Tuesday 29 January 2019

ഗോത്രപാരമ്പര്യത്തിന്റെ വേരുകളാകുന്ന കഥകൾ

വായനാനുഭവം 
ടികെസി വടുതലയുടെ കഥകളിലൂടെ
                                                                                          Sculpture by Andries Botha
ലയാളിക്ക് മറക്കാൻ ആകാത്ത കഥാകൃത്താണ് ടികെസി വടുതല. ഗോത്രപരമ്പര്യത്തിന്റെ നേർചിത്രങ്ങൾ കഥയിൽ കൊണ്ടുവരാനും, കീഴാളന്റെ ഭാഷയെ സാഹിത്യ ഭാഷയാക്കി മുന്നിൽ നിർത്താനും കഥകളിലൂടെ ശ്രമിച്ച എഴുത്തുകാരൻ. 1940 കളിൽ കഥാലോകത്ത് തന്റേതായ പാത വെട്ടിത്തെളിച്ച ടികെസി മലയാള കഥയിലെ വന്മരങ്ങൾക്കൊപ്പം കഥാകളെഴുതി തന്റേതായ  ഇടം നേടിയ എഴുത്തുകാരനാണ്. *" എന്റെ ജീവിതവുമായി നേരിട്ട് ബന്ധമുള്ള സ്ഥലകാല സംഭവങ്ങളാണ് ഞാൻ കഥകൾക്കായി തെരെഞ്ഞെടുത്തിട്ടുള്ള വിഷയങ്ങൾ, അവയിൽ പലതും പറഞ്ഞു കഴിഞ്ഞതും പറയാത്തതും കണ്ടേക്കാം. പക്ഷെ ഞാൻ പറഞ്ഞത് എന്റെ ആത്മാവിന്റെ വേദനയ്ക്ക് അറുതിവരുത്താൻ വേണ്ടി മാത്രമാണ്"*  കഥ തന്റെ തന്നെ വേദനയാണ് എന്ന് അദ്ദേഹം പറയുമ്പോഴും സദാ ദുഖിതരും ആലംബഹീനരെയും കുറിച്ച് എഴുതുകയും അത് സമൂഹത്തിന്റെ എല്ലാവരുടെയും വേദനയാക്കി മാറ്റാനും ആയി എന്നതാണ് കഥകളുടെ പ്രത്യേകത, 

*ചങ്ക് രാന്തി  അട* എന്ന കഥ ഞാറ്റു പാട്ടുകളോടെയാണ് തുടങ്ങുനന്ത തന്നെ കഥകളിൽ നാടൻ പാട്ടുകളും വായ്ത്താരികളും ഉൾപ്പെടുത്താനും അതിന്റെ ആഴങ്ങളിലേക്ക് കഥയെ കൊണ്ടുപോകാനും ആകുന്നു. ആഴമേറിയ കീഴാള ജീവിതത്തിലൂടെ ഇറങ്ങി നടക്കുകയാണ് ജീവിതത്തിൽ ചെളിയിൽ ഇറങ്ങി ജീവിക്കുന്നവർക്കൊപ്പം കഥാകൃത്തും ചെളിയിലേക്ക് ഇറങ്ങുന്നു, 

*"തിങ്ങിനിറഞ്ഞു നിൽക്കുന്ന ഞാറുകൾക്കിടയിൽ  വരിവരിയായി അവർ നിരന്നുനിൽക്കുന്നു; കാൽമുട്ടുകൾവരെ ചളിയിൽ ആണ്ടുകൊണ്ട്, പ്രായമായവരും തരുണികളും ഉൾപ്പെടെയുള്ള പുലയസ്ത്രീകൾ. എണ്ണത്തിൽ തുലോം വലിയൊരു സംഖ്യയാണ് അവരുടേത്. ഒരു പട്ടാളയണിക്ക് തുല്യം അവർ മുന്നേറുകയാണ്. പക്ഷെ സംഹാരമല്ല, സർഗ്ഗാത്മകതയാണ് അവരുടെ സമരം"*

  കൊച്ചുകറുമ്പിയുടെ ജീവിതത്തിലൂടെയാണ് കഥ പോകുന്നത് ജീവിതത്തോളം ആഴമുള്ള പ്രണയം കഥയിൽ നിറഞ്ഞു നില്കുന്നു. തന്നെ വിട്ടകന്ന കണവനെ തേവരോളം സ്നേഹിച്ചു മതിയാകാതെ  ഒറ്റയ്ക്ക് ജീവിച്ചു തീർക്കുന്നു. ഇടക്ക് തന്നിലേക്ക് വരുന്ന  വെള്ളോനെ  അവൾ അകറ്റി നിർത്തുന്നു അവസാനം വെള്ളോൻ ആ മോഹം ഉള്ളിലൊതുക്കി പോകുന്നു 
*"ഇത്തര ചിരിക്കാൻ എന്താനിയേടാകെ?"*

*"ഒന്നുമില്ല" അവൻ പറഞ്ഞു.*

*"ഒന്നുമില്ലെങ്കിൽ പിന്നെ?"*

*"ചങ്ക് രാന്തിഅട നല്ല രുചിയുള്ളതായിരുന്നു"*     
*"ങ്ഹാ അതിനിപ്പം എന്നാ വേണം," അവളുടെ ചുണ്ടു വിറച്ചു. പല്ലുകൾ കടിച്ചുഞെരിച്ചുകൊണ്ടാണവൾ അത്രയും പറഞ്ഞത്* 

*"ഒന്നും വേണമെന്നില്ല." അവൻ സാവധാനം പറഞ്ഞു തുടങ്ങി "പക്ഷെ ചത്തവർക്ക് അടയും വെച്ചുകൊണ്ട് കാത്തിരിന്നിട്ടു ഫലമില്ലെന്നു ഇനിയെങ്കിലും മനസ്സിലാക്കിയാൽ നന്ന്" അവളുടെ മറുപടിക്ക് കാത്തുനിൽക്കാതെ .അവൻ നടന്നു"* 

ഒറ്റക്കെന്നും പെൺജീവിതം അത്യന്തം ദുസ്സഹം തന്നെ എന്ന് അന്നും ഇന്നും മാറ്റം ഇല്ലാതെ തുടരുന്നു പെണ്ണിന്റെ പ്രണയം ആഴത്തിലുള്ളതാണ് എങ്കിലും ആൺ കണ്ണുകൾക്ക് അവളൊരു ശരീരമാണ്. 

*അച്ചണ്ട വെന്തീഞ്ഞ ഇന്നാ!* കഥകളുടെ   ഈപേരുകൾ തന്നെ കൊളോക്കിയൽ ഭാഷയെ ചേർത്തുവെച്ചുകൊണ്ടു രൂപപ്പെടുത്തിയതാണ് കണ്ടങ്കോരൻ ദേവസ്സിയായി മതം മാറുന്നതോടെ തുടങ്ങുന്ന കണ്ടോരൻ എന്ന ദേവസ്സി തന്റെ ജീവിതത്തിൽ നേരിട്ട നിർണ്ണായക ഘട്ടത്തെ കൊച്ചുതമ്പാൻ തന്റെ മതത്തിലേക്ക് മാമോദീസ മുക്കി ദേവസ്സിയാക്കി മാറ്റി. മാറാരോഗത്തെ അകറ്റി ദേവസ്സിക്ക് പുതുജീവിതവും സ്വാതന്ത്ര്യവും നൽകി എന്നാണ് കൊച്ചുതമ്പാന്റെ അഭിപ്രായം. എന്നാൽ ദേവസ്സിക്ക് അവിടെയും അധികം നില്ക്കാൻ ആയില്ല താൻ അണിഞ്ഞ വെന്തീഞ്ഞ അഴിച്ചു വികാരിയച്ചന് നൽകി പഴേ കണ്ടാരനിലേക്ക് തന്നെ അയാൾ നടന്നു നീങ്ങി. 
 ഇത്തരത്തിൽ കീഴാള ജീവിതത്തിലൂടെ ആഴത്തിൽ ഇറങ്ങിയ കഥകളാണ് ടികെസി വടുതലയുടേത്. ഒരു കാലഘട്ടത്തെ ആ സാമൂഹിക ജീവിത പരിസരത്തെ ഏറ്റവും താഴെയുള്ളവനൊപ്പം നിന്നുകൊണ്ട് പറഞ്ഞ കഥകൾ. *അങ്കാ എറങ്ങിക്കെടെന്റെ കണ്ടങ്കാരാ, ആൻ മകാ ചീമേനി!, എണ്ട വിതിയാ, നേതാവിന്റെ ബ്ലീച്* ഇങ്ങനെ നിരവധി കഥകൾ, ടികെ ചാത്തൻ എന്ന ടികെസി വടുതലയെ മലയാളിക്ക് മറക്കാൻ ആകില്ല.  

No comments:

Post a Comment