Tuesday 5 September 2023

ഒരു ഇന്ത്യൻ കർഷകന്റെ യാത്ര

 സിനിമാ പരിചയം

 

 

 

 

ഹ്രസ്വ സിനിമ : JOURNEY OF AN INDIAN FARMER (16Minut)
സംവിധാനം: ജോഷി ജോസഫ്


 

"ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ്" :- ഗാന്ധിജി


മുളകൾ ഉരയുന്ന ശബ്ദത്തോടെയാണ് ഒരു ഇന്ത്യൻ കർഷകന്റെ യാത്ര എന്ന  ഹ്രസ്വ ചിത്രം ആരംഭിക്കുന്നത്. ഒരു തീവണ്ടിയാത്രയിലൂടെ ഒരു ഇന്ത്യൻ കര്ഷകനോടുള്ള ഇന്ത്യൻ മധ്യവർഗത്തിന്റെ കാഴ്ചപാട് എങ്ങിനെയാണ് എന്ന് ജോസി ജോസഫിന്റെ ഈ 16 മിനുട്ടുള്ള ഹ്രസ്വ ചിത്രത്തിലൂടെ കാണിച്ചുതരുന്നു. ഇന്ത്യൻ കർഷക സമൂഹത്തിന്റെ ചുമലിലാണ് ഇക്കാലമത്രയും ഇന്ത്യ സഞ്ചരിച്ചത് എന്ന യാഥാർഥ്യത്തെ ഇന്ത്യൻ ജനത അത്ര കാര്യമായി എടുത്തിട്ടുണ്ടോ എന്ന് സംശയമാണ് ഭൂരിപക്ഷം വരുന്ന ഗ്രാമീണ കർഷകരുടെ വിയർപ്പും അധ്വാനവും അതിനനുസരിച്ച രീതിയിൽ ആദരിക്കപ്പെടുന്നുണ്ടോ?  

ഈ ഹ്രസ്വ ചിത്രത്തിൽ രാഷ്ട്രപതി ക്ഷണിച്ചു ചെല്ലുന്ന വൃദ്ധരായ കർഷക ദമ്പതിമാരുടെ ഡൽഹിയിലേക്കുള്ള  യാത്രയാണ്.  തീവണ്ടിക്കകത്ത് ഉള്ള മറ്റുള്ളയാത്രക്കാർ  ഇവരെ  കാണുന്നത് ഏതോ അപരിഷ്കൃത മനുഷ്യർ എന്ന നിലയിലാണ്. മധ്യവർഗ്ഗത്തിന്റെ കാപട്യവും നമുക്കതിൽ കാണാം, ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു യാത്രികന് വരുന്ന ഫോണിന് മറുപടി നൽകുന്നത് ഞാനിപ്പോൾ  വളരെ പ്രധാനപ്പെട്ട ഒരു മീറ്റിങ്ങിലെന്നാണ്. ഫോർക്കും സ്പൂണും ഉപയോഗിച്ച് ഭക്ഷണം കഴിക്കുന്ന മറ്റു യാത്രക്കാർ കൈകൊണ്ട് ഭക്ഷണം കഴിക്കുന്ന കർഷക ദമ്പതികളെ അറപ്പോടെ നോക്കുന്നുണ്ട്.

ഇന്ത്യയുടെ ആത്മാവ്  ഗ്രാമങ്ങളിലാണ് എന്ന് ഗാന്ധിജി പറഞ്ഞത് ഈ കർഷകരെ കണ്ടാണ്, അവരാണ് അവർ മണ്ണിൽ കഠിനാധ്വാനം ചെയ്യുന്നത് കൊണ്ടാണ് നാം ഭക്ഷിക്കുന്നത്.
ഇന്ത്യയുടെ നട്ടെല്ലാണ് കർഷകർ. എന്നാൽ അവരുടെ അവകാശങ്ങൾക്ക് വേണ്ടി ഇന്നും അവർക്ക്  തൊണ്ടകീറി ചോദിക്കേണ്ടി വരുന്നു.   ഇന്ത്യയുടെ ആത്മാവും അതിന്റെ സ്പന്ദനവും ഇപ്പോഴും ഗ്രാമങ്ങളിലെ കര്‍ഷകരിലാണ് എന്നൊക്കെ നാം പലവട്ടം പറയുകയും എഴുതുകയും ചെയ്യുമെങ്കിലും അവരെ നാം എങ്ങനെ കാണുന്നു എന്നത് പ്രധാനമാണ്.  ദേബ്ജ്യോതി മിസ്രയുടെ മനോഹരമായ പശ്ചാത്തല സംഗീതമാണ് ഈ സിനിമയിലെ മറ്റൊരു ആകർഷണം. മുളയുടെ ശബ്ദവും തീവണ്ടിയുടെ ശബ്ദവുമൊക്കെ അനുയോജ്യമായ രീതിയിൽ ചിട്ടപ്പെടുത്തിയിരിക്കുന്നു. ഒരു യാത്രയിൽ നിന്ന് തന്നെ  നേർചിത്രം ആണ് ഈ സിനിമ,  രാഷ്ടപതിയുടെ പുരസ്‌കാരം അടക്കം നിരവധി പുരസ്‌കാരങ്ങൾ ലഭിച്ച മലയാളത്തിന് അഭിമാനമായ കൽക്കത്തയിൽ പ്രവർത്തിക്കുന്ന ജോഷി ജോസഫിന്റെ ഈ ഹ്രസ്വ സിനിമ വളരെ കുറഞ്ഞ സമയംകൊണ്ട് ഇന്ത്യൻ കർഷകനെയും അവരോടുള്ള ജനങ്ങളുടെ സമീപനവും കൃത്യമായി അവതരിപ്പിച്ചു.




 

 

 03/09/2023 ചന്ദ്രിക വാരാന്ത്യ പ്പതിപ്പിൽ പ്രസിദ്ധീകരിച്ചു വന്നു

 

 

 


No comments:

Post a Comment