Tuesday 29 January 2019

കടലോളം പരന്ന കുഞ്ഞുകഥകൾ

വായനാനുഭവം
പികെ പാറക്കടവിന്റെ കുഞ്ഞു കഥകളിലൂടെ

ടലിൽ കടുകല്ല കടുകിൽ കടലാണ് എന്ന പറഞ്ഞ പോലെയാണ് പാറക്കടവ് കഥകൾ മിനി കഥകൾ ആശയം കൊണ്ട് ഒരു നോവലിനോളം വലിപ്പം തോന്നിപ്പിക്കും   പാറക്കടവിന്റെ ആർദ്രം മിനിക്കഥാ സമാഹാരം അത്തരത്തിൽ കടുകിൽ കടൽ നിറച്ചു തരുന്നതാണ് ആ തിരയിളക്കവും ആഴവും തീവ്രതയും ഒക്കെ കഥകളിൽ നിന്നും കിട്ടും, പ്രണയത്തിന്റെയും പെൺഭാവങ്ങളുടേയും കഥകളാണിവ. "ദർശനങ്ങൾ ചോർന്നു പോകുന്ന കാലത്താണു പാറക്കടവ്‌ തന്റെ കുഞ്ഞു കഥകൾ തത്വചിന്തകളാക്കി മാറ്റുന്നത്‌. ചെറുതാവുക എന്നതിനർത്ഥം സൂക്ഷ്മമാവുക എന്നതാണു. ഭാവനാത്മകമായ നിർ വഹണം ആശയതലത്തിൽ മാത്രമല്ല വാക്കുതന്നെ ഭാവനയായി മാറുകയാണ്" (പി.സുരേന്ദ്രൻ). ഈ സമാഹാരത്തിനു മറ്റൊരു പ്രത്യേകത കൂടിയുണ്ട്‌. പാറക്കടവിന്റെ വിപുലമായ മിനിക്കഥാലോകത്ത്‌ നിന്നും പ്രണയഭാവവും പെൺഭാവവും നിറഞ്ഞ കഥകൾ മാത്രം ഉൾപ്പ്പെടുത്തിയ പുസ്തകമണ് ആർദ്രം. ഇതിൽ ഉൾപ്പെടുത്തിയ 'മൂന്നാമത്തെ രാത്രി' എന്ന കഥ ആദ്യം വന്നത്‌ ഞങ്ങൾ ഇറക്കിയ ഞാൻ തന്നെ എഡിറ്റർ ആയിരുന്ന  കാലം ഇൻല്ലന്റ്‌ മാസികയിലാണെന്നത്‌ ഈ പുസ്തകത്തോടുള്ള ഇഷ്ടം വർദ്ധിപ്പിക്കുന്നു.
*മൂന്നാമത്തെ രാത്രി* എന്ന കഥ.  *ആദ്യരാത്രി ആദ്യരാത്രി തന്നെ,രണ്ടാമത്തെ രാത്രി ആദ്യ രാത്രി പോലെ തന്നെ, മൂന്നാമത്തെ രാത്രിയാണ് കഥ നടക്കുന്നത്, അവളുടെ സൗന്ദര്യം ഊറ്റിക്കുടിച്ച് അയാൾ അവശേഷിച്ച അവളെ ജാലകവാതിൽ തുറന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞു, അയാളുടെ കരുത്ത് ഊറ്റിയെടുത്ത് ബാക്കിയായ അയാളെ അവൾ ചവറ്റുകൊട്ടയിലേക്കിട്ടു*  
 ആർദ്രത്തിലെ തന്നെ പ്രണയം നിറച്ച നിന്നോടുള്ള വർത്തമാനങ്ങൾ എന്ന കഥയിൽ  *"നിന്റെ കത്തുന്ന പ്രകാശത്തിൽ എന്റെ ചിറകുകൾ കരിഞ്ഞു. എന്നിട്ടും ചിറകുകളില്ലാതെ ഇഴഞ്ഞിഴഞ്ഞു നിന്നിലെത്തുന്നു. സ്വയം ഇല്ലാതായി നിന്നിലലിയാൻ"* എന്തൊരു എഴുത്ത്... 
*രഹസ്യം* എന്ന  കഥ എത്ര ചെറുത് പക്ഷെ അതിന്റെ വലുപ്പം അളക്കാൻ ആകുമോ *"രണ്ടറ്റവും കത്തുന്ന ഒരു മെഴുകുതിരയാണ് ഞാൻ" ഇരുട്ടിൽ അയാൾക്ക് പ്രകാശം പരത്തിക്കൊണ്ട് അവൾ പറഞ്ഞു. അയാൾക്ക് സഹിച്ചില്ല. അയാൾ അവളെ ഊതിക്കെടുത്തി. അങ്ങനെയാണ് അയാൾ ഒറ്റക്കായത്*  
സാമൂഹിക വിഷയങ്ങളിൽ പാറക്കടവ് തീർക്കുന്ന കഥകൾക്ക് കൂർത്ത അമ്പിന്റെ മൂർച്ചയാണ് മണ്ണാങ്കട്ടയും കരിയിലയും കാശിക്ക് പോയത് എക്കാലത്തും പ്രസക്തമായ കഥയാണ് മനുഷ്യൻ തമ്മിൽ ജാതി പറഞ്ഞു കൊല്ലുന്ന കാലത്തെല്ലാം പ്രസക്തം. അക്ഷരം അഗ്നിയാണ് എന്ന് പാറക്കടവ് തന്നെ എഴുതിയിട്ടുണ്ട്. എന്റെ പ്രിയപ്പെട്ട കൊച്ചുകഥകൾ എന്ന സമാഹാരത്തിൽ ഇത്തരത്തിൽ നിരവധി കഥകൾ *കേരളം* എന്ന കഥയിൽ *ശങ്കരൻ വീണ്ടും തെങ്ങിൻമേൽ കേറി രണ്ടു പെപ്സി, ഒരു സേവന അപ്, മൂന്ന് കൊക്കോകോള ഇത്രയും താഴേക്കിട്ടു* എത്ര ചുരുക്കി ഒരു സാമൂഹികാവസ്ഥയെ വിമർശിച്ചു
പ്രകൃതിയും, മണ്ണും, പെണ്ണും, പ്രണയവും ഒക്കെ കുറഞ്ഞ വാക്കുകളിൽ നിറഞ്ഞു വരുന്നു. ഓരോ കുഞ്ഞു കഥയും ഒട്ടേറെ വ്യാഖ്യാനങ്ങൾക്ക് വഴിവെക്കുന്നു. സന്തോഷവും കണ്ണീരും ആനന്ദവും കലാപവും ഒക്കെ കുഞ്ഞു വാക്കുകളിലൂടെ നിറയുന്നു, പ്രണയമെന്ന ജൈവഭാവത്തെ മണിഹരമായി വാക്കുകളിൽ നിറക്കാൻ പാറക്കടവിനു ആകുന്നു. വായിച്ചാലും മതിവരാത്ത കഥകൾ നമ്മളെ വേറൊരു ലോകത്തിലേക്ക്‌ കൊണ്ട്‌ പോകുന്നു. പാറക്കടവിന്റെ കുഞ്ഞു കഥകൾ വായിച്ചു ആസ്വാദിക്കാനുള്ളതാണ്....

ഗോത്രപാരമ്പര്യത്തിന്റെ വേരുകളാകുന്ന കഥകൾ

വായനാനുഭവം 
ടികെസി വടുതലയുടെ കഥകളിലൂടെ
                                                                                          Sculpture by Andries Botha
ലയാളിക്ക് മറക്കാൻ ആകാത്ത കഥാകൃത്താണ് ടികെസി വടുതല. ഗോത്രപരമ്പര്യത്തിന്റെ നേർചിത്രങ്ങൾ കഥയിൽ കൊണ്ടുവരാനും, കീഴാളന്റെ ഭാഷയെ സാഹിത്യ ഭാഷയാക്കി മുന്നിൽ നിർത്താനും കഥകളിലൂടെ ശ്രമിച്ച എഴുത്തുകാരൻ. 1940 കളിൽ കഥാലോകത്ത് തന്റേതായ പാത വെട്ടിത്തെളിച്ച ടികെസി മലയാള കഥയിലെ വന്മരങ്ങൾക്കൊപ്പം കഥാകളെഴുതി തന്റേതായ  ഇടം നേടിയ എഴുത്തുകാരനാണ്. *" എന്റെ ജീവിതവുമായി നേരിട്ട് ബന്ധമുള്ള സ്ഥലകാല സംഭവങ്ങളാണ് ഞാൻ കഥകൾക്കായി തെരെഞ്ഞെടുത്തിട്ടുള്ള വിഷയങ്ങൾ, അവയിൽ പലതും പറഞ്ഞു കഴിഞ്ഞതും പറയാത്തതും കണ്ടേക്കാം. പക്ഷെ ഞാൻ പറഞ്ഞത് എന്റെ ആത്മാവിന്റെ വേദനയ്ക്ക് അറുതിവരുത്താൻ വേണ്ടി മാത്രമാണ്"*  കഥ തന്റെ തന്നെ വേദനയാണ് എന്ന് അദ്ദേഹം പറയുമ്പോഴും സദാ ദുഖിതരും ആലംബഹീനരെയും കുറിച്ച് എഴുതുകയും അത് സമൂഹത്തിന്റെ എല്ലാവരുടെയും വേദനയാക്കി മാറ്റാനും ആയി എന്നതാണ് കഥകളുടെ പ്രത്യേകത, 

*ചങ്ക് രാന്തി  അട* എന്ന കഥ ഞാറ്റു പാട്ടുകളോടെയാണ് തുടങ്ങുനന്ത തന്നെ കഥകളിൽ നാടൻ പാട്ടുകളും വായ്ത്താരികളും ഉൾപ്പെടുത്താനും അതിന്റെ ആഴങ്ങളിലേക്ക് കഥയെ കൊണ്ടുപോകാനും ആകുന്നു. ആഴമേറിയ കീഴാള ജീവിതത്തിലൂടെ ഇറങ്ങി നടക്കുകയാണ് ജീവിതത്തിൽ ചെളിയിൽ ഇറങ്ങി ജീവിക്കുന്നവർക്കൊപ്പം കഥാകൃത്തും ചെളിയിലേക്ക് ഇറങ്ങുന്നു, 

*"തിങ്ങിനിറഞ്ഞു നിൽക്കുന്ന ഞാറുകൾക്കിടയിൽ  വരിവരിയായി അവർ നിരന്നുനിൽക്കുന്നു; കാൽമുട്ടുകൾവരെ ചളിയിൽ ആണ്ടുകൊണ്ട്, പ്രായമായവരും തരുണികളും ഉൾപ്പെടെയുള്ള പുലയസ്ത്രീകൾ. എണ്ണത്തിൽ തുലോം വലിയൊരു സംഖ്യയാണ് അവരുടേത്. ഒരു പട്ടാളയണിക്ക് തുല്യം അവർ മുന്നേറുകയാണ്. പക്ഷെ സംഹാരമല്ല, സർഗ്ഗാത്മകതയാണ് അവരുടെ സമരം"*

  കൊച്ചുകറുമ്പിയുടെ ജീവിതത്തിലൂടെയാണ് കഥ പോകുന്നത് ജീവിതത്തോളം ആഴമുള്ള പ്രണയം കഥയിൽ നിറഞ്ഞു നില്കുന്നു. തന്നെ വിട്ടകന്ന കണവനെ തേവരോളം സ്നേഹിച്ചു മതിയാകാതെ  ഒറ്റയ്ക്ക് ജീവിച്ചു തീർക്കുന്നു. ഇടക്ക് തന്നിലേക്ക് വരുന്ന  വെള്ളോനെ  അവൾ അകറ്റി നിർത്തുന്നു അവസാനം വെള്ളോൻ ആ മോഹം ഉള്ളിലൊതുക്കി പോകുന്നു 
*"ഇത്തര ചിരിക്കാൻ എന്താനിയേടാകെ?"*

*"ഒന്നുമില്ല" അവൻ പറഞ്ഞു.*

*"ഒന്നുമില്ലെങ്കിൽ പിന്നെ?"*

*"ചങ്ക് രാന്തിഅട നല്ല രുചിയുള്ളതായിരുന്നു"*     
*"ങ്ഹാ അതിനിപ്പം എന്നാ വേണം," അവളുടെ ചുണ്ടു വിറച്ചു. പല്ലുകൾ കടിച്ചുഞെരിച്ചുകൊണ്ടാണവൾ അത്രയും പറഞ്ഞത്* 

*"ഒന്നും വേണമെന്നില്ല." അവൻ സാവധാനം പറഞ്ഞു തുടങ്ങി "പക്ഷെ ചത്തവർക്ക് അടയും വെച്ചുകൊണ്ട് കാത്തിരിന്നിട്ടു ഫലമില്ലെന്നു ഇനിയെങ്കിലും മനസ്സിലാക്കിയാൽ നന്ന്" അവളുടെ മറുപടിക്ക് കാത്തുനിൽക്കാതെ .അവൻ നടന്നു"* 

ഒറ്റക്കെന്നും പെൺജീവിതം അത്യന്തം ദുസ്സഹം തന്നെ എന്ന് അന്നും ഇന്നും മാറ്റം ഇല്ലാതെ തുടരുന്നു പെണ്ണിന്റെ പ്രണയം ആഴത്തിലുള്ളതാണ് എങ്കിലും ആൺ കണ്ണുകൾക്ക് അവളൊരു ശരീരമാണ്. 

*അച്ചണ്ട വെന്തീഞ്ഞ ഇന്നാ!* കഥകളുടെ   ഈപേരുകൾ തന്നെ കൊളോക്കിയൽ ഭാഷയെ ചേർത്തുവെച്ചുകൊണ്ടു രൂപപ്പെടുത്തിയതാണ് കണ്ടങ്കോരൻ ദേവസ്സിയായി മതം മാറുന്നതോടെ തുടങ്ങുന്ന കണ്ടോരൻ എന്ന ദേവസ്സി തന്റെ ജീവിതത്തിൽ നേരിട്ട നിർണ്ണായക ഘട്ടത്തെ കൊച്ചുതമ്പാൻ തന്റെ മതത്തിലേക്ക് മാമോദീസ മുക്കി ദേവസ്സിയാക്കി മാറ്റി. മാറാരോഗത്തെ അകറ്റി ദേവസ്സിക്ക് പുതുജീവിതവും സ്വാതന്ത്ര്യവും നൽകി എന്നാണ് കൊച്ചുതമ്പാന്റെ അഭിപ്രായം. എന്നാൽ ദേവസ്സിക്ക് അവിടെയും അധികം നില്ക്കാൻ ആയില്ല താൻ അണിഞ്ഞ വെന്തീഞ്ഞ അഴിച്ചു വികാരിയച്ചന് നൽകി പഴേ കണ്ടാരനിലേക്ക് തന്നെ അയാൾ നടന്നു നീങ്ങി. 
 ഇത്തരത്തിൽ കീഴാള ജീവിതത്തിലൂടെ ആഴത്തിൽ ഇറങ്ങിയ കഥകളാണ് ടികെസി വടുതലയുടേത്. ഒരു കാലഘട്ടത്തെ ആ സാമൂഹിക ജീവിത പരിസരത്തെ ഏറ്റവും താഴെയുള്ളവനൊപ്പം നിന്നുകൊണ്ട് പറഞ്ഞ കഥകൾ. *അങ്കാ എറങ്ങിക്കെടെന്റെ കണ്ടങ്കാരാ, ആൻ മകാ ചീമേനി!, എണ്ട വിതിയാ, നേതാവിന്റെ ബ്ലീച്* ഇങ്ങനെ നിരവധി കഥകൾ, ടികെ ചാത്തൻ എന്ന ടികെസി വടുതലയെ മലയാളിക്ക് മറക്കാൻ ആകില്ല.  

Friday 18 January 2019

ചരിത്രഗന്ധമുള്ള മയിലുകൾ
വായനാനുഭവം(ഡോ.വി കെ മുഹമ്മദ് കുട്ടിയുടെ "സാഠ്മഹലിലെ മയിലുകൾ" എന്ന നോവലിന്റെ വായനാനുഭവം)

ചരിത്രത്തെ എങ്ങനെ ഒക്കെയാണ് വായിക്കേണ്ടത് എന്ന ചോദ്യത്തോടെയാണ് ഡോ.വി കെ. മുഹമ്മദ് കുട്ടിയുടെ ' സാഠ്മഹലിലെ മയിലുകൾ' എന്ന നോവൽ വായിക്കേണ്ടത്. ജീവിതത്തെ വ്യത്യസ്തമായ അനുഭവങ്ങളിലൂടെ സഞ്ചരിക്കുകയും ചരിത്രത്തിലെ അത്രയൊന്നും തെളിയാതെ കിടക്കുന്ന ഇടത്തിലേക്ക് സർഗാത്മകമായ സഞ്ചാരം കൂടിയാണ് ഈ നോവൽ. പ്രശസ്ത നോവലിസ്റ്റ് സി. രാധാകൃഷ്ണൻ ഈ നോവലിനെ കുറിച്ചു പറഞ്ഞത് പ്രസക്തമാണ്. "ചരിത്രത്തെ ഇങ്ങനെയൊക്കെ വായിക്കാമോ എന്ന ചോദ്യം ഉയരാം, സാമ്പ്രദായിക ചരിത്രപഠന രീതികൾ ഇവിടെ പുരികം വളച്ച് കൂർപ്പിച്ചു നോക്കിയേക്കാം. ഈ പ്രതിരോധത്തിന്റെ വിവിധ മാനങ്ങൾ ഇതിലെ ഗവേഷകർ തന്നെ ചർച്ച ചെയ്യുന്നുണ്ട്. ആ ചർച്ചകൾ അവരുടെ ജീവിതവീക്ഷണത്തിലും അഭിരുചികൾക്കും നിദർശനങ്ങളായി ഭവിക്കുമ്പോൾ , അവരുടെ കരണപ്രതികരങ്ങൾ മറ്റൊരു സമാന്തര കഥയായി രൂപപ്പെടുന്നു. രണ്ടു കഥകളും ഒരുമിച്ചാണ് പുരോഗമിക്കുന്നത്. ഇവ രണ്ടും തമ്മിൽ ഒരു ബന്ധവുമില്ലെന്ന നമ്മുടെ പ്രാരംഭ ധാരണ കഥ അല്പം പുരോഗമിക്കുന്നതോടെ തകിടം മറിയുന്നു." ഈ നോവൽ ചരിത്രത്തിലേക്ക് ഇറങ്ങി ആ പൗരാണിക ഗന്ധം നമ്മളിലേക്ക് എത്തിക്കുന്നു. ഗവേഷണതിനുള്ളിലെ ഗവേഷണം നമ്മെ അത്ഭുതപ്പെടുത്തും. ചരിത്ര ഗവേഷകയായ പ്രൊഫസർ സ്നിതയും, ഗവേഷക വിദ്യാർഥിയായ അരുണും ആണ് കേന്ദ്ര കഥാപാത്രങ്ങൾ. തീക്ഷ്ണമായ ജീവിത പശ്ചാത്തലങ്ങളിലൂടെ കടന്നുപോകുമ്പോൾ ഇവരുടെ ബന്ധത്തെ നാം മറ്റൊരു തരത്തിൽ മുൻവിധിയിൽ എത്തുമെങ്കിൽ, ഒരിക്കലും പ്രവചിക്കാനാവാത്ത നമ്മളെ നിരന്തരം അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഒരു രസവിദ്യയിലൂയാണ് സ്നിത എന്ന കഥാപാത്രത്തെ സൃഷ്ടിച്ചിട്ടുള്ളത്. വായന തുടരുമ്പോൾ മുൻവിധികളെല്ലാം കുടഞ്ഞു കളയേേണ്ടി വരും. ശവക്കല്ലറ തുറന്ന് മാഞ്ഞുപോയ ചരിത്രത്തിലൂടെ അതിലെ കാടും പൊന്തയും വെട്ടിമാറ്റി പുതിയൊരു തലം വായനക്കാരുടെ മുന്നിലേക്ക് ഇട്ടുതരുന്നു. നോവലിൽ
പറയുന്ന അത്ഭുതപ്പെടുത്തുന്ന ചരിത്രം പോലെ ഒരു അത്ഭുതപ്പെടുത്തുന്ന കഥാപാത്രം തന്നെയാണ് സ്നിത. പ്രവചനാതീതമായ സ്വാഭാവ വിശേഷണമുള്ള അവരുടെ രീതികളെ സ്വഭാവത്തകരാറ് എന്നാണ് അവരോട് ദേഷ്യമുള്ളവർ പറയുന്നത്. അവരെ കണ്ടാൽ അവരുടെ ബാധ കേറുമോ എന്ന ആശങ്ക അരുണിലും ഉണ്ട്. അവരുടെ സൗന്ദര്യത്തിൽ മനസ് ചാഞ്ചാടുന്നുമുണ്ട്. എന്നാൽ സ്ത്രീപക്ഷമെന്ന് വിളിക്കാവുന്ന ഒരു രീതിയിലാണ് നോവൽ പോകുന്നത്. ചരിത്രത്തെ സൃഷ്ടിക്കപ്പെട്ട സംഭവങ്ങളിൽ ഒക്കെ സ്ത്രീകളുടെ പങ്കുണ്ടെന്നും സ്നിത പറയുന്നുമുണ്ട്. പിഎച്ച്ഡിക്ക് സ്നിത തന്നെ ഗൈഡാവണം എന്ന അരുണിന്റെ ആവശ്യം അവർ സ്വീകരിക്കുന്നു. ക്രൂസേഡ്‌സ് തന്നെ വിഷയമായലോഎന്നു അരുൺ ചോദിക്കുമ്പോൾ
"ക്രൂസേഡ്‌സിൽ ക്രിസ്ത്യാനികളുടെ പക്ഷംപിടിക്കാനൊന്നും എന്നെ കിട്ടില്ല കേട്ടോ, രണ്ടു ഭാഗത്തും മുറിവുകൾ ഉണ്ടായിട്ടുണ്ട്, പക്ഷെ അതല്ല കാര്യം"
ചരിത്രത്തിൽ നിർമിതിയിൽ സ്ത്രീകളുടെ സങ്കടങ്ങൾ എവിടെയും എഴുതിചേർക്കാതെ കിടന്നു.
"അതിന്റെയൊക്കെ പിന്നിൽ ഒരുപാട് പാവം പെണ്ണുങ്ങളുടെ സങ്കടങ്ങളുണ്ട്, മനസ്സുറപ്പുള്ള പെണ്ണുങ്ങൾ! അവരെ ആരും ഗൗനിക്കാറില്ല" ഇത്തരത്തിൽ ആരും ഗൗനിക്കാത്ത സ്ത്രീകളുടെ ഒരു ലോകത്തേക്ക് നമ്മെ കൊണ്ടുപോകുമ്പോൾ സ്നിത എന്ന സ്ത്രീയുടെ മാനസികാവസ്ഥയിലൂടെ കൂടിയാണ് കടന്നുപോകുന്നത്. ഒരേ സമയം ചരിത്രത്തിൽ മാഞ്ഞുപോയ മനസ്സുറപ്പുള്ള പെണ്ണിന്റെ വിശേഷണങ്ങൾ ആവാഹിച്ച വർത്തമാനകാലത്തെ പെണ്ണായി സ്നിതയെ കാണാം. എന്നാൽ ഒരു തല തിരിഞ്ഞ പെണ്ണായി സ്നിതയെ കാണാനാണ് പലർക്കും താല്പര്യം, എന്നാൽ അവളുടെ മനസ്സുറപ്പുകൊണ്ട് അതിനെയെല്ലാം തൃണവൽക്കരിക്കുന്ന ഒരു സ്വാഭാവ രീതി അവളിൽ ഉണ്ട്. പിഎച്ച്ഡിക്കുവേണ്ടി നടത്തുന്ന ഗവേഷണം ഒരു വിനോദയാത്ര പോലെ നൂറ്റാണ്ടുകൾക്കു പിന്നിലേക്ക് ഇറങ്ങി പോകുന്ന അവസ്ഥയാണ്. ഒരു റഫറൻസ് ഗ്രന്ഥം വായിക്കുന്ന പോലെ അനുഭവിക്കുന്ന ഒരു രചനാ തന്ത്രം നോവലിസ്റ്റ് ഒളിപ്പിച്ചു വെച്ചിട്ടുണ്ട്. രസകരമല്ലാതകാൻ സാധ്യതയുള്ള ഒരു ചരിത്ര വിഷയത്തെ ഈ തന്ത്രത്തിലൂടെ മറികടക്കുന്നുമുണ്ട്. അതാണ് ഈ നോവലിന്റെ പ്രധാന വിജയം.തുർക്കിയിലെ ഭൂമികയിലേക്ക് കയറിച്ചെല്ലുന്നത് നാം അറിയുന്നേയില്ല. ഒരു കൊട്ടാരം കാണാൻ പോകുന്ന ആവേശത്തോടെ ഇസ്താംബുളിൽ വായനക്കാര് എത്തുകയും ചരിത്രപ്രാധാന്യമുള്ള ഗോൾഡൻ ഹോണ് ഹാർബർ വഴി എത്തുമ്പോൾ അത്തരം അറിവുകൾ പറഞ്ഞു തരുന്ന രീതി നമ്മെ ആലോസരപ്പെടുത്തുന്നില്ല.
"ഗോൾഡൻ ഹോണ് എന്ന പേര് വന്നതറിയില്ലേ? പണ്ട് കുരിശുയുദ്ധത്തിൽ സുൽത്താൻമാരുടെ ആക്രമം ഭയന്ന് ഓടിപ്പോയ ബൈസാന്റയിൻ ജനത ഇട്ടേച്ചു പോയ സ്വർണ്ണ ഉരുപ്പിടികൾ അവിടെയാണ്. കണ്ടില്ലേ, സൂര്യപ്രകാശത്തിൽ അവിടെ മാത്രം വെട്ടിത്തിളങ്ങുന്നത്!" ഇങ്ങനെ ചരിത്രവും ഐതിഹ്യവും കൂടികലർന്ന ഒരു നോവലാണ് സാഠ്മഹലിലെ മയിലുകൾ, ചരിത്രത്തിൽ രേഖപ്പെടുത്താതെ പോയ ഒരു അടിമയുടെ ഐതിഹാസിക ജീവിതം ഒരു മിത്തായി മുളച്ചുവരുന്ന നാടകീയ രീതിയാണ് ആഖ്യാനത്തിന്റെ പ്രത്യേകത. കഥക്കുള്ളിൽ രൂപപ്പെടുന്ന സമാന്തരമായ മറ്റൊരു കഥയും അതിന്റെ മുന്നോട്ടുള്ള ഓരോ യാത്രയിലും പ്രവചിക്കാനാവാത്ത തരത്തിൽ ഉള്ള മാറ്റങ്ങൾ നടത്തി എഴുത്തുകാരൻ അപകടകരമായ വഴി സ്വീകരിക്കുന്നത്. ഇരുവശങ്ങളിലും ഉള്ള ആഴമേറിയ ഗർത്തത്തിന് മുകളിലൂടേ ഒരു അഭ്യാസിയുടെ മെയ് വഴക്കത്തോടെ അനായാസ യാത്ര. ഒരു എഴുത്തുകാരനെ സംബന്ധിച്ച് ഇത് കൈവിട്ട കളിയാണ്. എന്നാൽ ആ കളിയിൽ എഴുത്തുകാരൻ വിജയിക്കുന്നുമുണ്ട്.

ഓരോ അദ്ധ്യായവും പുതിയ ചരിത്രകഥകളിലൂടെ സഞ്ചരിക്കുന്ന പ്രതീതിയാണ് വായനക്കാരന്. ഓട്ടോമാൻ കൊട്ടാരത്തിന്റെയും അതിനകത്തെ അന്തപ്പുര കന്യകമാരുടെ കഥ ഒരിടത്തു വിശദീകരിക്കുന്നുണ്ട്.
"സുൽത്താന്റെ ഭാര്യമാർ, വെപ്പാട്ടികൾ, സന്താനങ്ങൾ, അടിമകൾ എന്നിവർക്കായി അഞ്ഞൂറോറോളം മുറികളുള്ള കെട്ടിടം. ഒരു ഭാഗത്ത്‌ പ്രധാന ഭാര്യ വാലിദേ സുൽത്താനയുടെ ആർഭാടം നിറഞ്ഞ കൊട്ടാരം. മറുവശത്ത് ഇടുങ്ങിയ ഇടനാഴികളും ഇരുളടഞ്ഞ മുറികളുമുള്ള നിരവധി കെട്ടിടങ്ങൾ.
സാമന്തരാജ്യങ്ങളിലെ പ്രഭുക്കന്മാര് സമ്മാനികുന്ന കന്യകമാരും യുദ്ധത്തിൽ പിടിച്ചടക്കുന്ന അടിമകളുമാണ് ഒഡാലിസ്കെക്കുകൾ. ഇവരിൽ വലിദേ തിരഞ്ഞെടുക്കുന്ന സുന്ദരിമാരാണ് വെപ്പാട്ടികൾ. അതിൽത്തന്നെ സുൽത്താന് താത്പര്യമുള്ളവർക്കുമാത്രം ഭാര്യമാരുടെ കൊട്ടാരത്തിൽ പ്രവേശനം-അവരാണ് 'ഇഖ്ബാ'കൾ. ഇഖ്ബാ ഗർഭിണിയായാൽ പ്രത്യേകപദവിയാണ്-ഹാസികീൻ. അവൾ പ്രസവിച്ചത് ആണ്കുട്ടിയാണെങ്കിൽ അമ്മയ്ക്ക് സ്ഥാനക്കയറ്റം. പിന്നെ അടുത്ത സുൽത്താൻ പദവിക്ക് വേണ്ടിയുള്ള അമ്മയുടെ അങ്കമാണ്. അതിൽ എല്ലാ അടവുകളും പ്രയോഗിക്കുന്നു..." ഇത്തരത്തിൽ ഒരു ചരിത്ര പുസ്തകം പോലെ കൃത്യമായി വിശദീകരിച്ചു നോവൽ കടന്നുപോകുന്നു.

സ്നിത എഴുത്തുവെച്ച ചരിത്രക്കുറിപ്പുകളിലൂടെ ഗവേഷകനായ അരുണും സഹദയും ഹീരയുമൊക്കെ നടന്നു പോകുമ്പോൾ ഒപ്പം വായനക്കാരും അതേ അന്വേഷണത്വരയോടെ നീങ്ങും. സാഠ്മഹലിലെ ചരിത്രം തേടിയുള്ള യാത്രയിൽ മൂടപ്പെടാതെ പോയ ശവക്കല്ലറയിലേ അദ്ഭുതകരമായ കഥയും അത്ര തന്നെ വിസ്മയങ്ങളൊക്കെയുള്ള പുരാതനമിത്തുകളായ കഥാപാത്രങ്ങളായി ഇടക്ക് മാറുന്ന സ്നിത ചിലപ്പോൾ സൈനബ് ആണ്, ചിലപ്പോൾ ഗ്രാമവാസികളെ മുഴുവൻ രക്ഷിക്കുന് ബീഗം സൈദയാണ്, സൂഫി സംഗീതത്തോടൊപ്പം ഒഴുകുന്ന പ്രണയിനിയാണ്, അരുണിന്റെയും സഹദയുടെയും ഹീരയുടെയും പിഎച്ച്ഡി ഗവേഷണമുഖത്തുള്ള മനസിലാകാത്ത ഗൈഡാണ്. യൂണിവേഴ്‌സിറ്റിയിൽ അവർ തല തിരിഞ്ഞ ഗവേഷണത്തിന്റെ പേരിൽ അലഞ്ഞുതിരിയുന്ന പെണ്ണാണ്. തുർക്കിയും ഇറാനും ഇന്ത്യയും ഒക്കെ പശ്ചാത്തലമാകുന്ന മായിലുകളുടെ മണം നിറഞ്ഞു നിൽക്കുന്ന ചരിത്ര ഭൂമികയിലേക്ക് ഇറങ്ങി ചെല്ലുന്ന വ്യത്യസ്തമായ ഒരു രചനാ പാടവം ഈ എഴുത്തിൽ കാണാം.
മുഹമ്മദ്കുട്ടി എന്ന എഴുത്തുകാരന്റെ മറ്റൊരു കയ്യൊപ്പാണ് ഈ നോവൽ. ആദ്യ നോവലായ 'തസ്കിയ'യിൽ തികച്ചും വ്യത്യസ്തമായ രചനാ ശൈലിയും വിഷയവുമാണ് സാഠ്മഹലിലെ മയിലുകൾ എന്ന നോവലിൽ അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്. ശിശുരോഗ വിദഗ്ദ്ധൻ, ചിത്രകാരൻ എന്നീ മേഖലകളിലും തന്റെതായ കയ്യൊപ്പ് ചാർത്തിയിട്ടുണ്ട്. ഏറെ കാലം യു.എ ഇ മിനിസ്ട്രി ഓഫ് ഹെൽത്തിൽ
ശിശുരോഗവിദഗ്ദ്ധനായി സേവനമനുഷ്ഠിച്ച അദ്ദേഹം ഇപ്പോൾ മലപ്പുറം ജില്ലയിലെ എടപ്പാളിൽ ഒരു സ്വകാര്യ ആശുപത്രിയിലാണ്. എഴുത്തും ചിത്രകലയും ചികിത്സയും എല്ലാം കൂടികലർന്ന ഒരു ബഹുമുഖ പ്രതിഭയാണ് ഡോ.വി കെ മുഹമ്മദ് കുട്ടി.

--------------------------------------------------------------------------------
Publication: National Book Stall


Published by Gulf Siraj Daily Njayarazhcha 6-1-2019

Sunday 13 January 2019

ചേറപ്പായി കഥകൾ

വായനാനുഭവം
ഐപ്പ് പാറമേലിന്റെ ചേറപ്പായി കഥകളിലൂടെ 

കാമ്പുള്ള ഹാസ്യത്തെ കഥയിൽ കൂട്ടിച്ചേർത്തു ഒരേ സമയം ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും കഴിയുന്ന കഥകളാണ് ഐപ്പ് പാറമേലിന്റെ കഥകൾ ചേറപ്പായി വക്കീൽ ഒരു കാലഘത്തോടൊപ്പം സഞ്ചരിക്കുകയും വായനക്കാരിൽ മായാതെ നിറഞ്ഞു നിന്നതുമാണ്, തൃശൂരിന്റെ ഭാഷയുടെ  കൊളോക്കിയൽ സവിശേഷത കഥകളിൽ നിറയുന്നു ഒപ്പം ജീവിതത്തെ ആത്മാര്ഥതയുടെ തൊടുന്ന കഥകളും കൂടിയാകുന്നു. ഒരു കഥയിൽ നിന്നും മറ്റൊരു കഥയിലേക്ക്‌ ഇറങ്ങുന്ന രീതിയാണ് ചേറപ്പായി കഥകൾക്ക്. 
മാത്തുണ്ണി  കുഞ്ഞിത്താണ്ടാ ദമ്പതികളിൽ പിറന്ന ചേറപ്പായി. വിഷവിത്തെന്നു മാത്തുണ്ണിയമ്മാൻ... മാത്തുണ്ണി പുരാണം തുടങ്ങുമ്പോൾ ചേറപ്പായിയെ കുറിച്ചുള്ള ഒരു ചിത്രമിതാണ്. ചേറപ്പായിക്ക് കിട്ടുന്ന ഓരോ ചൂരൽ കഷായവും കുഞ്ഞിത്തണ്ടയെ   കരയിപ്പിച്ചുകൊണ്ടിരുന്നു മാതാവിന് മെഴുകുതിരി കത്തിച്ചു ഉണ്ടായ ചേറപ്പായി നിരയാകും എന്ന് തന്നെ കുഞ്ഞിത്തണ്ടയുടെ മാതൃഹൃദയം പറഞ്ഞു. ചേറപ്പായിയുടെ പിതാവ് മാത്തുണ്ണിയുടെ ജീവിതത്തെ കുറിച്ചാണ് മാത്തുണ്ണി പുരാണം എന്ന കഥ. രണ്ടു കഥാപാത്രങ്ങളുടെ വ്യത്യാസങ്ങൾ നമുക്കതിൽ കാണാൻ ആകും 
 ചേറപ്പായിടെ വികൃതികാലമാണ് രോഗിയും വൈദ്യനും എന്ന ഭാഗത്ത്. ചേറപ്പായിക്ക് പരീക്ഷയിൽ ഫസ്റ്റ് ക്‌ളാസ്സ് കിട്ടുക എന്നത് അത്ഭുതം ആയിരിന്നു ഒരിക്കലും ജയിക്കാൻ സാധ്യത പോലുമില്ലാത്ത  ശങ്കരങ്കുട്ടി ജയിച്ചത്  ചേറപ്പായിയെ  ഓടിച്ചിട്ട് പിടിച്ചു പറഞ്ഞ ശങ്കരന്കുട്ടിയോടു ചേറപ്പായി ചോദിക്കുന്നുണ്ട് അപ്പോൾ ഞാനോ?. അവർ ഒന്നിച്ചു വേലുക്കുട്ടി മാഷിനെ കാണുന്നു അപ്പഴാണ് തനിക്ക് ഫസ്റ്റ്ക്ലാസുണ്ടെന്ന് ചേറപ്പായി അറിയുന്നത്    അപ്പോൾ ഊഹിക്കാമല്ലോ  ചേറപ്പായി കുസൃതികൾ.  ചേറപ്പായിയുടെ കള്ളുകുടിയാരംഭമാണ് അന്തിക്കളള് എന്ന ഭാഗത്തിൽ. 
*"നിലാവുപോലുള്ള പൂമണൽ വിരിച്ച തറ. ഓല കൊണ്ടുള്ള ചുവരുകൾ. അകത്തുകയറിയിരിക്കുമ്പോൾ, മുന്നിൽ കള്ളു കുപ്പികൾ. മായം ചേർക്കാത്ത അന്തിക്കളള്"* ഇങ്ങനെ ഒഴുകുന്ന ഒരു തുടർച്ചയാണ്   ചേറപ്പായി  കഥകൾ തൃശൂർ ഭാഷയുടെ ലാളിത്യവും കൊളോക്കിയൽ ഭംഗിയും ഐപ്പ് പാറമേൽ എന്ന എഴുത്തുകാരന്റെ സ്വതസിദ്ധമായ  ശൈലിയും ചേരുമ്പോൾ ചിരിയോടൊപ്പം ആസ്വാദനത്തിന്റെ മറ്റൊരു തലത്തിലേക്ക് നമ്മെ എത്തിക്കുന്നു. വായിക്കുംതോറും ഹരമായി മരുന്ന് ഒരു കഥാ പരമ്പരയാണ് ചേറപ്പായി കഥകൾ. വായിക്കാതെ പോകരുത് ചേറപ്പായി കഥകൾ മാത്രം നമ്മുടെ ജീവിതത്തോട് രസകരമായി ചേർന്ന് നില്കും ചേറപ്പായി. 

ചരിത്രബോധത്തിന്റെ മൂന്നാംകണ്ണാകുന്ന കഥകൾ

വായനാനുഭവം

എം.സുകുമാരന്റെ കഥകളിലൂടെ


എം സുകുമാരന്റെ കഥകൾ കാലങ്ങളെ സാക്ഷിയാക്കി എന്നും നിലനിൽക്കും. ആദ്യകാല കഥകൾ തൊട്ട് ദീർഘകാലത്തെ നിശ്ശബ്ദതക്ക് മുമ്പ് വരെ എഴുതപ്പെട്ട കഥകളൊക്കെ അതിനുദാഹരണങ്ങളാണ്. സുകുമാരന്റെ കഥകൾ എന്ന സമാഹാരത്തിനു വേണ്ടി എഴുതിയ നീണ്ട അവതാരികയിൽ  സച്ചിദാനന്ദൻ ഇങ്ങനെ പറയുന്നു *"സാഹിത്യത്തിലെ ആധുനികതയുടെ സൗന്ദര്യാത്മകസംസ്കാരം ഉൾക്കൊണ്ട് തന്റെ കഥകളെ ലാവണ്യശില്പങ്ങളാക്കി നിർത്തിക്കൊണ്ടുതന്നെ ചരിത്രബോധത്തിന്റെ മൂന്നാംകണ്ണു തുറക്കുകയും സാമൂഹ്യ വിപ്ലവത്തിന്റെ പക്ഷത്ത് നിലയുറപ്പിക്കുകയും ചെയ്തയാളാണ് സുകുമാരൻ"* 
സച്ചിദാനന്ദൻ കഥകളെ 'പീഡനം', 'ചരിത്രം', 'അവസ്ഥ', 'മനസ്സ്' എന്നിങ്ങനെ നാലു വിഭാഗങ്ങൾ ആയാണ്  വിവരിച്ചിട്ടുള്ളത്.  അതിൽ ചരിത്രം എന്ന ഭാഗത്ത് ഉൾപ്പെടുത്തിയ *ചരിത്രഗാഥ, സംഘഗാനം, വിചാരണരയ്ക്കു മുമ്പ്, ഭരണകൂടം, സിംഹാസനങ്ങളിൽ തുരുമ്പ്, അയൽരാജാവ്* എന്നീ കഥകളിലൂടെ.

കഥകളിൽ പ്രാചീനാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടും ഐതിഹ്യങ്ങളി പേരുകൾ കഥാപാത്രങ്ങൾക്ക് നല്കികൊണ്ടും കഥകളിൽ രൂപപ്പെടുത്തിയെടുക്കുന്ന പ്രാചീനതയിൽ നിന്നും ആധുനികതയിലേക്കുളള യാത്രകളാണ് കഥകൾ. ഏതു കാലത്തെയും രാഷ്ട്രീയ സാഹചര്യത്തിലൂടെ ഈ കഥകളെ വായിച്ചെക്കാം എന്നതാണ് ഒരു പ്രത്യേകത. *ചരിതഗാഥ* എന്ന കഥ  പഴങ്കഥയുടെ ഭാഷാശൈലിയാണ് സ്വീകരിച്ചിരിക്കുന്നത്. എന്നാൽ വർഗ്ഗസമരത്തിന്റെ ആഴമേറിയ അർത്ഥം ലളിതമായി കഥയിൽ കൊണ്ടുവരുന്നു. പ്രിയഗുപ്തനിലൂടെയും വിശ്വരൂപനിലൂടെയും പറയാൻ ശ്രമിക്കുന്നതും അതാണ്. വിശ്വരൂപൻ സാമ്രാജ്യമായി വളരുമ്പോൾ പ്രിയഗുപ്തൻ അടിമകൾക്കിടയിൽ വളരുന്നു.  *"കനത്ത നിശ്ശബ്ദത  ചുറ്റും പരന്നു. അവർ എട്ടുപേർ പരസ്പരം നോക്കി. സമ്മതമറിയിക്കാനുള്ള സമയം അടുത്തുകൊണ്ടിരുന്നു. ഒടുവിൽ ആ കാലയളവിന്റെ അവസാനത്തെ നിമിഷത്തിൽ അവർ മൂളി. ഞങ്ങൾ അടിമകൾ. ഞങ്ങളുടെ ഉടമ താങ്കൾ"* പ്രിയഗുപ്തന്റെ പ്രതിഷേധങ്ങളെ  വിശ്വരൂപനെ ആസ്വാസ്ഥാനാക്കുന്നേയില്ല. പ്രിയഗുപ്തന്റെ ദയനീയ അവസ്ഥയെ പോലും വിശ്വരൂപൻ പരിഹാസത്തോടെയാണ് കണ്ടത്. അവസാനം പ്രിയഗുപ്തന്റെ പ്രതീക്ഷകളിലേക്ക് കഥ കടക്കുന്നു. 
*സംഘഗാനം* എന്ന കഥയിൽ കഥാകൃത്ത് വയനശാലക്ക് നൽകിയ പേരും ടൗണ്ഹാളിനു നൽകിയ  പേരും എന്നത്തേയും രാഷ്ട്രീയ വിമര്ശനമുണ്ടതിൽ ശക്തമാകുന്ന വർഗീയതക്കുളള മുന്നറിയിപ്പും താക്കീതും ഉണ്ടതിൽ. *ഗോഡ്‌സെ സ്മാരക വായനശാല, യൂദാസ് മെമ്മോറിയൽ ടൗണ്ഹാൾ* ഗൗതമനെ തേടിയുള്ള അന്വേഷണം വിവിധ സാഹചര്യങ്ങളെ  കൃത്യമായി തുറന്നു കാട്ടുന്നു. 
*വിചാരണയ്ക്കു മുമ്പ്* എന്ന കഥ ധർമ്മപാലനിലൂടെയാണ് വികസിക്കുന്നത്. താൻ അറിയാത്ത തെറ്റിന് ശിക്ഷ ഏൽകേണ്ടിവരുന്ന ധർമ്മപാലൻ തലതിരിഞ്ഞ  സാമൂഹ്യനീതിയെ പച്ചയായിതന്നെ  കഥയിൽ വരച്ചുകാണിക്കുന്നു. ലോകത്തെവിടെയും അനീതിയുടെ തുലാസിന് ഒരേ രൂപമണെന്ന സത്യംതുറന്നു പറയുന്നു. 
 *ഭരണകൂടം* എന്ന കഥയിൽ ഒരു ഭരണകൂടം സൃഷ്ടിക്കുന്ന അധികാര ലോകത്തെ ഈ കഥയിൽ കാണാം.. ശശാങ്കൻ ഗോകുലന് തോക്കുകൊടുക്കുകയും പകരം ശശാങ്കൻ ഗോകുലന്റെ ഓടക്കുഴൽ വാങ്ങിക്കുന്നതും ഒക്കെ സമകാലിക രാഷ്ട്രീയത്തോട് ചേർത്തു നിർത്താം
*"ശശാങ്കൻ കൊട്ടാരത്തിലെ ഇടനാഴികളും അകത്തളങ്ങളും ഉള്ളറകളും ചുറ്റികണ്ടശേഷം പൂമുഖത്ത് തിരിച്ചെത്തി. തോക്കുകൾ തുടച്ചു വൃത്തിയാക്കുന്ന പ്രവൃത്തിയിൽ മുഴുകിയിരിക്കുന്ന അച്ഛൻ മുഖമുയർത്തിയില്ല. ഉയർന്ന ഒരു പീഠത്തിലിരിക്കുന്ന അച്ഛന്റെ കാലുകൾ നിലം തൊടാതെ തൂങ്ങിക്കിടക്കുന്നു. കാൽ വണ്ണകളിലെ ഞരമ്പുകൾ ഇരവിഴുങ്ങി തൊലിക്കടിയിൽ ഉറങ്ങി. പാദുകങ്ങൾ രണ്ടു വർഗവൈരുദ്ധ്യങ്ങളപ്പോലെ മുഖം തിരിച്ചു ... "*   പൂജാരിയെത്തന്നെ ന്യായാധിപൻ ആക്കുന്നതിലൂടെ മതവും ഭരണകൂടവും തമ്മിലുള്ള  ബന്ധത്തെ സൂചിപ്പിക്കുമ്പോൾ സമകാലിക  രാഷ്ട്രീയത്തെ അതെത്ര കണ്ടു ചേർന്നു നിൽക്കുന്നു എന്നും അതിന്റെ അപകടവും  മനസിലാക്കാം. 
*സിംഹാസനങ്ങളിൽ തുരുമ്പ്* ആ ശീര്ഷകത്തിൽ തന്നെ നിറഞ്ഞ ഒരർത്ഥമുണ്ട്. ഒരു നഗരമാണ് കഥയുടെ പശ്ചാത്തലത്തിൽ എങ്കിലും നമുക്കതിനെ ഇന്ത്യയായി  കാണാം. കഥയുടെ അവസാനം പറയുന്ന വാക്കുകൾ മതി കഥയുടെ ആഴം തിരിച്ചറിയാൻ *"എന്റെ തലയിൽ മസ്തിഷ്കം സ്ഥിതിചെയ്യുന്ന ഭാഗത്ത് വിരലൂന്നി ഞാൻ പറഞ്ഞു: 
ഇതിവിടെയുണ്ടെന്ന കാര്യം മറന്നതാണ് നിങ്ങൾക്കും മേയർക്കും അയാളുടെ മുന്ഗാമികൾക്കും പറ്റിയ ഏറ്റവും വലിയ അബദ്ധം. ഇതിന്റെ ചലനങ്ങളെ  നിയന്ത്രിക്കാനുള്ള താക്കോൽ ഇനിയും കണ്ടുപിടിക്കേണ്ടിയിരിക്കുന്നു."*  

*"ഞാൻ ശിക്ഷിക്കപെടുമെന്നും, കിട്ടാതാവുന്നതിന്റെ പരമാവധി ശിക്ഷ എനിക്ക് ലഭിക്കുമെന്നും നേരത്തെ ഉറപ്പുള്ളതിനാൽ എന്റെ ശിരസ്സ് ഉയർന്നുതന്നെ നിന്നു. ഒരു ശക്തനായ ഭ്രാന്തനെയെന്നപോലെ കൈകാലുകൾ ചങ്ങലയിട്ടു ബന്ധിച്ച് വർഗ്ഗബോധമുണർന്നിട്ടില്ലാത്ത ആയുധധാരികളായ രാജഭടന്മാർ എന്നെ രാജസന്നിധിയിൽ ഹാജരാക്കി. എന്റെ ഗാംഭീര്യം നിറഞ്ഞ മുഖവും, കഠിനാധ്വാനത്തിന്റെ പാറക്കഷണങ്ങളായി മുഴച്ചു നിൽക്കുന്ന മാംസപേശികളും കണ്ടിട്ടാവണം രാജസദസ്സിൽ പൊടുന്നനെ അടക്കാനാവാത്ത അമര്ഷത്തിന്റെ പുക പരന്നത്"*  
അയൽരാജാവ് എന്ന കഥ തുടങ്ങുന്നത് തന്നേ ഇങ്ങനെയാണ്. ഈ  കഥയിലെ ആചാരലംഘനവും നമുക്കിന്ന് സമകാലിക സാഹചര്യത്തോട് ചേർത്തുവായിക്കാം. കന്യകമാരെ  അധികാരികൾക്ക് കാഴ്ചവെക്കുന്ന സഹശയനം എന്ന നാട്ടാചാരത്തെ എതിർത്തുമുന്നോട്ടു വരുന്നതും ആചാരലംഘനം  ആയി കണക്കാക്കുന്നു. മരണം മുന്നിൽ വിചാരണയായി നിൽക്കുമ്പോഴും ഉമാപതി പതറാതെ പറയുന്ന വാക്കുകൾ പ്രസക്തമാണ്
*"ജനവഞ്ചകരേ, നിങ്ങളെയും വ്യാഖ്യാനിച്ചാൽ നിങ്ങൾക്കുമാത്രം ഗുണം കിട്ടുന്ന, നിങ്ങളുണ്ടാക്കിയ നിയമങ്ങളെയും ഞാൻ പുല്ലായി കരുതുന്നു. നിങ്ങൾക്കെന്റെ ശരീരത്തെ മാത്രമേ ബന്ധിക്കാൻ കഴിയൂ, എന്റെ മനസ്സിപ്പോഴും സ്വതന്ത്രമാണ്. എന്റെ ചിന്താശക്തിയും ആവേശവും ആദർശധീരതയും നശിപ്പിക്കാൻ നിങ്ങളെകൊണ്ടാവില്ല.മരണത്തിനുമപ്പുറത്തുള്ള ഒരു ശിക്ഷ തരാൻ നിങ്ങൾ അശക്തരാണ്. ആയതിനാൽ ഈ സദസ്സിനെ എല്ലാ അവജ്ഞയോടുംകൂടി ഞാൻ പുച്ഛിച്ചുതള്ളുന്നു."*   കഥയുടെ അവസാനം കുറിച്ച വരികൾ കഥയെ കൂടുതൽ വ്യക്തമാക്കുന്നു.
*"ഞാനിവിടെ തളർന്നുവീണാൽ എനിക്ക് പരിക്കുകൾ പറ്റില്ല. കാരണം പതുപതുത്ത കട്ടിയുള്ള ചുവന്ന കംബളം നിലത്തു വിരിച്ചിരുന്നു."*

പ്രശസ്ത കവി പിഎൻ ഗോപീകൃഷ്ണൻ എം സുകുമാരനെ കുറിച്ചു പറഞ്ഞത് പ്രസക്തമാണ്.
*"എം. സുകുമാരൻ കഥകളിൽ ചെയ്തത് , സോഷ്യലിസ്റ്റ് റിയലിസത്തിൽ നിന്നും കാല്പനികതയിൽ നിന്നും അതിനെ മോചിപ്പിക്കുക മാത്രമായിരുന്നില്ല.  ആധുനികതയുടെ അരാഷ്ട്രീയ  പൊങ്ങച്ചങ്ങളെ കൂടി അത് നേരിട്ടു."*  അതേ അരാഷ്ട്രീയ പൊങ്ങച്ചങ്ങളേ തുറന്നുകാട്ടുന്ന ചരിത്രബോധത്തിലൂന്നിയുള്ള എം.സുകുമാരന്റെ കഥകൾ നടത്തുന്ന ചരിത്രപരമായ ദൗത്യത്തിന്റെ പ്രധാന്യം ഇന്നത്തെ പോലെ വരും കാലങ്ങളിലും പ്രസക്തമാകും. 
-----------------------------------------------------------------------------
http://kannadimagazine.com/index.php?article=647

11/01/2019

Sunday 6 January 2019

കാലത്തോട് സംവദിക്കുന്ന മുകുന്ദൻ കഥകൾ

കഥകൾ: വായനാനുഭവംമലയാള കഥയിൽ ആധുനികതയുടെ വേരോട്ടത്തിന് തുടക്കമിട്ട മയ്യഴിയുടെ കഥാകാരൻ എം മുകുന്ദന്റെ കഥകൾ പലതും അതാത് കാലത്തിന്റെ രേഖപ്പെടുത്തലാണ്. എന്നാൽ കാലങ്ങൾ കഴിഞ്ഞു വായിക്കുമ്പോൾ വായിക്കുന്ന കാലത്തോടും കൂട്ടികെട്ടാൻ കഴിയുന്നു എന്നതാണ് ഒരു പ്രത്യേകത. ആദ്യ കാലത്ത് എഴുതിയ *അമ്മമ്മ* കഥ തന്നെ എടുക്കാം അമ്മമ്മയിൽ നിന്നും പഴയ കാലത്തോട് കൂട്ടികെട്ടാൻ പാകത്തിൽ ഉള്ള ഉത്തരം പ്രതീക്ഷിച്ചു പുതിയ കാലമല്ലേ അമ്മമ്മേ ഇത്രയൊക്കെ സാധിക്കൂ എന്നു പറയാൻ ചെല്ലുന്ന മകനോട്‌ ഏറ്റവും പുതിയകാലത്തെ പ്രതിനിധിയായി ചെല്ലാൻ പറയുന്ന അമ്മമ്മയെയാണ് കാണുന്നത്. 
മലയാളത്തിലെ ഏറ്റവും മികച്ച കഥകളിൽ ഉൾപ്പെടുന്ന കഥയാണ് *ദൽഹി1981* ഒരു സിനിമ പോലെ ആസ്വാദിക്കുകയും എന്നാൽ പിന്നെ നമ്മെ ആലോസരപ്പെടുത്തുകയും ചെയ്യുന്ന കഥ. ഒരു ദൃശ്യം കാണുന്നപോലെയാണ് കഥയുടെ ആഖ്യാനം. ഫ്‌ളാറ്റിന്റെ ജനലിലൂടെ നോക്കുമ്പോൾ നീണ്ടുകിടക്കുന്ന ഇടുങ്ങിയ തെരുവ് അതിലൂടെ നടന്നു വരുന്ന ഒരു യുവതിയും യുവാവും അവർ ഈയിടെ കല്യാണം കഴിഞ്ഞവർ ആയിരിക്കണം  സുന്ദരിയായ പെണ്ണ് പെട്ടെന്നു മൂന്നുപേർ അവരെ കടന്നു പിടിക്കുന്നു, യുവാവിനെ അടിച്ചിട്ട് അവർ ആ യുവതിയെ ബലാത്സംഗം ചെയ്യുന്നു. എന്നാൽ ജനലിൽ കൂടി നോക്കുന്നവർ അത് സിനിമ കാണുന്ന പോലെ അടുത്തത് എന്തെന്ന ആകാംഷയോടെ കാണുന്നു. ജനൽ കാഴ്ചകൾ ഇന്ന് സ്‌ക്രീനിൽ ആയെന്നു മാത്രം നമുക്ക് വലിയ മാറ്റങ്ങൾ ഒന്നും ഇല്ല 
ബാബരി മസ്ജിദ് തകർക്കപ്പെട്ട ത്തിനു ശേഷം എഴുതപെട്ട കഥയാണ് *അപനിർമ്മാണം* . നിങ്ങൾക്കിപ്പോ എന്താ പണി എന്ന് ചോദിക്കുമ്പോൾ പള്ളിപൊളിക്കൽ എന് പറഞ്ഞവസാനിക്കുന്ന ഭാഗം ഇന്ത്യൻ രാഷ്ട്രീയ അവസ്ഥയെ കാണിക്കുന്നു.
*കൈകുമ്പിളിലെ വെള്ളം* ഏറെ വിമർശനം ഏറ്റുവാങ്ങിയ കഥ "മനുഷ്യന്റെ ഇറച്ചി  കിട്ടിയിരുന്നു എങ്കിൽ അതും തിന്നേനേ" എന്ന സംഭാഷണം കാനിബളിസത്തെ  പ്രോത്സാഹിപ്പിക്കുന്നു എന്നാണ് അന്ന് വിമര്ശിക്കപ്പെട്ടത്. 
*ഫോട്ടോ* ഈ കഥ പീഡനകാലം തുടരുന്ന കാലത്തോളം പ്രസക്തമാണ് കുട്ടികളുടെ വലിയ ആഗ്രഹമായ ഫോട്ടോ എടുത്ത് പൈസ കൊടുക്കാൻ ഇല്ലാതായപ്പോൾ അതിനെ ചെറിയ പെൺകുട്ടിയുടെ ഫോട്ടോ നഗ്‌നമായി എടുത്ത് സ്റ്റുഡിയോകാരൻ ആ സാഹചര്യത്തെ മുതലെടുക്കുന്നു... അഞ്ചു വയസുള്ള കുട്ടി, പ്ലാസ്റ്റിക്, സിംഹവാലൻ, തട്ടാത്തി പെണ്ണിന്റെ കല്യാണം.... മുകുന്ദൻ കഥകൾ തീരുന്നില്ല. 
ഇനിയും ഏറെ...


കണ്ണാടി ഓൺലൈൻ മാഗസിനിൽ 14/ 12/ 2018 ൽ വന്നു