തെ" പ്രതീകപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതാണ് ആൻഡ്രീസ് ബോത്തയുടെ (Andries Botha ) ശിൽപങ്ങൾ. ബോത്തയ്ക്ക് ശില്പ നിർമാണം ഒരു രാഷ്ട്രീയ പ്രവർത്തനം കൂടിയാണ്. രാഷ്ട്രീയക്കാരനും ആക്‌സിറ്റിവിസ്റ്റുമായിരുന്നു അദ്ദേഹം. ബോധവത്കരണത്തിന്റെ ഭാഗമായിട്ടാണ് ബോത്ത ശില്പങ്ങൾ കൊത്തിവെച്ചത്. പാഴ്‌വസ്തുക്കൾ, വെറുതെ കളയുന്ന മരത്തടി എന്നിവയൊക്കെയാണീ ശില്പിയുടെ മാധ്യമം.
ലണ്ടനിലെ "പ്ലാനറ്റ് അണ്ടർ പ്രഷർ" എന്ന പരിപാടിയിൽ അദ്ദേഹം പങ്കെടുത്തിരുന്നു. കല, പരിസ്ഥിതി, രാഷ്ട്രീയം എന്നിവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതെങ്ങനെ എന്ന് വ്യക്തമാക്കുന്നതായിരുന്നു പരിപാടിയിലെ അദ്ദേഹത്തിന്റെ ഇടപെടലുകൾ. വിവിധ മേഖലകളിലെ നേതാക്കൾ സുസ്ഥിര വികസനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും നമ്മുടെ വാസഗ്രഹം നേരിടുന്ന ഭീഷണിയുമാണ് ചർച്ചയിൽ ഉന്നയിച്ചത്. അദ്ദേഹത്തിന്റെ ഇടപെടൽ കൊണ്ട് ബോത്ത ചർച്ചയെ സജീവമാക്കി. അക്കാലത്തെ സാമൂഹികവും രാഷ്ട്രീയവുമായ വെല്ലുവിളികളെക്കുറിച്ച് അഭിപ്രായം പറയാൻ അദ്ദേഹത്തിന്റെ കല ഉപയോഗിച്ചുകൊണ്ട് അദ്ദേഹം ശ്രമിച്ചു. ദക്ഷിണാഫ്രിക്കയുടെ പാരിസ്ഥിതിക പ്രശ്നങ്ങളിൽ നിരന്തരമായി ഒരു ആക്ടിവിസ്റ്റായി ഇടപെടുകയും ഒപ്പം ശില്പങ്ങളിലൂടെ ശക്തമായി പ്രതികരിക്കുകയും ചെയ്തു.
പരമ്പരാഗതമായ പരിശീലനങ്ങളിലൂടെയാണ് തന്റെ ശില്പകലയെ വളർത്തികൊണ്ടുവന്നത് എന്ന് ബോത്ത സമ്മതിക്കുന്നു. എന്നാൽ ഏറ്റവും പുതിയ സൃഷ്ടികൾ ഒട്ടുമിക്കതും പാഴ്‌വസ്തുക്കൾ കൊണ്ട് നിർമ്മിച്ച ഇൻസ്റ്റലേഷനുകളാണ്, സാധാരണക്കാരുമായി പെട്ടെന്ന് ഇഴകിച്ചേരാനും അതിലേക്ക് ആഴ്ന്നുപോയി ചിന്തിക്കാനും കഴിയുന്നതിനാൽ ഇൻസ്റ്റലേഷനുകൾക്ക് കൂടുതൽ ശ്രദ്ധ കിട്ടുന്നു. വംശനാശംനേരിടുന്ന വലിയ മൃഗങ്ങളാണ് തന്റെ ശില്പങ്ങളിലെ പ്രധാന വിഷയങ്ങൾ, അതിൽ തന്നെ ആനയാണ് ഒരു പ്രധാന വിഷയം, ആനയോളം ഭീഷണി നേരിടുന്ന വേറേതു ജീവിയുണ്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. അതിജീവനത്തിന്റെ ഓട്ടത്തിൽ വലിപ്പംകൊണ്ടു തോറ്റുപോകുന്ന ജീവിയാണ് ആന.
തന്റെ ഇൻസ്റ്റാളേഷനുകളിൽ ആന ഒരു പ്രധാന സാന്നിധ്യമാണ്. “എനിക്ക് ആനകളോട് ഒരു പ്രത്യേക സ്നേഹമുണ്ട്, അവ ഭീഷണമായ പാരിസ്ഥിതികാവസ്ഥയിൽ ജീവിക്കുന്ന ജീവികളാണ്. രോഗബാധിതമായ അന്തരീക്ഷത്തെ നേരിടാനും അതിനായി പുതിയ വഴികൾ കണ്ടെത്താനും പാടുപെടുമ്പോൾ അവരെ ഉചിതമായ പാരിസ്ഥിതിക അംബാസഡർമാരാക്കുകയാണ് ഈ ശില്പങ്ങളിലൂടെ ലക്ഷ്യമിടുന്നത്. അതാണ് എന്റെ ശില്പങ്ങളുടെ പ്രധാന ആകർഷണം. ബോത്ത പറയുന്നു.
ദക്ഷിണാഫ്രിക്കയുടെ കലുഷിതമായ രാഷ്ട്രീയ സാഹചര്യങ്ങൾക്കിയിലൂടെ തന്റെ കലാസപര്യ തുടരുകയാണീ ശില്പി. ആൻഡ്രീസ് ബോത്തയുമായി കരോൾ ബക്സർ നടത്തിയ അഭിമുഖം വായിക്കുമ്പോൾ ഈ കലാകാരന്റെ കലാ സൃഷ്ടിയെ കുറിച്ചും ആതിലൂടെ പറയുന്ന ഗ്രീൻ പൊളിറ്റിക്സിനെ കുറിച്ചും കൂടുതൽ മനസിലാക്കാൻ സാധിക്കും.
--------------------------------------------------------------------------------
ബഹുസ്വരയിൽ വന്നത്
24/9/2023
https://bahuswara.in/entertainment/f/പാരിസ്ഥിതിക-പോരാട്ടങ്ങളുടെ-ശില്പങ്ങൾ
Sunday 24 September 2023
ഗൗരിലങ്കേഷ്:കൊലപ്പെടുത്താനാകാത്ത പോരാട്ട വീര്യം
(സെപ്റ്റംബർ 5 ഗൗരി ലങ്കേഷ് ഓർമ്മ ദിനം)
മാധ്യമപ്രവർത്തകയും ആക്ടിവിസ്റ്റും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ശക്തയായ വിമർശകയായിരുന്ന ഗൗരി ലങ്കേഷിനെ ഹിന്ദുത്വ തീവ്രവാദികൾ വെടിവെച്ചു കൊലപ്പെടുത്തിയിട്ട് സെപ്റ്റംബർ അഞ്ചിന് ആറു വർഷം തികയുന്നു. ജീവന് ഭീഷണിയുണ്ടായിരുന്നിട്ടും വര്‍ഗീയത അജണ്ടയാക്കി പ്രവർത്തിക്കുന്ന ഭരണകൂടത്തേയും അതിന്റെ രാഷ്ട്രീയത്തെയും ജാതീയതയെയും തന്റെ എഴുത്തിലൂടെ തീവ്രമായി എതിര്‍ത്തിരുന്ന ഒരു മാധ്യമപ്രവര്‍ത്തകയായിരുന്നു ഗൗരി ലങ്കേഷ്, അതിനുവേണ്ടി ഗൗരി ലങ്കേഷ് പത്രികെ'യിലൂടെ ശക്തമായ വിമർശനങ്ങൾ പൊതു സമൂഹത്തിലേക്ക് പറത്തിവിട്ടു. പത്രാധിപ എന്ന നിലയിൽ ജനാധിപത്യത്തിന്റെ നാലാം തൂണെന്നതിനെ അതിന്റെ ഗൗരവത്തിൽ തന്നെ കാണുകയും പ്രവർത്തിക്കുകയും എഴുതുകയും ചെയ്ത മാധ്യമ പ്രവർത്തക. അതിന്റെ പ്രതിഫലനയിരുന്നു 2017 സെപ്റ്റംബർ 5ന് അക്ഷരങ്ങളെ ഭയക്കുന്നവരുടെ വെടിയുണ്ടയിൽ ആ ജീവൻ പിടഞ്ഞു വീണത്.
തീവ്രഹിന്ദുത്വസംഘടനയായ സനാദന്‍ സന്‍സ്തയുടെ പ്രവര്‍ത്തകനായ പരുശുറാം വാഗമോറെയാണ് ആ വെടിയുതിർത്തത്. ദാബോല്‍ക്കര്‍, പന്‍സാരെ, കല്‍ബുര്‍ഗി എന്നീ സമാനമായ മൂന്നു കൊലപാതകങ്ങൾക്ക് ശേഷമുള്ള കൊലപാതമനയിരുന്നു ഇത്. വെറുപ്പിന്റെ രാഷ്ട്രീയത്തെ ജനമനസ്സുകളിൽ ഉറപ്പിച്ച അങ്ങനെ അധികാരം തുടരാമെന്ന് തെളിയിച്ച ഭരണകൂടത്തിന്റെ നിശബ്ദ പിന്തുണയും ഇതിനുണ്ടായിരുന്നു എന്നത് ഭയത്തിന്റെ ആഴിയിലേക്ക് നയിക്കുന്നു. ആള്‍ക്കൂട്ടകൊലയും കലാപവും ഇന്ന് സാധാരണമായതിനു പിന്നിൽ ഈ ഭരണകൂട പിന്തുണയാണ്. 'ലങ്കേഷ് പത്രികെ' എന്ന ടാബ്ലോയ്ഡ് ഉയർത്തിവിട്ട അക്ഷരങ്ങളെ ഭയപ്പെട്ടു എന്നത് ഈ കൊലപാതകത്തിലൂടെ തെളിഞ്ഞു. എതിർക്കുന്നവരെ ഇല്ലാതാക്കുന്ന ഫാസിസ്റ്റ് രീതിയുടെ ബാക്കിപത്രമാണ് മേല്പറഞ്ഞവരൊക്കെ എങ്കിൽ അവർ കൊളുത്തിയ പ്രതിരോധത്തിന്റെ അലകൾ ഈ വർഗീയ കോമരങ്ങളെ നെഞ്ചുറപ്പോടെ നേരിട്ടുകൊണ്ടിരിക്കും എന്ന ഒരപ്പെടുത്തലാണ് ലങ്കേഷിന്റെ ഈ ദിനം ഉണർത്തുന്നത്, ഇനിയും ഗൗരി ലങ്കേഷ്മാർ ഇവിടെ വെടിയേറ്റ് വീഴാനുള്ള സാധ്യത ഇപ്പോൾ ഏറെയാണ്. മണിപ്പൂരിലും ഹരിയാനയിലും ഉണ്ടായ കലാപങ്ങളും കൊലപാതങ്ങളും തുടർച്ചയാകാത്തരിയക്കാൻ ഹിന്ദുത്വ തീവ്രവാദത്തിനെതിരായ പ്രതിരോധത്തിന്റെ ഓർമ്മപ്പെടുത്തലാണ് സെപ്തംബർ 5 ഗൗരി ലങ്കേഷ് ഓർമ്മ ദിനം.
Tuesday 5 September 2023
ഒരു ഇന്ത്യൻ കർഷകന്റെ യാത്ര
സിനിമാ പരിചയം
ഹ്രസ്വ സിനിമ : JOURNEY OF AN INDIAN FARMER (16Minut)
സംവിധാനം: ജോഷി ജോസഫ്
"ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ്" :- ഗാന്ധിജി
മുളകൾ ഉരയുന്ന ശബ്ദത്തോടെയാണ് ഒരു ഇന്ത്യൻ കർഷകന്റെ യാത്ര എന്ന ഹ്രസ്വ ചിത്രം ആരംഭിക്കുന്നത്. ഒരു തീവണ്ടിയാത്രയിലൂടെ ഒരു ഇന്ത്യൻ കര്ഷകനോടുള്ള ഇന്ത്യൻ മധ്യവർഗത്തിന്റെ കാഴ്ചപാട് എങ്ങിനെയാണ് എന്ന് ജോസി ജോസഫിന്റെ ഈ 16 മിനുട്ടുള്ള ഹ്രസ്വ ചിത്രത്തിലൂടെ കാണിച്ചുതരുന്നു. ഇന്ത്യൻ കർഷക സമൂഹത്തിന്റെ ചുമലിലാണ് ഇക്കാലമത്രയും ഇന്ത്യ സഞ്ചരിച്ചത് എന്ന യാഥാർഥ്യത്തെ ഇന്ത്യൻ ജനത അത്ര കാര്യമായി എടുത്തിട്ടുണ്ടോ എന്ന് സംശയമാണ് ഭൂരിപക്ഷം വരുന്ന ഗ്രാമീണ കർഷകരുടെ വിയർപ്പും അധ്വാനവും അതിനനുസരിച്ച രീതിയിൽ ആദരിക്കപ്പെടുന്നുണ്ടോ?
ഈ ഹ്രസ്വ ചിത്രത്തിൽ രാഷ്ട്രപതി ക്ഷണിച്ചു ചെല്ലുന്ന വൃദ്ധരായ കർഷക ദമ്പതിമാരുടെ ഡൽഹിയിലേക്കുള്ള യാത്രയാണ്. തീവണ്ടിക്കകത്ത് ഉള്ള മറ്റുള്ളയാത്രക്കാർ ഇവരെ കാണുന്നത് ഏതോ അപരിഷ്കൃത മനുഷ്യർ എന്ന നിലയിലാണ്. മധ്യവർഗ്ഗത്തിന്റെ കാപട്യവും നമുക്കതിൽ കാണാം, ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു യാത്രികന് വരുന്ന ഫോണിന് മറുപടി നൽകുന്നത് ഞാനിപ്പോൾ വളരെ പ്രധാനപ്പെട്ട ഒരു മീറ്റിങ്ങിലെന്നാണ്. ഫോർക്കും സ്പൂണും ഉപയോഗിച്ച് ഭക്ഷണം കഴിക്കുന്ന മറ്റു യാത്രക്കാർ കൈകൊണ്ട് ഭക്ഷണം കഴിക്കുന്ന കർഷക ദമ്പതികളെ അറപ്പോടെ നോക്കുന്നുണ്ട്.
ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ് എന്ന് ഗാന്ധിജി പറഞ്ഞത് ഈ കർഷകരെ കണ്ടാണ്, അവരാണ് അവർ മണ്ണിൽ കഠിനാധ്വാനം ചെയ്യുന്നത് കൊണ്ടാണ് നാം ഭക്ഷിക്കുന്നത്.
ഇന്ത്യയുടെ നട്ടെല്ലാണ് കർഷകർ. എന്നാൽ അവരുടെ അവകാശങ്ങൾക്ക് വേണ്ടി ഇന്നും അവർക്ക് തൊണ്ടകീറി ചോദിക്കേണ്ടി വരുന്നു. ഇന്ത്യയുടെ ആത്മാവും അതിന്റെ സ്പന്ദനവും ഇപ്പോഴും ഗ്രാമങ്ങളിലെ കര്‍ഷകരിലാണ് എന്നൊക്കെ നാം പലവട്ടം പറയുകയും എഴുതുകയും ചെയ്യുമെങ്കിലും അവരെ നാം എങ്ങനെ കാണുന്നു എന്നത് പ്രധാനമാണ്. ദേബ്ജ്യോതി മിസ്രയുടെ മനോഹരമായ പശ്ചാത്തല സംഗീതമാണ് ഈ സിനിമയിലെ മറ്റൊരു ആകർഷണം. മുളയുടെ ശബ്ദവും തീവണ്ടിയുടെ ശബ്ദവുമൊക്കെ അനുയോജ്യമായ രീതിയിൽ ചിട്ടപ്പെടുത്തിയിരിക്കുന്നു. ഒരു യാത്രയിൽ നിന്ന് തന്നെ നേർചിത്രം ആണ് ഈ സിനിമ, രാഷ്ടപതിയുടെ പുരസ്‌കാരം അടക്കം നിരവധി പുരസ്‌കാരങ്ങൾ ലഭിച്ച മലയാളത്തിന് അഭിമാനമായ കൽക്കത്തയിൽ പ്രവർത്തിക്കുന്ന ജോഷി ജോസഫിന്റെ ഈ ഹ്രസ്വ സിനിമ വളരെ കുറഞ്ഞ സമയംകൊണ്ട് ഇന്ത്യൻ കർഷകനെയും അവരോടുള്ള ജനങ്ങളുടെ സമീപനവും കൃത്യമായി അവതരിപ്പിച്ചു.
03/09/2023 ചന്ദ്രിക വാരാന്ത്യ പ്പതിപ്പിൽ പ്രസിദ്ധീകരിച്ചു വന്നു
Friday 1 September 2023
തകർന്നുകിടക്കുന്ന ലോകത്തിന്റെ ഛായാചിത്രങ്ങൾ
പ്രശസ്ത പോളിഷ് ആർട്ടിസ്റ്റ് പാവെൽ കുചിൻസ്കി (Paweł Kuczyński)യുടെ ഗ്രാഫിക്സ് കാർട്ടൂണുകളിലൂടെ, ആസ്വാദനം.
"Being famous on Social media is basically the same thing as being rich on Monopoly".
പുതിയ കാലത്തിന്റെ സാമൂഹിക മാധ്യങ്ങളുടെ വളർച്ചക്കൊപ്പം അവയുടെ ശക്തമായ വിമർശനങ്ങൾ വരയിലൂടെ പ്രതിഫലിപ്പിക്കുന്ന പോളിഷ് ആർട്ടിസ്റ്റാണ് പാവെൽ കുചിൻസ്കി (Pawel Kuczynski). സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവുമായ വിഷയങ്ങളെ ആക്ഷേപഹാസ്യത്തിലൂടെ അതിശക്തമായി അദ്ദേഹം ആവിഷ്കരിച്ചു. സാമൂഹിക മാധ്യമങ്ങൾ, ഇൻറർനെറ്റ്, മൊബൈൽ ഫോണുകൾ തുടങ്ങിയവയോടുള്ള ആസക്തി എന്നിവയാണ് പാവലിന്റെ ചിത്രീകരണത്തിന്റെ പൊതുവായ വിഷയങ്ങൾ. ഇലക്‌ട്രോണിക് മീഡിയയുടെ ദുരുപയോഗത്തെ അദ്ദേഹം കൃത്യമായി വരച്ചുകാട്ടുന്നു, പ്രത്യേകിച്ച് ലോകത്താകമാനം വ്യാപിച്ചുകഴിഞ്ഞ സാമൂഹിക മാധ്യമങ്ങളുടെയും അതിന്റെ എഡിറ്റർ ഇല്ലാത്ത ലോകത്തെയും അടിമത്ത മനോഭാവത്തേയുമൊക്കെ കുചിൻസ്കിയുടെ ചിത്രങ്ങൾക്ക് വിഷയമാകുന്നു. ഒപ്പം യുദ്ധവും വിശപ്പുമൊക്കെ കടന്നുവരുന്നു. . പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഇറ്റാലിയൻ ചിത്രകാരൻ കാരവാജിയോയാണ് പാവെൽ കുചിൻസ്കിക്ക് പ്രചോദനമായത്. എന്നാൽ അദ്ദേഹത്തിന്റെ ശൈലിയിൽ നിന്നും ഏറെ അകലം പാലിക്കുന്നു പാവെൽ കുചിൻസ്കി എന്നത് മറ്റൊരു കാര്യം. വർത്തമാന കാലത്തിന്റെ സോഷ്യൽ മീഡിയയുടെ പ്രവർത്തനങ്ങളെ സസൂക്ഷ്മം നിരീക്ഷിക്കുകയും വിമർശനാത്മകമായി കാണുകയും ചെയ്യുന്ന ഗ്രാഫിക് കാർട്ടൂൺ ശൈലിയാണ് പാവെൽ കുചിൻസ്കിയുടെ ചിത്രങ്ങളുടെ പ്രത്യേകത.
നമ്മളൊക്കെ നിരന്തരം ഉപയോഗിക്കുന്നു എങ്കിലും അതിനെ വേറിട്ട രീതിയിൽ കാണുകയാണ് കുചിൻസ്കി. സോഷ്യൽ മീഡിയയിൽ മുൻപന്തിയിൽ നിൽക്കുന്ന ഫേസ്ബുക്കാണ് അദ്ദേഹത്തിന്റെ രചനകളിൽ മിക്കവയ്ക്കും വിഷയമായത്. ഈ ചിത്രങ്ങളിലെ സാമൂഹിക മാധ്യമ വിമർശനത്തിലൂടെ പാവൽ കുസിൻസ്കി നൽകുന്ന ഊന്നൽ എന്താണ് എന്ന ചോദ്യം ഏറെ പ്രസക്തമാണ്. സാമൂഹിക മാധ്യമങ്ങൾ എഡിറ്റർമാരുടെ ഇടപെടൽ ഇല്ലാത്ത ഒരു ലോകത്തെ നമുക്ക് മുന്നിൽ തുറന്നു വെച്ചപ്പോൾ, ആധുനിക കാലത്തെ സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവുമായ ആവിഷ്കാരങ്ങൾക്ക് തുറന്ന ജനാധിപത്യ സ്വഭാവം ഉണ്ടായി. എന്നാൽ അതോടൊപ്പം തന്നെ വ്യാജ നിർമിതികളും കടന്നു കൂടി. അത് മാധ്യമ രംഗത്തെ മലീമസമാക്കി.
കൂടാതെ സാമൂഹിക മാധ്യമങ്ങൾ പൊതു ഇടങ്ങളിലെ ജനസമ്പർക്കങ്ങൾ പരിമിതപ്പെടുത്താൻ ഹേതുവാകുകയും ആളുകൾ നാലു ചുമരുകൾക്കുള്ളിലിരുന്നു കൊണ്ട് ലോകത്തെ കാണുവാനും സാമൂഹിക ഉത്തരവാദിത്തത്തിന് വിരുദ്ധമായ, യാഥാർഥ്യ ബോധം തൊട്ടുതീണ്ടാത്ത, നിക്ഷിപ്ത താല്പര്യത്തോടുകൂടിയ അഭിപ്രായങ്ങൾ രൂപപ്പെടുത്താനും പ്രചരിപ്പിക്കാനും തുടങ്ങി. തല കുനിച്ചു സ്‌ക്രീനിൽ മാത്രം കണ്ണും നട്ടിരിക്കുന്നവരായി നമ്മൾ മാറി എന്ന വസ്തുത വിളിച്ചോടുകയാണ് കുചിൻസ്കിയുടെ കൺട്രോൾ എന്ന ചിത്രം.ഇന്റർനെറ്റിന്റെ ആഴമേറിയ ഇടത്തിൽ ചെല്ലാതെ അതിന്റെ സാധ്യതകളെ
തിരിച്ചറിയാതെ, ആഴം കുറഞ്ഞ കുളത്തിൽ തുഴയുന്നവരാണ് നമ്മളിൽ അധികവും.
മാത്രമല്ല എഴുത്തിന്റെ, വാക്കുകളുടെ അനുഭവ സമുദ്രത്തെ അവഗണിക്കുകയും
ചെയ്യുന്നു എന്ന് സൂചിപ്പിക്കുന്ന ഒന്നിലേറെ ചിത്രങ്ങൾ ഉണ്ട്.
പുസ്‌തകത്തിലെ കടൽത്തിരയെ അത്ഭുതത്തോടെ നോക്കി നിൽക്കുന്ന കുട്ടിയാണ് ഓഷ്യൻ
എന്ന ചിത്രത്തിലെങ്കിൽ, പുസ്തകത്തിൽ ഒതുങ്ങിയ കടലും, എന്നാൽ ടാബ്ലെറ്റ്
തന്നെ ബാത്ടബ്ബ് ആയി ചിത്രീകരിക്കപ്പെട്ട ബാത് എന്ന കാർട്ടൂൺ സമകാലിക
യാഥാർഥ്യത്തെ വിളിച്ചോതുന്നു. അമിതമായ സാങ്കേതികവൽക്കരണത്തെ
പ്രതിരോധിക്കുന്ന വിമർശകൻ ആകുകയാണ് ഇവിടെ ചിത്രകാരൻ.
കഴുതയുടെ കണ്ണിനു മീതെ സ്മാർട്ട് ഫോൺ വെച്ചുകെട്ടിയ ചിത്രം മറ്റൊരു ശക്തമായ വിമർശനമാണ്. ഇവിടെ കഴുത മനുഷ്യരുടെ തന്നെ പ്രതിരൂപമാണ്. അമിത സാങ്കേതികതയാൽ മനുഷ്യർ അന്ധരായിരിക്കുന്നു, സ്വയം കണ്ടുപിടിച്ച സാങ്കേതിക വിദ്യ തെളിക്കുന്ന വഴിയിലൂടെ സഞ്ചരിക്കാൻ വിധിക്കപെട്ടവരോ അടിമപ്പെട്ടവരോ ആണ് മനുഷ്യർ എന്ന് സൂചിപ്പിക്കുന്ന ബ്ലിങ്കേഴ്സ് എന്ന ചിത്രം തികഞ്ഞ പരിഹാസമാണ്.
ട്വിറ്റർ ലോഗോയുടെ രൂപത്തിൽ അമേരിക്കൻ പ്രസിഡന്റ് ട്രംപ് വരുമ്പോൾ നിങ്ങൾ പ്രശസ്തനോ പണക്കാരനോ ആണെങ്കിൽ നിങ്ങൾക്ക് എന്തും ആകാം, നീതി വളരെ അന്ധമാണ് എന്ന രാഷ്ട്രീയ യാഥാർഥ്യം തുറന്നു വെക്കുന്നു. ഇതിനെ പ്രസിഡന്റ് എന്ന ചിത്രത്തിലൂടെ ലളിതമായി ചിത്രീകരിച്ചിരിക്കുന്നു. എലോൺ മസ്‌ക്ക് വിലക്ക് വാങ്ങിയ ശേഷം പക്ഷിയുടെ രൂപത്തിൽ നിന്നും X എന്ന ലോഗോയിലേക്ക് ട്വിറ്ററിന് മാറ്റം സംഭവിച്ചെങ്കിലും ഈ ചിത്രം ആ കാലത്തിന്റെ രാഷ്ട്രീയ ചിത്രമായി നിലനിൽക്കും.ബെർത്ത് ചിത്രത്തിലും വരുന്നത് ട്വിറ്റർ ലോഗോ തന്നെ. ഒരു മനുഷ്യകുഞ്ഞിനെ തൊട്ടിലോടുകൂടി എടുത്ത് പറക്കുന്നത് യഥാർത്ഥ പക്ഷിയാണ് എങ്കിൽ ട്വിറ്റർ പക്ഷി ഫോണാണ് എടുത്തു പറക്കുന്നത്. നാചുറാലിറ്റിയും സാങ്കേതികതയും തമ്മിലുള്ള പാരസ്പര്യവും അനിവാര്യതയും എന്നാൽ സാങ്കേതികതയുടെ മേല്കോയ്മയും നമുക്കതിൽ കാണാനാവും.
എലോൺ എന്ന ചിത്രത്തിലെ ഏകാന്തത ഭീകരമാണ്. ആയിരക്കണക്കിന് തരംഗങ്ങൾക്കിടയിൽ അയാൾ എങ്ങനെ ഏകാന്തനാകും എന്ന ചോദ്യം ബാക്കി നില്കുന്നു. ഭീമാകാരമായ ഒരു പൂച്ചയുടെ പൃഷ്ഠം ഫോട്ടോ എടുക്കുവാൻ കാത്തുനിൽക്കുന്ന മാധ്യമപ്രവർത്തകരുടെ ചിത്രം കാണുമ്പൊൾ സമകാലികമായ പലതിനോടും കൂട്ടികെട്ടാവുന്ന ഒന്നായി മാറുന്നു.
കുചിൻസ്കിയുടെ ഏറ്റവും നല്ല ചിത്രങ്ങളിൽ ഒന്നാണ് 'പെർഫെക്ട് ഗാർഡൻ.' ഗ്രാസ്സ് കട്ടിങ് ഡ്രില്ലർ കൊണ്ട് മനുഷ്യർക്ക് മീതെ ഓടിച്ചു എല്ലാം വെട്ടി സമമാക്കുകയാണ്. അങ്ങിങ്ങായി ഉയർന്നു നിൽക്കുന്ന തലകൾ യഥേഷ്ടം വെട്ടിമാറ്റപ്പെടും. ബാക്കിയുള്ളവർ തലകുനിച്ച് സ്മാർട്ട് ഫോണിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ ചുറ്റുമുള്ളത് അറിയുന്നില്ല.
ഫേസ്ബുക്ക് എന്ന ശീർഷകത്തിൽ ഒന്നിലേറെ ചിത്രങ്ങൾ ഉണ്ട്. കുമ്പസാരക്കൂട് ഫേസ്ബുക്ക് ലോഗോയാകുന്നു. കുമ്പസാരിക്കുന്നതത്രയും ലോകം മുഴുവൻ വിതറി, സ്വകാര്യതയിലേക്കു നടത്തുന്ന സോഷ്യൽ മീഡിയയുടെ കടന്നു കയറ്റം ഇവിടെ വിമർശിക്കപ്പെടുന്നു. കൂടാതെ അന്തർവാഹിനിയുടെ കുഴലായും ഒളിച്ചിരുന്ന് വീക്ഷിക്കുന്ന ടെലസ്കോപ്പായും ഫേസ്ബുക്ക് ലോഗോയെ വക്രീകരിച്ച് ചിത്രീകരിക്കുമ്പോൾ കുചിൻസ്കി നൽകുന്ന മുന്നറിയിപ്പും ശ്രദ്ധിക്കപ്പെടാതെ പോകരുത്.
ഫെയ്ക് ന്യൂസ് എന്ന ചിത്രം ശക്തമായ മറ്റൊരു രാഷ്ട്രീയ വിമർശനമാണ്. തോക്കിൻ കുഴലിന്റെ അറ്റം സ്മാർട്ട് ഫോണായാണ് അതിൽ ചിത്രീകരിക്കുന്നത്. ട്രിഗർ ട്വിറ്റർ ലോഗോയും. വ്യാജവാർത്താ നിർമിതിയിലൂടെ പ്രതിച്ഛായ വളർത്തി അധികാരം നേടുന്ന ഭരണാധികാരികൾക്ക് നേരെയും, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന മാധ്യമങ്ങൾക്ക് നേരെയുമാണ് ഈ തോക്ക് ചൂണ്ടപ്പെടുന്നത്.
സോഷ്യൽ മീഡിയ കഴിഞ്ഞാൽ കുചിൻസ്കിയുടെ പ്രധാന വിഷയം യുദ്ധവും ഭീകരവാദവും വിശപ്പും രാഷ്ട്രീയവും ആണ്. ഭീകരവാദവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് വയലിൻ എന്ന ചിത്രത്തിൽ. എക്സിക്ക്യൂഷൻ എന്ന ചിത്രം ഭീകരതയെ എടുത്തു കാണിക്കുന്നു. പാവൽ കുചിൻസ്കിയുടെ കാർട്ടൂണുകൾ സാമൂഹിക രാഷ്ട്രീയ നിരീക്ഷണങ്ങളാൽ സമ്പന്നമാണ്.
കലാലോകത്ത് ഇപ്പോഴും സജീവമായ പവൽ കുചിൻസ്കി പോളണ്ടിലാണ് ജനിച്ചതും പഠിച്ചതും. ഗ്രാഫിക്സിൽ പ്രഗത്ഭനായ ഈ കലാകാരൻ കഴിഞ്ഞകുറച്ച് വർഷങ്ങളായി ആക്ഷേപഹാസ്യ ചിത്രീകരണത്തിനാണ് ഏറെ സമയവും നീക്കിവെച്ചിരിക്കുന്നത്. അതിലൂടെ അദ്ദേഹത്തെ ഒട്ടേറെ പുരസ്‌കാരങ്ങൾ തേടിയെത്തി. അദ്ദേഹത്തിന്റെ ചിത്രങ്ങൾ യാഥാർത്ഥ്യത്തെ പ്രതിനിധീകരിക്കുന്നതോടൊപ്പം അതിന്റെ എല്ലാ വൈരുദ്ധ്യങ്ങളേയും പ്രശ്നങ്ങളും അതിന്റെ നിഷേധ വശങ്ങളെയും തുറന്നുകാട്ടുന്നു."തന്റെ ചിത്രങ്ങളിലൂടെ ഉയർന്നുവരുന്നത് തകർന്നുകിടക്കുന്ന ഒരു ലോകത്തിന്റെ ഛായാചിത്രമാണ്, ഒപ്പം സ്വയം വിമർശനവും" എന്നാണ് അദ്ദേഹം സ്വന്തം രചനകളെ വിലയിരുത്തുന്നത്. പാവെൽ കുചിൻസ്കിയുടെ ചിത്രങ്ങളിലെ സാമൂഹിക മാധ്യമ വിമർശനങ്ങൾക്ക് അതിനാൽ തന്നെ രാഷ്ട്രീയ സംബന്ധിയും ചരിത്രപരവുമായ പ്രാധാന്യമുണ്ട്.
-----------------------------------------------------------------------
wtplive.in | 2023 August 31 ലക്കം 174 🙏
ഈ ലിങ്കിൽ വായിക്കാം 👇
https://wtplive.in/Niroopanam-Vimarshanam/faizal-bava-about-pawel-kuczynski-political-art-satire-on-social-media-5056