Wednesday 11 November 2015

ആധുനിക ചാണക്യ സൂത്രത്തില്‍ ജനാധിപത്യം പിടയുമോ ?

രാഷ്ട്രീയ ലേഖനം 
നിലവിൽ ലോകത്ത് ഏറ്റവും സ്വീകാര്യമായതും ജനങ്ങള് ആഗ്രഹിക്കുന്നതുമായ ഒന്നാണല്ലോ ജനാധിപത്യം. ജനങ്ങളിൽ നിന്നും ജനങ്ങളാൽ തെരഞ്ഞെടുത്ത ജനകീയ ഭരണകൂടം എന്നത് അത്ര ചെറിയ കാര്യമല്ല. സ്വാതന്ത്ര ലബ്ധിക്കുശേഷം ഇന്ത്യൻ ജനാധിപത്യം അത്രയൊന്നും പരിക്കില്ലാതെ നീങ്ങികൊണ്ടിരുന്നു എന്നത് ആശ്വാസം നല്കുന്നു.  ഇടക്ക് ഇന്ദിരാ ഗാന്ധിയുടെ ഏകാധിപത്യ മനസ്സിൽ തോന്നിയ ചില കറുത്ത ചിന്തയിൽ നിന്നും  ഉയർന്ന അടിയന്തിരാവസ്ഥയും, അതുമായി ബന്ധപെട്ട അടിച്ചമർത്തലും, ഇന്ദിരാ ഗാന്ധിയുടെ തന്നെ കൊലപാതകത്തെ തുടർന്ന് നടന്ന സിഖ് കൂട്ടകൊലയും, വർഗ്ഗീയ നീക്കത്തിലൂടെ ബിജെപിയും മറ്റു ഹിന്ദുത്വ തീവ്രവാദ സംഘടനകളും ചേർന്ന് നടത്തിയ ബാബരി മസ്ജിദ് തകർത്തതും, ബോംബെ കലാപം, ഗോധ്ര കലാപവും അതുമായി ബന്ധപെട്ട് ഉണ്ടായ ഗുജറാത്ത്‌ നരഹത്യയും തുടങ്ങിയ കറുത്ത നാളുകളൊഴിച്ചാൽ ഇന്ത്യൻ ജനാധിപത്യം അത്ര വലിയ പരിക്കില്ലാതെ മുന്നോട്ട് പോയികൊണ്ടിരിക്കുകയായാണ്. എന്നാല്‍  ജനാധിപത്യത്തിന്റെ നാല് സ്തംഭങ്ങളില്‍ നാലാം സ്തംഭമായ ഫോര്‍ത്ത് എസ്റ്റേറ്റില്‍ അടക്കം കോര്‍പ്പറേറ്റ് സാന്നിധ്യം  അപകടകരമാം വിധം വര്‍ദ്ധിച്ചത് ഇതിനിടയില്‍ നാം കാണാതെ പോകരുത്. ഇപ്പോള്‍ ഇന്ത്യയില്‍ ഭരണകൂട സഹായത്തോടെ നടക്കുന്ന വര്‍ഗ്ഗീയ ധ്രുവീകരണത്തെ കൃത്യമായി ജനങ്ങളില്‍ എത്തിക്കാന്‍ കാണിച്ച വൈമനസ്യം ഈ കോര്‍പ്പറേറ്റ് ബാന്ധവവും അവരുടെ സ്വാധീനവും ആണെന്ന സത്യം ഫോര്‍ത്ത് എസ്റ്റേറ്റില്‍ കാടുകയറുന്നതു കൊണ്ടാണ്. ഈയിടെ ഇന്ത്യയില്‍ ഉണ്ടായ ബീഫ് വിവാദവും അതുമായി ബന്ധപെട്ട് നടന്ന കൊലകളും ദളിത്‌ കൊലകളും ജനമധ്യത്തില്‍ ആദ്യം എത്തിച്ചത് നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ വഴി ആയിരുന്നില്ല. സോഷ്യല്‍ മീഡിയയുടെ സാന്നിദ്ധ്യം ഇല്ലായിരുന്നു എങ്കില്‍ ഇതില്‍ പലതും നാം കാണാതെ കേള്‍ക്കാതെ പോകുമായിരുന്നു. ഇതേ സോഷ്യല്‍ മീഡിയ വഴി തന്നെയാണ് ഇല്ലകഥകള്‍ പ്രചരിപ്പിച്ച് കെട്ടിപ്പൊക്കിയ ഇമേജില്‍ അധികാരം കയ്യിലൊതിക്കിയതും  എന്നത് ഇതിന്റെ മറ്റൊരു വശം. 
എന്നാല്‍ ഈ കഴിഞ്ഞ മോഡി വിജയ ഗാഥയും തുടര്‍ന്ന്‍ ഇപ്പോള്‍ ബീഹാറിലെ ജനങ്ങള്‍ തിരിച്ചറിഞ്ഞ സത്യങ്ങളും മഹാ സഖ്യത്തിന്റെ വിജയവും കൂട്ടി വായിച്ചാല്‍ അതില്‍ നിന്നും മറ്റൊരു ഉത്തരം കിട്ടുന്നുണ്ട് അത് ജനാധിപത്യത്തിനു അത്ര ഭൂഷണമല്ല എന്ന് മാത്രമല്ല ഭീഷണി കൂടിയാണ്. ആ ഉത്തരമാണ് പ്രശാന്ത്‌ കിഷോർ എന്ന അതി മിടുക്കനായ ചെറുപ്പക്കാരന്‍. ഈ ചെറുപ്പക്കാരനെ കുറിച്ച് വോട്ടുചെയ്ത എത്ര പേര് കേട്ടിട്ടുണ്ട് എന്നത് മറ്റൊരു കാര്യം. എന്നാല്‍ ഈ ചെറുപ്പക്കാരന്റെ തലച്ചോറില്‍ വിരിഞ്ഞ ആശയത്തിലൂടെ അവരറിയാതെ സഞ്ചരിച്ചാണ് കേന്ദ്രത്തില്‍ വര്‍ഗീയ ധ്രുവീകരണം ആഗ്രഹിക്കുന്ന ഒരു അധികാര കേന്ദ്രവും തുടര്‍ന്ന് ബീഹാറില്‍ നമുക്കൊക്കെ ആശ്വാസം തന്ന ഈ തെരഞ്ഞെടുപ്പ് വിധിയില്‍ എത്തിയത്. ആരാണ് ഈ ചെറുപ്പക്കാരന്‍?  

സുമുഖനായ ഈ പഴയ യു എൻ ,കാർഷിക വിദഗ്ദ്ധനെ കുറിച്ച് കേട്ടിട്ടുണ്ടോ? കഴിഞ്ഞ കാലം വരെ നരേന്ദ്ര മോഡിയുടെ വിജയഭേരിക്ക് പിന്നില്‍ ഈ തലച്ചോര്‍ ആയിരുന്നു.സി എ ജി എന്ന ഗ്രൂപ്പ് വഴി പ്രശാന്ത കിഷോറിന്റെ നേതൃത്വത്തിൽ ഉണ്ടാക്കിയ ആശയങ്ങള്‍ പരസ്യങ്ങള്‍ ഏറെക്കുറെ എല്ലാ കാര്യങ്ങളും ഇദ്ദേഹം ജന ഹൃദയങ്ങളില്‍ തന്ത്രത്തില്‍ എത്തിച്ചു.അതുവഴി വിവിധ തന്ത്രങ്ങള്‍ മെനഞ്ഞു അതിന്റെ ഫലവും കഴിഞ്ഞ കാലങ്ങളില്‍ മോഡിക്കുണ്ടായി അച്ഛാ ദിന്‍ ആഗയാ അടക്കം കഴിഞ്ഞ ലോകസഭയില്‍ തുറന്നു വിട്ട തന്ത്രങ്ങള്‍ ഏറെക്കുറെയും ഈ ബുദ്ധികേന്ദ്രത്തില്‍ നിന്നായിരുന്നു. രാവും പകലും മോഡിയുടെ കൂടെ നിന്ന് ഇല്ലാത്ത കഥകള്‍ ഉണ്ടാക്കി നമ്മെ വിശ്വസിപ്പിക്കാന്‍ ഇയാള്‍ക്കായി. അങ്ങിനെ പാർട്ടി ബാഹ്യമായ ഒരു അധികാര കേന്ദ്രം ആയി ഈ മനുഷ്യന്‍ മാറി . അധികാര ലബ്ധിക്കു ശേഷം മോഡി "പാലം കടക്കുവോളം നാരായണ പാലം കടന്നാല്‍ കൂരായണ" എന്ന രീതി സ്വീകരിച്ചതിനാലാകാം ആ ബന്ധം അധികകാലം നീണ്ടുനിന്നില്ല. മാത്രമല്ല അമിത് ഷായുടെ പഴകി ദ്രവിച്ച വര്‍ഗീയ തന്ത്രങ്ങളും ഇദ്ദേഹത്തിന്റെ ആധുനിക സൂത്രങ്ങളും എവിടെയൊക്കെയോ ചേരാതെ കിടന്നു. അതോടെ ഇവരുടെ അകല്ച്ചക്ക് ആഴം കൂടി അധികാരം ലഭിച്ചതോടെ പ്രധാനപെട്ട ഒരു സ്ഥാനത്തും ഈ സൂത്രക്കാരനെ മോഡിയും കുടിയിരുത്തിയില്ല. ഈ രഹസ്യം നിധീഷ് കുമാര്‍ അറിഞ്ഞതോടെ ബീഹാറിന്റെ മനസറിയാന്‍ അദ്ദേഹത്തെ ബീഹാറിലേക്ക് ക്ഷണിച്ചു. അവിടെയും അതാ വിജയക്കൊടി പാറിക്കാന്‍ ഈ ആധുനിക ചാണക്യ സൂത്രം വീണ്ടും സഹായകമായി അതില്‍ വിജയിക്കുകയും ചെയ്തു. ബീഹാറിലെ വിജയം രാജ്യം ആഗ്രഹിച്ചതായിരുന്നു എന്നതിനാല്‍ എല്ലാവരും ആവേശത്തില്‍ ജയ് വിളിക്കുന്നു, എന്നാല്‍ അതില്‍ ഒളിഞ്ഞിരിക്കുന്ന ഒരു അപകടം കണ്ടില്ലെന്നു നടിക്കാന്‍ ആകുമോ?ഇത്തരം മാനേജ്മെന്റ്.വിദഗ്ദ്ധന്റെ തലച്ചോറില്‍ വിരിയുന്ന ആശയങ്ങള്‍ക്കൊപ്പം രൂപപ്പെടെണ്ടതാണോ നമ്മുടെ ജനാധിപത്യ സങ്കല്പം എന്ന ചോദ്യം ബാക്കിയാകുന്നു <വരും കാലങ്ങളില്‍ ഇത്തരം. മാനേജ്മെന്റ് കച്ചവടത്തില്‍ ജനാധിപത്യം പിടയുമോ ? ഇത്തരം ആധുനിക ചാണക്യ സൂത്രത്തില്‍ മുങ്ങിതാഴുന്ന ഒന്നായി നമ്മുടെ ജനാധിപത്യം മാറുന്നതിനെയും ഫോര്‍ത്ത് എസ്റ്റേറ്റില്‍ കാടുകയറുന്നത് ഇല്ലാതാക്കി അവിടെ വെളിച്ചം കിട്ടുന്ന തരത്തില്‍ മാറ്റുന്നതും കാലത്തിന്റെ ആവശ്യമാണ്. സാങ്കേതിക മേന്മയെയും അതിന്റെ വൈദഗ്ത്യത്തെയും ഗുണപരമായ കാര്യങ്ങള്‍ക്ക് പ്രയോജനപ്പെടുത്തുന്നതിന് പകരം ഇത്തരം അധികാരത്തിലേറാന്‍  ചവിട്ടുപടിയാക്കുന്നതിനെ കണ്ടില്ലെന്നു നടിച്ചു മുന്നോട്ട് പോയാല്‍ നാം ഇക്കാലമത്രയും അധികം പരിക്കില്ലാതെ കൊണ്ടുപോയ ജനാധിപത്യം ആധുനിക ചാണക്യ സൂത്രത്തില്‍ പിടയുമോ എന്ന് ഓരോരുത്തരും ചിന്തിക്കേണ്ടിയിരിക്കുന്നു. ഇതിനെ തിരിച്ചറിയുന്ന രാഷ്ട്രീയ പ്രബുദ്ധത വളരട്ടെ എന്ന് ആശിക്കാം

Wednesday 14 October 2015

സാംസ്കാരിക നായകരുടെ മനുഷ്യപക്ഷവും, ഫാസിസ്റ്റ് പക്ഷവും.

രാഷ്ട്രീയ ലേഖനം
തൂലിക പടവാളാക്കുക എന്നത് കാവ്യഭംഗി നിറഞ്ഞ ഒരു വാക്ക് മാത്രമല്ല, അനീതിയുടെ തേരോട്ടം നടക്കുമ്പോള്‍ അതിനെതിരെ വാളിനേക്കാള്‍ മൂര്‍ച്ചയോടെ അക്ഷരങ്ങള്‍കൊണ്ട് പടവെട്ടാന്‍ ആകുമെന്ന് ലോകം തെളിയിച്ചതാണ്. ഫാസിസ്റ്റ് കൂട്ടങ്ങള്‍ക്ക് എന്നും തൂലികയും കലയും ഭയപ്പാടുകള്‍ ഉണ്ടാക്കുന്നവയാണ്, അതുകൊണ്ടാന്നല്ലോ സാംസ്കാരിക ഇടങ്ങള്‍ തകര്‍ക്കുകയോ തങ്ങളുടെ ചേരിയെ കുത്തി നിറക്കുകയോ ചെയ്യുന്നത്. മനുഷ്യര്‍ക്കൊപ്പം നില്‍ക്കുക എന്ന അവകാശം എഴുത്തുകാരില്‍ ഉരുക്കി ചേര്‍ത്ത ഒന്നാണെന്ന് ചരിത്രം തെളിയിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഇത്തരത്തില്‍ ഒരു മാറ്റം ഉണ്ടാകേണ്ട സമയം വന്നിരിക്കുന്നു. ഫാസിസ്റ്റുകള്‍ അവരുടെ അജണ്ടകള്‍ ഓരോന്നായി പുറത്തെടുത്ത് കൊണ്ടിരിക്കുകയാണ്. മനുഷ്യരെ വിവിധ ചേരികളാക്കി തമ്മില്‍ വൈര്യം നിറച്ചു പോരടിപ്പിക്കുമ്പോള്‍, അതില്‍ നിന്നും കിട്ടുന്ന നിര്‍വൃതിയില്‍ അധികാരം ഉറപ്പിക്കുമ്പോള്‍ എങ്ങനെ മനുഷ്യപക്ഷത് നില്‍ക്കുന്ന എഴുത്തുകാര്‍ക്ക് നിശബ്ദരാകാന്‍ കഴിയും?

ഇതിനോട് ബന്ധപെട്ട ഒരു സര്‍ക്കാര്‍ അല്ല നല്‍കിയത് എങ്കിലും അതിന്റെ തുടര്‍ച്ച എന്ന നിലയില്‍ പുരസ്കാരങ്ങള്‍ തിരിച്ചു കൊടുക്കുന്നത് നിലവിലെ ഭരണ കൂടത്തിനോടുള്ള പ്രതിഷേധമാണ് സ്ഥാനമാനങ്ങള്‍ വലിച്ചെറിഞ്ഞു മനുഷ്യപക്ഷത്ത് നില്‍ക്കുന്നത് ഒരു രാഷ്ട്രീയമാണ്. ആ രാഷ്ട്രീയ ബോധമാണ് ഉണ്ടാവേണ്ടതും വളര്‍ത്തേണ്ടതും  അതിലാണ് പ്രതീക്ഷ. കര്‍ണാടകയിലും മറ്റു സംസ്ഥാനങ്ങളിലും നിരവധി എഴുത്തുകാര്‍ പുരസ്കാരം തിരിച്ചു നല്‍കുന്നു, സ്ഥാനമാനങ്ങള്‍ രാജിവെക്കുന്നു, മനുഷ്യര്‍ക്കൊപ്പം ചേരാന്‍ ആളുകള്‍ ഉണ്ട് എന്നതിന് വേറെ എന്ത് തെളിവ് വേണം. എന്നാല്‍ ഏറെ പ്രബുദ്ധരെന്നു പറയുന്ന കേരളത്തിലാണ് ഏറ്റവും സാവധാനത്തില്‍ പ്രതികരണം ഉണ്ടാവുന്നത് എന്നതില്‍ ഭയപ്പാട് വര്‍ദ്ധിക്കുന്നു. ഈ മണ്ണിനെ ച്ചുടുകലമാക്കി അധികാരസ്ഥിരതക്ക് ശ്രമിക്കുന്ന ഫാസിസ്റ്റ് ശക്തികളുടെ കുഴലൂത്തിനായ് ചാലിക്കേണ്ടതല്ല തൂലിക എന്ന് ചങ്കൂറ്റത്തോടെ പറയാന്‍ എന്തിനാണ് മടിക്കുന്നത്? 

 വത്സല എന്ന എഴുത്തുകാരിയുടെ അസൂയ നമുക്ക് ഊഹിക്കാം, കുറച്ചു മുമ്പ് അവര്‍ നടത്തിയ പ്രസ്താവനകള്‍ ഇതിനോട് ചേര്‍ത്തു വെച്ച് വായിച്ചാല്‍ എന്തിനാണ് അവര്‍ സാറ ടീച്ചര്‍ക്കെതിരെ വാളെടെക്കുന്നതെന്നും അതാര്‍ക്ക് വേണ്ടിയാണ് എന്നും വ്യക്തം, ഇന്നലെ വരെ നടമാടിയ ഫാസിസ്റ്റ് താണ്ഡവം കണ്ടില്ലെന്നു നടിച്ച ഇവര്‍ സാറ ടീച്ചര്‍ പുരസ്‌കാരം തിരിച്ചു എല്‍പ്പിക്കുന്നത് കൃത്യമായി കാണുന്നു എന്നത് പുതിയ തരം തിമിരമാണ്. ഈ തിമിരം നമ്മുടെ സാംസ്കാരിക രംഗത്തെ പലര്‍ക്കും ബാധിച്ചിട്ടുണ്ട്. പല മാധ്യമങ്ങള്‍ക്കും ബാധിച്ചിട്ടുമുണ്ട്, ഇന്ത്യയിലെ മൂന്നു പ്രമുഖരേ ഫാസിസ്റ്റ് തീവ്രവാദികളെ കൊന്നപ്പോഴും, പോത്തിറച്ചി കഴിച്ചെന്ന പേരില്‍ ഒരു പാവം മനുഷ്യനെ തല്ലികൊന്നപ്പോഴും, ദളിതരായി പോയി എന്ന കാരണത്താല്‍ അമ്പലത്തില്‍ കയറിയതിനു ചുട്ടുകൊന്നപ്പോളും, ദളിതരുടെ തുണി ഉരിച്ച് പൊതുജന മദ്ധ്യത്തില്‍ നിര്‍ത്തിയപ്പോഴും വത്സല ടീച്ചര്‍ മൗന വ്രതത്തില്‍ ആയിരുന്നു. ഫാസിസ്റ്റ് ചട്ടുകം പേനയാക്കാന്‍ ഒരുങ്ങുമ്പോള്‍ മുമ്പ് ആദിവാസികളെ കുറിച്ചെഴുതിയതൊക്കെ വെറും കാപട്യം മാത്രമായിരുന്നു എന്ന് വേണം മനസിലാക്കുവാന്‍, മനുഷ്യന് വേണ്ടി ശബ്ദിക്കുന്നവര്‍ അക്കാദമി സ്ഥാനങ്ങളില്‍ നിന്നും സാംസ്കാരിക സ്ഥാനങ്ങളില്‍ നിന്നും അവരുടെ സ്ഥാനം വലിച്ചെറിഞ്ഞ് മനുഷ്യപക്ഷത്ത് ചേരുമ്പോള്‍ അവിടം വെറുതെ കിടക്കുന്ന ഇടം സ്വപ്നം കണ്ടു നടക്കുന്ന എഴുത്ത് മേലാളന്മാരും, സാംസ്കാരിക മേലാളന്മാരും ധാരാളം ഉണ്ട്. മലയാളത്തില്‍ ധാരാളം എഴുതുകയും മലയാള മനസ്സില്‍ ഇടം നേടുകയും ചെയ്ത വത്സല എന്ന എഴുത്തുകാരിയെ ഈക്കൂട്ടത്തില്‍ പെടുത്താമോ എന്ന് സംശയിച്ചു പോയാല്‍ അവരെ കുറ്റം പറയാനും പറ്റില്ല. സാറ ജോസഫ് എന്ന എഴുത്തുകാരിക്കെതിരെ പറഞ്ഞു എന്ന് മാത്രമല്ല ഈ എതിര്‍പ്പിലൂടെ മനസിലാകേണ്ടത്, ഈ നെറികേടുകള്‍ കണ്ടിട്ടു മിണ്ടാതിരിക്കുകയും പെട്ടെന്ന്‍ ഒരു ബോധോദയം ഉണ്ടാവുകയും ചെയ്യുന്നത് പ്രത്യേക തരം  തിമിരം തന്നെയാണ്. കണ്ണില്‍ പടരുന്ന ഈ നിറംമാറ്റം സാംസ്കാരിക കേരളത്തിന്‌ അപമാനം തന്നെ എന്ന് പറയേണ്ടി വരും, സച്ചിദാനന്ദന്‍ സാറാ ജോസഫും പി.പാറക്കടവ് എന്നീ എഴുത്തുകാര്‍ കാണിച്ച ധീരതയിലാണ് മലയാളത്തിന്റെ പ്രതീക്ഷ. എം.ടിയും എന്‍.എസ് മാധവനും അടക്കം നിരവധി എഴുത്തുക്കാര്‍ ഇതിനെതിരെ പ്രതിഷേധിച്ചു തുടങ്ങി എന്നത് പ്രതീക്ഷ തരുന്നു.  മനുഷ്യപക്ഷത്ത് നില്‍ക്കാന്‍ ആളുകള്‍ കുറയുന്ന കാലത്ത്, വത്സല ടീച്ചറെ പോലുള്ളവര്‍ പോലും മൌനം കൊണ്ടും, മറ്റു രീതിയിലും ഫാസിസ്റ്റ് ചുവയില്‍ സംസാരിക്കുന്ന കാലത്ത് ഇവര്‍ കാണിച്ചത് ധീരത തന്നെ. ധീരതയുള്ളവരെ കാണുമ്പോള്‍ ഭീരുക്കള്‍ക്ക് അസൂയ ഉണ്ടാകുന്നത് സ്വാഭാവികം ആണല്ലോ. തമ്മില്‍ പോരടിക്കുന്ന ഒരു ജനതയെ സംഭാവന നല്‍ക്കാന്‍ എളുപ്പമാണ് അതിനു കുറച്ചു വക്ര ബുദ്ധിയും മനുഷ്യത്വമില്ലായ്മയും, ക്രൂരമായ ഒരു വര്‍ഗീയ മനസും ഉണ്ടായാല്‍ മതി. തച്ചു തകര്‍ക്കാനല്ലല്ലോ കേട്ടിപടുക്കാനല്ലേ ബുദ്ധിമുട്ട്. എന്നാല്‍ ഈ വര്‍ഗ്ഗീയ കൊമാരങ്ങള്‍ക്ക് ചൂട്ടുപിടിച്ചു പേന ഉന്തിയവരെ നാളെ ചരിത്രം കറുത്ത മഷിയില്‍ ചതിയന്മാരുടെ പട്ടികയില്‍ രേഖപ്പെടുത്തും എന്നുറപ്പ്. നിലവില്‍ രണ്ടു പക്ഷം ഉണ്ട്,  ഒന്ന് മനുഷ്യ പക്ഷവും മറ്റേത് ഫാസിസ്റ്റ് പക്ഷവും. ആരൊക്കെ ഏതു പക്ഷത്ത് ചേരും എന്നും ആരെയൊക്കെ തിരിച്ചറിയാനാകും എന്നും ചരിത്രം രേഖപ്പെടുത്തും അതെല്ലാവരും ഓര്‍ക്കുന്നത് നന്ന്. 
                            **********************************മലയാള മാധ്യമത്തില്‍ വന്നത്
http://www.malayalamadhyamam.com/site/newsDetail/FEATURES/2110/0

Tuesday 22 September 2015

വിഎസും മാധ്യമങ്ങളും അജണ്ടകളും

രാഷ്ട്രീയ ലേഖനം 

"ചങ്ങമ്പുഴയെ വിലയിരുത്തുന്നതിൽ വന്ന പരാജയം പുരോഗമന കലാ സാഹിത്യ പ്രസ്ഥാനത്തിന്റെ തകര്ച്ചയ്ക്ക് തന്നെ കാരണമായി "
(വി എസ് അച്യുതാനന്ദൻ) 
വിഎസിന്റെ നിരവധി  പ്രസ്ഥാവനകൾക്കിടയിൽ ശ്രദ്ധിക്കാതെ പോയ പ്രസക്തമായ ഒരു നിരീക്ഷണം  ഒട്ടും ആവശ്യമില്ലാത്ത പ്രസ്താവനകള്‍ മാധ്യമങ്ങള്‍ ആഘോഷിച്ചപ്പോള്‍ ഇത്തരം വിഷയങ്ങളില്‍ വി എസ് പറഞ്ഞ വാക്കുകള്‍ നയങ്ങള്‍ ഒട്ടും ശ്രദ്ധിക്കാതെ പോയി ഇങ്ങനെ കൃത്യമായ ഇടപെടലുകളെ തമസ്കരിക്കുകയും എന്നാല്‍ അപ്രധാനമായ പലതിലെയും കൂടുതല്‍ ഉയര്‍ത്തി കാണിക്കുകയും ചെയ്യുന്ന ഒരു രീതി മാധ്യമങ്ങള്‍ അവലംബിക്കുന്നു. ഈ പ്രസ്താവന കുറച്ചു മുമ്പ് പറഞ്ഞതാണ് എങ്കിലും വി എസിന്‍റെ വളരെ അര്‍ത്ഥവത്തായ ഒരു വിമര്‍ശനം കാണാതെ പോയത്തിന്റെ പറ്റി ഇവിടെ പരാമര്‍ശിക്കുന്നത്. മുഖ്യധാരാ മാധ്യമങ്ങള്‍ എന്ന ലേബലില്‍ അറിയപ്പെടുന്ന പലതും കൃത്യമായ പക്ഷപാതം അടിച്ചേല്‍പ്പിക്കാന്‍ തയ്യാറാകുന്നു എന്നത് ഇന്ന് വ്യക്തമാണ്  ഇവരൊക്കെ വി എസിനെ ആവശ്യത്തിലധികം ഉയര്‍ത്തി കാട്ടുന്നതും മറ്റൊരു ലക്ഷ്യമല്ല. സി പി എമ്മിനെ അടിക്കാന്‍ അവസരം കിട്ടുമ്പോള്‍ ഒക്കെ ഈ മുഖ്യധാരാ പത്രംങ്ങളില്‍ പ്രമുഖമായവ ആ രീതി സ്വീകരിക്കുന്ന പതിവ് ഇന്നും തുടരുന്നു. 
 ഹ്രസ്വകാല താല്പര്യങ്ങൾ ഉന്നം വെച്ചുകൊണ്ട് ഈ  രാഷ്ട്രീയ താല്പര്യം നല്ലതിനല്ല എന്ന സത്യം പലറും തിരിച്ചറിയാതെ പോകുന്നു. രാഷ്ട്രീയ കക്ഷികളും മുഖ്യധാരാ മാധ്യമങ്ങളും നവലിബറൽ രാഷ്ട്രീയത്തിന്റെ വികാസത്തെ കണ്ടില്ലെന്നു നടിക്കുകയും കോര്പ്പറേറ്റ് കമ്പനികളുടെ ഇംഗിതങ്ങള്‍ തന്ത്രത്തില്‍ ജനങ്ങളില്‍ അടിച്ചേല്പ്പിക്കുകയും  ചെയ്യുന്നു. ഏറെ പ്രബുദ്ധമെന്നു വിശ്വസിക്കുന്ന കേരളത്തിലെ മാധ്യമ പ്രവര്‍ത്തനത്തില്‍ വന്ന മാറ്റം ശ്രദ്ധേയമാണ്. സോഷ്യല്‍ മീഡിയയുടെ കടന്നു വരവ് ഇല്ലായിരുന്നു എങ്കില്‍ കഥയാകെ മാറിപോയേനെ. സോഷ്യല്‍ മീഡിയ കടിഞ്ഞാണില്ലാത്ത കുതിരയാണ് എങ്കില്‍പോലും പൊതു സ്വഭാവത്തെ തുറന്നു കാണിക്കാന്‍ കഴിയുന്നു എന്നത് ചെറിയ കാര്യമല്ല. അല്ലെങ്കില്‍ മാധ്യമങ്ങള്‍ തുറന്നു വിടുന്ന ഭാവങ്ങള്‍ മാത്രം കണ്ടു നാം ഭാഗദേയം നിശ്ചയിക്കുമായിരുന്നു. ഇന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മത ജാതി സംഘടനകള്‍ക്കും സ്വന്തമായി ചാനല്‍ ഉണ്ട് അതില്‍ പലരും മുഖ്യധാരയില്‍ പ്രധാനപെട്ട ചാനല്‍ ആയി മാറിയിട്ടുമുണ്ട്. അവരൊക്കെ പടച്ചു വിടുന്ന കഥകള്‍ വിശ്വസിക്കാനാവാതെ മിഴിച്ചു നില്‍ക്കുകയാണ് ഇന്ന് മലയാളി. അവസാനം അവന്‍/അവള്‍ ശരണം തേടുന്നത് ഇന്ന് സോഷ്യല്‍ മീഡിയ തന്നെ. മാധ്യമങ്ങളുടെ ഈ താല്പര്യം ഉദാഹരണ സഹിതം കാണിക്കാനാണ് ചങ്ങമ്പുഴയെ കുറിച്ച് വി എസ് പറഞ്ഞ പ്രസ്താവന ആദ്യം സൂചിപ്പിച്ചത്.  

യുദ്ധാനന്തര അവസരവാദത്തില്‍ ഉറച്ചു വി എസ് നില്‍ക്കുമ്പോള്‍ അതിന്റെ ഗുണം ആര്‍ക്കായിരിക്കും ? എന്ന ചോദ്യത്തിന് ഏറെ പ്രസക്തിയുണ്ട്. പാര്ട്ടിയെ പ്രതിസന്ധിയിലാക്കുന്ന നിരവധി അവസരങ്ങളിൽ വി എസ് എടുത്ത നിലപാടുകളെ അംഗീകരിക്കാൻ ആകില്ല. എന്നാൽ അക്കാര്യം ഏറ്റവും സമർത്ഥമായി ഉപയോഗിച്ചതും അതിന്റെ ഗുണങ്ങൾ ഏറെയും ലഭിച്ചതും മാധ്യമങ്ങള്ക്ക് തന്നെ. കാലഹരണപ്പെട്ട ഇസമെന്ന് നിരന്തരം പറഞ്ഞു കൊണ്ടിരിക്കുന്ന വലതു പക്ഷത്തിന് കമ്മ്യൂണിസത്തിന്‍റെ സമകാലിക പ്രസക്തിയെ കടന്നാക്രമിക്കാന്‍ ഒരു വടി കൂടി നല്‍കുകയല്ലാതെ മറ്റെന്താണ്! ജനപക്ഷത്ത് നില്ക്കുന്നു എന്ന വ്യാജേന മാധ്യമ ദൃഷ്ടിയില്‍ നിലനില്‍ക്കാന്‍ നടത്തുന്ന പ്രയോഗിക അവസരവാദത്തിന്റെ ഗുണഭോക്താക്കള്‍ ചില പത്രങ്ങളും ചാനലുകളും അതില്‍ പ്രത്യക്ഷപ്പെടുന്ന ഇടത്തു പക്ഷ വിമര്‍ശകര്‍ എന്നു പറയപ്പെടുന്ന ചിലരും മാത്രമായിരിക്കും, ഇന്ന് ഇന്ത്യ നേരിടുന്ന സമകാലിക പ്രശ്നം നമ്മുടെ ഒക്കെ മനസുകളിലേക്ക് അധിനിവേശം നടത്തികൊണ്ടിരിക്കുന്ന ഫാസിസമാണ്,,, ഇന്നവര്‍ ചിരിച്ചു വരുന്നു, ഉള്ളില്‍ ഒരു അട്ടഹാസം ഒളിപ്പിച്ചുകൊണ്ട്,,, അതിനെതിരെ ഉണരാന്‍ പാകത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഒത്തുചേരലാണ് കാലം ആവശ്യപ്പെടുന്നത്, അതിനുതകുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ഈ മാധ്യമങ്ങൾക്ക്  ഊര്‍ജ്ജം ഉപയോഗിച്ച് കൂടെ.

വ്യാജമായി രൂപപ്പെടുത്തിയ വാര്‍ത്ത കളിലൂടെയും അതിലോടെ സൃഷ്ടിക്കപ്പെട്ട  വാഗ്ദാനങ്ങളില്‍ കുരുങ്ങി ഒരു ജനത പ്രതീക്ഷയുടെ പായക്കപ്പലില്‍ സമുദ്രത്തിന്‍റെ ഏകാന്തതയിലേക്ക് കാറ്റിന്‍റെ ഗതിയനുസരിച്ച് നീങ്ങുംപോള് തുടക്കത്തിലെ യാത്രാസുഖം യാത്രാവസാനം വരെ ഉണ്ടാകുമെന്ന ആഗ്രഹം , വ്യാമോഹം അപ്രതീക്ഷമായി വരുന്ന കൊടുങ്കാറ്റിനെ എങ്ങിയായിരിക്കും നേരിടുക? മുങ്ങാറായ കപ്പലില്‍ നിന്നും ഭാരം കുറക്കാന്‍ ആരെയാകും ആദ്യം കടലിലേക്ക് വലിച്ചെറിയുക? ഈ ഭയം അസ്ഥാനത്താണ്, കാത്തിരുന്ന്‍  കാണാം എന്നു പറയുമ്പോളും എപ്പോഴൊക്കെ ഫാസിസം നമ്മുടെ ചുറ്റുവട്ടത് ഉണ്ടോ അപ്പോഴൊക്കെ നമുക്ക് ചുറ്റും ഈ ഭയം ഉണ്ടാകും, 
എല്ലാ പ്രതീക്ഷയെയും തച്ചു തകര്‍ത്ത ഇന്നലെകളോടുള്ള പ്രതിഷേധം വന്നടിഞ്ഞത് കൃത്രിമമായി കെട്ടിപ്പടുത്ത നന്‍മയുടെ തീരത്താണെന്ന തിരിച്ചറിവിലേക്ക് ജനത എത്തുംമ്പോഴേക്കും നന്‍മയുടെ മുഖംമൂടിയണിഞ്ഞ ഫാസിസം തങ്ങളുടെ ഒളിയജണ്ടകള്‍ കോര്‍പ്പറേറ്റ് മേമ്പൊടി ചേര്ത്ത് പരിഹാര മരുന്നായി തരും, അതും മൃതസഞ്ജീവനിയായി കരുതിആവേശത്തോടെ കഴിക്കാന്‍ തയ്യാറാകുന്നു എങ്കില്‍ നമ്മുടെയൊക്കെ രാഷ്ട്രീയ നിരക്ഷരത്വം എവിടെ എത്തിക്കും? ഫാസിസം അതിനുതകുന്ന തരത്തില്‍ മുഖംമൂടികള്‍ മാറ്റികൊണ്ടിരിക്കും അതിനെ തിരിച്ചറിയുക എന്നതാണ് ഇനിയെങ്കിലും ഉണ്ടാകേണ്ട വിവേകം. ഇവര്‍ അവരുടെ അജണ്ട നടപ്പിലാക്കാന്‍  കടലിലേക്ക് വലിചെറിയപ്പെടുന്നത് നാം ഓരോരുത്തരെ തന്നെ ആയിരിക്കും എന്ന സത്യത്തെ എന്നാണ് നമ്മള്‍ തിരിച്ചറിയുക  

ആഗോളനവലിബറൽ മുതലാളിത്തത്തിന്റെകടന്നുകയറ്റത്തിനെതിരെ അണിനിരക്കണമെന്ന് ഇടതുപക്ഷ രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകർ നിരന്തരം ആഹ്വാനം ചെയ്യുന്നതല്ലാതെ ഈ സാംസ്കാരിക  പ്രവര്ത്തനം എങ്ങനെ ഫലപ്രദമായി നടത്താം എന്നാ കാര്യത്തിൽ വ്യക്തമായ ഉത്തരം ഉണ്ടാകുന്നില്ല, എന്ന സത്യത്തെ ഇനിയും വലതുപക്ഷ വിമര്‍ശനം എന്ന് പറഞ്ഞു കൊണ്ട് തള്ളികളയാന്‍ ആകില്ല. ഇന്നത്തെ അവസ്ഥയിൽ  റിപ്പബ്ലിക്കൻ-സോഷ്യലിസ്റ്റ് ആശയങ്ങളിൽ അധിഷ്ഠിതമായ ലിബറൽ ചിന്തയുടെ സംരക്ഷകർ കുറഞ്ഞു വരികയാണോ? എഴുത്തുകാരന്റെ തൂലിക ഒളിച്ചു വെക്കാനുള്ളതല്ല അവരുടെ  ഭീകരമായ മൌനം കനത്ത ഇരുട്ടിലേക്ക് നയിക്കും എന്ന സത്യം തിരിച്ചറിയപപെടണം അല്ലാത്ത പക്ഷം വലിച്ചെറിയുക തൂലിക പത്രപ്രവര്ത്തനം മാധ്യമ പ്രവര്ത്തനം എന്നത് ഇന്ന് അജണ്ടകൾ നടപ്പിലാക്കാനുള്ള ഒന്നാക്കി മാറ്റുന്നവരെ തിരിച്ചറിയുക തന്നെ വേണം അവരുടെ ഒരു പ്രധാന ലക്ഷ്യമാണ്‌ വി എസ. അത് പാര്ട്ടിയും വി എസും തിരിച്ചറിയുക തന്നെ വേണം. മൂന്നാര്‍ സമരം എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഒരു പാഠം നല്‍കുന്നുണ്ട്. വി എസ് മാത്രം സ്വീകാര്യന്‍ ആയതിന്റെ ചര്‍ച്ചകളില്‍ ഒതുക്കേണ്ടതല്ല അത്. ഒരു ജനത ആവശ്യപ്പെടുന്നവ അവരിലേക്ക് എത്തിപ്പെടാന്‍ വൈകുമ്പോള്‍ അവിടെ അവര്‍ അസ്വസ്തരോ സ്വതന്ത്ര്യമില്ലാത്തവാരോ ആയി മാറുന്നു. അതിന്റെ ബഹിര്‍ഗമനം വിവിധ രൂപത്തില്‍ ആകും ഉണ്ടാകുക. അതാണ്‌ മൂന്നാറില്‍ സംഭവിച്ചത്. ജനങ്ങള്‍ക്കിടയില്‍ വി എസ് ഉണ്ടാകും എന്ന വിശ്വാസമാണ് അദ്ദേഹത്തെ സ്വീകര്യനാക്കിയത്. മാധ്യമങ്ങള്‍ ഉയര്ത്തികാട്ടുന്ന വി എസ് അല്ലാത്ത സമരവീര്യം ഒട്ടും ചോരാത്ത വി എസ് ഉണ്ട് ഇന്നും കേരളത്തിന്റെ പ്രതീക്ഷ നിലനിര്‍ത്തുന്ന രാഷ്ട്രീയക്കാരന്‍... മാധ്യമ  അജണ്ടകള്‍ ആ അജയ്യതയെ തകര്‍ക്കാനും ഒപ്പം പാര്‍ട്ടിയെ ഇകഴ്ത്തി കാണിക്കാനുമാണ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്. 
                                                       ******************************
From Daily Malayalam News Web Portal 
http://www.malayalamdailynews.com/?p=177337

Thursday 17 September 2015

അസ്തമയം

കവിത 
പ്രകാശം പരത്തുമീ തീരം
നീയെനിക്ക് തരുമ്പോള്‍ 
ഞാന്‍ ഇരുട്ടിലായിരുന്നു 

ഇരുട്ടില്‍ ഒരു വാല്‍ നക്ഷത്രമായ്‌ 
ഒരു വെള്ളിവരയാണ് 
നീയാദ്യം വരച്ചത് 
പിന്നെയതൊരു സൂര്യനായ്,,,,

ചുവന്ന നിറത്തില്‍ 
നീ തിളങ്ങുന്നതും 
കടലിനെ ചുമ്പിക്കാന്‍ 
നീ അടുക്കുന്നതും 
ഇപ്പോഴെനിക്ക് 
ഭയമാണ് 

നീയിനി
കറങ്ങല്ലേ....
എനിക്ക് നീ ഇരുളിനെ 
തിരിച്ചു തരല്ലേ 
എത്ര സുന്ദരമായാലും. 
           **********
(Painting By Joseph Mallord William - TurnerYacht Approaching the Coast)
Malayalam Daily News എന്ന വെബ്‌ മാഗസിനില്‍ വന്ന കവിത 
http://www.malayalamdailynews.com/?p=176470Friday 11 September 2015

മൗനം

കവിത

ച്ചടി മഷി പുരണ്ട 
നിന്റെ വാക്കുകൾ 
എനിക്കിന്ന് 
നോക്കാനാവുന്നില്ല 

ചുട്ടുകളയുക 
നിന്റെയീ 
തൂലിക 

ഇറ്റിവീഴുന്ന 
ചോരകണ്ടും
ഇളകാത്ത 
ഹൃദയത്തിൽ 
എത്ര പൂ വിരിഞ്ഞിട്ടും  
എന്ത് കാര്യം 

നിന്റെ മൌനം 
ഹിമാലയത്തോളം 
വേദന  നൽകുന്നു 

കൊട്ടിയടച്ച 
കാതും, 
മൂടികെട്ടിയ കണ്ണും,
തുന്നിക്കെട്ടിയ 
വായയും 
നിന്റെ 
വളർച്ചയെങ്കിൽ 

വെട്ടിമാറ്റിയ 
തലകൾ അത്രയും 
നിന്റെ 
കവിതകൾ 
ഉരുവിട്ടത്തിൽ 
ഖേദിക്കുന്നുണ്ടാവും.

മാപ്പില്ലാത്ത 
കാലത്ത് 
ചുട്ടു കളയൂ 
നിന്റെയീ മൌനത്തിൻ 
തൂലിക ....
 **************


മാധ്യമം ചെപ്പില്‍ വന്ന കവിത 11/9/2015 

Sunday 30 August 2015

ഓണത്തിന്റെ ഭൂതകാലവും മറുനാടന്‍ ഓണാഘോഷവും

ലേഖനം ണത്തിന്റെ ഭൂതകാല ഓര്‍മ്മകള്‍ അതിന്റെ ഐതിഹ്യത്തോടും മിത്തുകളോടും ചേര്‍ന്ന് നില്‍ക്കുന്നു. കര്‍ക്കടക മാസത്തിലെ ഇരുണ്ട അന്തരീക്ഷത്തില്‍നിന്ന് ചിങ്ങത്തിലേക്കുള്ള കാല്‍വെപ്പും, മാനസിക-സാമ്പത്തികാന്തരീക്ഷത്തില്‍വരുന്ന മാറ്റവും പ്രകൃതിയിലെ വസന്തവും സമൃദ്ധിയും അതിലൂടെ ഉരിത്തിരിഞ്ഞ മിത്തുകളും അതിനോട് ചേര്‍ത്തു വെച്ച ഐതിഹ്യങ്ങളും ചേര്‍ന്നതാണല്ലോ ഇന്ന് നാം ഉത്സവ ഓര്‍മ്മകളോടെ കൊണ്ടാടുന്ന ഓണക്കാലം. മറുനാടന്‍ മലയാളികള്‍ അവരുടെ പ്രവാസ ജീവിതത്തോട് മല്ലിടുമ്പോഴും ഈ ഭൂതകാല ഓര്‍മ്മകള്‍ കൂടെ കൊണ്ടുനടന്നു എന്നത് ഓണത്തിന്റെ പ്രസക്തി വര്‍ദ്ധിക്കുകയാണ്. വിപരീത സാഹചര്യങ്ങളിലും മറുനാട്ടിലും അവരുടെ പരിമിതികളെ തരണം ചെയ്ത്കൊണ്ട് ചിങ്ങത്തിലേക്കുള്ള കാല്‍വെപ്പിനെ അന്നും ഇന്നും വരവേറ്റു എന്നത് ചെറിയ കാര്യമല്ല. ആധുനിക കാലത്ത് സര്‍വ്വ ലൌകികസാഹചര്യം പൂര്‍വ്വാധികം വര്‍ദ്ധിച്ചപ്പോള്‍ പല ആഘോഷങ്ങളും കൊണ്ടാടലുകളും വിപണിയുടെ സാദ്ധ്യത വര്‍ദ്ധിപ്പിക്കലായി മാറിയിട്ടുണ്ട് എന്ന യാഥാര്‍ത്ഥ്യം ഇവിടെ നിഷേധിക്കുന്നില്ല, എങ്കിലും മാറിയ സാഹചര്യത്തിലും ഇന്നും മറുനാടൻ മലയാളികൾ ഓണാഘോഷം വളരെ സമൃദ്ധമായി തന്നെ കൊണ്ടാടപ്പെടുന്നു.
ദേശാന്തരഗമനം നടത്തി തിരിച്ചെത്തുന്നവർ ലോകത്തിന്റെ വിവിധ സംസ്കാരത്തെ സ്വീകരിച്ചും ഇടപഴകിയും ജീവിതത്തോട് കൂട്ടി കേട്ടുമ്പോഴും മലയാളി അവന്റെ ഓണത്തെ നെഞ്ചോട് ചേര്ത്ത് വെച്ചു എന്നതാണ് സത്യം, ഭക്ഷണത്തിലും വസ്ത്രത്തിലും മലയാളി അടിമുടി മാറിയ സാഹചര്യത്തിലും ഓണക്കാലത്ത് കേരളീയ വസ്ത്രങ്ങളിൽ അണിഞ്ഞൊരുങ്ങി സദ്യയൊരുക്കി കുമ്മാട്ടിയും പുലിക്കളിയും പൂക്കളവും അടക്കം മാവേലിയെ വരവേറ്റു തന്നെയാണ് ഇന്നും മറുനാടൻ മലയാളികളുടെ ഓണം. മറുനാടൻ മലയാളികളുടെ സംഘടന നടത്തിയ ഓണാഘോഷത്തിൽ ആദ്യത്തേത് രേഖപ്പെടുത്തിയത് 1883ൽ മദ്രാസ് പ്രസിഡൻസി കോളേജിൽ കൂടിച്ചേർന്ന ട്രിപ്പിക്കൽ മലയാളി ലിറ്റററി അസോസിയേഷൻ ആണെന്നാണ്‌ ഡോ: പി രഞ്ജിത്തിന്റെ മലയാളിയുടെ ഭൂതകാലങ്ങൾ, ഓണവും സാമൂഹ്യഭാവനാ ലോകവും എന്ന പുസ്തകത്തിൽ പറയുന്നത്. തുടർന്ന് 1911മുതൽ റങ്കൂണിൽ മലബാര് ക്ലബ്ബും, 1926ൽ കേരള അസോസിയേഷനും വിപുലമായ ഓണാഘോഷം നടന്നതായി വിവരിക്കുന്നുണ്ട്. കൂടാതെ (1932-37) സിങ്കപ്പൂരിൽ ഹിന്ദു സമാജം, ലണ്ടനിലെ കേരള സമാജം, കോലാറിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ബോംബെ മലയാളി സമാജം ഇങ്ങനെ രേഖപ്പെടുത്തിയ നിരവധി ആഘോഷങ്ങൾ പലയിടത്തായി നടന്നിട്ടുണ്ട്. എഴുപതുകളുടെ തുടക്കത്തിൽ ആരംഭിച്ച ഗൾഫ് കുടിയേറ്റം കേരളത്തിന്റെ വിവിധങ്ങളായ മുന്നേറ്റത്തിനു പ്രധാന ഹേതുവായി. തുടർന്ന് അറേബ്യൻ മരുഭൂമികളിലും വർണാഭമായ പൂക്കളങ്ങൾ വിരിയാൻ തുടങ്ങി. മലയാളിയുടെ കുടിയേറ്റ ചരിത്രം പരതുമ്പോൾ ഇത്തരം ആഘോഷങ്ങളുടെ ബാക്കിപത്രം കണ്ടെത്താനാകും. രേഖപ്പെടുത്താത്തെ പോയ ചരിത്ര സത്യങ്ങളിൽ ചിലപ്പോൾ ഇത്തരം ആഘോഷങ്ങളും മൂടപെട്ടാക്കാം. വിവര സാങ്കേതിക വിദ്യയുടെ വളര്ച്ചയോടെ ആഘോഷങ്ങളുടെ ഒരു ഏകീകരണം നടന്നിട്ടുണ്ട്. അമേരിക്കയിലുംഗള്ഫിലും യൂറോപ്പിനും ലോകത്തിന്റെ മറ്റെവിടെയുംഉള്ള മലയാളി തന്റെ ഓണാഘോഷം ഒരു തുറന്ന പുസ്തകം പോലെ ചാനലിലൂടെയും സോഷ്യൽ മീഡിയകളിലൂടെയും നിറഞ്ഞാടുന്ന ഈ കാലത്ത് ഓണത്തിന്റെ ഭൂതകാലം തേടി ഒരന്വേഷണം അനിവാര്യമാണ്. കാലാവസ്ഥയും സാമ്പത്തിക നിലയും പാരസ്പര്യപ്പെടുന്നതാണ് ഈ നാളുകളുടെ പ്രസക്തിയെന്ന് പണ്ടു മുതലേ വിശ്വസിച്ചു പോരുന്നുണ്ട് എങ്കിലും ഈ പുതിയ കാലത്ത് പാരിസ്ഥിതികമായ ഒട്ടേറെ നഷ്ടങ്ങൾക്ക് നടുവിലാണ് മനുഷ്യരെന്നതിനാൽ ഭൂതകാലത്തിന്റെ നന്മകൾ അതേപടി പകർത്താൻ ആകില്ല. മാവേലിയുടെ വര്‍ഷകാല സന്ദര്‍ശനം കാത്ത് ഒരു ജനത ആവേശത്തോടെ സ്വീകരിക്കുന്ന നല്ലകാലത്തിന്‍റെ ഓര്‍മ്മയുടെ രീതി ഇന്നാകെ മാറിയിരിക്കുന്നു. ഇന്ന് കേരളം അതിന്റെ ശരിയായ രീതിയിൽ കാണണം എങ്കിൽ ഗൾഫിലേക്ക് വരേണ്ടിവരും എന്ന് തമാശരൂപേണ പറയാറുണ്ടെങ്കിലും ഇന്ന് ഗൾഫ് പ്രവിശ്യയിൽ വിവിധ സംഘടങ്ങൾ നടത്തുന്ന ഓണാഘോഷം കാണുമ്പോൾ അത് സത്യമാണെന്ന് തോന്നിപോകും. പണ്ട് മറുനാടൻ മലയാളി എന്ന പേരിൽ ഒരു പംതി തന്നെ ഉണ്ടായിരുന്നതായും അതിൽ മറുനാടൻ മലയാളികളുടെ ഓണസ്മരണകൾ നിറഞ്ഞു നിന്നിരുന്നു എന്നും എസ് കെ നായരുടെ തിരുവോണസ്മരണകൾ വായിക്കുമ്പോൾ മനസിലാകും. അന്ന് മറുനാടൻ മലയാളികളിൽ നാട് വിട്ടു നിന്നതിന്റെ പരിഭവവും നാട്ടില്‍ ഓണമാഘോഷിക്കവരുടെ ഭാഗ്യത്തെ സ്മരണകൾ അസൂയയോടെ രേഖപ്പെടുത്തിയിട്ടുണ്ട്. "മലനാട്ടിൽ മാവേലിയെ സൽക്കരിച്ചിരുത്തി ഇന്നും തിരുവോണം കൊണ്ടാടാൻ ഭാഗ്യം ചെയ്തവരോട്‌ അസൂയപ്പെട്ടുകൊണ്ട് ഈ സ്മരണാമാധുര്യം അയവിറക്കട്ടെ" ഓണക്കാലത്ത് നാട്ടിലെത്താൻ കഴിയാതെ പോയതിന്റെ വിഷമം ഈ എഴുത്തിൽ വ്യക്തം. ഓണാഘോഷം മതേതര കാഴ്ച്ചപ്പാടുകൾക്ക് ഏറെ പ്രാധാന്യം നൽകുന്നു ഒരുമയുടെ ഒരാഘോഷമായി എല്ലായിടത്തും ഒരുപോലെ മലയാളികള് ഹൃദയത്തോട് ചേര്ത്ത് വെക്കുന്നു. പ്രകൃതിയോട് ഏറെ ചേര്‍ന്നു നില്‍ക്കുന്ന ഈ നാളുകള്‍എല്ലാവരുടെയും ആഘോഷകാലമാണ്.                                 


"മാവേലി തന്നുടെ നാടുകാണാൻ
താവും മുദമോടെഴുന്നെള്ളുന്നൂ 
ദാനവീരനദ്ദാനശീലൻ
ആനന്ദനൃത്തങ്ങളാടിപ്പൊകും"

,എന്ന് ഇടശ്ശേരി (പോവല്ലേ പോന്നോണമേ) പറയുമ്പോൾ ദൂര ദേശത്തിരുന്ന് ഇതുപോലെ മനസു മന്ത്രിക്കും. തുമ്പപൂ, മുക്കുറ്റി, കൊങ്ങിണിപൂ, കാക്കപ്പൂവ്, അപ്പപ്പൂവ് എന്നിങ്ങനെ ഇതൊന്നും ഇന്ന് പൂക്കളത്തിന് നാട്ടിൽ പോലും ലഭ്യമല്ലെങ്കിലും കിട്ടാവുന്ന പൂവും കലരും ചേർത്ത് വർണാഭമായ പൂക്കളങ്ങൾ മറുനാട്ടിൽ ഇന്നും നിറയുന്നു എന്നത് ഈ ആഘോഷം ഇന്നും മനസ്സിൽ നിറഞ്ഞു നില്ക്കുന്നു എന്നതിന് തെളിവാണ്. പൂക്കളം നിര്‍മ്മിക്കല്‍, തൃക്കാക്കരപ്പനെ പ്രതിഷ്ഠിക്കല്‍, പൂവിളി, ഓണവില്ലുകൊട്ടല്‍, വിപുലമായ സദ്യയോരുക്കല്‍, ഊഞ്ഞാലാട്ടവും, കണ്ണനാമുണ്ണി കളിയും, തിരുവാതിരക്കളിയും, കമ്പിത്താലം കുമ്മാട്ടി, കമ്പവലി ഇങ്ങനെ ഓണവുമായി ബന്ധപ്പെട്ട നിരവധി കളികളും കലാരൂപങ്ങളും മറുനാടൻ മലയാളികളുടെ ഓണാഘോഷത്തിൽ അതിന്റെ പൂർണ്ണരൂപത്തിൽ അല്ലെങ്കിൽ പോലും പ്രതീകമായെങ്കിലും നിറഞ്ഞു നിൽക്കുന്നു എന്നത് ആശ്വാസകരമാണ്. വള്ളംകളി അതിന്റെ പരിപൂര്ണ്ണതയോടെ സൃഷ്ടിക്കാൻ സാധ്യമല്ല എങ്കിലും ചിലയിടത്ത് എങ്കിലും പ്രതീകാത്മകായി വള്ളംകളിയും ഉണ്ടാവാറുണ്ട്. പണ്ട് എസ് കെ നായര് കേരളത്തെ നോക്കി അസൂയപെട്ടെങ്കിൽ ഇന്ന് കേരളത്തില ഉള്ളവർ മറുനാടൻ ഓണാഘോഷം കണ്ട് അസൂയപ്പെടുന്നുണ്ടാകും. മലയാളിയുടെ സ്വന്തം ആഘോഷമായ ഓണം അതിന്റെ മതേതര സ്വഭാവം നിലനിർത്തി ഇനിയും മാവേലിയെ വരവേൽക്കാൻ ഇനിയും നമുക്കാവട്ടെ. 
യു.എ.ഇ എക്സ്ചേഞ്ച് ഇറക്കിയ ഓണം സ്പെഷ്യല്‍ മാഗസിന്‍ പേജ് വണ്ണില്‍ വന്ന ലേഖനം 30/8/2015 

പ്രണയംണ്ണിരയോളം
മണ്ണിനെ പ്രണയിച്ചു.
പറവയോളം
ആകാശത്തെയും
മല്‍സ്യത്തോളം 
നീന്തി തുടിച്ചിട്ടും 
പൂക്കളോളം 
സുഗന്ധം 
വിരിച്ചിട്ടും
എന്റെ പ്രണയം 
മാത്രം 
എന്തുകൊണ്ടാണ് നീ  
ഒരൊറ്റ വരിയില്‍
ഒതുക്കിയത്. 
***************

Malayalam Daily Newsല്‍   വന്ന കവിത 30/8/2015 
http://www.malayalamdailynews.com/?p=173109

Sunday 23 August 2015

പ്രണയാന്വേഷണം
ഞ്ഞുപോലെ 
വെളുത്ത പുതപ്പിനു കീഴില്‍ 
ചന്ദനത്തിരി തീര്‍ത്ത
വക്രരേഖകള്‍ക്കിടയിലൂടെ 
നീയെന്‍റെ
നെറ്റിയില്‍ ചുമ്പിചപ്പോള്‍ 
നിന്നില്‍ വിരിഞ്ഞത് 
തുടര്‍ജന്മത്തിന്റെ 
പ്രണയ ഭാരമോ?

കാത്തിരിക്കുന്ന 
അടുത്ത ജന്മത്തില്‍ 
നീ തീര്‍ത്ത 
പ്രണയ ഗോപുരത്തിന്റെ 
കല്ലിളക്കാന്‍ 
ആര്‍ക്കാണിത്ര തിരക്ക്?

വാക്കുകളില്‍
തട്ടി തെറിക്കുന്ന 
പ്രണയാക്ഷരങ്ങള്‍ 
തിരഞ്ഞു
ഞാന്‍ നടക്കവേ 
നിന്റെ കൈകളില്‍ 
പ്രണയം എന്ന 
അക്ഷരക്കൂട്ടങ്ങള്‍ 
തട്ടിയോ?


23/8/2015ന്www.malayalamdailynews.com ല്‍ വന്നത് 
http://www.malayalamdailynews.com/?p=171856

Sunday 2 August 2015

കളിയോർമ്മകൾ ഉണർത്തുന്ന പുന്നയും പുന്നക്കായും

പച്ചമരം
ണലേകാൻ ഒരു മരം എന്നതിലുപരി ഒരു മരം പ്രകൃതിക്ക് നല്കുന്ന നിരവധി സംഭാവനകൾ ഉണ്ട് അതിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് മനുഷ്യൻ തന്നെയാണ് അതുകൊണ്ട് തന്നെ വംശനാശ ഭീഷണി നേരിടുന്ന സസ്യങ്ങളെ കുറിച്ച് ബോധാവാനാകേണ്ടാതിന്റെ പ്രാധാന്യം വളരെ വലുതാണ്‌. കേരളത്തിൽ കണ്ടുവന്നിരുന്ന പല മരങ്ങളും നമുക്കിന്ന് അന്യമായികൊണ്ടിരിക്കുകയാണ്. അത്തരത്തിൽ വംശനാശ ഭീഷണി നേരിടുന്ന പട്ടികയിൽ സ്ഥാനം പിടിച്ച ഒരു നിത്യഹരിത സസ്യമാണ് പുന്ന അഥവാ പുന്നാഗം.(Calophyllum inophyllum) കേരളത്തില അടക്കം ഇന്ത്യയുടെ ദക്ഷിണ തീരപ്രദേശങ്ങളിലും  പൂർവ ആഫ്രിക്ക മലേഷ്യവരെയുള്ള പ്രദേശങ്ങളിലും  ഓസ്ട്രേലിയയിലും ഈ മരം കണ്ടുവരുന്നു. മണലിൽ നന്നായി വളരുന്നതുകൊണ്ടും ഒരു തണൽവൃക്ഷമായി വളരുന്നതുകൊണ്ടും മറ്റനേകം ഉപയോഗമുള്ളതുകൊണ്ടും ചില പസഫിക്‌ രാജ്യങ്ങളിൽ പുന്നമരത്തെ വിശുദ്ധവൃക്ഷമായി കരുതുന്നു. കറുപ്പുകലർന്ന ചാരനിറമാർന്ന  തൊലിയുള്ള ഇത്  ഏറെ ഉറപ്പുള്ള മരമാണ്, വെള്ളത്തിൽ ഏറെ കാലം കിടന്നാൽ കേടുവരില്ല എന്നതിനാൽ പണ്ടുകാലം മുതൽ തന്നെ കേരളത്തിൽ തോണി നിർമാണത്തിന് പുന്നത്തടി ഉപയോഗിച്ചിരുന്നു. കടുപ്പമുള്ള പുന്നയുടെ തടി ബോട്ടുണ്ടാക്കാനും മറ്റു നിർമ്മാണപ്രവർത്തങ്ങൾക്കും ഉപയോഗിക്കുന്നു. പണ്ടുമുതലേ പസഫിക്‌ ദ്വീപുകളിലുള്ളവർ ബോട്ടുകൾക്ക്‌ കീലിടാൻ പുന്ന ഉപയോഗിച്ചിരുന്നു. അവർ  ഉണങ്ങിയ  പുന്നക്കായ്‌ കുട്ടികളുടെ പ്രകൃതിദത്തമായ ഗോലിയാണ്, ഇക്കാലത്ത് കുട്ടികൾ കളിക്കാൻ പുന്നക്കായ്‌ ഉപയോഗിക്കുന്നില്ല എങ്കിലും പണ്ട് കുട്ടികളുടെ പ്രധാന കളികളിൽ പുന്നക്കായ്‌ ഒരു പ്രധാന സാന്നിദ്ധ്യമായിരുന്നു. പുന്നയുടെ കുരുവിൽ നിന്നും ലഭിക്കുന്ന കട്ടിയുള്ള കടുംപച്ച നിറത്തിലുള്ള പുന്നയെണ്ണ ഔഷധമായും തലയിൽ പുരട്ടുവാനും ഉപയോഗിക്കുന്നു. ഡോംബാ ഓയിൽ (ബോംബെ എണ്ണ) എന്ന് ഇത് വിദേശരാജ്യങ്ങളിൽ അറിയപ്പെടുന്നു. ജൈവൈന്ധനമായി ഉപയോഗിക്കാൻ പുന്നയെണ്ണ നല്ലതാണ്‌. മരമൊന്നിന്‌ 11.7 കിലോ എണ്ണ ലഭിക്കുന്നു (ഒരു ഹെക്ടറിന്‌ 4680 കിലോ). രാത്രിയിൽ വിളക്കുകത്തിക്കാൻ കേരളത്തിലും ഫിലിപ്പൈൻസിലും പുന്നയെണ്ണ ഉപയോഗിച്ചിരുന്നു. മണ്ണെണ്ണയുടെയും വൈദ്യുതിയുടെയും വരവോടെയാണ്‌ ഇതിനു മാറ്റമുണ്ടായി. പണ്ടുകാലത്ത്‌ പുന്നയെണ്ണയ്ക്ക്‌ കേരളത്തിൽ നികുതിയേർപ്പെടുത്തിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ചരിത്രപരമായ മറ്റൊരു പ്രത്യേകത പുന്നയെണ്ണക്കുണ്ട്.  രണ്ടാം ലോകമഹായുദ്ധകാലത്ത്‌ റേഡിയോയ്ക്ക്‌ വൈദ്യുതി ഉണ്ടാക്കാൻ പുന്നയെണ്ണ ഉപയോഗിച്ചിട്ടുണ്ട്‌... ഔഷധമായും പണ്ടുമുതലേ പുന്നയെണ്ണ ഉപയോഗിച്ച് വരുന്നു. തൈലം വേദന ശമിപിക്കും. തൊലിയിലെ കറക്ക് വൃണങ്ങളെ കരിക്കാനുള്ള ശേഷിയുണ്ട്. അതിസാരം പ്രവാഹിക, എന്നിവ ശമിപ്പിക്കാൻ ഇതിനു കഴിയും. പുന്നമരത്തിന്റെ ഇലയുടെ നീര് കോർണിയയെ വ്യക്തതയുള്ളതാക്കും (തിമിരം) എന്ന് വൃന്ദമാധവത്തിൽ പരാമർശിച്ചിരിക്കുന്നു. സന്ധിവാതത്തിനു് പുന്നക്കായിൽ നിന്നെടുക്കുന്ന പുന്നയെണ്ണ നല്ലതാണ് ഇത്തരത്തിൽ ഏറെ പ്രയോജനപ്രദമായ ഒട്ടനവധി കാര്യങ്ങള്ക്ക് ഉപയോഗിക്കുന്ന ഈ നിത്യ ഹരിത മരമാണ് ഇന്ന് കേരളക്കരയിൽ നിന്നും കാണാതായി കൊണ്ടിരിക്കുകയാണ്. പുന്നതൈ പറിച്ചു നടുന്നത് നല്ലതല്ല എന്ന അന്ധവിശ്വാസം നിലനില്കുന്നതിനാൽ ഇതിന്റെ വംശ വർദ്ധനക്ക് തടസം ഉണ്ടാകുന്നു. ഇന്ന് വളരെ അപൂർവമായേ പുന്നമരത്തെ കാണുന്നുള്ളൂ. ഏറെ കാലത്തെ പഴക്കമുള്ള ഒരു പുന്നമരം ആലപ്പുഴയിലെ പറവൂരിൽ കേരള സർക്കാർ സംരക്ഷിച്ചുവരുന്നു.

 കേരളത്തിലെ മരങ്ങളെ പരിചയപ്പെടുത്തുന്ന പംക്തി സിറാജ് ഞായറാഴ്ചയില്‍  


Wednesday 22 July 2015

പണക്കുടുക്കയും അമ്മക്കായ്‌ കുട്ടികളുടെ കാത്തിരിപ്പും

സിനിമ 
ജിന്‍, ബിന്‍ എന്നീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കുട്ടികളിലൂടെയാണ് ട്രീ ലെസ്സ് മൌണ്ടന്‍ (Treeless Mountain) എന്ന ചിത്രം കടന്നുപോകുന്നത്. അമ്മയോടൊപ്പം സോളിലെ ഒരു ചെറിയ കെട്ടിടത്തില്‍ താമസിക്കുന്ന ജിന്നിനേയും, ബിന്നിനേയും പിതാവ്‌ ഉപേക്ഷിച്ചുപോകുകന്നതോടെ യാണ് കുട്ടികളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ വരുന്നത് അച്ഛനെ തിരിച്ചു കൊണ്ടുവരാന്‍ അമ്മ നടത്തുന്ന അന്വേഷണവും യാത്രയും കുട്ടികള്‍ക്ക് അമ്മയെയും നഷ്ടമാക്കുകയാണ് അമ്മായിയുടെ സംരക്ഷണത്തില്‍ കുട്ടികളെ ഏല്‍പിച്ച്‌ അമ്മ പിതാവിനെ തേടിപ്പോകുന്നു. പോകുമ്പോള്‍ ഒരു കാശു കുടുക്ക അവര്‍ക്ക്‌ സമ്മാനമായി നല്‍കുകയും .കുടുക്കയില്‍ കാശ് നിറയുമ്പോള്‍ തിരിച്ചെത്തുന്നെമാണ് അമ്മ കുട്ടികള്‍ക്ക് നല്‍കുന്ന ഉറപ്പ്. എന്നാല്‍ വലിയ നാണയങ്ങള്‍ക്കു പകരം ചെറിയ നാണയങ്ങള്‍ കൂടുതല്‍ എണ്ണം ലഭിക്കുമെന്ന്‌ മനസ്സിലാക്കുകയും ജിന്നും ബിന്നും അമ്മ വേഗം വരാനായി അതുപയോഗിച്ച്‌ കാശുകുടുക്ക പെട്ടെന്ന്‌ നിറക്കുകയും ചെയ്യുന്നു. അമ്മയുടെ സ്നേഹം അവരെ വീണ്ടും വീണ്ടും പണക്കുടുക്കയില്‍ ചില്ലറ നിറക്കാന്‍ പ്രേരിപ്പിക്കുന്നു നിറഞ്ഞ കാശുകുടുക്കയുമായി അവര്‍ അമ്മയെ കാത്ത്‌ റോഡിലിറങ്ങി ദിവസങ്ങള്‍ നിന്നുവെങ്കിലും അമ്മ വരുന്നില്ല. അതിനിടയില്‍ അമ്മായിക്ക്‌ വീട്‌ നഷ്‌ടമാവുകയും കൂടി ചെയ്‌തതോടെ, അവര്‍ക്ക്‌ അമ്മൂമ്മയുടെയും അപ്പൂപ്പന്റേയും കൃഷിയിടത്തിലേക്ക്‌ പോകേണ്ടിവരുന്നു. അവിടെ അവര്‍ക്ക്‌ സ്‌നേഹവും കുടുംബബന്ധങ്ങളെക്കുറിച്ച്‌ വിലേയേറിയ അറിവുകളും ലഭിക്കുന്നു, ജീവിതത്തിന്റെ പാഠങ്ങള്‍ പഠിക്കുന്നു, എന്നാലും അവരില്‍ സന്തോഷം ഉണ്ടാകുന്നില്ല. അതൊന്നും അമ്മക്ക്‌ പകരമാവുന്നില്ലല്ലോ എന്നാണ് അവര്‍ ചിന്തിക്കുന്നത്. കാത്തിരിപ്പുകള്‍ക്കിടയില്‍ അവര്‍ക്കൊരു സത്യം മനസിലായി, അമ്മയിനി തിരിച്ചുവരുകയുണ്ടാവില്ലെന്ന്‌ ക്രമേണ അവര്‍ തിരിച്ചറിയുന്നു. ഇളയ സഹോദരിക്ക്‌ സ്‌നേഹം നല്‍കാന്‍ മൂത്തവളായ ജിന്‍ശ്രമിക്കുന്നു. കുട്ടികളുടെ ജീവിതം അതിന്റെ മേന്മയോടെതന്നെ അഭ്രപാളിയില്‍ പകര്‍ത്താന്‍ ഇതിന്റെ സംവിധായകന് കഴിഞ്ഞിരിക്കുന്നു കുട്ടികളുടെ സ്വഭാവ രൂപീകരണവും അതിജീവനവും ഈ സിനിമയില്‍ വ്യക്തമാണ്‌..., മികച്ച ഛായാഗ്രഹണം, രണ്ടു കുട്ടികളുടെ (ഹീ യൂണ്‍ കിം, സോങ്ങ്‌ ഹീ കിം) അഭിനയമികവ്‌ എന്നിവ ഈ ചിത്രത്തെ നല്ലൊരു കാഴ്‌ചാനുഭവമാക്കുന്നു. അസാധാരണമായ അഭിനയ പാടവമാണ്‌ ഈ ചിത്രത്തില്‍ ജിന്‍, ബിന്‍ എന്നീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കുട്ടികള്‍ കാഴ്‌ചവെച്ചിട്ടുള്ളത്‌. കുട്ടിക്കാലത്തെക്കുറിച്ചുള്ള എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്ന്‌ എന്ന്‌ പ്രശംസിക്കപ്പെട്ടതുമായ കൊറിയന്‍ ചിത്രമാണ് മനോഹരവും ലളിതവുമായ ആഖ്യാനത്തില്‍ സോ യോങ്ങ്‌ കിം സംവിധാനം ചെയ്‌ത ട്രീ ലെസ്സ് മൌണ്ടന്‍ (Treeless Mountain)
മലയാള മാധ്യമം ഓണ്‍ലൈനില്‍ വന്നത് (22/7/2015)
http://www.malayalamadhyamam.com/site/newsDetail/ENTERTAINMENTS/1719/0

Sunday 5 July 2015

വേദന

കവിത 

രുമീ 
വേദന 
കണ്ടില്ലെങ്കിലെന്ത്! 

കോപത്തിന്‍റെ
ഉമിനീരില്‍ 
ലയിപ്പിച്ച് 
നീയെന്നെ 
കാര്‍ക്കിച്ച് തുപ്പിയാലും,
ഹൃദയം വിങ്ങുന്ന  
വേദനയെ 
തിരസ്കരിക്കാനാവുമോ?

ഹൃദയ ധമനിയില്‍ 
പരശതം കോടിയായി 
ചിതറികിടക്കുന്ന
സ്നേഹം 
ചേര്‍ത്ത് വെക്കാന്‍ 
ഞാനൊരു ഹൃദയം 
തന്നിട്ടും 
നീയത് 
തച്ചുടച്ചത് എന്തിനാണ്?

ഇത്രയും 
വേദന  
ഞാനീ ഹൃദയത്തില്‍ 
സൂക്ഷിച്ചിട്ടും 
ആരാലും 
കാണാതെ പോകുന്നല്ലോ !
   **************************


05/07/2015 ഞായറാഴ്ച ഗള്‍ഫ്‌ സിറാജിൽ പ്രസിദ്ധീകരിച്ചത്