Friday, 1 September 2023

തകർന്നുകിടക്കുന്ന ലോകത്തിന്റെ ഛായാചിത്രങ്ങൾ

 പ്രശസ്ത പോളിഷ് ആർട്ടിസ്റ്റ് പാവെൽ കുചിൻസ്കി (Paweł Kuczyński)യുടെ ഗ്രാഫിക്സ് കാർട്ടൂണുകളിലൂടെ, ആസ്വാദനം. 


"Being famous on Social media  is basically the same thing as being rich on Monopoly".

പുതിയ കാലത്തിന്റെ  സാമൂഹിക മാധ്യങ്ങളുടെ വളർച്ചക്കൊപ്പം അവയുടെ  ശക്തമായ വിമർശനങ്ങൾ വരയിലൂടെ പ്രതിഫലിപ്പിക്കുന്ന പോളിഷ് ആർട്ടിസ്റ്റാണ് പാവെൽ കുചിൻസ്കി (Pawel Kuczynski). സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവുമായ വിഷയങ്ങളെ ആക്ഷേപഹാസ്യത്തിലൂടെ അതിശക്തമായി അദ്ദേഹം ആവിഷ്കരിച്ചു. സാമൂഹിക മാധ്യമങ്ങൾ, ഇൻറർനെറ്റ്, മൊബൈൽ ഫോണുകൾ തുടങ്ങിയവയോടുള്ള ആസക്തി എന്നിവയാണ് പാവലിന്റെ ചിത്രീകരണത്തിന്റെ പൊതുവായ വിഷയങ്ങൾ. ഇലക്‌ട്രോണിക് മീഡിയയുടെ ദുരുപയോഗത്തെ അദ്ദേഹം കൃത്യമായി വരച്ചുകാട്ടുന്നു, പ്രത്യേകിച്ച് ലോകത്താകമാനം വ്യാപിച്ചുകഴിഞ്ഞ സാമൂഹിക മാധ്യമങ്ങളുടെയും അതിന്റെ എഡിറ്റർ ഇല്ലാത്ത ലോകത്തെയും  അടിമത്ത മനോഭാവത്തേയുമൊക്കെ കുചിൻസ്കിയുടെ ചിത്രങ്ങൾക്ക് വിഷയമാകുന്നു. ഒപ്പം യുദ്ധവും വിശപ്പുമൊക്കെ കടന്നുവരുന്നു.  . പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഇറ്റാലിയൻ ചിത്രകാരൻ കാരവാജിയോയാണ് പാവെൽ കുചിൻസ്കിക്ക്  പ്രചോദനമായത്. എന്നാൽ അദ്ദേഹത്തിന്റെ ശൈലിയിൽ നിന്നും ഏറെ അകലം പാലിക്കുന്നു പാവെൽ കുചിൻസ്കി എന്നത് മറ്റൊരു കാര്യം. വർത്തമാന കാലത്തിന്റെ സോഷ്യൽ മീഡിയയുടെ പ്രവർത്തനങ്ങളെ സസൂക്ഷ്മം നിരീക്ഷിക്കുകയും വിമർശനാത്മകമായി കാണുകയും ചെയ്യുന്ന ഗ്രാഫിക് കാർട്ടൂൺ ശൈലിയാണ് പാവെൽ കുചിൻസ്കിയുടെ ചിത്രങ്ങളുടെ പ്രത്യേകത. 

 


നമ്മളൊക്കെ നിരന്തരം ഉപയോഗിക്കുന്നു എങ്കിലും അതിനെ വേറിട്ട രീതിയിൽ കാണുകയാണ് കുചിൻസ്കി. സോഷ്യൽ മീഡിയയിൽ മുൻപന്തിയിൽ നിൽക്കുന്ന ഫേസ്ബുക്കാണ് അദ്ദേഹത്തിന്റെ  രചനകളിൽ മിക്കവയ്ക്കും വിഷയമായത്. ഈ ചിത്രങ്ങളിലെ സാമൂഹിക മാധ്യമ വിമർശനത്തിലൂടെ പാവൽ കുസിൻസ്കി നൽകുന്ന ഊന്നൽ എന്താണ് എന്ന ചോദ്യം ഏറെ പ്രസക്തമാണ്. സാമൂഹിക മാധ്യമങ്ങൾ എഡിറ്റർമാരുടെ ഇടപെടൽ ഇല്ലാത്ത ഒരു ലോകത്തെ നമുക്ക് മുന്നിൽ  തുറന്നു വെച്ചപ്പോൾ, ആധുനിക കാലത്തെ സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവുമായ ആവിഷ്കാരങ്ങൾക്ക് തുറന്ന ജനാധിപത്യ  സ്വഭാവം ഉണ്ടായി. എന്നാൽ അതോടൊപ്പം തന്നെ വ്യാജ നിർമിതികളും കടന്നു കൂടി. അത് മാധ്യമ രംഗത്തെ മലീമസമാക്കി. 

കൂടാതെ സാമൂഹിക മാധ്യമങ്ങൾ പൊതു ഇടങ്ങളിലെ ജനസമ്പർക്കങ്ങൾ പരിമിതപ്പെടുത്താൻ ഹേതുവാകുകയും ആളുകൾ നാലു ചുമരുകൾക്കുള്ളിലിരുന്നു കൊണ്ട് ലോകത്തെ കാണുവാനും സാമൂഹിക ഉത്തരവാദിത്തത്തിന് വിരുദ്ധമായ, യാഥാർഥ്യ ബോധം തൊട്ടുതീണ്ടാത്ത, നിക്ഷിപ്ത താല്പര്യത്തോടുകൂടിയ അഭിപ്രായങ്ങൾ രൂപപ്പെടുത്താനും പ്രചരിപ്പിക്കാനും തുടങ്ങി. തല കുനിച്ചു സ്‌ക്രീനിൽ മാത്രം കണ്ണും നട്ടിരിക്കുന്നവരായി നമ്മൾ മാറി എന്ന വസ്തുത വിളിച്ചോടുകയാണ് കുചിൻസ്കിയുടെ കൺട്രോൾ എന്ന ചിത്രം.


ഇന്റർനെറ്റിന്റെ ആഴമേറിയ ഇടത്തിൽ ചെല്ലാതെ അതിന്റെ സാധ്യതകളെ തിരിച്ചറിയാതെ, ആഴം കുറഞ്ഞ കുളത്തിൽ തുഴയുന്നവരാണ് നമ്മളിൽ അധികവും. മാത്രമല്ല എഴുത്തിന്റെ, വാക്കുകളുടെ അനുഭവ സമുദ്രത്തെ അവഗണിക്കുകയും ചെയ്യുന്നു എന്ന് സൂചിപ്പിക്കുന്ന ഒന്നിലേറെ ചിത്രങ്ങൾ ഉണ്ട്. പുസ്‌തകത്തിലെ കടൽത്തിരയെ അത്ഭുതത്തോടെ നോക്കി നിൽക്കുന്ന കുട്ടിയാണ് ഓഷ്യൻ എന്ന ചിത്രത്തിലെങ്കിൽ, പുസ്തകത്തിൽ ഒതുങ്ങിയ കടലും, എന്നാൽ ടാബ്ലെറ്റ് തന്നെ ബാത്ടബ്ബ് ആയി ചിത്രീകരിക്കപ്പെട്ട ബാത് എന്ന കാർട്ടൂൺ സമകാലിക യാഥാർഥ്യത്തെ വിളിച്ചോതുന്നു.  അമിതമായ സാങ്കേതികവൽക്കരണത്തെ പ്രതിരോധിക്കുന്ന വിമർശകൻ ആകുകയാണ് ഇവിടെ ചിത്രകാരൻ.

വീഡിയോ ഗെയിമുകളിൽ അമിതമായി വ്യാപൃതരാകുന്നതുമൂലം ശാരീരിക പ്രവർത്തനങ്ങൾ പരിമിതപ്പെടുന്നതും അതിന്റെ ഭാഗമായി ആരോഗ്യ പ്രശ്നങ്ങൾ വ്യാപകമാകുന്നതും വിമർശിക്കപ്പെടുന്നു. വീഡിയോ ഗെയിമിന്റെ ലോകത്തെയും ചങ്ങലക്കിടാതെ തന്നെ ഉപഭോക്താവിനെ അടിമകളാക്കുന്ന അതിന്റെ കെണിവിദ്യകളെയും പൊക്കിമാൻ എന്ന ചിത്രത്തിലൂടെ വരച്ചുകാട്ടുന്നു

 

കഴുതയുടെ കണ്ണിനു മീതെ സ്മാർട്ട് ഫോൺ വെച്ചുകെട്ടിയ ചിത്രം മറ്റൊരു ശക്തമായ വിമർശനമാണ്. ഇവിടെ കഴുത മനുഷ്യരുടെ തന്നെ പ്രതിരൂപമാണ്. അമിത സാങ്കേതികതയാൽ മനുഷ്യർ അന്ധരായിരിക്കുന്നു, സ്വയം കണ്ടുപിടിച്ച സാങ്കേതിക വിദ്യ തെളിക്കുന്ന വഴിയിലൂടെ സഞ്ചരിക്കാൻ വിധിക്കപെട്ടവരോ അടിമപ്പെട്ടവരോ ആണ് മനുഷ്യർ എന്ന് സൂചിപ്പിക്കുന്ന ബ്ലിങ്കേഴ്സ് എന്ന ചിത്രം തികഞ്ഞ പരിഹാസമാണ്. 

ട്വിറ്റർ  ലോഗോയുടെ രൂപത്തിൽ അമേരിക്കൻ പ്രസിഡന്റ് ട്രംപ് വരുമ്പോൾ നിങ്ങൾ പ്രശസ്തനോ പണക്കാരനോ ആണെങ്കിൽ നിങ്ങൾക്ക് എന്തും ആകാം, നീതി വളരെ അന്ധമാണ് എന്ന രാഷ്ട്രീയ യാഥാർഥ്യം തുറന്നു വെക്കുന്നു. ഇതിനെ പ്രസിഡന്റ്‌ എന്ന ചിത്രത്തിലൂടെ ലളിതമായി ചിത്രീകരിച്ചിരിക്കുന്നു. എലോൺ മസ്‌ക്ക് വിലക്ക് വാങ്ങിയ ശേഷം പക്ഷിയുടെ രൂപത്തിൽ നിന്നും X എന്ന ലോഗോയിലേക്ക് ട്വിറ്ററിന്  മാറ്റം സംഭവിച്ചെങ്കിലും ഈ ചിത്രം ആ കാലത്തിന്റെ രാഷ്ട്രീയ ചിത്രമായി നിലനിൽക്കും.


ബെർത്ത് ചിത്രത്തിലും വരുന്നത് ട്വിറ്റർ ലോഗോ തന്നെ. ഒരു മനുഷ്യകുഞ്ഞിനെ തൊട്ടിലോടുകൂടി എടുത്ത് പറക്കുന്നത് യഥാർത്ഥ പക്ഷിയാണ് എങ്കിൽ ട്വിറ്റർ പക്ഷി  ഫോണാണ് എടുത്തു പറക്കുന്നത്. നാചുറാലിറ്റിയും സാങ്കേതികതയും തമ്മിലുള്ള പാരസ്പര്യവും അനിവാര്യതയും എന്നാൽ സാങ്കേതികതയുടെ മേല്കോയ്മയും നമുക്കതിൽ കാണാനാവും. 

 

 


എലോൺ എന്ന ചിത്രത്തിലെ ഏകാന്തത ഭീകരമാണ്. ആയിരക്കണക്കിന് തരംഗങ്ങൾക്കിടയിൽ അയാൾ എങ്ങനെ ഏകാന്തനാകും എന്ന ചോദ്യം ബാക്കി നില്കുന്നു. ഭീമാകാരമായ ഒരു പൂച്ചയുടെ പൃഷ്ഠം ഫോട്ടോ എടുക്കുവാൻ കാത്തുനിൽക്കുന്ന മാധ്യമപ്രവർത്തകരുടെ ചിത്രം കാണുമ്പൊൾ സമകാലികമായ പലതിനോടും കൂട്ടികെട്ടാവുന്ന ഒന്നായി മാറുന്നു.

 

 

കുചിൻസ്കിയുടെ ഏറ്റവും നല്ല ചിത്രങ്ങളിൽ ഒന്നാണ് 'പെർഫെക്ട് ഗാർഡൻ.' ഗ്രാസ്സ് കട്ടിങ് ഡ്രില്ലർ കൊണ്ട് മനുഷ്യർക്ക്‌ മീതെ ഓടിച്ചു എല്ലാം വെട്ടി സമമാക്കുകയാണ്. അങ്ങിങ്ങായി ഉയർന്നു നിൽക്കുന്ന തലകൾ യഥേഷ്ടം വെട്ടിമാറ്റപ്പെടും. ബാക്കിയുള്ളവർ തലകുനിച്ച് സ്മാർട്ട് ഫോണിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ ചുറ്റുമുള്ളത് അറിയുന്നില്ല.

 

 

 

 

 

 

ഫേസ്ബുക്ക് എന്ന ശീർഷകത്തിൽ ഒന്നിലേറെ  ചിത്രങ്ങൾ ഉണ്ട്. കുമ്പസാരക്കൂട് ഫേസ്ബുക്ക് ലോഗോയാകുന്നു. കുമ്പസാരിക്കുന്നതത്രയും ലോകം മുഴുവൻ വിതറി, സ്വകാര്യതയിലേക്കു നടത്തുന്ന സോഷ്യൽ മീഡിയയുടെ കടന്നു കയറ്റം ഇവിടെ വിമർശിക്കപ്പെടുന്നു. കൂടാതെ അന്തർവാഹിനിയുടെ കുഴലായും ഒളിച്ചിരുന്ന് വീക്ഷിക്കുന്ന ടെലസ്കോപ്പായും ഫേസ്ബുക്ക് ലോഗോയെ വക്രീകരിച്ച് ചിത്രീകരിക്കുമ്പോൾ കുചിൻസ്കി നൽകുന്ന മുന്നറിയിപ്പും ശ്രദ്ധിക്കപ്പെടാതെ പോകരുത്.

 

 

 

ഫെയ്ക് ന്യൂസ് എന്ന ചിത്രം ശക്തമായ മറ്റൊരു രാഷ്ട്രീയ വിമർശനമാണ്. തോക്കിൻ കുഴലിന്റെ അറ്റം സ്മാർട്ട് ഫോണായാണ് അതിൽ ചിത്രീകരിക്കുന്നത്. ട്രിഗർ ട്വിറ്റർ ലോഗോയും. വ്യാജവാർത്താ നിർമിതിയിലൂടെ പ്രതിച്ഛായ വളർത്തി അധികാരം നേടുന്ന ഭരണാധികാരികൾക്ക് നേരെയും, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന മാധ്യമങ്ങൾക്ക് നേരെയുമാണ് ഈ തോക്ക് ചൂണ്ടപ്പെടുന്നത്.

സോഷ്യൽ മീഡിയ കഴിഞ്ഞാൽ കുചിൻസ്കിയുടെ പ്രധാന വിഷയം യുദ്ധവും ഭീകരവാദവും വിശപ്പും രാഷ്ട്രീയവും ആണ്. ഭീകരവാദവുമായി   ബന്ധപ്പെട്ട കാര്യങ്ങളാണ് വയലിൻ എന്ന ചിത്രത്തിൽ. എക്സിക്ക്യൂഷൻ എന്ന ചിത്രം ഭീകരതയെ എടുത്തു കാണിക്കുന്നു. പാവൽ   കുചിൻസ്കിയുടെ കാർട്ടൂണുകൾ സാമൂഹിക രാഷ്ട്രീയ നിരീക്ഷണങ്ങളാൽ സമ്പന്നമാണ്.

 കലാലോകത്ത് ഇപ്പോഴും സജീവമായ പവൽ കുചിൻസ്കി പോളണ്ടിലാണ് ജനിച്ചതും പഠിച്ചതും. ഗ്രാഫിക്സിൽ പ്രഗത്ഭനായ ഈ കലാകാരൻ    കഴിഞ്ഞകുറച്ച് വർഷങ്ങളായി ആക്ഷേപഹാസ്യ ചിത്രീകരണത്തിനാണ് ഏറെ സമയവും നീക്കിവെച്ചിരിക്കുന്നത്. അതിലൂടെ അദ്ദേഹത്തെ ഒട്ടേറെ പുരസ്‌കാരങ്ങൾ തേടിയെത്തി. അദ്ദേഹത്തിന്റെ ചിത്രങ്ങൾ യാഥാർത്ഥ്യത്തെ പ്രതിനിധീകരിക്കുന്നതോടൊപ്പം അതിന്റെ എല്ലാ വൈരുദ്ധ്യങ്ങളേയും പ്രശ്നങ്ങളും അതിന്റെ നിഷേധ വശങ്ങളെയും തുറന്നുകാട്ടുന്നു.


 

"തന്റെ ചിത്രങ്ങളിലൂടെ ഉയർന്നുവരുന്നത് തകർന്നുകിടക്കുന്ന ഒരു ലോകത്തിന്റെ ഛായാചിത്രമാണ്, ഒപ്പം സ്വയം വിമർശനവും" എന്നാണ് അദ്ദേഹം സ്വന്തം രചനകളെ വിലയിരുത്തുന്നത്. പാവെൽ കുചിൻസ്കിയുടെ ചിത്രങ്ങളിലെ സാമൂഹിക മാധ്യമ വിമർശനങ്ങൾക്ക് അതിനാൽ തന്നെ രാഷ്ട്രീയ സംബന്ധിയും ചരിത്രപരവുമായ പ്രാധാന്യമുണ്ട്.

-----------------------------------------------------------------------

wtplive.in | 2023 August 31 ലക്കം 174 🙏

ഈ ലിങ്കിൽ  വായിക്കാം 👇

https://wtplive.in/Niroopanam-Vimarshanam/faizal-bava-about-pawel-kuczynski-political-art-satire-on-social-media-5056

No comments:

Post a Comment