'എനിക്കും പോക്കകുറവാ-
ണെന്നെപ്പൊക്കാതിരിക്കുവിൻ
എനിക്കൂക്കു കുറവാ-
ണെന്നെത്താങ്ങാതിരിക്കുവാൻ
ണെന്നെത്താങ്ങാതിരിക്കുവാൻ
പൊക്കമില്ലായ്മയാണെന്റെ
പൊക്കമെന്നറിയുന്നു ഞാൻ'
കുഞ്ഞുണ്ണിമാഷെന്ന ചെറിയ മനുഷ്യൻ തീർത്ത വലിയൊരു ലോകമുണ്ട്, വാക്കുകളെ ഊക്കുള്ളതാക്കി മലയാളത്തെ സ്നേഹിച്ച ഒരു കുറിയ മനുഷ്യൻ, അദ്ദേഹത്തിന്റെ
കുറ്റിപെൻസിലിൽ നിന്നും പിറന്നു വീണ കുഞ്ഞുവരികൾ ലളിതവും ഏറെദാർശനിക
തലമുള്ളതുമായിരുന്നു. കുഞ്ഞുണ്ണിമാഷ് ചെറു പുഞ്ചിരിയോടെ നമ്മെ
ഓർമ്മിപ്പിക്കുന്നു 'ഉയരാനുയിരു പോരാ ഉശിരുവേണം’ കുഞ്ഞുണ്ണിമാഷ്
മലയാള ഭാഷയ്ക്ക് നല്‍കിയ സംഭാവന വളരെ വലുതാണ് കുട്ടേട്ടന്റെ സ്നേഹ
സമ്പന്നമായ തലോടലില്‍ എത്ര തുടക്കക്കാരാണ് പില്‍ക്കാലത്ത് മികച്ച
എഴുത്തുകാരായത്. സര്‍ഗധനരായ ഇവര്‍ക്ക് അന്ന് ഏറെ പ്രചോദനം നല്‍കാന്‍
മാഷിനായി, അദ്ദേഹത്തിന്റെ സ്നേഹത്തോടെയുള്ള ഉപദേശവും, വിമര്‍ശനവും
അവരുടെ സര്‍ഗ്ഗശേഷി വളര്‍ത്താന്‍ നന്നായി സഹായിച്ചു. മാതൃഭാഷയോടുള്ള
കുഞ്ഞുണ്ണിമാഷിന്റെ സ്നേഹം അമ്മയോളം പോന്നതായിരുന്നു.
‘അമ്പത്താറക്ഷരമല്ല,
അമ്പത്തൊന്നക്ഷരവുമല്ലെന്റെ മലയാ ളം.
മലയാളമെന്ന നാലക്ഷരവുമല്ല,
അമ്മ എന്ന ഒരൊറ്റക്ഷരമാണ്
മണ്ണ് എന്ന ഒരൊറ്റക്ഷരമാണെന്‍റെ-
മലയാളം’
മാതൃഭാഷ
പഠിച്ചാലേ മറ്റെന്തും പഠിക്കാനാവൂ എന്ന് മാഷ് ഉറപ്പിച്ചു പറയുന്നു.
മാത്രമല്ല മാതൃഭാഷ അതിന്റെ പരിശുദ്ധിയോടെ കൃത്യമായി പഠിക്കണമെന്ന ശാഠ്യം
മാഷിനുണ്ട്, മാറിവരുന്ന
മലയാളി തന്റെ മാതൃഭാഷയായ മലയാളത്തോട് കാണിക്കുന്ന വിമുഖതയെ കുഞ്ഞുണ്ണിമാഷ്
സരസമായി എന്നാല്‍ അതിശക്തമായി തന്നെ വിമര്‍ശിക്കുന്നു. അമ്മയെ അമ്മയെന്നേ
വിളിക്കാവൂ എന്ന നിര്‍ബന്ധബുദ്ധി മാഷില്‍ എന്നും ഉണ്ടായിരുന്നു.
‘അമ്മ മമ്മിയായന്നേ മരിച്ചു മലയാളം
ഇന്നുള്ളതതില്‍ ഡാഡി ജഡമാം മലയാലം
വാക്കിനോളം തൂക്കമില്ലീ-
യൂക്കന്‍ ഭൂമിക്കു പോലുമേ’.
കുഞ്ഞുണ്ണിമാഷ് ശാഠ്യത്തോടെ കവിത എഴുതുക മാത്രമല്ല ചെയ്തത്. നമ്മുടെ ഭാഷയിലെ പഴമൊഴികളും, കടങ്കഥകളും
സമാഹരിക്കുകയും മലയാള ശൈലീ സമ്പത്തിനെ സംരക്ഷിക്കുയും ചെയ്തു. അതുകൊണ്ടാണ്
ജനിക്കുമ്പോഴേ മക്കള്‍ ഇംഗ്ലീഷ് സംസാരിക്കണമെന്ന് വാശിയുള്ളവര്‍
ഇംഗ്ലണ്ടില്‍ പോയി പ്രസവിക്കട്ടെയെന്നു രോഷത്തോടെ പറയുന്നത്.
"ജനിക്കും നിമിഷ തൊട്ടെന്‍
മകന്‍ ഇംഗ്ലീഷ് പഠിക്കണം
അതിനാല്‍ ഭാര്യതന്‍
പേറങ്ങ്ഇംഗ്ലണ്ടില്‍ തന്നെയാക്കി ഞാന്‍"
മാതൃഭാഷയെ
തള്ളിപറയുന്നവരെ പടിക്ക് പുറത്ത് തന്നെ നിര്‍ത്തണമെന്നാണ് മാഷിന്റെ
ശാഠ്യം. മലയാളത്തോടൊപ്പം സഞ്ചരിക്കുമ്പോള്‍ കുഞ്ഞു ശരീരത്തിലെ ആ വലിയ
മനസ് കൂടുതല്‍ വിശാലമാകുന്നു. തന്റെ ചുറ്റുപാടുകളെ വളരെ സൂക്ഷ്മമായി
നിരീക്ഷിക്കുന്നു. പ്രകൃതിയെ വളരെ ലളിതമായി തന്റെ കുഞ്ഞു വരികളിലേക്ക്
ആവാഹിക്കുന്നു. അതിലെ 'അടിയും പൊടിയു'മൊക്കെ വളരെ സൂക്ഷ്മമായി കണ്ടെത്തുന്നു.
"ഇത്ര ചെറിയൊരു
കുന്നിക്കുരുവി-
ന്നെത്തറ നല്ല നിറം,
കള്‍ കറുപ്പും മുക്കാല്‍ ചോപ്പും,
കാണാനെന്തുരസം".
ചിലപ്പോള്‍ വളരെ കുസൃതിയോടെ, ശിശുകൌതുകത്തോടെ കുഞ്ഞു വരികളിലൂടെ ചോദിക്കുന്നു.
"തെങ്ങുമേ കായ്പ്പതു തേങ്ങ
മാവുമ്മേ കായ്പ്പതു മാങ്ങ
പ്ലാവുമ്മേ കായ്പ്പതു മാത്രം
പ്ലാങ്ങയാകാത്തതെന്താമ്മേ".
കുസൃതി നിറഞ്ഞ ഈ ചോദ്യം കുഞ്ഞുണ്ണിമാഷല്ലാതെ വേറെ ആര് ചോദിക്കും,
"മാങ്ങ തോണ്ടാന്‍ തോട്ടിയുന്ദ്
മാങ്ങ പൂളാന്‍ കത്തിയുണ്ട്
മാങ്ങ തിന്നാന്‍ ഞാനുമുണ്ട്
മാങ്ങ മാത്രം മാവിലില്ല".
പ്രകൃതിയില്‍
നിന്നും നമുക്ക് പലതും അന്യമായി ക്കൊണ്ടിരിക്കുകയാണെന്ന സത്യം ഈ വരികളില്‍
ഒളിച്ചിരിപ്പുണ്ട്. ഗ്രാമങ്ങളില്‍ നിന്നും പട്ടണത്തിലേക്ക് ചേക്കേറാന്‍
വെമ്പുന്ന മനസ്സുമായി വേഗത്തില്‍ ഓടുന്ന മലയാളിക്ക് ഇങ്ങനെ പലതും നഷ്ടമായി
കൊണ്ടിരിക്കുകയാണ്. നമ്മുടെ ജീര്‍ണ്ണിച്ച രാഷ്ട്രീയ വ്യവസ്ഥിതിയെ വളരെ
സരസമായി കുഞ്ഞുണ്ണിമാഷ് ചോദ്യം ചെയ്യുകയും ഒപ്പം സ്വയം വിമര്‍ശനവും
നടത്തുന്നുണ്ട്,
"എനിക്കു ദുഃഖമുണ്ടെനന്‍റെ-
യിന്ത്യ നന്നായീടാത്തതില്‍
എനിക്കു നാണമില്ലിന്ത്യ
ഞാനും നന്നാക്കിടാത്തതില്‍.
തപം ചെയ്തേ പതം വരൂ
തപിക്കാത്തോന്‍ പതിച്ചിടും".
ഒരു
ജനത ആവശ്യപ്പെടുന്ന ഭരണാധികാരികളെയാണ് അതാത് ജനതയ്ക്ക് ലഭിക്കൂ എന്ന
വാക്യം ഇതിനോട് ചേര്‍ത്തു വായിക്കാം. കുഞ്ഞുണ്ണിക്കവിതകളില്‍ ഇങ്ങനെ
പലയിടത്തായി രാഷ്ട്രീയ സാമൂഹിക വിമര്‍ശനങ്ങള്‍ ഊക്കോടെ പ്രയോഗിച്ചത് കാണാം.
അതുപോലെ രസകരമായ കഥയാണ് കുഞ്ഞുണ്ണി മാഷിന്റെ 'അകുനാവപുരാണത്തിനുള്ളത്'
അകുനാവ എന്നാല്‍ 'അതിയാരത്ത് നാരായണിയമ്മ മകന്‍ കുഞ്ഞുണ്ണി നായര്‍ വലപ്പാട്' എന്നതാണത്. ചെറിയ കുഞ്ഞുണ്ണിമാഷിന്റെ വലിയ മനസ്സിങ്ങനെ പറയുന്നു. "എന്‍റെയുള്ളില്‍ വലിയൊരു ലോകമുണ്ട്, അല്ല, ലോകങ്ങള്‍ തന്നെയുണ്ട്. അതിനാലാകാം ഞാനും എന്റെ കവിതകളും ചെറുതെന്ന് എനിക്കു തോന്നുന്നത്". കുഞ്ഞുണ്ണിക് കഥകളും, കവിതകളും പഴഞ്ചൊല്ലും, കടങ്കഥകളും
വായ്ത്താരിയും കുട്ടിപ്പാട്ടുകളും കൂടിച്ചേര്‍ന്ന ഒരു ലോകത്തെ തുറന്നു
വെക്കുവാനും അതിലേക്ക് കുഞ്ഞുങ്ങളെ സ്നേഹത്തോടെ തലോടാനും അവരില്‍
മലയാളമെന്ന ശ്രേഷ്ഠഭാഷയെ- യുറപ്പിക്കുവാനും ഈ ചെറിയ മനുഷ്യന്‍ കാണിച്ച
ആത്മാര്‍ത്ഥമായ സമീപനം മലയാള ഭാഷാ ചരിത്രത്തില്‍ സ്വര്‍ണ്ണ ലിപികളാല്‍
രേഖപ്പെടുത്തും.
"കുഞ്ഞുണ്ണിക്കൊരു മോഹം
എന്നും കുഞ്ഞായിട്ടു രമിക്കാന്‍
കുഞ്ഞുങ്ങള്‍ക്ക് രസിച്ചീടുന്നൊരു
കവിയായിട്ട് മരിക്കാന്‍".
അതെ കുഞ്ഞുണ്ണിമാഷ് ഒരേ സമയം കുട്ടികളുടെയും മുതിര്‍ന്നവരുടെയും വലിയകവി തന്നെയായാണ് നമ്മെ വിട്ടുപോയത്, കുഞ്ഞുന്നിമാഷായി കുഞ്ഞുങ്ങള്‍ക്കൊപ്പം പാടിനടക്കാന്‍ കുഞ്ഞുണ്ണിമാഷിനെ സാധിക്കൂ.
സിറാജ് ഞായറാഴ്ചയില്‍ പ്രസിദ്ധീകരിച്ചത് 21/8/2016
No comments:
Post a Comment